Tuesday, September 17, 2013

കാത്തിരിക്കുന്നത് ചെസിലെ നവയുഗപ്പിറവിയോ...

ഇതാ, കാലാളും തേരും കുതിരയും പോര്‍വിളി നടത്തുന്ന മഹായുദ്ധത്തിന് ഒരിക്കല്‍ക്കൂടി കാതോര്‍ക്കാം. വരുന്ന നവംബര്‍ ആറുമുതല്‍ 26 വരെ ചെന്നൈയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പ്പത്തിമൂന്നുകാരനായ വിശ്വനാഥന്‍ ആനന്ദ് തന്റെ പകുതി പ്രായംപോലും ഇല്ലാത്ത നോര്‍വേയുടെ മാഗ്നസ്കാള്‍സനെ നേരിടുമ്പോള്‍ അത് ലോക ചെസില്‍ ഒരു നവയുഗപ്പിറവിക്ക് തുടക്കമാവുമെന്നു കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ പ്രതിഭകള്‍ക്ക് വിജയത്തിലെത്തുന്നതിന്പ്രായംഒരു തടസ്സമേയല്ലെന്നു തെളിയിക്കുന്ന ആനന്ദിന്റെ അനുഭവസമ്പത്തും നിശ്ചയദാര്‍ഢ്യവും ഇത്തവണയും കിരീടപോരാട്ടത്തില്‍ തുണയാവുമെന്നു കരുതുന്നവരും കുറവല്ല. എലോ റേറ്റിങ്ങില്‍ ഇത്രയേറെ വ്യത്യാസത്തില്‍ നില്‍ക്കുന്ന രണ്ടു താരങ്ങള്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത് സാധാരണമല്ല. ആനന്ദിന് 2775 പോയിന്റുള്ളപ്പോള്‍ കാള്‍സന്റേത് 2862 ആണ്. ഈ നിലവാരത്തില്‍ 10 പോയിന്റിന്റെ വ്യത്യാസംപോലും വലുതായി തോന്നുമ്പോള്‍ 90 പോയിന്റിന്റെ അന്തരം ആനന്ദിന്റെ വിജയത്തെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് വകനല്‍കുന്നതാണ്.

എലോ പോയിന്റിലെ ഈ വലിയ അകലം മനഃശാസ്ത്രപരമായെങ്കിലും കാള്‍സന് മുന്‍തൂക്കം നല്‍കുന്നതുമാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം 42-ാം വയസ്സില്‍ തന്റെ അഞ്ചാം ലോകകിരീടം സ്വന്തമാക്കിയ ആനന്ദിന് വെള്ളയും കറുപ്പും കരുക്കളുടെ ചതുരംഗബോര്‍ഡിനു മുന്നിലെത്തുമ്പോള്‍ ക്ഷീണം മറന്ന് തന്ത്രം മെനയാനും വിജയവഴിയില്‍ മുന്നേറാനുമുള്ള ശേഷിയും നൈപുണിയും ആവോളമുണ്ടെന്ന് പലവട്ടം തെളിയിച്ചുകഴിഞ്ഞതാണ്. ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ ആനന്ദിന്റെ എതിരാളിയെ നിശ്ചയിക്കാനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ വ്ളാദിമിര്‍ ക്രാംനിക്കിനെ പിന്തള്ളിയെത്തിയ കാള്‍സണ്‍ തുടര്‍ച്ചയായ ടൂര്‍ണമെന്റ് വിജയങ്ങളും റേറ്റിങ്ങിലെ മുന്നേറ്റവുംകൊണ്ട് നേരത്തെത്തന്നെ അര്‍ഹത തെളിയിച്ചതായിരുന്നു. എന്നാല്‍ ലണ്ടനില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ വിജയത്തിലൂടെ അതിന് ഔദ്യോഗിക മാനം നേടിയാണ് കാള്‍സണ്‍ ചെന്നൈയിലേക്ക് ടിക്കറ്റെടുത്തത്. 2012ല്‍ മോസ്കോയില്‍ ആനന്ദിന്റെ തുടര്‍ച്ചയായ നാലാം കിരീടനേട്ടത്തില്‍ കലാശിച്ച ചാമ്പ്യന്‍ഷിപ്പിന് എതിരാളിയെ നിശ്ചയിക്കാനുള്ള കാന്‍ഡിഡേറ്റ്സ് മത്സരത്തില്‍ യോഗ്യത നേടിയിട്ടും ചിലര്‍ക്ക് മുന്‍ഗണനയുള്ള നടപ്പുചട്ടങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് ലോക ചെസ്സംഘടനയ്ക്ക് സധൈര്യം കത്തു നല്‍കിയ താരമാണ് കാള്‍സണ്‍. കംപ്യൂട്ടറിന് പഠിക്കാന്‍ കഴിയാത്ത അന്തര്‍ജ്ഞാനമുള്ള തന്റെ പ്രിയശിഷ്യന് പുരാതനമായ ഈ കളിയെ മാറ്റിമറിക്കാന്‍ പോന്ന പ്രതിഭാശാലിത്വമുണ്ടെന്ന് കുറഞ്ഞകാലം കാള്‍സന്റെ പരിശീലകനായിരുന്ന ചെസ് ഇതിഹാസം ഗാരികാസ്പറോവ് പ്രവചിച്ചിരുന്നു. വിരസമായ സമനിലകളോട് പ്രതിപത്തിയില്ലാത്ത കാള്‍സന് സ്കൂളില്‍ പഠിക്കുമ്പോള്‍, നോര്‍വേയിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന സിമന്‍ അഗ്ദസ്റ്റീന്റെ ശിക്ഷണം ലഭിച്ചിരുന്നു. പിന്നീട് കാസ്പറോവിന്റെ വിദഗ്ധ നിരീക്ഷണത്തില്‍ കാള്‍സണിലെ ചെസ്പ്രതിഭ തേച്ചുമിനുക്കപ്പെട്ടു. എന്നാല്‍ ഇല്ലാത്ത വിജയം എത്തിപ്പിടിക്കാന്‍ ശ്രമിച്ച് കുഴപ്പത്തില്‍ ചാടുകയെന്ന ദൗര്‍ബല്യത്തില്‍നിന്ന് ഈ ചെറുപ്പക്കാരന്‍ മുക്തനായിട്ടില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കളിക്കളത്തിലും പുറത്തുമുള്ള ആക്രമണോത്സുകത ഒരു ചാമ്പ്യന് അവിഭാജ്യഘടകമാണെന്നു വിധിച്ചവരെ ചെറുപുഞ്ചിരികൊണ്ടും സമനിലതെറ്റാത്ത നീക്കങ്ങള്‍കൊണ്ടും നേരിടാന്‍ ആനന്ദിനുള്ള കഴിവിനെ ആര്‍ക്കും ചോദ്യംചെയ്യാവുന്നതല്ല. റഷ്യന്‍ ആധിപത്യത്തിനുശേഷം ചെസില്‍ മറ്റൊരു ലോകത്തിന്റെ സ്രഷ്ടാവുകൂടിയായ വിശ്വനാഥന്‍ ആനന്ദിനെ നേരിടുന്നത് എക്കാലത്തെയും വലിയ എലോ റേറ്റിങ് കൈവരിച്ച അത്ഭുതതാരമായ കാള്‍സണ്‍ ആണെന്നതുതന്നെ ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിന് സവിശേഷമായ പ്രാധാന്യമേറ്റുന്നു. പരിചയസമ്പത്താണ് ആനന്ദിന്റെ ബലമെങ്കില്‍ അവസാന നിമിഷംവരെ വിജയത്തിനായുള്ള ദാഹമാണ് കാള്‍സന്റെ മികവ്.

*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി കിളിവാതില്‍

No comments: