Sunday, September 29, 2013

ചതഞ്ഞരയുന്ന കുട്ടികള്‍

ഭാവിയുടെ വാഗ്ദാനങ്ങള്‍, രാജ്യത്തിന്റെ മുതല്‍ക്കൂട്ട്, വരുംനാളിന്റെ പ്രതീക്ഷകള്‍ - എന്നെല്ലാമുള്ള വിശേഷണങ്ങള്‍കൊണ്ട് കുട്ടികളെ പൊതിയാറുണ്ടെങ്കിലും ലോകയാഥാര്‍ഥ്യം മറ്റൊന്നാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ തമിഴ്നാട്ടിലെ പടക്കശാലകളിലും കര്‍ണാടകത്തിലെ ചായക്കടകളിലും ബിഹാറിലെ നിര്‍മാണ മേഖലയിലും ബാലവേല ഇപ്പോഴും തുടരുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശം കശക്കിയെറിഞ്ഞ രാജ്യങ്ങളില്‍ കുട്ടികള്‍ തീ തിന്നാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധ രൂപീകരണത്തില്‍ പോരാട്ടങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമൊപ്പം കലാസാഹിത്യ പ്രവര്‍ത്തനങ്ങളും സംഭാവന നല്‍കിയതായി കാണാം. അങ്ങനെ അമേരിക്കന്‍ കുട്ടികളുടെ തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റമുണ്ടാക്കിയതില്‍ ലെവിസ് ഹിനെയുടെ ഫോട്ടോകള്‍ക്കും മികച്ച സ്ഥാനമുണ്ട്.

ദാരിദ്ര്യം കുത്തിയൊഴുകിയ യൂറോപ്പില്‍നിന്ന് പച്ചപിടിക്കുകയായിരുന്ന അമേരിക്കയിലേക്കുണ്ടായ കൂട്ടകുടിയേറ്റത്തിന്റെ ഒഴുക്ക് പകര്‍ത്തിയ ആദ്യ ഫോട്ടോഗ്രാഫര്‍മാരിലൊരാളായിരുന്നു അദ്ദേഹം. സാമൂഹ്യ ചലനങ്ങളെ സ്വാധീനിക്കാന്‍ പറ്റിയ ഉപകരണമായി ക്യാമറയെ കണക്കാക്കിയ ഹിനെയുടെ ജനനം 1874-ല്‍ അമേരിക്കയിലെ ഒഷ്കോഷിലായിരുന്നു. അപകടത്തില്‍പ്പെട്ട് അച്ഛന്‍ മരിച്ചത് അവനില്‍ കുറേ ഭാരങ്ങള്‍ ഏല്‍പ്പിച്ചു. കോളേജ് പഠനത്തിന് പണം സ്വരൂപിക്കാന്‍ പല ജോലികളും എടുക്കേണ്ടി വന്നു. ചിക്കാഗോ, കൊളംബിയ, ന്യൂയോര്‍ക്ക് സര്‍വകലാശാലകളിലായിരുന്നു ഉന്നതപഠനം. ന്യൂയോര്‍ക്ക് നഗരത്തിലെ എത്തിക്കല്‍ കള്‍ച്ചര്‍ സ്കൂളില്‍ അധ്യാപകനായ അദ്ദേഹം, ഫോട്ടോഗ്രാഫിയെ പഠനമാധ്യമമാക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 1906-ല്‍ റസ്സെല്‍ സെയ്ജ് ഫൗണ്ടേഷന്റെ സ്റ്റാഫ്, ഫോട്ടോഗ്രാഫറായി. പിറ്റ്സ്ബര്‍ഗ്, പെന്‍സല്‍വാനിയ തുടങ്ങിയ ജില്ലകളിലെ സ്റ്റീല്‍ നിര്‍മാണ കമ്പനികളെയും അവയിലെ ജനങ്ങളെയും പകര്‍ത്തിയത് അക്കാലത്ത്. ന്യൂയോര്‍ക്ക് തുറമുഖത്തിനടുത്ത എല്ലിസ് ദ്വീപിലേക്ക് അവരെ കൊണ്ടുപോയി ക്ലാസെടുക്കുകയുമുണ്ടായി. ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് വന്നുകൊണ്ടിരുന്നത്. 1904 - 09 കാലത്ത് മിക്ക ദിവസങ്ങളിലും തുറമുഖത്തെത്തുമായിരുന്നു. ആ പ്രവാഹത്തിന്റെ ഇരുന്നൂറിലധികം മികച്ച ചിത്രങ്ങള്‍ ക്യാമറയില്‍ നിറച്ചു.

1908-ല്‍ അധ്യാപനം ഉപേക്ഷിച്ച് നാഷണല്‍ ചൈല്‍ഡ് ലേബര്‍ കമ്മിറ്റിയുടെ ഫോട്ടോഗ്രാഫറായി. പിന്നീടുള്ള ഒരു ദശകം കുട്ടികളുടെ ദൈന്യതകള്‍ തേടിയുള്ള പര്യടനങ്ങള്‍. ബാലവേലയുടെ ഭിന്നമുഖങ്ങള്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചകളിലും അധികൃതരുടെ ശ്രദ്ധയിലുമെത്തിച്ചത് ആ ഫോട്ടോ പരമ്പര. 1911-ല്‍ പരുത്തിമില്ലുകളില്‍ ഇഴപൊട്ടി വീണ കൊച്ചുതൊഴിലാളികളെ ഒപ്പിയെടുത്തു. ഒന്നാം ലോകയുദ്ധവേളയില്‍ യൂറോപ്പിലെ അമേരിക്കന്‍ റെഡ്ക്രോസ് ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായി. വ്യാവസായിക വിപ്ലവം, ആധുനിക വ്യവസായത്തിന് തൊഴിലാളികള്‍ നല്‍കിയ സംഭാവന, 1930കളിലെ സാമ്പത്തിക കുഴപ്പം, വിവിധ ഫാക്ടറികളിലും തെരുവുകളിലും എറിഞ്ഞുടക്കപ്പെട്ട "ഭാവി വാഗ്ദാനങ്ങള്‍" - തുടങ്ങിയ നിലകളിലെല്ലാം ഹിനെ മനുഷ്യരെ തേടിപ്പോവുകയായിരുന്നു. ലോകം ഭംഗിയുള്ളതാക്കുന്നതില്‍ അധ്വാനം എത്രമാത്രം അനിവാര്യമാണെന്നും അടിവരയിട്ടു. കെട്ടിടങ്ങളുടെ അഞ്ചാം നിലയിലും മരച്ചില്ലകളിലും കയറിയും റോഡില്‍ കമിഴ്ന്ന് കിടന്ന് നിരങ്ങിയുമെല്ലാം ഫോട്ടോകളെടുത്തു. 1930-ലെ എമ്പേര്‍സ്റ്റേറ്റ് ബില്‍ഡിങ് നിര്‍മാണം ഒരു ചലച്ചിത്രത്തിലെന്നവണ്ണമാണ് അവ വിവരിച്ചത്. ഇവയെല്ലാമടക്കം "മെന്‍ അറ്റ് വര്‍ക്ക്" സമാഹാരം ഏറെ ശ്രദ്ധനേടി.

Carries Cranberries: 1910

1932-ല്‍ പുസ്തക രൂപത്തിലിറങ്ങിയ അതിന്റെ ആമുഖത്തില്‍ ഹിനെ എഴുതിയതിന്റെ ചുരുക്കം ""ഇതിനെയാണ് നാം യന്ത്രയുഗം എന്ന് വിളിക്കുന്നത്"" എന്നാണ്. പ്രതിഭാശാലിയായ ആ ഫോട്ടോഗ്രാഫറുടെ അവസാന നാളുകള്‍ ദുരിതങ്ങളുടെയും അവഗണനകളുടെയും തിരസ്കാരങ്ങളുടെയും കയ്പ് നിറഞ്ഞതായിരുന്നു. സര്‍ക്കാരും കോര്‍പറേറ്റ് സ്ഥാപനങ്ങളും പ്രോത്സാഹനവും സഹായവും നിര്‍ത്തിയത് വലിയ പ്രതിസന്ധിയായി. വീട് നഷ്ടപ്പെടുന്നതിലേക്കുവരെ വളര്‍ന്നു അത്. ഇത്രയും കഷ്ടതകള്‍ അവശേഷിപ്പിച്ചാണ് ഹിനെ വിടവാങ്ങിയതെങ്കിലും മകന്‍ കൊറിഡോണ്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ടിന് ഫോട്ടോകള്‍ കൈമാറാന്‍ തയ്യാറായി. ബാഹ്യപ്രേരണ നിമിത്തം അവരത് സ്വീകരിച്ചില്ല. പിന്നീട് ജോര്‍ജ് ഈസ്റ്റ്മാന്‍ ഹൗസ് ഏറ്റെടുക്കുകയായിരുന്നു. പതിനായിരം ഫോട്ടോകള്‍. അതുപോലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ അയ്യായിരത്തിലധികവും. വിവിധ കൃതികള്‍, സംവാദങ്ങളും ചര്‍ച്ചകളും, പഠനങ്ങള്‍, സ്ഥിതിവിവരണ പട്ടിക - തുടങ്ങിയവയെല്ലാം കുട്ടികളുടെ ദയനീയാവസ്ഥ തുറന്നു കാട്ടിയിരുന്നെങ്കിലും ഹിനെയെടുത്ത ആയിരക്കണക്കിന് ചിത്രങ്ങള്‍ ചെലുത്തിയ സ്വാധീനം ചരിത്രപരമായിരുന്നു. ഈ സ്വാധീനത്തിന്റെ കൗതുകം തുളുമ്പിയ ഒരേട് പലരുടെയും ഓര്‍മയിലുണ്ടാവാനിടയില്ല.
Rockfeller center construction site 1930
"ജീവിതത്തിലേക്കൊരു രക്ഷ" ഹിനെ സമാഹാരം പ്രശസ്ത ജനകീയ ഡോക്ടറും ഫോട്ടോഗ്രാഫറുമായ മാര്‍ക്ക് നൊവാന്‍സില്‍സ്കിയിലുണ്ടാക്കിയ പ്രചോദനം അഗാധമായിരുന്നു. വീടുവീടാന്തരം കയറിയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. വൃദ്ധരോഗകളുടെ വിവരണങ്ങള്‍ എഴുതിവെക്കുന്നതിനുപകരം അവരെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഈ ഡോക്യുമെന്റേഷന് ഏറ്റവും പ്രേരണയായതാവട്ടെ ഹിനെ യും. നൊവാന്‍സിന്‍സ്കിയുടെ അപൂര്‍വ രീതിയും മാതൃകയും മുന്‍നിര്‍ത്തി ഒരു സിനിമയും പിറന്നു. "ഹൗസ് കോള്‍സ്". ഇ യാന്‍ മക്ലിയോഡ് തിരക്കഥ യെഴുതി സംവിധാന ചെയ്ത ചിത്രം 2006ല്‍ ജെമിനി അവാര്‍ഡ് നേടുകയുണ്ടായി. മികച്ച സാമൂഹ്യ-രാഷ്ട്രീയ ഡോക്യുമെന്ററി വിഭാഗത്തിലായിരുന്നു അംഗീകാരം. മൂന്നു വൃദ്ധ രോഗികളുടെ അസ്വസ്ഥതകളും അവശത കളും ചികിത്സകനുമായുള്ള ബന്ധദാര്‍ഢ്യവും കോര്‍ത്തിണക്കിയ സിനിമക്കും ഹിനെയുടെ രചനകള്‍ ബലം നല്‍കി.

കുട്ടികളെക്കുറിച്ചുള്ള ഫോട്ടോകള്‍ പ്രത്യേകിച്ചും. ഫോട്ടോഗ്രാഫര്‍മാര്‍ കള്ളം പറയാറില്ല; എന്നാല്‍ കള്ളന്മാര്‍ക്കും ഫോട്ടോ എടുക്കാം എന്ന ഹിനെയുടെ വാക്കുകളുടെ ആന്തരിക സൂചനകളും മക്ലിയോഡിന് ആവേശമായിരുന്നിരിക്കണം. ബാലവേലയെക്കുറിച്ചുള്ള ഫോട്ടോകള്‍ പിടിച്ചതില്‍ ഹിനെ ഒരിക്കലും വിഷമിച്ചില്ല. ഇത്തരം കാര്യങ്ങളുടെ സാധ്യത ഭരണകേന്ദ്രങ്ങള്‍ക്ക് കാണിച്ചു കൊടുത്തു അവയെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

*
അനില്‍കുമാര്‍ എ വി deshabhimani

No comments: