Wednesday, September 11, 2013

ആര്‍എസ്എസ് കൊളുത്തിയ കലാപാഗ്നി

ബിജെപി എന്ന രാഷ്ട്രീയ പാര്‍ടിയുടെ മുഖാവരണമിട്ടാണ് ആര്‍എസ്എസ് ഇതുവരെ രാഷ്ട്രീയത്തില്‍ ഇടപെട്ടത്. നേരത്തെ അവരുടെ രാഷ്ട്രീയമുഖം ജനസംഘമായിരുന്നു. നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് കാര്യങ്ങള്‍ തീരുമാനിക്കുകയും ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് അതിന് പ്രായോഗിക രൂപം കൈവരികയും എന്ന ശൈലിയില്‍നിന്ന് ആര്‍എസ്എസ് മാറുകയാണ്. നേരിട്ട് അവര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുതുടങ്ങിയിരിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ആര് നയിക്കണം, പാര്‍ടിയുടെ തലപ്പത്ത് ആര് വരണം എന്നൊക്കെ ആര്‍എസ്എസാണ് തീരുമാനിക്കുന്നത് എന്ന് തുറന്നുപറയാന്‍ സംഘപരിവാറിന് മടിയില്ലാതായി. ബിജെപിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതും ആര്‍എസ്എസ് ആസ്ഥാനത്താണ്. അധികാരം പിടിക്കുക എന്ന ഏക അജന്‍ഡയുമായി രംഗത്തുള്ള ആര്‍എസ്എസ് പക്ഷേ, അനുകൂല സാഹചര്യമല്ല രാജ്യത്ത് ഇന്ന് അഭിമുഖീകരിക്കുന്നത്. തെക്കേ ഇന്ത്യയില്‍ ആ പാര്‍ടിക്ക് ഒന്നും പ്രതീക്ഷിക്കാനില്ല. ഏക തുരുത്തായിരുന്ന കര്‍ണാടകം ദയനീയമായി കൈവിട്ടുപോയി. കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി നിര്‍ണായക ശക്തിയല്ല. ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന വടക്കന്‍ മേഖലയിലാണ് സംഘപരിവാറിന്റെ തെരഞ്ഞെടുപ്പുപ്രതീക്ഷകളാകെ കേന്ദ്രീകരിക്കുന്നത്. അവിടെയാകട്ടെ, ഗുജറാത്ത് മാതൃകയില്‍ മോഡി മായാജാലം വിജയിപ്പിക്കാനുള്ള സാഹചര്യം ഈ നിമിഷംവരെ ഉരുത്തിരിഞ്ഞിട്ടുമില്ല.

അയോധ്യയിലെ രാമക്ഷേത്രം, ഇസ്ലാമികഭീകരത തുടങ്ങിയ വര്‍ഗീയ അജന്‍ഡകളില്‍ ജനങ്ങളെ അണിനിരത്താന്‍ ആര്‍എസ്എസ് നിര്‍ദേശാനുസരണം ബിജെപി നടത്തിയ ശ്രമങ്ങള്‍ ഉദ്ദേശിച്ച ഫലം കണ്ടിട്ടില്ല. യുപിഎ സര്‍ക്കാരിന്റെ ആദ്യ മൂന്നുവര്‍ഷം ബിജെപി തീര്‍ത്തും നിസ്സഹായാവസ്ഥയിലായതിനു കാരണം ഈ പരാജയമാണ്. പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷകക്ഷിയാണവര്‍. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളോട് അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസം അവര്‍ക്കില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചില ഭിന്നതകള്‍ അവര്‍ മുന്നോട്ടുവച്ചെങ്കിലും ആ നാടകം വിശ്വസനീയമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തെ തകര്‍ക്കുന്ന നവ ഉദാരവല്‍ക്കരണനയങ്ങളോട് ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ തരത്തിലുള്ള കൂറുണ്ട്. അതുകൊണ്ടുതന്നെ ബിജെപിയെ വര്‍ഗീയ പാര്‍ടി മാത്രമായല്ല, കോണ്‍ഗ്രസ് പാര്‍ടിക്കുള്ള വലതുപക്ഷ ബദല്‍കൂടിയായാണ് ജനങ്ങള്‍ കാണുന്നത്. സ്വാഭാവികമായും അവരുടെ അടിസ്ഥാന രാഷ്ട്രീയ പ്രമാണങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാത്തത് അതുകൊണ്ടാണ്. ഈ തിരസ്കാരം മറികടക്കാന്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്ന ഏക മാര്‍ഗമേ സംഘപരിവാറിനു മുന്നിലുള്ളൂ. ഉത്തരേന്ത്യയില്‍ മുസാഫര്‍നഗറില്‍ ഇന്ന് ആളിക്കത്തുന്ന കലാപം അങ്ങനെ തയ്യാറാക്കപ്പെട്ട പദ്ധതിയുടെ സൃഷ്ടിയാണ്.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ ഉണ്ടാകുന്ന 35-ാമത്തെ കലാപമാണിത്. ഇക്കൊല്ലം ആഗസ്ത് 31 വരെ രാജ്യത്ത് 451 വര്‍ഗീയ സംഘര്‍ഷമുണ്ടായി. മുന്‍വര്‍ഷം 410 കലാപമുണ്ടായി. രാജസ്ഥാനില്‍ നൂറിലേറെ കലാപങ്ങളാണുണ്ടായത്. ബിഹാറിലെ നവാദയില്‍ കഴിഞ്ഞമാസം വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോത്തിഹരി, മുംഗേര്‍, ഹാജിപ്പുര്‍, ജാമുയി എന്നിവിടങ്ങളിലും വര്‍ഗീയകലാപങ്ങളുണ്ടായി. മധ്യപ്രദേശിലെ സിയോനിയിലും റെയ്സേനിലും അടുത്തിടെ കലാപങ്ങളുണ്ടായി. ജമ്മു കശ്മീരിലെ കിഷ്ത്വറിലും കഴിഞ്ഞമാസം കലാപമുണ്ടായി. ഉത്തരേന്ത്യയിലാകെ ഹിന്ദു-മുസ്ലിം വിരോധം ആളിക്കത്തിച്ച് 2014ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ഭൂരിപക്ഷ വോട്ടുകള്‍ വന്‍തോതില്‍ സമാഹരിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയാണ് ഇതിനു പിന്നില്‍. അയോധ്യാ പ്രശ്നം വീണ്ടും മുന്നിലേക്ക് കൊണ്ടുവരുന്നതിന് സംഘടിപ്പിച്ച യാത്രകള്‍ കാറ്റുപിടിക്കാതെ പോയതോടെ, കലാപത്തിന്റെയും അതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണ സാധ്യതയുടെയും വഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘപരിവാര്‍. ആര്‍എസ്എസ് സ്പോണ്‍സര്‍ചെയ്ത മറ്റേതുകലാപത്തിലുമെന്നപോലെ, എളുപ്പം പരിഹരിക്കാവുന്നതും വര്‍ഗീയസ്വഭാവമില്ലാത്തുമായ ഒരു പ്രശ്നമാണ് കുത്തിപ്പഴുപ്പിച്ച് കലാപഹേതുവാക്കി മുസാഫര്‍നഗറിനെ കത്തിക്കുന്നത്. ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തയാളെ കുട്ടിയുടെ ബന്ധുക്കള്‍ കൊല്ലുന്നു, ആ ബന്ധുക്കളെ തിരിച്ചാക്രമിച്ച് കൊല്ലുന്നു. അവിടെയാണ് ആര്‍എസ്എസ് കടന്നുവരുന്നത്. ഒരു ഭാഗത്ത് ജാട്ട് വിഭാഗക്കാരും മറുഭാഗത്ത് മുസ്ലിം സമുദായക്കാരുമാണ് ഈ സംഘട്ടനങ്ങളില്‍ എന്നതാണ് ആര്‍എസ്എസിനെ ആവേശഭരിതമാക്കിയ ഘടകം.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അവിടെ 40 മണ്ഡലങ്ങളില്‍ ജാട്ട് വിഭാഗം നിര്‍ണായകശക്തിയാണ്. യുപിയില്‍ പിന്നോക്കവിഭാഗ- മുസ്ലിം ഐക്യം സമാജ്വാദി പാര്‍ടിയുടെ അടിത്തറതന്നെയാണ്. ജാട്ട് വിഭാഗത്തെയും പിന്നോക്ക ഹിന്ദു വിഭാഗങ്ങളെയും "ഹിന്ദു" എന്ന ലേബലില്‍ അണിനിരത്തിയാലുണ്ടാകുന്ന തെരഞ്ഞെടുപ്പുനേട്ടം കൂട്ടമരണങ്ങളേക്കാള്‍ വലുതായി കാണുന്ന ആര്‍എസ്എസ് മുസാഫര്‍നഗറിന്റെയും പരിസരപ്രദേശങ്ങളുടെയും നിരത്തുകളില്‍ ചുടുചോര ഒഴുക്കുകയാണ്. പള്ളി ഇമാം മൗലാന ഉമര്‍ ദിന്‍, ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍, ഫോട്ടോ ഗ്രാഫര്‍- ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മുപ്പതിലേറെയായി. കലാപത്തിന് നേതൃത്വം നല്‍കിയതിന് ബിജെപി നിയമസഭാ കക്ഷി നേതാവ് ഹുക്കും സിങ്, ബിജെപി എംഎല്‍എമാരായ സുരേഷ് റാണ, ഭാരതേന്ദു, സംഗീത് സോം എന്നിവര്‍ക്കെതിരെ കേസെടുത്തു. ബിജെപിയുടെ പങ്കാളിത്തം ഇതില്‍നിന്ന് വ്യക്തമാണ്. കോണ്‍ഗ്രസാകട്ടെ, യുപിയിലെ സമാജ്വാദി പാര്‍ടി ഭരണത്തെ തകര്‍ക്കാന്‍ ഇതും അവസരമായി കാണുന്നു. ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡ തിരിച്ചറിഞ്ഞ്, മതനിരപേക്ഷ ശക്തികളാകെ ഒന്നിച്ച് രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. രാജ്യത്തെ ഇനിയുമൊരു വര്‍ഗീയ ധ്രുവീകരണത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും നയിച്ചുകൂടാ. സങ്കുചിതനേട്ടങ്ങള്‍ മുന്നില്‍ കണ്ട് യുപിഎ സര്‍ക്കാര്‍ ജനങ്ങളോടും നാടിനോടുമുള്ള കടമ മറന്നുകൂടാ. കലാപം സൃഷ്ടിക്കുന്നവര്‍ ആരായാലും അവരെ അടിച്ചമര്‍ത്തുകതന്നെ വേണം. വര്‍ഗീയതയ്ക്കെതിരായ ജനവികാരം നാട്ടിലാകെ ഉണരണം.

*
ദേശാഭിമാനി മുഖപ്രസംഗം 11 സെപ്തംബര്‍ 2013

No comments: