Thursday, September 12, 2013

മുസഫര്‍ നഗര്‍ ഒരു മുന്നറിയിപ്പ്

ഉത്തര്‍പ്രദേശില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും രൂക്ഷമായ വര്‍ഗീയ ലഹളയാണ് മുസഫര്‍ നഗറിലേത്. ഒരു വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്ന കലാപ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവത്തെ കാണേണ്ടത്. കോസികലാന്‍, ബറേലി, പ്രതാപ്ഗഢ്, ഫൈസാബാദ് എന്നിവിടങ്ങളിലാണ് ഈ കാലയളവില്‍ പ്രധാനമായും കലാപങ്ങള്‍ നടന്നത്. ബാബറി മസ്ജിദ് നിലനിന്ന അയോധ്യക്കടുത്താണ് ഇതില്‍ അവസാനം പറഞ്ഞ ഫൈസാബാദ്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍പ്പോലും ഇവിടെ വര്‍ഗീയ ലഹളയുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കലാപകാരികള്‍ക്ക് ഇവിടെയും പ്രശ്നം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അത് സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും ശ്രമമുണ്ടായി.

മുസഫര്‍ നഗറില്‍ ഇതിനകം നാല്‍പ്പതോളം പേര്‍ കൊല്ലപ്പെട്ടു. കലാപം ഗ്രാമങ്ങളിലേക്ക് പടര്‍ന്നുവെന്നതാണ് അപകടകരമായ കാര്യം. മേഖലയില്‍ ഏറെ സ്വാധീനമുള്ള ജാട്ടുകളും മുസ്ലിങ്ങളും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒരു പെണ്‍കുട്ടിക്കെതിരെയുണ്ടായ പൂവാലശല്യത്തില്‍നിന്നാണ് കലാപത്തിന്റെ തുടക്കം. ഇതിനെത്തുടര്‍ന്ന് ഒരു മുസ്ലിംയുവാവ് കൊല്ലപ്പെട്ടു. പിന്നീട് രണ്ടു ഹിന്ദു യുവാക്കളും കൊല്ലപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെടാനുള്ള കാരണമിതാണ്. ചില ബിജെപി എംഎല്‍എമാര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ചെന്നും ആരോപണമുയര്‍ന്നു. യഥാര്‍ഥത്തില്‍ പാകിസ്ഥാനില്‍ ഷൂട്ടുചെയ്ത വീഡിയോയാണ് മുസഫര്‍നഗറിലെ രണ്ടു ഹിന്ദുയുവാക്കളെ മുസ്ലിങ്ങള്‍ കൊല്ലുന്ന ദൃശ്യങ്ങളായി വക്രീകരിച്ചത്.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സമാജ്വാദി പാര്‍ടി അധികാരത്തിലെത്തിയതിനുശേഷമാണ് ഈ വര്‍ഗീയസംഭവങ്ങള്‍ക്ക് തുടക്കം. ആര്‍എസ്എസും അവരുടെ സംഘടനകളും ആസൂത്രിതമായിത്തന്നെ വര്‍ഗീയസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ചെറിയ സംഭവങ്ങള്‍പോലും വര്‍ഗീയകലാപങ്ങളായി വളരുന്നത്. 2014ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയാണ് ആര്‍എസ്എസിന്റെ പദ്ധതി. ഉത്തര്‍പ്രദേശിലെ ജാതി- വര്‍ഗീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനം സൃഷ്ടിക്കാനും അതിനെ വര്‍ഗീയകലാപത്തിലേക്ക് നയിക്കാനും എളുപ്പമാണുതാനും.

ഇത്തരം വര്‍ഗീയ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരത്തെ ഇടപെട്ട് തടയാനുള്ള ജാഗ്രത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നത് ശരിയാണ്. മുസഫര്‍ നഗറില്‍ ഭരണവിഭാഗത്തിന്റെ നിസ്സംഗത, ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുംവിധം സാഹചര്യങ്ങളെ ചൂഷണംചെയ്യാന്‍ വര്‍ഗീയശക്തികള്‍ക്ക് അവസരമൊരുക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് എടുത്തുപറയുമ്പോഴും ആര്‍എസ്എസ്- ബിജെപിയുടെ വര്‍ഗീയലക്ഷ്യങ്ങളെ കാണാതിരിന്നുകൂടാ. കഴിഞ്ഞ ഒരു മാസമായി ജമ്മുവിലെ കിസ്ത്വര്‍ നഗരത്തില്‍ വര്‍ഗീയകലാപം നടക്കുന്നു. ബിഹാറിലെ നൊവാഡയിലും ബെട്ടിയയിലും വര്‍ഗീയകലാപങ്ങളുണ്ടായി. ഇതിലെല്ലാംതന്നെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും കരങ്ങള്‍ വ്യക്തമാണ്.

ബിഹാര്‍ സര്‍ക്കാരില്‍നിന്ന് പുറത്തായതിനുശേഷം ആര്‍എസ്എസും ബിജെപിയും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത് തീവ്രഹിന്ദുത്വശക്തികള്‍ക്ക് യോജിക്കാനും വര്‍ഗീയ അജന്‍ഡ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും അവസരമൊരുക്കി. ഗുജറാത്തിലെ മുന്‍ മന്ത്രിയായ അമിത്ഷായെയാണ് ഉത്തര്‍പ്രദേശിലെ പാര്‍ടികാര്യങ്ങള്‍ നോക്കാന്‍ ബിജെപി നിയോഗിച്ചത്. മോഡിയുടെ വലംകൈയായ അമിത്ഷാ രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയുമാണ്. വന്‍ പ്രചാരണമഴിച്ചുവിട്ട് അയോധ്യയിലെ ബാബറിമസ്ജിദ് നിന്ന സ്ഥലത്തുള്ള താല്‍ക്കാലിക ക്ഷേത്രത്തില്‍ പോയി അമിത്ഷാ പ്രാര്‍ഥിക്കുകയുംചെയ്തു. ഇതിനു തൊട്ടുപുറകെ അയോധ്യയില്‍നിന്ന് യാത്ര തുടങ്ങാന്‍ വിശ്വഹിന്ദുപരിഷത്ത് തീരുമാനിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞു. ആര്‍എസ്എസിന്റെ പിന്തുണയുള്ളതുകൊണ്ടാണ് നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള തീരുമാനമുണ്ടായത്. സെപ്തംബര്‍ എട്ടിനും ഒമ്പതിനും ആര്‍എസ്എസ് അവരുടെ മുന്നണി സംഘടനകളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുകൂട്ടി. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്. ഹിന്ദുത്വ അജന്‍ഡയിലെ പ്രധാന വിഷയങ്ങളായ രാമക്ഷേത്രം, ജമ്മു- കശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയല്‍, പൊതു സിവില്‍കോഡ് തുടങ്ങിയവയും പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും മറ്റ് സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളും യോഗം ചര്‍ച്ചചെയ്തു. ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, എല്‍ കെ അദ്വാനി, നരേന്ദ്ര മോഡി എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ആര്‍എസ്എസ് എങ്ങനെയാണ് ബിജെപിയെ നിയന്ത്രിക്കുന്നത് എന്നതിനുള്ള തുറന്ന പ്രഖ്യാപനമായിരുന്നു ഈ യോഗം.

ആര്‍എസ്എസും അതിന്റെ പോഷക സംഘടനകളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്നും ഈ യോഗം ചര്‍ച്ചചെയ്തു. ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ബിജെപി ഉടന്‍തന്നെ ഔപചാരികമായി തീരുമാനമെടുക്കും. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ആര്‍എസ്എസ്- ബിജെപി ഗൂഢപദ്ധതിയുമായി ബന്ധപ്പെട്ടുവേണം രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ കാണാന്‍. ആഗസ്ത് 17നും 18നും ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയശക്തികളുടെ ഭീഷണിയും വര്‍ഗീയ സംഘര്‍ഷങ്ങളുടെ വളര്‍ച്ചയും വിലയിരുത്തുകയുണ്ടായി.

വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം അഴിച്ചുവിടാനും രാജ്യത്തെ ജനങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കാനും പാര്‍ടി ആഹ്വാനംചെയ്തു. ആര്‍എസ്എസ്- ബിജെപി സഖ്യത്തിന്റെ ഗൂഢലക്ഷ്യങ്ങളെയും ന്യൂനപക്ഷ സമുദായങ്ങളുടെ വര്‍ഗീയ സംഘടനകളെയും തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. വര്‍ഗീയശക്തികള്‍ക്കെതിരെ ബൃഹത്തായ പ്രചാരണത്തിന് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും എല്ലാ ജനാധിപത്യ- മതനിരപേക്ഷ ശക്തികളുടെയും പിന്തുണ ആവശ്യപ്പെടുകയാണ്. ഒക്ടോബറിലാണ് ദസറ പൂജ ഉത്സവങ്ങളും ബക്രീദും. വര്‍ഗീയശക്തികള്‍ ഈ അവസരം പ്രകോപനം സൃഷ്ടിക്കാന്‍ അവസരമാക്കുമെന്നതിനാല്‍ ഈ സമയത്ത് നിതാന്ത ജാഗ്രത അത്യാവശ്യമാണ്. മുസഫര്‍ നഗര്‍ കലാപം ഒരു മുന്നറിയിപ്പാണ്. വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം. അതുവഴി ആര്‍എസ്എസ് ബിജെപി സഖ്യത്തിന്റെ ആസൂത്രണം പരാജയപ്പെടുത്തണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 12 സെപ്തംബര്‍ 2013

No comments: