Saturday, September 7, 2013

അമേരിക്കയില്‍നിന്ന് "രക്ഷകനോ"

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത്തെ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റതോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുകയാണെന്ന പ്രചാരണവും ശക്തമായി. തകര്‍ന്നടിയുന്ന രൂപയുടെ മൂല്യത്തിലും ഓഹരിക്കമ്പോളത്തിലും ഉണ്ടായ നേരിയ വര്‍ധന ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു പ്രചാരണം. അമേരിക്കയും പാശ്ചാത്യരാഷ്ട്രങ്ങളും പ്രതിനിധാനംചെയ്യുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ വക്താവായ രഘുറാം രാജന്‍ കേന്ദ്രബാങ്കിന്റെ അധിപനായതോടെ എല്ലാം ശുഭമായി പര്യവസാനിക്കുമെന്ന സന്ദേശമാണ് ചില മാധ്യമങ്ങള്‍പോലും വായനക്കാരിലെത്തിക്കുന്നത്.

സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ രഘുറാം രാജന്‍ ലോകപ്രസിദ്ധനാണ്. ഡല്‍ഹി ഐഐടിയിലും അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലും വിദ്യാഭ്യാസംനേടിയ രഘുറാം അമേരിക്കയിലെ ചിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. എന്നാല്‍, അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത് അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിലാണ്. അതായത് അമേരിക്കയും മറ്റ് പാശ്ചാത്യ രാഷ്ട്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ പതാകവാഹകനാണ് അമേരിക്കന്‍ പൗരത്വംകൂടിയുള്ള രഘുറാം രാജന്‍ എന്നര്‍ഥം. ഇന്ത്യ ചെന്നുപെട്ട സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനകാരണം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തുടരുന്ന സാമ്പത്തിക നയങ്ങളാണെന്നിരിക്കെ ആ നയങ്ങളുടെ ആരാധകനും നടത്തിപ്പുകാരനുമായ ഒരാള്‍ സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്തുമെന്ന് കരുതുന്നത് മൗഢ്യമാണ്.

റിസര്‍വ് ബാങ്ക് ഗവര്‍ണറാകുന്നതിന് തൊട്ടുമുമ്പ് പ്രമുഖ ദിനപത്രത്തിന് രഘുറാം നല്‍കിയ അഭിമുഖത്തില്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെല്ലാംതന്നെ കമ്പോളശക്തികളെ പിന്തുണയ്ക്കുന്നതാണ്. സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി പൊതുചെലവ് വര്‍ധിപ്പിക്കണമെന്ന ഇടതുപക്ഷപാര്‍ടികളുടെയും മറ്റും ആശയത്തെ അദ്ദേഹം പൂര്‍ണമായും തള്ളിക്കളയുന്നു. ഇടതുപക്ഷം മാത്രമല്ല, പോള്‍ക്രഗ്മാനെപ്പോലുള്ളവരും സര്‍ക്കാര്‍ പൊതുചെലവ് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, പൊതുചെലവ് വര്‍ധിപ്പിച്ച് ചോദനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നത് തെറ്റായ ധാരണയാണെന്ന് രഘുറാം പറയുന്നു. മുതലാളിത്തത്തിന്റെ ആചാര്യനായ ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ് പോലും താല്‍ക്കാലിക പ്രതിസന്ധി മറികടക്കുന്നതിനു മാത്രമാണ് പൊതുചെലവ് വര്‍ധിപ്പിക്കണമെന്ന് പറയുന്നതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിടുന്നവര്‍ക്ക് പൊതുചെലവ് വര്‍ധിപ്പിക്കല്‍ സിദ്ധാന്തത്തെ അംഗീകരിക്കാനാവില്ലെന്നും രഘുറാം കൂട്ടിച്ചേര്‍ക്കുന്നു. സാമ്പത്തിക വളര്‍ച്ചയിലൂടെമാത്രമേ ദാരിദ്ര്യവും പട്ടിണിയും മറ്റും അവസാനിപ്പിക്കാന്‍ കഴിയൂ എന്ന ഡോ. മന്‍മോഹന്‍സിങ്ങിന്റെ സിദ്ധാന്തത്തെയും രഘുറാം അംഗീകരിക്കുന്നു. വേഗം കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുന്നതെന്നും അതിനാല്‍ ഉത്തേജക പാക്കേജുകളും മറ്റും നല്‍കി സമ്പദ്വ്യവസ്ഥയെ താല്‍ക്കാലികമായി രക്ഷിക്കാമെങ്കിലും ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് വേണ്ടെതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച ലക്ഷ്യമാക്കിയുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുരൂപമായ ദീര്‍ഘകാല പദ്ധതികളാണ് കേന്ദ്ര ബാങ്കും കൈക്കൊള്ളേണ്ടതെന്ന് അദ്ദേഹം പറയുന്നു.

ഈ വീക്ഷണകോണില്‍ നിന്നുതന്നെയാണ് ലോകപ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞരായ ജഗദീഷ് ഭഗവതി-അമര്‍ത്യാസെന്‍ സംവാദത്തിലും രഘുറാം നിലപാടെടുത്തത്. വളര്‍ച്ചയില്‍ ഊന്നിയുള്ള ഗുജറാത്ത് മോഡല്‍ വികസനത്തെയാണ് ജഗദീഷ് ഭഗവതി പിന്തുണച്ചത്. ഇത്തരമൊരു വികസന മാതൃക സ്വീകരിച്ചതാണ് കേരളത്തിന്റെ വികസനത്തിനുപോലും കാരണമായതെന്നും ജഗദീഷ് ഭഗവതി പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പുനര്‍വിതരണത്തിലൂടെ മാത്രമേ സമഗ്രവളര്‍ച്ച നേടാന്‍കഴിയൂ എന്നാണ് കേരളം തെളിയിക്കുന്നതെന്ന് അമര്‍ത്യാസെന്‍ അഭിപ്രായപ്പെട്ടു. ഈ സംവാദത്തില്‍ അമര്‍ത്യാസെന്നിനൊപ്പം നില്‍ക്കാന്‍ രഘുറാം തയ്യാറായില്ല. കൊള്ളമുതലാളിത്തത്തെ തുറന്നെതിര്‍ത്ത് "ഷോക്ക്സിദ്ധാന്ത"വുമായി രംഗത്തുവന്ന നവോമി ക്ലിന്റിനെയും മറ്റും കടുത്ത ഭാഷയില്‍ രഘുറാം വിമര്‍ശിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍പോലും അവസരമാക്കി വന്‍കൊള്ളയാണ് കോര്‍പറേറ്റ് മുതലാളിത്തം നടത്തുന്നതെന്നാണ് നവോമിയുടെ വിമര്‍ശം. ഈ സിദ്ധാന്തത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുക വഴി കോര്‍പറേറ്റ് കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുമെന്ന പ്രഖ്യാപനമാണ് രഘുറാം നടത്തിയത്. കമ്പോള ശക്തികളെ നിശിതമായി വിമര്‍ശിക്കുന്ന ജോസഫ് സ്റ്റിഗ്ലിറ്റ്സിനെ തുറന്നെതിര്‍ക്കാനും അദ്ദേഹം തയ്യാറായി. സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന ചിക്കാഗോ സ്കൂളിനോട് ആഭിമുഖ്യമുണ്ടെന്ന് പറയുമ്പോഴും സര്‍ക്കാര്‍ നിയന്ത്രണം ശക്തമാകണമെന്ന വാദത്തെ അംഗീകരിക്കാന്‍ രഘുറാം തയ്യാറല്ല.

പൂര്‍ണമായും സാമ്പത്തിക ഉദാരവല്‍ക്കരണത്തിനൊപ്പം നില്‍ക്കുന്നതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കുന്നത്. മുന്‍ ഗവര്‍ണര്‍മാരായ വൈ വി റെഡ്ഡിയും സുബ്ബറാവുവും സര്‍ക്കാരുമായി പലഘട്ടത്തിലും ഇടഞ്ഞിരുന്നു. നയപരമായ കാര്യങ്ങളിലാണ് സുബ്ബറാവു ഭിന്നത പ്രകടിപ്പിച്ചത്. അതില്‍ ഏറ്റവും പ്രധാനം പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിലായിരുന്നു. പുതിയ ബാങ്കുകള്‍ വരുന്നതിനോട് സുബ്ബറാവുവിന് യോജിപ്പുണ്ടായിരുന്നില്ല. ചിദംബരവും സുബ്ബറാവുവും ഇക്കാര്യത്തില്‍ പരസ്യമായി ഏറ്റുമുട്ടി. അവസാനം സര്‍ക്കാരിന്റെ സമ്മര്‍ദഫലമായി പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും റിയല്‍ എസ്റ്റേറ്റ് കമ്പനി ഉള്‍പ്പെടെ ബാങ്കുകള്‍ തുടങ്ങുന്നതിനെ സുബ്ബറാവു ശക്തമായി എതിര്‍ത്തു. റിസര്‍വ് ബാങ്കിന്റെ അധികാരത്തെ ചോദ്യംചെയ്ത് ധനമന്ത്രാലയത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോഴും അദ്ദേഹം എതിര്‍ത്തു.

പുതിയ ഗവര്‍ണര്‍ ഈ രണ്ട് കാര്യത്തിലും സര്‍ക്കാരിനൊപ്പമാണ്. അദ്ദേഹം അധികാരമേറ്റെടുത്ത് ആദ്യം നടത്തിയ പ്രഖ്യാപനം ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നാണ്. റിസര്‍വ്ബാങ്കിന് സ്വയംഭരണം വേണമെങ്കിലും ചില നിയന്ത്രണങ്ങളാകാമെന്നാണ് രഘുറാമിന്റെ നിലപാട്. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതുപോലെ രഘുറാം രാജന്‍ വന്നതുകൊണ്ടുമാത്രം ഇന്ത്യന്‍ സമ്പദ്രംഗം രക്ഷപ്പെടാന്‍ പോകുന്നില്ല. രൂപയുടെ മൂല്യത്തകര്‍ച്ചയും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് കൈക്കൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ വിജയപരാജയങ്ങള്‍. സാമ്പത്തികവിദഗ്ധനായ വില്യം പെസക്കിന്റെ വാക്ക് കടമെടുത്താല്‍ കിണറ്റിലെ തവളമാത്രമാണ് രഘുറാം രാജന്‍.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: