Thursday, September 12, 2013

ഒബാമയുടെ ആധിപത്യമോഹങ്ങള്‍

ഇറാഖില്‍നിന്നും അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കുമെന്നതായിരുന്നു ആദ്യവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ബറാക് ഒബാമയുടെ വാഗ്ദാനങ്ങളില്‍ പ്രധാനം. അമേരിക്കയിലെ യുദ്ധവിരുദ്ധ വികാരമുള്ളവരുടെ പിന്തുണ ഉറപ്പിക്കുന്നതിന് ഒബാമയുടെ വാക്കുകള്‍ക്ക് കഴിഞ്ഞു. യുദ്ധക്കൊതി പൂണ്ട ബുഷില്‍നിന്നും വ്യത്യ സ്തമായ സമീപനമാണ് തന്റേതെന്ന് സ്ഥാപിക്കാന്‍ ഒബാമ നന്നായി ശ്രമിച്ചു. ലോകം ഒബാമയുടെ പ്രസിഡന്‍സിയെ ആഘോഷ പൂര്‍വം കൊണ്ടാടി. ആദ്യ കറുത്തവംശജനായ പ്രസിഡന്റിന്റെ സമീപനം വ്യത്യസ്തമായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. സസ്യഭുക്കായിരുന്ന ഹിറ്റ്ലര്‍ സാത്വികനായിരിക്കുമെന്ന് ചിലര്‍ കരുതുന്നതുപോലെ വിഡ്ഢിത്തമാണത്. വ്യക്തിയുടെ നിറമല്ല നയങ്ങള്‍ നിശ്ചയിക്കുന്നതെന്ന് ഒബാമ തെളിയിച്ചിരിക്കുന്നു. ബുഷില്‍നിന്നും ഒബാമയിലേക്ക് ഒട്ടും ദൂരമില്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഭരണം. ആയുധക്കമ്പോളത്തിന്റെയും എണ്ണയുടെ കുത്തകാവകാശത്തിന്റെയും താല്‍പര്യം തന്നെയാണ് ഒബാമയ്ക്കുള്ളത്. ലോകപൊലീസ് ചമയുന്ന അമേരിക്കയുടെ താല്‍പര്യത്തിന്റെ പതാകാവാഹകനാണ് ഒബാമയും. പ്രസംഗ ചാതുരിയുടെ ഒഴുക്കും പ്രവൃത്തിയുടെ ദിശയും ഒരേപോലെയല്ല പോകുന്നതെന്ന് അനുഭവം വ്യക്തമാക്കുന്നു.

സിറിയയെ ആക്രമിക്കുന്നതിനായി സെനറ്റിന്റെയും കോണ്‍ഗ്രസിന്റെയും അംഗീകാരത്തിനായി കാത്തുനില്‍ക്കുകയാണ് ഒബാമ. സെനറ്റിന്റെ വിദേശകാര്യസമിതിയുടെ അംഗീകാരം സംഘടിപ്പിക്കുന്നതില്‍ ഒബാമ വിജയിച്ചു. കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചില്ലെങ്കിലും മുഖ്യസൈന്യാധിപന്‍ എന്ന നിലയില്‍ തീരുമാനമെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിന് സ്വന്തം രാജ്യത്തെ കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും അനുമതി മാത്രം മതിയോ? സിറിയ അമേരിക്കയെ ആക്രമിക്കുകയോ ഭീഷണി ഉയര്‍ത്തുകയോ ചെയ്തിരുന്നെങ്കില്‍ ഒരു ന്യായമെങ്കിലുമുണ്ടായിരുന്നു. മറ്റൊരു പരമാധികാരരാജ്യത്തിന്റെ അഭ്യന്തരപ്രശ്നത്തില്‍ ഇടപെടാനാണ് അമേരിക്ക ശ്രമിക്കുന്നത്്. ലോക ത്തിന്റെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഹുങ്കാണ് അമേരിക്കയെയും ഒബാമയെയും നയിക്കുന്നത്. ഐക്യരാഷ്ട്ര സഭ യെപ്പോലും വകവയ്ക്കുന്നില്ല. സിറിയ രാസായുധം പ്രയോഗിച്ചുവെന്നതാണ് അമേരിക്ക പറയുന്നത്. എന്നാല്‍, ആരാണ് രാസായുധം ഉപയോഗിച്ചതെന്ന് കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സാരിന്‍ എന്ന രാസായുധം നേരത്തെ ഉപയോഗിച്ചുവെന്നു ആരോപണം ഉണ്ടായിരുന്നു. അത് തെറ്റാണെന്ന് റഷ്യ തെളിവുകള്‍ സഹിതം വ്യക്തമാക്കി. അപ്പോഴാണ് പുതിയ ആരോപണം വന്നത്. ഐക്യരാഷ്ട്രസഭയുടെ സംഘം പരിശോധിക്കുന്നതിനായി വന്ന ദിവസം തന്നെ സര്‍ക്കാര്‍ രാസായുധം ഉപയോഗിക്കുമെന്ന് കരുതാന്‍ കഴിയില്ല. എന്നാല്‍, അതേ ദിവസം തെരഞ്ഞെടുത്ത് വിമതരാണ് ഇത് ചെയ്തതെന്നും അതിനു പുറകില്‍ അമേരിക്കയുടെ വളഞ്ഞ ബുദ്ധിയാണെന്നും വ്യക്തം.

ഇറാഖ് അധിനിവേശത്തിന്റെ തനിയാവര്‍ത്തനത്തിനാണ് അമേരിക്ക ശ്രമിക്കുന്നത്്. ഇന്ന് സിറിയക്കെതിരെ ഒബാമ ഉപയോഗിക്കുന്ന അതേ ന്യായങ്ങളായിരുന്നു അന്ന് ബുഷും നടത്തിയത്. ഇറാഖിനെ കീഴടക്കി സദ്ദാം ഹുസൈ നെ കൊലപ്പെടുത്തിയിട്ടും ഏതെ ങ്കിലും രാസായുധം അമേരിക്കയും കൂട്ടാളികളും കണ്ടെത്തിയെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയോ? ഇല്ലാക്കഥ മെനഞ്ഞ് അത് പ്രചരിപ്പിച്ച് സമ്മതം നിര്‍മിച്ച് കീഴടക്കുന്ന ഇറാഖില്‍ പ്രയോഗിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. ഇറാഖിലെ എണ്ണയും ആ മേഖലയിലെ രാഷ്ട്രീയാധിപത്യവുമായിരുന്നു അമേരിക്ക ലക്ഷ്യമിട്ടിരുന്നത്. അതില്‍ അവര്‍ വിജയിച്ചു. ഇപ്പോള്‍ അവിടത്തെ എണ്ണ ഉല്‍പ്പാദനം നടത്തുന്നത് പ്രധാനമായും അമേരിക്കയിലെയും ബ്രിട്ടനിലേയും കുത്തകകളാണ്. ഇനി സിറിയയെ യും ഇറാനെയും നിയന്ത്രണത്തിലേക്ക് കൊണ്ടുവരണം. അതിനായുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍, ലോകരാഷ്ട്രങ്ങള്‍ പൊതുവെ ഈ സമീപനത്തിന് എതിരാണ്. റഷ്യയും ചൈനയും ഇതുവരെയും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയ്ക്ക് ഒപ്പം നിലയുറപ്പിച്ചിരുന്ന ബ്രിട്ടന് സിറിയയെ ആക്രമിക്കാനുള്ള അനുവാദം പാര്‍ലമെന്റില്‍ നിന്ന് ലഭിച്ചില്ല. ഇതിനുള്ള പ്രമേയം അവതരിപ്പിച്ചപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇന്ത്യയും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. പിന്നീട് ഇത് ഗുമസ്തപിഴവാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് വ്യക്തമാക്കി. എന്നാല്‍, നിഷ്കളങ്ക പിഴവെന്ന അസാധാരണ പ്രയോഗത്തിലൂടെ പ്രശ്നം ലഘൂകരിക്കുകയാണ് ഇന്ത്യന്‍ ഹൈക്കമീഷന്‍ ചെയ്ത്. അമേരിക്കയുടെ പ്രിസം പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ മെയിലുകളും മറ്റും ചോര്‍ത്തിയിരുന്നെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അതിനെ ലളിതവല്‍ക്കരിച്ചു വിധേ യത്വം പ്രകടിപ്പിച്ച വിദേശകാര്യമന്ത്രിയുടെ വഴി ഹൈക്കമീഷനും പിന്തുടര്‍ന്നതാകാം. ഈ പ്രശ്നത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് ഇന്ത്യ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. മൃദുവായ വാക്കുകളില്‍ പ്രതികരിച്ചെന്നു വരുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ശക്തമായ ഇടപെടലാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്.

ഒരു കാലത്ത് ചേരിചേരാ പ്രസ്ഥാനത്തെ നയിച്ച് ലോകത്തിന്റെ മുമ്പില്‍ അഭിമാനകരമായി തലയുയര്‍ത്തി നിന്ന രാജ്യത്തിന്റെ അപമാനകരമായ അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. അമേരിക്കയെ പിണക്കാന്‍ ഭയപ്പെടുന്ന മന്‍മോഹന്‍സിങ്ങും കൂട്ടരും ഒരു രാജ്യത്തിന്റെയും ജനതയുടെയും ആത്മാഭിമാനത്തെയാണ് പണയപ്പെടുത്തുന്നത്. സിറിയയിലെ ബഷാര്‍ അല്‍ അസദിന്റെ ഭരണത്തെ അട്ടിമറിക്കുന്നതിനായി എല്ലാ തീവ്രവാദികളെയും അമേരിക്ക പിന്തുണയ്ക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ നജീബുള്ള ഭരണത്തെ അട്ടിമറിക്കുന്നതിനായി പാലൂട്ടി വളര്‍ത്തിയ താലിബാന്റെ വളര്‍ച്ച യും അവര്‍ സൃഷ്ടിക്കുന്ന ഭീകരതയും ഒരു പാഠവും അമേരിക്കയ്ക്ക് നല്‍കുന്നില്ല.

സിറിയ ലോകത്തിന്റെ സംസ്കൃതിയുടെ മറ്റൊരു പേരാണ്. മതസൗഹാര്‍ദത്തിന്റെ വഴി പിന്തുടരുന്ന ഈ മേഖലയിലെ അപൂര്‍വ രാജ്യങ്ങളില്‍ ഒന്ന്. അതിനെ തകര്‍ത്ത് തരിപ്പണമാക്കി തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. വാല്‍ക്കഷ്ണം : ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ അതിനെ ഏത് വാക്കുപയോഗിച്ച് വിശേഷിപ്പിക്കണം എന്ന ചര്‍ച്ചയുണ്ടായി. യുദ്ധം എന്ന വാക്ക് ഉപയോഗിച്ചാല്‍ മാത്രമേ അവതരണത്തിന് ശക്തി ലഭിക്കുകയുള്ളൂ ചില സുഹൃത്തുക്കള്‍ പറഞ്ഞു. യുദ്ധം എന്ന വാക്കിന്റെ അര്‍ഥം രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുവെന്നാണ്. അതില്‍ രണ്ടു രാജ്യത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. എന്നാല്‍, കടന്നാക്രമണമെന്നും അധിനിവേശമെന്നും പ്രയോഗിക്കുമ്പോള്‍ അതിനകത്തുതന്നെ പ്രതി ഒളിഞ്ഞിരിപ്പുണ്ട്. ഗാര്‍ഡിയന്‍ പത്രം invasion, aggression എന്നീ വാക്കുകളാണ് ഉപയോഗിച്ചത്. കടന്നാക്രമണം, അധിനിവേശം എന്ന വാക്കുകളാണ് ദേശാഭിമാനിയും ഉപയോഗിച്ചത്.

*
പി രാജീവ് ദേശാഭിമാനി വാരിക

No comments: