Wednesday, December 5, 2012

സഹകരണമേഖലയെ സംരക്ഷിക്കണം

ജില്ലാ സഹകരണ ബാങ്കുകളെ രാഷ്ട്രീയമായി പിടിച്ചെടുക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കങ്ങളിലാണ് യുഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ വഴിവിട്ട രീതിയില്‍ സഹകരണ ബാങ്കുകളെ അധീനതയിലാക്കാന്‍ ശ്രമിക്കാറുണ്ട്. അതിനായി കൃത്രിമമാര്‍ഗങ്ങള്‍ അവലംബിക്കാറുമുണ്ട്. ഇത്തവണ കടലാസ് സംഘടനകള്‍ക്ക് അംഗീകാരം നല്‍കി കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാനാണ് ശ്രമം.

പ്രാഥമികമായും പ്രധാനമായും കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്ന സ്ഥാപനങ്ങളാണ് ജില്ലാ സഹകരണബാങ്കും സര്‍വീസ് സഹകരണ ബാങ്കുകളുടെ അപ്പക്സ് സ്ഥാപനമായ സംസ്ഥാന സഹകരണ ബാങ്കും. കാര്‍ഷികേതരരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കൂടി അഫിലിയേറ്റുചെയ്ത് ഇതിന്റെ സ്വഭാവംതന്നെ അട്ടിമറിച്ച് ഭൂരിപക്ഷമുണ്ടാക്കാനായിരുന്നു കഴിഞ്ഞതവണ ശ്രമിച്ചത്. എന്നാല്‍, സഹകരണ ബാങ്കുകളുടെ ഉദ്ദേശലക്ഷ്യങ്ങളെത്തന്നെ അട്ടിമറിക്കുന്ന ആ സംവിധാനം പിന്നീടുവന്ന ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

ഇപ്പോഴാകട്ടെ, പ്രവര്‍ത്തനമേ ഇല്ലാത്ത കടലാസ് സംഘടനകള്‍ക്ക് അംഗീകാരം നല്‍കി ജില്ലാബാങ്കുകള്‍ പിടിച്ചെടുക്കാനും അങ്ങനെ സംസ്ഥാന സഹകരണ ബാങ്കിനെ രാഷ്ട്രീയ അധീനതയിലാക്കാനും ശ്രമം തുടങ്ങിയിരിക്കുന്നു. ഈ സംഘടനകള്‍ക്കുകൂടി വായ്പ കിട്ടാനാണിത് എന്നതാണ് സര്‍ക്കാരിന്റെ ന്യായവാദം. വായ്പ ലഭ്യമാക്കുക എന്നതാണ് യഥാര്‍ഥ ഉദ്ദേശ്യമെങ്കില്‍ എ-ബി-സി എന്നിങ്ങനെയുള്ള ക്ലാസ് അംഗത്വങ്ങള്‍ നല്‍കിയാല്‍ മതിയല്ലോ. ഇവിടെ ചെയ്യുന്നത് കടലാസ് സംഘങ്ങളെ വോട്ടവകാശമുള്ളവയാക്കി മാറ്റുകയാണ്. ഇതിനുപിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികളുടെ സ്ഥാനത്ത് അവ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍മാരാണിരിക്കുന്നത്. അവരെക്കൊണ്ട് ജനറല്‍ബോഡി യോഗങ്ങള്‍ വിളിച്ചുകൂട്ടി ബൈലോ ഭേദഗതിപ്പെടുത്തിയെടുക്കുക. എന്നിട്ട് കടലാസ് സംഘടനകള്‍ക്ക് അംഗീകാരം നല്‍കുക. അങ്ങനെ ഇല്ലാ സംഘടനകള്‍ക്ക് വോട്ടവകാശം കൊടുത്ത് കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും പിടിച്ചെടുക്കുക. ഇതാണ് പരിപാടി.

മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ബാങ്ക് പിടിച്ചെടുക്കല്‍ പരിപാടി അരങ്ങേറുന്നത്. ഗൂഢാലോചന പ്രാവര്‍ത്തികമാക്കാന്‍ പതിനാല് ജില്ലാ സഹകരണ ബാങ്കുകളുടെയും ജനറല്‍ബോഡി യോഗം ഏഴാംതീയതിക്കുള്ളില്‍ ചേരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മന്ത്രി.

പുതിയ സംഘങ്ങള്‍ക്ക് അംഗത്വം നല്‍കണമെങ്കില്‍ ജനറല്‍ബോഡി യോഗത്തിന്റെ അംഗീകാരം ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അത് പാലിക്കാനാണ് ധൃതിയില്‍ നീക്കം. കടലാസ് സംഘങ്ങള്‍ക്ക് അംഗത്വം നല്‍കാന്‍ പാകത്തിലുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ചിരുന്നു. ഓര്‍ഡിനന്‍സുമാത്രം പോരാ, ജനറല്‍ബോഡിയുടെ അംഗീകാരംകൂടി വേണമെന്ന സാഹചര്യത്തിലാണ് ധൃതിയില്‍ ജനറല്‍ബോഡിയോഗം വിളിക്കുന്നത്. നിലവിലുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് ജനറല്‍ബോഡി ചേര്‍ന്നാല്‍ ഒന്നൊഴികെ എല്ലാ ബാങ്കിലും ഭേദഗതി തള്ളപ്പെടും. അങ്ങനെ വന്നാല്‍ ജില്ലാബാങ്കുകള്‍ പിടിച്ചെടുക്കാനാവില്ല. അത് അറിയുന്ന സര്‍ക്കാര്‍ ജനാധിപത്യം അട്ടിമറിച്ച് പിന്‍വാതിലിലൂടെ അധികാരംപിടിക്കാന്‍ നോക്കുകയാണ്. ഇതാകട്ടെ, സഹകരണതത്വങ്ങളുടെയും ജനാധിപത്യപ്രക്രിയയുടെയും കൃത്യമായ ധ്വംസനമാണ്.

കേരളത്തില്‍ 1598 പ്രാഥമിക സംഘങ്ങളുണ്ട്. ലൈസന്‍സുള്ള 62 അര്‍ബന്‍ ബാങ്കുകളുമുണ്ട്. ഇന്നത്തെ നിലയില്‍ തെരഞ്ഞെടുപ്പുനടത്തിയാല്‍ പതിമൂന്നുജില്ലകളിലും എല്‍ഡിഎഫ് വിജയിക്കും. അതുകൊണ്ട് ഇന്നത്തെ നില ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ച് തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീങ്ങുന്നത്. ഈ ഉദ്ദേശ്യത്തോടെ കുറെ മാസങ്ങളായി കരുനീക്കുകയായിരുന്നു യുഡിഎഫ്. ഓരോ ജില്ലയിലും 500 മുതല്‍ 600 വരെ സംഘങ്ങളെ രജിസ്റ്റര്‍ചെയ്തു. പ്രവര്‍ത്തനത്തിലില്ലാത്ത കടലാസ് സംഘങ്ങളെ കൊണ്ടുവന്നു. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍പോലും പാലിക്കാതെ അര്‍ബന്‍ ബാങ്കുകള്‍ക്ക് അംഗത്വം നല്‍കി. ഇനി പൊലീസിന്റെ സംരക്ഷണത്തോടെ കടലാസ് സംഘടനകളെ പങ്കെടുപ്പിച്ച് ബൈലോ ഭേദഗതിക്കുള്ള യോഗങ്ങള്‍ നടത്താനാണ് നീക്കം. 2013 ഫെബ്രുവരിയില്‍ ജില്ലാ സഹകരണ ബാങ്കിന്റെയും സംസ്ഥാന സഹകരണബാങ്കിന്റെയും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൃത്രിമമായി ഭൂരിപക്ഷമുണ്ടാക്കാനാണ് ഇതെല്ലാം. പിരിച്ചുവിടപ്പെട്ട ഭരണസമിതികളുടെ സ്ഥാനത്ത് പുതിയ സമിതികളെ വലതുപക്ഷ രാഷ്ട്രീയം നിറച്ച് കുത്തിത്തിരുകാനാണ് നോക്കുന്നത്.

ഇത്തരമൊരു ജനാധിപത്യവിരുദ്ധ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് സഹകാരികളുടെ വന്‍ പ്രക്ഷോഭം ബുധനാഴ്ച നടക്കുന്നത്. തിരുവനന്തപുരത്ത് സഹകരണ രജിസ്ട്രാര്‍ ഓഫീസിനുമുന്നിലും ജില്ലകളില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കുമുന്നിലും നടക്കുന്ന സത്യഗ്രഹസമരം യഥാര്‍ഥത്തില്‍ സഹകരണമേഖലയെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്. സാധാരണക്കാരായ കര്‍ഷകരെയും മറ്റും വട്ടിപ്പലിശക്കാരുടെയും ബ്ലേഡ് കമ്പനികളുടെയും പിടിയില്‍നിന്ന് മോചിപ്പിച്ച സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ കരുത്താണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് നാട്ടിന്‍പുറത്ത് ജനങ്ങള്‍ പടുത്തുയര്‍ത്തുന്ന ബദലാണത്. അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനെതിരെ ഉയരുന്ന ഈ സമരമുന്നേറ്റം കേരളജനതയുടെയാകെ ആദരവ് അര്‍ഹിക്കുന്നു. സഹകരണമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കുള്ള കരുത്തുറ്റ മറുപടിയായി ഈ സമരമുന്നേറ്റം മാറട്ടെ. ആഗോളവല്‍ക്കരണം കൈവിടുന്ന ജനസാമാന്യത്തിന്റെ രക്ഷയ്ക്കായി ഇടപെടുന്ന സഹകരണ പ്രസ്ഥാനങ്ങളെയും അവയുടെ ബാങ്കിങ് സ്ഥാപനങ്ങളെയും സംരക്ഷിച്ചുനിര്‍ത്തേണ്ടതുണ്ട്. മഹത്തായ ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഈ പ്രക്ഷോഭം കേരളത്തിന്റെ പൊതുതാല്‍പ്പര്യത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ മുഴുവന്‍ കേരളീയരും ഏറ്റുവിളിക്കേണ്ട മുദ്രാവാക്യങ്ങളാണ് സഹകരണരംഗത്തുനിന്ന് ഇന്നുയരുന്നത്. ഇത് കേള്‍ക്കാന്‍ സര്‍ക്കാരിന് കാതുകളുണ്ടോ എന്നതാണിനി അറിയേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 05 ഡിസംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരുവനന്തപുരത്ത് സഹകരണ രജിസ്ട്രാര്‍ ഓഫീസിനുമുന്നിലും ജില്ലകളില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കുമുന്നിലും നടക്കുന്ന സത്യഗ്രഹസമരം യഥാര്‍ഥത്തില്‍ സഹകരണമേഖലയെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്. സാധാരണക്കാരായ കര്‍ഷകരെയും മറ്റും വട്ടിപ്പലിശക്കാരുടെയും ബ്ലേഡ് കമ്പനികളുടെയും പിടിയില്‍നിന്ന് മോചിപ്പിച്ച സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ കരുത്താണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് നാട്ടിന്‍പുറത്ത് ജനങ്ങള്‍ പടുത്തുയര്‍ത്തുന്ന ബദലാണത്. അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനെതിരെ ഉയരുന്ന ഈ സമരമുന്നേറ്റം കേരളജനതയുടെയാകെ ആദരവ് അര്‍ഹിക്കുന്നു. സഹകരണമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കുള്ള കരുത്തുറ്റ മറുപടിയായി ഈ സമരമുന്നേറ്റം മാറട്ടെ. ആഗോളവല്‍ക്കരണം കൈവിടുന്ന ജനസാമാന്യത്തിന്റെ രക്ഷയ്ക്കായി ഇടപെടുന്ന സഹകരണ പ്രസ്ഥാനങ്ങളെയും അവയുടെ ബാങ്കിങ് സ്ഥാപനങ്ങളെയും സംരക്ഷിച്ചുനിര്‍ത്തേണ്ടതുണ്ട്. മഹത്തായ ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഈ പ്രക്ഷോഭം കേരളത്തിന്റെ പൊതുതാല്‍പ്പര്യത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ മുഴുവന്‍ കേരളീയരും ഏറ്റുവിളിക്കേണ്ട മുദ്രാവാക്യങ്ങളാണ് സഹകരണരംഗത്തുനിന്ന് ഇന്നുയരുന്നത്. ഇത് കേള്‍ക്കാന്‍ സര്‍ക്കാരിന് കാതുകളുണ്ടോ എന്നതാണിനി അറിയേണ്ടത്.