Tuesday, September 3, 2013

ഇന്ത്യ - സ്ത്രീധന മരണങ്ങളുടെ സ്വന്തം നാട്‌

എല്ലാത്തിനും വിലകൂടുന്ന ഇന്ത്യയില്‍ മനുഷ്യന്റെ വില മാത്രം ഇടിയുകയാണ്. സ്ത്രീയുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന ഭരണക്കാര്‍ കൈകെട്ടി നില്‍ക്കെ ഓരോ മണിക്കൂറിലും ഇന്ത്യയില്‍ ഒരു സ്ത്രീധനമരണം നടക്കുന്നു. ഇന്ത്യന്‍ സമൂഹത്തിലെ മനുഷ്യന്റെ  വിലയിടിവിന്റെ തെളിവാണിത്. 1961 ല്‍ തന്നെ ഇവിടെ സ്ത്രീധനം നിയമംമൂലം നിരോധിക്കപ്പെട്ടതാണ്. ആ നിയമത്തിനുമൂര്‍ച്ച പോരെന്നു തോന്നിയതിനാല്‍ 1983 ല്‍ ഭേദഗതികളും ഉണ്ടായി. ഭരണഘടന ലിംഗ സമത്വം ഉദ്‌ഘോഷിച്ചത് 1950 ലാണ്. അതെല്ലാം ഉണ്ടായിട്ടും സ്ത്രീകള്‍ ഇങ്ങനെ വേട്ടയാടപ്പെടുന്നത് ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അപമാനമാണ്. ഇന്ത്യ ലോകത്തിന്റെ മുമ്പില്‍ തലകുനിച്ചു നില്‍ക്കേണ്ടിവരും വിധമാണ്, ഇവിടെ സ്ത്രീപീഡനങ്ങളുടെ എണ്ണം പെരുകുന്നത്. രാജ്യം പിന്തുടരുന്ന സാമ്പത്തിക - രാഷ്ട്രീയ - സാമൂഹിക നയങ്ങളുടെ ആദ്യത്തെ ഇരയാണ് സ്ത്രീകള്‍.

കമ്പോള ശക്തികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഇന്ത്യയുടെ മൂല്യ സങ്കല്‍പ്പങ്ങള്‍ ലാഭകേന്ദ്രീകൃതമെന്നപോലെ പുരുഷ കേന്ദ്രീകൃതവുമാണ്. നമ്മുടെ പാരമ്പര്യങ്ങളിലെ സ്ത്രീവിരുദ്ധ ഘടകങ്ങള്‍ക്കെതിരെ വിജയകരമായി പടനയിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. ആ സമരം ഏറ്റെടുത്തുകൊണ്ടല്ലാതെ, സ്ത്രീകള്‍ക്കു നേരെ നഗരങ്ങളിലും ഗ്രാമങ്ങളിലും നടക്കുന്ന എണ്ണമറ്റ കടന്നാക്രമണങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ടല്ലാതെ ദേശീയ ലക്ഷ്യങ്ങളിലേയ്ക്കു മുന്നേറാന്‍ ഇന്ത്യയ്ക്കു കഴിയില്ല. ആ ദിശയിലുള്ള ആലോചനകള്‍ക്കുപോലും സന്നദ്ധമാകാതെ ചീത്തപ്പണത്തിന്റെ കെട്ടുനാറിയ സാംസ്‌ക്കാരിക ആഭാസങ്ങള്‍ക്കു സര്‍ക്കാര്‍ കാവല്‍ നില്‍ക്കുകയാണ്.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ സത്യത്തിന്റെ ചെറിയ ഭാഗം പോലും പ്രതിഫലിപ്പിക്കുന്നില്ല. പക്ഷേ രേഖപ്പെടുത്തപ്പെട്ട അപൂര്‍ണമായ ആ കണക്കുകള്‍ തന്നെ നമ്മെ ഞെട്ടിക്കും. 2001 നും 2012 നും ഇടയില്‍ രേഖപ്പെടുത്തപ്പെട്ട സ്ത്രീധന മരണങ്ങളുടെ കണക്കുകളാണ് പ്രസ്തുത സര്‍ക്കാര്‍ ഏജന്‍സി പുറത്തുവിട്ടത്. 91,202 സ്ത്രീധന മരണങ്ങളാണു ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ തന്നെ 7000 ല്‍പ്പരം കേസുകള്‍ അന്വേഷണത്തിനിടയില്‍ പിന്‍വലിക്കപ്പെട്ടു. ദീര്‍ഘകാലമായിട്ടും അന്വേഷണം ആരംഭിക്കാത്ത കേസുകളും നിരവധിയുണ്ട്. 2001 ല്‍ 6851 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കില്‍ 2006 ല്‍ 7618 ഉം 2012 ല്‍ 8233 ഉം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിനര്‍ഥം സ്ത്രീധനത്തെ ചൊല്ലിയുള്ള മനുഷ്യഹത്യ ഇവിടെ തടസമില്ലാതെ വളരുകയാണെന്നാണ്. യു പി യും ബിഹാറും ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. നാഗാലാന്റിലും ലക്ഷദ്വീപിലും ഇക്കാലയളവില്‍ ഒറ്റ സ്ത്രീധന മരണംപോലും നടന്നില്ലെന്ന് രേഖകള്‍ പറയുന്നുവെങ്കിലും അതു വിശ്വസനീയമല്ല. മറ്റേതെങ്കിലും കണക്കില്‍ അത്തരം മരണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതാകാനാണ് സാധ്യത.

സ്ത്രീധന മരണങ്ങളോടൊപ്പം സ്ത്രീകള്‍ ഏറ്റുവാങ്ങേണ്ടിവന്ന ബലാത്സംഗ മരണങ്ങളടക്കമുള്ള പീഡാനുഭവങ്ങളും പെരുകുകയാണ്. രാഷ്ട്രതലസ്ഥാനമായ ഡല്‍ഹി ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടത്. 2012 ല്‍ സ്ത്രീകള്‍ക്കെതിരായ 2,44,270 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2011 ലെ 2,28,650 കേസുകളുടെ സ്ഥാനത്താണിത്. കുറ്റങ്ങളെപ്പറ്റിയും ശിക്ഷകളെപ്പറ്റിയും നിയമപുസ്തകങ്ങള്‍ എന്തുതന്നെ പറഞ്ഞാലും നമ്മുടെ നീതിന്യായ വ്യവസ്ഥ ഇപ്പോഴും ഇരകളോടൊപ്പമല്ല നില്‍ക്കുന്നത്. ആട്ടിന്‍കുട്ടി ചെന്നായയോട് ശൃംഗരിച്ചുവോ എന്ന മട്ടില്‍ നീതിപീഠങ്ങള്‍ തലനാരിഴ കീറുന്നത് ജനങ്ങള്‍ കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിലുണ്ടായ വിതുര-സൂര്യനെല്ലി പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നു.

രാജ്യത്തിന്റെ വളര്‍ച്ച അളക്കേണ്ടത് അതു സ്ത്രീകളോടും കുട്ടികളോടും എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന് നാം പണ്ടു കേട്ടിട്ടുണ്ട്. മനുഷ്യനു പരിഗണന കല്‍പ്പിക്കുന്ന ആ വികസന സങ്കല്‍പ്പങ്ങളെയാണ് ആഗോളവല്‍ക്കരണം കശക്കിയെറിഞ്ഞത്. ആ സ്ഥാനത്ത് പണവും ലാഭവും ഇന്ന് അവരോധിക്കപ്പെട്ടിരിക്കുന്നു. അമ്മയും ഭാര്യയും മകളും സഹോദരിയും കൂട്ടുകാരിയുമായ സ്ത്രീ ഏറ്റുവാങ്ങുന്ന ദുരിതങ്ങളെല്ലാം അതുമായി ബന്ധപ്പെട്ടതാണ്. സ്ത്രീമരണങ്ങളും ബലാത്സംഗ പരമ്പരകളുമെല്ലാം വ്യാപകമാകുമ്പോള്‍ ഈ സത്യമാണ് സമൂഹം തിരിച്ചറിയേണ്ടത്. ആ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ഫലപ്രദമായ ഇടപെടലുകളുണ്ടാകാന്‍ ഇനിയും വൈകരുത്. മഹിളാ പ്രസ്ഥാനങ്ങളും ഇടതു-ജനാധിപത്യ ശക്തികളും അതിനു മുന്‍കൈ എടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം 03 സെപ്തംബര്‍ 2013

No comments: