Thursday, September 19, 2013

അന്ത്യാഞ്ജലി

സിപിഐയുടെ സമുന്നതനേതാവായിരുന്ന വെളിയം ഭാര്‍ഗവന്റെ നിര്യാണം ആ പാര്‍ടിക്കുമാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ പൊതുജീവിതത്തിന് പൊതുവിലും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രസ്ഥാനത്തിന് പ്രത്യേകിച്ചും തീരാനഷ്ടമാണ്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കാലത്തെ പുതിയ കാലവുമായി ബന്ധിപ്പിക്കുന്ന രാഷ്ട്രീയ സാന്നിധ്യമായിരുന്നു വെളിയത്തിന്റേത്. വിദ്യാര്‍ഥി ഫെഡറേഷനിലൂടെ കടന്നുവന്ന അദ്ദേഹം തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 21-ാം വയസ്സില്‍ കമ്യൂണിസ്റ്റുപാര്‍ടി അംഗമായ അദ്ദേഹം യാതനാനിര്‍ഭരമായ നിരവധി സമരങ്ങളുടെ നേതൃനിരയിലുണ്ടായി. അതിക്രൂരമായ ഭേദ്യംചെയ്യലിന് വിധേയനായിട്ടുള്ള വെളിയം അതിന്റെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ മരണംവരെ കൂടെ കൊണ്ടുനടന്നു. കൗമാരത്തില്‍ സന്യാസത്തില്‍ ആകൃഷ്ടനായ വെളിയം അതിലെ തിന്മയുടെ വശങ്ങള്‍ നേരിട്ടറിഞ്ഞ് രാഷ്ട്രീയത്തിലുറച്ചു. അവിഭക്ത കമ്യൂണിസ്റ്റുപാര്‍ടിയുടെ സംസ്ഥാനകമ്മിറ്റിയംഗമായിരുന്ന അദ്ദേഹം പിളര്‍പ്പിനെത്തുടര്‍ന്ന് സിപിഐയിലായി. സിപിഐയുടെ സംസ്ഥാനസെക്രട്ടറിസ്ഥാനത്തേക്ക് പില്‍ക്കാലത്തുയര്‍ന്നു. ചുരുങ്ങിയ കാലം മാത്രമേ നിയമസഭയിലുണ്ടായിരുന്നുള്ളൂവെങ്കിലും ശ്രദ്ധേയനായ നിയമസഭാസാമാജികനാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയത്തിലെ സന്യാസി എന്നു ചിലരാല്‍ വിശേഷിപ്പിക്കപ്പെട്ട വെളിയം രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ എന്നും മികവുകാട്ടിയിരുന്നു. പി കെ വി സ്ഥാനമൊഴിഞ്ഞ 1998ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായ വെളിയം 2010ല്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞത്.

ദീര്‍ഘമായ ഒരു ഘട്ടത്തില്‍ കേരളത്തിന്റെ രാഷ്ട്രീയജീവിതത്തെ സവിശേഷമായി ചലിപ്പിച്ച പ്രമുഖ സാന്നിധ്യങ്ങളുടെ നിരയിലാണ് വെളിയത്തിന്റെ സ്ഥാനം. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ചാലുകളിലൂടെ എത്തുന്ന പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ ദുസ്സഹമായ ആഘാതമേറ്റുന്ന ഈ ഘട്ടത്തില്‍ അതിനെതിരായ അതിശക്തമായ ചെറുത്തുനില്‍പ്പിലേക്കും പോരാട്ടത്തിലേക്കും ഇടതുപക്ഷം വര്‍ധിതവീര്യത്തോടെ കടക്കുന്ന ഘട്ടമാണിത്. ഇത്തരമൊരു ഘട്ടത്തിലാണ് ആ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളുടെ നേതൃനിരയിലുണ്ടാവേണ്ട കരുത്തനായ ഈ നേതാവിനെ നഷ്ടപ്പെടുന്നത് എന്നത് നഷ്ടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുണ്ട്. സാര്‍വദേശീയ രാഷ്ട്രീയത്തെക്കുറിച്ചായാലും അതിലെ സങ്കീര്‍ണമായ ഗതിവിഗതികളെക്കുറിച്ചായാലും ആഗോള സാമ്പത്തിക നിലയിലെ മാറ്റങ്ങളെക്കുറിച്ചായാലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഉന്നതനായ നേതാവിനെയാണ് വെളിയത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിട്ടുള്ളത്.

സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യന്‍ സംസ്കാരത്തെയല്ലെന്ന് ഗീതയും വേദേതിഹാസങ്ങളും ഉപനിഷത് സൂക്തങ്ങളും ഉദ്ധരിച്ച് സമര്‍ഥിക്കുമായിരുന്നു വെളിയം. സംസ്കൃതിയെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള വര്‍ഗീയനീക്കങ്ങള്‍ക്കെതിരെ ആ മനസ്സ് ജാഗ്രതയോടെ എന്നും ഉണര്‍ന്നുനിന്നിരുന്നു. പാര്‍ടി എടുക്കുന്ന നിലപാട് എന്തുതന്നെയായാലും അതിനൊപ്പം ഉറച്ചുനില്‍ക്കുക, അതിനെ സംരക്ഷിച്ച് സമര്‍ഥിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വെളിയം കര്‍ക്കശക്കാരനായിരുന്നു. പാര്‍ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും സമര്‍പ്പിതമായ ജീവിതമായിരുന്നു അത്. പല പതിറ്റാണ്ടുകള്‍ പാര്‍ടിയുടെ നേതൃനിരയില്‍തന്നെ ഉണ്ടായിട്ടും പാര്‍ലമെന്ററിരംഗത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാനല്ല, മറിച്ച് പാര്‍ടി സംഘാടനത്തില്‍ വ്യാപൃതനാകാനാണ് അദ്ദേഹം പൊതുവെ താല്‍പ്പര്യം കാട്ടിയത്.
ഉന്നതമായ നിലയില്‍ പരീക്ഷകള്‍ പാസായ അദ്ദേഹത്തിന് വേണമെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥതലങ്ങളിലേക്ക് ചെറുപ്പത്തില്‍തന്നെ കടക്കാമായിരുന്നു. എന്നാല്‍, ആ നിലയ്ക്കുള്ള സാധ്യതകളെയല്ല, മറിച്ച് ജനങ്ങളുടെ ജീവിതത്തെ മനുഷ്യോചിതമായ നിലയില്‍ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള പോരാട്ടങ്ങളുടെ സാധ്യതയെയാണ് വെളിയം പിന്‍പറ്റിയത്. 1954ലെ ട്രാന്‍സ്പോര്‍ട്ട് സമരം, തുടര്‍ന്നുള്ള ലോക്കപ്പ് മര്‍ദനം, കൊടില്‍കൊണ്ട് പൊലീസ് മീശ പറിക്കുന്നതും നട്ടെല്ലിന്റെ കശേരു തകര്‍ക്കുന്നതുമായ കൊടിയ ഭേദ്യംചെയ്യല്‍ തുടങ്ങിയവയൊക്കെ ത്യാഗോജ്വലമായ ആ പോരാട്ടജീവിതത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളാണ്. കഥകള്‍ കൊരുത്തും നര്‍മം ചാര്‍ത്തിയും ഒഴുകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അതിനിശിതമായ വിമര്‍ശനത്തിന്റെ ശക്തി ഉള്‍ച്ചേര്‍ന്ന ആ പ്രസംഗങ്ങള്‍ പല തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന ഏതു മേഖലയിലെ പുത്തന്‍ മാറ്റവും സ്വാംശീകരിക്കാന്‍ ഉണര്‍ന്നിരുന്ന മനസ്സ് അദ്ദേഹം എക്കാലവും നിലനിര്‍ത്തി. സൗമ്യവും അതേസമയം തീക്ഷ്ണവുമായിരുന്നു ആ വ്യക്തിത്വം.

ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനം പുതിയ പോരാട്ടങ്ങളുടെയും രാഷ്ട്രീയ ദൗത്യങ്ങളുടെയും വഴികളിലൂടെ സഞ്ചരിക്കേണ്ട ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വേര്‍പാട് നമ്മുടെ പൊതുജീവിതത്തെ കൂടുതല്‍ ദരിദ്രമാക്കുന്നു. ഇടതുപക്ഷജനാധിപത്യ ഐക്യത്തെ കൂടുതല്‍ ഊട്ടിയുറപ്പിച്ച് ശക്തമായി മുന്നോട്ടുപോവുക എന്നതാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് നല്‍കാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ദേശാഭിമാനി ആദരാഞ്ജലികളര്‍പ്പിക്കുന്നു.

*
deshabhimani editorial

No comments: