Thursday, September 5, 2013

കാണംവിറ്റാലും ഓണം ഉണ്ണാനാകില്ല

കാണം വിറ്റും ഓണമുണ്ണണം എന്നത് മലയാളികളുടെ പ്രധാന പഴഞ്ചൊല്ലുകളില്‍ ഒന്നാണ്. എന്തു വിലകൊടുത്തും ഓണത്തിന്റെ ആഹ്ലാദാരവങ്ങളില്‍ സ്വയംമുഴുകാനുള്ള മലയാളിയുടെ അഭിവാഞ്ഛയാണ് ഈ ചൊല്ലിന് ആധാരം. ജാതിമത ഭേദമെന്യേ മലയാളികളുടെ മുഴുവന്‍ ദേശീയോത്സവം എന്ന നിലയില്‍, കാണം വില്‍ക്കാതെതന്നെ ഓണമുണ്ണാനുള്ള സംവിധാനം ഉണ്ടാക്കുക എക്കാലത്തെയും ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ട് ഇത്തവണ കാണം വിറ്റാല്‍പോലും ഓണം ആഘോഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയുമടക്കം നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം സമീപകാല ചരിത്രത്തില്‍ ഇല്ലാത്തവണ്ണം വില വര്‍ധിച്ചതാണ് മലയാളിയെ ദുഃഖിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം രണ്ടും മൂന്നും ഇരട്ടി വിലവര്‍ധനയാണ് ഉണ്ടായത്. നാളുകളായി തുടരുന്ന വിലക്കയറ്റം ജനജീവിതം ദുഃസഹമാക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന പരാതികളോ പരിദേവനങ്ങളോ പ്രതിഷേധങ്ങളോ ഒന്നും കാണാനോ കേള്‍ക്കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നതാണ് വസ്തുത. വിലക്കയറ്റം ആഗോളപ്രതിഭാസമാണ്, രൂപയ്ക്ക് വലിയ മൂല്യശോഷണം ഉണ്ടായിരിക്കുന്നു, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചിരിക്കുന്നു, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യസാധനങ്ങളും മറ്റ് ചരക്കുകളും കൊണ്ടുവരുന്നതിന് ചെലവേറുന്നു തുടങ്ങിയ ന്യായവാദങ്ങളാണ് വിലക്കയറ്റത്തിന് ആധാരമായി സര്‍ക്കാരും മന്ത്രിമാരും ഉയര്‍ത്തിക്കാട്ടുന്നത്.

സര്‍ക്കാരിന്റെ ഇത്തരം ന്യായവാദങ്ങള്‍ കേട്ടാല്‍ തോന്നുക ഈ കാര്യങ്ങളൊക്കെ ചെയ്തത് പാവം ജനങ്ങളാണെന്നാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കും കാരണം കേന്ദ്രസര്‍ക്കാരാണെന്ന് കൊച്ചുകുട്ടികളെപ്പോലും പറഞ്ഞ് മനസ്സിലാക്കേണ്ടതില്ലല്ലോ. രൂപയുടെ മൂല്യം താഴ്ന്ന് പാതാളത്തോളം പോയിട്ടും അത് നേരിടാന്‍ ഒന്നും ചെയ്യാനാകാതെ അന്തംവിട്ടുനില്‍ക്കുകയാണ് മന്‍മോഹന്‍സിങ് ഭരണം. ഡോളറിലുള്ള വിദേശനാണയശേഖരം ഉറപ്പുവരുത്തുന്നതിനോ രാജ്യത്തെ ഉല്‍പ്പാദനമേഖല ശക്തിപ്പെടുത്തുന്നതിനോ ഒന്നുംചെയ്യാനാകാത്ത കേന്ദ്രസര്‍ക്കാരിന് ഹലേലുയ്യ പാടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുകൂടി അവകാശപ്പെട്ടതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ഉത്തരവാദിത്തം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റി പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയ യുപിഎക്ക് പിന്തുണ നല്‍കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തീര്‍ച്ചയായും ഇന്ധന വിലവര്‍ധനയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. അതായത്, വിലക്കയറ്റം തങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നതെന്ന സംസ്ഥാന- കേന്ദ്രസര്‍ക്കാര്‍ വാദം വസ്തുതാപരമല്ല എന്നര്‍ഥം.

വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്ന സര്‍ക്കാര്‍വാദവും ശുദ്ധ അസംബന്ധമാണെന്ന് ഇതിനകം മാധ്യമങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് 30 കിലോമീറ്റര്‍മാത്രം അകലെ തമിഴ്നാട്- കേരള അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ പച്ചക്കറികള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും തിരുവനന്തപുരത്ത് ഉള്ളതിന്റെ പകുതിയില്‍ താഴെമാത്രമാണ് വിലയെന്ന് ഉദാഹരണ സഹിതം തെളിയിക്കപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചുവര്‍ഷവും വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനാവശ്യമായ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. പൊതുവിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടഞ്ഞും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയും, സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴി ഓണവിപണി സജീവമാക്കിയും, അതിനാവശ്യമായ പണം സബ്സിഡിയായി നല്‍കിയും ഒക്കെയായിരുന്നു അന്ന് ഓണവിപണിക്ക് ഉണര്‍വ് നല്‍കിയത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷത്തെ ഓണക്കാലത്ത് അരി (ജയ)ക്ക് പൊതുവിപണിയില്‍ കിലോയ്ക്ക് ശരാശരി 25 രൂപ വിലയുണ്ടായിരുന്നപ്പോള്‍ സപ്ലൈകോ വഴി 16 രൂപയ്ക്ക് നല്‍കി. ഇന്നാകട്ടെ 35 രൂപയാണ് വില. വാര്‍ഡുതലംവരെ വിപുലമായ ഓണവിപണി ശൃംഖലയൊരുക്കി സാധനങ്ങള്‍ക്ക് വലിയതോതില്‍ സബ്സിഡി നല്‍കി 15 മുതല്‍ 75 ശതമാനംവരെ വിലക്കുറവില്‍ നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണവിപണിയിലും ആഘോഷം ഒരുക്കിയത്. അന്ന് സഹകരണവകുപ്പിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും നേതൃത്വത്തില്‍ 6000ല്‍ ഏറെ വിപണനകേന്ദ്രം സജീവമായിരുന്നു. ഈ വിപണനകേന്ദ്രങ്ങളില്‍ അവശ്യസാധനങ്ങളടക്കം 44 ഇനം ലഭ്യമാക്കി. അന്ന് 37 കോടിയിലധികം രൂപ സബ്സിഡിയിനത്തില്‍ ജനങ്ങള്‍ക്ക് നല്‍കി. പൊതുവിപണിയുടെ പകുതിവിലയ്ക്ക് കണ്‍സ്യൂമര്‍ഫെഡുവഴി സാധനങ്ങള്‍ നല്‍കി. സപ്ലൈകോയുടെ 3000 ഔട്ട്ലെറ്റുകള്‍വഴി 70 ശതമാനത്തിലേറെ വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കി. മുഴുവന്‍ മാവേലിസ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഓണം ഫെയറുകളാക്കി മാറ്റി. പഴം, പച്ചക്കറി എന്നിവയുടെ വില നിയന്ത്രിക്കാന്‍ ആരംഭിച്ച നിറവ്&ൃെൂൗീ;മേളകളില്‍ 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ഇവ നല്‍കി. ഇരുപതു ലക്ഷം കുടുംബത്തിന്് സൗജന്യ ഓണക്കിറ്റ്, വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനൊപ്പം ഒരുമാസത്തെ മുന്‍കൂര്‍ തുക, ഖാദിത്തൊഴിലാളികള്‍ക്ക് 500 രൂപ ഉത്സവബത്ത, ലോട്ടറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ബോണസ്, 1.16 ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യമായി 12 കിലോ അരി എന്നിവ നല്‍കി.

പെന്‍ഷനും ബോണസും ഉത്സവബത്തയും നല്‍കാനും ഓണച്ചന്തകള്‍ സംഘടിപ്പിക്കാനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 2500 കോടി രൂപ അധികമായി നല്‍കി. ആറുലക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍മാത്രമായി 211 കോടി, വികലാംഗര്‍ക്ക് പെന്‍ഷന് 56 കോടി, അഗതി പെന്‍ഷന്‍ 143 കോടി, പ്രായാധിക്യമുള്ളവര്‍ക്ക് 71 കോടി, അടഞ്ഞുകിടന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 50 കോടി എന്നിങ്ങനെയാണ് അന്ന് ഓണക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. 8.33 ലക്ഷം പാവപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യങ്ങളുടെ നേട്ടമുണ്ടായി. പരമ്പരാഗതമേഖലകളിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച പെന്‍ഷനൊപ്പം ഒരുമാസത്തെ പെന്‍ഷന്‍ ഓണത്തിന് മുന്‍കൂറായി നല്‍കി.

പൊതു- സ്വകാര്യമേഖലകളിലെ അടഞ്ഞുകിടന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 1725 രൂപ വീതവും തോട്ടംതൊഴിലാളികള്‍ക്ക് 865 രൂപ വീതവും നല്‍കിയതുകൂടാതെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ കുറഞ്ഞ ബോണസ് 8.33 ശതമാനമായി നിജപ്പെടുത്തി. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അഞ്ചുകിലോ അരിവീതം നല്‍കി. അങ്കണവാടികളിലെ കുട്ടികള്‍ക്ക് നാലുകിലോവീതവും. 20 ലക്ഷം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ വിതരണംചെയ്തു. ഓണക്കാലത്ത് എല്ലാവിഭാഗം ജനങ്ങള്‍ക്കും ആശ്വാസകരമായ ഇത്തരം നടപടി സ്വീകരിച്ചിരുന്ന സ്ഥാനത്താണ് ഇന്ന് ഓണവിപണിയാകെ താളംതെറ്റിയിരിക്കുന്നത്. പൊതുവിപണിയില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും അന്യായ വിലവര്‍ധനയും തുടരുകയാണ്. സപ്ലൈകോയെയും കണ്‍സ്യൂമര്‍ഫെഡിനെയും സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അവലോകനയോഗം വിളിച്ചുകൂട്ടി ഓണവിപണിക്കായി 135 കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ എത്ര സംഖ്യ താഴേക്ക് എത്തുമെന്ന് കണ്ടറിയണം.

ഇപ്പോള്‍ സപ്ലൈകോയിലും കണ്‍സ്യൂമര്‍ഫെഡിലും പല സാധനങ്ങള്‍ക്കും പൊതുവിപണിയിലുള്ളതിനേക്കാള്‍ വിലയാണ്. 13 അവശ്യസാധനങ്ങള്‍ പൂര്‍ണമായി സപ്ലൈകോയില്‍ കിട്ടുന്നുവെന്ന് ഉറപ്പില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിക്കുതന്നെ തുറന്നുസമ്മതിക്കേണ്ടി വന്നു. ഓണത്തിന് കഷ്ടിച്ച് ഒരാഴ്ചപോലും ബാക്കിയില്ലെന്നിരിക്കെ എന്ത് ഇന്ദ്രജാലം കാട്ടിയാണ് സര്‍ക്കാര്‍ വില പിടിച്ചുനിര്‍ത്താന്‍ പോകുന്നത്? താളം തെറ്റിയ ഓണവിപണിയുടെ കാര്യം അവലോകനംചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് ധന, സഹകരണ, കൃഷി മന്ത്രിമാര്‍ വിട്ടുനിന്നു എന്നതുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥത ഇല്ലായ്മ എത്രത്തോളമാണെന്നതിനു തെളിവാണ്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

No comments: