Monday, September 16, 2013

ഇടതുചേരിക്കെതിരെ മതമേല്‍വിലാസത്തില്‍

മുസ്ലിം മേല്‍വിലാസമണിഞ്ഞ്, പുരോഗമന പ്രസ്ഥാനങ്ങളെ വേട്ടയാടുക എന്ന ദൗത്യമാണ് ഇപ്പോള്‍ മാധ്യമം ദിനപത്രത്തിന്റേത്. ഇടതുമതേതര രാഷ്ട്രീയവും മുസ്ലിം സ്ത്രീകളും എന്ന ലേഖനം (ഉമ്മുല്‍ഫായിസ, 2013 സെപ്തംബര്‍ 7) ഈ ദിശയിലുള്ളതാണ്. അസത്യങ്ങളും അര്‍ധസത്യങ്ങളും കുത്തിനിറച്ച് മതന്യൂനപക്ഷത്തെ കബളിപ്പിക്കാനുള്ള ലേഖികയുടെ "പ്രാഗത്ഭ്യം" എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷം ഹിന്ദുത്വഫാസിസവുമായി സന്ധിചെയ്തെന്നും അതാണ് മലയാളി ഹൗസ് എന്ന ടിവി പരമ്പരയെന്നും മാധ്യമം നേരത്തേതന്നെ (എഡിറ്റോറിയല്‍, ജൂണ്‍ 7) "കണ്ടുപിടിച്ചു". ആയിരക്കണക്കിന് വിദ്യാര്‍ഥികളെ സാമൂഹികമായി ശ്വാസം മുട്ടിച്ചുകൊല്ലാന്‍ കൂട്ടുനിന്ന പ്രസ്ഥാനമാണ് എസ്എഫ്ഐയെന്നും ദളിത്- മുസ്ലിം പ്രശ്നങ്ങളെ കൈയൊഴിഞ്ഞ് ആസൂത്രിതമായ സവര്‍ണ നിശബ്ദതയാണ് സംഘടനയുടെ മുഖമുദ്രയെന്നും (പുതിയ കാമ്പസുകള്‍ പുതിയ പ്രക്ഷോഭങ്ങള്‍- ടി അഷ്റഫ്, ഏപ്രില്‍ 8) അവര്‍ വിളിച്ചുപറയുന്നു. ഉമ്മുല്‍ ഫായിസയുടെ പുതിയ ലേഖനവും ഇതിന്റെ തുടര്‍ച്ചയാണ്. സാമ്രാജ്യത്വത്തിനും ഇന്ത്യന്‍ ഫാസിസത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷത്തിന്റേത്. സ്വാഭാവികമായി മതന്യൂനപക്ഷവിഭാഗത്തില്‍പെടുന്ന ധാരാളംപേര്‍ പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകുന്നു. ബാബറി മസ്ജിദ്/ ഗുജറാത്ത്/ഒഡിഷ/വ്യാജ ഏറ്റുമുട്ടലുകള്‍/ നിരപരാധികളെ ജയിലിലടയ്ക്കല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലെല്ലാം ന്യൂനപക്ഷത്തിനുവേണ്ടി ശബ്ദിച്ചത് ഇടതുപക്ഷമാണ്. മതേതര പ്രസ്ഥാനങ്ങളിലേക്കുള്ള മുസ്ലിങ്ങളുടെ കടന്നുവരവ് ഇഷ്ടപ്പെടാത്ത തീവ്രഇസ്ലാമിസ്റ്റുകള്‍ വാസ്തവവിരുദ്ധമായ വാര്‍ത്തകളിലൂടെ ഇതു തടയാന്‍ ശ്രമിക്കുന്നു. ലേഖനം പങ്കുവയ്ക്കുന്നതും ഈ അസഹിഷ്ണുതയാണ്.

തൊണ്ണൂറുകളിലെ സദ്ദാംഹുസൈന്റെ പോസ്റ്ററിനുശേഷം ഏറ്റവും വലിയ മുസ്ലിം പശ്ചാത്തലമുള്ള പോസ്റ്ററാണ് മലാല യൂസഫ് സായിക്കുവേണ്ടി എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിച്ചതെന്ന് ലേഖിക ആരോപിക്കുന്നു."താലിബാന്‍ ആക്രമണത്തില്‍ പരിക്കേറ്റ മലാലയെ സാര്‍വദേശീയ ബിംബമാക്കിയ സാമ്രാജ്യത്വത്തിന്റെ പ്രചാരണകൗശലത്തെയാണ് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രസ്ഥാനങ്ങള്‍ ഇവിടെ നടപ്പാക്കിയത്". "അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളെപ്പറ്റിയുള്ള സംവാദത്തെ അദൃശ്യവത്ക്കരിച്ചു". "ഈജിപ്ഷ്യന്‍ പട്ടാളത്തിനെതിരെ പൊരുതുന്ന പെണ്‍കുട്ടികളെ അവഗണിച്ചു". എന്നിങ്ങനെയാണ് കുറ്റാരോപണങ്ങള്‍. മലാല അക്ഷരം നിഷേധിക്കപ്പെട്ട പെണ്‍കുട്ടിയാണ്. വിദ്യാഭ്യാസത്തിനുവേണ്ടിയാണ് അവള്‍ പൊരുതിയത്. സ്കൂളുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതീകമാണ് അവള്‍. സ്കൂളുകളെ ബോംബുവച്ച് തകര്‍ക്കുന്ന താലിബാനെയാണ് അവള്‍ വിമര്‍ശിച്ചത്. മലാലയ്ക്കുവേണ്ടി കേരളത്തിലെ ക്യാമ്പസുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലിരുന്ന് ബറാക് ഒബാമ തീരുമാനിച്ചതുകൊണ്ടാണ് ഞങ്ങളിതൊക്കെ ചെയ്തതെന്നു തട്ടിവിട്ടാല്‍ ഗീബല്‍സ്പോലും തോറ്റുപോവും. പോസ്റ്റര്‍ അടിച്ചത് മലാലയ്ക്കുവേണ്ടിമാത്രമല്ല, അമേരിക്കന്‍ അധിനിവേശത്തിനെതിരെയും ലക്ഷക്കണക്കിന് പോസ്റ്റര്‍ ഞങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. സദ്ദാംഹുസൈനെ അമേരിക്ക തൂക്കിലേറ്റിയ നിമിഷം, ഒരുപക്ഷേ ലോകത്താദ്യമായി നടന്ന ക്യാമ്പസ് പ്രതിഷേധങ്ങളിലൊന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് നഗരം ചുറ്റിയ എസ്എഫ്ഐ പ്രകടനമായിരുന്നു. ജെഎന്‍യുവിലെ പൊളിറ്റിക്കല്‍ സയന്‍സ് ലൈബ്രറിയിലിരുന്ന് ഗവേഷണം നടത്തുന്നതിനിടയില്‍ ഒരു മലയാളം പത്രമെങ്കിലും മറിച്ചുനോക്കിയാല്‍ ലേഖികയ്ക്ക് ഇതൊക്കെ മനസിലാവും.

കേരളത്തില്‍ പുതിയ ഫെമിനിസ്റ്റ് ജനാധിപത്യ രാഷ്ട്രീയം വികസിച്ചിരിക്കുന്നുവെന്നും യഥാര്‍ഥ മുസ്ലിം പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടി, ലോര്‍ഡ് ക്രോമറിന്റെ കൊളോണിയല്‍ ഫെമിനിസ്റ്റ് യുക്തിയിലാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ എത്തിയതെന്നും ലേഖിക ആരോപിക്കുന്നു. ഇസ്ലാമിക ഫെമിനിസംപോലുള്ള കാഴ്ചപ്പാടുകളോട് സംവദിക്കാന്‍ പുരോഗമന വിദ്യാര്‍ഥി- യുവജന സംഘടനകള്‍ക്ക് ഒരു കഴിവുമില്ലെന്നു വിമര്‍ശിക്കുന്നു. വാസ്തവത്തില്‍ ലോകത്ത് ഉയര്‍ന്നുവരുന്ന ഏത് സാംസ്കാരിക സമസ്യകളോടും സംവദിക്കാനുള്ള ജനാധിപത്യബോധം ഞങ്ങള്‍ക്കുണ്ട്; കരുത്തും. അതിന് ലേഖികയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഏത് മുസ്ലിം പ്രശ്നത്തെയാണ് ഞങ്ങള്‍ അവഗണിച്ചത്? പതിനെട്ടു തികയാത്ത മുസ്ലിം പെണ്‍കുട്ടിയെ കല്യാണംകഴിച്ച് ഹോട്ടല്‍ മുറികളില്‍വച്ച് പീഡിപ്പിച്ച്, ഒടുവില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞവനെതിരെ തെരുവുകള്‍ തോറും പ്രതിഷേധിച്ചത് ആരാണ്? അത്തരം മാംസക്കച്ചവടത്തിന് നിയമസാധുത നല്‍കിയ മുനീറിയന്‍ സര്‍ക്കുലറിനെതിരെ പ്രതികരിച്ചത് ആരാണ്? മറ്റു സമുദായത്തിലെ പെണ്‍കുട്ടികളെപ്പോലെ മുസ്ലിംപെണ്‍കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിനും ബാല്യ- കൗമാരത്തിനും അവകാശമുണ്ടെന്ന് വിളിച്ചുപറഞ്ഞതാരാണ്? മലപ്പുറത്തും കോഴിക്കോട്ടും തിരുവനന്തപുരത്തുമൊക്കെ പ്രതിഷേധസമരം നടത്തിയത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും എസ്എഫ്ഐയും ഡിവൈഎഫ്ഐയുമായിരുന്നു. ലോര്‍ഡ്ക്രോമറിന്റെ കൊളോണിയല്‍ ഫെമിനിസ്റ്റ് യുക്തിയല്ല ഇതൊന്നും. ഒന്നു ചോദിച്ചോട്ടെ? പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഇത്ര ഭീകരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ താങ്കള്‍ പറയുന്ന ഇസ്ലാമിക ഫെമിനിസ്റ്റ് ചേരി എവിടെയായിരുന്നു? വിമോചന ദൈവശാസ്ത്രത്തിന്റെയും സ്ത്രീരാഷ്ട്രീയത്തിന്റെയും പുതിയ ചലനങ്ങളെ ഒപ്പിയെടുക്കാന്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് ഉള്ളത് പഴകിയ ആന്റിനയാണെന്നും ലേഖിക പരിഹസിക്കുന്നു. ബലാത്സംഗത്തെ ഇല്ലായ്മചെയ്യാന്‍ പെണ്‍കുട്ടിയെ നേരത്തെ കെട്ടിച്ചയക്കണമെന്നും മിക്സഡ് സ്കൂളുകള്‍ അടച്ചുപൂട്ടണമെന്നും പെണ്‍കുട്ടികള്‍ക്ക് ഡ്രസ്കോഡ് വേണമെന്നും ജസ്റ്റിസ് വര്‍മ കമ്മിറ്റിക്ക് എഴുതിക്കൊടുത്ത ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തേക്കാള്‍ എത്രയോ ഗംഭീരമാണ്, ഞങ്ങളുടെ "പഴയ ആന്റിന"യില്‍ നിന്നുള്ള ജനാധിപത്യ സംപ്രേഷണം.

ലേഖനത്തിലുടനീളം ഈജിപ്തിലെ കലാപത്തെ മുന്‍നിര്‍ത്തി പുരോഗമന പ്രസ്ഥാനത്തെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്. വികാരപരമായതുകൊണ്ടാവാം ചരിത്രബോധമോ സമകാലികരാഷ്ട്രീയത്തെപ്പറ്റിയുള്ള അടിസ്ഥാനധാരണയോ അവയില്‍ ഇല്ല. ഈജിപ്തില്‍ ജനാധിപത്യ പുനഃസ്ഥാപനത്തിനിടെ മരിച്ചവരെ പുരോഗമന പ്രസ്ഥാനങ്ങള്‍ ശ്രദ്ധിച്ചതേയില്ലെന്നും അക്കാരണത്താല്‍ ഈജിപ്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയമായി പാപ്പരായിരിക്കുന്നുവെന്നും ആരോപിക്കുന്നു. സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനും സല്യൂട്ട് ചെയ്യുകയാണ് മതേതരപ്രസ്ഥാനങ്ങളെന്നും ഇവരെ തിരിച്ചറിയണമെന്നും ആക്രോശിക്കുന്ന ജമാ അത്തെ ഇസ്ലാമി യുവജന വിഭാഗത്തിന്റെ നിലപാട് മാത്രമാണിത്. ഈജിപ്തില്‍ ഇപ്പോഴുണ്ടായ സ്ഥിതിഗതികളെ സമഗ്രമായി വിലയിരുത്താതെ കാള പെറ്റപ്പോള്‍ എടുത്ത കയറുകൊണ്ടാണ് ഇടതുപക്ഷത്തിനെതിരെ ചാട്ടവാറുണ്ടാക്കിയിരിക്കുന്നത്.

ഈജിപ്ഷ്യന്‍ വിലാപകാവ്യമെഴുതി മുസ്ലിങ്ങളെ ഇടതുപക്ഷത്തിന് എതിരാക്കാനുള്ള ലേഖികയുടെ ബുദ്ധി സമ്മതിക്കണം. പക്ഷേ, മധ്യേഷ്യയിലെ അറബ്രാഷ്ട്രമായ സിറിയയെപ്പറ്റി ലേഖനത്തില്‍ മിണ്ടുന്നില്ല. സിറിയയിലെ ബാഷര്‍ അല്‍ അസദ് നയിക്കുന്ന മതനിരപേക്ഷ സര്‍ക്കാരിനെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചു. വിമത കലാപകാരികള്‍ക്ക് രണ്ടുകൊല്ലമായി ആയുധമുള്‍പ്പെടെ സര്‍വപിന്തുണയും നല്‍കുന്നത് അവരാണ്. സൗദി അറേബ്യ, ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്കൊപ്പമാണ്. സുന്നികള്‍, ക്രിസ്ത്യാനികള്‍, ഷിയാ വിഭാഗക്കാര്‍, അലവികള്‍ എന്നിവരടങ്ങിയ വൈവിധ്യപൂര്‍ണമായ സിറിയന്‍ സംസ്കാരത്തെ ഇല്ലാതാക്കി വിമതകലാപകാരികള്‍ക്ക് അധികാരം നല്‍കാനാണ് അമേരിക്കന്‍ താല്‍പ്പര്യം. അമേരിക്കയെ വെല്ലുവിളിക്കുന്ന ഇറാന്റെ സുഹൃത്താണ് സിറിയ. യുദ്ധഭീഷണിയില്‍ കഴിയുന്ന ഒരു മതനിരപേക്ഷ അറബ് രാഷ്ട്രത്തിനെതിരെയുള്ള അമേരിക്കന്‍ കൈയേറ്റത്തെ നിസാരവല്‍ക്കരിച്ചും അമേരിക്കയെ ധീരമായി പ്രതിരോധിക്കുന്ന മതനിരപേക്ഷ സര്‍ക്കാരിനെ ആക്ഷേപിച്ചും ജമാഅത്തെ ഇസ്ലാമി യുവജനവിഭാഗം നിലപാട് സ്വീകരിച്ചു. സിറിയന്‍ പ്രധാനമന്ത്രി ബാഷര്‍ അല്‍ അസദിനെതിരെ രംഗത്തിറങ്ങണമെന്ന ആക്രോശവും അവരുടേതായി വന്നു. ലേഖികയുടെ സിറിയന്‍ മൗനവും ഇതിന്റെ തുടര്‍ച്ചയാണ്. ജപ്പാനില്‍ അണുബോംബിട്ട, വിയറ്റ്നാം ജനതയെ വേട്ടയാടിയ, ക്യൂബയെ ഉപരോധത്തിലാഴ്ത്തിയ, പലസ്തീനെ ഇല്ലാതാക്കാന്‍ കൂട്ടുനിന്ന, അഫ്ഗാനിസ്ഥാനെ അസ്വസ്ഥമാക്കിയ, ഇറാഖിനെ തകര്‍ത്ത, ലിബിയയെ കൊലക്കളമാക്കിയ, ഇറാനെ ഭീഷണിപ്പെടുത്തിയ ശക്തിയാണ് അമേരിക്ക.

സിറിയക്കെതിരായ അമേരിക്കന്‍ അധിനിവേശം ചെറിയ കാര്യമല്ല. അമേരിക്കയ്ക്കും മതമൗലികവാദത്തിനുമുള്ള പിന്തുണയാണ് പൊളിറ്റിക്കല്‍ ഇസ്ലാം കേരളത്തിലും നല്‍കുന്നത്. സാമ്രാജ്യത്വ കൗശലത്തെ പ്രയോഗവല്‍ക്കരിച്ചത് യഥാര്‍ഥത്തില്‍ ആരാണെന്ന് ഇതോടെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. അമേരിക്ക സിറിയയെ തൊട്ടുപോകരുതെന്ന നിലപാട് സ്വീകരിച്ച സിപിഐ എമ്മിന്റെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തെയാണ് ജനം നെഞ്ചേറ്റുന്നത്. അതുകൊണ്ടുതന്നെ യഥാര്‍ഥ മുസല്‍മാന്‍ നില്‍ക്കേണ്ടത് മതേതര ചേരിയിലാണ്, ലേഖിക വാദിക്കുന്നതുപോലെ മതരാഷ്ട്രീയത്തിന്റെ ചേരിയിലല്ല.

*
ഷിജൂഖാന്‍ (എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍) ദേശാഭിമാനി

No comments: