Sunday, September 22, 2013

അണിയറനീക്കം ആപല്‍ക്കരം

വിദേശ ആണവ റിയാക്ടര്‍ ഉടമകളെ ആണവബാധ്യതാ നിയമത്തിന്റെ പരിധിയില്‍നിന്ന് രക്ഷപ്പെടുത്താനുള്ള മന്‍മോഹന്‍ സര്‍ക്കാരിന്റെ അണിയറനീക്കം ആപത്ത് ക്ഷണിച്ചുവരുത്തുന്നതാണ്. ഇന്ത്യയില്‍ സ്ഥാപിക്കുന്ന ആണവ റിയാക്ടറുകള്‍ക്ക് യന്ത്രത്തകരാര്‍മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ അപകടം സംഭവിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബാധ്യത റിയാക്ടര്‍ ഉടമകള്‍ ഏറ്റെടുക്കണമെന്ന നിബന്ധന ഉള്‍പ്പെടുന്ന ആണവബാധ്യതാനിയമം പാര്‍ലമെന്റ് പാസാക്കുന്നതിനുമുമ്പ് ഒട്ടേറെ വാദവിവാദങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്. ബാധ്യതയില്‍നിന്ന് വിദേശകമ്പനികളെ ഒഴിവാക്കണമെന്ന ആവശ്യം അമേരിക്കന്‍ ഐക്യനാടുകളുടേതാണ്. ഇന്ത്യന്‍ ജനതയുടെ കടുത്ത സമ്മര്‍ദംമൂലമാണ് ആണവബാധ്യതാനിയമം പാസാക്കാനിടയായത്. നിയമത്തില്‍ വേണ്ടത്ര വെള്ളംചേര്‍ത്താണ് പാസാക്കിയത്.

നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് വിദേശകമ്പനികളെ ഒഴിവാക്കാന്‍ അമേരിക്ക പരമാവധി ശ്രമം നടത്തിയതാണ്. വന്‍കിടക്കാരുടെ റിയാക്ടറുകള്‍ ഇന്ത്യയില്‍ വിറ്റ് അമിതലാഭം കൊയ്തെടുക്കുന്ന കമ്പനികള്‍ക്ക് യന്ത്രത്തകരാര്‍മൂലം സംഭവിക്കുന്ന എല്ലാ നഷ്ടവും ബാധ്യതയും ഏറ്റെടുക്കാനുള്ള ധാര്‍മികവും നിയമപരവുമായ ബാധ്യതയുണ്ട്. അമേരിക്കയുമായുള്ള ആണവ സഹകരണകരാര്‍ ഒപ്പുവെയ്ക്കുന്നതിനെ ഇടതുപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തതാണ്. അതിനു മതിയായ കാരണവുമുണ്ടായിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ച് കരാറുമായി മുന്നോട്ടുപോകാനാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അമേരിക്കയുടെ റിയാക്ടറുകള്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവയ്ക്കുന്നതിനാണ് അവര്‍ക്ക് താല്‍പ്പര്യം. പരമാവധി ലാഭം മാത്രമാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. ലാഭമാര്‍ജിക്കാന്‍ കഴുത്തറുപ്പന്‍ മത്സരം അതിന്റെ കൂടപ്പിറപ്പുമാണ്. ആണവബാധ്യതയില്‍നിന്ന് വിദേശകമ്പനികളെ രക്ഷിക്കാനുള്ള അണിയറനീക്കം തിരിച്ചറിഞ്ഞ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതിമൂലം ഈ നീക്കത്തില്‍നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയെന്നുവേണം കരുതാന്‍. പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാ ബില്‍ മുറുകെപ്പിടിക്കുമെന്ന് വിദേശമന്ത്രി വിശദീകരണം നല്‍കിയിരിക്കുന്നു. എന്നാല്‍, അത് അതേപടി വിശ്വസിക്കാന്‍ പ്രയാസമാണ്. അറ്റോര്‍ണി ജനറല്‍ വഹന്‍വതിയുടെ നിയമോപദേശം തേടിയത് വെറും തമാശയല്ലല്ലോ. പുതിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി സര്‍ക്കാര്‍ പിന്‍വാങ്ങിയെങ്കിലും അനുകൂലമായ അവസരം ലഭിക്കുമ്പോള്‍ ഈ നീക്കം തുടരുമെന്നുവേണം കാണാന്‍.

ഇന്ത്യക്കാവശ്യമായ എണ്ണയും പ്രകൃതിവാതകവും എവിടെനിന്ന് വാങ്ങണമെന്ന് തീരുമാനിക്കാന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ട്. അതിന് മൂന്നാമതൊരു രാജ്യത്തിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍, ഇറാനില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിന് അമേരിക്ക വിലക്ക് കല്‍പ്പിച്ചത് വിചിത്രമായ നടപടിയാണ്. അതുപോലെതന്നെ യന്ത്രത്തകരാര്‍മൂലം റിയാക്ടറുകള്‍ കേടുവന്ന് അപകടമുണ്ടായാല്‍ ഇന്ത്യക്കാരന്റെ താല്‍പ്പര്യം രക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. വിദേശകമ്പനികളുടെ താല്‍പ്പര്യത്തിനല്ല മുന്‍ഗണന നല്‍കേണ്ടത്. സ്വാതന്ത്ര്യം, പരമാധികാരം എന്നീ പദങ്ങള്‍ക്ക് പുതിയ അര്‍ഥകല്‍പ്പനകള്‍തന്നെ വേണ്ടിവരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യവും പരമാധികാരവും ഇന്ത്യക്കാരന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഉപയോഗിക്കേണ്ടത്. സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യം സംരക്ഷിക്കാനോ അവരുടെ പ്രീതി സമ്പാദിക്കാനോ ആയിക്കൂടാ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: