Friday, September 27, 2013

അമേരിക്കയുടെ കറുത്തമുഖം

ലിങ്കന്‍ സ്മാരകത്തില്‍നിന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പ്രസംഗിച്ചത് അമേരിക്കയില്‍ വ്യക്തികള്‍ തങ്ങളുടെ വംശത്തിന്റെയും നിറത്തിന്റെയും പേരില്‍ വിധിക്കപ്പെടാതെ അവരുടെ കഴിവിന്റെയും കാര്യക്ഷമതയുടെയും പേരില്‍ അംഗീകരിക്കപ്പെടുന്ന ആ ദിവസത്തെപറ്റിയുള്ള തന്റെ സ്വപ്നത്തെപ്പറ്റിയാണ്. കിങ് ആ പ്രസംഗത്തില്‍ പറഞ്ഞു, കറുത്തവര്‍ അമേരിക്കയില്‍ ഇന്നും സ്വതന്ത്രരല്ല എന്ന്. എടുത്തുപറയാവുന്ന നിരവധി നേട്ടങ്ങള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന് അടിമത്തം ഇല്ലാതായ 100 വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, 50 വര്‍ഷങ്ങള്‍ക്കുശേഷം കിങ്ങിന്റെ ആ പ്രസംഗത്തിലെ കറുത്ത ജീവിതത്തിന്റെ ദുരന്തങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് ഇന്നത്തെ അവസ്ഥ? 1963 ആഗസ്ത് 28ന് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് ഉണ്ടായിരുന്നതില്‍ കൂടുതല്‍ എന്തെങ്കിലും കടന്നുപോയ 50 വര്‍ഷങ്ങളിലൂടെ അവര്‍ നേടിയിട്ടുണ്ടോ? എന്തായിരിക്കും ഇന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ലിങ്കന്‍ സ്മാരകത്തില്‍ വന്നുനിന്നാല്‍ പറയുക? തീര്‍ച്ചയായും അദ്ദേഹം പറയും, നമ്മള്‍ സ്വതന്ത്രരാണ് പക്ഷേ, തുല്യരല്ലെന്ന്. മൃഗീയമായ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ നമുക്കൊപ്പം ഉണ്ടായിരുന്ന പലരും തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പം ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല എന്നുകൂടി.

2004 ല്‍ ബറാക് ഒബാമ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് കറുത്തവന്റെ അമേരിക്കയെന്നോ വെളുത്തവന്റെ അമേരിക്കയെന്നോ ഒന്നില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നൊരു അമേരിക്കയേ ഉള്ളൂ എന്നുമാണ്. എന്നാല്‍, 2013 ആകുമ്പോഴേക്കും എന്താണ് സ്ഥിതി? ട്രെവോന്‍ മാര്‍ട്ടിന്റെ കൊലപാതകം, തീക്ഷ്ണമായ വംശീയ വിവേചനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വേദിയായി മാറിയ ഒരു വര്‍ഷത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. അമേരിക്കന്‍ പ്രസിഡന്റിനുപോലും തുറന്നുപറയേണ്ടിവന്നു ട്രെവോന്‍ മാര്‍ട്ടിന്റെ സ്ഥാനത്ത് തന്റെ മകനായിരുന്നെങ്കിലും, 35 വര്‍ഷങ്ങള്‍ക്കുമുമ്പ് താനായിരുന്നുവെങ്കിലും ഇതുതന്നെയായിരിക്കും സ്ഥിതിയെന്ന്.

2012 ലെ ആ വെടിവയ്പും 2013ലെ വിധിയും അമേരിക്കന്‍ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വിടവ് വളരെ വലുതാണ്. 86 ശതമാനം ആഫ്രിക്കന്‍ അമേരിക്കക്കാരും വിശ്വസിക്കുന്നത് തങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയില്‍ തുല്യത കിട്ടുന്നില്ല എന്നാണ്. കണക്കുകള്‍ പ്രകാരം 2007 മുതല്‍ വരുമാനത്തില്‍ ഏറ്റവുമധികം ഇടിവുസംഭവിച്ചത് കറുത്ത അമേരിക്കക്കാര്‍ക്കാണ്. അമേരിക്കന്‍ തടവറകളിലെ 2.3 മില്യണ്‍ വരുന്ന മൊത്തം ജയില്‍പ്പുള്ളികളുടെ 40 ശതമാനവും കറുത്ത വംശജരാണ്. ഒരു പഠനം അനുസരിച്ച് അമേരിക്കയിലെ വ്യവസായ സംരംഭകരില്‍ ഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസം നേടിയ വെളുത്ത വംശജരായ പുരുഷന്മാരാണ്. ഇവര്‍ ശരാശരി അമേരിക്കക്കാരേക്കാളധികം ആക്രമണോത്സുകരും നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുമാണ്. ഈ പഠനത്തെ ആധാരമാക്കി ജോര്‍ദാന്‍ വൈസ്മാനെപ്പോലുള്ള എഴുത്തുകാര്‍ പറയുന്നത് അമേരിക്കയിലെ ബിസിനസ് രംഗത്ത് നിലനില്‍ക്കുന്ന വെളുത്ത പുരുഷ മേല്‍ക്കോയ്മയെപ്പറ്റിയാണ്. സമ്പന്നനായ വെളുത്ത പുരുഷനായി ജനിക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യേകത യുവത്വത്തിലെ എടുത്തുചാട്ടങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയെ നേരിടേണ്ടിവരില്ല എന്നതാണ്. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തോടുകൂടി തൊഴിലില്ലായ്മ രൂക്ഷമായ അവസ്ഥയിലേക്ക് തിരികെയെത്തി. സാമ്പത്തിക മാന്ദ്യത്തില്‍ 9.6 എന്ന ഭയാനകമായ അവസ്ഥയില്‍ തൊഴിലില്ലായ്മ എത്തി. പക്ഷേ, 2002 മുതല്‍ 2005 വരെയുള്ള മാന്ദ്യത്തിനു മുമ്പുള്ള കാലത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമായിരുന്നു. 2008നു ശേഷം ഇത് 10 ശതമാനത്തിനപ്പുറത്തേക്ക് വളര്‍ന്നു. കടന്നുപോയ 50 വര്‍ഷവും കറുത്തവംശജരുടെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിനു മുകളില്‍തന്നെയാണ്. എന്നാല്‍, വെളുത്തവംശജര്‍ക്കിടയില്‍ സാമ്പത്തിക മാന്ദ്യംപോലെയുള്ള ഇടക്കാലങ്ങളില്‍മാത്രമാണ് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് അനുഭവപ്പെട്ടത്.

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വെളുത്തവംശജര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി. പക്ഷേ, ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരോട് സമ്പദ്വ്യവസ്ഥ നീതിപുലര്‍ത്തിയില്ല. 28 ശതമാനം ആഫ്രിക്കന്‍ അമേരിക്കക്കാരും 37 ശതമാനം ആഫ്രിക്കന്‍ അമേരിക്കന്‍ കുട്ടികളും ഔദ്യോഗിക കണക്കുകള്‍ പ്രകാരംതന്നെ ദരിദ്രരാണ്. ആഫ്രിക്കന്‍ അമേരിക്കകാരുടെയും ഹിസ്പാനിക് വംശജരുടെയും വരുമാനം യൂറോപ്യന്‍ അമേരിക്കക്കാരുടെ വരുമാനത്തിന്റെ പകുതിമാത്രമാണ്. കഴിഞ്ഞ 30 വര്‍ഷമായി ഈ നിലയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. സ്വത്തിന്റെ കാര്യം എടുത്താല്‍ വെളുത്ത അമേരിക്കക്കാര്‍ കറുത്തവംശജരെയും ഹിസ്പാനിക് വംശജരെയുംകാള്‍ വളരെ മുന്നിലാണ്. അമേരിക്കന്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മുന്തിയ സ്ഥലങ്ങളില്‍മാത്രം താമസിക്കുന്ന ഭൂരിപക്ഷം വരുന്ന വെളുത്തവര്‍ക്ക് ആവാസപരമായും സാമൂഹികമായും വലിയ അകല്‍ച്ചയാണ് തൊഴിലാളികളും താഴ്ന്ന ജീവിതനിലവാരമുള്ളവരുമായ ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുമായി ഇന്നും ഉള്ളത്. രൂക്ഷമായ തൊഴിലില്ലായ്മകൊണ്ട് പൊറുതിമുട്ടുന്ന ഒരു തൊഴില്‍ കമ്പോളത്തില്‍ അനീതിയുടെ പണാധിപത്യവുമായി ഏറ്റുമുട്ടേണ്ടിവരുന്ന വലിയൊരു വിഭാഗം കറുത്ത അമേരിക്കക്കാരന്റെയും ജീവിതസമരം വെളുത്ത അമേരിക്കയ്ക്ക് അദൃശ്യമാണ്. പ്രമുഖ ആഫ്രിക്കന്‍ അമേരിക്കന്‍ സാഹിത്യ വിമര്‍ശകനായ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയര്‍ പറയുന്നത്, കറുത്തവര്‍ക്കെതിരെയുള്ള വിവേചനം അവസാനിക്കണമെങ്കില്‍ അമേരിക്കയുടെ ദേശീയ സംസ്കാരവും സാംസ്കാരികമായ പെരുമാറ്റങ്ങളും മാറേണ്ടതുണ്ട് എന്നാണ്. അത് സംഭവിക്കേണ്ടത് വളരെ ചിട്ടയോടും അടിച്ചേല്‍പ്പിക്കപ്പെടാത്തതുമായ രീതിയിലാണ്. ഇതിനു തുടക്കമിടേണ്ടത് സ്കൂളുകളിലാണ്. നല്ലതിനും മോശം കാര്യത്തിനും ഒരു പൗരനെ ദീര്‍ഘകാലമായി ക്രമപ്പെടുത്തി എടുക്കുന്നതിനുള്ള പ്രഥമ വേദിയാണ് സ്കൂള്‍. ഒരു അമേരിക്കക്കാരനെ സ്കൂളുകളില്‍ വാര്‍ത്തെടുക്കുന്നത് പൊതുവില്‍ നിലനില്‍ക്കുന്ന അമേരിക്കന്‍ സംസ്കാരങ്ങളിലുള്ള വിശ്വാസത്തിലൂടെയാണ്. ഔദ്യോഗികമായി നിലനില്‍ക്കുന്ന അമേരിക്കന്‍ ചരിത്രംതന്നെ തുടങ്ങുന്നത് "ഇത് നിങ്ങളാല്‍ രചിക്കപ്പെട്ടത്" എന്ന് അര്‍ഥമുള്ള ദേശീയ ഗാനത്തിലൂടെയാണ്. "പൂര്‍വികര്‍ മരിച്ചു മണ്ണടിഞ്ഞ, തീര്‍ഥാടകര്‍ അഭിമാനിക്കുന്ന എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ നാദമുയരുന്ന എന്റെ രാജ്യമേ, ഞാന്‍ പാടുന്നു സ്വാതന്ത്ര്യത്തിന്റെ മധുരമൂറുന്ന ഈ നാട് രചിക്കപ്പെട്ടിരിക്കുന്നത് നിങ്ങളിലൂടെയാണ്" എന്നിങ്ങനെ പോകുന്ന ആ ദേശീയ ഗാനം അടിമത്തത്തിന്റെ പീഡനങ്ങളിലൂടെ കടന്നുപോയ കറുത്ത അമേരിക്കക്കാര്‍ പാടുന്നത് ഏത് സ്വാതന്ത്ര്യത്തിന്റെ പേരിലാണ്? ആരോഗ്യസുരക്ഷയ്ക്ക് ഒബാമ കെയര്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ഇന്‍ഷുറന്‍സ് നടപ്പായിവരുന്ന ഈ സമയത്തും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അത് ഒരു പരിഹാരമാകുന്നില്ല എന്നതാണ് സത്യം. ആഫ്രിക്കന്‍ സംസ്കാരത്തിന്റെ ഭാഗമായി കിട്ടിയ പൊണ്ണത്തടിതന്നെയാണ് അവര്‍ അനുഭവിച്ചിരുന്ന വലിയ ആരോഗ്യ പ്രശ്നം. എന്നാല്‍, ഇന്ന് സാംസ്കാരികമായ തെറ്റിദ്ധാരണകളെ ഒക്കെ പുരോഗമന ചിന്ത മാറ്റിമറിച്ചിട്ടുണ്ട്. പൊണ്ണത്തടി നല്ലത് എന്ന ധാരണയ്ക്ക് ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തില്‍ മാറ്റംവന്നിട്ടുണ്ട്. പക്ഷേ, മാരകമായ ഒരു പകര്‍ച്ചവ്യാധി അവസാനിക്കുന്നിടത്ത് മറ്റൊന്നു തുടങ്ങുന്ന ദുരന്തമാണ് ആഫ്രിക്കന്‍ ജീവിതത്തെ കാത്തിരിക്കുന്നതെന്ന് തോന്നും എയ്ഡ്സിന്റെ വരവോടെ. എയ്ഡ്സിന്റെയും ശിശുമരണനിരക്കിന്റെയും അവസ്ഥകള്‍ ഇതാണു തെളിയിക്കുന്നത്.

ഈ ദുരന്തങ്ങളുടെയൊക്കെ കാരണവും രോഗാവസ്ഥയുമൊക്കെ പലതാവാം. പക്ഷേ, ഒരു സമൂഹമെന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന ദുരന്തങ്ങളാണ് ഇതൊക്കെ. ജോന്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ഡിസ്പാരിറ്റിസ് സൊലൂഷന്‍സ് തലവന്‍ തോമസ് ലവെസ്റ്റ് പറയുന്നത്, ഏറ്റവും കുറഞ്ഞ അടിസ്ഥാനത്തിലുള്ള ആരോഗ്യകരമായ ജീവിത രീതികള്‍ നയിക്കാന്‍ 2013ലും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് നിരവധി കടമ്പകള്‍ ഉണ്ടെന്നാണ്്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒന്ന് ആന്തരികവും മറ്റൊന്ന് ബാഹ്യവുമായ കാരണങ്ങളാണ്. അടിമത്തത്തിന്റെ പിന്തുടര്‍ച്ചയില്‍നിന്ന് തലമുറകളായി കൈവന്ന ആരോഗ്യ സുരക്ഷയെ നിഷേധിക്കുന്ന സാംസ്കാരികമായ പാരമ്പര്യം. അത് ആരോഗ്യനിരക്ഷരതയുടെയും ട്രാന്‍സ് അറ്റ്ലാന്റിക് അടിമത്തവ്യാപാരത്തിന്റെയും പിന്തുടര്‍ച്ചയാണ്.

*
റജി പി ജോര്‍ജ്, ന്യൂയോര്‍ക്ക് ദേശാഭിമാനി 27 സെപ്തംബര്‍ 2013

1 comment:

indrasena indu said...

അമേരിക്കയിൽ എന്നല്ല ലോകം മുഴുവൻ തന്നെ കറുത്തവർ കടുത്ത വിവേചനം അനുഭവിക്കുന്നുണ്ട് ....
എന്നാൽ പാകിസ്താനിലെ ഹിന്ദുക്കളെ പോലെയോ
ഇസ്രായേലിലെ അറബികളെ പോലെയോ
അവര്ക്കെതിരെ നിയമങ്ങൾ ഒന്നും അമെരിക്കയിൽ നിലവിൽ ഇല്ല
തുല്യ അവസരങ്ങൾ,തുല്യ നീതി എല്ലാം ഉണ്ട്
എന്നാൽ ഭാരതത്തിലെ മുസ്ലിമുകളെ പോലെ
ജീവിത യോധനത്തിനു പലപ്പോഴും ഇവർ തിരഞ്ഞെടുക്കുക
എളുപ്പ വഴികൾ ആവും
സമൂഹത്തിലെ ഒരു ചെറു ന്യൂന പക്ഷം ചെയ്യുന്ന സാമൂഹ്യ വിരുദ്ധ കുറ്റ കൃത്യങ്ങൾ..ഒരു ജന വിഭാഗത്തെ മുഴുവൻ മോശമാക്കി ചിത്രീകരിക്കാൻ ഇട വരുത്തുന്നു എന്നതാണ് വാസ്തവം