Wednesday, December 5, 2012

കുഞ്ഞു ഹന്ന യാത്രയായി; കണ്ണുകള്‍ വെളിച്ചമാകും

കുസൃതികാട്ടി കളിച്ചു ചിരിച്ച് പാറി നടക്കേണ്ട കുഞ്ഞു ഹന്ന ഇനിയില്ല. എങ്കിലും നാലു വയസുകാരിയായ ആ പൊന്നോമന ജീവിച്ചിരിക്കും, രണ്ടു പേരുടെ കണ്ണിലെ വെളിച്ചമായി. പൊന്നുമോള്‍ ഇനിയില്ലെന്നറിഞ്ഞപ്പോള്‍ ഹൃദയം തകരുന്ന നിമിഷത്തിലും ഹന്ന മറിയം ജേക്കബിന്റെ അച്ഛനും അമ്മയും ആദ്യം ഓര്‍ത്തത് ആ കുഞ്ഞു കണ്ണുകള്‍ രണ്ട് പേര്‍ക്ക് വെളിച്ചമാകട്ടെ എന്നാണ്. സുഹൃത്തുക്കളെ വിളിച്ച് ആഗ്രഹമറിയിച്ചു. പിന്നീടെല്ലാം പകരം വയ്ക്കാനാവാത്ത ആ മനസുകളുടെ കരളുറപ്പിന്റെ വെളിച്ചം. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് കാഞ്ഞിരംപാറയിലെ വീട്ടില്‍വച്ചാണ്, മലയാളം വെബ് പോര്‍ടലായmalayal.am ന്റെ എഡിറ്റര്‍ തിരുവഞ്ചൂര്‍ കോട്ടമുറി വെളിയംകുന്നത്ത് സെബിന്‍ എബ്രഹാം ജേക്കബിന്റെയും കോകില ബാബുവിന്റെയും ഇളയ മകള്‍ ഹന്നയുടെ ജീവന്‍ അപ്രതീക്ഷിതമായി പൊലിഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെങ്കിലും ചിരിച്ചും കളിച്ചും ഓടിച്ചാടിയും വീട്ടില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു അവള്‍. അസുഖം ഭേദപ്പെട്ടുവരികെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. പെട്ടെന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട ഹന്നയെ സെബിന്‍ വാരിയെടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരം തണുത്തുറഞ്ഞു.

സെബിന്റെ സുഹൃത്തുക്കള്‍ റീജിണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ സൂപ്രണ്ട് ഡോ. സഹസ്രനാമവുമായി ബന്ധപ്പെട്ടു. ഉടന്‍ ഡോക്ടര്‍മാര്‍ വീട്ടിലെത്തി കണ്ണുകള്‍ ശേഖരിച്ചു. ലാബ് പരിശോധനയില്‍ ഏറ്റവും അനുയോജ്യരായ രണ്ട് പേര്‍ക്ക് കണ്ണുകള്‍ നല്‍കും.

കണ്ണ് എടുത്ത ശേഷം ഹന്നയുടെ മൃതദേഹം സ്വദേശമായ കോട്ടയം തിരുവഞ്ചൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം ബുധനാഴ്ച പകല്‍ 12 മണിക്ക് തിരുവഞ്ചൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കുസൃതികാട്ടി കളിച്ചു ചിരിച്ച് പാറി നടക്കേണ്ട കുഞ്ഞു ഹന്ന ഇനിയില്ല. എങ്കിലും നാലു വയസുകാരിയായ ആ പൊന്നോമന ജീവിച്ചിരിക്കും, രണ്ടു പേരുടെ കണ്ണിലെ വെളിച്ചമായി. പൊന്നുമോള്‍ ഇനിയില്ലെന്നറിഞ്ഞപ്പോള്‍ ഹൃദയം തകരുന്ന നിമിഷത്തിലും ഹന്ന മറിയം ജേക്കബിന്റെ അച്ഛനും അമ്മയും ആദ്യം ഓര്‍ത്തത് ആ കുഞ്ഞു കണ്ണുകള്‍ രണ്ട് പേര്‍ക്ക് വെളിച്ചമാകട്ടെ എന്നാണ്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രാര്‍ഥനകളോടെ..