Friday, September 6, 2013

സ്കോള്‍നിക് സിദ്ധാന്തം ആവേശിച്ച കേരള പൊലീസ്

ഉത്തരേന്ത്യയില്‍ പല ഘട്ടങ്ങളിലും കേട്ട പൊലീസ് ക്രൂരതയെയും കവച്ചുവയ്ക്കുന്ന മനുഷ്യാവകാശലംഘനമാണ് തട്ടിപ്പുകേസില്‍പെട്ട മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ തിരുവഞ്ചൂരിന്റെ പൊലീസ് കാട്ടുന്നത്. സാക്ഷരതയിലും ആരോഗ്യരംഗത്തും പഞ്ചായത്ത് ഭരണത്തിലും മറ്റും മാതൃകയായ കേരളത്തെ പൊലീസ് ക്രൂരതയുടെ കാര്യത്തില്‍ ബിഹാറിനും ഉത്തര്‍പ്രദേശിനും പഞ്ചാബിനുമൊപ്പം പിടിച്ചുതാഴ്ത്തുകയാണ് യുഡിഎഫ് ഭരണം.

ഉത്തരേന്ത്യയില്‍ പൊലീസിന്റെ പല ക്രൂരതകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1980ല്‍ ബിഹാറിലെ ഭഗല്‍പുരില്‍നിന്നാണ് ഏറ്റവും വലിയ പൊലീസ് ക്രൂരത റിപ്പോര്‍ട്ട് ചെയ്തത്. വിചാരണ നേരിടുന്ന 31 പേരുടെ തലയിലേക്ക് ആസിഡ് ഒഴിച്ച് അവരെ അന്ധരാക്കിയ സംഭവമാണത്. കോണ്‍ഗ്രസിലെ ഭഗവത്ഝാ ആസാദായിരുന്നു അന്ന് മുഖ്യമന്ത്രി. 1987 ലെ ഹഷിംപുര കൂട്ടക്കൊലയാണ് മറ്റൊന്ന്. മീററ്റില്‍നിന്ന് അറസ്റ്റുചെയ്ത 42 മുസ്ലിങ്ങളെ ട്രക്കില്‍ കയറ്റി ഗാസിയാബാദിനടുത്ത മുറാദ്നഗറില്‍ കൊണ്ടുവന്ന് വെടിവച്ചു കൊന്ന് കായലില്‍ തള്ളിയ സംഭവമാണത്. ദിവസങ്ങള്‍ കഴിഞ്ഞ് മൃതദേഹങ്ങള്‍ കായലില്‍ പൊങ്ങിയപ്പോള്‍മാത്രമാണ് വര്‍ഗീയതയ്ക്ക് പേരുകേട്ട പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി)യുടെ ഈ ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.

1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ അഞ്ച് യുവാക്കളുടെ ജീവനാണ് പൊലീസ് കവര്‍ന്നത്. അന്നും കേരളം ഭരിച്ചത് യുഡിഎഫ് തന്നെ. ഉത്തരേന്ത്യയില്‍ പതിവായ പൊലീസ് ക്രൂരത കേരളത്തിലേക്ക് പറിച്ചുനടുന്നതില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്കുള്ള പങ്കിലേക്കാണ് ബുധനാഴ്ച തിരുവനന്തപുരത്തുണ്ടായ സംഭവവും വിരല്‍ ചൂണ്ടുന്നത്. പൊലീസ് ക്രൂരതയുടെ ബീഭത്സമായ മുഖംകൂടിയാണിത്. ഭഗല്‍പുരില്‍ പൊലീസ് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തുകയായിരുന്നെങ്കില്‍ ആനയറയില്‍ യുവാവിന്റെ ജനനേന്ദ്രിയം തകര്‍ക്കാനാണ് ശ്രമിച്ചത്. പൊലീസ് മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ചാണ് ഈ കൊടുംക്രൂരത കാട്ടിയതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. രണ്ട് പൊലീസുകാര്‍ പിടിച്ചുനിര്‍ത്തി ഒരാള്‍ ജനനേന്ദ്രിയം ലക്ഷ്യമാക്കി തൊഴിക്കുകയും മറ്റൊരാള്‍ കൈകൊണ്ട് ജനനേന്ദ്രിയം ഞെരിക്കുകയുമായിരുന്നു. പൈശാചികവും സമാനതകളില്ലാത്തതുമായ ക്രൂരതയ്ക്കുപിന്നില്‍ ആസൂത്രണം ഉണ്ടായിരുന്നുവെന്നു മാത്രമല്ല, തിരുവഞ്ചൂരിന്റെ പൊലീസ് സേനയില്‍ ഇത്തരം പീഡനമുറകളും പരിശീലിപ്പിക്കുന്നുണ്ടെന്നു വേണം കരുതാന്‍.

പരിശീലന വൈകൃതമാണ് തിരുവഞ്ചൂരിന്റെ ഭരണകാലത്ത് നടക്കുന്നത്. നിയമലംഘനം തടയേണ്ടവരെ നിയമം ലംഘിക്കാന്‍ പഠിപ്പിക്കുകയാണ്. സ്കോള്‍നിക് സിദ്ധാന്തം കേരളപൊലീസിനെയും ആവേശിച്ചുവെന്നര്‍ഥം. സാമൂഹ്യവിരുദ്ധരെ സ്ഥിരമായി കൈകാര്യംചെയ്യുന്നതിന്റെ ഫലമായി നിയമപാലകര്‍ ഭരണാധികാരികള്‍ തങ്ങള്‍തന്നെയാണെന്ന് സ്വയം കരുതി എന്ത് നിയമലംഘനവുമാവാമെന്ന മാനസികാവസ്ഥയിലെത്തുമെന്നാണ് സ്കോള്‍നിക് സിദ്ധാന്തം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജെറോം ഹെര്‍ബര്‍ട്ട് സ്കോള്‍നിക്കാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എല്ലാ പൗരന്മാരെയും നിയമം കൈയിലെടുക്കുന്നവരായാണ് പൊലീസ് കാണുന്നത്. എന്നാല്‍, സ്വന്തം ഓഫീസര്‍മാരും രാഷ്ട്രീയ യജമാനന്മാരും നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് ഇവര്‍ മൗനം പാലിക്കുകയുംചെയ്യുന്നു.

"നിശബ്ദതയുടെ നീലച്ചുമര്‍" എന്നാണ് പൊലീസിന്റെ ഈ സമീപനത്തെ സകോള്‍നിക് വിശേഷിപ്പിക്കുന്നത്. ഇതുകൊണ്ടാണ് പൊലീസ് അതിക്രമങ്ങളില്‍ ഒരിടത്തും പൊലീസുകാര്‍ ശിക്ഷിക്കപ്പെടാത്തത്. വിജയദാസിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും കേസ് ചാര്‍ജ് ചെയ്തിട്ടില്ല. പഞ്ചാബിലെ തരണ്‍താരണില്‍ ട്രക്ക് ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസില്‍ പരാതിപ്പെടാന്‍ ചെന്ന ഹര്‍ബിന്ദര്‍ കൗറിനെ രണ്ട് പൊലീസുകാര്‍ പട്ടാപ്പകല്‍ ഭീകരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നപ്പോഴാണ് സുപ്രീംകോടതി "മനഃസാക്ഷിയെ ഞെട്ടിക്കുന്ന" സംഭവമാണിതെന്ന് പറഞ്ഞത്. എന്നിട്ടും ഈ സംഭവത്തില്‍ മാപ്പുപറയാന്‍ പൊലീസ് തയ്യാറായില്ല. മാത്രമല്ല രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുകയുംചെയ്തു. കേരള പൊലീസും ഇതേ നിലവാരത്തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തുന്നത്്. കേരളത്തിനുതന്നെ അപമാനകരമാണ് ഈ സംഭവം.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 06 സെപ്തംബര്‍ 2013

No comments: