Monday, September 9, 2013

ഗൌട്ടയും ഗോര്‍ണിക്കയും

""ഗോര്‍ണിക്ക 1937- ദമാസ്ക്കസ് 2013- ഒരു ഭയാനക താരതമ്യം""(Guernica 1937and  Damascus 2013 - A frightening Comparison) എന്ന ശീര്‍ഷകത്തില്‍ ഹഫ്പോസ്റ്റ് വേള്‍ഡിന്റെ ഒരു കുറിപ്പ് ഈയിടെ ബ്ലോഗില്‍ ഉണ്ടായിരുന്നു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സദിനെതിരെ സാമ്രാജ്യത്വ പക്ഷപാതം വ്യക്തമായും പ്രകടിപ്പിക്കുന്ന ഒരു പ്രസ്താവനയാണത്.

സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസിനുസമീപം ഗൌട്ട പ്രവിശ്യയില്‍ നടത്തപ്പെട്ട രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. ഇറാന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ ബഷാര്‍ അല്‍ അസ്സദിന്റെ സേന നടത്തിയ കടന്നാക്രമണമാണതെന്ന മുന്‍വിധിയോടെത്തന്നെ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട്. എന്നാല്‍ അസ്സദ് ഇക്കഴിഞ്ഞ തിങ്കളാഴ്ച റഷ്യന്‍ മാധ്യമമായ ഇസ്വെസ്തിയയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സിറിയന്‍ കാര്യങ്ങളില്‍ അമേരിക്ക ഇടപെടാന്‍ വന്നാല്‍ മുമ്പ് വിയറ്റ്നാമില്‍ നേരിട്ട തിരിച്ചടിയേക്കാള്‍ ലജ്ജാകരമായിരിക്കും അതിന്റെ അനന്തരഫലം എന്ന് താക്കീത് നല്‍കുന്നുണ്ട്.

അമേരിക്കയുടെ പരോക്ഷസഹായത്തോടെ തുര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ, ഇസ്രയേല്‍ എന്നിവയെ ഉപയോഗിച്ച് സിറിയക്കെതിരെ നടന്നുകൊണ്ടിരുന്ന ഗൂഢാലോചനകള്‍ ഒരു പ്രത്യക്ഷ ഇടപെടലിലേക്കു നീങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സിറിയന്‍ അതിര്‍ത്തികളില്‍നിന്ന് ടൈഗ്രീസ് നദിക്കു കുറുകെ ഇറാഖിലേക്ക് ഇതിനകം തന്നെ മൂന്നുലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികള്‍ പലായനം ചെയ്തുകഴിഞ്ഞുവെന്നും പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അലെപ്പോ, എഫ്രിന്‍, ഹസക്ക് നഗരങ്ങളില്‍ നിന്നാണ് ഈ പലായനങ്ങളത്രയും. അന്യനാടുകളില്‍ ഭരണ അസ്ഥിരത സൃഷ്ടിച്ചു മുതലെടുക്കുന്ന അമേരിക്കന്‍ തന്ത്രങ്ങളെക്കുറിച്ചറിയാവുന്നവര്‍ക്ക് സംശയങ്ങളൊന്നുമുണ്ടാകാനിടയില്ലെങ്കിലും ആയിരക്കണക്കിന് സാധാരണ പൗരന്മാരുടെ മരണത്തില്‍ കലാശിച്ച രാസായുധ പ്രയോഗത്തിന് ഉത്തരവാദികളാരെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നുകഴിഞ്ഞിട്ടില്ല.

എന്നാല്‍ രാസായുധ പ്രയോഗത്തിന്റെയും അതില്‍ മരണമടഞ്ഞ നിഷ്ക്കളങ്ക ശൈശവങ്ങളടക്കമുള്ള സാധാരണക്കാരുടെയും ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഹഫ്പോസ്റ്റിന്റെ ഗൌട്ടും ഗോര്‍ണിക്കയുമായുള്ള താരതമ്യത്തിന് വലിയ പ്രസക്തിയുണ്ട്. 1937 ഏപ്രില്‍ 27ന് വടക്കന്‍ സ്പെയിനിലെ ബാസ്ക്ക് പ്രവിശ്യയിലെ ഗെര്‍ണിക്കയില്‍ ജനറല്‍ ഫ്രാന്‍സിസ്കോ ഫ്രാങ്കോവിന്റെ ഫാസിസ്റ്റ് ഭരണകൂടം ജര്‍മനിയുടെയും ഇറ്റലിയുടെയും സഹായത്തോടെ നടത്തിയ വ്യോമാക്രമണത്തിന്റെ ഭീകരതകള്‍ മുഴുവന്‍ ഉള്ളില്‍ത്തട്ടി പ്രസിദ്ധ ചിത്രകാരന്‍ പാബ്ലോ പിക്കാസോ രചിച്ച എണ്ണച്ചായച്ചിത്രമാണ് ഗോര്‍ണിക്ക. ഈ സ്പാനിഷ് യുദ്ധത്തിലാണ് പ്രസിദ്ധ സര്‍റിയലിസ്റ്റ് കവിയായ ലോര്‍ക്കയും മാര്‍ക്സിയന്‍ സാഹിത്യ നിരൂപണത്തിന്റെ ആചാര്യനായ ക്രിസ്റ്റഫര്‍ കോഡ്വെല്ലും ഫാസിസ്റ്റ് ഭീകരതയുടെ വെടിയുണ്ടകള്‍ക്കിരയായത്.

ചിത്രകലയുടെ പില്‍ക്കാല ചരിത്രത്തില്‍ യുദ്ധദുരന്തങ്ങളുടെ നിത്യസ്മാരകമായും ഏറ്റവും ശ്രദ്ധേയമായ യുദ്ധവിരുദ്ധ സ്മാരകമായും ഗോര്‍ണിക്ക പ്രകീര്‍ത്തിക്കപ്പെട്ടു. യുദ്ധഭീകരതയുടെ ഫോട്ടോഗ്രാഫിക് സ്വഭാവത്തോടെയുള്ള ആലേഖനം എന്ന നിലയില്‍ ചിത്രത്തിനു പശ്ചാത്തലമായ വര്‍ണസങ്കലനത്തില്‍പോലും പ്രത്യയശാസ്ത്ര നിലപാടുകളും രാഷ്ട്രീയവും പ്രകടമാണ്. ചിത്രത്തിലെ കാളയും കുതിരയും സ്പാനിഷ് സംസ്കാരത്തിന്റെ സത്ത ആവാഹിക്കുന്ന രൂപകങ്ങളെന്ന നിലയില്‍ മാത്രമല്ല പില്‍ക്കാലത്ത് പല രീതിയില്‍ രാഷ്ട്രീയസാധ്യതകളുള്ള രൂപകങ്ങളായി വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്.

ഇരുട്ടിനെയും ആസുരതയെയും പ്രതിനിധാനം ചെയ്യുന്നതാണ് കാള എന്നും സാധാരണക്കാരന്റെ ദൈന്യം ചിത്രീകരിക്കുന്നതാണ് കുതിര എന്നും പിക്കാസോ തന്നെ വ്യാഖ്യാനിച്ചിട്ടുമുണ്ട്. എന്തുതന്നെയായിരുന്നാലും ചിത്രകലയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ അടയാളപ്പെടുത്തലായി ഗോര്‍ണിക്ക നിലകൊള്ളുന്നു. ഗോര്‍ണിക്കയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷമായിരുന്നു 2012. എഴുപത്തഞ്ചാം വര്‍ഷത്തിനോടനുബന്ധമായി സാമ്രാജ്യത്വ യുദ്ധഭീകരതയുടെ പുതിയ പശ്ചാത്തലത്തില്‍ വാരിക ഗോര്‍ണിക്കയെ അനുസ്മരിക്കുകയാണ് ഈ ലക്കത്തില്‍.

*
കെ പി മോഹനന്‍ ദേശാഭിമാനി വാരിക

No comments: