Tuesday, September 17, 2013

പ്രകൃതിയുടെ മാന്ത്രിക കുട

ചുട്ടുപൊള്ളുന്ന ഭൂമിക്കു തണുപ്പിന്റെ മേലാപ്പു നല്‍കുന്ന ഓസോണ്‍പാളിയെ ഓര്‍ക്കാന്‍ ഒരു ദിനം. സെപ്തംബര്‍ 16 ലോക ഓസോണ്‍ ദിനം ചുട്ടുപൊള്ളുന്ന ഭൂമിക്ക് തണുപ്പിന്റെ മേലാപ്പുനല്‍കുന്ന ഓസോണ്‍പാളിയെ ഓര്‍ക്കാന്‍ ഒരു ദിനം. സെപ്തംബര്‍ 16 ലോകമൊന്നാകെ ഓസോണ്‍ ദിനമായി ആചരിക്കുകയാണ്.

സൂര്യനില്‍നിന്നു പുറപ്പെടുന്ന തീവ്രമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന കവചമാണ് ഓസോണ്‍ പാളി. രാസവസ്തുക്കളുടെ ഉല്‍പ്പാദനവും ഉപയോഗവും ഈ കവചത്തിന് വിള്ളല്‍ വീഴ്ത്തുകയാണ്. ഇത്തരം രാസവസ്തുക്കളുടെ ഉല്‍പ്പാദനവും ഉപയോഗവും പരമാവധി കുറച്ച് ഭൂമിയിലെ ജീവജാലങ്ങളെ അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ ആക്രമണത്തില്‍നിന്നു സംരക്ഷിക്കേണ്ടതിന്റെ സന്ദേശമാണ് ഓസോണ്‍ ദിനാചരണത്തിലൂടെ സംവദിക്കുന്നത്. ഭൗമാന്തരീക്ഷത്തില്‍ ആപേക്ഷികമായി ഉയര്‍ന്ന സാന്ദ്രതയില്‍ ഓസോണ്‍ (O3) വാതകം കാണപ്പെടുന്ന മേഖലയാണ് ഓസോണ്‍ പാളിയെന്ന ഓസോണോസ്ഫിയര്‍. ആപേക്ഷികമായി ഉയര്‍ന്നതെന്നു പറയുമ്പോള്‍ ഇതത്ര അധികമൊന്നുമുണ്ടെന്ന് അര്‍ഥമാക്കേണ്ടതില്ല.

ഭൗമാന്തരീക്ഷത്തിലെ മറ്റു വാതകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കേവലം 0.6ppm (Parts  per million)  മാത്രമാണ്. അന്തരീക്ഷപാളിയായ സ്ട്രോറ്റോസ്ഫിയറിലാണ് ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഭൗമോപരിതലത്തില്‍നിന്ന് ഏകദേശം 12 കിലോമീറ്റര്‍ മുകളിലായാണ് സ്ട്രാറ്റോസ്ഫിയര്‍ ആരംഭിക്കുന്നത്. 50 കിലോമീറ്റര്‍ ഉയരംവരെ അന്തരീക്ഷത്തില്‍ ഓസോണ്‍ സാന്നിധ്യം ഉണ്ടാകും. എന്നാല്‍ ഇതത്ര കൃത്യമായ കണക്കല്ല. ഭൗമചലനങ്ങളും കാലിക വ്യതിയാനങ്ങളും ഓസോണ്‍പാളിയെന്ന പുതപ്പിന്റെ കട്ടി വ്യത്യാസപ്പെടുത്താറുണ്ട്. ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞരായ ചാള്‍സ് ഫാബ്രി, ഹെന്‍റി ബ്യൂസണ്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ഓസോണ്‍പാളി കണ്ടെത്തുന്നത്. 1913ലായിരുന്നു ഇത്. പിന്നീട് ബ്രിട്ടീഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജി എം ബി ഡോബ്സണ്‍ ആണ് ഈ പുതപ്പിന്റെ സവിശേഷതകള്‍ ഓരോന്നായി അനാവരണംചെയ്തത്. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് ഭൂമിയില്‍ നിന്നുകൊണ്ടുതന്നെ കണക്കുകൂട്ടുന്നതിനുള്ള ഒരു ഉപകരണവും അദ്ദേഹം കണ്ടുപിടിച്ചു. ഡോബ്സണ്‍ മീറ്റര്‍ എന്നാണ് ഉപകരണത്തിനു പറയുന്ന പേര്.

1928നും 1958നും ഇടയില്‍ ലോകവ്യാപകമായി ഓസോണ്‍പഠനത്തിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഡോബ്സണ്‍ മുന്‍കൈയെടുത്തു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഓസോണ്‍ സാന്ദ്രതയുടെ ഏകകം ഡോബ്സണ്‍ യൂണിറ്റ് എന്നാണ് അറിയപ്പെടുന്നത്. പോള്‍ ക്രുറ്റ്സണ്‍, മാരിയോ മോളിനോ, ഫ്രാങ്ക് എസ് റോളണ്ട് എന്നീ നോബല്‍സമ്മാനാര്‍ഹരായ ശാസ്ത്രജ്ഞരും ഓസോണ്‍പാളിയെക്കുറിച്ച് പഠനം നടത്തിയ പ്രമുഖരില്‍പെടുന്നു. 1930ല്‍ ബ്രിട്ടീഷ് ഭഭൗതികശാസ്ത്രജ്ഞനായ സിഡ്നി ചാപ്മാനാണ് ഓസോണിന്റെ ഫോട്ടോ കെമിക്കല്‍ മെക്കാനിസം കണ്ടുപിടിച്ചത്. മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന തന്മാത്രയാണ് ഓസോണ്‍ (O3). പ്രാണവായുവില്‍ രണ്ട് ഓക്സിജന്‍ ആറ്റങ്ങളാണുള്ളത് (O2).  രൂക്ഷഗന്ധവും അപകടകരമാംവിധം വിഷവുമുള്ള വാതകമാണ് ഓസോണ്‍. മണക്കാനുള്ളത് എന്ന് അര്‍ഥംവരുന്ന ഓസീന്‍ എന്ന ഗ്രീക് പദത്തില്‍നിന്നാണ് ഓസോണ്‍ എന്ന പേരുണ്ടായത്.

വാതകസാന്ദ്രതയുടെയും ഊഷ്മാവിന്റെയും അടിസ്ഥാനത്തില്‍ ഭൗമാന്തരീക്ഷത്തെ അഞ്ചു പാളികളായി കണക്കാക്കാന്‍ കഴിയും. ഭൗമോപരിതലത്തിനു തൊട്ടു മുകളില്‍ ട്രോപ്പോസ്ഫിയര്‍, പിന്നെ സ്ട്രാറ്റോസ്ഫിയര്‍, മെസോസ്ഫിയര്‍, അയണോസ്ഫിയര്‍, എക്സോസ്ഫിയര്‍ എന്നിങ്ങനെ. ഇവയില്‍ സ്ട്രാറ്റോസ്ഫിയറിലുള്ള (ഭൗമോപരിതലത്തില്‍നിന്ന് ഏകദേശം 12 കിലോമീറ്ററിനു മുകളിലാണ് സ്ട്രാറ്റോസ്ഫിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇതിന് കൃത്യമായ അതിര്‍ത്തിയൊന്നുമില്ല) ഓക്സിജന്‍ തന്മാത്ര കളുമായി സൂര്യനില്‍നിന്നു പുറപ്പെടുന്ന അള്‍ട്രാവയലറ്റ്  വികിരണങ്ങള്‍ കൂട്ടിമുട്ടുകയും ഓക്സിജന്‍ തന്മാത്രകളെ സ്വതന്ത്ര ഓക്സിജന്‍ ആറ്റങ്ങളായി (Atomic Oxygen) വിഘടിപ്പിക്കുകയും ചെയ്യും. ഇങ്ങനെ സ്വതന്ത്രമായ ഓക്സിജന്‍ ആറ്റങ്ങള്‍ മറ്റ് ഓക്സിജന്‍ തന്മാത്രകളുമായി കൂടിച്ചേര്‍ന്നാണ് ഓസോണ്‍ സൃഷ്ടിക്കപ്പെടുന്നന്നത് (O2+O1>03).  അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഓസോണ്‍ തന്മാത്രയില്‍ പതിക്കുമ്പോള്‍ അവ വീണ്ടും ഒരു ഓക്സിജന്‍ തന്മാത്രയും ഒരു സ്വതന്ത്ര ഓക്സിജന്‍ ആറ്റവുമായി സംഘടിക്കും. ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കും. ഓസോണ്‍-ഓക്സിജന്‍ ചക്രം (Ozone-Oxygen Cycle)  എന്നാണ് ഇതിനു പറയുന്ന പേര്. ഓസോണ്‍ ഓക്സിജനായും, തിരിച്ചും മാറിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം നിരന്തരം നടന്നുകൊണ്ടിരിക്കുകയാണെന്നര്‍ഥം.

നിങ്ങള്‍ക്കറിയാമോ ?

* അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മൂന്നുതരമുണ്ട്. യുവി-എ, യുവി-ബി, യുവി-സി എന്നിവയാണവ. ഇവയില്‍ അള്‍ട്രാവയലറ്റ്-ബി വികിരണങ്ങളാണ് ഓസോണ്‍പാളിയെ ഗുരുതരമായി ബാധിക്കുന്നത്.

* 1985ല്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളിലുള്ള ഓസോണ്‍ തുള കണ്ടെത്തിയത് നിംബസ്-7 എന്ന കൃത്രിമ ഉപഗ്രഹമാണ്.

* എല്ലാ വസന്തത്തിലും അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഓസോണ്‍ തുള പ്രത്യക്ഷപ്പെടാറുണ്ട്.

* ഓസോണ്‍ തുളകള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനുള്ള കൃത്രിമ ഉപഗ്രഹമാണ് ടോംസ് (Total Ozone Mapping Spectrometer-TOMS)

* ഫാസ്റ്റ് ഫുഡ് കാര്‍ട്ടണുകളിലും, ആസ്ത്മ മരുന്നുകള്‍, നെയില്‍ പോളിഷുകള്‍, ശീതീകരണികള്‍ എന്നിവയിലുമെല്ലാം ഇപ്പോഴും സിഎഫ്സി ഉപയോഗിക്കുന്നുണ്ട്.

* അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ ആക്രമണം ത്വക്കിലെ ക്യാന്‍സര്‍, ജനിതകവൈകല്യങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ചിലതരം പകര്‍ച്ചവ്യാധികള്‍, തിമിരം എന്നിവയ്ക്കു കാരണമാകും.

* അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കും. സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനും ഇത് ഹാനികരമാണ്.

* ഭൂമിക്കു മാത്രമല്ല ഓസോണ്‍ ആവരണമുള്ളത്. ശുക്രന്റെ ഓസോണ്‍പുതപ്പ് ഭൂമിയുടേതിനെക്കാള്‍ പലമടങ്ങ് കട്ടികൂടിയതാണ്.

ഓസോണ്‍പാളിയും കാലാവസ്ഥാ വ്യതിയാനവും

കാര്‍ബണ്‍ഡയോക്സൈഡ് പോലെയുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ ട്രോപ്പോസ്ഫിയറിന്റെ ഊഷ്മാവ് വര്‍ധിപ്പിക്കുമ്പോള്‍ അതിന് ആനുപാതികമായി സ്ട്രാറ്റോസ്ഫിയറിന്റെ താപനില താഴും. ഇത് ഓസോണ്‍ വിഘടനത്തിന്റെ തോതു വര്‍ധിപ്പിക്കുകയും ഓസോണ്‍ തുളകള്‍ക്ക് കാരണമാവുകയും ചെയ്യും. സ്ട്രാറ്റോസ്ഫിയര്‍ തണുക്കുന്നതോടെ സൗരവികിരണങ്ങള്‍ ആഗിരണം ചെയ്യാനുള്ള അതിന്റെ കഴിവും നഷ്ടപ്പെടും. അതോടെ ഭഭൂമിയിലെ ജീവന്റെ നിലനില്‍പിനു തന്നെ ഭഭീഷണിയായിത്തീരും. തലമുറകളിലൂടെ കൈമാറിവന്ന ഈ ഭൂമിയും ഇതിലെ വിഭവങ്ങളും അടുത്ത തലമുറകള്‍ക്കും എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മനുഷ്യന്റെ ഉപഭോഗാസക്തിയും ആഡംബര ഭ്രമവും ഈ ഗ്രഹത്തിന്റെ നിലനില്‍പിനുതന്നെ ഭഭീഷണിയാവുന്ന തരത്തിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനനുവദിച്ചുകൂടാ.

മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍

1978ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെയും കനഡ, നോര്‍വേ എന്നീ രാജ്യങ്ങളിലെയും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ക്ലോറോഫ്ളൂറോ കാര്‍ബണുകള്‍ അടങ്ങിയ എയ്റോസോള്‍ സ്പ്രേകള്‍ ഓസോണ്‍പാളിയെ ക്ഷയിപ്പിക്കുമെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍രാജ്യങ്ങളും അമേരിക്കതന്നെയും ഇത്തരം രാസവസ്തുക്കളുടെ ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണം എര്‍പ്പെടുത്തിയില്ല. റെഫ്രിജറേഷനിങ്ങിലും മറ്റു വ്യവസായങ്ങളിലും ഇവയുടെ ഉപയോഗം കൂടിവന്നതേയുള്ളൂ. 1985ല്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഓസോണ്‍ തുള കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം ഭരണാധികാരികള്‍ക്കു മനസ്സിലാകുന്നത്. അതേത്തുടര്‍ന്ന് 1987 സെപ്തംബര്‍ 16ന് കനഡയിലെ മോണ്‍ട്രിയലില്‍ 24 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടി രൂപീകരിച്ചു.

മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ എന്നറിയപ്പെട്ട ഈ ഉടമ്പടിപ്രകാരം സിഎഫ്സി ഉല്‍പ്പാദനം ക്രമേണ കുറച്ചുകൊണ്ടുവന്ന് 1996 ആകുമ്പോഴേയ്ക്കും പൂര്‍ണമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. 160 രാജ്യങ്ങള്‍ ഇന്ന് ഈ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. 1996ല്‍ സിഎഫ്സി ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വികസിത രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ സിഎഫ്സി ഉല്‍പ്പാദനം നടക്കുന്നില്ല. ഈ നീക്കത്തിന് ഫലമുണ്ടാകുന്നുണ്ട്. ഓസോണ്‍ പാളിക്കുണ്ടാവുന്ന ക്ഷയത്തിന്റെ തോത് ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസകരമാണ്. 1987ല്‍ ഉടമ്പടി നിലവില്‍വന്നെങ്കിലും 1995 സെപ്തംബര്‍ 16 മുതലാണ് ലോകവ്യാപകമായി ഓസോണ്‍ ദിനാചരണം ആരംഭിക്കുന്നത്. 1992 സെപ്തംബറില്‍ ഇന്ത്യയും ഉടമ്പടിയുടെ ഭാഗമായി.

ക്യോട്ടോ ഉടമ്പടിയും അനിശ്ചിതത്വത്തില്‍

വികസിതരാജ്യങ്ങള്‍ 2008-12 കാലയളവിനുള്ളില്‍ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 1990ലെ അളവിനെക്കാള്‍ 5.2 ശതമാനം കുറയ്ക്കണമെന്നാണ് ക്യോട്ടോ ഉടമ്പടി നിര്‍ദേശിക്കുന്നത്. 1997ഡിസംബറില്‍ ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ നടന്ന മൂന്നാം കാലാവസ്ഥാമാറ്റ ഉച്ചകോടിയില്‍ രൂപംനല്‍കപ്പെടുകയും 2005 ഫെബ്രുവരി 16ന് പ്രാബല്യത്തിലെത്തുകയും ചെയ്ത അന്തര്‍ദേശീയ ധാരണയാണ് ക്യോട്ടോ ഉടമ്പടി. ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2020 വരെ നീട്ടാനുള്ള തീരുമാനത്തോടെയാണ് 2012ലെ കാലാവസ്ഥാ ഉച്ചകോടി അവസാനിച്ചതെങ്കിലും, "ക്യോട്ടോ ഉടമ്പടി"യിലെ അടിസ്ഥാന നിഷ്കര്‍ഷകളെത്തന്നെ ഒഴിവാക്കിയുള്ള ഒരു നയസമീപനരേഖയാണ് അംഗീകരിക്കപ്പെട്ടത്.

ഓസോണ്‍ തുളകള്‍

പേരു സൂചിപ്പിക്കുന്നതുപോലെ ഓസോണ്‍ വാതകം തീരെ കാണപ്പെടാത്ത ഭാഗമൊന്നുമല്ല ഓസോണ്‍ തുളകള്‍. ചുറ്റുപാടുകളെ അപേക്ഷിച്ച് ഓസോണ്‍ സാന്ദ്രത കുറഞ്ഞ ഭാഗം എന്നുമാത്രമാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ദക്ഷിണാര്‍ധഗോളത്തില്‍ ആഗസ്ത്മുതല്‍ ഒക്ടോബര്‍വരെയാണ് ഈ പ്രതിഭാസം സാധാരണ ഉണ്ടാകുന്നത്. അന്റാര്‍ട്ടിക്കയുടെ ഭഭാഗത്താണ് ഈ പ്രതിഭാസം കൂടുതല്‍ തീവ്രമാകുന്നത്. ഓസോണ്‍പാളിയുടെ സാന്ദ്രത 220 ഡോബ്സണ്‍ യൂണിറ്റിലും (220 DU) കുറവുവരുന്ന മേഖലയെ ഓസോണ്‍ തുളയായി കണക്കാക്കാവുന്നതാണ്.

സൗരജ്വാലകള്‍ തീവ്രമാകുന്നതും അഗ്നിപര്‍വത സ്ഫോടനങ്ങളും ഓസോണ്‍ പാളിയെ ക്ഷയിപ്പിക്കുന്നുണ്ട്. അതിനുപുറമെ മനുഷ്യനിര്‍മിതമായ രാസവസ്തുക്കളുടെ പ്രവര്‍ത്തനം ഓസോണ്‍ പുതപ്പിനെ ഛിന്നഭിന്നമാക്കാന്‍തക്കവണ്ണം തീവ്രമാണ്. നൈട്രിക് ഓക്സൈഡ് , നൈട്രസ് ഓക്സൈഡ് , ഹൈഡ്രോക്സിന്‍, ക്ലോറിന്‍, ബ്രോമിന്‍, ക്ലോറോഫ്ളൂറോ കാര്‍ബണുകള്‍, ബ്രോമോ ഫ്ളൂറോ കാര്‍ബണുകള്‍ , ഹാലോണുകള്‍... എന്നിങ്ങനെ പട്ടിക നീളുകയാണ്. ഇവയില്‍ ശീതീകാരികളില്‍ ഉപയോഗിക്കുന്ന ക്ലോറോഫ്ളൂറോ കാര്‍ബണുകളും, നൈട്രസ് ഓക്സൈഡുമാണ് ഓസോണ്‍പാളിയുടെ പ്രധാന ശത്രുക്കള്‍, സ്ട്രാറ്റോസ്ഫിയറിലെത്തുന്ന ക്ലോറിന്‍, ബ്രോമിന്‍ തന്മാത്രകളില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ പതിക്കുമ്പോള്‍ അവയില്‍നിന്ന് ആറ്റങ്ങള്‍ സ്വതന്ത്രമാക്കപ്പെടുകയും അവ ഓസോണ്‍ തന്മാത്രകളെ ആക്രമിക്കുകയും ചെയ്യും. ശൃംഖലാപ്രവര്‍ത്തനം (Chain Reaction) വഴി ഒരു ക്ലോറിന്‍ ആറ്റം ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കും. അള്‍ട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് ഓസോണിന് നഷ്ടപ്പെടുന്നതോടെ അപകടകാരികളായ അള്‍ട്രാവയലറ്റ്-ബി വികിരണങ്ങള്‍ ഭൗമോപരിതലത്തിലെത്തും.

ഉത്തരാര്‍ധഗോളത്തില്‍ ഓരോ ദശകത്തിലും ഓസോണ്‍പാളിയുടെ കട്ടി നാലുശതമാനംവീതം കുറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

പരിഹാരങ്ങളെന്തെല്ലാം?

* സിഎഫ്സിപോലെ ഓസോണ്‍പാളിക്ക് ക്ഷയംഉണ്ടാക്കുന്ന രാസവസ്തുക്കളുടെ (Ozone Depleting Substances-ODS)  ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തലാക്കുക.

* ഹൈഡ്രജന്‍ ബന്ധനമുള്ള സംയുക്ത ങ്ങള്‍(ഹൈഡ്രോ ക്ലോറോഫ്ളൂറോ കാര്‍ബണുകള്‍- എച്ച്സിഎഫ്സി) സിഎഫ്സിക്കു പകരമായി ഉപയോഗിക്കുക. ഇവ അപകടരഹിതമാണെന്നല്ല, മറിച്ച് സിഎഫ്സിയെ അപേക്ഷിച്ച് തീവ്രത കുറവാണിവയ്ക്ക്.

* ഓസോണ്‍ സൗഹൃദപരമായത് എന്ന ലേബലുള്ളഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും മാത്രംഉപയോഗിക്കുക.

* എയര്‍ കണ്ടീഷണറുകളുടെയും റെഫ്രിജറേറ്ററുകളുടെയും ഉപയോഗം കുറയ്ക്കുക. സര്‍വീസിങ് കാര്യക്ഷമമാക്കുക.

* കാലഹരണപ്പെട്ട റെഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളും റിപ്പയര്‍ ചെയ്യാതെ, പുതിയവ ഉപയോഗിക്കുക.

* വാഹനങ്ങളുടെ എയര്‍ കണ്ടീഷണറുകള്‍ പതിവായി പരിശോധിക്കുക. ലീക്കുണ്ടാ കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

* ഹാലോണുകള്‍ ഉപയോഗി ക്കുന്നഅഗ്നിശമനഉപകരണങ്ങ ള്‍ക്കു(Fire Extinguisher) പകരം കാര്‍ബണ്‍ഡയോക്സൈഡുള്ളവ ഉപയോഗിക്കുക.

* ബോധവല്‍കരണം നടത്തുക.

* പ്രാദേശികമായി ഓസോണ്‍ കൂട്ടായ്മ സംഘടിപ്പിക്കുക.

* അമിതമായ വിഭവചൂഷണവും ഉപഭോഗാസക്തിയുംനിയന്ത്രിക്കുക.

* സിഎഫ്സിക്കു പകരമുള്ള സാങ്കേതികവിദ്യ വികസിപ്പിക്കു കയും ദരിദ്രരാജ്യങ്ങളെ ഇതിനു സഹായിക്കുകയും ചെയ്യുക.

*
സാബു ജോസ് ദേശാഭിമാനി കിളിവാതില്‍

No comments: