Wednesday, September 4, 2013

ലജ്ജ എന്തെന്ന് പഠിക്കട്ടെ ഈ മുഖ്യമന്ത്രി

നീതിന്യായ പ്രക്രിയയെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിസ്ഥാനം ദുരുപയോഗിക്കപ്പെടുന്നതിന്റെ നികൃഷ്ടമായ ദൃഷ്ടാന്തങ്ങളുടെ പരമ്പരയിലെ പുതിയ കണ്ണിയാണ് പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്ന കാര്യങ്ങള്‍. പൊലീസിന്റെ സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയമാകാതെയും പൊലീസിനെ പൂര്‍ണമായി ഒഴിവാക്കിയും നീതിന്യായപീഠത്തിനു മുന്നില്‍ നല്‍കേണ്ട മൊഴി, മൊഴിനല്‍കേണ്ടയാളെ സ്വന്തം കസ്റ്റഡിയില്‍വച്ച് പൊലീസ് എഴുതി വാങ്ങിയിരിക്കുന്നു. കൂട്ടുപ്രതി മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരു സംവിധാനത്തിന്‍ കീഴിലല്ലാതെ ജുഡീഷ്യല്‍ പ്രക്രിയയെ അട്ടിമറിക്കുന്ന ഇത്തരമൊരു കാര്യം നടക്കില്ല. അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാന്‍ തക്കവണ്ണം തെളിവ് നശിപ്പിക്കാനും വ്യഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. 21 പേജുള്ള രഹസ്യമൊഴി മൂന്നര പേജായി ചുരുങ്ങിയതും സുപ്രധാന ഭരണസ്ഥാനങ്ങളിലിരിക്കുന്നവര്‍ മൊഴിക്കു പുറത്തായതും പൊലീസ് കാര്‍മികത്വത്തിലാണെന്നത് തെളിഞ്ഞിരിക്കുന്നു. സരിതയ്ക്ക് പറയാനുള്ളതല്ല, മറിച്ച് സരിത പറയണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് പരിമിതപ്പെടുത്തപ്പെട്ട മൊഴിയിലുള്ളത്. ഇത് ഈ നിലയിലായത് പൊലീസ് അട്ടിമറികൊണ്ടാണ് എന്നത് ഏത് ലളിതമനസ്കര്‍ക്കും മനസ്സിലാകും. പൊലീസിനെ മുഖ്യമന്ത്രി ഈ വിധത്തില്‍ തുടര്‍ന്നും ദുരുപയോഗിക്കുമെന്നും അത് കേസാകെ തേച്ചുമാച്ച് കളയുന്നതിലെത്തുമെന്നുമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവച്ചുള്ള ജുഡീഷ്യല്‍ അന്വേഷണംതന്നെ വേണമെന്ന ആവശ്യത്തിന് കൂടുതല്‍ അടിസ്ഥാനമുണ്ടാകുന്നത്.

മുഖ്യമന്ത്രിയുടെ അധികാരപ്രതാപത്തിനു മുന്നില്‍ ഏതൊക്കെ സ്ഥാനങ്ങളും സ്ഥാപനങ്ങളും വിനീതവിധേയരായി മാറുന്നു എന്നത് ജുഡീഷ്യറിയോടുള്ള ആദരവുമൂലം ഇവിടെ വിസ്തരിക്കുന്നില്ല. എങ്കിലും അഡീഷണല്‍ ചീഫ് മജിസ്ട്രേട്ട് സ്ഥാനത്തിരിക്കുന്ന ഒരാള്‍ 20 മിനിറ്റോളം മൊഴി കേട്ടശേഷം അതൊന്നും രേഖപ്പെടുത്താതെ പിന്നീട് ജയില്‍ സൂപ്രണ്ടുവഴി എഴുതി അയച്ചാല്‍ മതിയെന്ന് ഉപദേശിച്ച് പിന്തിരിപ്പിച്ച അമ്പരപ്പിക്കുന്ന രീതി പരാമര്‍ശിക്കാതെ വയ്യ. ആ മജിസ്ട്രേട്ടിന്റെ നടപടി ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധനയിലിരിക്കുകയാണ് എന്നതിനാല്‍ അതിലേക്ക് അധികം കടക്കുന്നില്ല. എങ്കിലും കൂട്ടുപ്രതി മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്നയാളായാല്‍ കേസന്വേഷണത്തിന് എന്ത് സംഭവിക്കുമെന്നതു സംബന്ധിച്ച വ്യക്തമായ സൂചന അതില്‍നിന്ന് ലഭിക്കുന്നുണ്ട് എന്നത് ഓര്‍മിപ്പിക്കാതെ വയ്യ. നിയമത്തിന്റെ സാധാരണവഴിയില്‍നിന്ന് വ്യതിചലിക്കാന്‍ മജിസ്ട്രേട്ടിനെ പ്രേരിപ്പിച്ചതെന്ത്, ആര് എന്നതൊക്കെ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആദ്യമൊഴി വായിച്ചശേഷം ലോകത്തോട് വിളിച്ചുപറഞ്ഞ ഫെനി എന്ന വക്കീല്‍ പിന്നീട് നിശ്ശബ്ദനായതെങ്ങനെ? സരിതയുടെ അമ്മയ്ക്കൊപ്പം അജ്ഞാതനായ ഒരാള്‍ ജയിലില്‍ ചെന്നത് എങ്ങനെ? ജയില്‍ സൂപ്രണ്ടിന് മറ്റൊരു മൊഴി സരിത എഴുതിക്കൊടുക്കുംമുമ്പ് ജയില്‍വകുപ്പിലെ ഉന്നതന്‍ സരിതയെ ചെന്നുകണ്ടതെങ്ങനെ? തന്റെ ശരീരത്തെയും ആത്മാവിനെയും പലരും ദുരുപയോഗംചെയ്തെന്നു പറഞ്ഞ സരിത പിന്നീട് മൗനിയായതെങ്ങനെ? കേസന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സാഹചര്യത്തിലും പത്തുദിവസം കിട്ടിയാല്‍ എല്ലാ ഇടപാടുകാര്‍ക്കും പണം കൊടുത്തുകൊള്ളാമെന്ന് ജയിലിലുള്ള സരിതയ്ക്ക് പറയാന്‍ കഴിഞ്ഞതെങ്ങനെ? ഇത്തരം നിരവധി ചോദ്യങ്ങള്‍ ചെന്നെത്തുന്നത് സരിതയ്ക്കു പിന്നില്‍ നില്‍ക്കുന്ന ചില കറുത്ത നിഴലുകളിലേക്കാണ്. അതില്‍ അധികാരത്തിന്റെ ഉന്നതസ്ഥാനത്തിന്റെ നിഴലുമുണ്ട് എന്നത് തര്‍ക്കമറ്റ കാര്യമാണ്.

കീഴ്വഴക്കത്തെക്കുറിച്ച് പറഞ്ഞാണ് ജുഡീഷ്യല്‍ അന്വേഷണത്തിനുമുമ്പ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വാദിക്കുന്നത്. കൊലക്കേസിലും തട്ടിപ്പുകേസിലും പ്രതിയായ ഏതെങ്കിലും വ്യക്തിയുമായി ഏതെങ്കിലും മുഖ്യമന്ത്രി ഒരു മണിക്കൂര്‍ അടച്ചിട്ട മുറിയിലിരുന്ന് രഹസ്യചര്‍ച്ചചെയ്ത കീഴ്വഴക്കമുണ്ടോ? ഒരു തട്ടിപ്പുകാരി മുഖ്യമന്ത്രിയുടെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കുന്നതിന്റെ തെളിവ് പുറത്തായതിന് കീഴ്വഴക്കമുണ്ടോ?മുഖ്യമന്ത്രി പറഞ്ഞ വാക്ക് വിശ്വസിച്ചാണ് തട്ടിപ്പുകാരിക്ക് പണംകൊടുത്തതെന്ന് ജുഡീഷ്യല്‍ മജിസ്ട്രേട്ടുമുമ്പാകെ തട്ടിപ്പിനിരയായ ആള്‍ മൊഴി കൊടുത്തശേഷവും മുഖ്യമന്ത്രി അധികാരത്തിലിരുന്ന കീഴ്വഴക്കമുണ്ടോ? ആരെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി കീഴ്വഴക്കത്തെക്കുറിച്ച് പറയുന്നത്? എന്ത് അപമാനം സഹിച്ചായാലും അധികാരത്തില്‍ തുടരും എന്ന് നേരത്തെതന്നെ ഉമ്മന്‍ചാണ്ടി പറഞ്ഞു. തെളിവ് നശിപ്പിച്ച് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിസ്ഥാനം തനിക്ക് കൂടിയേ തീരൂ എന്നതിന്റെ വിളംബരമാണത്.

പ്രതിപക്ഷം മാത്രമല്ല, സ്വന്തം മുന്നണിയിലെ ഘടകകക്ഷിനേതാക്കള്‍വരെ മുഖ്യമന്ത്രി വേന്ദ്രനാണെന്നു പറയുന്നു. സ്വന്തം പാര്‍ടിയിലെ നേതാക്കള്‍വരെ ഭരണത്തിന്റെ വിശ്വാസ്യത പോയതായി ഹൈക്കമാന്‍ഡിനെ അറിയിക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് കാണാന്‍ സമയം കൊടുക്കാത്ത ഹൈക്കമാന്‍ഡാകട്ടെ, സംസ്ഥാനത്തെ മറ്റുനേതാക്കളെ ക്ഷണിച്ചുവരുത്തി കാണുന്നു. പുതിയ തെളിവുകള്‍ നാള്‍ക്കുനാള്‍ മുഖ്യമന്ത്രിയെ വരിഞ്ഞുമുറുക്കുന്നു. ഇതിനൊക്കെശേഷവും മുഖ്യമന്ത്രിസ്ഥാനം വിടില്ലെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ "ലജ്ജ"എന്തെന്ന് ആരെങ്കിലും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഈ മുഖ്യമന്ത്രിക്കു കീഴില്‍ നിയമനടത്തിപ്പുപ്രക്രിയ സ്തംഭിച്ചുനില്‍ക്കുകയാണ്. അഥവാ ആ പ്രക്രിയയെ മുഖ്യമന്ത്രി അധികാരംകൊണ്ട് മരവിപ്പിച്ചിരിക്കുന്നു. കൊലപാതകിയുമായി രഹസ്യചര്‍ച്ച നടത്തിയ ആള്‍ കൊലപാതകിയുടെ രഹസ്യമറിയുന്നയാളാണ്. ആ രഹസ്യത്തിന്റെ സൂക്ഷിപ്പുകാരന്‍ മുഖ്യമന്ത്രി ആയതുകൊണ്ടുമാത്രം ഇവിടെ ചോദ്യംചെയ്യപ്പെടാതിരിക്കുന്നു. ജുഡീഷ്യല്‍ മജിസ്ട്രേട്ടിനുമുമ്പിലെ മൊഴിയില്‍ പേരുള്ളവരെ പൊലീസ് ചോദ്യംചെയ്യേണ്ടതാണ്. ഇരിക്കുന്നത് മുഖ്യമന്ത്രിസ്ഥാനത്താണെന്നതിനാല്‍മാത്രം ഉമ്മന്‍ചാണ്ടി ചോദ്യംചെയ്യപ്പെടാതെ രക്ഷപ്പെടുന്നു.

കുറ്റകൃത്യംനടന്ന സ്ഥലത്തുചെന്ന് പൊലീസ് മഹസര്‍ തയ്യാറാക്കണം. കുറ്റകൃത്യം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസായതുകൊണ്ടുമാത്രം പൊലീസ് മഹസര്‍ തയ്യാറാക്കാതിരിക്കുന്നു. തെളിവുനശീകരണയജ്ഞം തുടരുകയാണ് ഉമ്മന്‍ചാണ്ടി. അതിനുള്ള ഉപകരണമായി മുഖ്യമന്ത്രിസ്ഥാനത്തെ മാറ്റിയിരിക്കുന്നു ഇദ്ദേഹം. മുഖ്യമന്ത്രിസ്ഥാനം ഇത്രമേല്‍ ദുര്‍വിനിയോഗംചെയ്യപ്പെട്ട മറ്റൊരു ഘട്ടമില്ല. സോളാര്‍തട്ടിപ്പിനേക്കാള്‍ വലിയ തട്ടിപ്പ് മുഖ്യമന്ത്രിയും കൂട്ടരും അധികാരദുര്‍വിനിയോഗത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന പുതിയ തട്ടിപ്പുകളാണ്. ഇത് ഒഴിവാക്കേണ്ടത് കേരളത്തിന്റെ പൊതുതാല്‍പ്പര്യമാണ്. ഇത് ഒഴിവാക്കാനുള്ള ഏക പോംവഴി ഉമ്മന്‍ചാണ്ടി രാജിവച്ച് നിയമനടപടികള്‍ക്ക് വിധേയനാവുക എന്നതുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 05 സെപ്തംബര്‍ 2013

1 comment:

P.C.MADHURAJ said...

A very small number of crorepatis have lost their Money when they were cheated by a couple; does that affect the poor? the working cadres? Why do CPM want to exploit the devoted cadre for a fight that is concerned with loss of money of only crorepatis?
Corner CM on aadivaasi land issue. Oh, they dont donate to party funds. Sorry.