Thursday, September 19, 2013

ജെസ്സി ഓവന്‍സ്: ഓര്‍ത്തിരിക്കേണ്ട ജന്മശതാബ്ദി

ആര്യരക്തത്തിന്റെ മഹിമയെ സംബന്ധിച്ച് സിദ്ധാന്തങ്ങള്‍ ചമച്ച, ക്രൂരനായ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്ലറുടെ മുമ്പില്‍ ഇടിമിന്നലായി പുതിയ ചരിത്രം സൃഷ്ടിച്ച കറുത്ത വംശജന്‍ ജെസ്സി ഓവന്‍സ് ജനിച്ചിട്ട് ഈ സെപ്തംബര്‍ 12ന് നുറുവര്‍ഷം തികഞ്ഞു. ചില മാധ്യമങ്ങളില്‍ ചെറിയ കുറിപ്പുകളല്ലാതെ അധികം ആഘോഷങ്ങളൊന്നും എങ്ങും കണ്ടില്ല. അങ്ങനെ മറന്നുപോകേണ്ട വ്യക്തിയല്ല ജെസ്സി ഓവന്‍സ്. 1936 ലെ ബെര്‍ലിന്‍ ഒളിംപിക്സിലാണ് ഓവന്‍സ് ഹിറ്റ്ലറുടെ അഹങ്കാരത്തിന് മേല്‍ ഇടിത്തീയായത്. ആര്യരക്തമുള്ളവന്‍ ജയിക്കാനും കീഴടക്കാനും പിറന്നവനാണെന്നായിരുന്നു ഹിറ്റ്ലറുടെ പക്ഷം. അതുകൊണ്ടുതന്നെ എല്ലാ വിജയവും തങ്ങള്‍ക്കു തന്നെയെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, അവിടെ ജയിച്ചത് ജെസ്സി ഓവന്‍സായിരുന്നു. മിന്നല്‍പിണര്‍ പോലെ കുതിച്ച ഓവന്‍സിന് മുന്നില്‍ ഹിറ്റ്ലറുടെ ആര്യന്‍മാര്‍ കിതച്ചുവീണു. കണ്ണടച്ചുതുറക്കുന്നതിനിടയില്‍ നൂറുമീറ്ററിന്റെ വരക്കപ്പുറത്തേക്ക് പുതിയ ചരിത്രം സൃഷ്ടിച്ച് ആ പ്രതിഭ പാഞ്ഞുപോയി. 10.35 സെക്കന്റില്‍. വിജയിച്ചവര്‍ക്ക് മെഡല്‍ സമ്മാനിക്കേണ്ടത് ഹിറ്റ്ലറായിരുന്നു. എന്നാല്‍, അദ്ദേഹം ജര്‍മന്‍ വംശജര്‍ക്ക് മാത്രം കൈകൊടുക്കാന്‍ തയ്യാറായുള്ളൂ. ഒളിംപിക് കമ്മിറ്റിക്കാരുടെ തുടര്‍ച്ചയായ അഭ്യര്‍ഥനയെ ഹിറ്റ്ലര്‍ അവഗണിക്കുകയായിരുന്നു.

ഇതൊന്നും ജെസ്സി ഓവന്‍സിനെ തളര്‍ത്തിയില്ല. കൂടുതല്‍ കരുത്തോടെ മറ്റിനങ്ങളിലും അദ്ദേഹം വിജയം കൊയ്തു. ആഗസ്ത് മൂന്നിനു ലോങ്ജമ്പില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച ഓവന്‍സ് പിറ്റേദിവസം 200 മീറ്ററിലും സ്വര്‍ണം കൊയ്തു. 4ഃ100 മീറ്റര്‍ റിലേയില്‍ വിജയിച്ചതോടെ നാലിനങ്ങളിലും സ്വര്‍ണം നേടുന്ന താരമായി ഓവന്‍സ് മാറി. 1984 ല്‍ കാള്‍ ലൂയീസ് നാലിനങ്ങളിലും സ്വര്‍ണം നേടുന്നതുവരെ ആ റെക്കാര്‍ഡ് അപരാജിതമായി നിന്നു. ഇപ്പോള്‍ മറ്റൊരു കറുത്തവംശജന്‍ പുതിയ വേഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ജമൈക്കകാരന്‍ ഉസൈന്‍ ബോള്‍ട്ട്. രണ്ട് ഒളിംപിക്സുകളില്‍ സ്പ്രിന്റ് ഡബിള്‍ എന്ന റെക്കോര്‍ഡ് ബോള്‍ട്ടിനു മാത്രം സ്വന്തം. രണ്ടു ഒളിംപിക്സിലും തുടര്‍ച്ചയായി 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കുക എളുപ്പമല്ല. ജമൈക്ക എന്ന കരീബിയന്‍ രാജ്യം ഇപ്പോള്‍ വേഗത്തിന്റെ പുതിയ ചരിത്രസ്രഷ്ടാക്കള്‍ക്ക് ജന്മം നല്‍കുന്ന ഇടമായി മാറിക്കഴിഞ്ഞു.

ജെസി ഓവന്‍സ് പ്രതിനിധാനം ചെയ്തത് അമേരിക്കയെ ആയിരുന്നു. ഹിറ്റ്ലര്‍ക്കും ജര്‍മനിക്കും മാത്രമല്ല അമേരിക്കക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരായിരുന്നില്ല കറുത്തവംശജര്‍. ബെര്‍ലിന്‍ ഒളിംപിക്സില്‍ അമേരിക്ക സ്വന്തമാക്കിയ 11 സ്വര്‍ണത്തില്‍ ആറും കറുത്തവംശജര്‍ നേടിയതായിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍ട്ട് കറുത്ത വംശജരായ അത്ലറ്റുകളുടെ മികവിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. അന്നെല്ലാം ടെലഗ്രാം അയച്ചാണ് അഭിനന്ദിക്കുന്നത്. ഓവന്‍സിനെ തേടി റൂസ്വെല്‍ട്ടിന്റെ കമ്പി എത്തിയില്ല. വിജയം നേടിയവരെ വെള്ളക്കൊട്ടാരത്തിലേക്ക് ക്ഷണിച്ച് പ്രസിഡന്റിന്റെ വക ഡിന്നര്‍ നല്‍കുന്ന പതിവും തെറ്റിച്ചു. 1976ലാണ് ഓവന്‍സിനെ അമേരിക്ക ഒരു പുരസ്കാരം നല്‍കി ആദരിക്കുന്നത്. നാലു വര്‍ഷത്തിന് ശേഷം ജെസ്സി ഓവന്‍സ് ലോകത്തോട് വിട പറഞ്ഞു. എല്ലാ ദിവസവും രാജ്യസഭ സമ്മേളിക്കുന്നതിനു മുമ്പ് ഉപരാഷ്ട്രപതിയുടെ ചേംബറില്‍ വിപ്പുമാരുടെ യോഗം പതിവുണ്ട്. ടീ ക്ലബ്ബെ ന്നാണ് ഹമീദ് അന്‍സാരി തമാശക്ക് അതിനെ വിളിക്കുക. ബ്ലാക്ക് മണിയെക്കുറിച്ച് ചര്‍ച്ച വേണമെന്ന ആവശ്യം വന്നപ്പോള്‍ ബ്ലാക്ക് എങ്ങ നെയാണ് എല്ലാ അധമകാര്യങ്ങളുടെയും പ്രതീകമായത് എന്ന് അദ്ദേഹം ചോദിച്ചു. ബ്ലാക്ക് മെയില്‍ തുടങ്ങി നിരവധി വാക്കുകള്‍ നമുക്ക് ഇങ്ങനെ കണ്ടെത്താമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വാക്കിന്റെ ചരിത്രവും രാഷ്ട്രീയവും സൂക്ഷ്മമായി പിന്തുടരുന്നവര്‍ക്ക് ഇത്തരം നിരവധി പ്രയോഗങ്ങള്‍ കാണാന്‍ കഴിയും. കറുത്തവംശജന് ലോകത്തെവിടെയും ദുരിതമായിരുന്നു. ജെസി ഓവന്‍സ് ദുരിതങ്ങളിലൂടെയാണ് യാത്ര ചെയ്തത്. ഏഴാം വയസ്സുമുതല്‍ കുടുംബം പോറ്റാന്‍ ജോലിക്ക് പോകാന്‍ തുടങ്ങി. പഠനകാലത്താണ് അത്ലറ്റിക്സില്‍ മത്സരിക്കാന്‍ തുടങ്ങിയത്. ഒഷിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ ലോകറെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ചെറുപ്പക്കാരന്‍ അതിവേഗം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ പ്രസംഗം ഇപ്പോള്‍ വീണ്ടും ലോകം ഓര്‍ത്തു. തനിക്ക് ഒരു സ്വപ്നമുണ്ടെന്ന ചരിത്രപ്രാധാന്യം നിറഞ്ഞ വാക്കുകള്‍ ഒബാമയുടെ പ്രസിഡന്‍സിയില്‍ തീരുന്നതല്ല. ഒരു വ്യക്തിയുടെ അധികാരം നയങ്ങളെ തിരുത്തുന്നില്ലെന്ന് ഒബാമ ദിവസം ചെല്ലുംതോറും ലോകത്തെ ഓര്‍മിപ്പിക്കുന്നു. ആധിപത്യത്തിന്റെയും വംശമേധാവിത്വത്തിന്റെയും നയങ്ങള്‍ തന്നെയാണ് ഒബാമയും പിന്തുടരുന്നത്. വെള്ളക്കാരന്റെ വര്‍ണാധിപത്യ ചിന്തകള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച നിരവധി മഹദ്വ്യക്തികളെ ചരിത്രത്തില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയും. ലോകാധിപത്യത്തിനായി കരുക്കള്‍ നീക്കിക്കൊണ്ടിരുന്ന ഫാസിസ്റ്റ് ഭരണാധികാരിയുടെ മുമ്പില്‍ പതറാതെ പറക്കാന്‍ കഴിഞ്ഞുവെന്നതാണ് ഓവന്‍സിന്റെ മികവ്. അതാണ് ചരിത്രം. ഹിറ്റ്ലറിന്റെ ആര്യാധിപത്യ മോഹങ്ങളെ ലോകം ചെറുത്തുതോല്‍പ്പിച്ചു. ജെസി ഓവന്‍സിന്റെ നൂറാം ജന്മവാര്‍ഷികം ചരിത്രത്തിലൂടെയുള്ള സഞ്ചാരത്തിനും തിരിച്ചറിവുകള്‍ക്കുമുള്ള സന്ദര്‍ഭം കുടിയാണ്. അത് സ്പോര്‍ട്സ് വാര്‍ത്തയുടെ ചതുരത്തില്‍ ഒതുങ്ങേണ്ടയൊന്നല്ല.

*
പി രാജീവ് ദേശാഭിമാനി വാരിക

Picture Courtesy: Wikipedia

1 comment:

കാസിം തങ്ങള്‍ said...

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി.