Friday, June 5, 2009

മാധ്യമങ്ങളും ധാര്‍മികതയും

മാധ്യമങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തം വിവരദാതാവ്, അധ്യാപകന്‍, വിനോദോപാധി എന്നീ നിലകളില്‍ മാത്രമായി ഒതുങ്ങുന്നതല്ല. സമൂഹത്തിലെ ഏറ്റവും ദരിദ്രരുടെ ഉന്നമനം യാഥാര്‍ഥ്യമാക്കാനും സമുദായങ്ങള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാനും ഉതകുന്ന രീതിയില്‍ പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കുന്നതിനുള്ള പ്രചോദനമായും അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സമൂഹത്തിലെ ഏതൊരാളെയുംപോലെ നിയന്ത്രണങ്ങളും നിര്‍ബന്ധങ്ങളും സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും മാധ്യമപ്രവര്‍ത്തകരും നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇതെല്ലാം അതീജീവിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കായി മാധ്യമപ്രവര്‍ത്തകര്‍ ഒരുപരിധിയോളം ധീരതയും നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും കാട്ടേണ്ടതുണ്ട്. സത്യം, നീതി, സ്വാതന്ത്ര്യം, സ്വഭാവദാര്‍ഢ്യം, നിഷ്പക്ഷത, മാന്യത എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ മാധ്യമധര്‍മം ഉയര്‍ത്തിപ്പിടിക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന കടമ. ഇന്ന് രാജ്യത്തിന്റെ മാത്രമല്ല, ആഗോളഗ്രാമത്തിന്റെ തന്നെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക അജന്‍ഡ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇംഗ്ളീഷ് നിഘണ്ടുവില്‍ 'എത്തിക്സിന്' നല്‍കിയിട്ടുള്ള അര്‍ഥം 'ധാര്‍മികതത്വങ്ങളുടെ സമാഹാരമോ സംവിധാനമോ' എന്നതാണ്. നോബല്‍സമ്മാനം നേടിയ വൈദ്യശാസ്ത്രജ്ഞനും ദൈവശാസ്ത്രപണ്ഡിതനുമായ ആല്‍ബര്‍ട്ട് ഷ്വറ്റ്സറുടെ അഭിപ്രായത്തില്‍ "സഹജീവികളോടുള്ള ഐക്യദാര്‍ഢ്യത്തില്‍നിന്നാണ് ധാര്‍മികതയിലേക്കുള്ള പാത തുടങ്ങുന്നത്''. മാധ്യമങ്ങളുടെയും ആശയവിനിമയത്തിന്റെയും പശ്ചാത്തലത്തില്‍ 'ധാര്‍മികത'യെ 'മാധ്യമപ്രവര്‍ത്തനത്തിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന സദാചാരതത്വങ്ങളോ മൂല്യങ്ങളോ' എന്ന് വിശേഷിപ്പിക്കാം.

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ശബ്ദം നല്‍കാനുള്ള ശക്തമായ സ്തംഭമാണ് 'ഫോര്‍ത്ത് എസ്റ്റേറ്റ്'. ജനാധിപത്യത്തിലെ മറ്റു മൂന്ന് സ്ഥാപനങ്ങള്‍ ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യത ഉറപ്പാക്കുന്നതും മാധ്യമങ്ങളാണ്. എന്നാല്‍, ഈ സ്വതന്ത്ര്യത്തെ നിയന്ത്രണമില്ലാതെ എന്തും അച്ചടിക്കാനും പ്രസിദ്ധീകരിക്കാനുള്ള ലൈസന്‍സായി തരംതാഴ്ത്തുന്ന പ്രവണതയ്ക്ക് തടയിടേണ്ടതുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രസിഡന്റ് എ എച്ച് ഗുല്‍സ്ബര്‍ജര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പറഞ്ഞു: "അച്ചടിക്കാനുള്ള പ്രസാധകന്റെ സ്വാതന്ത്ര്യമല്ല പ്രധാനം, മറിച്ച് അറിയാനുള്ള പൌരന്റെ അവകാശമാണ്''. ഭരണഘടനാപരമായ ഉറപ്പുകളേക്കാള്‍ ജനങ്ങള്‍ക്ക് മാധ്യമത്തിലുള്ള വിശ്വാസമാണ് പ്രധാനമെന്ന് 'ദ ലണ്ടന്‍ ടൈംസ്' ഒരിക്കല്‍ മുഖപ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു- "രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാധ്യമങ്ങളുടെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കണം, പലപ്പോഴും മാധ്യമങ്ങള്‍ക്ക് തെറ്റ് സംഭവിക്കാറുണ്ടെന്ന് അവര്‍ക്ക് ബോധ്യമുണ്ടെങ്കിലും. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ നിലവാരം ഉയര്‍ത്താനും എല്ലാ വശങ്ങളും ശരിയായി അവതരിപ്പിക്കാനുമുള്ള ഉത്തരവാദിത്തബോധം പ്രകടിപ്പിക്കണം. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കുമാത്രമേ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പൊതുജനവിശ്വാസം നിലനിര്‍ത്താന്‍ കഴിയൂ. കരിനിയമങ്ങള്‍ കൊണ്ടുവരുന്നത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കും. അത്തരം സ്ഥിതി ഉണ്ടാകുന്നത് മാധ്യമങ്ങളുടെ ധാര്‍മികതയും അപകടത്തിലാക്കും. സ്വീഡനിലെ ഓംബുഡ്സ്മാന്‍ ഡോ. തോസ്റ്റ കാര്‍സ് പറയുകയുണ്ടായി-' മാധ്യമസ്വാതന്ത്ര്യം ഇല്ലാതെ മാധ്യമധാര്‍മികത അസാധ്യം, ധാര്‍മികത കാത്തൂസൂക്ഷിക്കാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനും കഴിയില്ല''. അതുകൊണ്ട് സ്വതന്ത്രമാധ്യമങ്ങളും ജനാധിപത്യസമൂഹവും തമ്മില്‍ ശരിയായ ബന്ധം നിലനിര്‍ത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗം മാധ്യമങ്ങള്‍ സ്വയംനിയന്ത്രണം പാലിക്കുകയെന്നതാണ്.

ഇന്ന്, മാധ്യമങ്ങള്‍ പ്രചാരം കൂട്ടാനും കമ്പോളത്തിന്റെ നേട്ടങ്ങള്‍ കൊയ്യാനും ശ്രമിക്കുമ്പോള്‍ ദേശീയ, സാമൂഹ്യ, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഗുരുതരമായ നിലവാരക്കുറവ് പ്രകടമാകുന്നു. പകരം ദൃശ്യമാകുന്നത്, വാര്‍ത്തകളുടെ ബാലിശമായ അവതരണവും സംഭ്രമജനകമായ ശൈലിയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. പത്രാധിപരുടെ കുലീനമായ കസേര കമ്പോളത്തില്‍ ഭ്രമിച്ച പത്രം ഉടമകളും മാധ്യമപ്രവര്‍ത്തകരും കൈയടക്കിയിരിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വളര്‍ച്ചയോടെ ഗൌരവബോധമുള്ള മാധ്യമപ്രവര്‍ത്തനം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സാധാരണ വാര്‍ത്തപോലും ആകേണ്ട കാര്യമില്ലാത്ത സംഗതികള്‍ 'ബ്രേക്കിങ് ന്യൂസ്' ആയി വരുന്നു. നാം ലോകത്തെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നും പരുവപ്പെടുത്തുന്നതെന്നും നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങള്‍ ശക്തവും സങ്കീര്‍ണവുമായ പങ്കാണ് വഹിക്കുന്നത്. വാര്‍ത്തകളും അന്വേഷണാത്മകമാധ്യമപ്രവര്‍ത്തനവും മുതല്‍ ടെലിവിഷന്‍ സീരിയലുകളും നാടകങ്ങളും സിനിമയുംവരെയുള്ള സംപ്രേഷണങ്ങള്‍ നമുക്ക് വിവരവും വിനോദവും ലോകവീക്ഷണവും പകരുന്നു. അങ്ങനെ, നമ്മുടെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും അടിസ്ഥാനപരമായ പ്രതിബദ്ധതയെയും മാധ്യമങ്ങള്‍ പരോക്ഷമായി സ്വാധീനിക്കുന്നു. അപ്പോള്‍ ലോകത്ത് മാധ്യമങ്ങളുടെ സാന്നിധ്യവും സ്വാധീനവും വര്‍ധിച്ചുവരുന്നതിനാല്‍ ഇവയുടെ പെരുമാറ്റം നിയന്ത്രണവിധേയമാകേണ്ടതുണ്ട്. സാമൂഹ്യമായ നിയന്ത്രണങ്ങളും ഉത്തരവാദിത്തങ്ങളും ബാധ്യതയും സമ്മര്‍ദവുമില്ലാതെ ഒരു പരിഷ്കൃതസമൂഹത്തിലും മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. സാമൂഹ്യമായ കടമ നിറവേറ്റാന്‍ മാധ്യമങ്ങള്‍ക്ക് കരുത്ത് പകരുന്നത് ധാര്‍മികതയാണ്, ഇക്കാര്യത്തില്‍ പ്രധാനമാനദണ്ഡം വിശ്വാസ്യതയാണ്, ധാര്‍മികമായ തത്വങ്ങളും പ്രവര്‍ത്തനവും തെറ്റും ശരിയും തിരിച്ചറിയാന്‍ ഉതകുന്നു.

പത്രങ്ങളുടെയും വാര്‍ത്താഏജന്‍സികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉന്നതനിലവാരം കാത്തൂസൂക്ഷിക്കാന്‍ പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ഉചിതമായ പെരുമാറ്റച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ അടിസ്ഥാനപരമായി അച്ചടിമാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞതാണെങ്കിലും ടെലിവിഷന്‍-ഇലക്ട്രോണിക് മാധ്യമങ്ങളുടെ കാര്യത്തിലും ഏറെ പ്രസക്തമാണ്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും ബാധകമാകുന്ന വിധത്തില്‍ പ്രസ് കൌസിലിനെ മീഡിയ കൌസിലാക്കി മാറ്റണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള സമാധാനം ബോധിപ്പിക്കാന്‍ ഈ സംവിധാനം അനിവാര്യമാണ്. ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ശക്തവും ഉജ്വലവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാക്കാനാണ് ഈ ശുപാര്‍ശ. നമ്മുടെ ഭരണഘടന വിഭാവനംചെയ്യുന്ന ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും.

*
(പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍കൂടിയായ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജി എന്‍ റേ നടത്തിയ മഖന്‍ലാല്‍ ചതുര്‍വേദി അനുസ്മരണ പ്രഭാഷണത്തില്‍നിന്ന്)

പ്രഭാഷണത്തിന്റെ പൂര്‍ണ്ണ ആംഗലേയ രൂപം “MEDIA COMMUNICATION AND ETHICSഇവിടെ

ജസ്റ്റിസ് ജി എന്‍ റേയുടെ മറ്റൊരു പ്രഭാഷണം “Journalism, Ethics and Society“ ഇവിടെ

Wednesday, June 3, 2009

കുത്തകകള്‍ കുത്തുപാളയെടുക്കുന്നു

ജപ്പാന്‍ മുങ്ങുന്ന കപ്പല്‍

ജപ്പാനിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയാണ് നെക്ക് കോര്‍പ്പറേഷന്‍. 20,000 തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് അവര്‍ ജനുവരി 30 ന് പ്രഖ്യാപിച്ചു. പാനസോണിക്ക് കമ്പനി 15000 തൊഴില്‍ വെട്ടിക്കുറച്ചു. നിസാന്‍ മോട്ടോഴ്സ് ആവട്ടെ 20,000 പേരെയാണ് പറഞ്ഞയച്ചത് (1990 കളിലെ തകര്‍ച്ചയില്‍ നിരവധി ദുരിതങ്ങള്‍ നേരിട്ടെങ്കിലും കൂട്ടപ്പിരിച്ചുവിടലുകളുണ്ടായിരുന്നില്ല). 50,000 പേരെ പിരിച്ചുവിട്ടുകൊണ്ട് സോണി കോര്‍പ്പറേഷനും പ്രതിസന്ധി മറികടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയെ വെല്ലുന്ന തകര്‍ച്ചയാണ് ജപ്പാനില്‍ ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. 1974ന് ശേഷം ഇതാദ്യമായി ജപ്പാന്റെ ജി.ഡി.പി.യില്‍ 11.7% തകര്‍ച്ചയാണുണ്ടായത്. ഒരു കാലത്ത് അമേരിക്കന്‍ ഓഹരി കമ്പോളത്തിന്റെ പോലും നായകസ്ഥാനം ജപ്പാനാണ് ഏറ്റെടുത്തിരുന്നത്.. ഉറച്ച അടിത്തറയുള്ള ബാങ്കുകളുടെ നാടാണ് ജപ്പാനെന്നായിരുന്നു പറച്ചില്‍.. പിടിപ്പുകെട്ടഭരണം രാജിവച്ചൊഴിയണമെന്നുള്ള ആവശ്യം രാജ്യത്താകെ മുഴങ്ങിത്തുടങ്ങി. ആജീവനാന്ത തൊഴില്‍ എന്ന ജപ്പാനീസ് മാതൃക ഇന്ന് അന്യം വന്നിരിക്കുന്നു. തൊഴില്‍ കരാറുകളാണ് പുതിയ രീതി.. അതു കൊണ്ട് തന്നെ വന്‍തോതില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു... പ്രായമായവര്‍ അനാഥരാവുന്നു - എന്തിന്, ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം ജപ്പാനിലെ ക്രിമിനല്‍-മാഫിയാ സംഘങ്ങളെപ്പോലും തെരുവ് തെണ്ടികളാക്കിയിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്. ജപ്പാനീസ് ഇലക്ട്രോണിക് ഭീമന്‍ ഹിറ്റാച്ചി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2008-2009 സാമ്പത്തിക വര്‍ഷത്തില്‍ ഹിറ്റാച്ചിയുടെ നഷ്ടം 8.1 ബില്യന്‍ ഡോളറാണ്. 7,000 തൊഴിലാളികളെയാണ് 6 മാസത്തിനുള്ളില്‍ അവര്‍ പിരിച്ചുവിട്ടത്. വരുന്ന നാളുകളില്‍ കൂടുതല്‍ പിരിച്ചുവിടലുകളുണ്ടാവുമെന്ന് കമ്പനി സമ്മതിക്കുന്നു. ജപ്പാനിലെ വളരെ വലിയ മുരന്ന് നിര്‍മ്മാണകമ്പനികളിലൊന്നാണ് 'ഡായ്ച്ചിസംഖ്യോ'. ഈ വര്‍ഷം 3.45 ബില്യന്‍ ഡോളര്‍ നഷ്ടമാണ് അവര്‍ക്കുണ്ടായത്. റാന്‍ബാക്സി എന്ന ഔഷധനിര്‍മ്മാണകമ്പനിയുടെ 20% ഓഹരി വാങ്ങി കഴിഞ്ഞ വര്‍ഷം അത് പിടിച്ചെടുത്തത് ഇവരായിരുന്നുവെന്ന് ഓര്‍ക്കുക.

പാപ്പര്‍ഹര്‍ജികൊടുത്ത്, മുതലാളിത്തം

അതിസമ്പന്ന രാഷ്ട്രങ്ങളുടെ നിരയില്‍ രണ്ടാംസ്ഥാനമാണ് ജപ്പാനുള്ളത്.. രണ്ടാം ലോക മഹായുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന വറുതിയും കെടുതികളുമാണത്രെ ജപ്പാനിപ്പോള്‍ നേരിടുന്നത്.. വേറാരുമല്ല. അവിടുത്തെ ധനകാര്യമന്ത്രി തന്നെയാണ് ഇങ്ങനെ പരിതപിക്കുന്നത്.. ചരിത്രത്തിലാദ്യമായി 2009ല്‍ ജപ്പാന്‍ 2.6% പിറകോട്ട് വളര്‍ന്നുവെന്ന് ഐ.എം.എഫിന്റെ റിപ്പോര്‍ട്ട് പറയുന്നു.. 'കയറ്റുമതി ചെയ്തു വളരുക' എന്ന കമ്പോളമുദ്രാവാക്യമാണ് ഏറെക്കാലമായി ജപ്പാന്‍ പിന്‍തുടര്‍ന്നുവന്നത്.. അമേരിക്കയും യൂറോപ്പും കടുത്തമാന്ദ്യത്തിലായതോടെ ജപ്പാന്റെ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണത്രെ.. ലോകത്തിലെ വന്‍കിട കാര്‍കമ്പനി ടയോട്ട നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 10 ഇലക്ട്രോണിക് ഭീമന്‍മാര്‍ കുറഞ്ഞത് 20 ബില്യന്‍ ഡോളറെങ്കിലും നഷ്ടമുണ്ടാക്കിഴിഞ്ഞുവത്രെ! 2008 നവംബറില്‍ 3.9% ആയിരുന്ന തൊഴിലില്ലായ്മ ജനുവരിയില്‍ 4.4% ആയിട്ടാണ് ഉയര്‍ന്നത്. കൂലിക്കുറവും, പിരിച്ചുവിടലും ജപ്പാനെ പാപ്പരാക്കുകയാണത്രെ!

ജനറല്‍ മോട്ടോര്‍സിന്റെ പതനം

അമേരിക്കന്‍ വാഹന കുത്തക ജനറല്‍ മോട്ടോര്‍സ് ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് തകര്‍ച്ചയിലാണ്. ഭരണകൂടത്തില്‍ നിന്നും ഉടനെ സഹായം ലഭിച്ചില്ലെങ്കില്‍ ജനറല്‍ മോട്ടോര്‍സിന് പാപ്പര്‍ ഹരജി നല്‍കേണ്ടി വരും എന്നാണ് കമ്പനി ഓഡിറ്റര്‍മാരുടെ പ്രസ്താവന വന്നിരിക്കുന്നത്. ജനറല്‍ മോട്ടോഴ്സ്, 2008ല്‍ വരുത്തിയ നഷ്ടം 30.9 ബില്യന്‍ ഡോളറാണ്. തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. (16 മാസം മുമ്പ് ഓഹരി വില 43 ഡോളര്‍ ആയിരുന്നത് വെറും 1.86 ഡോളറായി, ഇടിഞ്ഞു.) ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിട്ടും റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ചുമാണ് കമ്പനി നാളുകള്‍ തള്ളിനീക്കുന്നത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വടക്കേ അമേരിക്കയിലെ 14 പ്ളാന്റുകള്‍ അടച്ചു പൂട്ടാനും 47,000 തൊഴിലാളികളെ പിരിച്ചു വിടാനും പദ്ധതി അണിയറയില്‍ ഒരുങ്ങുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റ് അമേരിക്കയാണ്. അവിടെ വാഹന വ്യാപാരം കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുകയാണ്. ഓട്ടോമൊബൈല്‍ രംഗത്ത് മറ്റ് കമ്പനികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജനറല്‍ മോട്ടോര്‍സിനെ പോലെ ടെയോട്ട, നിസ്സാന്‍, തുടങ്ങിയ കമ്പനികളും തകര്‍ച്ചയിലാണ്. രക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് പൊതു ഖജനാവ് അതിസമ്പന്നര്‍ക്ക് സമര്‍പ്പിക്കുന്നതിനുപകരം ഈ കമ്പനികള്‍ ദേശസാല്‍ക്കരിക്കുവാനാണ് ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ഖജനാവിന്റെ കനിവില്‍.........

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അമേരിക്കന്‍ ഭരണകൂടം തകര്‍ച്ചയിലായ ബാങ്കുകള്‍ക്ക് പൊതുഖജനാവില്‍ നിന്ന് 300 ബില്യന്‍ ഡോളര്‍ നല്‍കിയിരുന്നു. Troubled Asset Relief Program (TARP) എന്ന പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. എന്നിട്ടും ബാങ്കുകള്‍ നഷ്ടത്തില്‍ തന്നെയാണ്. ആഗോളസാമ്പത്തിക മാന്ദ്യവും, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ബാങ്കുവായ്പകളുടെ തിരിച്ചടവിനെ ദോഷകരമായി ബാധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തകരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ബാങ്കിങ്ങ് മേഖലയിലെ ഭീമന്‍മാരായ സിറ്റി ഗ്രൂപ്പും, ബാങ്ക് ഓഫ് അമേരിക്കയും നഷ്ടത്തിന്റെ ആഴങ്ങളിലേക്കാണ് കുതുക്കുന്നത്. പൊതുഖജനാവില്‍ നിന്ന് പണം നല്‍കുന്നത് ശാശ്വത പരിഹാരമല്ലെന്നും, അതിന്റെ ഗുണം സമ്പന്നര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും, തിരിച്ചറിയുന്ന ജനങ്ങള്‍ ബാങ്ക് ദേശസാല്‍ക്കരണം ആവശ്യപ്പെട്ടു തുടങ്ങി.

ബാങ്കുകള്‍ പൂര്‍ണ്ണമായും പൊതു ഉടമസ്ഥതയില്‍ ആയാല്‍ മാത്രമേ സമൂഹത്തിന്റെ സന്തുലിത പുരോഗതിക്ക് ബാങ്കുകളെ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ബാങ്കുകളുടെ ഓഹരിവിലയെക്കാള്‍ കൂടുതല്‍ സഹായം, ഇപ്പോള്‍ തന്നെ ഖജനാവ് നല്‍കിക്കഴിഞ്ഞുവെന്നതാണ് സത്യം. സിറ്റി ഗ്രൂപ്പും, ബാങ്ക് ഓഫ് അമേരിക്കയും, ചേര്‍ത്താല്‍ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 30 ബില്യണ്‍ ഡോളര്‍ മാത്രമെ വരുകയുള്ളു. ഇതിനകം തന്നെ ഈ രണ്ട് വമ്പന്‍ സ്രാവുകള്‍ക്ക് അമേരിക്കന്‍ ഭരണകൂടം 90 ബില്യണ്‍ ഡോളര്‍ നല്‍കിക്കഴിഞ്ഞു. മറുഭാഗത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുകയാണ്. അതിസമ്പന്നരെ സംരക്ഷിക്കാന്‍ പൊതുഖജനാവ് കാലിയാക്കുന്ന ഭരണകൂടം സാമൂഹ്യജീവിതത്തിലെ ഏറിവുരുന്ന ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ മുഴുവന്‍ ബാങ്കുകളും ദേശസല്‍ക്കരിക്കാനാണ് ഈ പണം ഉപയോഗിക്കേണ്ടിയിരുന്നതെന്ന് അമേരിക്കന്‍ ജനത പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

ബാങ്ക് ദേശസാല്‍ക്കരണം

അയര്‍ലാന്റിലെ 3 വന്‍കിടബാങ്കുകളെ രക്ഷപ്പെടുത്താന്‍ 2008 ഡിസംബറില്‍ 5.5 ബില്യന്‍ യൂറോയുടെ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.. ഖജനാവില്‍ നിന്ന് പണമെടുത്ത് ആഗ്ളോഐറിഷ്, ഏ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലാന്റ് എന്നീ 3 ബാങ്കുകളുടെ ജീവന്‍ നില നിര്‍ത്തിയത്. പക്ഷേ 1.5 ബില്ല്യന്‍ യൂറോയുടെ സഹായംകൊണ്ട് ആഗ്ളോഐറിഷ് ബാങ്ക് രക്ഷപ്പെടില്ലെന്ന് വ്യക്തമായതോടെ, ഈ ബാങ്കിനെ സര്‍ക്കാര്‍ തന്നെ നേരിട്ട് ഏറ്റെടുത്തു. പ്രതിസന്ധിയിലായ ബാങ്കിനുവേണ്ടി ഖജനാവില്‍ നിന്ന് 5 ബില്യന്‍ യൂറോ ചെലവാകുമത്രെ. ചൂതാട്ടം നടത്തി തകര്‍ന്ന ബാങ്കുകളെല്ലാം യൂറോപ്പില്‍ ദേശസാല്‍ക്കരിക്കുകയാണ്. രാഷ്ട്രം തന്നെ പാപ്പരായി പ്രഖ്യാപിച്ച ഐസ്ലാന്റിന്റെ അവസ്ഥയിലേക്കാണ് അയര്‍ലാന്റും നീങ്ങുന്നത്..

ചുരുക്കത്തില്‍ മുതലാളിത്തം തന്നെയാണ് പാപ്പരാവുന്നത്...

ത്രെഡ്മില്‍ ടെസ്റ്റ്

പാപ്പരാവാന്‍ സാധ്യതഉണ്ടെന്ന് കണ്ടെത്തിയ 19 വമ്പന്‍ അമേരിക്കന്‍ ബാങ്കുകള്‍ക്ക് 'TMT' നടത്തിയെന്നാണ് അവസാനം വന്ന വാര്‍ത്ത.. 19-ല്‍ പത്തിനും അടിയന്തര ശാസ്ത്രക്രിയ വിധിച്ചിരിക്കുകയാണ്. ബാക്കി ഒന്‍പതെണ്ണത്തിന് തുടര്‍ച്ചയായി ഓക്സിജന്‍, നല്‍കിയാല്‍ മതിയെന്നാണ് വിധി! 19 ബാങ്കുകള്‍ക്ക് 100 ബില്യന്‍ ഡോളര്‍വീതം ആസ്തിയുള്ളവയാണത്രെ! ഈ ബാങ്കുകള്‍ക്ക് 2010 അവസാനമാകുമ്പോഴേക്കും 600 ബില്യന്‍ ഡോളര്‍ (30,00,000 കോടി രൂപ) നഷ്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.. സര്‍ക്കാര്‍കൊടുത്ത പണം കൊണ്ടൊന്നും രക്ഷപ്പെടാന്‍ ബാങ്കുകള്‍ക്കാവില്ലന്നതിനാല്‍ അടിയന്തിരമായി 74 ബില്യന്‍ ഡോളര്‍ പുതിയ മൂലധനം കണ്ടെത്തി ജീവന്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉപദേശിച്ചിരിക്കുന്നത്.. മാന്ദ്യത്തിന്റെ ഉഷ്ണത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഈ ചികിത്സ മതിയാവുമെന്നാണ് വിധി വന്നിരിക്കുന്നത്.. കമ്പോളം മൂക്കുകുത്തിവീണുകിടക്കുമ്പോള്‍, പുതിയ മൂലധനം എങ്ങനെ സമാഹരിക്കുമെന്നറിയാതെ CEOമാര്‍ കുഴങ്ങുകയാണ്.

*
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍

Tuesday, June 2, 2009

അമേരിക്ക ആഗ്രഹിച്ച സര്‍ക്കാര്‍

പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് അമേരിക്കയുമായുള്ള ബന്ധത്തിന് ആക്കം വര്‍ധിപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ഭരണം കൊതിച്ച ഫലമാണ് ഉണ്ടായതെന്ന് വാഷിങ്ങ്ടണില്‍നിന്നുള്ള പ്രസ്താവനകള്‍ തെളിയിക്കുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് അമേരിക്കന്‍ ഭരണകൂടത്തെ അത്യന്തം ആഹ്ളാദത്തിലാഴ്ത്തിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെയാണ് യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് എന്നതാണ് അമേരിക്കയെ ഏറെ സന്തോഷിപ്പിക്കുന്നത്. അമേരിക്കയും കോണ്‍ഗ്രസും ജനവിധിയെ വിലയിരുത്തിയത് ഇരുരാജ്യവും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് ജനങ്ങള്‍ വര്‍ധിച്ച അംഗീകാരം നല്‍കിയെന്ന രീതിയിലാണ്. അതുകൊണ്ടു തന്നെ ആ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ നടപടികളുണ്ടാകും.

ആദ്യനടപടി ബുഷ് ഭരണകാലത്ത് ഒപ്പിട്ട സിവില്‍ ആണവകരാര്‍ നടപ്പാക്കലാണ്. അതിന് ഇന്ത്യ ഏതാനും നടപടികള്‍കൂടി സ്വീകരിക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ വിദേശമന്ത്രാലയത്തിലെ ദക്ഷിണേഷ്യന്‍കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ളേക്ക് പരസ്യമായിത്തന്നെ പറയുകയുണ്ടായി. അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് ചില സൌജന്യങ്ങള്‍കൂടി ഇന്ത്യ ചെയ്തുനല്‍കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ആണവറിയാക്ടര്‍ പൊട്ടിത്തെറിക്കുകയോ മറ്റോ ചെയ്താല്‍ അതുമൂലമുണ്ടാകുന്ന നഷ്ടം ഇന്ത്യ ഗവണ്‍മെന്റ് തന്നെ ഏറ്റെടുക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന നിയമനിര്‍മാണം പാസാക്കണമെന്നാണ് ബ്ളേക്ക് ആവശ്യപ്പെടുന്നത്. അമേരിക്കന്‍ ആണവകമ്പനികളുമായി ആണവ ബിസിനസില്‍ ഏര്‍പ്പെടാന്‍ ഇന്ത്യന്‍ ഊര്‍ജ നിയമത്തില്‍ ഭേദഗതി വരുത്തുകയും വേണം.

കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെതന്നെ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായുള്ള വര്‍ധിച്ച സൈനിക ഇടപാടുകള്‍ ആരംഭിച്ചു. ഇതില്‍ ഏറ്റവും പ്രധാനമാണ് സൈനിക സഹായങ്ങള്‍ പരസ്പരം കൈമാറുന്ന കരാറും അമേരിക്കയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളും ഉപകരണങ്ങളും മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ഇന്ത്യയില്‍വന്ന് പരിശോധിക്കുന്നതിന് അധികാരംനല്‍കുന്ന കരാറും. ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടുത്തുന്നതാണ് ഈ രണ്ട് കരാറും. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ട അമേരിക്കയ്ക്ക് ഇന്ത്യന്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും യഥേഷ്ടം ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതാണ് ആദ്യത്തെ കരാര്‍. അതായത്, അഫ്ഗാനിസ്ഥാനില്‍ ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍വിമാനങ്ങള്‍ക്ക് ഡല്‍ഹിയില്‍വന്ന് ഇന്ധനം നിറച്ച് വീണ്ടും യുദ്ധമുഖത്തേക്ക് പറക്കാന്‍ കഴിയും. നിമിറ്റ്സ് പോലുള്ള യുദ്ധക്കറ പുരണ്ട കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടാനും അറ്റകുറ്റപ്പണികള്‍ നടത്താനും സൌകര്യമുണ്ടായിരിക്കും. അമേരിക്കന്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഇന്ത്യക്കും ഉപയോഗിക്കാമെന്നാണ് കരാറിന്റെ ഗുണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെടാത്ത ഇന്ത്യക്ക് അതിന്റെ ആവശ്യം തുലോം വിരളമായിരിക്കും. അമേരിക്കയോടൊപ്പം ചേര്‍ന്ന് യുദ്ധംചെയ്യാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെങ്കില്‍ ഈ കരാര്‍ 'ഉപകാരപ്രദ'മായിരിക്കും.

ഇന്ത്യയുടെ പരമാധികാരം പൂര്‍ണമായും അമേരിക്കയ്ക്ക് അടിയറ വയ്ക്കുന്നതാണ് രണ്ടാമത്തെ കരാര്‍. അമേരിക്ക ഇന്ത്യക്ക് നല്‍കുന്ന ഉപകരണങ്ങളും ആയുധങ്ങളും ഇന്ത്യയില്‍ വന്ന് പരിശോധിക്കാന്‍ അവര്‍ക്ക് അധികാരം നല്‍കുന്നത് എന്തിനാണെന്നാണ് പ്രധാന ചോദ്യം. വെറും കച്ചവടത്തിനപ്പുറം അമേരിക്ക അവരുടെ തന്ത്രപ്രധാന താല്‍പ്പര്യങ്ങളാണ് ഇതുവഴി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റും യാത്ര ചെയ്യുന്ന വിമാനങ്ങള്‍പോലും ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തി പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കുന്നത് ഒട്ടും അഭികാമ്യമല്ല.

ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അമേരിക്കയുമായുള്ള സൈനികവ്യാപാരം പൊടിപൊടിക്കുകയാണ്. 123 കരാര്‍ എന്നറിയപ്പെടുന്ന ആണവകരാറിന് അമേരിക്കന്‍ ആയുധലോബി നല്‍കിയ പേര് 126 കരാര്‍ എന്നാണ്. ആണവകരാര്‍ ഒപ്പിട്ട് അതിനുപിന്നാലെ ഇന്ത്യ 126 ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ അമേരിക്കയുമായി ഒപ്പിടുമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കിയത്. 4,500,00 കോടിരൂപയുടേതാണ് ഈ കരാര്‍. അമേരിക്കന്‍ കമ്പനികളായ ലോക്ഹീഡ് മാര്‍ട്ടിനും ബോയിങ്ങിനും ലേലത്തില്‍ പങ്കെടുക്കുന്നതിനായി ആദ്യം ഇറക്കിയ ടെന്‍ഡര്‍ ഇന്ത്യ റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് ആറ് കമ്പനിയാണ് ലേലത്തില്‍ പങ്കുകൊണ്ടത്. ഇടയ്ക്കുവച്ച് ഫ്രഞ്ച് കമ്പനിയായ റാഫെല്‍സിനെ തഴഞ്ഞെങ്കിലും പിന്നീട് പിന്‍വാതിലിലൂടെ ആ കമ്പനിയെ വീണ്ടും ഉള്‍പ്പെടുത്തി. മേല്‍പ്പറഞ്ഞ മൂന്ന് കമ്പനിക്കു പുറമെ യൂറോപ്യന്‍ കമ്പനിയായ യൂറോഫൈറ്റര്‍ ടൈഫൂ, സ്വീഡിഷ് കമ്പനിയായ സാബ്, റഷ്യന്‍ എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ എന്നിവയാണ് ലേലം കൊണ്ടിട്ടുള്ളത്. ഈ കമ്പനികളുടെ വിമാനങ്ങള്‍ ഈ മാസംമുതല്‍ പരീക്ഷണ പറക്കല്‍ നടത്തും. ഏറ്റവും ചൂടുള്ള ജയ്സാല്‍മീര്‍, തണുപ്പുള്ള ലേ, ബംഗളൂരു എന്നിവിടങ്ങളിലാണ് പരീക്ഷണപ്പറക്കല്‍. ഇതില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് കരാര്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എഫ്16 ഫാല്‍ക്കണ്‍ വിമാനങ്ങളുണ്ടാക്കുന്ന ലോക്ഫീല്‍ഡ് മാര്‍ട്ടില്‍, എഫ്എ18 സൂപ്പര്‍ ഹോര്‍ണെറ്റ് വിമാനങ്ങളുണ്ടാക്കുന്ന ബോയിങ് എന്നീ കമ്പനികള്‍ക്ക് കരാര്‍ ലഭിക്കാനാണ് സാധ്യത.

ആണവകരാറില്‍ ഇന്ത്യയുമായി ഒപ്പുവയ്ക്കുന്നതുതന്നെ അമേരിക്കയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നിരിക്കെ ഈ വന്‍തുകയ്ക്കുള്ള കരാറും അമേരിക്കയ്ക്കുതന്നെ നല്‍കണമെന്നാണ് വാഷിങ്ട സമ്മര്‍ദം ചെലുത്തുന്നത്. ആണവകരാറിന്റെ ഭാഗമായി ആണവ നിര്‍വ്യാപന കരാറിലും ഇന്ത്യ ഒപ്പുവയ്ക്കണമെന്ന സമ്മര്‍ദം ഒബാമ ഭരണകൂടം ശക്തിപ്പെടുത്തിയിരിക്കയാണ്. 2010 ലെ ആണവ നിര്‍വ്യാപന പുനഃപരിശോധന സമ്മേളനത്തില്‍ ഇന്ത്യയെക്കൂടി പങ്കെടുപ്പിക്കാനുള്ള തകൃതിയായ ശ്രമമാണ് അമേരിക്ക നടത്തുന്നത്. എഫ്എംസിടി കരാറില്ലെങ്കിലും ഇന്ത്യയെകൊണ്ട് ഒപ്പുവയ്പിക്കാനാണ് ശ്രമം. എന്‍പിടി, സിടിബിടി, എഫ്എംസിടി തുടങ്ങിയ കരാറുകള്‍ അസമമായതിനാല്‍ അതില്‍ ഒപ്പുവയ്ക്കില്ലെന്ന സമീപനമാണ് ഇന്ത്യ കൈക്കൊണ്ടിരുന്നത്. എന്നാല്‍, ആണവകരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഇത്തരം കരാറുകളില്‍ ഇന്ത്യ ഒപ്പുവയ്ക്കണമെന്നാണ് ഇപ്പോള്‍ അമേരിക്ക നിര്‍ബന്ധിക്കുന്നത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താലിബാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ പങ്കെടുക്കണമെന്നും ഒബാമ ഭരണകൂടം സമ്മര്‍ദം ചെലുത്തുകയാണ്. ഇന്ത്യയുടെ സഹായമില്ലാതെ അഫ്ഗാന്‍പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന അമേരിക്കയുടെ അഫ്‌ഗാന്‍, പാകിസ്ഥാന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന്റെ പ്രസ്താവന ഇന്ത്യയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ അമേരിക്കയ്ക്കുള്ള താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഹോള്‍ബ്രൂക്ക് എന്ന അമേരിക്കയുടെ വെളിപ്പെടുത്തല്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. അമേരിക്കയുടെ തന്ത്രപ്രധാനനീക്കങ്ങളില്‍ ഇന്ത്യയെക്കൂടി ഭാഗഭാക്കാക്കാനുള്ള കാര്യമായ ശ്രമം അമേരിക്ക നടത്തുന്നുണ്ട്. അടുത്തയിടെ ഏഷ്യ സൊസൈറ്റിയുടെ പേരില്‍ പുറത്തിറക്കിയ കര്‍മസമിതി റിപ്പോര്‍ട്ട് വളച്ചുകെട്ടില്ലാതെ പറയുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്. ആണവകരാറിന്റെ പ്രമുഖ ശില്‍പ്പികളില്‍ ഒരാളായ ആഷ്ലെ ജെ ടെല്ലിസ്, ബ്രൂകിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റീവന്‍ കോഹന്‍, മക്കാര്‍ത്തി അസോസിയേറ്റ്സിന്റെ അലീസ അയേഴ്സ് തുടങ്ങിയവര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ കര്‍മസമിതി റിപ്പോര്‍ട്ട്. ഇന്ത്യയുടെയും അമേരിക്കയുടെയും താല്‍പ്പര്യങ്ങള്‍ ഒന്നാകുമ്പോള്‍ പുതിയ ബന്ധത്തിന് തുടക്കമാകുമെന്നും ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത അടുപ്പമാണ് ഇതിലൂടെയുണ്ടാകുകയെന്നും ഈ റിപ്പോര്‍ട്ട് വിഭാവനംചെയ്യുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ക്ക് രംഗപ്രവേശം നല്‍കാനും ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

*
വി ബി പരമേശ്വരന്‍

Monday, June 1, 2009

സിഖ് മതത്തിലെ ജാതിപ്പോരും പഞ്ചാബിലെ സംഘര്‍ഷവും

ജാതീയതയുടെ കലാപത്തീയില്‍ പുകയുകയാണ് പഞ്ചാബ്. സിഖ് മതവിശ്വാസികള്‍ ദളിതരും സവര്‍ണരുമായി തിരിഞ്ഞ് തെരുവില്‍ തമ്മിലടിക്കുന്നു. ഹിന്ദുമതത്തിലെ ജാതിവിവേചനത്തോടുള്ള പ്രതികരണമെന്ന നിലയില്‍ 15-ാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍ വേരുറപ്പിച്ച സിഖ് മതം ഇന്നിപ്പോള്‍ അതേ ജാതിഭ്രാന്തിന് ഇരയാവുകയാണ്.

സിഖ് മതത്തിലെ ദളിത് ജനവിഭാഗങ്ങളുടെ കൂട്ടായ്മയായ ദേര സച്ച്ഖണ്ഡിന്റെ ഉപമേധാവി വിയന്നയില്‍ ചില മതഭ്രാന്തരുടെ വെടിയേറ്റ് മരിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം. ദേര സച്ച്ഖണ്ഡിന്റെ തലവന്‍ സന്ത് നിരഞ്ജന്‍ദാസ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ മെയ് 24നാണ് സംഭവം. യൂറോപ്യന്‍ രാജ്യമായ അസ്ത്രിയയില്‍ വിയന്നക്കടുത്ത് റുഡോള്‍ഫ്ഷിന്‍ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. ദേരസച്ച്ഖണ്ഡിന്റെ നിയന്ത്രണത്തിലുള്ള ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ആറോളം സവര്‍ണ സിഖുകാര്‍ ആയുധങ്ങളുമായി പ്രവേശിച്ച് നിരഞ്ജന്‍ദാസിന് നേരെയും അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യനായ സന്ത് രമാനന്ദിന് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. വിശ്വാസികള്‍ക്ക് നേരെയും വെടിവെയ്പ്പുണ്ടായി. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നിരഞ്ജന്‍ദാസിനെയും രമാനന്ദിനെയും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രമാനന്ദ് മരിച്ചു.

തങ്ങളുടെ പ്രിയനേതാവ് കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞതുമുതല്‍ ദേരസച്ച്ഖണ്ഡ് വിശ്വാസികള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു. ജലന്ധര്‍, അമൃത്സര്‍, ഹോഷിയാര്‍പ്പൂര്‍, ഫഗ്വാര തുടങ്ങി പഞ്ചാബിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം അക്രമികള്‍ അഴിഞ്ഞാടി. കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. തീവണ്ടികള്‍ക്ക് തീയിട്ടു. അക്ഷരാര്‍ത്ഥത്തില്‍ കലാപസ്ഥിതിയായിരുന്നു സംസ്ഥാനത്തെങ്ങും. രണ്ട് ദിവസത്തോളം പഞ്ചാബില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. പൊലീസ് വെടിവെയ്പിലും മറ്റുമായി രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ദ്രുതകര്‍മ്മസേനയും സൈന്യവുമൊക്കെ രംഗത്തിറങ്ങിയ ശേഷമാണ് സ്ഥിഗതികള്‍ ശാന്തമായത്. ഇപ്പോള്‍ അക്രമസംഭവങ്ങള്‍ക്ക് ശമനമായെങ്കിലും ഏതുനിമിഷവും ഒരു കലാപം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയില്‍ തന്നെയാണ് സംസ്ഥാനമിപ്പോഴും.

ജാതിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ക്കപ്പുറം സാമ്പത്തികമായ കാരണങ്ങളും ഇപ്പോഴത്തെ സംഘര്‍ഷസ്ഥിതിക്ക് പിന്നിലുണ്ട്. സിഖ് മതം അംഗീകരിച്ചിട്ടുള്ള 15 ഭഗത്തുകളിലൊരാളായ (ആത്മീയാചാര്യന്‍) രവിദാസ് ജിയുടെ അനുയായികളാണ് ദേരാസച്ച്ഖണ്ഡ് വിശ്വാസികള്‍. രവിദാസ്ജി പതിന്നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയാചാര്യനായിരുന്നു. സിഖ് മതം അന്ന് രൂപപ്പെട്ടിരുന്നില്ല.

ഉത്തര്‍പ്രദേശിലെ വാരാണസിക്കടുത്ത് ഗോവര്‍ധനില്‍ 1376 ല്‍ ജനിച്ച രവിദാസ് കീഴാളവിഭാഗമായ ചമര്‍ ഗോത്രക്കാരനാണ്. ജാതിവിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു രവിദാസ്ജി. സന്ന്യാസം സ്വീകരിച്ച അദ്ദേഹം ജാതീയതയ്ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയും കീഴാളരുടെ നേതാവായി ഉയരുകയും ചെയ്തു. ഹിന്ദുമതത്തിലെ ജാതിവിവേചനത്തെ വിമര്‍ശിച്ച് നിരവധി ഗീതങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.

പതിനഞ്ചാംനൂറ്റാണ്ടിലാണ് ഗുരുനാനാക്ക്ജി സിഖ് മതത്തിന് രൂപംനല്‍കുന്നത്. പിന്നീടിങ്ങോട്ട് പത്തോളം ഗുരുക്കന്‍മാര്‍ സിഖ് മതത്തിനുണ്ടായി. ഈ ഗുരുക്കന്‍മാരെല്ലാം തന്നെ ജാതിയുടെ പേരിലുള്ള വേര്‍തിരിവൊന്നുമില്ലാതെ എല്ലാവരെയും ഒന്നുപോലെ കാണുന്നതാവണം സിഖ് മതമെന്ന കാഴ്ചപ്പാടാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി തന്നെ ഹിന്ദുമതത്തില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിച്ച ആത്മീയനേതാക്കളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രചനകളുമൊക്കെ സിഖ് ഗുരുക്കന്‍മാര്‍ ഗുരു ഗ്രന്ഥസാഹിബിന്റെ ഭാഗമാക്കി. ഇങ്ങനെ ഗ്രന്ഥസാഹിബിന്റെ ഭാഗമായ ആത്മീയനേതാക്കളാണ് ഭഗത്തുക്കള്‍ എന്നറിയപ്പെടുന്നത്. ദളിത്ജനവിഭാഗങ്ങളുടെ ആത്മീയാചാര്യനായിരുന്ന രവിദാസ് ജിയുടെ 41 ഗീതങ്ങള്‍ ഗ്രന്ഥസാഹിബിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ജാതിവിവേചനമില്ലാതിരുന്ന സിഖ് മതത്തിലും കാലക്രമേണ അഴുക്കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ദളിതരും ജാട്ടുകളുമൊക്കെയായി പല ഉപവിഭാഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

സിഖ് മതത്തിലും വിവേചനം അനുഭവപ്പെട്ട ദളിതര്‍ ഏതാണ്ട് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേര സച്ചാഖണ്ഡ് എന്ന പ്രത്യേക ആത്മീയവിഭാഗത്തിന് രൂപംനല്‍കി. സിഖ് ദളിതരുടെ നേതാവായ ബാബ പിപ്പല്‍ദാസാണ് ദേരയുടെ സ്ഥാപകന്‍. പിന്നീട് ഹരിദാസ്, ഗരീബ് ദാസ് എന്നീ രണ്ട് നേതാക്കള്‍ കൂടി സംഘടനയ്ക്കുണ്ടായി. ദേരയുടെ നാലാമത്തെ മേധാവിയാണ് ഇപ്പോഴത്തെ ആത്മീയനേതാവ് സന്ത് നിരഞ്ജന്‍ദാസ്.

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലയളവിലാണ് ദേര സച്ചാഖണ്ഡ് ഒരു പ്രബലവിഭാഗമായി ഉയര്‍ന്നത്. ഇതോടെ സവര്‍ണ സിഖുകാരും ദേരവിഭാഗക്കാരും തമ്മില്‍ ഭിന്നത തുടങ്ങി. ദേര വിഭാഗക്കാര്‍ വിഗ്രഹാരാധനയും വ്യക്തിപൂജയും നടത്തുന്നുവെന്ന ആക്ഷേപമാണ് പരമ്പരാഗതസിഖ് വിഭാഗക്കാര്‍ മുഖ്യമായും ഉയര്‍ത്തിയത്. ദേര വിഭാഗക്കാര്‍ പ്രത്യേക ഗുരുദ്വാരകള്‍ കൂടി നിര്‍മ്മിച്ചു തുടങ്ങിയതോടെ ഭിന്നത രൂക്ഷമായി. ദളിത് സിഖുകാര്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ദേര ഗുരുദ്വാരകളില്‍ ചെയ്തുതുടങ്ങി. പഞ്ചാബിന് പുറത്തേക്കും വിദേശത്തേക്കും പ്രത്യേക ദളിത് ഗുരുദ്വാരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതോടെ സാമ്പത്തികമായും ഇവര്‍ ശക്തിപ്പെട്ടു. വിദ്വേഷം കൂടുതല്‍ തീവ്രമാകുന്നതിന് ഇത് കാരണമായി.

യൂറോപ്യന്‍രാജ്യങ്ങളില്‍ ദേര സച്ച്ഖണ്ഡ് ഗുരുദ്വാരകള്‍ വന്നുതുടങ്ങിയത് പരമ്പരാഗത സവര്‍ണ സിഖ് വിഭാഗക്കാര്‍ക്ക് തീര്‍ത്തും ദഹിച്ചില്ല. ഇവരിലെ തീവ്രവാദികള്‍ പല സ്ഥലങ്ങളിലും ദേര വിഭാഗക്കാരെ ആക്രമിച്ചു തുടങ്ങി. ആസ്ത്രിയയില്‍ അക്രമം അരങ്ങേറിയ റുഡോള്‍ഫ്ഷീനില്‍ ഒരു പരമ്പരാഗത സിഖ് ഗുരുദ്വാര നിലനിന്നിരുന്നു. എല്ലാ സിഖ് വിശ്വാസികളും തങ്ങളുടെ ചടങ്ങുകളും ആചാരങ്ങളുമൊക്കെ ഇവിടെയാണ് നിര്‍വഹിച്ചത്.

എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഗുരുദ്വാര സ്ഥിതിചെയ്ത തെരുവില്‍ തന്നെ തൊട്ട് എതിര്‍വശത്താതി ദേര വിഭാഗക്കാര്‍ തങ്ങളുടെ ഗുരുദ്വാര സ്ഥാപിച്ചു. ഇതോടെ ദളിത് സിഖുകാര്‍ കൂട്ടത്തോടെ പ്രാര്‍ത്ഥനയും മറ്റും ഇങ്ങോട്ടേക്ക് മാറ്റി. ഇവരുടെ മാറ്റം പരമ്പരാഗത ഗുരുദ്വാരയുടെ വരുമാനത്തില്‍ വലിയ ഇടിവു വരുത്തി. ദേര നേതാക്കള്‍ ആസ്ത്രിയ സന്ദര്‍ശിക്കുമ്പോള്‍ അവരെ ആക്രമിക്കാനുള്ള ഗൂഢാലോചനയും പദ്ധതിയും തയ്യാറാവുന്നതിന് മുഖ്യകാരണം ഇതാണ്.

പദ്ധതി നടപ്പാക്കുന്നതില്‍ അക്രമികള്‍ വിജയിച്ചെങ്കിലും സിഖ് വിശ്വാസികള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും വെറുപ്പും കൂടുതല്‍ ശക്തിപ്പെടാന്‍ മാത്രമേ ഇത് ഇടയാക്കിയിട്ടുള്ളൂ. ഏതാനും വര്‍ഷം മുമ്പ് സിഖ് മതത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മറ്റൊരു ദേര വിഭാഗമായ ദേര സച്ചസൌധ വിശ്വാസികളും സിഖ് വിശ്വാസികളും തമ്മില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഇപ്പോഴത്തെ സംഭവം കൂടിയായതോടെ സിഖ് മതത്തിലെ ചേരിതിരിവുകള്‍ കൂടുതല്‍ ശക്തമാവുകയാണ്.

*
എം പ്രശാന്ത് ചിന്ത വാരിക