Wednesday, September 25, 2013

ലീഗിന്റെ നീക്കം ആപല്‍ക്കരം

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ നീക്കം സാമുദായിക ധ്രുവീകരണത്തിന് ഇടവരുത്തുന്നതും മുസ്ലിം സമുദായത്തെ പിറകോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ഒരു രാഷ്ട്രീയപാര്‍ടിയാണെന്നാണ് മുസ്ലിംലീഗ് അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കേണ്ടത്. ശൈശവവിവാഹം എല്ലാ സമുദായങ്ങളിലും മുമ്പ് നിലനിന്നിരുന്നു. ഗാന്ധിജി വിവാഹിതനായപ്പോള്‍ കസ്തൂര്‍ബായുടെ പ്രായം പതിനാലായിരുന്നു. ഗാന്ധിജിയെ കുറ്റപ്പെടുത്താന്‍ ചൂണ്ടിക്കാണിക്കുന്നതല്ല. ശൈശവവിവാഹത്തിന് ഗാന്ധിജി ഉത്തരവാദിയാണെന്ന് പറയുന്നുമില്ല. അന്നത്തെ സമുദായ ആചാരമായിരുന്നു അത്. ഇപ്പോള്‍ കാലം മാറി. എല്ലാ സമുദായങ്ങളും പുരോഗതിയിലേക്കാണ് മുന്നേറുന്നത്. മുമ്പ് ഒരച്ഛന് പത്തും പന്ത്രണ്ടും മക്കളുണ്ടായിരുന്നു. വിവാഹത്തിന്റെ കാര്യത്തിലും അതായിരുന്നു നില. ഇപ്പോള്‍ അതൊക്കെ ഓര്‍മിക്കാന്‍പോലും പ്രയാസമാണ്. അതുകൊണ്ടാണ് വളരെ മുമ്പുതന്നെ കവി പാടിയത്: "ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം, നാളത്തെ ശാസ്ത്രവുമാകാം, അതില്‍ മൂളായ്ക സമ്മതം രാജന്‍". കവി പാടിയത് മൂഢന്മാരുടെ കാര്യമാണ്. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരമാക്കരുതെന്നാണ് വളരെ കാലം മുമ്പുതന്നെ സമൂഹത്തിന് കവി മുന്നറിയിപ്പ് നല്‍കിയത്.

ഒരു പെണ്‍കുട്ടിയെ യുവതിയായി പരിഗണിക്കുന്നത് 18 വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ്. ഭാവിയെപ്പറ്റി കാഴ്ചപ്പാടുണ്ടാകുന്നത് യൗവനയുക്തയാകുമ്പോഴാണ്. സ്ത്രീയുടെ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്താന്‍ കാരണവും അതുതന്നെ. ജീവിതസഖിയെയും ജീവിതസഖാവിനെയും തെരഞ്ഞെടുക്കാനുള്ള വിവേകം പ്രായപൂര്‍ത്തിയാകുമ്പോഴാണ് കൈവരുന്നത്. ശൈശവവിവാഹം അപരിഷ്കൃതമാണ്. അറബിക്കല്യാണം അതിലും അപരിഷ്കൃതമാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ആര്‍ക്കെങ്കിലും മകളെ കെട്ടിച്ചുകൊടുത്തു എന്ന സംതൃപ്തിയുണ്ടായാല്‍ പോരാ. അതുകൊണ്ടാണ് നിയമനിര്‍മാതാക്കള്‍ വേണ്ടത്ര ബുദ്ധിയും വിവേകവും ഉപയോഗിച്ച് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആലോചിച്ച് വിവാഹപ്രായം പതിനെട്ടായി നിശ്ചയിച്ചത്. 18 വയസ്സായാല്‍ വിവാഹം ചെയ്തുകൊള്ളണമെന്നല്ല, വിവാഹിതയാകുന്നതിന് ചുരുങ്ങിയ പ്രായം 18 തികഞ്ഞിരിക്കണമെന്നതാണ്. ബാല്യത്തില്‍തന്നെ വിവാഹം കഴിച്ച് അമ്മയായി കുടുംബമായി ജീവിക്കേണ്ടിവരുന്നത് സ്വന്തം ഭാവിക്കുതന്നെ ഗുണമല്ല. ഇത് ഏതെങ്കിലും ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമായി കാണരുത്. പരിഷ്കൃതസമുദായത്തിന്റെ ചിന്തയായി കാണണം. മുസ്ലിംലീഗ് നേതാക്കള്‍ മുന്‍കൈയെടുത്ത് മുസ്ലിം സമുദായത്തില്‍പ്പെട്ട എട്ട് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. വിവാഹപ്രായം കുറയ്ക്കണമെന്ന വിഷയമാണ് ചര്‍ച്ചചെയ്തത്. ഈ വിഷയം സര്‍ക്കാരിറക്കിയ ഒരു സര്‍ക്കുലറിന്റെ പേരില്‍ ചര്‍ച്ചചെയ്തതാണ്. മുസ്ലിംലീഗ് നേതാവ് എം കെ മുനീര്‍തന്നെ പറഞ്ഞത് ശൈശവവിവാഹത്തെ അനുകൂലിക്കുന്നില്ലെന്നാണ്. മുമ്പൊക്കെ ചിലര്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് വിവാഹിതരായി. അവര്‍ക്ക് നിയമതടസ്സംമൂലം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സാധിക്കാതെ പോയി. അത്തരക്കാരെ രക്ഷിക്കാനാണ് സര്‍ക്കുലര്‍ എന്നായിരുന്നു ന്യായീകരണം.

പരേതനായ എം പി ഗംഗാധരന്‍ സംസ്ഥാന മന്ത്രിയായിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് മകളുടെ വിവാഹം നടത്തി. ഗംഗാധരനെതിരെ കോടതിയില്‍ കേസുണ്ടായി. ഗംഗാധരന് ഇതിന്റെ പേരില്‍ ഏറെ മാനസികപ്രയാസം അനുഭവിക്കേണ്ടിവന്നു. അദ്ദേഹത്തെ സഹായിക്കാന്‍ നിയമത്തില്‍ മാറ്റംവരുത്തണമെന്ന് ആരും ആവശ്യപ്പെട്ടില്ല. സമുദായസംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചത് മുസ്ലിം സ്ത്രീകളുടെ വിവാഹപ്രായം കുറയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ്. സുപ്രീംകോടതിയെ സമീപിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇവിടെ അതല്ല പ്രശ്നം. കേന്ദ്ര സര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലും പങ്കാളിയായി രാജ്യഭരണം നടത്തുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗാണ് ഈ ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ലീഗ്നേതാക്കളുടെ കരുനീക്കം. ലോക്സഭയില്‍ മത്സരിക്കാന്‍ മൂന്ന് സീറ്റ് കിട്ടണമെന്ന വാദം ലീഗ് പരസ്യമായി ഉന്നയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുന്‍കൂട്ടി തുടങ്ങി. ലീഗ് അഞ്ചാംമന്ത്രിസ്ഥാനം ചോദിച്ചതാണ് കേരളത്തിലെ സാമുദായികസംഘടനകളില്‍ ചലനമുണ്ടാക്കിയത്. ശ്രീനാരായണ ഭക്തരെന്നു പറയുന്ന ചിലര്‍ നരേന്ദ്രമോഡിയെ ക്ഷണിച്ചുവരുത്തി. അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാനും മോഡി വരുന്നു.

ബിജെപി കേരളത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഹിന്ദു ഒന്നാണെന്നും ഹിന്ദുക്കള്‍ യോജിക്കണമെന്നുമാണ് മോഡി ആവശ്യപ്പെടുന്നത്. മുസ്ലിങ്ങള്‍ ഒന്നിക്കണമെന്ന് ലീഗും. സമുദായനേതാക്കളുടെ യോഗത്തില്‍ പ്രധാനി ലീഗ് നേതാവ് മായിന്‍ഹാജിയായിരുന്നു. അവര്‍ക്ക് മുസ്ലിം ഒന്നാകണം; ലീഗ് ശക്തിപ്പെടണം. നരേന്ദ്രമോഡിക്ക് ഹിന്ദു ഒന്നാകണം; ആര്‍എസ്എസും ബിജെപിയും ശക്തിപ്പെടണം. വര്‍ഗീയധ്രുവീകരണത്തിലേക്കാണ് ഇരുനേതൃത്വവും കേരളത്തെ നയിക്കുന്നത്. ഏതായാലും വിവാഹപ്രായത്തിന്റെ കാര്യത്തില്‍ മുസ്ലിം ജനവിഭാഗത്തില്‍നിന്നുതന്നെ അതിശക്തമായ എതിര്‍പ്പ് വളര്‍ന്നുവരുന്നത് സ്വാഗതാര്‍ഹമാണ്. ഹിന്ദുക്കള്‍ മോഡിയുടെ പിന്നില്‍ അണിനിരക്കുമെന്ന വ്യാമോഹം വേണ്ട; മുസ്ലീങ്ങള്‍ ലീഗിനു പിന്നിലും. ഇത് കേരളമാണ്. കേരളത്തെ പിറകോട്ട് നയിക്കാനാകില്ല. ലീഗ് നേതൃത്വം ഒറ്റപ്പെടുകതന്നെ ചെയ്യും. കോണ്‍ഗ്രസ് നേതാക്കളുടെ മൗനമാണ് ജനങ്ങള്‍ക്കിടയില്‍ ചോദ്യചിഹ്നമായി ഉയരുന്നത്. ആപല്‍ക്കരമായ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് ഞങ്ങള്‍ ലീഗ് നേതൃത്വത്തോട് അഭ്യര്‍ഥിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: