Friday, September 13, 2013

രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ സമ്പദ്ഘടനയും

1991 ജൂലൈ ഒന്നാമത്തെ ആഴ്ച അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് സര്‍ക്കാര്‍ രണ്ട് തവണ വെട്ടിക്കുറച്ചു. 1991 മെയ് ഒന്നിന് 20.85 രൂപയായിരുന്നു ഡോളറിനെങ്കില്‍, ജൂലൈ ഒന്നിന് 23.04 രൂപയും ജൂലൈ 3ന് 25.92 രൂപയുമായി. അതുമായി ബന്ധപ്പെട്ട് 1991 ജൂലൈ അവസാനം "ദേശാഭിമാനി" പത്രത്തില്‍, ഈ ലേഖകന്‍ എഴുതിയ ലേഖനം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു. ""ബഹുഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളെ അവഗണിക്കുന്നതും ഒരു ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതുമായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക വികസന നയങ്ങളുടെ അനിവാര്യമായ തകര്‍ച്ചയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലെ സമ്പത്ത് ഊറ്റിയെടുക്കാനും വിപണന സാധ്യതകള്‍ ചൂഷണം ചെയ്യാനും സാമ്രാജ്യത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ ശ്രമത്തിന്റെ വിജയവുമാണ് ഈ നീക്കങ്ങള്‍. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ ഒരു കെണിയില്‍ പെട്ടിരിക്കയാണ്. നമ്മുടെ ജനാധിപത്യവും സ്വാശ്രയത്വവും കൂടുതല്‍ കൂടുതല്‍ അടിമപ്പെട്ടു വരികയാണ്. വമ്പിച്ചൊരു ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ, ഈ അവസ്ഥക്ക് മാറ്റം വരുത്താനും ഇന്ത്യയെ രക്ഷിക്കാനും കഴിയൂ"".

22 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോഴത്തെ അവസ്ഥയെന്താണ്? ഇന്ത്യ സാമ്പത്തികമായി ഏറെ വളര്‍ന്നിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ അരങ്ങ് തകര്‍ക്കുന്നു. എല്ലാ കാര്യവും ഓഹരി വിപണിയെ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്നു. എല്ലാ നേട്ടങ്ങളും സ്വകാര്യ കോര്‍പറേറ്റുകളും വിദേശ കമ്പനികളും വീതിച്ചെടുക്കുന്നു. വിപണന സാധ്യതകള്‍ ചൂഷണം ചെയ്യാനായി ഇക്കൂട്ടര്‍ നടത്തിയ ശ്രമങ്ങളെല്ലാം വന്‍വിജയത്തിലാണ്. 1991 നവലിബറല്‍ പരിഷ്കാരങ്ങളുടെ തുടക്കമായിരുന്നു. പുതിയൊരു സര്‍ക്കാരിന്റെ അരങ്ങേറ്റവുമായിരുന്നു. 1991ല്‍ ഒരുഭാഗത്ത് ഇറക്കുമതി ഉദാരവല്‍ക്കരിക്കാനുള്ള നിയമങ്ങള്‍ ഉണ്ടാക്കി. മറുഭാഗത്ത്, ഇറക്കുമതിയെ നിയന്ത്രിക്കാന്‍ രൂപയുടെ അവമൂലനം (Devaluation) നടത്തി. ഇത്തരം വിരുദ്ധ നിലപാടുകള്‍ കുറേക്കാലം തുടര്‍ന്നു. പിന്നീടത് രൂപയുടെ മൂല്യത്തകര്‍ച്ച (Depreciation)) ക്കുതന്നെ ഇടയാക്കി. (സര്‍ക്കാരും കേന്ദ്രബാങ്കും തീരുമാനിച്ച് രൂപയുടെ മൂല്യം ബോധപൂര്‍വം കുറയ്ക്കുന്നതാണ് അവമൂലനം (Devaluation) എന്നാല്‍, കമ്പോളശക്തികളുടെ സ്വാധീനത്തിനനുസരിച്ച് ഡോളര്‍ വില കൂടുമ്പോഴാണ് രൂപയുടെ മൂല്യത്തകര്‍ച്ച ഉണ്ടാകുന്നത്). ഇതിന്റെയെല്ലാം ഫലമായി, ഇപ്പോള്‍ ഇറക്കുമതിയും രൂപയുടെ മൂല്യത്തകര്‍ച്ചയും രണ്ടും നിയന്ത്രിക്കാന്‍ കഴിയാതായിരിക്കുന്നു. 1991 ജനുവരിയില്‍ ഒരു ഡോളറിന് 17.50 രൂപ എന്നത് ഇതെഴുതുമ്പോള്‍ (ആഗസ്ത് 28ന്) 68.80 രൂപയെന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. കറന്റ് എക്കൗണ്ട് കമ്മിയാകട്ടെ, എണ്ണായിരത്തിലധികം കോടി ഡോളറായിരിക്കുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ച എന്നാല്‍ എന്ത്? ക്രയവിക്രയം ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും മൂല്യം കണക്കാക്കുന്നത് പണത്തിലാണ്. പ ണത്തില്‍ കണക്കാക്കുന്ന മൂല്യമാണ് വില. പണത്തില്‍ മൂല്യം കണക്കാക്കുന്ന വ്യവസ്ഥയാണ് പണവ്യവസ്ഥ (Monetary System). ഇന്ത്യയിലെ പണം രൂപയാണ്. അമേരിക്കയില്‍ ഡോളറും ഇംഗ്ലണ്ടില്‍ പൗണ്ടും റഷ്യയില്‍ റൂബിളും ആണ്. വസ്തുക്കളുടെ മൂല്യം കണക്കാക്കുന്നത് പണത്തിലാണെങ്കില്‍ പണത്തിന്റെ മൂല്യം കാണക്കാക്കുന്നത് എന്തിലാണ്. പണത്തിന്റെ മൂല്യത്തെയാണ് വിനിമയനിരക്ക് (Exchange Rate) എന്നുപറയുന്നത്. ഇത് രണ്ട് തരത്തിലുണ്ട് - ആഭ്യന്തരവും വിദേശീയവും (Internal and External rate of exchange). ആഭ്യന്തര വിനിമയനിരക്ക് രാജ്യത്തെ പൊതുവിലനിലവാരത്തെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നത്. വിദേശ വിനിമയനിരക്ക് മറ്റ് രാജ്യങ്ങളില്‍ കറന്‍സിയുമായി ബന്ധപ്പെടുത്തിയാണ്. ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ സ്വര്‍ണം പോലുള്ള വസ്തുക്കളുടെ അളവിനനുസരിച്ചായിരുന്നു ഇത്. ഇത്തരം നിരക്കുകള്‍ നിര്‍ണയിക്കുന്നതില്‍ നേരത്തെ സര്‍ക്കാരിന് നിയന്ത്രണമുണ്ടായിരുന്നു. സര്‍ക്കാരും കേന്ദ്രബാങ്കും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. കമ്പോളമുണ്ടെങ്കിലും സര്‍ക്കാരിന് അതിലും നിയന്ത്രണമുണ്ടായിരുന്നു. ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എല്ലാം തീരുമാനിക്കുന്നത് കമ്പോളമാണ്. 1991 മുതല്‍ നടപ്പാക്കിവരുന്ന നവലിബറല്‍ പരിഷ്കാരങ്ങളുടെ സ്വാഭാവിക പരിണതിയാണ് ഈ മാറ്റം. നവലിബറല്‍ പരിഷ്കാരങ്ങളുടെ ഭാഗമായി മുതലാളിത്ത രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ അതേപടി ചെയ്തുകൊടുക്കുകയായിരുന്നു ഇന്ത്യ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി, മാറിമാറിവന്ന സര്‍ക്കാരുകളുടെ മുഖ്യ അജണ്ടയും അതായിരുന്നു. ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നിങ്ങനെയൊക്കെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ അറിയപ്പെട്ടത്.

അല്‍പ്പം ചരിത്രം

1980 കളില്‍ ശക്തിപ്പെട്ടുവന്ന നവലിബറല്‍ പരിഷ്കാരങ്ങള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ പുതിയൊരു രാഷ്ട്രീയതലം കൈവരിക്കുകയായിരുന്നു. ലോകബാങ്ക്, നാണയനിധി ((IMF))എന്നിവയെക്കൂടി ഉപയോഗപ്പെടുത്തി സാമ്രാജ്യത്വ രാജ്യങ്ങള്‍ അവയുടെ താല്‍പര്യങ്ങള്‍ വളരെവേഗം നടപ്പാക്കുകയാണ് ചെയ്തത്. ഏതാണ്ട് ഇതേകാലത്ത് തന്നെ അമേരിക്കയില്‍ ഡോട്കോം ബൂം (Dot Com Boom), ഹൗസിങ്ങ് ബൂം (Housing Boom) തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന സാമ്പത്തിക മുന്നേറ്റങ്ങളും അരങ്ങേറി. അവിടെ കുമിഞ്ഞുകൂടിയ പണം ചെലവാക്കാനായി ലോകരാജ്യങ്ങളിലെ സാമ്പത്തിക ധനകാര്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കാനുള്ള ശ്രമങ്ങളുണ്ടായി. അതാണ് ധനകാര്യ ഉദാരവല്‍ക്കരണമായി (Fiscal Liberalisation) നമ്മുടെ നാട്ടില്‍ നടപ്പാക്കിയത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പലതരം മാറ്റങ്ങള്‍ വരുത്തി. ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു. ഓഹരികമ്പോളത്തിലും മൂലധന കമ്പോളത്തിലുമെല്ലാം വിദേശികള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തി. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുനിന്ന് വാങ്ങാവുന്ന ഹ്രസ്വകാല വാണിജ്യ വായ്പകളുടെ പരിധി ഉയര്‍ത്തി, നിയന്ത്രണങ്ങള്‍ നീക്കി. തുടര്‍ന്ന്, വന്‍കിടക്കാരൊക്കെ വിദേശപ്പണം വാങ്ങിത്തുടങ്ങി. ഇക്കാലത്ത് ഇന്ത്യയില്‍ വിദേശപ്പണശേഖരത്തിലും സാമ്പത്തിക വളര്‍ച്ചയിലും ഓഹരി സൂചികകളിലുമെല്ലാം വര്‍ധനവുണ്ടായി. ഇതില്‍ പലരും ഊറ്റം കൊണ്ടു. ഇതൊക്കെ നവലിബറല്‍ പരിഷ്കാരങ്ങളുടെ വിജയമാണെന്ന് പ്രചരിപ്പിച്ചു. അവശേഷിക്കുന്ന രംഗങ്ങളിലേക്കും പുത്തന്‍ നയങ്ങള്‍ എത്തിക്കാനുള്ള തിടുക്കമായി. എല്ലാം താല്‍ക്കാലികമാണെന്നും അടിത്തറ ഇല്ലാത്തതാണെന്നും ഡോളര്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകുമെന്നും പറഞ്ഞതൊക്കെ അധികാരികള്‍ അവഗണിച്ചു. 1991 കളുടെ തുടക്കത്തില്‍ സമ്പത്തുല്‍പ്പാദനരംഗത്ത് തുടക്കം കുറിച്ച പരിഷ്കാരങ്ങള്‍ ആ ദശകത്തിന്റെ അവസാനത്തോടെ ധനകാര്യ രംഗത്തേക്കും പിന്നീട് സാമൂഹ്യസുരക്ഷാ (പെന്‍ഷന്‍, റേഷന്‍, സബ്സിഡി എന്നിങ്ങനെ) രംഗത്തേക്കും ചേക്കേറി. ഈ നടപടികളെല്ലാം സാധാരണ ജനങ്ങളുടെ ജീവിതത്തിന് വിനയായിത്തീര്‍ന്നു. വിലക്കയറ്റമായിരുന്നു പ്രധാന പ്രശ്നം. എന്നാല്‍, 2008ല്‍ ശക്തിപ്പെട്ട ലോകസാമ്പത്തിക പ്രതിസന്ധിയോടെ, അമേരിക്കയടക്കം എല്ലാ മുതലാളിത്ത രാജ്യങ്ങളിലും പ്രശ്നങ്ങള്‍ കൂടിവന്നു. ഇന്ത്യയില്‍ ഇത് വിവിധ രീതിയില്‍ ജനജീവിതത്തെ സ്വാധീനിച്ചു. അതിന്റെ ഭാഗമായുണ്ടായതും ഇപ്പോള്‍ രൂക്ഷമായതുമായ പ്രതിസന്ധിയാണ് രൂപയുടെ മൂല്യത്തകര്‍ച്ച.

ഇതിനര്‍ഥം രൂപയുടെ മൂല്യത്തകര്‍ച്ച പെട്ടെന്നുണ്ടായതാണെന്നല്ല. അത് കൂടിവരികയും ഈയിടെയായി രൂക്ഷമാവുകയുമായിരുന്നു. ഇതിന് ദേശീയവും വൈദേശികവുമായ കാരണങ്ങളുണ്ടെങ്കിലും അടിസ്ഥാനം അമേരിക്കയുമായി കൂടിച്ചേര്‍ന്നുകൊണ്ടുള്ള ഇന്ത്യയുടെ നിലപാടുകളാണ്. ആദ്യം നമുക്ക് തദ്ദേശീയ പശ്ചാത്തലം പരിശോധിക്കാം. ദേശീയ സ്ഥിതി "ഒരു ഡോളറിന് വേണ്ടി എന്തും ആവാം" (Anything for a Dollar) എന്ന നയമാണ് നവലിബറല്‍ പരിഷ്കാരങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ തുടര്‍ന്നുവന്നത്. ഇതിനായി രൂപ അവമൂലനം (Devaluation) ചെയ്തു. വിദേശപ്പണം ഊഹക്കച്ചവടമായും, വാണിജ്യവായ്പകളായും മൂലധനമായുമെല്ലാം കടന്ന് വരുന്നതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തു. വന്ന വിദേശപ്പണത്തില്‍ നല്ലൊരു ഭാഗം (ഏതാണ്ട് 48%) ഊഹക്കച്ചവടരംഗത്തെ വിദേശസ്ഥാപന നിക്ഷേപ (Foreign Institutional Investment)) ങ്ങളായിരുന്നു. കയറ്റുമതിയാകട്ടെ, വലിയ തോതില്‍ വര്‍ധിച്ചില്ല. വര്‍ധിച്ച കയറ്റുമതി തന്നെ പലതും ഇറക്കുമതി ബന്ധിതമായിരുന്നു. കയറ്റുമതിയില്‍ മറ്റൊരു ഭാഗം അസംസ്കൃത പദാര്‍ഥങ്ങള്‍ ആയിരുന്നു. ഇതിന്റെയെല്ലാം ഫലമായി വ്യാവസായിക ഉല്‍പ്പാദനം ഗണ്യമായിക്കുറഞ്ഞു. ആര്‍ക്കും എന്തും ഇറക്കുമതി ചെയ്യാമെന്നായതോടെ, ഇറക്കുമതി പിന്നെയും വര്‍ധിച്ചു. പണക്കാര്‍ അവരുടെ ആഡംബര ജീവിതത്തിന് വേണ്ടതെല്ലാം ഇറക്കുമതി ചെയ്തു. അളവുപരമായ നിയന്ത്രണങ്ങള്‍ (Quantitative Restrictions) ഒഴിവാക്കി.

ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു. ഇതും തദ്ദേശീയ വ്യവസായങ്ങള്‍ക്ക് വിനയായി. പൊതുമേഖലയെ പാടെ അവഗണിച്ചു. 1991ല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിക്കുമ്പോള്‍ അന്നത്തെ വിദേശകടത്തില്‍ 58% വും ഔദ്യോഗികവും ദീര്‍ഘകാലത്തേക്കുള്ളതുമായിരുന്നു. എന്നാല്‍ 2013ല്‍ ഇത്തരം വായ്പകള്‍ 21% ആയി ചുരുങ്ങി. അതേസമയം സ്വകാര്യ കമ്പനികളുടെ വിദേശ വാണിജ്യവായ്പ ഇക്കാലയളവില്‍ 12% ല്‍നിന്ന് 31% ആയി ഉയര്‍ന്നു. അതായത് സര്‍ക്കാരിന്റെ വായ്പ കൂടിയതല്ല, മറിച്ച് സ്വകാര്യമേഖലയെയും സ്വകാര്യകമ്പോളത്തേയും വഴിവിട്ട് സഹായിച്ചതായിരുന്നു പ്രധാന പ്രശ്നം. ഇന്ത്യയിലെ പ്രധാനപ്പെട്ട 10 കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ വിദേശകടം 2006-07ല്‍ 99,300 കോടി രൂപ ആയിരുന്നത് 2012- 13ല്‍ 6,31,025 കോടി രൂപ (ഏതാണ്ട് 10,000 കോടി ഡോളര്‍) യായിരിക്കുന്നു. ആറ് വര്‍ഷത്തിനിടയില്‍ 10 ഗ്രൂപ്പുകളുടെ കടബാധ്യത മാത്രം ആറിരട്ടിയായി. ഇങ്ങനെ എത്രയോ ഗ്രൂപ്പുകള്‍ വേറെയുമുണ്ട്. (ഹരീഷ് ദാമോദരന്‍, ബിസിനസ് ലൈന്‍, ആഗസ്ത് 21, 2013). നേരത്തെ സ്വകാര്യകമ്പനികള്‍ക്ക് 50 കോടി ഡോളറിന്റെ വിദേശ വായ്പയായിരുന്നു ""തടസ്സങ്ങളില്ലാതെ"" അനുമതി കിട്ടിയിരുന്നതെങ്കില്‍ പിന്നീടത് 75 കോടിയാക്കി ഉയര്‍ത്തി. ""പൊതുമേഖല മോശം, സ്വകാര്യമേഖല മെച്ചം"" എന്നതായിരുന്നു നിലപാട്. 1991 മുതല്‍ക്കെ രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സ്വന്തം നാണയത്തിന്റെ മൂല്യത്തകര്‍ച്ച സ്വന്തം സമ്പദ്ഘടനയുടെ കൂടി തകര്‍ച്ചയുടെ ലക്ഷണമാണെന്ന് തിരിച്ചറിയാതെ, എല്ലാം ശുഭം എന്ന് ഉരുവിടുകയാണ് ഭരണാധികാരികള്‍ ചെയ്തത്. നവലിബറല്‍ കാലം ചരക്ക് കച്ചവടത്തിന്റെ കാലം മാത്രമായിരുന്നില്ല. ധനമൂലധനത്തിന്റെ ഒഴുക്കിന്റെ ഭാഗമായി കറന്‍സികള്‍ തന്നെ കച്ചവട ചരക്കാവുകയായിരുന്നു. ഡോളറിന് മുന്‍കൂര്‍ വില തീരുമാനിക്കുന്ന അവധിവ്യാപാരം വരെ നിലനിന്നു. ഇന്ത്യയിലേക്ക് വന്ന വിദേശപ്പണത്തിന്റെ നല്ലൊരു ഭാഗം ഹ്രസ്വകാലത്തേക്കുള്ള വാണിജ്യ വായ്പകളായിരുന്നുവെന്ന് പറഞ്ഞല്ലോ. പല ഇന്ത്യന്‍ വ്യവസായികളും കയറ്റുമതി വകയില്‍ വരാനുള്ള വിദേശപ്പണത്തെ വിദേശത്തുതന്നെ സൂക്ഷിക്കാനും രൂപയുടെ മൂല്യം കുറയുന്നതിനനുസരിച്ച് ഇവിടേക്ക് കെണ്ടുവരാനുമാണ് ശ്രമിച്ചത്. ഇതില്‍തന്നെ വലിയൊരു ഭാഗം വന്നത് കുപ്രസിദ്ധമായ "മൗറീഷ്യസ് റൂട്ട്" വഴിയാണ്. അര്‍ഹതപ്പെട്ട നികുതിപോലും ഇന്ത്യക്ക് കിട്ടിയില്ല. അപ്പോഴേക്കും നിലവിലുണ്ടായിരുന്ന സ്ഥിതി വിനിമയനിരക്ക് അതായത്, നിശ്ചിതകാലത്തേക്ക് സര്‍ക്കാര്‍/റിസര്‍വ് ബാങ്ക് നിര്‍ണയിക്കുന്ന സ്ഥായിയായ വിനിമയനിരക്ക് ഇല്ലാതാവുകയും കമ്പോളത്തില്‍ ചോദന-പ്രദാനങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന പ്ലവഗ വിനിമയ നിരക്കി (Floating Exchange  Rate) ലേക്ക് മാറുകയുമുണ്ടായി.

മറ്റ് ചരക്കുകളെപ്പോലെ വിദേശ കറന്‍സിക്ക് പ്രത്യേകിച്ചും ഡോളര്‍ കമ്പോളമാറ്റങ്ങള്‍ക്കനുസരിച്ച് വില നിര്‍ണയിക്കുന്ന മറ്റൊരു ചരക്കായി മാറി. ഡോളറിന്റെ മൂല്യം കൂടുക എന്നാല്‍, അതിന് നേരത്തെ നല്‍കിയതിനേക്കാള്‍ കൂടുതല്‍ രൂപ നല്‍കി വാങ്ങണം എന്നാണര്‍ഥം. അതായത്, ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറയുക. ഇത് തുടരുന്നത് നല്ലതല്ലെന്ന് റിസര്‍വ് ബാങ്കിന് അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യം തകരാതിരിക്കാന്‍ ശ്രമിക്കുന്നത്. അതിനായി റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള ഡോളറില്‍ ഒരു ഭാഗം മറ്റ് ബാങ്കുകള്‍ മുഖേന വിപണിയിലേക്ക് ഇറക്കും. പ്രദാനം (ലഭ്യത) കൂടുമ്പോള്‍ ഡോളറിന്റെ വില കുറയും. രൂപ കൂടുതല്‍ തളരാതെ പിടിച്ചുനില്‍ക്കും. കാര്യങ്ങളിപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാതായിരിക്കുന്നു. അവരുടെ പണപരമായ നിയന്ത്രണത്തെ മറികടക്കുന്നത്ര ശക്തമായ സമ്മര്‍ദമാണ് ധനമേഖലയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ കാരണം പ്രധാനമായും വൈദേശികമാണ്. വിദേശ സമ്മര്‍ദങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രധാനം ആഗോള സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. 2008 ഓടെ വീരവാദങ്ങള്‍ പലതും ഒറ്റയടിക്ക് തകര്‍ന്നു. കമ്പോളബന്ധിതവും ഊഹക്കച്ചവട പ്രധാനവുമായ രംഗങ്ങളിലെല്ലാം വലിയ തിരിച്ചടിയുണ്ടായി. ഇന്ത്യയുടെ പ്രധാന കയറ്റുമതി രാജ്യങ്ങളായ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവ പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ നമ്മുടെ കയറ്റുമതി പിന്നെയും കുറഞ്ഞു. കയറ്റുമതി വരുമാനത്തില്‍ വലിയ ഇടിവ് തന്നെ ഉണ്ടായി. എന്നാല്‍, വിദേശപ്പണത്തിന്റെ വരവ് വേറൊരു രീതിയില്‍ തുടര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ അമേരിക്ക നടത്തിയ ഉത്തേജക പാക്കേജിന്റെ ഭാഗമായിരുന്നു അത്. അമേരിക്കയിലെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനായി അവിടുത്തെ കേന്ദ്രബാങ്ക് (Federal Reserve System) ചില ഉത്തേജകപദ്ധതികള്‍ പ്രഖ്യാപിച്ചു. ഡോളര്‍ വന്‍തോതില്‍ അച്ചടിച്ച് പ്രചരിപ്പിച്ചു. പലിശനിരക്ക് ഗണ്യമായി കുറച്ചു. (ഇതിനെ ഡോളറൈസേഷന്‍ എന്നുപറയുന്നു).

തുറന്ന സമ്പദ്വ്യവസ്ഥയായ അമേരിക്കയില്‍ നിന്ന് ഡോളര്‍ ഒഴുക്കിയത് എല്ലാ രാജ്യങ്ങളിലേക്കുമായിരുന്നു. അമേരിക്കയിലേതിനേക്കാള്‍ കൂടുതല്‍ വരുമാനം (പലിശ, ലാഭം എന്നിങ്ങനെ) എവിടെനിന്നെങ്കിലും കിട്ടാന്‍ വകയുണ്ടോ അവിടേക്കെല്ലാം ഡോളര്‍ ഒഴുകി. അങ്ങനെ ഡോളര്‍ ഒഴുകിയെത്തിയ പ്രധാന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. നവലിബറല്‍ പരിഷ്കാരങ്ങള്‍ തുടരുന്നതിനാല്‍, ഡോളര്‍ സ്വീകരിക്കാന്‍ ഇന്ത്യ തയാറായിരുന്നു. എന്നാല്‍, അത് മാത്രമായിരുന്നില്ല കാരണം. സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ പൊതുമേഖലാ രംഗത്തെ കാര്യമായി ബാധിച്ചിരുന്നില്ല. ഇവിടുത്തെ ധനകാര്യ രംഗത്തിന്റെ നല്ലൊരുഭാഗം നിയന്ത്രിച്ചിരുന്നത് സര്‍ക്കാര്‍ തന്നെ ആയിരുന്നു. ബാങ്ക്, ഇന്‍ഷൂറന്‍സ് എന്നിവ തകര്‍ന്നില്ല. (ഇതിന്റെ പ്രധാന കാരണം, തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടിതമായ ചെറുത്തുനില്‍പ്പുകളായിരുന്നു).

ഇന്ത്യയില്‍ പലിശനിരക്ക് കാര്യമായി കുറച്ചിരുന്നില്ല. ഇവിടുത്തെ വിലക്കയറ്റം പലിശനിരക്ക് കുറക്കാന്‍ അനുവദിച്ചിരുന്നില്ല. വില വര്‍ധിപ്പിക്കുന്ന രീതിയില്‍ രൂപയുടെ പ്രചാരണം വര്‍ധിപ്പിക്കാനും റിസര്‍വ് ബാങ്കും സര്‍ക്കാരും തയാറായിരുന്നില്ല. ഇന്ത്യയില്‍ പലിശനിരക്ക് ഉയര്‍ന്നുതന്നെ നിന്നു. അമേരിക്കയില്‍ പലിശ ഇല്ലാതെ ലഭിക്കുന്ന ഡോളര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ഉയര്‍ന്ന വരുമാനം കിട്ടുന്ന ഓഹരികളും കടപ്പത്രങ്ങളും അമേരിക്കന്‍ ഊഹക്കച്ചവടക്കാര്‍ വാങ്ങിക്കൂട്ടി.

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ഡോളറിന്റെ വരവ് കൂടുകയായിരുന്നു. ഇത് ഡോളറിന്റെ ഒരു അംഗീകാരമായി കണക്കാക്കി. പ്രതിസന്ധി കാലത്തും ഡോളറിന്റെ ഔന്നത്യം നിലനിര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞു. അമേരിക്ക അതിന്റെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ വിറ്റ് കാശാക്കുക മാത്രമല്ല, അതുവഴി ഇന്ത്യയിലേക്ക് ചില പ്രതിസന്ധികളേയും കയറ്റി വിട്ടു എന്നതാണ് ഇപ്പോള്‍ കാണുന്ന ചിത്രം വ്യക്തമാക്കുന്നത്. ഡോളര്‍ കൂടുതലും ഊഹക്കച്ചവട രംഗത്തായതിനാല്‍ ലോകത്തെവിടെയുള്ള വിപണിമാറ്റങ്ങളോടും ഉടന്‍ പ്രതികരിക്കുന്ന സ്ഥിതി ഉണ്ടായി. ഇതിനിടയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കയുടെ കേന്ദ്രബാങ്ക് ഡയറക്ടര്‍ ഒരു പ്രസ്താവന നടത്തി. 2008ലെ സാമ്പത്തിക പ്രതിസന്ധികാലത്ത് തുടങ്ങിവെച്ച "ലളിതവല്‍കൃത പണനയം" (Easy Money Policy) തുടരേണ്ടതില്ലെന്നും അമേരിക്ക പ്രതിസന്ധിയില്‍ നിന്ന് കരകയറിയതായും അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ ഡയറക്ടര്‍ ബെന്‍ ബര്‍ണാങ്കെ പ്രസ്താവിച്ചു. (ഇതിന്റെ വസ്തുത പിന്നീട് ചോദ്യം ചെയ്തിരുന്നു). ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഹ്രസ്വകാല വാണിജ്യനിക്ഷേപങ്ങള്‍ വളരെ പെട്ടെന്ന് പിന്‍വലിക്കാന്‍ അമേരിക്കന്‍ ഊഹക്കച്ചവടക്കാര്‍ തയാറായി. ഓഹരികളും കടപ്പത്രങ്ങളും തുരുതുരാ വിറ്റുതുടങ്ങി. 2013 ജൂണില്‍ മാത്രം ഇന്ത്യയില്‍നിന്ന് 753 കോടി ഡോളര്‍ ഈ രീതിയില്‍ തിരിച്ചൊഴുകിയതായി കണക്കാക്കുന്നു. ഒന്നുരണ്ട് ഇടപാടുകള്‍ ഇവിടെ നടക്കണം. ഇന്ത്യയില്‍ കടപ്പത്രങ്ങളും ഓഹരികളും വിറ്റഴിക്കണം. വിറ്റഴിക്കുമ്പോള്‍ കൈയില്‍ കിട്ടുന്നത് രൂപയായിരിക്കും. അമേരിക്കയില്‍ വേണ്ടത് രൂപയല്ല; ഡോളറാണ്. ഇന്ത്യയില്‍ കിട്ടുന്ന രൂപയെ ഇവിടെതന്നെ ഡോളറാക്കണം. ഇങ്ങനെ ഒരുപാട് പേര്‍ക്ക് ഡോളര്‍ വേണം. അതിന് മാത്രം ഡോളര്‍ വിപണിയില്‍ ലഭ്യമല്ല. അപ്പോള്‍ എത്ര രൂപ നല്‍കിയും ഡോളര്‍ വാങ്ങാന്‍ ഊഹക്കച്ചവടക്കാര്‍ തയാറായി. അങ്ങനെ വന്നപ്പോള്‍ രൂപയൊരു വിലയില്ലാത്ത കറന്‍സിയായി. ഇതാണ് രൂപയുടെ ഇപ്പോഴത്തെ വന്‍ തകര്‍ച്ചയുടെ പശ്ചാത്തലം.

ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് വളരെ പണിപ്പെട്ടു. പക്ഷേ, കാര്യങ്ങള്‍ പലതും ബാങ്കിന്റെ പരിധിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. നില്‍ക്കക്കള്ളിയില്ലാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കയാണ്. ഡോളര്‍ വില കൂടട്ടെ, അതുകൊണ്ട് കയറ്റുമതി വര്‍ധിക്കും. വിദേശ മലയാളികളുടെ മണിയോര്‍ഡര്‍ തുക വര്‍ധിക്കും എന്നൊക്കെ പറയുന്നവരുണ്ട്. കാര്യങ്ങളൊക്കെ ശുഭമായി അവസാനിക്കും, ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല എന്നും ഇക്കൂട്ടര്‍ പറയുന്നു.

തന്നത്താനെ ശുഭപര്യവസാനിയാണെങ്കില്‍ എന്തിനാണ് രൂപയെ രക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്! എന്തുകൊണ്ട് ഡോളറിനെ സ്വതന്ത്രമായി വിടുന്നില്ല? കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും പ്രശ്നബന്ധിതമാണെന്നും അധികാരികള്‍ക്കറിയാം. രത്തന്‍ ടാറ്റയെപ്പോലുള്ള തദ്ദേശീയ വ്യവസായികള്‍ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ സുബ്ബറാവു തുടങ്ങിയ ഉന്നതര്‍ മാറിച്ചിന്തിച്ച് പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. വിദേശ ധനമൂലധനശക്തികളുടെ വഴിവിട്ട സ്വാധീനം തന്നെയാണ് ഇതില്‍ നിന്നെല്ലാം തെളിഞ്ഞുവരുന്നത്. മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് വിദേശ മലയാളികള്‍ക്ക് കൂടുതല്‍ പണം കിട്ടുന്നതെങ്ങനെയെന്ന് നോക്കാം. ഇന്ന് ഡോളര്‍വില നിര്‍ണയിക്കുന്നത് പണക്കമ്പോളത്തിലാണ്. അവിടുത്തെ ചോദന-പ്രദാനങ്ങളെ അടിസ്ഥാനമാക്കിയാണ്. നമ്മുടെ രൂപ അന്താരാഷ്ട്ര വിനിമയത്തില്‍ ഡോളറുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഗള്‍ഫിലേതടക്കം ഒട്ടുമിക്ക കറന്‍സികളും ഡോളറുമായി ബന്ധപ്പെടുത്തിയാണ് വിനിമയനിരക്ക് നിര്‍ണയിക്കുന്നത്. ഡോളറുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഡോളറുമായി ബന്ധപ്പെട്ട മറ്റെല്ലാ കറന്‍സികളെയും അത് സ്വാധീനിക്കും. അവയുമായി ബന്ധപ്പെട്ട് രൂപയുടെ മൂല്യം കുറയും. അതുകൊണ്ടാണ് ഗള്‍ഫ് കറന്‍സികളായ യുഎഇ ദിര്‍ഹം, കുവൈറ്റ് ദിനാര്‍, ഖത്തര്‍ റിയാല്‍ തുടങ്ങിയ കറന്‍സികള്‍ക്കെല്ലാം കൂടുതല്‍ രൂപ ലഭിക്കുന്നത്. അതേസമയം ഡോളറുമായി ബന്ധപ്പെട്ട ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തില്‍ വ്യത്യാസം വന്നിട്ടില്ല. ഒരു ഡോളറിന് കിട്ടാവുന്ന രൂപയുടെ അളവ് കൂടുന്നതാണ് കാരണം.

ഡോളറും രൂപയും തമ്മിലുള്ള വിലയുടെ ആനുപാതികമായി ഗള്‍ഫ് കറന്‍സികളുടെ മൂല്യം കണക്കാക്കിയാണ് ഇങ്ങനെ നടക്കുന്നത്. ഇവിടെയൊരു ആനുപാതിക വര്‍ധനവാണ് നടക്കുന്നത്. ഗള്‍ഫിലുള്ളവര്‍ക്ക് ഗള്‍ഫ് കറന്‍സിയുടെ മൂല്യം വര്‍ധിച്ചതായി അനുഭവപ്പെടും. എന്നാല്‍, അമേരിക്കന്‍ മലയാളിക്ക് രൂപയുടെ മൂല്യത്തകര്‍ച്ച തന്നെ നേരിട്ട് അനുഭവപ്പെടും. നേരത്തെ 60-70 ദിര്‍ഹം ഗള്‍ഫിലെ ബാങ്കില്‍ നല്‍കിയാലാണ് 1000 രൂപ കേരളത്തില്‍ കിട്ടിയിരുന്നതെങ്കില്‍ 1000 രൂപ കിട്ടാന്‍ ഇപ്പോള്‍ 40-50 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. പക്ഷേ, രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ്ഘടനയെ മൊത്തത്തില്‍ ഞെരുക്കുമ്പോള്‍ അല്‍പ്പം വിദേശപ്പണം കൂടുതല്‍ ലഭിക്കുമെന്നതുകൊണ്ട് കേരളം മാത്രം ഈ ഞെരുക്കത്തില്‍നിന്ന് രക്ഷപ്പെടുകയില്ലല്ലോ. മൂല്യത്തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയാക്കും. സാധനസാമഗ്രികളുടെ പ്രത്യേകിച്ചും ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണ് ഇതില്‍ പ്രധാനം. ഇവിടെ ഉണ്ടാക്കുന്ന വസ്തുക്കളില്‍ തന്നെ, ഇറക്കുമതി ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അത്ത രം വസ്തുക്കളുടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കും. അതും വിലവര്‍ധനവിന് ഇടയാക്കും.
 
ഇറക്കുമതി മൂല്യം കൂട്ടുകയും കയറ്റുമതി വര്‍ധിക്കാതിരിക്കുകയും ചെയ്താല്‍ കറന്റ് എക്കൗണ്ട് കമ്മി Current Account Deficit - CAD) കൂടും. ഇത് 1991ല്‍ മൊത്തം ദേശീയ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായിരുന്നെങ്കില്‍ 2013ല്‍ 34.8 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2013 ജൂണില്‍ മാത്രം കയറ്റുമതി മൂല്യം 2378 കോടി ഡോളറും ഇറക്കുമതി മൂല്യം 3603 കോടി ഡോളറും ആയിരുന്നു. അതായത്, 1225 കോടി ഡോളറിന്റെ കമ്മി. വര്‍ധിച്ചുവരുന്ന (8000 കോടി ഡോളറിലധികം) ഈ കമ്മി നികത്തണമെങ്കില്‍ കയറ്റുമതി വന്‍തോതില്‍ വര്‍ധിക്കണം. അതിനുള്ള സാധ്യത ഇപ്പോള്‍ വളരെ കുറവാണ്. ഐടി മേഖല മാത്രമാണ് അല്‍പ്പം ആശ്വാസം. കയറ്റുമതി കൂടിയില്ലെങ്കില്‍ വിദേശ വായ്പയെ ആശ്രയിക്കേണ്ടി വരും. ധനമൂലധനത്തിന്റെ ഇന്നത്തെ കാലം കറന്‍സികളുടെ കച്ചവടക്കാലം കൂടിയാണ്. 28,000 കോടി ഡോളറിന്റെ കരുതല്‍ ധനമുണ്ടെന്നും അതിനാല്‍ ഏഴ് മാസത്തേക്ക് പ്രശ്നമില്ലെന്നുമൊക്കെ പറയുന്നത് ഇന്നത്തെ വിലക്കയറ്റ നിരക്കിന്റേയും F11ചാഞ്ചാട്ടങ്ങളുടെയും വലുപ്പം അറിയാതെയാണ്.
 
ഇന്ന് ഇന്ത്യയില്‍ വ്യവസായമേഖല നിശ്ചലമാണ്. ഉല്‍പ്പാദനവും വരുമാനവും തൊഴിലും കുറയുന്നു. അതോടെ രൂപയുടെ മൂല്യത്തകര്‍ച്ച ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ്. മാന്ദ്യമാണെങ്കിലും പക്ഷേ, വില കുറയാന്‍ പോകുന്നില്ല. ഈ സ്ഥിതി തൊഴിലും വരുമാനവും നിലയ്ക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് അസഹ്യമാക്കാനിടയാക്കും. ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. അമേരിക്കക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളെ കരുവാക്കിയതുപോലെതന്നെ, പ്രതിസന്ധി പരിഹാരത്തിന്റെ പേരിലും ഇവിടെതന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ഇത് കാണിക്കുന്നത് അമേരിക്കന്‍ സമ്പദ്ഘടനയുമായി ഇന്ത്യ അത്രമാത്രം ഒട്ടിപ്പോയിരിക്കുന്നു എന്ന വസ്തുതയാണ്.

മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയോടൊപ്പം ചരക്കുല്‍പ്പാദനത്തില്‍ നിരന്തര മുന്നേറ്റം ഉണ്ടാക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും കഴിയുന്ന രാജ്യങ്ങള്‍ക്ക് വിനിമയനിരക്കിലെ മാറ്റം സ്വയമേവ നിയന്ത്രിക്കാന്‍ കഴിയും. അവിടെ പക്ഷേ, വിപണിയില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണം. അതേസമയം രാജ്യത്തെ ഉല്‍പ്പാദനവ്യവസ്ഥ തദ്ദേശീയ നയപരിപാടികളെക്കാള്‍ കൂടുതല്‍ വിദേശ വിപണിയുമായാണ് കൂട്ടുചേര്‍ന്നു നില്‍ക്കുന്നതെന്നുണ്ടെങ്കില്‍ നാണയത്തിന്റെ മൂല്യത്തകര്‍ച്ച വലിയ പ്രതിസന്ധിക്കിടയാക്കും. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതതാണ്. തങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ മുതലാളിത്തത്തിന്റെ കേന്ദ്രപ്രദേശമായ അമേരിക്ക എങ്ങനെയാണ് ഇന്ത്യയെപ്പോലുള്ള പ്രാന്തപ്രദേശങ്ങളെ ഉപയോഗിക്കുന്നതെന്നതിനുള്ള നല്ല ഉദാഹരണം കൂടിയാണ് ഇന്നത്തെ പ്രതിസന്ധികള്‍. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രശ്നങ്ങളെ ലോകമുതലാളിത്ത വ്യവസ്ഥ മൊത്തം നേരിടുന്ന പ്രതിസന്ധിയുടെ ഭാഗം തന്നെയാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

പ്രതിവിധിയെന്ത്?

ആഭ്യന്തര ഉല്‍പ്പാദനം, തൊഴില്‍, വരുമാനം എന്നിവ വര്‍ധിപ്പിച്ച് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയല്ലാതെ പ്രശ്നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ പരിമിതമാണ്. ഇതിനാകട്ടെ, പൊതുസംവിധാനങ്ങള്‍, പൊതു ഇടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപ-വികസന പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇതുവഴി പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ബോധപൂര്‍വം ശ്രമിക്കണം. ധനമൂലധനത്തിന് യഥേഷ്ടം കയറി ഇറങ്ങാന്‍ അനുവദിക്കുന്ന ഇന്നത്തെ സര്‍ക്കാര്‍ നയം തിരുത്തണം. രാജ്യത്തിനകത്ത് നിന്ന് സ്വരൂപിക്കാവുന്ന പണം ധനികരോട് വിട്ടുവീഴ്ചയില്ലാതെ പിരിച്ചെടുക്കണം.

ജനോപകാരപ്രദമായ രീതിയില്‍ ചെലവാക്കണം. കാര്‍ഷികവികസനം, വ്യാവസായിക വളര്‍ച്ച, പശ്ചാത്തല വികസനം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവക്കാകണം മുന്‍ഗണന. ജനങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പാക്കാന്‍ കഴിയണം. ആരോഗ്യകരമായ വിദേശ സാമ്പത്തിക ബന്ധം തുടരണം. പക്ഷേ, അത് തദ്ദേശീയ സാമ്പത്തിക ധനകാര്യ താല്‍പ്പര്യങ്ങള്‍ക്ക് പൂരകമാകണം. ഇന്നത്തേതുപോലെ, അമേരിക്കന്‍ ഡോളറിന് കീഴടങ്ങുന്ന സ്ഥിതി മാറണം. ഇറക്കുമതി നിയന്ത്രണമാണ് മറ്റൊരു പ്രതിനിധി. ഇന്ത്യയില്‍ സുലഭമാണെങ്കിലും കോടതി ഇടപെടല്‍മൂലം ഇരുമ്പയിര്, കല്‍ക്കരി എന്നിവയും നാം ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതിന് കാരണം അഴിമതിയാണ്. അത് പക്ഷേ, സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്താല്‍ സംഭവിച്ചതാണ്; എങ്കിലും പരിഹരിക്കാവുന്നതാണ്. ഭക്ഷ്യഎണ്ണ ഇറക്കുമതി, എണ്ണക്കുരു കൃഷി വികസിപ്പിച്ച് കുറയ്ക്കാവുന്നതാണ്.

സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി നിയന്ത്രിക്കേണ്ടതുണ്ട്. മാത്രമല്ല, രാജ്യത്ത് പലയിടത്തായി കെട്ടിക്കിടക്കുന്ന സ്വര്‍ണം രാജ്യപുരോഗതിക്കായി ഉപയോഗിക്കാന്‍ വിശ്വാസയോഗ്യവും ആകര്‍ഷണീയവുമായ പരിപാടികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഏറ്റവും പ്രധാനം എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ്. തദ്ദേശീയ ക്രൂഡ് ഉല്‍പ്പാദനവും സംസ്കരണവും പൊതുമേഖലയില്‍ ശക്തിപ്പെടുത്തണം. ഈ രംഗത്തെ സ്വകാര്യ കമ്പനികളെ നിയന്ത്രിക്കണം. എണ്ണ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. ഇതിനായി പൊതുഗതാഗത സംവിധാനം കുറ്റമറ്റതും ആകര്‍ഷണീയവുമാക്കണം. മുതലാളിത്ത രാജ്യങ്ങള്‍പോലും എണ്ണയുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. വൈദ്യുതിരംഗത്ത് സൗരോര്‍ജം വികസിപ്പിക്കുന്നതിനായി തദ്ദേശീയ സാങ്കേതികവിദ്യ ഗവേഷണം ഊര്‍ജിതപ്പെടുത്തണം. ആണവനിലയങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം.

ഇതിനെല്ലാം കഴിയണമെങ്കില്‍ ധനിക ന്യൂനപക്ഷത്തിനും അവരുടെ ലാഭ താല്‍പ്പര്യങ്ങള്‍ക്കും മാത്രം പരിഗണന നല്‍കുന്ന ഇന്നത്തെ നവലിബറല്‍ പരിഷ്കാരങ്ങളില്‍ നിന്ന് പിന്മാറണം. ഡോളറിനെ പൂജിക്കുന്നതില്‍നിന്ന് പിന്തിരിയണം. എന്നാല്‍, ഇപ്പോഴും സര്‍ക്കാര്‍ ചെയ്യുന്നതെന്താണ്? സമ്പദ്ഘടനയെ രക്ഷിക്കാന്‍ ധനമന്ത്രി ഈയിടെ പ്രഖ്യാപിച്ച പത്തിന പരിപാടികളില്‍പ്പോലും വിദേശാശ്രിതത്വം മുറ്റിനില്‍ക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായി "കുറച്ചുമാത്രം നിയന്ത്രണമുള്ളതും തുറന്നതുമായ സമ്പദ്വ്യവസ്ഥയാണ് നമുക്കാവശ്യം" എന്ന് ധനമന്ത്രി നമ്മെ ഓര്‍മപ്പെടുത്തുകയാണ്. പരിസ്ഥിതി കൊള്ളക്കെതിരെ കോടതി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മറികടക്കാനാണ് ധനമന്ത്രിയുടെ മറ്റൊരു ശ്രമം. ഇതൊക്കെ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.

രാഷ്ട്രീയാഭിപ്രായം മാറ്റിവച്ച് എല്ലാവരും സഹകരിക്കണം എന്നാവശ്യപ്പെടുന്ന ധനമന്ത്രി നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് കൃത്യമായൊരു രാഷ്ട്രീയം ഉണ്ടെന്ന കാര്യം മറന്നുപോകുന്നു. ഇന്നത്തെ പ്രതിസന്ധിക്കുള്ള കാരണങ്ങള്‍ വിദേശമോ, സ്വദേശമോ എന്തായാലും അവ നവലിബറല്‍ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടത് സാധാരണ ജനങ്ങള്‍ക്കാണ്. പ്രതിസന്ധിയുടെ ആഘാതം ജനങ്ങളിലേക്ക് മാറ്റിവയ്ക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്.

വിവിധ രംഗങ്ങളില്‍ ഉടന്‍ ഉണ്ടാകാവുന്ന വിലക്കയറ്റത്തെപ്പറ്റി ഒന്നും പറയുന്നില്ല. ടെലികോം, ബാങ്ക്, ഇന്‍ഷുറന്‍സ്, ചില്ലറ വില്‍പ്പന രംഗങ്ങളിലെ വിദേശ നിക്ഷേപ വര്‍ധനക്കുള്ള നിര്‍ദേശങ്ങള്‍ അതാണ് കാണിക്കുന്നത്. സര്‍ക്കാരിന് തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യത്തില്‍ വിപണിയുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുകയാണ്. ഇതൊക്കെ നടക്കുമ്പോഴും മന്ത്രി പറയുന്നത് രൂപയുടെ മൂല്യത്തകര്‍ച്ച ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്നാണ്. മുതലാളിത്ത സമ്പദ്ഘടനയിലെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ വഴി എല്ലാം പരിഹരിക്കപ്പെടും എന്ന കണക്ക് കൂട്ടലിലാണ് ഇപ്പോഴും ഭരണാധികാരികളുള്ളത്. അനുഭവത്തില്‍നിന്ന് പാഠം പഠിക്കാത്ത ഇക്കൂട്ടര്‍, തെറ്റുകള്‍ സ്വയം തിരുത്തുക, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക തുടങ്ങിയ സാമാന്യ മര്യാദ പോലും കാണിക്കുന്നില്ല. അതിന്റെ അര്‍ഥം ഇന്ത്യന്‍ ഭരണകൂടം ഇപ്പോഴും ഡോളറിനെ പൂജിച്ച് സമ്പന്നരായ ന്യൂനപക്ഷത്തെ സേവിച്ചു കൊണ്ടിരിക്കയാണെന്നു തന്നെയാണ്. ഈ നില തുടര്‍ന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇനിയും തുടരുമെന്നത് മാത്രമല്ല; മറ്റൊട്ടേറെ പ്രതിസന്ധികള്‍ക്കും ഇടയാക്കിയേക്കും.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 15 സെപ്തംബര്‍ 2013

No comments: