Tuesday, September 10, 2013

കര്‍ഷകത്തൊഴിലാളിയെ പട്ടിണിക്കിടരുത്

കര്‍ഷകത്തൊഴിലാളികളല്ലേ, എന്തുമാവാം എന്ന മാനസികനിലയിലാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഓണം പടിവാതില്‍ക്കലെത്തിയിട്ടും കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യം ഇനത്തിലുള്ള 140 കോടിയിലധികം രൂപയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ നടപടികളൊന്നുമില്ല. ആധാര്‍ സംവിധാനത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാനും അക്ഷയകേന്ദ്രങ്ങള്‍ വഴി ക്ഷേമനിധി ബോര്‍ഡിലേക്ക് രജിസ്റ്റര്‍ചെയ്യുന്നു എന്നുപറഞ്ഞ് പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞിക്കലത്തില്‍ കൈയിട്ട് വാരാനും ഈ സര്‍ക്കാരിന് ലജ്ജയില്ല. കേരളത്തിലെ ബാക്കിയുള്ള നെല്‍പ്പാടങ്ങളെ സംരക്ഷിക്കാതെ, അവ നികത്തുന്നതിന് കൂട്ടുനില്‍ക്കുകയുംചെയ്യുന്നു. ക്ഷേമനിധി ബോര്‍ഡിനെ ക്ഷാമനിധി ബോര്‍ഡാക്കി മാറ്റിമറിക്കുന്നതും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയേ വിതരണംചെയ്യൂ എന്ന് ശഠിച്ച്, അക്കൗണ്ടെടുക്കാനെത്തുന്ന കര്‍ഷകത്തൊഴിലാളിയുടെ പോക്കറ്റടിക്കുന്നതും ഈ സര്‍ക്കാര്‍തന്നെ.

ആധാര്‍ കാര്‍ഡിന്റെ പേരുപറഞ്ഞ് ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക കൊടുക്കാതിരിക്കാനുള്ള കുടിലബുദ്ധിയാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണ് എന്നാണ് പറയുന്നത്. മാത്രമല്ല, ക്ഷേമനിധിയുടെ വിതരണം ബാങ്ക് അക്കൗണ്ട് മുഖാന്തരമാക്കാനും തീരുമാനിച്ചു. ഈ പരിഷ്കാരം ആര്‍ക്ക് വേണ്ടിയാണ്? നിലവില്‍ നടന്നുവരുന്ന രീതിയില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ടും പരിമിതിയും എന്താണ്? കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് നിലവിലെ സംവിധാനം തുടരുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല. കുത്തക കമ്പനികളെയും പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളെയും സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഈ പരിഷ്കാരങ്ങള്‍ എന്നതില്‍ സംശയമില്ല.

ഇടതുസര്‍ക്കാര്‍ കഴിഞ്ഞതവണ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്, 27 മാസത്തെ കുടിശ്ശികയുള്ള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തീര്‍ത്തു നല്‍കുക എന്നതായിരുന്നു. മാത്രമല്ല, ഓണനാളില്‍ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കുകയുംചെയ്തു. ക്ഷേമനിധിബോര്‍ഡിന്റെ അതിവര്‍ഷാനുകൂല്യം വിതരണംചെയ്യാന്‍ 114.9 കോടി രൂപ അനുവദിച്ചു. അത്തരമൊരു ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് എത്തുമ്പോള്‍ തട്ടിപ്പിന്റെയും തമ്മില്‍ത്തല്ലിന്റെയും കാര്യത്തിലല്ലാതെ ഭരണനിര്‍വഹണ കാര്യത്തില്‍ മികവ് പുലര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാരിന് സാധിക്കുന്നില്ല. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്നതല്ലാതെ, എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച് നല്‍കിയ തുകയില്‍നിന്ന് എന്തെങ്കിലും വര്‍ധനവരുത്തിയതായുള്ള ഒരു സര്‍ക്കാര്‍ ഉത്തരവും ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തിയിട്ടില്ല.

കൃഷിയും കാര്‍ഷികസംസ്കാരവും തിരിച്ചുപിടിക്കണമെന്നൊക്കെ ഒരുഭാഗത്ത് പറയുകയും മറുഭാഗത്ത് കര്‍ഷകത്തൊഴിലാളി എന്നാല്‍ നികൃഷ്ടനാണ് എന്ന മനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്യുന്ന രീതി മാറിയേ മതിയാവൂ. അക്ഷയകേന്ദ്രത്തിലായാലും മറ്റ് ഭരണകൂട സംവിധാനങ്ങളിലായാലും അധികൃതരുടെ മനോഭാവം അത്തരത്തിലുള്ളതാണ്. ക്ഷേമനിധി ബോര്‍ഡിലെ അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്ക് മാറ്റാന്‍ വീണ്ടും രജിസ്റ്റര്‍ചെയ്യുമ്പോള്‍ അക്ഷയകേന്ദ്രത്തില്‍ ഫീസായി 40 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 15 രൂപ അക്ഷയ കേന്ദ്രത്തിനും 25 രൂപ സര്‍ക്കാരിനുമാണ്. അക്ഷയകേന്ദ്രത്തിന്റെ ചെലവ് പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയില്‍നിന്ന് പിടിച്ചുവാങ്ങുന്ന ഹൃദയരാഹിത്യം അംഗീകരിക്കാനാകില്ല. അക്ഷയകേന്ദ്രം വഴിയുള്ള അംഗത്വ രജിസ്ട്രേഷന്‍ കരുണയില്ലാത്ത പിടിച്ചുപറിയാണ്. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിനുള്ള ചെലവ് തൊഴിലാളി വഹിക്കണം. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സീറോബാലന്‍സ് അക്കൗണ്ട് കര്‍ഷകത്തൊഴിലാളികള്‍ക്ക് നടപ്പാക്കും എന്ന് ഗീര്‍വാണമടിച്ചു. ആ വാക്ക് വിശ്വസിച്ച് ബാങ്കില്‍ പോയവര്‍ അപമാനിതരായി. സീറോബാലന്‍സ് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല എന്നാണ് ബാങ്കുകളുടെ നിലപാട്. ചുരുക്കിപ്പറഞ്ഞാല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള പണവും തൊഴിലാളി കണ്ടെത്തണം.

ഫോട്ടോയടക്കമുള്ള കാര്യങ്ങള്‍ക്കുള്ള ചെലവ് വേറെയാണ്. ആധാര്‍കാര്‍ഡില്ലെങ്കില്‍ ജീവിക്കേണ്ട എന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത്. റേഷന്‍, ക്ഷേമപെന്‍ഷന്‍ തുടങ്ങിയവ സാധിച്ചെടുക്കണമെങ്കില്‍ ആധാര്‍ വേണം. സംസ്ഥാനത്തെ ഭൂരിപക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡില്ല എന്നതാണ് വസ്തുത. ലഭ്യമാകാത്ത കാര്‍ഡ് ഹാജരാക്കണമെന്ന് വാശിപിടിക്കുന്ന, കാര്‍ഡില്ലെങ്കില്‍ ക്ഷേമനിധി ആനുകൂല്യം ഇല്ലെന്ന ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന അധികൃതരുടെ തൊഴിലാളി വിരുദ്ധമനോഭാവം മാറേണ്ടതാണ്. ആധാര്‍കാര്‍ഡ് ലഭിച്ചവര്‍ പറയുന്നത് അതില്‍ വ്യാപകമായ അച്ചടിപ്പിശകുകള്‍ ഉണ്ടെന്നാണ്. വികൃതമലയാളം എന്ന് വിശേഷിപ്പിക്കേണ്ട രീതിയിലാണ് വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള തെറ്റുകള്‍കൊണ്ട് തൊഴിലാളികള്‍ വീണ്ടും ബുദ്ധിമുട്ടുന്നു. ഒരു പ്രാവശ്യം മിനക്കെട്ടാല്‍ സാധിതമാവുന്ന കാര്യത്തെ പതിനാറ് പ്രാവശ്യം നടത്തിച്ച് ബുദ്ധിമുട്ടിക്കുന്നതിനെ പരിഷ്കാരം എന്ന് വിളിക്കുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ല. പരിസ്ഥിതിയെ ഏതുവിധേനയും വിറ്റ് കാശാക്കാനുള്ള പദ്ധതികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. സൗരോര്‍ജത്തെപ്പോലും തട്ടിപ്പിനുള്ള ഉപാധിയാക്കി. യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് നെല്‍പ്പാടങ്ങള്‍ നികത്താനുള്ളവയാണ്. നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏതറ്റംവരെയും പോവുമെന്ന നിലപാടാണ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിലൂന്നിയുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കെഎസ്കെടിയു നിര്‍ബന്ധിതരാവുന്നത് സംസ്ഥാനസര്‍ക്കാര്‍ ഇതൊക്കെ സംരക്ഷിക്കുക എന്ന തങ്ങളുടെ കടമ നിര്‍വഹിക്കാത്തതുകൊണ്ടാണ്. കേരളത്തില്‍ നെല്ല് ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞുവരികയാണ്. അതിന്റെ പ്രധാന കാരണം കൃഷിഭൂമി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതാണ്. നെല്‍പ്പാടങ്ങള്‍ തരിശിടുന്നതിനെയും മറ്റ് ആവശ്യങ്ങള്‍ക്ക് ദുരുപയോഗംചെയ്യുന്നതിനെയും ഉമ്മന്‍ചാണ്ടിയും സംഘവും പ്രോത്സാഹിപ്പിക്കുകയാണ്. ആറന്മുള വിമാനത്താവള ഭൂമിയുടെ കാര്യത്തിലെ സര്‍ക്കാര്‍ നിലപാട് ഇതിനുദാഹരണമാണ്.

നെല്‍വയല്‍- നീര്‍ത്തട സംരക്ഷണനിയമത്തെ അട്ടിമറിക്കാന്‍ കഴിയുന്ന വിധത്തിലെല്ലാം യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജാഗ്രതയോടെ കേരളത്തിന്റെ കാവലാളായി നില്‍ക്കുകയാണ്. ഇത് മനസിലാക്കിയതുകൊണ്ടാണ് കര്‍ഷകത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തട്ടിപ്പറിക്കുന്ന മനോഭാവം സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇത്തരം നീക്കങ്ങളെ കൈയും കെട്ടി നോക്കിനില്‍ക്കുന്ന പാരമ്പര്യമല്ല കര്‍ഷകത്തൊഴിലാളി യൂണിയന്റേത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി നെല്‍വയലുകള്‍ സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സര്‍വോപരി കേരളത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കും വേണ്ടി എണ്ണമറ്റ സമരപോരാട്ടങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് കെഎസ്കെടിയു. കര്‍ഷകത്തൊഴിലാളികളെ നിരന്തരമായി ദ്രോഹിക്കുന്നതിലൂടെ വലതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയമാണ് പുറത്തുവരുന്നത്; അതിലെ തൊഴിലാളിവിരുദ്ധതയാണ് പ്രകടമാവുന്നത്. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് പോകാന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം നിര്‍ബന്ധിതമാവുകയാണ്.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി

No comments: