Saturday, September 28, 2013

മോഡിയെ ആനയിക്കുമ്പോള്‍

ഏതൊരു ആഘാതത്തിനും ഒരു പ്രത്യാഘാതമുണ്ടാകുമെന്ന് പറഞ്ഞ് ഗുജറാത്ത് വംശഹത്യയെ ന്യായീകരിച്ച ഭരണാധികാരിയാണ് നരേന്ദ്രമോഡി. ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടത്തിയ വംശഹത്യയുടെ പരീക്ഷണശാലയായി ഗാന്ധിജി പിറന്ന ഗുജറാത്തിനെ മാറ്റിത്തീര്‍ത്ത നരേന്ദ്രമോഡിയെ നവോത്ഥാന കേരളത്തിലേക്ക് പരവതാനി വിരിച്ചാനയിക്കുന്നതില്‍ കൗശലവും കൗതൂഹലവും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ആത്മീയതയുടെ വക്താവും പ്രയോക്താവുമായി സ്വയം വിശേഷിപ്പിക്കുന്ന അമൃതാനന്ദമയി തന്റെ 60-ാം ജന്മദിന വാര്‍ഷികത്തില്‍ നരേന്ദ്രമോഡിയെ മുഖ്യാതിഥിയായി ക്ഷണിക്കുന്നു, മലയാള നവോത്ഥാനത്തിന്റെ സര്‍വമഹിമയെയും തമസ്കരിക്കുന്നു."ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്" എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ സമാധിഭൂവായ ശിവഗിരിയിലേക്കും വംശവിദ്വേഷ പ്രചാരകനായ നരേന്ദ്രമോഡി ആനയിക്കപ്പെട്ടു. മതനിരപേക്ഷതയുടെയും മതസൗഹാര്‍ദത്തിന്റെയും പതാക ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിലാണ് വംശീയ വിദ്വേഷ പ്രകടനത്തിന്റെ മുന്‍നിര ചാമ്പ്യനായ നരേന്ദ്രമോഡിയെ സ്വീകരിച്ചാനയിക്കുന്നതെന്നത് തീര്‍ത്തും ലജ്ജാകരമാണ്. രാമനും റഹിമും ഒന്നുതന്നെയെന്ന് പറഞ്ഞ ഗാന്ധിജിയുടെ മണ്ണില്‍ രണ്ടായിരത്തിലേറെ മനുഷ്യരെ ഒരു മതത്തില്‍ പിറന്നുപോയി എന്നതുകൊണ്ടുമാത്രം ഭീകരകൊലയ്ക്കിരയാക്കി. ഗ്യാസ് സിലിണ്ടറുകള്‍പോലും ഉപയോഗിച്ച് കൊലയുടെ പുതുവഴികള്‍ കണ്ടെത്തി. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെപ്പോലും നിഷ്ഠുരമായ നിലയില്‍ കൊന്നൊടുക്കി, പിഞ്ചുകുഞ്ഞുങ്ങളുടെ നെറ്റിത്തടത്തില്‍ വാളുകൊണ്ട് "ഓം" എഴുതിച്ചേര്‍ത്തു. സ്ത്രീപുരുഷ ഭേദമില്ലാതെ മനുഷ്യരെ കൊന്നൊടുക്കി. മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ "വിചാരധാര"യിലും "നാം അഥവാ നമ്മുടെ ദേശീയത നിര്‍വഹിക്കപ്പെടുന്നു" വിലും എഴുതി: "ഹിറ്റ്ലറാണ് ആരാധ്യപുരുഷന്‍. രക്തവിശുദ്ധി മാഹാത്മ്യം പരമപ്രധാനമാണ്. ആര്യരക്തമുള്ളവരാണ് ഭാരതം ഭരിക്കേണ്ടത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒന്നുകില്‍ ഇന്ത്യ വിട്ടുപോകണം. അല്ലെങ്കില്‍ അടിമകളെപ്പോലെ ജീവിക്കണം". ഹിന്ദുത്വം മുദ്രാവാക്യമായി ഉയര്‍ത്തുന്ന സംഘപരിവാര്‍ മഹാഭൂരിപക്ഷംവരുന്ന ഹിന്ദുക്കളെ ഹിന്ദുക്കളായി പരിഗണിക്കുന്നതുപോലുമില്ല. മനുവിന്റെ ചാതുര്‍വര്‍ണ്യ നിയമത്തില്‍ അധിഷ്ഠിതമാണ് സംഘപരിവാര്‍ നിയമാവലി. ബ്രാഹ്മണനും ക്ഷത്രിയനും മാത്രമാണ് ശരിയായ ഹിന്ദുവെന്ന് അവര്‍ കരുതുന്നു. വൈശ്യരും ശൂദ്രരും മനുഷ്യരേ അല്ലെന്ന് കരുതപ്പെടുന്ന പഞ്ചമന്മാരും സംഘപരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയില്‍നിന്ന് പുറത്താണ്. ഈ അതിതീവ്ര ഹിന്ദുത്വത്തിന്റെയും ഫാസിസ്റ്റ് പ്രവണതകളുടെയും വക്താവാണ് നരേന്ദ്രമോഡി. 2002 ലെ ഗുജറാത്ത് വംശഹത്യാപരീക്ഷണത്തിനുശേഷം ഗുജറാത്ത് ഒരു പരീക്ഷണശാലയാണെന്ന് മോഡി പ്രഖ്യാപിക്കുകയുംചെയ്തു. ഗുജറാത്തിനെ ഫാസിസത്തിന്റെ പരീക്ഷണശാലയാക്കി മാറ്റിയ അദ്ദേഹത്തെയാണ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി സംഘകുടുംബത്തിന്റെ നിര്‍ദേശപ്രകാരം അവതരിപ്പിക്കുന്നത്. സിന്ധൂനദീതട സംസ്കാരവും വേദോപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും പകര്‍ത്തിത്തന്ന അറിവുകളൊന്നും അവര്‍ക്കു പ്രധാനമല്ല. "വസുദൈവകുടുംബകം" എന്ന മഹനീയ പാഠവും "ലോകം ഏകനീഢം" എന്ന യജുര്‍വേദ സന്ദേശവും ലോകായത മതവും ചാര്‍വാകന്മാരുടെ സന്ദേശവും കപിലന്റെയും കണാദന്റെയും പതഞ്ജലിയുടെയും ഭൗതിക ദര്‍ശനങ്ങളുമൊക്കെ സംഘകുടുംബം അവഗണിക്കുന്നു.

വരേണ്യതയുടെയും വര്‍ഗീയതയുടെയും തമസ്സില്‍ കഴിയുകയാണ് അവര്‍. ജനങ്ങളില്‍ വിദ്വേഷവും വിഭാഗീയതയും വളര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. അതിന് ഏറ്റവും അനുയോജ്യന്‍ നരേന്ദ്രമോഡിയാണെന്ന് ലാല്‍കൃഷ്ണ അദ്വാനിയുടെ എതിര്‍സ്വരത്തിനിടയിലും സംഘപരിവാറും ഭാരതീയ ജനതാപാര്‍ടിയും കണ്ടെത്തി. കൊലയാളിയുടെ മുഖമുള്ള നരേന്ദ്രമോഡിയെ മാനുഷികഭാവങ്ങളുടെ അവതാരമായി വേഷം കെട്ടുന്ന അമൃതാനന്ദമയിയും മാനവികതയുടെ പുതുലോകം സൃഷ്ടിച്ച ശ്രീനാരായണ ഗുരുവിന്റെ അനുയായികളും പരവതാനി വിരിയിച്ചാനയിക്കുന്നത് കഷ്ടംതന്നെ. "കേരളം ഭ്രാന്താലയം" എന്നുപറഞ്ഞ സ്വാമി വിവേകാനന്ദന്റെ കാലം പിന്നിട്ടിട്ട് എത്രയോ കാലം കഴിഞ്ഞു. പക്ഷേ, രാജ്യത്തെ ഭ്രാന്താലയമാക്കാന്‍ മോഡിമാരെ ആനയിക്കുന്നത് തീര്‍ത്തും കഷ്ടംതന്നെ.

*
വി.പി.ഉണ്ണികൃഷ്ണന്‍ ദേശാഭിമാനി 28 സെപ്തംബര്‍ 2013

No comments: