Friday, September 27, 2013

അഴീക്കോടന്‍ എന്ന ട്രേഡ് യൂണിയന്‍ നേതാവ്

കേരളത്തില്‍ ട്രേഡ് യൂണിയന്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാക്കന്മാരില്‍ പ്രമുഖനായിരുന്നു സ: അഴീക്കോടന്‍ രാഘവന്‍. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ്, മലബാര്‍ ജില്ലയില്‍ വിവിധ തൊഴിലാളി സംഘടനകള്‍ രൂപീകരിക്കുന്നതില്‍ അഴിക്കോടന്‍ പ്രമുഖ പങ്ക് വഹിച്ചു. ഐക്യ കേരള പിറവിക്ക് ശേഷവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ അഴീക്കോടന്‍ സജീവമായിരുന്നു. കണ്ണൂരിലെ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച അഴീക്കോടന്, ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിരുന്നില്ല. വളരെ ചെറുപ്പത്തില്‍ തന്നെ തൊഴിലിന് പോവേണ്ടി വന്നു.

ഒരു "സൈക്കിള്‍- പെട്രോമാക്സ്- ബീഡിഷോപ്പി"ലായിരുന്നു ജോലിയുടെ തുടക്കം. അവിടുന്ന് ബീഡി തെറുക്കാന്‍ പഠിക്കുകയും, ബീഡി തൊഴിലാളിയാവുകയും ചെയ്തു. ബീഡി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനമാരംഭിച്ച കാലമായിരുന്നു അത്. തുടക്കത്തില്‍ ബീഡി തൊഴിലാളി യൂണിയന്‍ "മെസഞ്ചറാ"യി അഴീക്കോടന്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബീഡി തൊഴിലാളി യൂണിയന്‍ ഓഫീസ് സെക്രട്ടറിയായി, കുറച്ച് കാലത്തിന് ശേഷം യൂണിയന്‍ സെക്രട്ടറിയുമായി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക നേതാക്കന്മാരില്‍ പ്രമുഖനായ സ: കൃഷ്ണപിള്ളയുടെ ശിക്ഷണമാണ് അഴീക്കോടന്‍ എന്ന തൊഴിലാളി നേതാവിനെ വളര്‍ത്തിക്കൊണ്ടുവന്നത്. മലബാറില്‍ പൊതുവിലും കണ്ണൂരില്‍ പ്രത്യേകിച്ചും അക്കാലത്ത് ട്രേഡ് യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചവര്‍ പി കൃഷ്ണപിള്ള, എകെജി, കെ പി ഗോപാലന്‍, സി എച്ച് കണാരന്‍, സി കണ്ണന്‍ എന്നിവരായിരുന്നു. അവരോടൊപ്പം അഴീക്കോടനും തൊഴിലാളി രംഗത്തെ മികച്ച പ്രവര്‍ത്തകനും നേതാവുമായി മാറി. അക്കാലത്ത് കണ്ണൂരിലെ പ്രമുഖ ട്രേഡ് യൂണിയനുകള്‍, കണ്ണൂര്‍ കോമണ്‍ വെല്‍ത്ത് യൂണിയന്‍, നെയ്ത്ത് തൊഴിലാളി യൂണിയന്‍, ബീഡി & സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍, മുനിസിപ്പല്‍ വര്‍ക്കേഴ്സ് യൂണിയന്‍, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എന്നിവയായിരുന്നു.

അക്കാലത്തെ അഴീക്കോടന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട്, സഹപ്രവര്‍ത്തകനായിരുന്ന കെ പി നാരായണന്‍ നമ്പ്യാര്‍ (കല്യാശ്ശേരി) എഴുതി- ""കണ്ണൂര്‍ പട്ടണമാണ് സഖാവിന്റെ സ്വദേശം. തൊഴില്‍ ബീഡി തെറുക്കലും. കണ്ണൂരില്‍ നടന്ന തൊഴിലാളി പണിമുടക്കുകള്‍, കോമണ്‍വെല്‍ത്ത് പണിമുടക്കും ബീഡിപണിമുടക്കും - സഖാവിന് രാഷ്ട്രീയമായ ആവേശവും പ്രവര്‍ത്തനപരമായ ചൈതന്യവും പ്രദാനം ചെയ്തു. അദ്ദേഹം ബീഡി തൊഴിലാളി യൂണിയന്‍ ഡിവിഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. അതേ സമയം ബീഡി ഡിവിഷനിലെ ഫ്രാക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയും."" അഴീക്കോടന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ടറിഞ്ഞ പലരും, അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. തായാട്ട് ശങ്കരന്റെ ലേഖനത്തില്‍ അഴീക്കോടനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്- ""കേരളത്തിലെ മര്‍ദ്ദിത വര്‍ഗം രാഷ്ട്രീയ മത്സരത്തില്‍ ഏത് കൊടിക്കീഴില്‍ അണി നിരന്നാലും അവര്‍ക്ക് മുഷ്ടി ചുരുട്ടാന്‍ ധൈര്യം നല്‍കിയ പ്രമുഖ നേതാക്കളില്‍ ഒരാളാണ് അഴീക്കോടന്‍ എന്ന കാര്യം അവര്‍ എന്നും ഓര്‍ക്കാതിരിക്കില്ല."" 1946ലാണ് മലബാര്‍ ട്രേഡ്യൂണിയന്‍ കൗണ്‍സില്‍ രൂപം കൊണ്ടത്. അതിന് മുമ്പ് കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കെ പി ടിയുസി ആണ് ഉണ്ടായിരുന്നത്. 1946ല്‍ രൂപംകൊണ്ട മലബാര്‍ ടിയുസിക്ക് അധിക കാലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായില്ല. 1947ല്‍ പ്രകാശം സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിലൂടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തടഞ്ഞു. 1948ല്‍ കമ്യൂണിസ്റ്റ്് പാര്‍ടിക്കെതിരെ മലബാറില്‍ ക്രൂരമായ അടിച്ചമര്‍ത്തലുണ്ടായി. 1951 വരെ ഈ സ്ഥിതി തുടര്‍ന്നു. പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ ഉടനെ മലബാര്‍ ടിയുസിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. 1952ല്‍ മലബാര്‍ ടിയുസി പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങളില്‍ സജീവ നേതൃത്വം നല്‍കി. 1955ല്‍ മലബാര്‍ ടിയുസി യുടെ സമ്മേളനം കോഴിക്കോടിനടുത്തുള്ള ഫറോക്കില്‍ നടന്നു. ധാരാളം ഓട്ടുകമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്ന ഫറോക്ക് ഒരു വലിയ തൊഴിലാളി കേന്ദ്രമായിരുന്നു. ഈ സമ്മേളനത്തില്‍ 67249 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന 68 യൂണിയനുകളില്‍ നിന്നായി 361 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1955 നവമ്പര്‍ 5, 6 തീയതികളിലായിരുന്നു സമ്മേളനം. ഈ സമ്മേളനം സംബന്ധിച്ച് അഴീക്കോടന്‍ തന്നെ, തന്റെ ലേഖനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ 98 ശതമാനവും, ഫാക്ടറികളിലും തോട്ടങ്ങളിലും മറ്റും തൊഴില്‍ ചെയ്യുന്നവരായിരുന്നു എന്ന് സഖാവ് വിവരിക്കുന്നു. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്, ഫറോക്ക് ചെനപ്പറമ്പിലാണ് പൊതുസമ്മേളനം ചേര്‍ന്നത്. പൊതുസമ്മേളനത്തിനു മുമ്പ് പതിനായിരത്തോളം തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനമുണ്ടായിരുന്നു. പ്രതിനിധിസമ്മേളനം അംഗീകരിച്ച പ്രമേയങ്ങളും തീരുമാനങ്ങളും വിശദീകരിച്ചുകൊണ്ട്, അഴീക്കോടന്‍ ആ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ അഴീക്കോടന്‍ വഹിച്ച പങ്ക് ഇതില്‍ നിന്ന് വ്യക്തമാകും.

1950കളില്‍ മലബാര്‍ മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ശക്തിപ്പെടുന്ന കാലത്തെ തൊഴിലാളികളുടെ അവസ്ഥ പരമ ദയനീയമായിരുന്നു. ദേശാഭിമാനി, നവയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അഴീക്കോടന്‍ എഴുതിയ ലേഖനങ്ങളില്‍ അക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. 1952 മെയ് 6ന്റെ ദേശാഭിമാനിയില്‍ അഴീക്കോടന്‍ എഴുതിയ ലേഖനത്തില്‍ വിവരിച്ചു:- ""മുല്ലക്കൊടിയിലെ കെ പി അബ്ദുള്ള എന്നൊരു തൊഴിലാളി സ്ഥലത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസിലേക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. അബ്ദുള്ള ഒരു നെയ്ത്ത് തൊഴിലാളിയാണ്. എന്നാല്‍ നാടിന് വേണ്ടി തുണി നെയ്യുന്ന അയാള്‍ക്ക് നാണം മറയ്ക്കാന്‍ ഒരു ഷര്‍ട്ടും മുണ്ടും ഇല്ലാത്തതുകൊണ്ട് പുറത്തിറങ്ങാന്‍ കഴിയുന്നില്ല എന്നാണ് പ്രസ്തുത കത്തില്‍ എഴുതിയിട്ടുള്ളത്."" അക്കാലത്തെ പാവപ്പെട്ട കൃഷിക്കാരുടെയും, തൊഴിലാളികളുടെയും അവസ്ഥ വെളിപ്പെടുത്തുന്നതാണ് മേല്‍ പറഞ്ഞ കാര്യം. സ്വാതന്ത്ര്യത്തിന് ശേഷവും, പാവപ്പെട്ടവരുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. അവരുടെ അവശതകള്‍ക്കെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും ശ്രമിച്ചപ്പോള്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ ശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ട അഴീക്കോടന്റെ ലേഖനങ്ങളില്‍ ഈ കാര്യങ്ങളെല്ലാം സവിസ്തരം പ്രതിപാദിച്ചിരുന്നു.

1954ലെ ആറോണ്‍ മില്‍ സമരത്തെക്കുറിച്ച് അഴീക്കോടന്‍ എഴുതിയ അനുഭവങ്ങള്‍ ആവേശകരമാണ്. കമ്പനി അടച്ചു പൂട്ടിയ മാനേജ്മെന്റിനെതിരെ തൊഴിലാളികള്‍ നടത്തിയ ധീരോദാത്തമായ സമരത്തിലെ അനുഭവങ്ങള്‍ ഇപ്പോഴും ആവേശകരമായിതോന്നും. തൊഴിലാളികളുടെ സമരം ബഹുജനങ്ങളുടെ പിന്തുണ ആര്‍ജിച്ച് എങ്ങിനെ ശക്തിപ്പെടുത്താമെന്നതിന്റെ മികച്ച ഉദാഹരണങ്ങള്‍ ധാരാളം ആ സമരത്തിലുണ്ട്. 1954 ല്‍ മദ്രാസിലേക്ക്, സമരസമിതി നയിച്ച ജാഥയെക്കുറിച്ചും അഴീക്കോടന്‍ വിശദീകരിച്ചിട്ടുണ്ട്. എണ്ണമറ്റ ത്യാഗങ്ങളിലൂടെയാണ്, കേരളത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തിപ്പെട്ട് വന്നത്. മുതലാളിമാരും കോണ്‍ഗ്രസ് ഭരണാധികാരികളും ചേര്‍ന്ന്, തൊഴിലാളി സംഘടനകളെ തകര്‍ക്കാന്‍ ശ്രമിച്ച നിരവധി അനുഭവങ്ങളുണ്ട്. ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ പോലും അനുവദിക്കാറില്ലായിരുന്നു. അന്നത്തെ ഒരനുഭവം 1955ല്‍ നവയുഗത്തില്‍ അഴീക്കോടന്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിച്ചു. 1948 ല്‍ ആരംഭിച്ച കണ്ണൂര്‍ സ്പിന്നിംഗ്മില്‍ ഉടമ കാര്യത്ത് ദാമു എന്ന ആള്‍ തൊഴിലാളികളോട് കൈക്കൊണ്ട നിലപാടാണ് അഴീക്കോടന്‍ വിവരിക്കുന്നത്:- ""ഒരു തൊഴിലാളിക്ക് അവിടെ പണികിട്ടണമെങ്കില്‍, ആദ്യമായി പാമ്പന്‍ മാധവനെ കാണാന്‍ പോകണം. പോകുന്ന തൊഴിലാളി കോണ്‍ഗ്രസുകാരനാണെന്ന് ബോധ്യപ്പെടുത്തണം. അത് പോര, മൂപ്പര്‍ക്ക് പിടിക്കണം. എന്നാല്‍ ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കും. അത് കമ്പനി മാനേജരെ ഏല്‍പിച്ചാലേ പണി അനുവദിക്കുകയുള്ളൂ. തൊഴിലാളി സംഘടന വരാതിരിക്കാന്‍ മുതലാളിയുടെ ഏത് സുഗ്രീവാജ്ഞക്കും തൊഴിലാളിയെ അടിമയാക്കാനുള്ള ആദ്യത്തെ അടവാണിത്."" ""തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും അവിടെയില്ല. അഥവാ വല്ലവരും സംഘടിക്കണമെന്ന് ആഗ്രഹിച്ച് പോയാല്‍ ആ തൊഴിലാളി കമ്പനിക്ക് പുറത്തായി.- ഞാനും കോണ്‍ഗ്രസ്; നീയും കോണ്‍ഗ്രസ്, പിന്നെ എന്തിന് യൂണിയന്‍? എന്നാണത്രെ മി. ദാമുവിന്റെ ചോദ്യം."" 1950 കളിലെ മലബാറിലെ സ്ഥിതി അഴീക്കോടന്‍ വിശദീകരിക്കുന്നത് വായിക്കുമ്പോള്‍, നമ്മുടെ രാജ്യത്തെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണ്. ട്രേഡ് യൂണിയനുകളും സമരങ്ങളും നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ തകര്‍ക്കുമെന്നാണ് ഇന്നത്തെ ഭരണാധികാരികളുടെ നിലപാട്. അതുകൊണ്ട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ ശ്രമം നടക്കുന്നു. തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചാല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നില്ല. ഹരിയാനയിലെ "മനേസര്‍" എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന "മാരുതി" കമ്പനിയിലെ തൊഴിലാളികളുടെ സംഘടനയ്ക്ക് രജിസ്ട്രേഷന്‍ നല്‍കാന്‍, ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സന്നദ്ധമായില്ല. തങ്ങള്‍ രൂപം നല്‍കിയ സംഘടനയില്‍ തൊഴിലാളികള്‍ക്ക് അംഗത്വമെടുക്കാമെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. ഇതംഗീകരിക്കാന്‍ കൂട്ടാക്കാത്തതിന്, ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ മുന്‍കൈ എടുത്ത എല്ലാ തൊഴിലാളികളെയും കമ്പനി പിരിച്ചു വിട്ടു. അതിനെതിരായി ദീര്‍ഘിച്ച പണിമുടക്ക് സമരം നടത്തേണ്ടി വന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, തൊഴിലാളികള്‍ സംഘടിക്കുന്നതിനോട്, ഇതേ നിലപാട് തന്നെയാണ് മുതലാളിമാരും അവരെ തുണയ്ക്കുന്ന സര്‍ക്കാരുകളും ചെയ്യുന്നത്. 2013 ഫെബ്രുവരി 20, 21 തീയതികളില്‍ ഇന്ത്യയില്‍ നടന്ന 48 മണിക്കൂര്‍ പണിമുടക്കിനാധാരമായ 10 ആവശ്യങ്ങളില്‍ ഒന്ന്, തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചാല്‍ 45 ദിവസത്തിനകം രജിസ്ട്രേഷന്‍ ലഭിക്കണമെന്നായിരുന്നു. 1950 കളിലെ അതേ അവസ്ഥയിലേക്ക്, തൊഴിലാളികളെ കൊണ്ടുപോകാനാണ്, ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഴീക്കോടന്റെ സംഘടനാ പാടവം വെളിപ്പെടുത്തിയ സംഭവമായിരുന്നു 1969-70 കാലത്തെ ട്രാന്‍സ്പോര്‍ട്ട് സമരം. 1969ല്‍ തിരുവനന്തപുരത്ത് വിജെ ടി ഹാളില്‍ ചേര്‍ന്ന കെഎസ്ആര്‍ടിഇഎയുടെ രണ്ടാം വാര്‍ഷിക സമ്മേളനത്തിലാണ്, അഴീക്കോടനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. കെഎസ്ആര്‍ടിഇഎ ഇപ്പോഴും അഴീക്കോടനോടുള്ള ആദരവ് നിലനിര്‍ത്തുന്നു. സഖാവ് രക്തസാക്ഷിത്വം വരിച്ച സെപ്തംബര്‍ 23നാണ് എല്ലാ വര്‍ഷങ്ങളിലും കെഎസ്ആര്‍ടിഇഎ വാര്‍ഷിക സമ്മേളനങ്ങള്‍ ആരംഭിക്കാറുള്ളത്.

1969ല്‍ ഇഎംഎസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ട ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരിന്റെ കാലത്താണ്, ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ നിന്ന് 614 തൊഴിലാളികളെ പിരിച്ചു വിട്ടത്. 1969 ഡിസംബര്‍ 26നായിരുന്നു പിരിച്ചുവിടല്‍ നടപടി. ഈ കാട്ടാളത്തത്തിനെതിരെ, അസോസിയേഷന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചു. ഈ പ്രശ്നം ഒരു തൊഴില്‍ പ്രശ്നമായി കണക്കാക്കാന്‍ പോലും, അന്നത്തെ സര്‍ക്കാര്‍ സന്നദ്ധമായില്ല. ഈ സാഹചര്യത്തില്‍, 1970 ജനുവരി 21 മുതല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ അനിശ്ചിത കാല പണിമുടക്കിന് അസോസിയേഷന്‍ ആഹ്വാനം നല്‍കി. പണിമുടക്ക് പ്രതീക്ഷിച്ചതിലേറെ വിജയമായിരുന്നു. ഈ സമരത്തെ ഭരണ സ്വാധീനമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പോലീസ് മര്‍ദനമേറ്റു. അനവധി തൊഴിലാളികളെ ജയിലിലടച്ചു. അതു കൊണ്ടൊന്നും സമരം തളര്‍ന്നില്ല. ഈ സമരം വിജയിപ്പിക്കാന്‍, അസോസിയേഷന്‍ പ്രസിഡന്റായിരുന്ന അഴിക്കോടന്‍ ഉജ്വലമായ നേതൃത്വം നല്‍കി. സമരത്തിന് ഇതര തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണ നേടാന്‍ സഖാവ് നല്ല ശ്രമം നടത്തി. സമര രംഗത്തുള്ള തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കാന്‍ അഴീക്കോടന്റെ കഴിവ് അസാധാരണമായിരുന്നു. തീക്ഷ്ണമായ ആ സമരത്തിന് മുമ്പില്‍ ഒടുവില്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടിവന്നു. അങ്ങിനെ ഐതിഹാസികമായ 1970 ലെ ട്രാന്‍സ്പോര്‍ട്ട് സമരം വിജയകരമായി കലാശിച്ചു. അഴീക്കോടന്റെ ധീരമായ നേതൃത്വം ഈ വിജയത്തിന് സുപ്രധാന ഘടകമാണ്. കെഎസ്ആര്‍ടിസി ചെയര്‍മാനായിരുന്ന എം എം ചെറിയാന്റെ ഓര്‍മക്കുറിപ്പുകളില്‍ അഴീക്കോടന്റെ നേതൃപാടവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്- ""സഖാവിന്റെ ട്രേഡ് യൂണിയന്‍ സംഘടനാ പാടവവും നേതൃത്വവും കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രകടമാക്കിയിട്ടുണ്ട്.

എത്ര പ്രാഗത്ഭ്യത്തോടെ അദ്ദേഹം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നു എന്ന് അനുഭവത്തില്‍ എനിക്കറിയാം, തൊഴിലാളികളുടെ സ്നേഹവും വിശ്വാസവും ആര്‍ജിക്കുന്നതില്‍ ഇത്രയധികം വിജയിച്ചിട്ടുള്ള ഒരു തൊഴിലാളി നേതാവ് വേറെയില്ല. ട്രാന്‍സ്പോര്‍ട് അഡൈ്വസറി കൗണ്‍സിലില്‍ അദ്ദേഹം മുന്നോട്ട് കൊണ്ടുവന്നിരുന്ന നിര്‍ദേശങ്ങള്‍ക്ക് ഒരു പുതുമ എപ്പോഴും മറ്റുള്ളവര്‍ കണ്ടിരുന്നു. സഖാവിന്റെ അഭിപ്രായങ്ങള്‍ എപ്പോഴും ആദരിക്കപ്പെട്ടിട്ടുണ്ട്. യൂണിയന്‍ പ്രതിനിധികളുമായി ചെയര്‍മാനെന്ന നിലയില്‍ ഞാന്‍ നടത്താറുണ്ടായിരുന്ന സുദീര്‍ഘമായ ചര്‍ച്ചകളിലും ഇതേ അനുഭവം തന്നെയാണ് ഉണ്ടായിട്ടുള്ളത്, സഖാവിന്റെ വ്യക്തിത്വം എവിടെയും എപ്പോഴും മുഴച്ചു നില്‍ക്കുമായിരുന്നു."" ഒരു ട്രേഡ് യൂണിയന്‍ നേതാവ് എങ്ങിനെ ആയിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു അഴീക്കോടന്‍. അദ്ദേഹം ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലത്ത്, കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് നന്നായി പഠിക്കുകയും മാനേജ്മെന്റിന് തള്ളിക്കളയാനാവാത്ത നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.

1950 കളില്‍ മലബാര്‍ ടിയുസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്, സര്‍ക്കാരിന് സമര്‍പ്പിക്കുന്ന നിവേദനങ്ങളിലും മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ലേഖനങ്ങളിലും ഓരോ തൊഴില്‍ മേഖലയിലെയും പ്രശ്നങ്ങള്‍ പഠനാര്‍ഹമായ നിലയില്‍ വിവരിക്കുമായിരുന്നു. താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയെക്കുറിച്ച് നന്നായി പഠിച്ച്, പ്രശ്നങ്ങള്‍ അപഗ്രഥിക്കുക എന്നതായിരുന്നു സഖാവിന്റെ രീതി. ഒരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുണ്ടാവേണ്ട ഏറ്റവും പ്രധാനപ്പെട്ട അറിവാണിത്, സമ്പത്തുല്പാദന മേഖലകളിലും വിവിധ സേവന മേഖലകളിലും നേരിട്ട് ബന്ധപ്പെടുന്നവരാണ് തൊഴിലാളികള്‍. സാര്‍വദേശീയ- ദേശീയ സാമ്പത്തിക നയങ്ങള്‍, ഓരോ മേഖലയിലും എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് അവര്‍ക്ക് മനസ്സിലാക്കാനാകും. തൊഴിലാളികളുടെ നേതാക്കന്മാരും അക്കാര്യങ്ങള്‍ പഠിക്കണം. അതിന് നേതാക്കന്മാര്‍ക്ക് തൊഴിലാളികളുമായി നിരന്തര ബന്ധം ഉണ്ടാകണം. ഇതെല്ലാം, പ്രായോഗികതയിലൂടെ നമ്മെ പഠിപ്പിച്ച നേതാവാണ് അഴീക്കോടന്‍. 1972 സെപ്തംബര്‍ 23ന് സ. അഴീക്കോടന്‍ രക്തസാക്ഷിയായി.

വര്‍ഗശത്രുക്കളുടെ കോടാലിക്കൈകള്‍ സഖാവിനെ അറുകൊല ചെയ്തു. മുമ്പും പല തവണ ശത്രുക്കള്‍ അഴീക്കോടനെതിരെ ആക്രമണത്തിന് കോപ്പുകൂട്ടിയിരുന്നു. സ: എ വി കുഞ്ഞമ്പുവിന്റെ ഓര്‍മക്കുറിപ്പുകള്‍ നോക്കുക:- ""ശത്രുക്കളുടെ ആക്രമണത്തിന് പല തവണ അഴീക്കോടന് ഇരയാകേണ്ടി വന്നിട്ടുണ്ട്. 1946 ലെ ആറോണ്‍ കമ്പനി പണിമുടക്കിനോടനുബന്ധിച്ച് ഒരു കൂട്ടം ഗുണ്ടകള്‍ സഖാവ് കൃഷ്ണപിള്ളയെ ആക്രമിച്ചു. തക്കസമയത്ത് ഈ ശത്രുക്കളെ നേരിടാന്‍ സഖാവ് അഴീക്കോടനും സഖാക്കള്‍ക്കും കഴിഞ്ഞുവെന്നത് കൊണ്ടാണ് കൃഷ്ണപിള്ളയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. കണ്ണൂര്‍ ടൗണില്‍ വെച്ച് പലപ്പോഴും ഗുണ്ടകള്‍ അഴീക്കോടനെ ആക്രമിക്കാന്‍ പ്ലാനിട്ടിരുന്നു. അതിനെയെല്ലാം അതത് കാലത്ത് ധീരമായി നേരിട്ട ചരിത്രമാണ് അഴീക്കോടന്റേത്."" അനശ്വര രക്തസാക്ഷി അഴീക്കോടനെ സ്മരിച്ചുകൊണ്ട് എകെജി പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്. - ""അഴീക്കോടന്‍ നമ്മെ വിട്ടു പിരിഞ്ഞുവെങ്കിലും, സഖാവിനെക്കുറിച്ചുള്ള സ്മരണ നമ്മുടെ വര്‍ഗശത്രുക്കള്‍ക്കൊരു പേടിസ്വപ്നമായിരിക്കും.""

*
എളമരം കരീം ചിന്ത വാരിക 27 സെപ്തംബര്‍ 2013

No comments: