Saturday, September 14, 2013

സിറിയ: റഷ്യ വഴികാട്ടുന്നു

സിറിയക്കുമേലുള്ള അമേരിക്കന്‍ യുദ്ധഭീഷണി തല്‍ക്കാലത്തേക്കെങ്കിലും നയതന്ത്രത്തിന് വഴിമാറിയിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ സുപ്രധാനമായ ചില പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. അതില്‍ പ്രധാനം, ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായ അമേരിക്കന്‍ പ്രസിഡന്റിന്റെ യുദ്ധപരിപാടി വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ വെല്ലുവിളി സൂചിപ്പിക്കുന്നത് ബറാക് ഒബാമയുടെ ജനപിന്തുണ നഷ്ടപ്പെടുന്നു എന്നുമാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശക്തി ക്ഷയിക്കുന്നു എന്നുകൂടിയാണ്.

സാര്‍വദേശീയതലത്തില്‍ ചില പുതിയ സമവാക്യങ്ങള്‍ രൂപമെടുക്കുന്നതിന്റെ സൂചനയും ഇവിടെയുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ചായിരുന്നു ഒബാമയുടെ യുദ്ധപ്പുറപ്പാട്. ഒരു പരമാധികാര രാജ്യത്തിനുമേല്‍, സ്വയരക്ഷയുടെ നീതീകരണമില്ലാതെ, ഐക്യരാഷ്ട്രസഭയുടെ അനുമതിയും അംഗീകാരവുമില്ലാതെ- അത് തേടാന്‍ ശ്രമിക്കാതെപോലുമുള്ള യുദ്ധത്തിനാണ് അമേരിക്ക തയ്യാറായത്. യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ നയതന്ത്രസാധ്യതകളെ ഒബാമ നിരാകരിച്ചു. സിറിയയെപ്പറ്റിയുള്ള രണ്ടാം ജനീവാ സമ്മേളനത്തിന്റെ ആലോചനകള്‍ക്കായി റഷ്യയുമായുള്ള വിദേശമന്ത്രിതല കൂടിക്കാഴ്ച വേണ്ടെന്ന് അമേരിക്ക ഏകപക്ഷീയമായി തീരുമാനിച്ചു. ഐക്യരാഷ്ട്ര സംഘടനയെ അതിനിശിതമായി ഒബാമ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമവും മാനദണ്ഡങ്ങളും നടപ്പാക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്ക് കഴിവില്ലെന്നും ആ ലക്ഷ്യത്തിന് യുഎന്‍ വിലങ്ങുതടിയാണെന്നും റഷ്യയുടെ വീറ്റോപ്രയോഗംമൂലം രക്ഷാസമിതിക്ക് തളര്‍വാതം പിടിച്ചിരിക്കുകയാണെന്നും ഒബാമ കുറ്റപ്പെടുത്തി. ഇപ്പോള്‍ റഷ്യയുടെ ഒരു നിര്‍ദേശത്തിന് ആ രക്ഷാസമിതിയുടെ അംഗീകാരത്തിനു ശ്രമിക്കുകയാണ് ഒബാമ. റഷ്യ മുന്‍കൈയെടുത്തുള്ള നയതന്ത്രനീക്കമാണ് യുദ്ധത്തിന്റെ വക്കില്‍നിന്ന് പിന്മാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. സിറിയയുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിനു കീഴിലാക്കാനും നശിപ്പിക്കാനും തയ്യാറാകണമെന്നാണ് റഷ്യ ആവശ്യപ്പെട്ടത്. ഇതിന് സിറിയ തയ്യാറായി. ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തെ അനുസ്മരിപ്പിക്കുന്നതാണ് സിറിയയെപ്പറ്റിയുള്ള ഒബാമയുടെ പ്രസ്താവനകള്‍. ഇറാഖിലെ വിനാശായുധങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു അന്ന് പ്രഖ്യാപിത ലക്ഷ്യം. അവിടെ വന്‍ വിനാശായുധങ്ങള്‍ ഇല്ലെന്ന യുഎന്‍ പരിശോധകരുടെ റിപ്പോര്‍ട്ട് അവഗണിച്ച് "ഇന്റലിജന്‍സ്" അവയുണ്ടെന്ന് സ്ഥാപിക്കാന്‍ കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കി.

സിറിയ രാസായുധ പ്രയോഗം നടത്തിയെന്നതാണ് ഇത്തവണ യുദ്ധത്തിന് നീതീകരണമായി അമേരിക്ക അവതരിപ്പിക്കുന്നത്. രാസായുധത്തെപ്പറ്റിയുള്ള യുഎന്‍ പരിശോധകരുടെ റിപ്പോര്‍ട്ട് ഇനിയും തയ്യാറായിട്ടില്ല. ഇറാഖിനെതിരെ നടത്തിയ യുദ്ധം സാമ്രാജ്യത്വലക്ഷ്യങ്ങളോടെയായിരുന്നു. സിറിയക്കെതിരായ യുദ്ധത്തിനുള്ള തയ്യാറെടുപ്പ് അമേരിക്ക നേരത്തെ തുടങ്ങിയിരുന്നെന്ന് അനുമാനിക്കാം. എണ്ണസമ്പത്തും ഇസ്രയേല്‍ താല്‍പ്പര്യവുമാണ് പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയ്ക്കു പ്രേരകമാകുന്നത്. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ രണ്ടു ഭരണകൂടങ്ങളാണ് ഈ മേഖലയിലുള്ളത്; ഇറാനിലേതും സിറിയയിലേതും. അറബ് വസന്തത്തിന്റെ ബാക്കിപത്രം അമേരിക്കയ്ക്ക് അനുകൂലമല്ല. സിറിയയെ ആക്രമിക്കാന്‍ സൗദി അറേബ്യയുടെ സമ്മര്‍ദം കുറെനാളായുണ്ട്. സിറിയയെ ആക്രമിക്കുന്നത് ഇറാനൊരു മുന്നറിപ്പായിരിക്കുമെന്നും ഇസ്രയേലും സൗദിഅറേബ്യയും കരുതുന്നു. വിശാലമായ സാമ്രാജ്യത്വലക്ഷ്യങ്ങള്‍ മറച്ചുപിടിച്ചാണ് സിറിയക്കെതിരെയുള്ള യുദ്ധം "പരിമിത" ലക്ഷ്യത്തോടെയാണെന്ന് ഒബാമ അവകാശപ്പെട്ടത്. ഈ അവകാശവാദത്തിന് വിശ്വാസ്യതയില്ലായിരുന്നു. യുദ്ധം സിറിയക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. സിറിയയിലെ ഭരണകൂടത്തെ മാറ്റുക എന്നത് ലക്ഷ്യമല്ലെന്ന ഒബാമയുടെ അവകാശവാദവും ആരും വിശ്വസിച്ചില്ല. സിറിയയിലെ സൈന്യം ബലഹീനമാക്കപ്പെട്ടാല്‍ ശക്തി പ്രാപിക്കുന്നത് അല്‍ ഖായ്ദ നേതൃത്വത്തിലുള്ള സായുധ സംഘങ്ങളാണ്. ഡമാസ്കസിലെ ഭരണകൂടം നിലംപതിക്കാതെ അവര്‍ ആഭ്യന്തരയുദ്ധം നിര്‍ത്തുകയില്ല. സിറിയയിലെ പ്രശ്നം രാസായുധങ്ങളല്ല, അവിടത്തെ ഭരണകൂടമാണെന്ന് നയതന്ത്ര ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ സൗദിഅറേബ്യയും കൂട്ടരും പ്രസ്താവിച്ചു. ഈ പ്രസ്താവനയോട് അമേരിക്ക പരസ്യമായി പ്രതികരിച്ചിട്ടില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെയും പിന്തുണ ലഭിക്കുന്ന വിമതസംഘങ്ങള്‍ നയതന്ത്രനീക്കത്തെ അപലപിക്കുകയുംചെയ്തു. സാമ്രാജ്യത്വ പരിപാടികള്‍ക്കുണ്ടാകുന്ന ചിന്താക്കുഴപ്പം പ്രതിഫലിപ്പിക്കുന്നതായിരുന്നു, "യുദ്ധം തല്‍ക്കാലമില്ല, നയതന്ത്ര ശ്രമം നടത്തും" എന്നുപറഞ്ഞ് സെപ്തംബര്‍ പത്തിന് ഒബാമ നടത്തിയ പ്രസംഗം. പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ഈ പ്രസംഗത്തിലുണ്ട്. ഇത് ഒരു "പരിമിത" ആക്രമണമായിരിക്കുമെന്നും അമേരിക്കയുടെ കാലാള്‍പ്പട സിറിയയില്‍ ഉണ്ടാവില്ലെന്നും പറഞ്ഞ ഒബാമ കൂട്ടിച്ചേര്‍ത്തത് ഇങ്ങനെയാണ്, ""എന്നാല്‍, മറ്റൊരു രാഷ്ട്രത്തിനും നല്‍കാന്‍ കഴിയാത്ത ശക്തമായ പ്രഹരമായിരിക്കും അത്"". ""നാം ലോകത്തിന്റെ പൊലീസുകാരനായിരിക്കാന്‍ പാടില്ല"". ഇനി പാടില്ലെന്നോ, ഇതുവരെയായിരുന്നില്ലെന്നോ ഒക്കെ വ്യാഖ്യാനിക്കാം. എന്നാല്‍ ഒബാമ ഇങ്ങനെകൂടി പറഞ്ഞു ""എല്ലാ ജനങ്ങളുടെയും സ്വാതന്ത്ര്യത്തില്‍ വിശ്വാസമുള്ള നമുക്ക് മുഖം തിരിക്കാന്‍ കഴിയുകയില്ല"". അപ്പോള്‍ പൊലീസുകാരന്റെ പണി തുടരുമെന്നര്‍ഥം. രണ്ടു യുദ്ധങ്ങള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഒബാമയ്ക്ക് ഒരു ഭാരമാണെന്നു വ്യക്തം. 2001നുശേഷം അമേരിക്ക നടത്തിയ യുദ്ധങ്ങള്‍ക്കും സൈനിക ഇടപെടലുകള്‍ക്കുമെതിരെ ലോകരാജ്യങ്ങളൊന്നും രംഗത്തുവന്നില്ല. ഇത്തവണ അതിനു മാറ്റമുണ്ടായി. റഷ്യ യുദ്ധത്തെ ശക്തമായി എതിര്‍ത്തു; പാടില്ല എന്ന് പ്രസ്താവിച്ചു. അതോടൊപ്പം ക്രിയാത്മകമായി നയതന്ത്രത്തിന്റെ വഴി കാട്ടുകയും ചെയ്തു. നയതന്ത്രം വിജയിക്കുകയും യുദ്ധം ഒഴിവാക്കപ്പെടുകയും ചെയ്താല്‍ റഷ്യയുടെ വലിയ വിജയമായിരിക്കും അത്. ഈ വിജയം സാര്‍വദേശീയ രംഗത്ത് പുതിയ സമവാക്യങ്ങള്‍ക്ക് രൂപംനല്‍കാനിടയുണ്ട്. ഒബാമ ഭരണകൂടവുമായി തുല്യപങ്കാളിയായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പ്രധാന വിദേശനയലക്ഷ്യം. ഇത് അദ്ദേഹം നേടിയെടുത്തുവെന്ന് പറയാം. റഷ്യ- അമേരിക്ക ബന്ധങ്ങളിലുണ്ടാകുന്ന വ്യതിയാനം മറ്റ് സാര്‍വദേശീയ പ്രശ്നങ്ങളുടെയും പരിഹാരത്തിന് സഹായകമായേക്കും.

ഉദാഹരണം ഇറാന്‍. സിറിയാ യുദ്ധപരിപാടിയെ എതിര്‍ത്തു രംഗത്തുവന്ന മറ്റൊരു ശക്തി ചൈനയാണ്. സാര്‍വദേശീയ പ്രശ്നങ്ങളില്‍ ചൈന സാധാരണ ഇടപെടാറില്ല. ഉഭയകക്ഷി ബന്ധങ്ങളിലെ പ്രശ്നങ്ങളെപ്പറ്റിയേ ചൈന അമേരിക്കയെ വിമര്‍ശിക്കാറുള്ളൂ. ഇത്തവണ അതുമാറി. ഇതും സാര്‍വദേശീയ രാഷ്ട്രീയ-നയതന്ത്ര രംഗത്തെ സമവാക്യങ്ങളെ സ്വാധീനിക്കുമെന്ന് കരുതപ്പെടുന്നു. "നയതന്ത്ര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന്, അമേരിക്ക സിറിയയെ ആക്രമിക്കുകയില്ലെന്ന് ഉറപ്പുനല്‍കണമെന്ന്" പുടിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സുപ്രധാന കാര്യവും പുടിന്‍ പരമാര്‍ശിച്ചു: ""രാസായുധ ശേഖരത്തെ ഇസ്രയേലിന്റെ ആണവായുധ ശേഖരത്തിനെതിരെയുള്ള കരുതലായാണ് സിറിയ പരിഗണിക്കുന്നത്"". ഇസ്രയേലിന്റെ ആണവായുധങ്ങള്‍ പശ്ചിമേഷ്യയില്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പുടിന്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു ഇതിലൂടെ. ഇസ്രയേലിന് രാസായുധങ്ങള്‍ ഉള്ളതായി കരുതപ്പെടുന്നു.

ഏതായാലും രാസായുധ നിരോധന ഉടമ്പടിക്കു പുറത്താണ് ഇസ്രയേല്‍. ഉടമ്പടിയില്‍ ഇസ്രയേല്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും അംഗീകാരം നല്‍കിയിട്ടില്ല. സെപ്തംബര്‍ 12ന് "ന്യുയോര്‍ക് ടൈംസി"ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ പ്രസിഡന്റ് പുടിന്‍ അമേരിക്കന്‍ ജനതയെയും രാഷ്ട്രീയ നേതാക്കളെയും അഭിസംബോധനചെയ്തു. ""യുദ്ധമുണ്ടായാല്‍ നിരപരാധികള്‍ കൊല്ലപ്പെടും. മേഖലയില്‍ മുഴുവന്‍ അക്രമം വ്യാപിക്കും. പശ്ചിമേഷ്യയിലെ മറ്റു സമാധാന ശ്രമങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാകും. യുഎന്‍ അനുമതി കൂടാതെയുള്ള സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുകയായിരിക്കും"". പുടിന്‍ ചൂണ്ടിക്കാണിച്ചു. നയതന്ത്രത്തെ പുതിയൊരു തലത്തിലേക്ക്, ജനങ്ങളോടുള്ള സംവാദത്തിലേക്ക് ഉയര്‍ത്തുകയാണ് പുടിന്‍ ചെയ്തത്. ഒബാമ യുദ്ധപരിപാടി മാറ്റിവച്ചത് സോപാധികമായാണ്. നയതന്ത്രം പരാജയപ്പെട്ടാല്‍ യുദ്ധത്തിന്റെ ആവശ്യകത ഉണ്ടെന്ന് പറഞ്ഞ ഒബാമ, യുദ്ധം സിറിയയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമല്ലെന്ന് അംഗീകരിക്കേണ്ടിവരും.

*
നൈനാന്‍ കോശി ദേശാഭിമാനി 14 സെപ്തംബര്‍ 2013

No comments: