Wednesday, December 5, 2012

സാമൂഹ്യശാസ്ത്രം എങ്ങനെ പഠിപ്പിക്കരുത്?

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സാമൂഹ്യശാസ്ത്രം പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞത് സംബന്ധിച്ച് പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ വിവാദമായിരിക്കുന്നുവെന്ന നവംബര്‍ 28ലെ ദേശാഭിമാനി വാര്‍ത്തയാണ് ഈ കുറിപ്പിന് അടിസ്ഥാനം. വാര്‍ത്തയിലെ ഒരു വാചകം ഇതാണ്- ""അന്തര്‍ദേശീയ സിലബസിലെ പാഠപുസ്തകങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് 15 വയസ്സുള്ള കുട്ടികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു."" ഇത് വെല്ലുവിളിയാകുന്നത് കുട്ടികള്‍ക്കല്ല, മറിച്ച് അധ്യാപകര്‍ക്കാണ്. എന്തെന്നാല്‍ ഒരു രാജ്യത്തിലെ വിദ്യാഭ്യാസനിലവാരം അവിടത്തെ അധ്യാപകരുടെ നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമാണ് എന്നുപറയുന്നതുപോലെ.

കേരള പാഠ്യപദ്ധതി നിലവാരം കുറഞ്ഞതാണെന്ന് വിലപിച്ചാണ് അധ്യാപകരുള്‍പ്പെടെയുള്ള പ്രബുദ്ധര്‍ തങ്ങളുടെ മക്കളെ സിബിഎസ്ഇ സ്കൂളുകളിലേക്കയച്ചത്. കേരളത്തില്‍ സിബിഎസ്ഇ സ്കൂളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിന് കാരണവും ഈ അപവാദപ്രചാരണമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പറയുകയാണ് അന്തര്‍ദേശീയ സിലബസിനേക്കാള്‍ നിലവാരംകൂടിയതാണ് കേരള സിലബസെന്ന്. ശാസ്ത്രവിഷയങ്ങളേക്കാള്‍ കഠിനമാണ് സാമൂഹ്യശാസ്ത്രമെന്ന്. അമ്മയെ തല്ലുന്നതിനും ന്യായം കണ്ടെത്തുക തന്നെ.

കേരളത്തിലെ ഹൈസ്കൂള്‍ പാഠ്യപദ്ധതിയില്‍ ഏറ്റവും അശാസ്ത്രീയമായ പഠനം നടക്കുന്നത് സാമൂഹ്യശാസ്ത്രത്തിലാണ്. ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, വാണിജ്യപഠനം, രാഷ്ട്രമീമാംസ, സോഷ്യോളജി എന്നീ വിഷയങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം. ഈ പുസ്തകം പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകര്‍ ആരാണ്? മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ക്കുപുറമെ ഇസ്ലാമികചരിത്രം, നരവംശശാസ്ത്രം, ഫിലോസഫി എന്നീ വിഷയങ്ങളില്‍ ബിരുദമെടുത്തവരെയാണ് ബിഎഡ് ബിരുദവുംകൂടിയുണ്ടെങ്കില്‍ അധ്യാപകരായി നിയമിക്കുന്നത്. ഈ പാഠപുസ്തകത്തിലെ സിംഹഭാഗവും ചരിത്രവും ഭൂമിശാസ്ത്രവുമാണ്. മറ്റു വിഷയങ്ങള്‍ ഒന്നോ രണ്ടോ അധ്യായങ്ങളിലൊതുങ്ങും.

ചരിത്രം ഐച്ഛികവിഷയമായി ബിരുദമെടുത്തവര്‍ ഭൂമിശാസ്ത്രം ഉപവിഷയമായിപ്പോലും പഠിക്കുന്നില്ല. മറ്റു വിഷയങ്ങളില്‍ ബിരുദമുള്ളവരും ഭൂമിശാസ്ത്രം പഠിച്ചിട്ടില്ല. ഭൂമിശാസ്ത്രം ഐച്ഛികവിഷയമായെടുത്തവര്‍ ചരിത്രമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങള്‍ ഒന്നും പഠിച്ചിട്ടില്ല. എന്നുമാത്രമല്ല, കേരള സര്‍വകലാശാലയില്‍ ഭൂമിശാസ്ത്രം ശാസ്ത്രവിഷയത്തിന്റെ പട്ടിക (ഫാക്കല്‍റ്റി) യില്‍പ്പെടുത്തിയാണ് പഠിപ്പിക്കുന്നത്. നല്‍കുന്ന ബിരുദം ബിഎസ്സിയും എംഎസ്സിയും. ശാസ്ത്രവിഷയത്തിന്റെ ബോധനരീതിയില്‍നിന്ന് വ്യത്യസ്തമാണ് സാമൂഹ്യശാസ്ത്ര വിഷയത്തിന്റെ ബോധനരീതി. എന്നാല്‍, ബോധനരീതിയെപ്പറ്റി ആര്‍ക്കാണ് ഉല്‍ക്കണ്ഠ?

ഭൂമിശാസ്ത്രം പഠിച്ചിട്ടില്ലാത്ത മറ്റു വിഷയങ്ങളിലെ ബിരുദധാരികള്‍ ആ വിഷയം പഠിപ്പിക്കും. ഭൂമിശാസ്ത്ര ബിരുദധാരികള്‍ മറ്റു വിഷയങ്ങളും പഠിപ്പിക്കും. ഇസ്ലാമിന്റെ ഉദയത്തിനുമുമ്പുള്ള പ്രാചീന ചരിത്രവും ആധുനിക യൂറോപ്യന്‍/അമേരിക്കന്‍ ചരിത്രവും പഠിച്ചിട്ടില്ലാത്ത ഇസ്ലാമികചരിത്ര ബിരുദധാരി അതുള്‍പ്പെടെ മറ്റെല്ലാ വിഷയവും പഠിപ്പിക്കും. ചുരുക്കത്തില്‍ ഏത് ബിരുദധാരിക്കും സാമൂഹ്യശാസ്ത്രം പഠിപ്പിക്കാം എന്നതാണ് കേരളത്തിലെ നിയമം. പാമരന്മാര്‍ക്ക് പഠിപ്പിക്കാനുള്ള വിഷയമാണോ സാമൂഹ്യശാസ്ത്രം?

ഈ സാഹചര്യത്തില്‍ സാമൂഹ്യശാസ്ത്രം പാഠപുസ്തകം കഠിനമാകുന്നത് ആര്‍ക്കാണ്? അധ്യാപകനോ വിദ്യാര്‍ഥിക്കോ? സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന അധ്യാപക സഹായിയും (ടീച്ചേഴ്സ് ഹാന്‍ഡ്ബുക്ക്) ഗൈഡ് കമ്പനിക്കാര്‍ ഇറക്കുന്ന ഗൈഡുകളും ഉള്ളതുകൊണ്ട് അധ്യാപകര്‍ നിലതെറ്റാതെ നില്‍ക്കുന്നു. ട്യൂഷനുള്ളതുകൊണ്ട് കുട്ടിയും രക്ഷപ്പെടുന്നു. ട്യൂഷന് പോകാന്‍ കഴിയാത്ത കുട്ടികളുടെ മാര്‍ക്ക് കുറയുന്നു. അധ്യാപകരെ കുറ്റംപറയാന്‍ പറ്റില്ല. അവര്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്. ആത്മാര്‍ഥമായിത്തന്നെ. പക്ഷേ, ഫലം എണ്ണയിട്ട് വാഴയില്‍ കയറിയതുപോലെയാണെന്നുമാത്രം.

എന്താണിതിന് പോംവഴി? ദേശീയ പദ്ധതിയനുസരിച്ച് ഒമ്പതുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ ഒറ്റ സംവിധാനമാകണമെന്നാണല്ലോ വ്യവസ്ഥ. അതിനുവേണ്ടിയാണ് ആര്‍എംഎസ്എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) രൂപീകരിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ സെക്കന്‍ഡറിതലത്തില്‍ ഘടനാപരമായ (ഭരണപരവും അക്കാദമികവുമായ) മാറ്റം അനിവാര്യമാണ്. ശാസ്ത്രപുസ്തകത്തിലും സാമൂഹ്യശാസ്ത്രത്തിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഓരോ വിഷയത്തിനും പ്രത്യേക പാഠപുസ്തകങ്ങളുണ്ടാക്കുകയും അവ അതതു വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ പഠിപ്പിക്കുകയും വേണം. ഉന്നത ബിരുദവും ഉന്നത നിലവാരവുമുള്ള അധ്യാപകര്‍ക്കു മാത്രമേ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളൂ. നിലവാരമില്ലാത്തവര്‍ അധ്യാപകരായാല്‍ പഠിതാവ് അച്ചടക്കത്തോടെ ക്ലാസിലിരിക്കും. പഠിക്കാനായി ട്യൂഷന്‍ മാസ്റ്ററുടെ അടുത്തേക്ക് പോകും.

കേരളത്തില്‍ പന്ത്രണ്ടാം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാണ്. എന്നുവച്ചാല്‍ സര്‍ക്കാര്‍ ട്യൂഷന്‍ ഫീസ് പിരിക്കുന്നില്ല. എന്നാല്‍, ഓരോ കുട്ടിയും എത്രായിരം രൂപയാണ് ഓരോ വിഷയത്തിനും ട്യൂഷന്‍മാസ്റ്റര്‍ക്ക് നല്‍കുന്നത്. സ്കൂള്‍ അധ്യാപകരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് കുട്ടികള്‍ ട്യൂഷന് പോകുന്നത്. അറിവും തിരിച്ചറിവും രണ്ടാണ്. സാമൂഹ്യശാസ്ത്രം എങ്ങനെ പഠിപ്പിച്ചുകൂടാ എന്ന തിരിച്ചറിവാണ് അത് പഠിപ്പിക്കുന്നവര്‍ക്കും ഭരിക്കുന്നവര്‍ക്കും ഉണ്ടാകേണ്ടത്.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സാമൂഹ്യശാസ്ത്രം പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞത് സംബന്ധിച്ച് പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ വിവാദമായിരിക്കുന്നുവെന്ന നവംബര്‍ 28ലെ ദേശാഭിമാനി വാര്‍ത്തയാണ് ഈ കുറിപ്പിന് അടിസ്ഥാനം. വാര്‍ത്തയിലെ ഒരു വാചകം ഇതാണ്- ""അന്തര്‍ദേശീയ സിലബസിലെ പാഠപുസ്തകങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് 15 വയസ്സുള്ള കുട്ടികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു."" ഇത് വെല്ലുവിളിയാകുന്നത് കുട്ടികള്‍ക്കല്ല, മറിച്ച് അധ്യാപകര്‍ക്കാണ്. എന്തെന്നാല്‍ ഒരു രാജ്യത്തിലെ വിദ്യാഭ്യാസനിലവാരം അവിടത്തെ അധ്യാപകരുടെ നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമാണ് എന്നുപറയുന്നതുപോലെ.

Stockblog said...

Then who can teach social science.. ?
I have read social science book of 10 standard.(my subject is mathematics) It is very brief and need a lot of reference to understand what it is... Students from ordinary family can not get enough reference..