Wednesday, September 11, 2013

കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍

ചര്‍ച്ചകളിലൂടെയും അനുരഞ്ജനങ്ങളിലൂടെയും സഭ നടത്തിക്കൊണ്ടുപോകാനുള്ള ഭരണ- പ്രതിപക്ഷ പാര്‍ടികളുടെ ശ്രമത്തിന് ഫലം കണ്ടതോടെയാണ് തുടര്‍ച്ചയായ അനിശ്ചിതത്വത്തിനുശേഷം സഭ വീണ്ടും സമ്മേളിച്ചത്. ഭക്ഷ്യസുരക്ഷ, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ നിയമങ്ങള്‍ ഏറെനേരത്തെ ചര്‍ച്ചയ്ക്കുശേഷമാണ് ഇരുസഭകളും അംഗീകരിച്ചത്. ഈ ബില്ലുകളുടെ ചര്‍ച്ചയില്‍ ഇടതുപാര്‍ടികള്‍ അതീവ ജാഗ്രത കാണിച്ചു. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ മുന്നൂറ്റമ്പതോളം ഭേദഗതികളാണ് അവതരിപ്പിക്കപ്പെട്ടത്. ഇത്തരമൊരു നിയമത്തിന്റെ പ്രസക്തി സംബന്ധിച്ച് ഇടതുപാര്‍ടികള്‍ നേരത്തെതന്നെ അഞ്ച് കോടിയിലേറെ പേര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ബില്ലിന്റെ ചര്‍ച്ചയില്‍ സിപിഐ എം അംഗങ്ങളാണ് ഏറ്റവുമധികം ഭേദഗതികള്‍ (47) നിര്‍ദേശിച്ചതും. പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കാനുള്ള ശക്തമായ സമീപനം പാര്‍ടി സ്വീകരിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ഇത്തരമൊരു നിയമം നടപ്പാക്കുമ്പോള്‍ അതിനാവശ്യമായ തുക ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാത്തതും സംഭരണരംഗത്തെ ഗുരുതരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി.

ബില്‍ നിയമമാകുന്നതോടെ കേരളം, തമിഴ്നാട് ഉള്‍പ്പെടെ പതിനെട്ടോളം സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവില്‍ കുറവ് വരും. ഇപ്പോള്‍ത്തന്നെ കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യത്തിന്റെ 50 ശതമാനംമാത്രമാണ് ലഭിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കിയെങ്കിലും കുറവ് നികത്താന്‍ നല്‍കുന്ന ഭക്ഷ്യധാന്യത്തിന് എന്ത് വില ഈടാക്കും എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. സമാജ്വാദിപാര്‍ടി, ബിഎസ്പി, ആര്‍ജെഡി തുടങ്ങിയവയും മറ്റ് ചില ചെറുപാര്‍ടികളും സര്‍ക്കാരിനെ അനുകൂലിച്ചതുകൊണ്ടാണ് ഭേദഗതികള്‍ തള്ളപ്പെട്ടത്. ഓരോ വകുപ്പിനും ഭേദഗതികള്‍ അവതരിപ്പിക്കുകയും അത് വോട്ടിനിടുകയുംചെയ്ത് സര്‍ക്കാര്‍നയത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് പ്രതിപക്ഷം നടത്തിയത്. ചില ഭേദഗതികള്‍ക്ക് 177 വരെ വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിച്ചത് ശ്രദ്ധേയമാണ്. എ സമ്പത്താണ് സിപിഐ എമ്മിനുവേണ്ടി ഈ വിഷയത്തില്‍ സംസാരിച്ചത്.

ഭൂമി ഏറ്റെടുക്കല്‍ ബില്ലും നിശിതമായ വിമര്‍ശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായി. ഈ ബില്‍ പാസാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തു. ബില്ലിലെ പല വകുപ്പുകള്‍ക്കുമെതിരെ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ടപ്പോള്‍ ബിജെപി നിഷ്പക്ഷത പാലിക്കുകയോ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യുകയോ ആണ് ഉണ്ടായത്. ജെഡിയു ഇടതുപാര്‍ടികള്‍ക്കൊപ്പം ഉറച്ചുനിന്നു. ചില വിഷയങ്ങളില്‍ ഡിഎംകെ, എഐഎഡിഎംകെ, ശിരോമണി അകാലിദള്‍ അംഗങ്ങളും ഇടത് പാര്‍ടികള്‍ക്കൊപ്പംനിന്ന് വോട്ടുചെയ്യുന്ന സ്ഥിതി ഉണ്ടായി. ഭൂമിയുടെ മാര്‍ക്കറ്റുവില, പൊതു-സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള ഭൂമിയേറ്റെടുക്കല്‍ ഘട്ടത്തിലെ സമീപനങ്ങള്‍, ഭൂമി ഏറ്റെടുക്കുമ്പോള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങള്‍ ഇടതുപാര്‍ടികള്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ഉള്‍പ്പെട്ടിരുന്നു.

പലപ്പോഴും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പെന്‍ഷന്‍ ബില്‍ ഇപ്രാവശ്യം സര്‍ക്കാരിനു പാസാക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ പൂര്‍ണ സഹകരണം ലഭിച്ചതുകൊണ്ടാണ്. ബില്‍ പാസാക്കുന്നതിനെതിരെ ഇടതുപാര്‍ടികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. രണ്ടു ദിവസത്തേക്ക്് ബില്‍ മാറ്റിവയ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടത് ചര്‍ച്ചയ്ക്ക് വന്നു. പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിനുള്ള ആത്മഹത്യാപരമായ സമീപനത്തിന് ബിജെപി കൂട്ടുനിന്നു. സ്വകാര്യ കമ്പനി രൂപീകരണത്തെയും തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും വിഹിതം ഉള്‍പ്പെടെ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള നയത്തെയും ശക്തിയുക്തം എതിര്‍ത്തത് ഇടതുപാര്‍ടികളും മറ്റ് ചില പാര്‍ടികളും മാത്രമാണെന്ന് ചരിത്രം വിലയിരുത്തും. ബസുദേവ് ആചാര്യയാണ് ഈ ബില്ലില്‍ പാര്‍ടിയെ പ്രതിനിധാനംചെയ്ത്് സംസാരിച്ചത്. ഭേദഗതികളെല്ലാം തള്ളപ്പെട്ടു. തെരുവ് കച്ചവടക്കാരുടെ സംരക്ഷണം, ശുചീകരണ തൊഴിലാളികളുടെ സംരക്ഷണം, സിവില്‍ ഏവിയേഷന്‍ യൂണിവേഴ്സിറ്റി രൂപീകരണം തുടങ്ങിയ നിയമങ്ങളും പാര്‍ലമെന്റിനു മുമ്പാകെ വന്നു. ഇതുകൂടാതെ കേസില്‍ പ്രതികളായി പൊലീസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ ഉള്ളവര്‍ക്ക് വോട്ടുചെയ്യാനും മത്സരിക്കാനുമുള്ള അവസരം നിഷേധിക്കുന്ന സുപ്രീംകോടതി നിര്‍ദേശം മറികടക്കാനുള്ള പൗരാവകാശ നിയമത്തിനുള്ള ഭേദഗതിയും പാര്‍ലമെന്റ് അംഗീകരിച്ചു. ചര്‍ച്ചകൂടാതെ അംഗീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഹ്രസ്വമായ ചര്‍ച്ചയ്ക്ക് അവസരമുണ്ടായി.

1959ല്‍ പാര്‍ലമെന്റ് പാസാക്കിയ ഓഫീസ് ഓഫ് പ്രോഫിറ്റ് നിയമത്തിന്റെ ഭാഗമായി എംപിമാര്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന സ്ഥാപനങ്ങളുടെ തലവന്മാരായി ഇരിക്കാന്‍ പാടില്ല. 2003 ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ ദേശീയ പട്ടികജാതി- പട്ടികവര്‍ഗ കമീഷന്‍ വിഭജിക്കുകയും രണ്ടിനും പ്രത്യേകമായി കമീഷന്‍ നിലവില്‍ വരികയുംചെയ്തു. 2003 ല്‍ ഭരണഘടനാ ഭേദഗതി നിയമം വന്നിട്ടും അതിനെത്തുടര്‍ന്ന് നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ പട്ടികജാതി കമീഷന്റെയും പട്ടികവര്‍ഗ കമീഷന്റെയും അധ്യക്ഷന്മാര്‍ക്ക് ഓഫീസ് ഓഫ് പ്രോഫിറ്റ് നിയമത്തില്‍ ഒഴിവ് നല്‍കാനുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് പാര്‍ലമെന്റ് അംഗീകരിച്ചു. വിവരാവകാശ നിയമഭേദഗതി നിയമം ഈ സഭയില്‍ പാസാക്കാന്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍, ബില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നതിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ്- ബിജെപി- ടിഎംസി കക്ഷികള്‍ ചേര്‍ന്ന് ഇതിനെ അട്ടിമറിച്ചു. തുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന സഭയില്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഈ ഘട്ടത്തില്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ ഭരണകക്ഷി അംഗങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. കാരണം അവരും ഇതിനെ മാനസികമായി അംഗീകരിച്ചിരുന്നു.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ച സഭ പിരിയുന്നതിന് തൊട്ടുമുമ്പാണ് നടന്നത്. 14 വകുപ്പുകളിലെ ഉപധനാഭ്യര്‍ഥനകളിന്മേലുള്ള ചര്‍ച്ച സാധാരണപോലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള വേദിയായി. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, രൂപയുടെ വിലയിടിവ്, തൊഴിലില്ലായ്മ, കാര്‍ഷികപ്രശ്നങ്ങള്‍ തുടങ്ങിയ സുപ്രധാന പ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ ബഞ്ചുകള്‍ സര്‍ക്കാരിനെ പൂര്‍ണമായും നിരായുധരാക്കി. ഈ വിഷയത്തില്‍ ലോക്സഭയില്‍ സിപിഐ എമ്മിനു വേണ്ടി ഈ ലേഖകനാണ് സംസാരിച്ചത്. ആന്ധ്രപ്രദേശിലെ എംപിമാര്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കിയതിനാല്‍ ആഗസ്ത് 30 വരെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുന്ന സാഹചര്യമുണ്ടായി. 31 മുതല്‍ സെപ്തംബര്‍ ആറുവരെ സഭ നീട്ടിയതിനാല്‍ അവര്‍ വീണ്ടും ഹാജരാവുകയും തങ്ങളുടെ സമര പരിപാടികള്‍ തുടരുകയുംചെയ്തു. ഒരു ടിഡിപി എംപി നടുത്തളത്തിലിറങ്ങി ഇന്ദിരാഗാന്ധിയുടെ ഫോട്ടോ മുഖത്ത് പ്രദര്‍ശിപ്പിച്ചത് വാക്കേറ്റത്തിന് കാരണമാവുകയും സഭ നിര്‍ത്തിവയ്ക്കുകയുംചെയ്തു. ഇന്ദിരാഗാന്ധി സംയുക്ത ആന്ധ്രയ്ക്കു വേണ്ടിയാണ് നിലകൊണ്ടതെന്നും അതിനാല്‍ അവരെ ബഹുമാനിക്കുകയാണ് താന്‍ ചെയ്തതെന്നും എംപി വാദിച്ചു. തുടര്‍ന്ന് 12 എംപിമാരെ വീണ്ടും സസ്പെന്‍ഡ് ചെയ്തു. ലോക്സഭ ആറിന് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞപ്പോള്‍ രാജ്യസഭ ഒരു ദിവസംകൂടി വൈകിയാണ് പിരിഞ്ഞത്. ലോക്സഭ ചര്‍ച്ചചെയ്ത എല്ലാ കാര്യങ്ങളും രാജ്യസഭ ചര്‍ച്ചചെയ്ത് അംഗീകരിക്കേണ്ടതിനാലാണ്് ഈ താമസം വന്നത്. രാജ്യസഭയില്‍ ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സീതാറാം യെച്ചൂരി, ടി എന്‍ സീമ എന്നിവരും ഉപധനാഭ്യര്‍ഥനയില്‍ പി രാജീവും ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തില്‍ കെ എന്‍ ബാലഗോപാലും ആധാര്‍ വിഷയത്തില്‍ എം പി അച്യുതനും സംസാരിച്ചു. ലോക്സഭയിലെ മറ്റ് വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ എം ബി രാജേഷ്, പി കെ ബിജു എന്നിവര്‍ സംസാരിച്ചു.

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് മൃഗീയമായി പീഡിപ്പിച്ച വിഷയം ഭരണകക്ഷി എംപിമാരുടെ ബഹളത്തിനിടയിലും ഉന്നയിക്കാന്‍ സാധിച്ചു. ജനകീയപ്രശ്നങ്ങളിലും നയപരമായ കാര്യങ്ങളിലും ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഇടതുപാര്‍ടികളുടെ സമീപനം ഈ സമ്മേളനത്തില്‍ ഒരിക്കല്‍കൂടി വ്യക്തമാക്കപ്പെട്ടു. പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ ചര്‍ച്ചകളില്‍ ശക്തമായ സമീപനം സ്വീകരിച്ചുവെങ്കിലും വളരെ പ്രധാനപ്പെട്ട നിയമനിര്‍മാണ ഘട്ടങ്ങളില്‍ സര്‍ക്കാരിന് താങ്ങായി നിലകൊണ്ടത് ബിജെപിയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന്് ചില പ്രധാനവിഷയങ്ങളില്‍ താങ്ങും തണലുമായി അവര്‍ മുന്നോട്ടുവന്നു എന്നത് രണ്ടു കക്ഷികളുടെയും വര്‍ഗപരമായ സമീപനം തുറന്നുകാട്ടുന്നതായി.

*
പി കരുണാകരന്‍ ദേശാഭിമാനി 11 സെപ്തംബര്‍ 2013

No comments: