Friday, September 6, 2013

പെന്‍ഷന്‍ ബില്‍: ശ്രദ്ധക്ഷണിക്കുന്നത് ബദല്‍ രാഷ്ട്രീയത്തിലേക്ക്

തൊഴിലില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് ജീവിത സായാഹ്നത്തില്‍ ആശ്രയമാവേണ്ട പെന്‍ഷന്‍ നിധി കോര്‍പ്പറേറ്റ് ഊഹക്കച്ചവടക്കാര്‍ക്ക് തുറന്നു നല്‍കുന്ന പെന്‍ഷന്‍ ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കി. ഇടതുപാര്‍ട്ടികളും രണ്ടാം യു പി എ സര്‍ക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ബി ജെ പി ഇതര പ്രതിപക്ഷവും ഉയര്‍ത്തിയ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഉണ്ടാക്കിയ അവിശുദ്ധ ധാരണയാണ് ബില്‍ പാസാക്കാന്‍ അവസരം ഒരുക്കിയത്. ലോക്‌സഭയെ തുടര്‍ന്ന് രാജ്യസഭയിലും സമാനമായ കോണ്‍ഗ്രസ് - ബി ജെ പി ധാരണ, അവിടെയും അത് പാസാക്കാന്‍ അവസരമൊരുക്കുമെന്ന് ധനമന്ത്രി പി ചിദംബരം ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. പുതിയ നിയമം പെന്‍ഷന്‍ ഫണ്ടുകളുടെ കൈകാര്യ കര്‍തൃത്വത്തില്‍ വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് 26 ശതമാനം പങ്കാളിത്തം ഉറപ്പുനല്‍കും. വിദേശ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഏതു ഗവണ്‍മെന്റുകള്‍ക്കും ഭാവിയില്‍ വിദേശ ഓഹരി പങ്കാളിത്തം യഥേഷ്ടം ഉയര്‍ത്താന്‍ ഇത് അവസരം ഒരുക്കും. ഭരണമുന്നണിയിലെ തന്നെ പല ഘടകകക്ഷികളും, അതിനെ പുറമെ നിന്നു പിന്തുണയ്ക്കുന്ന കക്ഷികള്‍പോലും ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴും ജീവനക്കാരുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ അപകടത്തിലാക്കുന്ന നിയമനിര്‍മാണത്തെ പിന്തുണയ്ക്കാന്‍ ബി ജെ പി തയ്യാറായി. ഇത് സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും തൊഴിലെടുക്കുന്ന വിശാല ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരായ നിലപാടുകളിലും ബി ജെ പിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളില്‍ ബില്ലിന് അനുകൂലമായി നിലകൊണ്ടത് ബി ജെ പിക്കു പുറമെ ബിജു ജനതാദളും ശിവസേനയും മാത്രമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാനിധി ഊഹക്കച്ചവട വിപണിക്ക് തുറന്നുകൊടുക്കാന്‍ വഴിയൊരുക്കുന്ന ഈ നിയമനിര്‍മാണം രാജ്യത്തെ മുഖ്യപ്രതിപക്ഷത്തിന്റെ തനി നിറമാണ് തുറന്നുകാട്ടുന്നത്.

രാജ്യസഭ കൂടി പാസാക്കുന്നതോടെ നിയമമാവുന്ന പെന്‍ഷന്‍ ബില്‍ രാജ്യത്തെ കോടാനുകോടി വരുന്ന വൃദ്ധജനങ്ങളുടെ ജീവിത സുരക്ഷിതത്വത്തിന് കനത്ത ഭീഷണിയാണ്. ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിന്റ കെടുതികള്‍ക്ക് ഏറ്റവുമധികം ഇരകളാക്കപ്പെട്ടത് വൃദ്ധജനങ്ങളാണ്. ലോകത്തെ മികച്ച പെന്‍ഷന്‍ പദ്ധതികള്‍ നിലനിന്നിരുന്ന യു എസി ലും യൂറോപ്പിലും സാമ്പത്തിക തകര്‍ച്ചയുടെ ആദ്യ ദിനങ്ങളില്‍ തകര്‍ന്നടിഞ്ഞ ധനകാര്യ സ്ഥാപനങ്ങള്‍ ഭൂരിപക്ഷവും സ്വകാര്യ കോര്‍പ്പറേറ്റ് പെന്‍ഷന്‍ ഫണ്ടുകളാണ്. അത് ലക്ഷക്കണക്കിന് വൃദ്ധജനങ്ങളെയാണ് ജീവിത സായാഹ്‌നത്തില്‍ അവര്‍ണനീയമായ ദുരിതത്തിന്റെയും നൈരാശ്യത്തിന്റെയും ആഴക്കയങ്ങളിലേയ്ക്ക് തള്ളിനീക്കിയത്. വാര്‍ധക്യകാലത്ത് വരുമാന സുരക്ഷിതത്വം ഉറപ്പുനല്‍കിയിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ലഭിക്കേണ്ടിയിരുന്ന ഇന്ത്യയിലെ അനേക കോടി തൊഴിലാളികളുടെയും ജീവനക്കാരുടെയും എല്ലാ പ്രതീക്ഷകളെയും അനിശ്ചിതത്വത്തിലാക്കുന്ന നിയമ നിര്‍മാണത്തിനാണ് ലോക്‌സഭ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. പെന്‍ഷന്‍ ഫണ്ടിന്റെ മേല്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന കടന്നുകയറ്റത്തിനെതിരെ ഇന്ത്യയിലെ സംഘടിത തൊഴിലാളി വര്‍ഗവും ജീവനക്കാരുടെ സംഘടനകളും ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിവരുന്നത്. കക്ഷി രാഷ്ട്രീയത്തിനും ആശയപരവും മറ്റുമായ ഭിന്നതകള്‍ക്ക് ഉപരി ഇക്കാര്യത്തില്‍ വിപുലമായ ഐക്യം ഊട്ടിഉറപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും നേതൃത്വം നല്‍കുന്ന കേന്ദ്ര ട്രേഡ് യൂണിയനുകള്‍പോലും ഇക്കാര്യത്തില്‍ മറ്റെല്ലാ ട്രേഡ് യൂണിയനുകളുമായും കൈകോര്‍ക്കാന്‍ സന്നദ്ധമായിരുന്നുവെന്നത് സമീപകാലത്ത് നടന്ന ട്രേഡ് യൂണിയന്‍ പണിമുടക്ക് വിജയം സാക്ഷ്യപ്പെടുത്തുന്നു.

പെന്‍ഷന്‍ ഫണ്ടുകളുടെ സ്വകാര്യവല്‍ക്കരണം ആഗോള നവ ഉദാരീകരണ സാമ്പത്തിക അജണ്ടയുടെ അവിഭാജ്യ ഘടകമാണ്. ധനമൂലധനം ആഗോളവ്യാപകമായി നടത്തുന്ന ഊഹക്കച്ചവടത്തിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിലൂടെ ആര്‍ജിച്ച സമാഹൃത ഫണ്ടുകള്‍ യഥേഷ്ടം ലഭ്യമാക്കണം. ലാഭത്തില്‍ മാത്രം കണ്ണുനട്ട് നടത്തുന്ന അത്തരം ഊഹക്കച്ചവടങ്ങളിലെ വിജയ പരാജയങ്ങള്‍ ധനവിപണിയെ ആശ്രയിച്ചുള്ള കണക്ക് കൂട്ടലുകള്‍ മാത്രമാണ്. അത്തരം കണക്കുകൂട്ടലുകളുടെ അസ്ഥിരതയാണ് സമകാലിക ആഗോളസാമ്പത്തിക മാന്ദ്യവും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയടക്കം രാജ്യത്തെ പിടിച്ചുലയ്ക്കുന്ന സാമ്പത്തിക യാഥാര്‍ഥ്യങ്ങളും അനാവരണം ചെയ്യുന്നത്. അത്തരം ഒരു സാഹചര്യത്തില്‍ കരുതലോടെ നീങ്ങണമെന്ന വിവേകത്തിന്റെ ശബ്ദങ്ങളെ അപ്പാടെ നിരാകരിച്ചുകൊണ്ടാണ് യു പി എ സര്‍ക്കാര്‍ തങ്ങളുടെ ബദ്ധശത്രുക്കളെന്ന് വിശേഷിപ്പിക്കുന്ന ബി ജെ പിയുമായി കൈകോര്‍ത്തത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളുടെ നിറമോ അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളോ പാര്‍ലമെന്റിനകത്തും പുറത്തും പരസ്പരം നടത്തുന്ന വെല്ലുവിളികളോ അല്ല അവരെ വ്യത്യസ്തരാക്കുന്നത്. മറിച്ച് അവര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു, അവരുടെ നയപരിപാടികള്‍ എന്ത് എന്നതാണ് മൗലിക പ്രശ്‌നം. പെന്‍ഷന്‍ ബില്ലില്‍ ലോക്‌സഭയില്‍ അരങ്ങേറിയ നാടകം ഒരിക്കല്‍ക്കൂടി ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ ആവശ്യകതയിലേയ്ക്കാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം

No comments: