Friday, September 20, 2013

പുതുതലമുറ കോഴ്സുകളും സ്വയംഭരണ കോളേജുകളും

നവലിബറല്‍ നയങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ നിഘണ്ടുവിന് ഒട്ടേറെ പുതിയ പദങ്ങള്‍ "സംഭാവന" ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രൊവൈഡേഴ്സ് ആയി. അധ്യാപകര്‍ ഫെലിസിറ്റേറ്റര്‍ ആയി. വിദ്യാര്‍ഥികള്‍ ഉപയോക്താക്കള്‍ ആയി. കോഴ്സുകള്‍ പ്രോഗ്രാമുകളും പരീക്ഷകള്‍ കോഴ്സുകളുമായി. ഇപ്പോഴിതാ മറ്റൊരു പേര്. പുതുതലമുറ കോഴ്സുകള്‍ . സംഗതി സ്വാശ്രയം തന്നെ. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് എഡ്യൂക്കേഷണല്‍ പ്രൊവൈഡേഴ്സും ന്യൂ ജനറേഷന്‍ കോഴ്സുകളുമാണ്.

2013 ആഗസ്തില്‍ വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രഖ്യാപനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി. സുപ്രീംകോടതിയും സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുകയുണ്ടായി. മലപ്പുറം ജില്ലയിലെ താനൂരില്‍ ആരംഭിച്ച ഗവണ്‍മെന്റ് കോളേജ് ഉദ്ഘാടനംചെയ്ത് ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വയംഭരണ കോളേജുകളുടെ അനിവാര്യത ചൂണ്ടിക്കാട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചപ്പോള്‍ പരമ്പരാഗത കോഴ്സുകള്‍ക്ക് പകരം പുതുതലമുറ കോഴ്സുകള്‍ കൊണ്ടുവന്ന് വിദ്യാഭ്യാസത്തില്‍ കേരളത്തെ മാതൃകാ സംസ്ഥാനമാക്കുമെന്ന് മന്ത്രി അബ്ദുറബ്ബും പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ നേരിട്ട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താന്‍ വന്‍കിട കുത്തകകളെ അനുവദിക്കാനുള്ള നീക്കം തുടങ്ങിയിട്ട് ഏറെ നാളായി. അതിന്റെ ഭാഗമായി അവതരിപ്പിച്ച വിദേശ സര്‍വകലാശാലാ ബില്ലിന് ഇനിയും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കുറുക്കുവഴിയിലൂടെ വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വിദേശ സര്‍വകലാശാലകള്‍ക്കും കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനായി ഋെമേയഹശവൊലിേ മിറ ഛുലൃമശേീി ീള ഇമാുൗലൈ ീള ളീൃലശഴി ഋറൗരമശേീിമഹ കിെശേേൗശേീിെ ഞൗഹലെ എന്ന ചട്ടത്തിനു തന്റെ മന്ത്രാലയം രൂപം നല്‍കിയതായി മാനവശേഷി വികസനമന്ത്രി പള്ളം രാജു, കെ എന്‍ ബാലഗോപാല്‍ എംപിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.

1956ലെ ഇന്ത്യന്‍ കമ്പനീസ് ആക്ടിന്റെ ഇരുപത്തഞ്ചാം വകുപ്പനുസരിച്ച് ആര്‍ക്കുവേണമെങ്കിലും ഇന്ത്യയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ചെയ്ത് നടത്താമെന്നാണ് വ്യവസായവകുപ്പിന്റെയും ധനമന്ത്രാലയത്തിന്റെയും കണ്ടെത്തല്‍. കമ്പനി ആക്ടിന് കീഴിലാകുമ്പോള്‍ വിദ്യാഭ്യാസസ്ഥാപനത്തിന്റെ പേരില്‍ ഓഹരികളും ബോണ്ടുകളും വിപണിയിലിറക്കാന്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അവസരം ലഭിക്കും. അതുവഴി വിദേശപ്രത്യക്ഷ നിഷേപം ഇന്ത്യയിലേക്കാകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലെ ഭൂരിപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളെയും വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ പതിനാല് വിദ്യാഭ്യാസ ഏജന്‍സികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നു. വിദ്യാഭ്യാസാവകാശനിയമത്തിന്റെ ചിറകരിയുകയാണ് ഇതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം. ഇതേ തല്‍പ്പരകക്ഷികള്‍തന്നെയാണ് പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ 25 ശതമാനം സീറ്റ് റിസര്‍വേഷന്‍ നല്‍കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 2012 ഏപ്രില്‍ 12നാണ് ഇതിന്മേല്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ള ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ബാധകമാക്കിക്കൊണ്ടുള്ള ആ വിധിയില്‍ സംതൃപ്തരാകാത്തവരാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍.

ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആരും മുകളില്‍ പ്രസ്താവിക്കപ്പെട്ട കാര്യങ്ങളില്‍ അത്ഭുതപ്പെടില്ല. അതുകൊണ്ടുതന്നെ മറ്റു മേഖലയിലെന്നപോലെ വിദ്യാഭ്യാസമേഖലയിലും മാതൃകാപരമായ മാറ്റം വരുത്തുമെന്ന അബ്ദുറബ്ബിന്റെ പ്രഖ്യാപനത്തില്‍ അത്ഭുതപ്പെടേണ്ടതില്ല. പ്രൊഫ. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടുമ്പോള്‍ അംബാനി-ബിര്‍ളാ റിപ്പോര്‍ട്ടിനെ അബ്ദുറബ്ബും ഉയര്‍ത്തിക്കാട്ടുന്നു. ഒരേ നാണയത്തിന്റെ രണ്ടു വശം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് വെറും റബര്‍ സ്റ്റാമ്പാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ദൈവത്തേക്കാള്‍ വലിയ പൂജാരിയാണ് താനെന്ന് കൗശലക്കാരനായ അദ്ദേഹം തന്റെ താനൂര്‍ പ്രസംഗത്തിലൂടെ ഉറപ്പിച്ചിരിക്കുന്നു. ഇനി നമ്മുടെ കുട്ടികളൊന്നും കേരളചരിത്രമോ ഇന്ത്യാ ചരിത്രമോ പഠിക്കേണ്ടതില്ലെന്നും അതിനു പകരം എല്ലാവരും പുതുതലമുറ കോഴ്സുകള്‍ പഠിച്ചാല്‍ മതിയെന്നുമാണ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ ഉത്തരവുകളായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്വയംഭരണ കോളേജുകളെക്കുറിച്ച് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി ഇന്ത്യയിലെ നൂറ് പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെടുന്നില്ല എന്ന് വിലപിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടായിരം കോടിയില്‍പ്പരം രൂപ പ്രതിവര്‍ഷം വിദ്യാഭ്യാസമേഖലയ്ക്കായി നീക്കിവച്ചപ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ ഈ വര്‍ഷം കേവലം 581.14 കോടി മാത്രമാണ് വകയിരുത്തിയത്. മേഖലാ തീവ്രവികസന പരിപാടിയുടെ ഭാഗമായി കേന്ദ്രം നല്‍കിയ പണമുപയോഗിച്ച് 33 സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു പകരം എയ്ഡഡ് സ്കൂളുകളാക്കി അട്ടിമറി നടത്തി തങ്ങളുടെയും മാനേജ്മെന്റുകളുടെയും നിഗൂഢതാല്‍പ്പര്യം സംരക്ഷിക്കാന്‍ നടത്തിയ വകുപ്പുമന്ത്രിയുടെ കള്ളക്കളി മറക്കാറായിട്ടില്ല. എല്ലാ രംഗത്തും കോര്‍പറേറ്റുവല്‍ക്കരണം നടത്തുക എന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയം കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിന് വിദ്യാഭ്യാസമന്ത്രി ഉപയോഗിച്ച ഓമനപ്പേരാണ് "ന്യൂ ജനറേഷന്‍ കോഴ്സുകള്‍". സത്യസന്ധമായ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇവ എയ്ഡഡ് കോഴ്സുകളായി തുടങ്ങാനുള്ള ആര്‍ജവം വിദ്യാഭ്യാസമന്ത്രി കാണിക്കണം.

യുഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേകിച്ച് എ കെ ആന്റണിയുടെ ആപ്തവാക്യമായിരുന്നു രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ്. ആ സമവാക്യത്തെ ആന്റണിയുടെ അനുചരന്മാര്‍ തന്നെ അട്ടിമറിച്ചു. എന്‍ട്രന്‍സ് കമീഷണര്‍ നല്‍കുന്ന ലിസ്റ്റില്‍നിന്ന് എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയിരുന്ന 15 ശതമാനം മാനേജ്മെന്റ് കമ്യൂണിറ്റി ക്വോട്ട പ്രവേശനം അട്ടിമറിച്ച്, മാനേജ്മെന്റിന് നേരിട്ട് പ്രവേശനം നടത്താനുള്ള ഉത്തരവ് നല്‍കിയതും ഇതേ സര്‍ക്കാര്‍തന്നെ. ഇതോടെ 50 ശതമാനം സീറ്റുകള്‍ മെറിറ്റ് ക്വോട്ടയില്‍ ആയിരിക്കണമെന്നും 50 ശതമാനത്തില്‍ കൂടുതല്‍ റിസര്‍വേഷന്‍ പാടില്ലെന്നുമുള്ള സുപ്രീംകോടതി വിധി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയും 65 ശതമാനം സീറ്റുകളില്‍ തോന്നിയ ഫീസ് വാങ്ങി പ്രവേശനം നടത്താന്‍ മാനേജ്മെന്റിനെ അനുവദിക്കുകയുംചെയ്തു. ഒന്നാംക്ലാസുമുതല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചപ്പോഴും പറഞ്ഞത് ഇതുതന്നെ ആയിരുന്നു. എന്നാല്‍, ക്ലാസിക്കല്‍ പദവി ലഭിച്ചപ്പോള്‍ മലയാളം പഠിക്കാന്‍ ക്ലാസില്‍ കുട്ടികളെ കിട്ടാതായി. ന്യൂ ജനറേഷന്‍ കോഴ്സുകള്‍ എന്ന പേരില്‍ ആരംഭിക്കാന്‍ പോകുന്ന സ്വാശ്രയ കോഴ്സുകളുടെയും സ്ഥിതി മറിച്ചാകില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എതിര്‍പ്പുമൂലം തുടങ്ങാനായില്ല. എന്നാല്‍, എയ്ഡഡ് കോളേജുകളില്‍ മനേജ്മെന്റിന്റെ താല്‍പ്പര്യാനുസരണം കോഴ്സുകള്‍ ആരംഭിച്ചു. അവസാനം അതൊന്നു നേരെയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടേണ്ടി വന്നു. സ്വാശ്രയകോളെജുകളില്‍ അധികമായി അനുവദിച്ചിരുന്ന പുതുതലമുറ സ്വാശ്രയ കോഴ്സുകള്‍ എയ്ഡഡ് കോളെജുകളില്‍ കൂടി അനുവദിച്ചതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകും. സെല്‍ഫ് ഫിനാന്‍സ് കോഴ്സുകള്‍ വ്യാപകമാകുന്നതോടെ സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുടെ വരുമാനത്തില്‍ ഇടിവുണ്ടാകും. സ്വാശ്രയകോഴ്സുകളുടെ പ്രവേശനത്തിന് എയ്്ഡഡ് കോളേജുകള്‍ രണ്ടു ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷംവരെയാണ് കോഴവാങ്ങുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍മാത്രം 63 കോളേജുകളിലായി 170 സ്വാശ്രയകോഴ്സുകളാണ് അനുവദിച്ചത്. സമാനമായി ഇതര യൂണിവേഴ്സിറ്റികളിലും അനുവദിച്ചു.

തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ട സ്വാശ്രയകോഴ്സുകള്‍ എയ്ഡഡ് കോളേജുകളില്‍ അനുവദിച്ചതിനെതിരെ അണ്‍എയ്ഡഡ് മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും എയ്ഡഡ് കോളേജുകള്‍ സ്വാശ്രയ കോഴ്സുകളെക്കൊണ്ട് നിറയും. ഒരു ഭാഗത്ത് സ്വയംഭരണം എന്ന് വിളിച്ചുകൂവുന്ന മുഖ്യമന്ത്രി, മറുഭാഗത്ത് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ വരിഞ്ഞു മുറുക്കുന്നു. യൂണിവേഴ്സിറ്റികള്‍ക്കുണ്ടായിരുന്ന അധികാരങ്ങള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയുണ്ടായി. അത് ലംഘിച്ചു എന്ന പേരിലാണ് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കെതിരെ സര്‍ക്കാര്‍ വാളോങ്ങിയത്. ഒരു സര്‍വകലാശാലയുടെ സ്ഥിതി ഇതാണെങ്കില്‍ വരാന്‍പോകുന്ന സ്വയംഭരണകോളേജുകളുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളെന്നോ സ്വാശ്രയകോളേജുകളെന്നോ വ്യത്യാസമില്ലാതെ ആവശ്യപ്പെടുന്നവര്‍ക്കൊക്കെ സ്വാശ്രയ കോഴ്സുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇതെല്ലാം അറിയാവുന്ന കേരളജനത സ്വയംഭരണ കോളേജുകളും സ്വാശ്രയകോഴ്സുകളും അനുവദിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നതില്‍ ഒരു സംശയവുമില്ല.

*
ഡോ. ജെ പ്രസാദ്

No comments: