Wednesday, January 9, 2008

സ്നേഹപൂര്‍വം വര്‍ക്കേഴ്സ് ഫോറം.....

പ്രിയ സുഹൃത്തുക്കളെ,

ഇത് വര്‍ക്കേഴ്സ് ഫോറത്തിന്റെ നൂറാമത്തെ പോസ്റ്റ് ആണ്. 2007 ജൂണ്‍ അവസാനം തുടങ്ങിയ ഈ ബ്ലോഗില്‍ ആറുമാസം കൊണ്ട് 100 പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ജോലിത്തിരക്കിന്റേയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും ഇടയില്‍ കിട്ടുന്ന പരിമിതമായ സമയം ഫലപ്രദമായി ഒരു പുതിയ മാധ്യമത്തില്‍ ചെലവഴിക്കുവാന്‍‍ കഴിഞ്ഞു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രസക്തമായ ചര്‍ച്ചകളും ഉപകാരപ്രദമായ പോസ്റ്റുകളും പ്രസിദ്ധീകരിക്കുവാന്‍ ഞങ്ങള്‍ ഞങ്ങളാല്‍ ആവുംവണ്ണം ശ്രമിച്ചിട്ടുണ്ട്. വിലയിരുത്തേണ്ടത് നിങ്ങളാണ്.

ആമുഖ പോസ്റ്റില്‍ പറഞ്ഞതുപോലെ..

ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..ചുറ്റും ഉള്ള സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ബാങ്ക് ജീവനക്കാരുടെ പ്രസിദ്ധീകരണമായ ബാങ്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ പ്രവര്‍ത്തകരാണ് കൂടുതലായും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളം കേന്ദ്രമായി. മറ്റു സഹോദര സംഘടനകളുടെ പ്രവര്‍ത്തകരും അവരുടെ സമയം ഞങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. തങ്ങളുടെ ലേഖനങ്ങള്‍ അനുവാദം ചോദിക്കാതെ തന്നെ പ്രസിദ്ധീകരിക്കുവാന്‍ പല സംഘടനകളും തൊഴിലാളികളും സമ്മതം തന്നിട്ടുണ്ട്. അവരോടെല്ലാവരോടും ഞങ്ങളുടെ അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുവാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ചില ലേഖനങ്ങള്‍ ഞങ്ങള്‍ മൊഴിമാറ്റം നടത്തിയും അല്ലാതെയും പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ വായിക്കണമെന്നും ഭാവിയില്‍ റെഫറന്‍സിനായി ഉപകരിക്കണം എന്നും ഉദ്ദേശിച്ച്‌‍. ബ്ലോഗിലെ മറ്റു പോസ്റ്റുകളില്‍ കമന്റിടുവാനോ മറ്റു ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുവാനോ ഏതൊരു കൂട്ടായ്മക്കും ഉണ്ടാകാവുന്ന പരിമിതികള്‍ മൂലം കഴിയാതെ വന്നിട്ടുണ്ട്. എങ്കിലും മിക്കവാറും എല്ലാ പോസ്റ്റുകളും ഇതിനു പിന്നിലെ പ്രവര്‍ത്തകരില്‍ ആരെങ്കിലുമൊക്കെ വായിച്ചിട്ടുണ്ടായിരിക്കും. അതിനെക്കുറിച്ചു ചര്‍ച്ചകളും ഞങ്ങള്‍ നടത്താറുണ്ട്. എന്തായാലും നേരില്‍ കണ്ടിട്ടില്ലാത്ത ഒട്ടേറെപ്പേരുമായി സംവദിക്കുവാന്‍ കഴിഞ്ഞത് നല്ല അനുഭവമായിരുന്നു. കുറെയേറെ ചോദ്യങ്ങള്‍ ചോദിക്കുവാനും, ഒത്തിരി ഉത്തരങ്ങള്‍ കണ്ടെത്തുവാനും കഴിഞ്ഞു ഇക്കാലയളവില്‍ . Really, it was a learning experience for all of us.

ഇത്രയും കാലം ഞങ്ങള്‍ക്ക് പ്രോത്സാഹനം തന്ന നിങ്ങള്‍ ഓരോരുത്തരോടും ഈയവസരത്തില്‍ ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും നിങ്ങളുടെ സാന്നിദ്ധ്യവും വിലയേറിയ നിര്‍ദ്ദേശങ്ങളും ഉണ്ടാകണമെന്ന്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ബ്ലോഗിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനു നിങ്ങളുടെ സഹായത്തോടെ ഞങ്ങള്‍ക്ക് കഴിയും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു....

Tuesday, January 8, 2008

ബുദ്ധനും ബസുവും പറഞ്ഞതും പറയാത്തതും

കമ്യൂണിസം മാനവസമുദായത്തിന്റെ മഹാസ്വപ്നമാണെന്നും സാമ്രാജ്യത്വത്തിനും മുതലാളിത്തവ്യവസ്ഥയ്ക്കും എതിരായ ഏക ബദല്‍ സോഷ്യലിസമാണെന്നും പറഞ്ഞുവന്നവര്‍ തന്നെ ഇപ്പോള്‍ വഴിമാറി നടക്കുന്നു. സോഷ്യലിസ്റ്റ് ബദല്‍ മാതൃകകള്‍ പ്രത്യക്ഷത്തില്‍ മനോഹരമാണെന്നു തോന്നുമെങ്കിലും അവ പ്രായോഗികമല്ലെന്ന തിരിച്ചറിവിലെത്തിയ ഇന്ത്യയിലെ രണ്ടു പ്രമുഖ മാര്‍ക്സിസ്റ്റ് നേതാക്കളാണു ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും. ബംഗാളിനെ വലത്തോട്ടു നയിച്ചതു ജ്യോതി ബസു മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ബുദ്ധദേവ് ഭട്ടാചാര്യയാകട്ടെ സ്വകാര്യ മൂലധനത്തിന്റെ ശക്തനായ കാവല്‍ക്കാരനായി നിലകൊള്ളുകയും ചെയ്തു.

മനോരമ

പശ്ചിമ ബംഗാളിനെ വ്യവസായവത്കരിക്കാന്‍ മുതലാളിത്തപാത സ്വീകരിക്കണമെന്ന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാടിന് മുതിര്‍ന്ന സി.പി.എം നേതാവ് ജ്യോതിബസു പിന്തുണ നല്കി. ഇന്നത്തെ കാലത്ത് സോഷ്യലിസം അത്ര പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ഘടകകക്ഷികള്‍ ബുദ്ധദേവിന്റെ ശൈലിയെ എതിര്‍ക്കുന്നതില്‍ ബസു അത്ഭുതം പ്രകടിപ്പിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''രാജ്യത്തും വിദേശത്തും നിന്നുള്ള മൂലധനം നമുക്ക് ആവശ്യമുണ്ട്. എന്തൊക്കെയായാലും മുതലാളിത്ത വ്യവസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യലിസം ഇക്കാലത്ത് സാധ്യമല്ല. സോഷ്യലിസം വിദൂരത്താണ്''_ ബസു പറഞ്ഞു.

''വര്‍ഗരഹിത സമൂഹം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് വളരെ മുമ്പാണ്. സോഷ്യലിസം തന്നെയാണ് നമ്മുടെ രാഷ്ട്രീയ അജന്‍ഡ. ഇക്കാര്യം പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മുതലാളിത്തം ഭാവികാലത്തേക്കുള്ള പ്രേരകശക്തിയായി തുടരും''_ പൊളിറ്റ്ബ്യൂറോ അംഗമായ ബസു അഭിപ്രായപ്പെട്ടു. രാജ്യത്ത് സി.പി.എം മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍സോഷ്യലിസം നടപ്പാക്കുമെന്ന് പറയാനാകുമോ എന്നാല്‍, വ്യവസായത്തിനായി സ്വകാര്യമൂലധനം ക്ഷണിക്കുമ്പോള്‍ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. അദ്ദേഹം പറഞ്ഞു.

മാതൃഭൂമി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കു പിന്നാലെ മുതിര്‍ന്ന സി.പി.എം നേതാവ് ജ്യോതി ബാസുവും മുതലാളിത്ത വ്യവസ്ഥിതിക്കു പിന്തുണയുമായി രംഗത്ത്. സോഷ്യലിസം നിലവില്‍ അസംഭവ്യമാണെന്നാണു ബാസുവിന്റെ അഭിപ്രായം.

'സോഷ്യലിസം ഞങ്ങളുടെ രാഷ്ട്രീയ അജന്‍ഡയാണ്. അതു പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ഭാവിക്ക് ആവശ്യം കാപ്പിറ്റലിസമാണ്'-ബാസു പറഞ്ഞു.

'നമുക്ക് ആവശ്യം ആഭ്യന്തരവും വിദേശവുമായ മൂലധനമാണ്. മുതലാളിത്ത വ്യവസ്ഥിതിക്കു കീഴിലാണു നാം പ്രവര്‍ത്തിക്കുന്നതെന്നതാണു വസ്തുത. സോഷ്യലിസം ഇപ്പോള്‍ പ്രായോഗികമല്ല'-ബാസു അഭിപ്രായപ്പെട്ടു. വേര്‍തിരിവുകളില്ലാത്ത സമൂഹസൃഷ്ടിയെക്കുറിച്ചാണു തങ്ങള്‍ പറയുന്നതെങ്കിലും അതു സാധ്യമാക്കാന്‍ ഏറെ സമയം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീപിക

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ജ്യോതിബസുവും നടത്തിയ ചില പ്രസ്താവനകള്‍ ചൂടുപിടിച്ച വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുകളിലെ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്നതിന്റെ ചെറിയൊരു അംശം മാത്രം. ബ്ലോഗിലും ഇതിന്റെ പുറത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ഇനിയും നടന്നേക്കും. ഇക്കാര്യത്തില്‍ സി.പി.ഐ.എം ന് എന്താണ് പറയാനുള്ളത് ? അവരുടെ ഭാഗത്തുനിന്നുള്ള വ്യാഖ്യാനങ്ങള്‍ക്കും പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

അതിനാല്‍ ശ്രീ. പി.രാജീവ് എഴുതിയ ബംഗാളും മുതലാളിത്തവും എന്ന ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

മുതലാളിത്തത്തെയും മൂലധനത്തെയും സംബന്ധിച്ച ജ്യോതിബസുവിന്റെയും ബുദ്ധദേവിന്റെയും അഭിപ്രായങ്ങള്‍ മലയാളമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞദിവസത്തെ പ്രധാനപത്രങ്ങളുടെ ലീഡ് വാര്‍ത്തയാണ് ഇത്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിരീക്ഷകന്‍ മാതൃഭൂമിയില്‍ അവലോകനവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബംഗാളില്‍ സോഷ്യലിസം കെട്ടിപ്പടുക്കാന്‍ സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയായിരുന്നെന്നും അത് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്ന ധ്വനിയാണ് വാര്‍ത്തകളിലുള്ളത്.

'മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്കകത്താണ് നാം ഇന്നു പ്രവര്‍ത്തിക്കുന്നതെന്നും കമ്യൂണിസത്തിന്റെ അടിസ്ഥാനശിലമായ വര്‍ഗസമരസിദ്ധാന്തത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് ബസു പറഞ്ഞു' എന്നും മനോരമ എഴുതിയിട്ടുണ്ട്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്കകത്താണ് ഇന്ന് ബംഗാളും കേരളവും ഉള്‍പ്പെടുന്ന ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ഥ്യം വെളിപാടുപോലെ ബസുവിന് ഇപ്പോഴുണ്ടായി എന്നതാണല്ലോ ഇതിന്റെ അര്‍ഥം. എത്രമാത്രം അബദ്ധമായ ധാരണകളാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്ളത്. ഇന്ത്യയില്‍ മുതലാളിത്തമാണെന്നതുകൊണ്ട് വര്‍ഗസമരസിദ്ധാന്തം തള്ളിക്കളയപ്പെടുന്നത് എങ്ങനെ?

മുതലാളിത്തത്തിന് അതിന്റേതായ ഇടമുണ്ടെന്ന് ജ്യോതിബസു പറഞ്ഞതായാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുതലാളിത്തത്തിന്റെ പ്രസക്തിയെ കേവലമായി നിഷേധിക്കുകയല്ല മാര്‍ക്സിസവും ചെയ്യുന്നത്. മുതലാളിത്തപൂര്‍വ സാമൂഹ്യവ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോള്‍ പുരോഗമനപരമാണ് മുതലാളിത്തമെന്നും മാര്‍ക്സ് തന്നെ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍, സോഷ്യലിസവുമായി താരതമ്യംചെയ്യുമ്പോള്‍ അതു പിന്തിരിപ്പനാണ്.

'ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമാണ്. അതിനകത്തെ സംസ്ഥാനങ്ങള്‍ മാത്രമാണ് ബംഗാളും കേരളവും ത്രിപുരയും. ഇവിടെ മാത്രമായി എങ്ങനെയാണ് സോഷ്യലിസം നടപ്പാക്കുക' എന്നു ജ്യോതിബസു പറഞ്ഞതില്‍ എന്താണ് പിശകുള്ളത്. എന്നാല്‍, തെറ്റായ വ്യാഖ്യാനങ്ങള്‍ ചമച്ച് മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ വിശദീകരണം അത്യാവശ്യമാണ്.

മുതലാളിത്ത വികസനപാത നടപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭരണവര്‍ഗമാണ് ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നതെന്ന യാഥാര്‍ഥ്യബോധം നിറഞ്ഞ നിലപാട് പാര്‍ടി പരിപാടിയില്‍ സിപിഐ എം വിശദമാക്കുന്നുണ്ട്. ഏതെങ്കിലും സംസ്ഥാനത്തിനകത്ത് രാഷ്ട്രീയാധികാരം ലഭിച്ചുകഴിഞ്ഞാല്‍ അതോടെ അവിടെ സോഷ്യലിസ്റ്റ് നിര്‍മാണം ആരംഭിക്കാമെന്ന അബദ്ധധാരണ ഒരുകാലത്തും സിപിഐ എമ്മിന് ഇല്ല. ബംഗാളിലും കേരളത്തിലും ത്രിപുരയിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ദൌത്യവും സോഷ്യലിസം കെട്ടിപ്പടുക്കലല്ല. ഇതു നിരീക്ഷകന്‍ സാര്‍വദേശീയ സാഹചര്യങ്ങളെ വിലയിരുത്തി എത്തിയ സോഷ്യലിസ്റ്റ് തിരിച്ചടിയില്‍നിന്നുണ്ടായ പരിഷ്കരണവുമല്ല. 1957ല്‍ രാജ്യത്ത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റു സര്‍ക്കാരിനെ നയിക്കുമ്പോള്‍തന്നെ പാര്‍ടി വ്യക്തമാക്കിയിട്ടുള്ളതാണ്.

"ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തര പരിപാടി നടപ്പില്‍ വരുത്തുന്ന ഗവണ്‍മെന്റായിരിക്കും. അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഗവണ്‍മെന്റായിരിക്കുകയില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, ഈ ഗവണ്‍മെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല.''

1957 ഏപ്രില്‍ നാലിന് അധികാരത്തിലേറുംമുമ്പാണ് ഇ എം എസ് ഇത് വ്യക്തമാക്കിയത്. നയപ്രഖ്യാപനത്തിലും ഈ സമീപനം തെളിഞ്ഞുകാണാം. നെഹ്റുവിന്റെ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ പരിപാടി നടപ്പില്‍ വരുത്താനാണ് പാര്‍ടി ശ്രമിക്കുകയെന്നും ഇ എം എസ് വ്യക്തമാക്കിയിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ടി നയിക്കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണകൂടഘടനയ്ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്. മുതലാളിത്തം നടപ്പാക്കുന്ന കാര്യത്തില്‍നിന്ന് ഈ സര്‍ക്കാരുകള്‍ക്ക് മാത്രമായി മാറിനില്‍ക്കാന്‍ കഴിയില്ല. ഇതുതന്നെയാണ് തന്റെ സര്‍ക്കാര്‍ മുതലാളിത്തമാണ് നടപ്പാക്കുന്നതെന്ന് സമീപകാലത്തെ ബുദ്ധദേവിന്റെ പ്രസ്താവനയിലും പ്രതിഫലിക്കുന്നത്. ഇ എം എസോ ജ്യോതിബസുവോ എന്നല്ല, കാറല്‍ മാര്‍ക്സ് സംസ്ഥാന സര്‍ക്കാരിനെ നയിച്ചാലും ഇതുതന്നെയാണ് സംഭവിക്കുക. എന്നാല്‍, ഈ പരിമിതിക്കകത്തുനിന്ന് സാധ്യമായ ബദല്‍നയങ്ങള്‍ ആവിഷ്കരിക്കാനും നടപ്പാക്കാനുമാണ് പാര്‍ടി ശ്രമിക്കുന്നത്. അതിന് ആവശ്യമായ സ്വാധീനം ഉള്ളിടങ്ങളില്‍ മാത്രമേ സിപിഐ എം അധികാരത്തില്‍ പങ്കാളിയാകൂ എന്ന് നിഷ്കര്‍ഷിക്കുന്നതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.

1957ലെ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തിനു തുടക്കമിട്ടു. വിപ്ലവകരമായ പ്രവര്‍ത്തനമായാണ് രാജ്യം ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍, സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കടമയുടെ നിര്‍വഹണമായിരുന്നു അതെന്ന അബദ്ധധാരണയൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ഇല്ല. ലോകത്ത് മുതലാളിത്തമാണ് ഭൂമി പിടിച്ചെടുക്കലും വിതരണംചെയ്യലും ആദ്യം നടപ്പാക്കിയത്. സ്വകാര്യസ്വത്ത് ഉടമസ്ഥരാക്കി ഭൂരിപക്ഷത്തെയും മാറ്റാന്‍ ശ്രമിക്കുന്നത് സ്വകാര്യസ്വത്തിനെ ഇല്ലാതാക്കലല്ലല്ലോ. സ്വന്തമായി ഭൂമി ലഭിക്കുന്നവന്റെ വാങ്ങല്‍ശേഷി വര്‍ധിക്കുമെന്നും അത് അഭ്യന്തരകമ്പോളത്തെ വിപുലപ്പെടുത്തുമെന്നും മുതലാളിത്തത്തിന് അറിയാം. കമ്പോളത്തിനുവേണ്ടി ഉല്‍പ്പാദനം നടത്തുന്ന മുതലാളിത്തവ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാനും മുന്നോട്ടുപോകാനും ഇത് അത്യാവശ്യമാണ്. എന്നാല്‍, ഇന്ത്യന്‍ ബൂര്‍ഷ്വാസി ജന്മിത്വവുമായി നടത്തിയ സന്ധിചെയ്യല്‍ ഈ കടമയില്‍നിന്ന് പിന്തിരിപ്പിച്ചു. ആ ദൌത്യമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അധികാരം ലഭിച്ച സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ടി നടപ്പാക്കാന്‍ ശ്രമിച്ചത്.

മൂലധനം വ്യവസായ വികസനത്തിന് അനിവാര്യമാണെന്ന ധാരണയും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പുതിയതല്ല. 57ലെ ഇ എം എസിന്റെ സര്‍ക്കാര്‍ മാവൂര്‍-ഗ്വാളിയോര്‍ റയോണ്‍സ് ആരംഭിക്കാന്‍ ബിര്‍ലയെയാണ് ആനുകൂല്യങ്ങള്‍ നല്‍കി ക്ഷണിച്ചുകൊണ്ടുവന്നത്. ടാറ്റായ്ക്കും ബിര്‍ലയ്ക്കും ഗോയങ്കയ്ക്കുമെതിരെ അതിശക്തമായി മുദ്രാവാക്യം മുഴക്കുന്ന കാലത്തുതന്നെയായിരുന്നു അത്. എന്നു മാത്രമല്ല സ്വകാര്യ വ്യവസായ സംരംഭകരെ സഹായിക്കാന്‍ അവര്‍ ആരംഭിക്കുന്ന വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ഓഹരി എടുക്കാനും തയ്യാറാണെന്ന് 1957ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അച്യുതമേനോന്‍ പ്രഖ്യാപിച്ചു. ഇ എം എസിന്റെയും എ കെ ജിയുടെയും കാലത്തെ പാര്‍ടിപ്രവര്‍ത്തകര്‍ക്ക് ആലോചിക്കാന്‍പോലും കഴിയാത്ത കാര്യങ്ങളാണ്' എന്ന് എഴുതിവിടുന്ന നിരീക്ഷകന്‍ ഇത്തരം ചരിത്രം അറിഞ്ഞില്ലെന്നുനടിക്കുന്നു.

നിരീക്ഷകന് ഇക്കാര്യങ്ങളിലുള്ള മാര്‍ക്സിസ്റ്റ് ജ്ഞാനം വ്യക്തമാക്കുന്നതിന് അവലോകനത്തിലെ ഒരു വാചകം ധാരാളമാണ്:

'അന്താരാഷ്ട്ര സമ്മര്‍ദത്തിനുവഴങ്ങി കോണ്‍ഗ്രസ്‌ പാര്‍ടി സോഷ്യലിസ്റ്റുപാത ഉപേക്ഷിക്കുന്നു' അപ്പോള്‍ എന്താണ് സോഷ്യലിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൌലികധാരണ? സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് സോഷ്യലിസമാണെന്നു ധരിച്ചയാളുകളും പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ടിയെ ആ ഗണത്തില്‍ കൂട്ടേണ്ടതില്ല. 'ഓരോരുത്തരും അവനവന്റെ കഴിവിനനുസരിച്ച് അധ്വാനിക്കുകയും ഓരോരുത്തര്‍ക്കും അവരവരുടെ അധ്വാനത്തിന് അനുസരിച്ച് ലഭിക്കുകയും ചെയ്യുന്ന' സാമൂഹ്യക്രമമായ സോഷ്യലിസമാണ് പൊതുമേഖലയിലൂടെയും ബാങ്ക്ദേശസാല്‍ക്കരണത്തിലൂടെയും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെന്നും കരുതാന്‍ ശാസ്ത്രീയ വിശകലനരീതി പിന്തുടരുന്ന പ്രസ്ഥാനത്തിനു കഴിയില്ലല്ലോ. വന്‍ മുതല്‍മുടക്ക് ആവശ്യമുള്ള അടിസ്ഥാന വ്യവസായങ്ങളില്‍ മൂലധനമിറക്കാന്‍ ശേഷിയില്ലാതിരുന്ന ഇന്ത്യന്‍ മുതലാളിത്തത്തിന് വളര്‍ച്ചയ്ക്ക് പരിസരമൊരുക്കാനാണ് ആ നടപടികളിലൂടെ ശ്രമിച്ചത്. രണ്ടാം ലോകയുദ്ധശേഷം ആധിപത്യം ലഭിച്ച കെയ്‌നീഷ്യന്‍ സാമ്പത്തിക ചിന്തയുടെ പ്രചോദനം കൂടിയായിരുന്നു അത്. സാമൂഹ്യക്ഷേമമണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഇടപെടലും ഇതിന്റെ മറ്റൊരു മുഖമാണ്. സോവിയറ്റ് യൂണിയന്‍ നെഹ്റുവിനെ ആകര്‍ഷിച്ചിരുന്നുവെന്നത് വസ്തുതയാണെങ്കിലും വര്‍ഗസമീപനം ഇതുതന്നെയാണ്. ആഗോളവല്‍ക്കരണവും ഭീമാകാരംപൂണ്ട ഇന്ത്യന്‍ കുത്തകകളുടെ താല്‍പ്പര്യവും ഈ നയങ്ങളില്‍നിന്നുപോലും പിന്‍വലിയാന്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിനു മടിയില്ലാതായിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, അത് 'സോഷ്യലിസ്റ്റ് പാതയില്‍നിന്നുള്ള വ്യതിചലനമാണെന്ന അങ്ങേയറ്റം അബദ്ധമായ 'നിരീക്ഷക'ധാരണ സിപിഐ എമ്മിന് ഇല്ല.

സോഷ്യലിസ്റ്റ് നിര്‍മാണമല്ല സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നതെന്ന വെളിപ്പെടുത്തലില്‍ ഹാലിളകുന്ന സ്വയംപ്രഖ്യാപിത മാര്‍ക്സിസ്റ്റ് നിരീക്ഷകര്‍ക്ക് 'ഞെട്ടലുളവാക്കുന്ന' മറ്റൊരു കാര്യം സിപിഐ എം പരിപാടി വായിച്ചാല്‍ ലഭിക്കും. രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം അടിയന്തരവിപ്ലവ കടമയായി പാര്‍ടി പരിപാടി കാണുന്നില്ല. ഇന്നത്തെ മൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യത്തില്‍ ജനകീയ ജനാധിപത്യ വിപ്ളവമാണ് പാര്‍ടി വിഭാവനംചെയ്യുന്നത്. മുതലാളിത്തം ചെയ്യേണ്ട ജനാധിപത്യകടമകളാണ് അതിലൂടെ പൂര്‍ത്തിയാക്കുന്നത്. ബൂര്‍ഷ്വാസി നയിക്കുന്ന ജനാധിപത്യവിപ്ലവത്തില്‍നിന്ന് മൌലികമായി വ്യത്യസ്തമായിരിക്കും തൊഴിലാളിവര്‍ഗം നയിക്കുന്ന ജനാധിപത്യവിപ്ലവം. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പരിപാടിയും പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. അവിടെയും സ്വകാര്യ മൂലധനത്തിന് സ്ഥാനമുണ്ടായിരിക്കും. വിദേശമൂലധനത്തിന് നിരോധനവുമുണ്ടാകില്ല. നിയന്ത്രണം ഉറപ്പായും ഉണ്ടായിരിക്കുകയും ചെയ്യും. സംസ്ഥാനത്ത് അധികാരം ലഭിക്കുമ്പോള്‍തന്നെ സ്വകാര്യമൂലധനം ഇല്ലായ്മ ചെയ്യുമെന്നു കരുതുന്നവര്‍ സിപിഐ എമ്മിന്റെ പരിപാടിയെങ്കിലും വായിക്കേണ്ടേ? കാള പെറ്റെന്നു കേട്ടു കയറെടുക്കുന്നതാണ് ചില ഇടതുപക്ഷപാര്‍ടികളുടെ നിലപാടും.

മാര്‍ക്സിസത്തിന്റെ ഹൃദയം മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്ത വിശകലനമാണ്. സാഹചര്യങ്ങളുടെ വസ്തുവിഷ്ഠതയാണ് ഏതു വിശകലനത്തിന്റെയും പ്രധാന ഘടകം - എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ദശകങ്ങള്‍ക്കുമുമ്പ് ലെനിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അനുസരിച്ചുതന്നെയാണ് പാര്‍ടി പരിപാടി ആവിഷ്കരിച്ചതും അതതു കാലത്തിന്റെ അടവുകള്‍ കൈക്കൊള്ളുന്നതും. മുതലാളിത്ത ഭരണകൂടഘടനയ്ക്കകത്ത് പ്രവര്‍ത്തിക്കുകയും അതേസമയം അതിനെ തകര്‍ത്തെറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വൈരുധ്യാത്മകപ്രയോഗം പാര്‍ടിയെക്കുറിച്ച് അല്‍പ്പജ്ഞാനം എങ്കിലുമില്ലാത്തവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതാണ് ചെയ്തത്.

പരിമിതികള്‍ക്കകത്തുനിന്ന് സാധ്യമായ ബദല്‍നയങ്ങള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വര്‍ഗസമരത്തെ ശക്തിപ്പെടുത്താനുള്ള ഉപകരണംകൂടിയാണ്. കാലത്തിന്റെ സവിശേഷതകള്‍ക്ക് അനുസരിച്ച് കാലികമായി ഈ സമീപനം പുതുക്കുകയും ചെയ്യുന്നുണ്ട്. എവിടെയെങ്കിലും കുറച്ചുനാള്‍ അധികാരത്തിലിരുന്നാല്‍ കമ്യൂണിസം തന്നെ സ്ഥാപിക്കണമെന്നു ശഠിക്കാന്‍ പലര്‍ക്കും അവകാശമുണ്ട്. അത് ആത്മനിഷ്ഠാ സമീപനമാണ്; ആത്മീയ കമ്യൂണിസമാണ്. ശാസ്ത്രീയ സോഷ്യലിസ്റ്റ് ധാരണയുള്ളവര്‍ക്ക് ഈ പ്രചാരണം അസംബന്ധമാണെന്നു തിരിച്ചറിയാന്‍ കഴിയും. ഇല്ലാത്ത തര്‍ക്കങ്ങള്‍ യാഥാര്‍ഥ്യമെന്ന രീതിയില്‍ അവതരിപ്പിക്കുന്ന മാധ്യമങ്ങളും നിരീക്ഷകരും ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. 57ല്‍ ഇ എംഎസ് പറഞ്ഞതും ഇപ്പോള്‍ ജ്യോതിബസുവും ബുദ്ധദേവും പറഞ്ഞതും സിപിഐ എമ്മിന്റെ നയങ്ങളും തമ്മില്‍ വ്യത്യാസം ഇല്ലെന്നു തിരിച്ചറിയാന്‍ ചിന്തിക്കുന്ന സമൂഹത്തിനു കഴിയും.

Sunday, January 6, 2008

മലയാള സിനിമ 2007 - രക്ഷക്കും ഉപേക്ഷക്കുമിടയില്‍

സ്വയം നവീകരിക്കാനുള്ള ശ്രമങ്ങളൊന്നും മലയാള സിനിമാപ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ചു കാലമായി നടത്താറില്ല. ഇതിന്റെ ഫലമായി തുടര്‍ച്ചയായ പ്രതിസന്ധികളുടെ ഘട്ടങ്ങളെയാണ് മലയാള സിനിമ നേരിട്ടു പോരുന്നത്. ഓരോ കാലത്തും ഓരോ കാരണങ്ങളാണ് ഇതിനായി നാം കണ്ടെത്തി പ്രഖ്യാപിക്കാറുള്ളത്. 2006 വര്‍ഷം അവസാനിച്ചപ്പോഴും 2007 ആരംഭിച്ചപ്പോഴും നമ്മുടെ പ്രധാന ശത്രു വ്യാജ സിഡി ആയിരുന്നു. പത്രങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും സര്‍വോപരി സിനിമാതാരങ്ങളുടെയും മറ്റു സാങ്കേതിക പ്രവര്‍ത്തകരുടെയും മുഴുവന്‍ പിന്തുണയോടെ ഋഷിരാജ് സിംഗ് സിനിമാസ്റൈലില്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തില്‍ കേരള സംസ്ഥാനം തന്നെ നടുങ്ങി. സംസ്ഥാനം വ്യാജ സിഡി വിമുക്തമാക്കി പ്രഖ്യാപിച്ചു. ലോകത്തിലാദ്യത്തെ വ്യാജ സിഡി വിമുക്ത സംസ്ഥാനം. ഒറിജിനലേത്, വ്യാജനേത് എന്ന തര്‍ക്കത്തിന് സ്ഥാനം കൊടുക്കാതെ എല്ലാ സിഡിയും വ്യാജനാണെന്ന തീര്‍പ്പു കല്‍പിച്ച് സിഡിക്കടകള്‍ വ്യാപകമായി റെയിഡ് ചെയ്ത് മലയാള സിനിമയെ രക്ഷിച്ച രക്ഷകാവതാരം ഋഷിരാജ് സിംഗിനാണ് ഈ അവലോകനം സമര്‍പ്പിക്കുന്നത്.

തിയറ്ററുകളില്‍ കളക്ഷന്‍ കൂടി, മലയാള സിനിമയില്‍ ഇനി വിജയകാലങ്ങള്‍ മാത്രം എന്ന വമ്പന്‍ തലക്കെട്ടുകള്‍ അടിച്ചുവിട്ട മാധ്യമങ്ങളെവിടെപ്പോയൊളിച്ചു? ഇപ്പോഴും മലയാള സിനിമയില്‍ പ്രതിസന്ധി തുടരുകയാണ്.

എന്താണ് കാരണം?

അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റ് പറയുന്നത് തെലുങ്കു സിനിമ മൊഴി മാറ്റി അത് കേരളത്തിലെ കൊട്ടകകളില്‍ നിറക്കുന്നതുകൊണ്ടാണ് മലയാള സിനിമ തകരുന്നത് എന്നാണ്. ഒരു പ്രതിവിധി നിര്‍ദ്ദേശിച്ചോട്ടെ! മലയാള സിനിമാപ്രവര്‍ത്തകരെല്ലാവരും കൂടി തെലുങ്കിലേക്ക് കുടിയേറി അവിടെ സിനിമയെടുത്ത് അതിനെ മലയാളമാക്കി മാറ്റിയാല്‍ പോരേ? എല്ലാ പ്രതിസന്ധിയും പെട്ടെന്ന് തീരും. യഥാര്‍ത്ഥത്തില്‍ മലയാളിയായ നയന്‍താര തെലുങ്കില്‍ ഗ്ലാമറസായി അഭിനയിച്ചുതുടങ്ങിയതോടെയാണ് തെലുങ്കു ഡബിംഗ് സിനിമകള്‍ക്ക് കേരളത്തില്‍ മാര്‍ക്കറ്റ് കൂടിയത് എന്നതാണ് വാസ്തവം.

ഭാവുകത്വത്തിലും ദൃശ്യവിന്യാസത്തിലും ഇതിവൃത്ത പരിചരണത്തിലും നവീകരണങ്ങള്‍ക്ക് തയ്യാറല്ലാത്ത ഒരു ബലതന്ത്രമാണ് മലയാളസിനിമയിലുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള പുതിയ മലയാളി അഭിമുഖീകരിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ ഏതെങ്കിലും രീതിയില്‍ സമീപിക്കാന്‍ മലയാള സിനിമക്കു സാധിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നം.

2007ല്‍ പുറത്തിറങ്ങിയ എഴുപതിലധികം മലയാള ചിത്രങ്ങളില്‍ അഞ്ചോ ആറോ സിനിമകള്‍ മാത്രമാണ് വാണിജ്യവിജയം നേടിയതെന്നാണ് വ്യവസായത്തിനകത്തുള്ളവര്‍ പറയുന്നത്. മായാവി, ഛോട്ടാ മുംബൈ, വിനോദയാത്ര, അറബിക്കഥ, നസ്രാണി, ചോക്കളേറ്റ്, എന്നീ സിനിമകള്‍ മാത്രമാണ് ബോക്സാഫീസില്‍ ലാഭം നേടിയത്.

ആക്ഷന്‍ നായകന്മാര്‍ക്ക് പകരക്കാരനായി വരാനുള്ള കലാഭവന്‍ മണിയുടെ ശ്രമങ്ങള്‍ക്ക് അല്‍പം മുന്നേറ്റം ഈ വര്‍ഷം ഉണ്ടായി. അടിയും അടിപൊളി നൃത്തവുമായി ഇറങ്ങിയ മണിച്ചിത്രങ്ങള്‍ക്ക് ബി സി ക്ലാസ് സെന്ററുകളില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. കുറഞ്ഞ ബഡ്ജറ്റില്‍ കടുത്ത അച്ചടക്കത്തോടെ പൂര്‍ത്തിയാക്കിയ ഈ സിനിമകള്‍ നിര്‍മാതാവിന് വലിയ നഷ്ടവും ഉണ്ടാക്കിയില്ല. പഴയ തമിഴ് സിനിമകളില്‍ നിന്നും മോഹന്‍ലാല്‍ പടങ്ങളില്‍ നിന്നും കഥയും സീനുകളും കൂട്ടിക്കെട്ടിയുണ്ടാക്കിയ പായുംപുലിയില്‍ പുതുതായി ഒന്നുമില്ല. മോഹന്‍ കുപ്ലേരിയാണ് സംവിധാനം. നായികയായി രംഭയും ഐറ്റം ഡാന്‍സറായി ബാബിലോണയും ചേര്‍ന്നുള്ള ഗ്ലാമറും മണിയുടെ തീ പാറുന്ന സംഘട്ടനങ്ങളും ചേര്‍ന്ന് നേരംപോക്കിനായി തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ സംതൃപ്തപ്പെടുത്തുന്നു. ശരത് ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത നന്മയില്‍ മുത്തു ചെട്ട്യാര്‍ എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിക്കുന്നതിലൂടെ മണി തന്റെ അഭിനയ പാടവം തെളിയിക്കുന്നുണ്ട്. അനാഥശവങ്ങള്‍ കൊണ്ടുപോയി ചുടലയില്‍ സംസ്ക്കരിക്കുന്ന ജോലിയാണ് മുത്തു ചെട്ട്യാരുടേത്. പോലീസിന് വലിയ സഹായമാണ് ഇതെങ്കിലും സമൂഹത്തിനു മുന്നില്‍ അയാളൊരു ബഹിഷ്കൃതനാണ്.

ഇത്തരത്തിലുള്ള ബഹിഷ്കൃത കഥാപാത്രങ്ങളെ മുഖ്യധാരാ സിനിമയില്‍ നായകവേഷങ്ങളിലേക്ക് കൊണ്ടുവന്നത് ശ്ലാഘനീയമായ കാര്യമാണെന്ന് എടുത്തുപറഞ്ഞേ മതിയാവൂ. സമൂഹം അയാളോട് കാണിക്കുന്ന വഞ്ചനാപരമായ സമീപനം തന്നെയാണ് സിനിമയിലെ പ്രധാന ചര്‍ച്ചാവിഷയം. മുത്തുചെട്ട്യാരുടെ മകന്‍ നകുലന്‍ (റഹ്മാന്‍) വിദ്യാഭ്യാസമുള്ളവനാണെങ്കിലും അഛന്റെ ജോലിയുടെ ഭാരം പുറകിലുള്ളതുകൊണ്ട് മാന്യമായ ജോലികളില്‍ നിന്ന് പുറത്താക്കപ്പെടുകയും അങ്ങിനെ ബ്ലേഡ് കമ്പനിക്കാരന്റെ പണം പിരിവ് ഗുണ്ടയായി തീരാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ചെട്ട്യാരുടെ പഴയകാല ശത്രുവിന്റെ ഗുണ്ടയാണ് നകുലന്‍ എന്ന രീതിയിലുള്ള സ്ഥിരം സിനിമാക്കഥ തന്നെയാണ് പിന്നീട് നമ്മെ കാത്തിരിക്കുന്നത്. കലാഭവന്‍ മണിയുടെ വൈവിധ്യമുള്ള അഭിനയത്തിന് സാധ്യത തുറന്നിട്ടു എന്നതും സമൂഹത്തില്‍ നിരാകരിക്കപ്പെടുന്ന കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഫോര്‍ട്ട് കൊച്ചിയിലെ ജീവിതം ചിത്രീകരിക്കുന്നു എന്ന ധാരണ ജനിപ്പിക്കുന്ന ഛോട്ടാ മുംബൈ, ഹിന്ദി തമിഴ് ബ്ലോക്ക്ബസ്ററുകള്‍ ചവച്ചു തുപ്പിയ കഥയും സീനുകളും തുന്നിക്കെട്ടിയുണ്ടാക്കിയ ഒരു സാധാരണ സിനിമ മാത്രമാണ്. വാസ്കോ എന്നും തല എന്നും പേരുള്ള മോഹന്‍ലാല്‍ ഗുസ്തിക്കാരനായിരുന്ന മൈക്കിള്‍ ആശാന്റെ(സായികുമാര്‍) മകനാണ്. ജഗതി, സിദ്ദീഖ്, ഇന്ദ്രജിത്, മണിക്കുട്ടന്‍ എന്നിവരാണ് നായകന്റെ സ്ഥിരം അനുയായികള്‍. കലാഭവന്‍ മണി അവതരിപ്പിക്കുന്ന സി ഐ നടേശന്‍ ആണ് പ്രതിനായകന്‍. രാജമാണിക്യത്തിന്റെ അസാമാന്യ വിജയത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാമുംബൈ കോമഡിയും അടിപിടിയും മോഹന്‍ലാലിന്റെ താരപ്രാഭവവും ചേര്‍ത്ത് സാമാന്യ വിജയം നേടിയ ചിത്രമാണ്.

വ്യക്തമായ കഥയൊന്നും പറയാനില്ലാതിരിക്കുകയും മോഹന്‍ലാലിന്റെ ജനപ്രിയതയില്‍ കാശു വാരാം എന്നു കരുതുകയും ചെയ്തതിന്റെ തിക്തഫലങ്ങളാണ് അലിഭായ്, റോക്ക് എന്‍ റോള്‍ എന്നീ സിനിമകള്‍. മീശ പിരിച്ചും 'ബേജാറാക്കാതെ കോയാ' എന്ന് കോഴിക്കോടന്‍ സ്ലാങില്‍ പറയാന്‍ ശ്രമിച്ചും എതിരാളികളെ തല്ലിയൊതുക്കിയും മുന്നേറിയ ഗുണ്ടയും രക്ഷകനുമായ അലിഭായിയെ മോഹന്‍ലാല്‍ രസികര്‍ പോലും കയ്യൊഴിഞ്ഞു. പലപ്പോഴും മോഹന്‍ലാല്‍ ക്യാമറയില്‍ നോക്കിയാണ് സംസാരിക്കുന്നത്. ക്ലോസപ്പുകളുടെ അമിതമായ തള്ളിച്ചയും നായകത്വത്തെക്കുറിച്ച് കച്ചവട സിനിമ എക്കാലത്തും വിഭാവനം ചെയ്യുന്ന ഘടകങ്ങളും ചേര്‍ന്ന് അലിഭായിയെ അസഹനീയമായ ഒരു സിനിമയാക്കി തീര്‍ത്തു. അടിപിടി സിനിമകളും ഇടക്കിടെ ഹിന്ദുത്വത്തെ മുഖമറയണിയിക്കുന്ന ആര്‍ട് സിനിമകളും മാറിമാറി സംവിധാനം ചെയ്യുന്ന രഞ്ജിത്തിന്റെ മോഹന്‍ലാല്‍ പരീക്ഷണമാണ് റോക്ക് എന്‍ റോള്‍. അറുപതുകളിലെ അമേരിക്കയില്‍ ജനപ്രിയമായിത്തീര്‍ന്ന ഡാന്‍സ് രൂപവുമായി റോക്ക് എന്‍ റോളിന് ഒരു ബന്ധവുമില്ല. ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം, എന്നീ മുന്‍ രഞ്ജിത് ചിത്രങ്ങളിലെ മോഹന്‍ലാലിനെ കോപ്പിയടിക്കുക മാത്രമാണ് ഈ ചിത്രത്തിലും ചെയ്യുന്നത്. വ്യക്തമായ ഉദ്ദേശ്യമോ തിരക്കഥയോ ഇല്ലാതെ സൂപ്പര്‍സ്റാര്‍ എന്ന പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നുന്ന ഇത്തരം വികലാവതരണങ്ങളെ തുടക്കത്തിലെ നിരാകരിക്കാനായില്ലെങ്കില്‍ മോഹന്‍ലാലിന്റെ കഥ പരിതാപകരം തന്നെയാവും.

വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ പാളിപ്പോയ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് വൈകൃതങ്ങളിലൂടെ അസഹനീയമായിത്തീര്‍ന്ന ഒരു സിനിമയാണ്. അന്വേഷണാത്മക പത്ര പ്രവര്‍ത്തനം നടത്തുന്ന മായ(കാവ്യാ മാധവന്‍)യെ വില്ലന്മാര്‍ തട്ടിക്കൊണ്ടുപോകുന്നതും അഴിമതിക്കാരായ മന്ത്രിമാരുടെ ഗൂഢപ്രവൃത്തികളെ ജില്ലാകലക്ടറായ അനിത വില്ല്യംസിന്റെ(കാര്‍ത്തിക) സഹായത്തോടെ ഒളിക്യാമറയില്‍ പകര്‍ത്തുന്നതു പോലുള്ള അതിശയിപ്പിക്കുന്ന കഥയാണുള്ളത്. അദൃശ്യനാവുകയും പിന്നീട് അസാമാന്യവലുപ്പത്തിലേക്ക് വളരുകയും ചെയ്യുന്ന അനാഥബാലനാണ് ഇവരെ പിന്നീട് രക്ഷിക്കുന്നത്.

ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ എന്ന ചിത്രത്തില്‍ പാര്‍ടിക്കുവേണ്ടി ഐ ടി മേഖലയിലെ ഉന്നതജോലി വലിച്ചെറിയുന്ന അലെക്സ് (മണിക്കുട്ടന്‍) എന്ന കഥാപാത്രം അറബിക്കഥയിലുദ്ദേശിച്ചതുപോലത്തെ പഴഞ്ചനായ ഒരു കമ്യൂണിസ്റ് പാര്‍ടിയാണ് കേരളത്തില്‍ നല്ലത് എന്ന വലതുപക്ഷത്തിന്റെ ആഗ്രഹം നിവര്‍ത്തിച്ചുകൊടുക്കുന്നു. സോഫ്റ്റ് വെയര്‍ ബിസിനസുകാരനായ ഹരീന്ദ്രന്‍ (ഇന്ദ്രജിത്) ചെയ്യാത്ത തെറ്റുകളുടെ പേരില്‍ അയാള്‍ മാധ്യമങ്ങളാല്‍ വേട്ടയാടപ്പെടുന്നതും അയാളുടെ വ്യക്തിത്വം നിരന്തരമായി അപഹസിക്കപ്പെടുന്നതും കേരളത്തില്‍ പതിവായ ചില മാധ്യമതന്ത്രങ്ങളെ അടിസ്ഥാനമാക്കി വിവരിക്കപ്പെടുന്ന കാര്യമാണെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തതിനാല്‍ പാളിപ്പോയി.

ആരെയും നോവിപ്പിക്കാത്ത വിധം ഗതാനുഗതമായ കഥയും ആവിഷ്ക്കരണവും എക്കാലവും വിജയഫോര്‍മുലയായി കൊണ്ടുനടക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ഈ വര്‍ഷത്തെ ഹിറ്റാണ് വിനോദയാത്ര. സ്വന്തമായി ജീവിതലക്ഷ്യങ്ങളൊന്നുമില്ലാത്ത എംസിഎ ക്കാരനായ വിനോദ് എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിലവതരിപ്പിക്കുന്നത്. മര്യാദയും ജീവിതവീക്ഷണവും പഠിപ്പിക്കാനായി അളിയനും സര്‍ക്കാര്‍ എഞ്ചിനീയറുമായ മുകേഷിന്റെ ഷാജി രാഘവന്റെ ക്വാര്‍ട്ടേഴ്സില്‍ വിനോദിനെ കൊണ്ടിടുകയാണ് കഥ. വര്‍ഗീയകലാപത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഗതിയില്ലാതാവുന്ന പോലീസ് കോണ്‍സ്റബിളായ മുരളിയുടെ കഥാപാത്രത്തിന്റെ മകളായ അനുപമയെ മീരാജാസ്മിന്‍ അവതരിപ്പിക്കുന്നു. മലപ്പുറത്താണ് വര്‍ഗീയ കലാപം നടന്നത് എന്നും പോലീസിനെ കുത്തിയത് തുര്‍ക്കിത്തൊപ്പി ധരിച്ച മുസ്ലീങ്ങളായിരുന്നുവെന്നുമുള്ള വിശദാംശങ്ങള്‍ സൂക്ഷ്മമായി ചേര്‍ത്തിട്ടുണ്ട്. മുഖ്യധാരാ സിനിമയുടെ വര്‍ഗീയ പക്ഷപാതിത്വങ്ങള്‍ വെളിവാക്കപ്പെടുന്ന കൃത്യമായ സന്ദര്‍ഭമാണിത്.

ക്യൂബയിലെയും ഇറാക്കിലെയും വെനിസ്വേലയിലെയും കാര്യങ്ങളറിയുന്നവര്‍ക്ക് അരിയുടെയും ഉള്ളിയുടെയും വിലയറിയില്ലെന്ന അനുപമയുടെ കമന്റ് ചിത്രമിറങ്ങിയ കാലത്ത് പരസ്യമായും ടെലിവിഷന്‍ കോമഡിയായും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. അരാഷ്ട്രീയവല്‍ക്കരണത്തിനുള്ള ഒരു തുറന്ന ആഹ്വാനമായിരുന്നു ഇത് എന്നത് പരാമര്‍ശിക്കപ്പെടാതെ പോകുകയും ചെയ്തു. കുടുംബകഥയാണെന്ന ലേബലില്‍ മൃദുഹിന്ദുത്വ-വലതുപക്ഷ ആശയങ്ങള്‍ ചലച്ചിത്രവത്ക്കരിക്കുമ്പോള്‍ അവ വന്‍ വിജയമാവുന്നുവെന്നത് കേരള സമൂഹത്തിന്റെ പൊതുബോധ നിര്‍ണയപഠനത്തിന് വിധേയമാക്കേണ്ടതാണ്.

നൂതനമായ ശൈലി ഉപയോഗിക്കുന്നുവെന്നും സാങ്കേതിക മികവ് പുലര്‍ത്തുന്നുവെന്നും തോന്നിപ്പിക്കുന്ന അമല്‍ നീരദിന്റെ ബിഗ് ബി പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന പ്രയോഗം സാര്‍ത്ഥകമാക്കുന്ന ഒരു സിനിമയാണ്. രാംഗോപാല്‍ വര്‍മയെ വികലമായി അനുകരിക്കുന്ന ഈ സിനിമയും കൊച്ചിയിലെ അധോലോകത്തിന്റ കഥ പറയാന്‍ ശ്രമിക്കുന്നു. ജോണ്‍ സിങ്കിള്‍ടണിന്റെ ഫോര്‍ ബ്രദേഴ്സ് എന്ന ഹോളിവുഡ് ബ്ളോക്ക് ബ്ലസ്ററിനെയാണ് ബിഗ് ബി കോപ്പിയടിക്കുന്നത്. ഇത്തരത്തിലുള്ള സിനിമകള്‍ ആവശ്യമുള്ള തമിഴ്-തെലുങ്ക്-ഹിന്ദി വ്യവസായങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ഒരു റെസ്യൂം ആണ് അമല്‍ നീരദിന് ബിഗ് ബി എന്നു തോന്നുന്നു.

കോമഡിയും അടിപിടിയും ചേര്‍ത്ത് തട്ടിക്കൂട്ടിയ ഷാഫിയുടെ മായാവി അസാധാരണമായ വാണിജ്യവിജയമാണ് നേടിയത്. മമ്മൂട്ടിയുടെ അയഥാര്‍ത്ഥമായ താരപ്പൊലിമ ഉപയോഗപ്പെടുത്തിക്കൊണ്ട് രഞ്ജിത്ത്-ജോഷി ടീം തട്ടിക്കൂട്ടിയ നസ്രാണി വിചാരിച്ചതുപോലെ വന്‍വിജയം നേടിയില്ലെങ്കിലും ശരാശരി വിജയം നേടിയെടുത്തു. ഡേവിഡ്‌ജോണ്‍ കൊട്ടാരത്തില്‍ എന്ന കോട്ടയം അച്ചായനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഛായ തോന്നിപ്പിക്കുന്ന കുറെ സംഭവങ്ങളും പിന്നെ സാധാരണ സിനിമാക്കഥയും കുട്ടിക്കുഴക്കുന്ന നസ്രാണി ഒരു പുതുമയും അവശേഷിപ്പിക്കാതെ മറവിയിലേക്ക് വളരെ വേഗം യാത്രയാകും.

ക്ലാസ്‌മേറ്റ്സിനു ശേഷം പുതിയ തലമുറയെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ചോക്കളേറ്റ് 2007ലെ വന്‍ വിജയങ്ങളിലൊന്നാണ്. കോമഡി ചിത്രങ്ങള്‍ മുമ്പുമെടുത്ത് വിജയിപ്പിച്ചിട്ടുള്ള ഷാഫിയാണ് സംവിധായകന്‍. മലയാള സിനിമയിലെ ഉദിച്ചുയരുന്ന പുതുതാരമായ പൃഥ്വിരാജിന് അനുരൂപമായ വിധത്തില്‍ തയ്പിച്ചുകൊടുത്ത വേഷമാണ് ശ്യാമിന്റേത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ നിയമത്തിന്റെ പഴുതിലൂടെ കയറിപ്പറ്റിയ ശ്യാം തുടക്കത്തിലേ നായികയും വില്ലാളി വീരയുമായ റോമയുടെ ആന്‍ മാത്യുവിനോട് പറയുന്ന ഒരു വാചകമിതാണ്. ഞാന്‍ ഒന്നറിഞ്ഞ് പെരുമാറിയാല്‍ പിന്നെ നിനക്ക് പത്തു മാസം പണിയാവും. സ്ത്രീയെ ബലാത്സംഗത്തിലൂടെ തോല്‍പിക്കാമെന്ന പുരുഷാധിപത്യത്തിന്റെ ആഗ്രഹചിന്ത പതിറ്റാണ്ടുകളായി നമ്മുടെ സിനിമയുടെയും ആപ്തവാക്യമാണ്. മീശമാധവനിലും ഇതേ വാചകം ഉണ്ടായിരുന്നു. പൃഥ്വിരാജിനെ പെറ്റിക്കോട്ടണിയിക്കുന്ന രംഗം ആഭാസകരമാണെന്നു തോന്നുമ്പോള്‍, സ്ത്രീകള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായാല്‍ ഇപ്രകാരമായിരിക്കുമെന്ന യുക്തിയാണ് പ്രയോഗിക്കുന്നത്. ഇതിവൃത്തം മുഴുവനായും ഉപയോഗിക്കുന്നത് പുരുഷത്വത്തിന്റെ മേല്‍ക്കോയ്മയെ അംഗീകരിപ്പിച്ചെടുക്കാനാണ്.

സുരേഷ് ഗോപി പതിവുപോലെ ഇമേജിന്റെ തടവില്‍ തന്നെ. അപ്പന്‍ മേനോന്‍ ഐ പി എസ് എന്ന കഥാപാത്രമായി സുരേഷ് ഗോപി വരുന്ന ടൈം ഷാജി കൈലാസിന്റെ രോഷം മുഴുവനായി കോരിയൊഴിച്ച സിനിമയാണ്. ഉദ്യമം എന്ന വാരികയില്‍ മലയാള സിനിമയിലെ ഹിന്ദുത്വാധിനിവേശത്തെക്കുറിച്ച് ലേഖനം വന്നത് ആ വാരികയുടെ മുസ്ലിം തീവ്രവാദ ബന്ധത്തിന്റെ തെളിവാണെന്നാണ് സുരേഷ് ഗോപിയുടെ വായയിലേക്ക് തിരക്കഥാകൃത്തും സംവിധായകനും കയറ്റിവെക്കുന്ന ആരോപണം. യഥാര്‍ത്ഥത്തില്‍ ഈ വിമര്‍ശനം ദേശാഭിമാനി, ഭാഷാപോഷിണി അടക്കമുള്ള പ്രസിദ്ധീകരണങ്ങളിലാണ് ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. മാധ്യമത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറെക്കാലത്തെ ഇടവേളക്കു ശേഷം എം എ വേണുവിന് സംവിധാനം ചെയ്യാനായ പന്തയക്കോഴിയില്‍ ഒരു പുതുമയുമില്ല. നരേന്‍ എന്ന നടനെ ആക്ഷന്‍ ഹീറോയായി അവതരിപ്പിക്കാനുള്ള ശ്രമമാണീ ചിത്രമെന്നും പറയാം. പുതുമുഖങ്ങളെ മുഖ്യ വേഷങ്ങളിലവതരിപ്പിക്കുന്ന സിനിമകളെ മാധ്യമങ്ങളും മറ്റും കണ്ടില്ലെന്നു നടിക്കുകയാണെന്ന കമലിന്റെ ആരോപണത്തിന് നിദാനമായത് അദ്ദേഹത്തിന്റെ ഗോള്‍ എന്ന സിനിമയുടെ പരാജയമാണ്. ബോളിവുഡിനെ അനുകരിച്ചുകൊണ്ട് മികച്ച സാങ്കേതികമേന്മയോടെ അവതരിപ്പിച്ചിട്ടുള്ള ഗോള്‍ പക്ഷെ യുക്തമായ കഥയില്ലാത്തതുകൊണ്ട് അരോചകമായിത്തീര്‍ന്നു.

മദനോത്സവം മുതല്‍ അനിയത്തിപ്രാവ് വരെയുള്ള പഴയ മലയാള സിനിമാപ്രണയകഥകള്‍ കണ്ട് തല്ലിക്കൂട്ടിയ ഉദയ് അനന്തന്റെ പ്രണയകാലം പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും പുതുമയൊന്നും സ്വീകരിക്കുന്നില്ല. ജോര്‍ജ് കിത്തു സംവിധാനം ചെയ്ത സൂര്യകിരീടം ദുരൂഹമായ പഴയ ബംഗ്ളാവിന്റെ പശ്ചാത്തലത്തില്‍ ഹൊറര്‍ സിനിമയെടുക്കാനുള്ള ശ്രമമാണ്. പേടിക്കണമെന്ന് ദൃഢനിശ്ചയം ചെയ്യുന്ന പ്രേക്ഷകന്‍ പോലും ചിരിക്കുന്ന അവസ്ഥയിലാണെത്തിപ്പെടുന്നതെന്നു മാത്രം.

പതിറ്റാണ്ടുകള്‍ പുറകിലേക്കു നടക്കാന്‍ ടൈം മെഷീനുകളൊന്നും ആവശ്യമില്ല, ഇത്തരം മലയാള സിനിമകളുള്ളിടത്തോളം കാലം.

ടി എ റസാക്കും സുന്ദര്‍ദാസും ചേര്‍ന്ന് അവതരിപ്പിച്ച ആകാശം ഹരിശ്രീ അശോകന്റെ മികച്ച അഭിനയത്തിന് സാധ്യതയൊരുക്കിയെന്ന പ്രത്യേകതയൊഴിച്ചാല്‍ അനവധാനതയോടെ ഒരു പ്രമേയത്തെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നതിന്റെ തെളിവാണ്. എയിഡ്സും സിമ്രാനും എല്ലാം കൂടി കൂട്ടിക്കുഴച്ച ഹാര്‍ട് ബീറ്റ്സ് അസഹനീയമായ ഒരു സിനിമയായിത്തീര്‍ന്നു.

വര്‍ഗം, സത്യം എന്നീ സിനിമകള്‍ക്കു ശേഷം പൃഥ്വിരാജിനെ പോലീസാക്കാനുള്ള ശ്രമമാണ് ബിപിന്‍ പ്രഭാകറിന്റെ കാക്കിയിലുള്ളത്. പറഞ്ഞുപഴകിയ കഥയും സന്ദര്‍ഭങ്ങളും എല്ലാം കൂടി ശരാശരിയിലും താഴെ നില്‍ക്കുന്ന ഒന്നാക്കി അതിനെ മാറ്റുകയും ചെയ്തു. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത വീരാളിപ്പട്ട് പൃഥ്വിരാജ്, പത്മപ്രിയ, ജഗതി, മുരളി എന്നിവരുടെ മികച്ച അഭിനയം കൊണ്ടും ആത്മാര്‍ത്ഥമായ സംവിധാനശ്രമം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്. എഴുപതുകള്‍ക്ക് പാകമായ കഥയായതുകൊണ്ടു പക്ഷെ പുതിയ പ്രേക്ഷകര്‍ അതിനെ തഴയുകയും ചെയ്തു.

സിബി ഉദയകൃഷ്ണന്‍ ടീമിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ജൂലൈ നാല് അടിപിടിയും സസ്പെന്‍സും ചേരുവയായുള്ള സ്ഥിരം ഫോര്‍മുല മാത്രമാണ്. തിരക്കഥാകൃത്തുക്കള്‍ എഴുപതുകളിലെയും എണ്‍പതുകളിലെയും ഹിന്ദി-തമിഴ് സിനിമകള്‍ ധാരാളം കണ്ടിട്ടുണ്ടെന്നതിന്റെ ബാക്കിപത്രമാണ് ജൂലൈ നാല്.

2006ല്‍ കീര്‍ത്തിചക്ര എന്ന ചിത്രത്തിന്റെ വിജയത്തോടെ ബ്രാഹ്മണാധിപത്യപരമായ ദേശീയ സങ്കുചിതത്വവും സൈനികോത്സുകതയും കേരളത്തിലും പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് തെളിഞ്ഞു. അതിന്റെ തുടര്‍ച്ചയായി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡെയ്സ് രാജീവ് ഗാന്ധി വധത്തിലെ പ്രതികളെ ജീവനോടെ പിടിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളെന്തുകൊണ്ട് പരാജയപ്പെട്ടു എന്നു വിശദീകരിക്കാനുള്ള ശ്രമമാണ്. നേരത്തെ പറഞ്ഞ അനുകൂല ഘടകം കേരളത്തില്‍ പ്രബലമായിട്ടും ഈ ചിത്രം പരാജയപ്പെട്ടതിനു പിന്നിലെ കാരണമെന്തായിരിക്കണം? മമ്മൂട്ടി എന്ന മുസ്ലിമിനെ ഈ വേഷത്തിലഭിനയിപ്പിച്ചത് മൃദുഹിന്ദുത്വ വാദികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടുണ്ടാവില്ല എന്നതായിരിക്കുമോ? വിശ്വസനീയമായ ഇതിവൃത്തം യുക്തമായ തിരക്കഥയോടെ ചിത്രീകരിക്കാന്‍ സംവിധായകനായിട്ടില്ല എന്നതാണ് വാസ്തവം. അപകടകരമായ അജണ്ടയാണ് പരാജയപ്പെട്ടത് എന്നതുകൊണ്ട് അതൊരു വിജയമായും എണ്ണാം.

ജയറാമിന് തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രമെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നതിന്റെ മറ്റൊരു തെളിവാണ് വി എം വിനു സംവിധാനം ചെയ്ത സൂര്യന്‍. വിനുവിന്റെ തന്നെ സിനിമകളായ ബാലേട്ടനും വേഷവും കോപ്പിയടിച്ച സൂര്യന്‍ പുതിയ ഒരനുഭവവും പ്രദാനം ചെയ്യുന്നില്ല.

സുനില്‍ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി എന്ന ബംഗാളി നോവലിനെ മറ്റൊരു സ്ഥലകാലത്തിലേക്ക് മാറ്റാനുള്ള ശ്യാമപ്രസാദിന്റെ ഒരേ കടലിലൂടെയുള്ള പരിശ്രമം മുഴുവനായി വിജയിച്ചു എന്നു കരുതാന്‍ വയ്യ. അതുകൊണ്ട് നോവലിനെ മറക്കുക. വിവാഹേതര ലൈംഗിക ബന്ധം എന്ന മലയാളി തൊടാനറക്കുന്ന പ്രമേയത്തെ പരിചരിച്ചു എന്ന ഒറ്റക്കാരണത്താല്‍ പക്ഷെ ചിത്രം ഏറെ പ്രസക്തമാണു താനും. മീരാ ജാസ്മിന്റെ മികച്ച അഭിനയം ചിത്രത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. സാമ്പത്തികശാസ്ത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്, വികാരങ്ങളല്ല എന്നു പ്രഖ്യാപിക്കുന്ന നാഥന്‍ എന്ന ബുദ്ധിജീവിയുടെ വേഷം മമ്മൂട്ടി കുറ്റമറ്റതാക്കി എന്നു വിലയിരുത്താനും സാധ്യമല്ല. ഏതായാലും യാഥാസ്ഥിതികത്വത്തെ കെട്ടിപ്പിടിച്ചുകഴിയുന്ന മലയാളി മനസ്സിന് ഈ ചിത്രം ഒരു ഷോക്ക് ട്രീറ്റ് മെന്റ് നല്‍കി എന്നത് പറയാതിരിക്കാനാവില്ല.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച്, വിശിഷ്യാ കമ്യൂണിസ്റ് പാര്‍ടിയെക്കുറിച്ച് മുഖ്യധാരാ അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ സങ്കല്‍പിക്കപ്പെടുന്നതും അതു വഴി പൊതുബോധത്തില്‍ കുറെക്കാലത്തേക്ക് വ്യവസ്ഥാപനം ചെയ്യപ്പെടുന്നതുമായ ധാരണകളും കല്‍പനകളും അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ന്നുണ്ടാക്കിയ വിഭ്രാമകമായ ഒരു ആത്മവിശ്വാസമാണ് അറബിക്കഥ എന്ന തിരക്കഥ കെട്ടിയുണ്ടാക്കുന്നതിന്റെ പിന്നിലെ പ്രേരണ. ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുത്തുന്ന പാര്‍ടി പ്രവര്‍ത്തകരിലും നേതാക്കളിലും രണ്ട് തരക്കാരാണുള്ളത്. ഒന്ന്, മന്ദബുദ്ധികളും മടിയന്മാരും വിവരദോഷികളുമായവര്‍. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ക്യൂബമുകുന്ദന്‍ തന്നെയാണ് ആ പക്ഷത്തെ പ്രധാനി. മറുഭാഗത്താകട്ടെ, അതി വിരുതന്മാരും കള്ളന്മാരും വര്‍ഗവഞ്ചകരുമായവര്‍. കരുണന്‍ (ശിവജി ഗുരുവായൂര്‍) ആണ് അവരുടെ നേതാവ്. വിവരദോഷിയായ ക്യൂബമുകുന്ദന് മലയാളമല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല, കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനോ അതില്‍ ഡാറ്റ ഫീഡ് ചെയ്യാനോ അറിയില്ല, മേലനങ്ങി ഏതെങ്കിലും ജോലി ചെയ്യാന്‍ മടിയുമാണ്.

തൊഴിലാളി, തൊഴില്‍, അധ്വാനം, അവകാശം, കൂലി, തൊഴില്‍ സുരക്ഷിതത്വം, സംഘടന, സമരം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ മലയാളികള്‍ അവര്‍ കടന്നു പോന്ന ചരിത്ര കാലഘട്ടത്തിന്റെ പാഠങ്ങളുള്‍ക്കൊണ്ടുകൊണ്ട് നടത്തുന്ന പ്രതികരണങ്ങളെ ക്രൂരമായി പരിഹസിക്കുന്ന ആഖ്യാനമാണ് അറബിക്കഥയെ ഏതര്‍ത്ഥത്തിലും ഒരു വലതുപക്ഷ ആശയപ്രചാരണമാണെന്ന് സമര്‍ത്ഥിക്കാന്‍ നമ്മെ സഹായിക്കുന്നത്. പൌരത്വം, പാര്‍ടി അംഗത്വം, കുടുംബം, ഭാഷ, സമൂഹം, സ്നേഹിതര്‍ എന്നിവയില്‍ നിന്നെല്ലാം ആട്ടിയകറ്റപ്പെട്ട അനാഥനായ ക്യൂബമുകന്ദനാണ് അറേബ്യന്‍ മരുഭൂമിയിലകലെയെവിടെയോ ഉള്ള ഒരു കൃഷിക്കളത്തില്‍ അത്യധ്വാനം നടത്തി ജീവിതത്തിന്റെ മഹത്വം തിരിച്ചറിയുന്നത്! അതായത്, കേരള ജനത ചരിത്രബോധത്തിലൂടെ ആര്‍ജ്ജിച്ചിട്ടുള്ള രാഷ്ട്രീയ ബോധവും സ്വാതന്ത്ര്യവാഞ്ഛയും ഉപേക്ഷിച്ച് ലോകപര്യടനം നടത്തി പുതിയ കേരളം സൃഷ്ടിക്കാന്‍ തിരിച്ചുവരണമെന്നാണ് അറബിക്കഥ ആഹ്വാനം ചെയ്യുന്നത്.

അതിര്‍ത്തികളും അഭയാര്‍ത്ഥിത്വങ്ങളും പൌരത്വ കല്‍പനകളും ചേര്‍ന്ന് അസാധ്യവും സങ്കീര്‍ണവും ദുരിതമാത്രവും ആക്കി തീര്‍ത്ത കുറെ മനുഷ്യ ജീവിതങ്ങളുടെ തീരാത്ത വേദനകളാണ് പരദേശി എന്ന സിനിമയുടെ പ്രമേയം. സാമൂഹികവും രാഷ്ട്രീയവുമായി വലിയ മാനങ്ങള്‍ ഉള്ളതും, 'പൊള്ളുന്ന'തായതു കൊണ്ട് പലരും തൊടാന്‍ മടിക്കുന്നതുമായ ഒരു പ്രശ്നത്തെ തികച്ചും വൈകാരികമായ സത്യസന്ധതയോടെയാണ് ഈ സിനിമ സമീപിക്കുന്നത്. പരദേശിയിലുന്നയിക്കപ്പെടുന്ന ചരിത്ര-രാഷ്ട്രീയ-ദേശീയ സംഘര്‍ഷങ്ങള്‍ ഒരു പക്ഷെ പി ടി കുഞ്ഞിമുഹമ്മദിനെപ്പോലെ ഒരു ചലച്ചിത്രകാരന്റെ പ്രതികരണ ഉന്മുഖത്വമില്ലായിരുന്നുവെങ്കില്‍ ഇത്ര കൃത്യമായും നിഷ്ക്കര്‍ഷയോടെയും വെളിപ്പെടാന്‍ സാധ്യത ഇല്ലെന്നു തന്നെ പറയാം.

എഴുപതുകളില്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ട മലയാള സിനിമയിലെ പരിവര്‍ത്തിത ഭാവുകത്വത്തിന്റെ സൌന്ദര്യാത്മക രക്ഷാകര്‍തൃത്വത്തെ ബഹിഷ്ക്കരിക്കാനുള്ള സാഹസികത കൂടി പി ടി കുഞ്ഞിമുഹമ്മദ് പ്രകടിപ്പിക്കുന്നുണ്ട്. ഫിലിം സ്കൂളില്‍ നിന്ന് പുറത്തു വന്നതും ഫിലിം സൊസൈറ്റികളിലും ചലച്ചിത്രമേളകളിലും പ്രശംസിക്കപ്പെട്ടതുമായ കലാത്മകതാനാട്യത്തിന്റെ കേവലമായ ജനപ്രിയതാവിരുദ്ധതയെ അദ്ദേഹം സധൈര്യം ഉപേക്ഷിക്കുന്നു. താരങ്ങള്‍, പാട്ടുകള്‍, പുതിയ സാങ്കേതിക പ്രയോഗങ്ങള്‍, കൂടുതല്‍ റിലീസ് കേന്ദ്രങ്ങള്‍, പരസ്യങ്ങള്‍, എന്നിങ്ങനെ നിര്‍ബന്ധമായും ത്യജിക്കേണ്ടതെന്ന് നവസിനിമ നമ്മെ പഠിപ്പിച്ച പാഠങ്ങളിലദ്ദേഹം കുടുങ്ങുന്നില്ല. പ്രവാസം, അഭയാര്‍ത്ഥിത്വം, പൌരത്വം, മത-ജാതി സ്വത്വങ്ങള്‍, ദാരിദ്യ്രം, ഭരണകൂടത്തെ നിര്‍ണയിക്കുന്നതും നയിക്കുന്നതുമായ ഘടകങ്ങള്‍, പഴയതും പുതിയതുമായ സാമ്രാജ്യത്വങ്ങള്‍ അവശേഷിപ്പിച്ചതും തുടരുന്നതുമായ വിദ്യാഭ്യാസ-കലാ-ജ്ഞാനാധികാര സമ്പ്രദായങ്ങള്‍, എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കുന്ന ഒരു രാഷ്ട്രീയജീവി എന്ന നിലയിലാണ് നവസിനിമയുടെ ഭൂതങ്ങളെ ഉച്ചാടനം ചെയ്യാനുള്ള ധൈര്യം അദ്ദേഹം സംഭരിക്കുന്നത്.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ട തകഴിയുടെ ചെറുകഥകളെ ആസ്പദമാക്കിക്കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ദൃശ്യവത്ക്കരിക്കുന്ന ഭൂതകാലം വ്യക്തവും കൃത്യവുമായ വിധം വര്‍ത്തമാനകാലത്തെയാണ് വിശദീകരിക്കുന്നത് എന്നതാണ് നാലു പെണ്ണുങ്ങള്‍ എന്ന സിനിമയുടെ വിസ്മയകരമായ വാസ്തവം. നാടുവാഴിത്തത്തിന്റെ രക്ഷാകര്‍തൃത്വത്തിന്‍ കീഴില്‍ രൂപപ്പെട്ട ലൈംഗികസദാചാരം എന്ന സ്ഥാപനം പെണ്ണിനെയും പെണ്ണത്തത്തെയും എപ്രകാരമാണ് നിര്‍ണയിച്ചത് അഥവാ തടവിലിട്ടത് എന്നതു തന്നെയാണ് സിനിമയിലെ ആഖ്യാനം(ങ്ങള്‍) അന്വേഷിക്കുന്നത്. പരിമിതമായ സഞ്ചാരസ്വാതന്ത്ര്യവും ചലന നിയമങ്ങളും മാത്രമുണ്ടായിരുന്ന ആയിരത്തി തൊളളായിരത്തി നാല്പതുകളിലെയും അമ്പതുകളിലെയും സദാചാരഭീതികളും സ്ത്രീ ശരീരത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധാബോധങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും പശ്ചാത്തലമായി പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവാണ് നാലു പെണ്ണുങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ജാതി സമുദായത്തെയും മതപ്രോക്തമായ സംഘാടനത്തെയും പൌരോഹിത്യത്തെയും വര്‍ഗ-സാമ്പത്തിക വ്യവസ്ഥയെയും പുരുഷാധിപത്യത്തെയും ഉറപ്പിച്ചെടുക്കുന്നതിന് സ്ത്രീയെയും സ്ത്രൈണ ലൈംഗികതയെയും വരിഞ്ഞുകെട്ടുന്ന വിധത്തില്‍ വരുതിയിലാക്കുക എന്ന പ്രവൃത്തിയെയാണ് നാം ഭാവശുദ്ധി എന്നും കുടുംബം എന്നും വിളിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്, എന്നാല്‍ അതിലും കൂടുതല്‍ കാര്യങ്ങള്‍ മാറാതെ തുടരുന്നുമുണ്ട് എന്ന വസ്തുതയാണ് അടൂര്‍ പുറന്തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഓര്‍മ്മിപ്പിക്കുന്നത്. പുതിയ കാലവും പഴയ നിയമങ്ങളും തമ്മിലുള്ള ഒരു അഭിമുഖീകരണമായി നാലു പെണ്ണുങ്ങള്‍ പ്രസക്തമാകുന്നതും അങ്ങിനെയാണ്.

ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം, കെ പി കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്നീ ചിത്രങ്ങള്‍ കൂടി 2007ല്‍ സെന്‍സര്‍ ചെയ്യാന്‍ പദ്ധതിയുണ്ടെങ്കിലും റിലീസ് അടുത്ത വര്‍ഷത്തിലേ ഉണ്ടാകൂ.

പിരമിഡ് സൈമിറ, റിലയന്‍സ് പോലുള്ള പല കുത്തകകളും മലയാള സിനിമാവ്യവസായത്തിലേക്ക് പണമിറക്കാന്‍ തുടങ്ങിക്കഴിഞ്ഞു. സിനിമാശാലകള്‍ പാട്ടത്തിനും വാടകക്കും മറ്റും വാങ്ങിക്കൂട്ടിയും ചിത്രങ്ങള്‍ വിതരണത്തിനെടുത്തും നിര്‍മിച്ചും ഇക്കൂട്ടര്‍ മലയാള സിനിമയുടെ ഭാവുകത്വത്തെ തങ്ങളുടെ കോര്‍പ്പറേറ്റ് കൈപ്പിടിയിലൊതുക്കുന്നത് എപ്രകാരമായിരിക്കുമെന്ന് കാണലും വിസ്തരിക്കലുമായിരിക്കും ഒരു പക്ഷെ 2008ലെ പ്രധാന ജോലി.

(ലേഖകന്‍: ശ്രീ.ജി. പി. രാമചന്ദന്‍. കടപ്പാട്: ദേശാഭിമാനി)

Saturday, January 5, 2008

തിരിച്ചറിയപ്പെടാത്ത ആത്മവിലാപങ്ങള്‍

കൊറിയന്‍ ചലച്ചിത്രകാരനായ കിം കി ഡുക്കിന്റെ ദ ഐലി (2000/വര്‍ണം/89 മിനുറ്റ്) ലെ നായികയായി അഭിനയിച്ച സു ജങ് പറയുന്നത് കൊറിയന്‍ ജനതയും സമൂഹവും ആന്തരീകരിച്ചിട്ടുള്ള രോഷവും ആധികളും ആണ് ഡുക്കിന്റെ സിനിമകളില്‍ ആവിഷ്ക്കരിക്കപ്പെടുന്നതെന്നാണ്. കാണിയുടെ ആന്തരാവയവങ്ങളെ പുഴക്കിയെറിയുന്ന തരമല്ലാത്ത രീതിയില്‍ സിനിമകളെടുക്കാന്‍ അദ്ദേഹത്തിന് ഭാവിയിലെങ്കിലും സാധ്യമാകട്ടെ എന്നും തുടര്‍ന്നവര്‍ ആശംസിക്കുന്നു. പാശ്ചാത്യ പ്രേക്ഷകര്‍ സാധാരണ കാണാറുള്ള തരത്തിലുള്ള സിനിമകളല്ല തികച്ചും വ്യത്യസ്തമായ സാംസ്ക്കാരിക-ചരിത്ര-ഭൌമിക പശ്ചാത്തലമുള്ള കൊറിയയില്‍ നിന്ന് കിം കി ഡുക്കിനെപ്പോലുള്ളവര്‍ പുറത്തുകൊണ്ടു വന്നത്. അതുകൊണ്ടു തന്നെ തങ്ങള്‍ പരിചയിച്ചു പോന്ന ആസ്വാദന ശീലങ്ങളെ അസ്വസ്ഥമാക്കുന്ന തരം വിസ്ഫോടനങ്ങള്‍ അത് സൃഷ്ടിക്കുകയും ചെയ്തു.

ഹീ ജിന്‍ എന്ന ഊമയായ ഒരു യുവതിയായിട്ടാണ് സു ജങ് തുരുത്തില്‍ അഭിനയിക്കുന്നത്. കാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു തടാകത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് നൌകാ ഗൃഹങ്ങളില്‍ താമസിച്ച് മീന്‍ പിടിക്കുകയും മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യാന്‍ സൌകര്യം ഒരുക്കിയിട്ടുള്ള റിസോര്‍ട്ടിന്റെ നടത്തിപ്പുകാരിയാണവള്‍. കരയില്‍ നിന്ന് ഓരോ നൌകാഗൃഹങ്ങളിലേക്കും സഞ്ചരിക്കാന്‍ അവളുടെ പക്കലുള്ള ചെറിയ തോണി മാത്രമാണ് ആശ്രയം. താമസക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷണങ്ങളും പാനീയങ്ങളും എത്തിച്ചുകൊടുക്കുന്നതും അവളൊറ്റക്കു തന്നെ. വേശ്യാഗൃഹങ്ങളില്‍ നിന്ന് കൂട്ടിക്കൊടുപ്പുകാരുടെ സഹായത്തോടെ വേശ്യകളെ എത്തിച്ചുകൊടുക്കുന്നതിനു പുറമെ, ചില സമയങ്ങളില്‍ അവളും ശരീര വില്‍പന നടത്തുന്നുണ്ട്. കൂട്ടുകാരിയെ കൊലപ്പെടുത്തിയതിനാല്‍ കുറ്റവാളിയായി മാറിയ ഹ്യൂന്‍ ഷിക്ക് എന്ന പോലീസുകാരന്‍ നിയമത്തിന്റെ കണ്ണില്‍ പെടാതിരിക്കാനായി നൌകകളിലൊന്നില്‍ താമസിക്കാനെത്തുന്നു. അയാളുമായി ഹീക്ക് സ്നേഹ ബന്ധം ഉടലെടുക്കുന്നു. അയാള്‍ ആദ്യ ഘട്ടത്തില്‍ അത്തരമൊരു പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതേയില്ല. എന്നാലതിനെ തുടര്‍ന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളെ തുടര്‍ന്നാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. ഒന്ന് ഹീ തന്നെ ഏര്‍പ്പാട് ചെയ്തു കൊടുത്ത ഒരു വേശ്യ അയാളെ സ്നേഹിച്ചു തുടങ്ങിയത് അവള്‍ ശ്രദ്ധിക്കുന്നതാണ്. ഇതു കണ്ടെത്തിയ ഉടനെ ആ വേശ്യയെയും അവളെ അന്വേഷിച്ചെത്തുന്ന കൂട്ടിക്കൊടുപ്പുകാരനെയും ഹീ കൊലപ്പെടുത്തി തടാകത്തില്‍ താഴ്ത്തുന്നു.

കടുത്ത വിഷാദരോഗിയായ ഹ്യൂന്‍ ഷിക്ക് ആകട്ടെ ഇതിനിടയില്‍ രണ്ടു തവണ ആത്മഹത്യക്ക് ശ്രമിക്കുന്നുണ്ട്. രണ്ടു തവണയും രക്ഷിക്കുന്നത് ഹീ യാണ്. ഇതിലൊരു ആത്മഹത്യാശ്രമം അത്യന്തം വേദനാജനകമാണ്. മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ചൂണ്ടക്കൊളുത്ത് നാലഞ്ചെണ്ണം ഒരുമിച്ച് വിഴുങ്ങിയാണ് അയാള്‍ മരിക്കാന്‍ ശ്രമിക്കുന്നത്. അവള്‍ അയാളുടെ വായ സ്ഥിരമായി തുറന്നു വെച്ച് പ്രാകൃതമായ ഉപകരണങ്ങളുപയോഗിച്ച് ആ കൊളുത്തുകളെല്ലാം പുറത്തെടുക്കുന്നു. ഇതിനെ തുടര്‍ന്നും പക്ഷെ അയാളുടെ മനസ്സിളകുന്നില്ലെന്ന് ബോധ്യപ്പെട്ട ഹീ അതേ പോലുള്ള കൊളുത്തുകള്‍ സ്വന്തം ഗുഹ്യാവയവത്തില്‍ കുത്തിയിറക്കി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. ഇത്തവണ അവളെ രക്ഷപ്പെടുത്തുന്നത് അയാളാണ്. അവരുടെ ബന്ധം ദൃഢമായിത്തീര്‍ന്നെങ്കിലും സാഹചര്യങ്ങള്‍ അവരുടെ സുഗമ ജീവിതത്തിന് അനുകൂലമായിരുന്നില്ല. മറ്റൊരു നൌകയിലെ വേശ്യ ഇടപാടുകാരന്റെ റോളക്സ് വാച്ച് വെള്ളത്തിലേക്കെറിഞ്ഞത് തിരിച്ചെടുക്കാന്‍ ചൂണ്ട കൊളുത്തിയ അയാള്‍ക്ക് ലഭിച്ചത് രണ്ടു മൃതദേഹങ്ങളും കൊല്ലപ്പെട്ടവളുടെ സ്കൂട്ടറുമാണ്. വിഭ്രാമകമായ ഒരന്ത്യമാണ് സിനിമക്കുള്ളത്. ഹ്യൂന്‍ തോണി തുഴഞ്ഞ് തടാകത്തിനുള്ളിലുള്ള ഒരു കുറ്റിക്കാട്ടിലെത്തുന്നു. ആ കുറ്റിക്കാട് തോണിയിലെ നിറഞ്ഞ വെള്ളത്തില്‍ മരിച്ചുകിടക്കുന്ന ഹീയുടെ നഗ്നശരീരത്തിലേക്ക് ലയിപ്പിക്കപ്പെട്ടിരിക്കുന്നു.

പാശ്ചാത്യരായ ആസ്വാദകരധികവും ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ തിയറ്റര്‍ വിട്ടുപോകുകയോ അതു ചെയ്യാത്തവര്‍ ഹാളിനകത്ത് ഛര്‍ദിക്കുകയോ ചെയ്തു വെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മപീഡനവും പരപീഡനവും ഇതുപോലെ തുറന്ന് ചിത്രീകരിക്കുന്ന സിനിമകള്‍ കുറവാണ്. അത് ആസ്വദിക്കുന്നത് വിഷമകരവുമാണ്. പിന്നെയും എന്താണ് ഈ ആവിഷ്ക്കരണത്തില്‍ സൌന്ദര്യാത്മകമായിട്ടുള്ളത് എന്ന അന്വേഷണം ഫലവത്താകണമെങ്കില്‍ കൊറിയയുടെയും കിഴക്കന്‍ രാജ്യങ്ങളുടെയും ഭൌതിക-ആത്മീയ ചരിത്രങ്ങള്‍ അല്‍പമെങ്കിലും മനസ്സിലാക്കേണ്ടിവരും.

ജാപ്പനീസ് കലയിലും സിനിമയിലും വേദനാകരമായ ആത്മഹത്യാരീതികള്‍ പലപ്പോഴായി ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്താണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് നല്ല തീര്‍ച്ചയുള്ളവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് കാണുന്നവരുണ്ട്. അവര്‍ക്കറിയാവുന്ന വസ്തുതകളും കഥകളും മാത്രമാണ് അത്തരം സിനിമകളില്‍ അവര്‍ കാണുന്നതും. പക്ഷെ എല്ലാവരും അങ്ങിനെയല്ല. തങ്ങളുടെ ചക്രവാളങ്ങള്‍ക്കപ്പുറത്തും ലോകമുണ്ടെന്നും തങ്ങളുടെ ഇഛകള്‍ക്കനുസരിച്ചല്ല മനുഷ്യര്‍ ജീവിക്കുന്നതെന്നും മനസ്സിലാക്കുന്ന ലോകത്തെവിടെയുമുള്ള കാണികളുടെ പ്രാഥമിക ജനാധിപത്യ ബോധത്തെയാണ് ദ ഐല്‍ പോലുള്ള സിനിമകള്‍ ലക്ഷ്യം വെക്കുന്നത്. വളരെ വ്യക്തിപരമായ പ്രശ്നങ്ങളാണ് ഈ സിനിമയിലെ കഥാപാത്രങ്ങളെ അതിക്രൂരമായ പ്രവൃത്തികളിലേക്ക് നയിക്കുന്നതെന്ന് പ്രഥമ കാഴ്ചയില്‍ നമുക്കു തോന്നാം. എന്നാല്‍, കോളനീകരിക്കപ്പെട്ടതും വിനോദ സഞ്ചാരം പോലുള്ള ഏക ജീവിത മാര്‍ഗത്തിലേക്ക് തള്ളിയിടപ്പെട്ടവരുമായ ജനതയുടെ തിരിച്ചറിയപ്പെടാത്ത ആത്മവിലാപങ്ങളാണ് ഇത്തരം ആവിഷ്ക്കരണങ്ങളിലൂടെ വെളിപ്പെടുന്നത് എന്ന് സൂക്ഷ്മ വായനയില്‍ ബോധ്യപ്പെടും.

(ലേഖകന്‍: ശ്രീ.ജി.പി.രാമചന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി)