Sunday, December 2, 2012

ശീനുപട്ടരും പിച്ചാണ്ടിയും

തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, ചെമ്മീന്‍ എന്നീ തകഴിയുടെ മൂന്ന് നോവലുകളും അവഗണിത മനുഷ്യരുടെ അനശ്വര സ്മാരകമായി മാറിയ, "മലയാളത്തിലെ" ശ്രദ്ധേയ സര്‍ഗാവിഷ്കാരങ്ങളാണ്. "തോട്ടിയും" പുലയനും പറയനും അരയനും മലയാള നോവല്‍ സാഹിത്യത്തിലേക്ക് ഇത്ര ആവേശപൂര്‍വം ഇതിനുമുമ്പൊന്നും കടന്നുവന്നിട്ടില്ല. ആദ്യത്തെ സാമൂഹ്യനോവലായി പരിഗണിക്കുന്ന ഒയാരത്ത് ചന്തുമേനോന്റെ ഇന്ദുലേഖ സത്യത്തില്‍ നമ്മുടെ "ആദ്യത്തെ സവര്‍ണ" സാമൂഹ്യ നോവലാണ്. കൊളോണിയലിസവും സവര്‍ണനവോത്ഥാനവും നാടുവാഴിത്ത മൂല്യങ്ങളോട് ഭാഗികമായി ഇടയുന്നതിനപ്പുറമുള്ള സാമൂഹ്യ വിപ്ലവമൊന്നും ഇന്ദുലേഖയിലില്ല. പ്രത്യക്ഷത്തില്‍തന്നെ ഒരു സംവാദമാകുമായിരുന്ന നോവലിലെ "ഒരു സംഭാഷണം" എന്ന പേരിലുള്ള പതിനെട്ടാം അധ്യായം, പരസ്പരം ഏറ്റുമുട്ടി ഉള്ള് ഇളക്കി മറിക്കുംവിധം ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടായിരുന്നത്ര രാഷ്ട്രീയ-സാംസ്കാരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും, വെറും തൊലിപ്പുറമെ ഉരസിപ്പോകുംവിധമുള്ള ഒരാശയചര്‍ച്ച മാത്രമായി ചുരുങ്ങിപ്പോവുകയാണുണ്ടായത്.

ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നം ശക്തിപ്പെടുമ്പോഴാണ് പഴയ ലോകത്തിനെതിരെയുള്ള സമരം വളരുന്നത്. ഇനിയും പിറന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു പുതിയലോകം പഴയലോകത്തോട് നടത്തുന്ന നിരന്തരസമരത്തിന്റെ ചുരുക്കപ്പേരാണ് സംവാദം. പഴയ ലോകങ്ങളില്‍ സ്തംഭിച്ചു പോയവര്‍ക്കും പുതിയ ലോകത്തിനെതിരെ ആയുധം എടുത്തു നില്‍ക്കുന്നവര്‍ക്കും സംവാദത്തിന്റെ ഭാഷ മനസ്സിലാവുകയില്ല. കുടുമ മുറിക്കുകയും സംബന്ധം അസംബന്ധമാണെന്ന് വാദിക്കുകയും ചെയ്തുകൊണ്ട് പുതിയലോകത്തിലേയ്ക്ക് കടന്നുനിന്ന ഒരു തലമുറയുടെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ട് വി ടി യുടെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലെ ഇട്ടിച്ചാക്കരപ്പന്‍ ചോദിച്ചു: "സമ്മന്ധം പണ്ടേയ്ക്ക് പണ്ടേ നടപ്പുള്ളതല്ലെ? കുടുമ മുറി അങ്ങന്യാ? അത് ധൂര്‍ത്താണ്. ആ വഹക്കാരെ കണ്ടാല്‍ കാല് കഴ്കണം, തൊട്ടാല്‍ കുളിക്കണം. വിചാരിച്ചാല്‍ പാപണ്ട്. കുടുമ മുറി ബ്രാഹ്മണര്‍ക്ക് നിഷിദ്ധാ. എന്റെ മഹനായാലും ശരി, ഏട്ടന്റെ മഹനായാലും ശരി......... കാര്യല്ലേ പറേണ്ടൂ?..... ഞാനെറിഞ്ഞ് കാലൊടിക്കും. അടിച്ച് പൊറം പൊളിക്കും. ശകാരിച്ച് കണ്ണ് പൊട്ടിക്കും. (പൂണുല് പിടിച്ച്) ഈ പൂണുലാണ് സത്യം".

സംവാദം, സമരം നടത്തുന്നത് പണ്ടേക്കുപണ്ടേ നടപ്പുള്ളതെന്ന് അഭിനവ ഇട്ടിച്ചാക്കരപ്പന്മാര്‍ വാദിക്കുന്ന പഴയ ലോകത്തിന്റെ ജീര്‍ണതകളോട് മാത്രമല്ല, ഇന്നത്തെ ലോകത്ത് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നവവാണിജ്യ കാല്‍പനിക കാഴ്ചപ്പാടുകളോടുമാണ്. ആശയങ്ങളുടെ ലോകത്ത് അലക്ഷ്യമായി അലയുന്ന നവകാല്പനിക സമീപനങ്ങളോടും ജീവിതത്തെ വിവാദത്തിനുള്ള അസംസ്കൃതപദാര്‍ഥം മാത്രമായി പരിഗണിക്കുന്ന സംസ്കാരവ്യവസായത്തോടും ഒരേസമയം എതിരിട്ടു കൊണ്ടാണ് "സംവാദം" വളരുന്നത്. അതിന്റെ ലക്ഷ്യം ഇന്നത്തെ ജീവിതത്തേക്കാള്‍ മെച്ചപ്പെട്ട ഒരു ജീവിതം എല്ലാ മനുഷ്യര്‍ക്കും സാധ്യമാക്കാന്‍ ആശയരംഗത്ത് സമരോത്സുകമായി ഇടതടവില്ലാതെ ഇടപെട്ടുകൊണ്ടിരിക്കുക എന്നുള്ളതാണ്. "വിവാദം," വ്യവസ്ഥാപിത ബുദ്ധിജീവിവിഭാഗവും സാംസ്കാരിക വ്യവസായവും ഒത്തുചേര്‍ന്ന് നടത്തുന്ന ഒരാശയവാണിജ്യമാണ്! സമൂഹത്തില്‍ വികസിച്ചുവരേണ്ട യഥാര്‍ഥ അന്വേഷണങ്ങളെ അട്ടിമറിച്ചുകൊണ്ട് അയഥാര്‍ഥമായ ഒരു സാങ്കല്‍പികലോകം സൃഷ്ടിക്കുകയാണവ ചെയ്യുന്നത്. അതിനോടെല്ലാം എതിരട്ടുകൊണ്ട് സാമൂഹ്യവികാസത്തിലേക്കുള്ള വഴികള്‍ തുറക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സംവാദത്തിന് നിര്‍വഹിക്കാനുള്ളത്.

ഇന്ദുലേഖയുടെ അഞ്ചാം അധ്യാത്തില്‍ പഞ്ചുമേനോനും ശീനുപട്ടരും തമ്മില്‍ നടക്കുന്ന വഴക്കില്‍ നിസ്സാരനായ ശീനുപട്ടര്‍പോലും ഉഗ്രപ്രതാപിയായ കാരണവരോട് ഇടഞ്ഞുനില്‍ക്കുന്ന ചിത്രം വര്‍ണങ്ങളൊന്നും കോരിയൊഴിക്കാതെതന്നെ ഗംഭീരമായവതരിപ്പിക്കാന്‍ കഴിഞ്ഞ ഒരു എഴുത്തുകാരനാണ് ചന്തുമേനോന്‍ എന്നോര്‍ക്കുക! "താന്‍ ഇനി മേലില്‍ എന്റെ വീട്ടില്‍ കടക്കരുത്" പഞ്ചുമേനോന്റെ കല്പന. "ഓ-ഹോ. എനിക്കും പൂര്‍ണ്ണസമ്മതം. കടക്കുന്നില്ല!" ശീനുപട്ടരുടെ കൂസലില്ലാത്ത പ്രതികരണം. "ഇവിടെ ഊട്ടുപുരയിലും അമ്പലത്തിലും കാണരുത്". പഞ്ചുമേനോന്റെ വിശ്വരൂപം! കാരണവരുടെ ആവനാഴിയിലെ അവസാനത്തെ അസ്ത്രമേറ്റപ്പോഴും ശീനുപട്ടര്‍ തളര്‍ന്നില്ല. അയാള്‍ പറഞ്ഞു: "അത് നിങ്ങളുടെ കല്പനയല്ല. എല്ലാ ഊട്ടുപുരയിലും അമ്പലത്തിലും ബ്രാഹ്മണനു പോവാം." ബലഹീനായ ഒരു സവര്‍ണകഥാപാത്രത്തിന്നുപോലും ഇന്ദുലേഖയില്‍ സ്വന്തമായ ശബ്ദമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ട്! എന്നാല്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും ആശയങ്ങള്‍ക്കുംവേണ്ടി ഇതേ വീറോടും വാശിയോടും കൂടി ഇന്ദുലേഖയിലെ ചര്‍ച്ചകളില്‍ ആശയങ്ങള്‍ ഏറ്റുമുട്ടി തീപ്പൊരികള്‍ ചിതറുന്നില്ല.

തോട്ടിയുടെ മകനും രണ്ടിടങ്ങഴിയും നാടുവാഴിത്ത നാട്ടുനടപ്പുകളെ വെല്ലുവിളിച്ചുകൊണ്ടാണ് മുന്നേറുന്നത്. കേരളീയ നവോത്ഥാനവും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും സജീവമാക്കിയ "സംഘട" ഈ രണ്ടു കൃതികളിലെയും സജീവസാന്നിധ്യമാണ്. ഫ്യൂഡല്‍ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ബന്ധമാതൃകകളെ ചോദ്യംചെയ്യും വിധമുള്ള പ്രവര്‍ത്തനോന്മുഖമായ ഒരു രാഷ്ട്രീയ സംവാദമണ്ഡലം രണ്ട് കൃതിയിലും ശക്തിപ്പെടുന്നുണ്ട്. ഒരുപക്ഷേ, മലയാളസാഹിത്യത്തിലെ ആദ്യത്തെ ജനകീയ പ്രഭാഷകന്‍ "തോട്ടിയുടെ മകനിലെ" പിച്ചാണ്ടിയായിരിക്കും. അനൗപചാരികമായി പിച്ചാണ്ടി നിര്‍വഹിക്കുന്ന ഓരോ പ്രസംഗത്തിന്റെയും ചുരുക്കം "നമ്മളൊന്നിക്കണം" എന്നതില്‍ തുടങ്ങി അതില്‍തന്നെ അവസാനിക്കുംവിധം ഹ്രസ്വമാണ്. പക്ഷേ ഓരോ പ്രസംഗം നിര്‍വഹിക്കുമ്പോഴും തന്റെ കൂലിയില്‍നിന്നും ഈയൊരൊറ്റ കാരണത്തിന്റെ പേരില്‍ പിഴ ഈടാക്കുന്നുണ്ടെന്നറിഞ്ഞിട്ടും, അസാധാരണമെന്ന് തോന്നാവുന്ന ഒരു നിസ്സംഗതയോടെ അതിനെ അതിജീവിച്ചുകൊണ്ട് പിച്ചാണ്ടി തുടര്‍ന്നും തന്റെ അനൗപചാരികപ്രസംഗം തുടരുന്നു. എല്ലാവരെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ച പിച്ചാണ്ടി പക്ഷേ എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്നു. ഒരര്‍ഥത്തില്‍ "സംഘടനാ പ്രവര്‍ത്ത"ത്തിന്റെ സങ്കീര്‍ണത തന്നെയാണ് തോട്ടിയില്‍ തിളച്ചുമറിയുന്നത്. "കയറ്റാപ്പീസുകാര്‍ക്ക് സംഘമുണ്ട്. ആശാരിമാര്‍ക്കും സംഘമുണ്ട്. നമുക്കും ഒരു സംഘം വേണം." എന്ന തോട്ടിയിലെ മുഴങ്ങുന്ന ആശയം വികസിക്കുന്നത് നിരവധി വളവ് തിരിവുകള്‍ പിന്നിട്ടാണ് "ഇവര് മനുഷ്യരാണോ, കൊള്ളാം" എന്ന് മനസ്സില്‍ കരുതിയവരെ മുഴുവന്‍, സ്തംബ്ധരാക്കുംവിധം കുതിക്കാന്‍ തോട്ടിക്ക് കരുത്ത് പകര്‍ന്നത് സ്വന്തം സംഘടനയാണ്. "തോട്ടിയുടെ മകന്‍" എന്ന തകഴിയുടെ നോവല്‍ സംഘടനയുടെ, "പിതാക്കന്മാരും പുത്രന്മാരുമായി" മാറിയ, ഒരു കീഴാള ജനസമൂഹത്തിന്റെ ചോരകിനിയുന്ന സമരകഥയാണ്.
അതിനെത്തുടര്‍ന്നാണ് പ്രശസ്തമായ "രണ്ടിടങ്ങഴി"യുടെ വരവ്. ജന്മിയുടെ കുടിലതകള്‍ക്കും അനീതികള്‍ക്കും ക്രൂരതകള്‍ക്കും മുമ്പില്‍ ഒന്നും ചോദിക്കാതെ "അതെ" എന്നുമാത്രം പറയാന്‍ പരിശീലിച്ച പുലയരും പറയരും "എന്തുകൊണ്ട്" എന്ന് ചോദിക്കാന്‍ കരുത്തുനേടുംവിധം വളരുന്ന സാമൂഹ്യപരിവര്‍ത്തനത്തിന്റെ സംഘര്‍ഷങ്ങളാണ്, "രണ്ടിടങ്ങഴിയില്‍"നാം കാണുന്നത്. "അടി, നമ്മ ഒന്നിച്ചുനിന്നാലേ കാര്യമൊക്കൂ, തമ്രാക്കമ്മാര് ഒരുമിച്ചാ നിക്കുന്നെ". ഈ വാചകം ആരും പറഞ്ഞുകൊടുക്കാതെതന്നെ മുതുപുലകിവരെ പറഞ്ഞു.(രണ്ടിടങ്ങഴി). കൂലികൊടുക്കുമ്പോള്‍ തമ്പ്രാക്കള്‍ നിര്‍വഹിക്കുന്ന തിരിമറി കളികളെ ചോദ്യംചെയ്തുകൊണ്ട് "അതു കള്ളമാ തമ്പ്രാ" എന്ന് കോരന്‍ പറഞ്ഞതിന് "പോയിനെടാ കള്ളക്കഴുവേറിതമ്പ്രാക്കളെ" എന്നാണര്‍ഥം! തോട്ടിയുടെ മകനിലും രണ്ടിടങ്ങഴിയിലും സാമ്പത്തികാസമത്വങ്ങള്‍ക്കെതിരെ, ശരിയായ പ്രതിരോധമുയര്‍ത്തുന്ന സംഘടനക്ക്, അനിവാര്യമായ സാംസ്കാരികപ്രക്ഷോഭം നയിക്കാന്‍ കഴിയുന്നില്ലെന്നുള്ളത്, രാഷ്ട്രീയസമരവേലിയേറ്റകാലത്ത് വേണ്ടത്ര വിശകലനവിധേയമാക്കപ്പെടാതെ പോവുകയാണുണ്ടായത്. കുട്ടനാട്ടെ പറയന്റെയും പുലയന്റെയും സങ്കീര്‍ണമായ അസ്തിത്വത്തിന് "സാമ്പത്തികവിമോച"ത്തിലൂടെ മാത്രം സ്വാതന്ത്ര്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് രണ്ടിടങ്ങഴി പങ്കുവച്ചത്. സവര്‍ണപ്രത്യയശാസ്ത്രത്തെ വിമര്‍ശനവിധേയമാക്കുമ്പോഴും അതിനെ," ഒരു സാംസ്കാരിക അധിനിവേശമായി" അപനിര്‍മിക്കാന്‍ അതുകൊണ്ടാണ് തകഴിക്ക് കഴിയാതെപോയത്. രാഷ്ട്രീയമായി ഇന്ദുലേഖയെക്കാള്‍ ഏറെ മുന്നിലാണെങ്കിലും സാംസ്കാരികമായി, ഇന്ദുലേഖയില്‍നിന്ന് ഏറെ മുന്നേറാന്‍ അതുകൊണ്ടുതന്നെ രണ്ടിടങ്ങഴിക്ക് കഴിഞ്ഞിട്ടില്ല.

സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള സമരത്തില്‍ അനിവാര്യമായ വര്‍ഗഐക്യത്തെയും, സാംസ്കാരികസമരത്തില്‍ അനിവാര്യമായ "സവര്‍ണപ്രത്യയശാസ്ത്രവിരുദ്ധ സിദ്ധാന്ത-പ്രയോഗങ്ങളെയും" വര്‍ഗസമരത്തിലേക്ക് ഉല്‍ഗ്രഥിക്കുക എന്ന ക്ലേശകരമായ ദൗത്യം ഏറ്റെടുക്കുന്നതില്‍ ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ക്ക് വന്ന വീഴ്ചകളാണ്, കീഴാളസമൂഹത്തിന്റെ സാംസ്കാരികസവിശേഷതകളെയും അവര്‍ അനുഭവിക്കുന്ന സാമൂഹ്യവിവേചനങ്ങളെയും അവഗണിക്കുന്നതിലേക്ക് ഇടതുപക്ഷാഭിമുഖ്യം പങ്കുവച്ച എഴുത്തുകാരേയും നയിച്ചത്. മുപ്പതുകളില്‍ ബോംബെയിലെ തുണിമില്ലൂകളില്‍ ശക്തമായ തൊഴിലാളിസമരത്തില്‍ സര്‍വതൊഴിലാളികളും, ഉള്ളവര്‍ ഇല്ലാത്തവര്‍ എന്ന രണ്ട് "സാമ്പത്തികജാതി"യായി ഒരുമിച്ച് നിന്നെങ്കിലും തുണിമില്ലിലെ നെയ്ത് വിഭാഗത്തില്‍ കീഴാളതൊഴിലാളികളെ നിയമിക്കാതിരിക്കുന്നതിനെ തൊഴിലാളിവര്‍ഗത്തിന് ഒറ്റക്കെട്ടായി ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ല. നൂലിന്റെ ഇഴപൊട്ടുമ്പോള്‍ തുപ്പല്‍ ചേര്‍ത്താണത്രേ അന്നത് കൂട്ടിച്ചേര്‍ത്തിരുന്നത്. താഴ്ന്നജാതിക്കാരന്റെ തുപ്പല്‍ ഒരു നൂലിനുപോലും അശുദ്ധവും ഉയര്‍ന്നജാതിക്കാരന്റെ തുപ്പല്‍ വിശുദ്ധവുമാകുന്ന ജാലവിദ്യ സവര്‍ണപ്രത്യയശാസ്ത്രത്തിന് മേല്‍ക്കോയ്മയുള്ളൊരു സമൂഹത്തില്‍ മാത്രമേ നിലനില്‍ക്കുകയുള്ളു. ഇന്ന് ഇത്തരമൊരവസ്ഥ നിലനില്‍ക്കുന്നില്ല. പുതിയ "സാങ്കേതികവിദ്യ" ഈ പ്രശ്നം പൂര്‍ണമായും പരിഹരിച്ചിരിക്കുന്നു. എന്നാല്‍ "ജാതിമനസ്സിനു" പ്രസ്തുതമനോഭാവത്തെ എത്രമാത്രം മുറിച്ചു കടക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഇപ്പോഴും സംശയാസ്പദമാണ്!

രാഷ്ട്രീയസമത്വത്തിനും സാമ്പത്തിക സമത്വത്തിനുമൊപ്പം ജാതിസമത്വവും; ജാതിരഹിതസമൂഹം നിലവില്‍വരുംവിധമുള്ള ഇടപെടലുകളുമാണ് കീഴാളജീവിതം കേന്ദ്രപ്രതിപാദ്യമായിത്തീരുന്ന കൃതികളിലെങ്കിലും ഉണ്ടാവേണ്ടത്. ഇന്ദുലേഖപോലുള്ള സവര്‍ണസാമൂഹ്യനോവലിലെ ദരിദ്രരായ ശീനുപട്ടരും, കല്യാണിക്കുട്ടിയും പോലുള്ളവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളല്ല, കീഴാളകൃതികളിലെ സമാനാവസ്ഥയിലുള്ള സ്ത്രീപുരുഷന്മാര്‍പോലും അനുഭവിക്കുന്നത്. സാമ്പത്തികചൂഷണം പരിഹരിച്ചാല്‍ സവര്‍ണരനുഭവിക്കുന്ന പ്രശ്നം പരിഹരിക്കപ്പെടും. എന്നാല്‍ കീഴാളരെ സംബന്ധിച്ചിടത്തോളം അത്രതന്നെ പ്രധാനമാണ് സാമൂഹ്യവിവേചനം പരിഹരിക്കപ്പെടുക എന്നുള്ളത്. അംബേദ്ക്കര്‍ 1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മാണസഭയില്‍ നടത്തിയ പ്രഭാഷണം ആ അര്‍ഥത്തില്‍ ഇന്നും പ്രസക്തമാണ്.

"1950 ജനുവരി 26ന് നാം വൈരുദ്ധ്യങ്ങളുടേതായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വമുണ്ടായിരിക്കും. സാമൂഹ്യസാമ്പത്തിക ജീവിതത്തില്‍ നമുക്ക് അസമത്വമാണുണ്ടായിരിക്കുക. രാഷ്ട്രീയത്തില്‍ നാം ഒരാള്‍ ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വം അംഗീകരിക്കും. സാമൂഹിക സാമ്പത്തിക ജീവിതത്തിലാകട്ടെ നമ്മുടെ സാമൂഹിക-സാമ്പത്തിക ഘടനകാരണം, ഒരാള്‍ ഒരു മൂല്യം എന്ന തത്വത്തിന്റെ നിഷേധം തുടരും..." രാഷ്ട്രീയ സാമ്പത്തിക ജീവിതത്തില്‍ സമത്വമുണ്ടായാലും, "സാമൂഹ്യവിവേചനങ്ങള്‍"ക്കെതിരെ, സാംസ്കാരികസമരം നിരന്തരം നടക്കുന്നില്ലെങ്കില്‍, സാമൂഹ്യസമത്വത്തിന്റെ നിഷേധം തുടരും. "

തദ്ദേശീയര്‍ എന്നുള്ളത് രാഷ്ട്രീയാധിനിവേശ പശ്ചാത്തലത്തില്‍ സവിശേഷമായിതന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സംവര്‍ഗമാണ്. ഫ്രാന്റസ്ഫാനന്റെ, "ഭൂമിയിലെ പീഡിതര്‍"ക്കെഴുതിയ ആമുഖത്തില്‍ ഒരരനൂറ്റാണ്ട്മുമ്പ് സാര്‍ത്ര് വ്യക്തമാക്കിയപോലെ ലോകത്തിലെ അന്നത്തെ ഇരുനൂറ് കോടി ജനങ്ങളില്‍ 150കോടി തദ്ദേശീയരും 50കോടി മനുഷ്യരുമായിരുന്നു. "വാക്ക്" പക്ഷേ രണ്ടാമത് പറഞ്ഞ യൂറോപ്യന്‍ മനുഷ്യന്റേതായിരുന്നു. മുമ്പവര്‍ "വെള്ളക്കാരന്റെ ഭാരം" "നാഗരികദൗത്യം" എന്നിങ്ങനെയുള്ള വ്യാജപദാവലികള്‍കൊണ്ടാണ് സാംസ്കാരികവേട്ട തുടര്‍ന്നതെങ്കില്‍, ഇന്ന് മനുഷ്യാവകാശം എന്ന വിലോഭനീയമായ പദാവലിയുടെ പിറകിലിരുന്നാണ് കൊളോണിയല്‍ അധിനിവേശം ആ ദൗത്യം ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശീയരെ അധമ-മനുഷ്യരാക്കിയാണ് അധിനിവേശ ശക്തികള്‍ സ്വയം ഉത്തമ-മനുഷ്യരാവുന്നത്. അധമമനുഷ്യര്‍ നീചര്‍ മാത്രമല്ല, ചിലപ്പോള്‍ കണക്കില്‍ ഉള്‍പ്പെടാത്തവര്‍പോലുമാകും. ഇസ്രായേല്‍ രൂപീകരണത്തിന്നനുകൂലമായി നിര്‍വഹിച്ച അക്രാമകപ്രചാരണകാലത്തെ കുപ്രസിദ്ധമായ ഒരു മുദ്രാവാക്യം "രാജ്യമില്ലാത്ത ജനതക്ക്, ജനതയില്ലാത്ത രാജ്യം" എന്നായിരുന്നു. ജൂതരുള്‍പ്പെടെ ലക്ഷക്കണക്കിന് മനുഷ്യര്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുകൊണ്ടിരുന്ന പലസ്തീനിനെ അധിനിവേശത്തിനും അതുവഴി ഒരു "കൃത്രിമകൊളോണിയല്‍ രാഷ്ട്രനിര്‍മിതിക്കും" പാകമാക്കാന്‍വേണ്ടി, അപ്പോഴവിടെയുണ്ടായിരുന്നവരെ "അധമമനുഷ്യര്‍" എന്ന അര്‍ഥത്തിലുള്ള ഒരുതരം അദൃശ്യമാക്കലാണ്, ആ മുദ്രാപരസ്യത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത്. അവിടെ മനുഷ്യരില്ലാത്തതുകൊണ്ടല്ല, അവരെ മനുഷ്യരായി, കര്‍തൃത്വമുള്ളവരായി സാമ്രാജ്യത്വവും സയണിസവും അംഗീകരിച്ചിരുന്നില്ല എന്നുള്ളതാണ് പ്രശ്നം! തദ്ദേശീയര്‍ എന്നതിന് കൊളോണിയല്‍ കാഴ്ചയില്‍ കര്‍തൃത്വരഹിതര്‍ എന്നാണര്‍ഥം.ഭീഷ്മസാഹ്നിയുടെ "തമസ്സ്" എന്ന നോവലില്‍, റിച്ചാര്‍ഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍, സ്വന്തം പരിചാരകന്റെ മുമ്പില്‍വച്ച് ഭാര്യ ലിസയുമായി പ്രണയചേഷ്ടകള്‍ പങ്കുവയ്ക്കുന്നൊരു സന്ദര്‍ഭമുണ്ട്. ആദ്യമാദ്യം ലിസക്കൊരു പ്രയാസമുണ്ടായെങ്കിലും, "നേറ്റീവ്സ്" കര്‍തൃരഹിതരാണെന്ന് സ്വയം ബോധ്യമായതോടെ ആ ജാള്യത ഇല്ലാതായി!

സമത്വത്തില്‍ വിശ്വസിക്കുന്ന അധ്യാപകര്‍ക്ക് "നേറ്റീവ്സി"നെ പഠിപ്പിക്കാനുള്ള യോഗ്യതയില്ലെന്നാണ് അപ്പാര്‍ത്തീഡ് നിലനിന്ന കാലത്ത് ദക്ഷിണാഫ്രിക്കന്‍ ഭരണാധികാരികള്‍ ഉറച്ച് വിശ്വസിച്ചത്. (ഫ്ളോറന്‍സ് എല്ലിയോട്ട്). കൊളോണിയല്‍ അധിനിവേശകാലത്ത് തദ്ദേശീയര്‍(നേറ്റീവ്സ്) ഒരു ദേശത്തെ ജനത എന്ന അര്‍ഥത്തിലല്ല, ഒന്നിനുംകൊള്ളാത്ത ഒരധമജനത എന്നര്‍ഥത്തിലാണ് തിരിച്ചറിയപ്പെട്ടത്. അതുപോലെ അഭ്യന്തര അധിനിവേശത്തെ ദൃഢപ്പെടുത്തിയ സവര്‍ണപ്രത്യയശാസ്ത്രം അടിസ്ഥാനജനതയെ കണ്ടത് അധമരും കര്‍തൃരഹിതരുമായിട്ടാണ്. കര്‍തൃരഹിതരുടെ വാക്കുകള്‍ക്ക് വിധേയത്വത്തെ ദൃഢപ്പെടുത്തുന്നതിലപ്പുറം മറ്റൊരു ദൗത്യവും നിര്‍വഹിക്കുവാന്‍ അന്ന് കഴിയുമായിരുന്നില്ല. ഇന്ത്യന്‍ സവര്‍ണത കീഴാളര്‍ക്ക്മേല്‍ അടിച്ചേല്‍പിച്ച "ആചാരഭാഷ", ഒരു ജനസമൂഹത്തിന്റെ ആത്മാഭിമാനത്തെയാണ് കടന്നാക്രമിച്ചത്. ഇന്നലെകളില്‍ കൊടിപറത്തിയ ആ പഴയ "റാനും", "അടിയനും" വാക്ക് നഷ്ടപ്പെട്ടവരുടെ വേദനയായിരുന്നു എന്ന് ഇന്ന് നമുക്ക് വിശദീകരണമേതുമില്ലാതെ മനസ്സിലാക്കാന്‍ കഴിയും. "ലിസയും റിച്ചാര്‍ഡും മുമ്പത്തെപ്പോലെ പരസ്പരം കൈകോര്‍ത്തുപിടിച്ചുകൊണ്ടുനിന്നു. ആദ്യമൊക്കെ അവര്‍ രണ്ടുപേരും തുറന്നമുറിയില്‍നിന്ന് പ്രേമസല്ലാപം നടത്തുമ്പോള്‍ ഏതെങ്കിലും ഭൃത്യന്‍ യാദൃച്ഛികമായി അതുവഴി വന്നാല്‍ ലിസ പെട്ടന്ന് അകലാന്‍ ശ്രമിക്കുമായിരുന്നു. പക്ഷേ റിച്ചാര്‍ഡ് അവളെ കെട്ടിപ്പിടിച്ചുകൊണ്ടുതന്നെ നില്‍ക്കും. ഭൃത്യന്‍ അയാളുടെ ജോലി ചെയ്തുകൊണ്ടിരിക്കും. ലജ്ജ കാരണം ലിസ കണ്ണുകള്‍ മുറുക്കി അടക്കും. അങ്ങനെ ഭൃത്യന്റെയോ പാചകക്കാരന്റെയോ സാന്നിധ്യം മറയ്ക്കാമെന്നായിരുന്നു അവളുടെ വിചാരം. പാചകക്കാരന്‍ ഒരു "നേറ്റീവ്" ആണെന്നും വെറും കുശിനിക്കാരന്‍ മാത്രമാണെന്നും മനസ്സിലായശേഷം അവള്‍ക്കും അയാളുടെ സാന്നിധ്യം ഒരു തടസ്സമാണെന്നു തോന്നിയില്ല."(തമസ്സ്: ഭീഷ്മസാഹ്നി).

യൂറോപ്യന്‍ കാഴ്ചയിലെ ഇന്ത്യക്കാര്‍ മാത്രമല്ല, ഇന്ത്യന്‍ സവര്‍ണാധികാരം ശക്തമായിരിക്കുന്ന സ്ഥലങ്ങളിലും അതിനെതിരെയുള്ള ഇടതുപക്ഷ ജനാധിപത്യ പ്രതിരോധം ദുര്‍ബലമായിത്തീരുന്ന മുറക്കും, ഇന്ത്യന്‍കീഴാളരും ഇവ്വിധം കര്‍തൃരഹിതരായിതീരും. തകഴിയുടെ ഓടയില്‍നിന്നിലെ ഇശക്കുമുത്തു മാതൃകയിലുള്ള തോട്ടികളെ ആരും മനുഷ്യരായി കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ, എച്ചില്‍ കൊത്തിവലിക്കുന്ന കാക്കയെയും പട്ടിയേയും പോലെ മാത്രമേ, അവരുടെ സാന്നിധ്യം അവര്‍ പരിഗണിച്ചിരുന്നുള്ളു. എന്നാല്‍ "ചുടലമുത്തു" ആത്മബോധമാര്‍ജ്ജിച്ച ഒരു തോട്ടിയായി തീരുന്നതോടെ, അയാളുടെ സാന്നിധ്യം അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുംവിധം അവഗണിക്കാനാവാത്ത ഒന്നായി വളരുന്നതാണ് നാം കാണുന്നത്. "എന്നും കുളിക്കുന്ന തോട്ടിയെ, മുഖക്ഷൗരം ചെയ്യുന്ന തോട്ടിയെ, അടിച്ചു നച്ചതോ അലക്കിയതോ ആയ മുണ്ടോ നിക്കറോ ധരിക്കുന്ന തോട്ടിയെ തീര്‍ച്ചയായും നിങ്ങള്‍ ഇഷ്ടപ്പെടുകയില്ല. "ഓ, അവന്‍ ഒരു ശൃംഗാരിയാണ്" എന്ന് നിങ്ങളുടെ സ്ത്രീകള്‍ പറയും. അവനെ കാണ്‍കെ കക്കൂസിലേക്ക് പോകാനോ, കക്കൂസില്‍നിന്നിറങ്ങിപ്പോരാനോ ഒരു യുവതിക്ക് സാധ്യമല്ല. നിങ്ങളുടെ തോട്ടി കുടിയനായിരിക്കണം. ജീവിതത്തില്‍ അവനൊരു ചിട്ടയും പാടില്ല. എന്നും അവന്‍ തെറ്റുകാരനായിരിക്കണം."(തോട്ടിയുടെ മകന്‍: തകഴി)

*
കെ ഇ എന്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രീയസമത്വത്തിനും സാമ്പത്തിക സമത്വത്തിനുമൊപ്പം ജാതിസമത്വവും; ജാതിരഹിതസമൂഹം നിലവില്‍വരുംവിധമുള്ള ഇടപെടലുകളുമാണ് കീഴാളജീവിതം കേന്ദ്രപ്രതിപാദ്യമായിത്തീരുന്ന കൃതികളിലെങ്കിലും ഉണ്ടാവേണ്ടത്. ഇന്ദുലേഖപോലുള്ള സവര്‍ണസാമൂഹ്യനോവലിലെ ദരിദ്രരായ ശീനുപട്ടരും, കല്യാണിക്കുട്ടിയും പോലുള്ളവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളല്ല, കീഴാളകൃതികളിലെ സമാനാവസ്ഥയിലുള്ള സ്ത്രീപുരുഷന്മാര്‍പോലും അനുഭവിക്കുന്നത്. സാമ്പത്തികചൂഷണം പരിഹരിച്ചാല്‍ സവര്‍ണരനുഭവിക്കുന്ന പ്രശ്നം പരിഹരിക്കപ്പെടും. എന്നാല്‍ കീഴാളരെ സംബന്ധിച്ചിടത്തോളം അത്രതന്നെ പ്രധാനമാണ് സാമൂഹ്യവിവേചനം പരിഹരിക്കപ്പെടുക എന്നുള്ളത്.