Sunday, November 11, 2007

ദേവപ്രശ്നവും ചുരിദാറും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2007 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ നടന്ന ദേവപ്രശ്നം അസുഖകരമായ പല വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും എന്നതിനുള്ള സൂചനകള്‍ ദേവപ്രശ്നത്തില്‍ ‘കണ്ട‘ കാര്യങ്ങളിലും അതിനെത്തുടര്‍ന്നുണ്ടായിട്ടുള്ള പ്രസ്താവനകളിലും അഭിപ്രായങ്ങളിലും പ്രകടമാണ്.

1990ന് ശേഷം നടന്ന ഈ ദേവപ്രശ്നത്തില്‍ ‘കണ്ട’ ഏറ്റവും പ്രധാനപ്പെട്ട കാര്യം “നാലാംഭാവചിന്തയില്‍ ലക്ഷണപ്രകാരം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം ദേവന് തൃപ്തികരമായിക്കാണുന്നില്ല” എന്നതായിരിക്കാമെന്നു തോന്നുന്നു. കുറേയേറെ ചര്‍ച്ചകളുടേയും അഭിപ്രായ സമന്വയങ്ങളുടേയുമൊക്കെ ആവശ്യം ഇനിയും ഇക്കാര്യത്തില്‍ വേണമെന്നുള്ളതുകൊണ്ടു തന്നെ തല്‍ക്കാലം ഇതത്ര ശ്രദ്ധിക്കപ്പെട്ടതായി തോന്നുന്നില്ല. യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കണം എന്ന് കുറച്ചുകാലം മുന്‍പുണ്ടായ ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയാണോ ഈ കണ്ടെത്തല്‍ എന്ന സംശയവും ഇതുണര്‍ത്താതിരിക്കുന്നില്ല.

ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത് “ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതാണ്.” ഏതാണ്ട് മൂന്നുമാസംമുമ്പാണ് ദേവസ്വം അധികൃതര്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത്. അത് ഗുരുവായൂരപ്പന് ഇഷ്ടമല്ല എന്ന് ‘കണ്ടത്’ അനുകൂലമായും പ്രതികൂലമായുള്ള അഭിപ്രായങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടായിട്ടുണ്ട്.

കേരള ബ്രാഹ്മണ സഭ "അപ്പവേ നാന്‍ സൊന്നേന്‍" എന്ന മട്ടില്‍ ചുരിദാറിനെതിരെ അഭിപ്രായവുമായി വന്നിട്ടുണ്ട്. സാമൂഹിക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ ദേവഹിതം അറിഞ്ഞേ മാറ്റാവൂ എന്ന് തങ്ങള്‍ പറഞ്ഞിരുന്നതായും അത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അവര്‍ പറയുന്നു. ദേവപ്രശ്നത്തിനിടെ ഗുരുവായൂരില്‍ സദസ്സില്‍ സന്നിഹിതനായിരുന്ന മുന്‍‌മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഭഗവാന്റെ ഇഷ്ടമാണ് നടപ്പിലാക്കേണ്ടതെന്ന് പറഞ്ഞതായി മാധ്യമം പറയുന്നു. ചുരിദാര്‍ വേണ്ട എന്ന അഭിപ്രായങ്ങള്‍ കൂടുതലായി വന്നു തുടങ്ങിയിട്ടില്ല എന്നു തോന്നുന്നു. വരുമായിരിക്കും.

ദേവപ്രശ്നത്തിലെ ചുരിദാര്‍ കണ്ടെത്തലിനെതിരെ ആദ്യം ആഞ്ഞടിച്ചത് സുകുമാര്‍ അഴീക്കോടാണ്.

സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതമല്ലെന്ന് അഷ്ടമംഗലപ്രശ്നത്തില്‍ ജ്യോതിഷികളുടെ കല്പന ഭാരതീയ സംസ്കാരത്തിനെതിരായ കൊഞ്ഞനം കുത്തലാണെന്നും, അസംബന്ധത്തിന്റെ കൊടിയേറ്റവും വിഡ്ഢിത്തത്തിന്റെ അരങ്ങേറ്റവുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന് അതീതമാണ് ദൈവം എന്നിരിക്കെ ദൈവത്തിന്റെ മനസ്സ് കവടി നിരത്തി പറയുന്നത് ഏത് ശാസ്ത്രപ്രകാരമാണെന്ന് ഇവര്‍ പറയണം. ഇത്തരം ജ്യോതിഷികളെ അറസ്റ്റുചെയ്ത് നിയമം നടപ്പിലാക്കിയാലേ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവൂ എന്നദ്ദേഹം “പൌരോഹിത്യവും വ്യക്തിസ്വാതന്ത്ര്യവും“ എന്ന വിഷയത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ തുറന്നടിച്ചു.

സുകുമാര്‍ അഴീക്കോട് പറഞ്ഞതിന്റെ പിറകേയാണ് തികച്ചും ശ്രദ്ധേയമായ ചില അഭിപ്രായങ്ങളുമായി എണ്‍പതിലെത്തിനില്‍ക്കുന്ന ഒരമ്മൂമ്മ രംഗത്ത് വന്നത്.

'അമ്പലത്തില്‍ പരിശുദ്ധിയോടെയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും വരണമെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. അതിനുപകരം, അമ്പലത്തിന് മുന്നില്‍ വാടകയ്ക്ക് കിട്ടുന്ന, ആരെല്ലാമോ മാറിയുടുത്ത, എന്നോ അലക്കിയ മുണ്ടുടുത്ത് വരാം; മാന്യമായ ചുരിദാര്‍ ധരിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്തര്‍ഥം?'പഴയതില്‍നിന്ന് മാറില്ലെന്ന ബ്രാഹ്മണ്യത്തിന്റെ കടുംപിടിത്തമാണിത്- ഇതിന് ദൈവത്തെ കൂട്ടുപിടിക്കുകയാണ്. ദൈവകോപം ഇവര്‍ക്കെതിരെയാണുണ്ടാവുക'

മനകളിലെ അകത്തളങ്ങളില്‍ കുളിയും തേവാരവും പൂജകളുമായി കഴിയാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളുടെ കഥ- 'നഷ്ടബോധങ്ങളില്ലാതെ'- കറന്റ് ബുക്സിലൂടെ പുറംലോകത്തെ അറിയിച്ച ദേവകി നിലയങ്ങോടാണ് ഇത് പറഞ്ഞത്.

ബ്രാഹ്മണ്യത്തിന്റെ കനത്ത വേലിക്കെട്ടുകളില്‍ ജീവിച്ച്, ഒടുവില്‍ ഭര്‍ത്താവിന്റെ തണലില്‍ അതെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചവരാണിവര്‍. പൊന്നാനിയിലെ പകരാവൂര്‍മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും ആറാമത്തെ മകള്‍.

'ആര്യാ പള്ളം, പാര്‍വതി നെന്മിനിമംഗലം, എന്റെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വതി നിലയങ്ങോട് തുടങ്ങിയവരാണ് മാറ് മറയ്ക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 'ഉമ്മച്ചി' എന്ന് വിളിച്ച് പ്രമാണിമാര്‍ അവരെ കളിയാക്കി. മുഖത്തേക്ക് തുപ്പി. ആര്യേടത്തിയേയും ഭര്‍ത്താവിനേയും അപഹസിച്ച് കവിതകള്‍വരെ എഴുതിയുണ്ടാക്കി പ്രചരിപ്പിച്ചു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു പ്രമാണിമാരുടെ നിലപാട്. അതിന്റെ മറ്റൊരു പതിപ്പാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ജ്യോത്സ്യന്മാര്‍ കാണിച്ചത്. ഇതിനെതിരെ വിശ്വാസികളും പെണ്‍കുട്ടികളും മുന്നോട്ട് വരണം'

'സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ലെന്നായിരുന്നു പണ്ട് നമ്പൂതിരി പ്രമാണിമാരുടെ കല്‍പ്പന. ആര്യാ പള്ളവും പാര്‍വതിയേടത്തിയും മറ്റും അതിനെതിരെ പോരാടിയതിനാലാണ് എനിക്കൊക്കെ മാറ് മറയ്ക്കാന്‍ കഴിഞ്ഞത്. മാറ് മറയ്ക്കാതെയും ഒറ്റമുണ്ട് പുതച്ചും ജാക്കറ്റും സാരിയും ധരിച്ചുമെല്ലാം ഞങ്ങളുടെ തലമുറക്കാര്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. വസ്ത്രരീതി മാറി എന്നതുകൊണ്ട് ഇതുവരെയും ആര്‍ക്കും ദൈവകോപം ഉണ്ടായിട്ടില്ല. ഇപ്പോള്‍, മാന്യവും സൌകര്യവുമുള്ള ചുരിദാര്‍ ധരിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നാണ് ചില ജോത്സ്യന്മാരുടെ പ്രവചനം. ഇത് പെണ്ണുങ്ങളെ പേടിപ്പിക്കാനാണ്. പുതിയ തലമുറ ഇതുകേട്ട് പിന്മാറരുത്'.

പഴയകാലം നല്ലവണ്ണം ഓര്‍മ്മയുള്ള, അതിന്റെ നേരിട്ടുള്ള ജീവിതാനുനുഭവങ്ങളുള്ള ഈ അമ്മൂമ്മയുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുടെ, സത്യസന്ധമായ രോഷത്തിന്റെ സ്പര്‍ശമുണ്ട്. ഇവരുടെ അഭിപ്രായങ്ങളെ അനുകൂലിക്കാം, എതിര്‍ക്കാം, പക്ഷെ അവഗണിക്കുക ബുദ്ധിമുട്ടായിരിക്കും എന്നത് തീര്‍ച്ച.

വ്യാസന്റെ കൃഷ്ണനാണോ സാമൂതിരിയുടെ കൃഷ്ണനാണോ ഗുരുവായൂരിലുള്ളത് എന്ന്‌ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ ചോദിക്കുന്നു. ചുരിദാര്‍ പ്രശ്നത്തിലൂടെ പുറത്തുവന്നിരിക്കുന്നത് ഭഗവാന്റെ നിലപാടാണോ അതോ മതരംഗത്തേക്കു കാലോചിതമായ പരിഷ്കാരബോധങ്ങളോടെ ജനാധിപത്യശക്തികള്‍ പ്രവേശിക്കുന്നത് തടയുന്നിനുള്ള തല്‍പ്പരകക്ഷികളുടെ നികൃഷ്ട താല്‍പ്പര്യങ്ങളാണോ എന്നത് യഥാര്‍ഥഭക്തന്മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നദ്ദേഹം പറയുമ്പോള്‍ അതിന് തികച്ചും രസകരമായ ചില നിരീക്ഷണങ്ങളുടെ പിന്‍‌ബലമുണ്ട്.

സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും നായരില്‍ താഴ്ന്ന ജാതിയില്‍ പിറന്നോര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നുമായിരുന്നു 75 വര്‍ഷംമുമ്പത്തെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സംബന്ധമായ കീഴാചാരം. ഇതിനു കാലോചിതമായ മാറ്റം വന്നപ്പോള്‍ ഉണ്ടാകാത്ത അപ്രിയം ഭഗവാന് ഇപ്പോള്‍ എന്തുകൊണ്ട് പൊടുന്നനെ ഉണ്ടാകുന്നു?“ എന്നദ്ദേഹം ചോദിക്കുമ്പോള്‍ ചിന്തിക്കാതിരിക്കാനാവില്ല.

അദ്ദേഹം വീണ്ടും നിരീക്ഷിക്കുന്നു....

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭഗവാന്റെ നവരത്നമാല കളവുപോയത് എങ്ങനെ, ആരൊക്കെയാണ് അതിനുപിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു മാര്‍ഗദര്‍ശനവും നല്‍കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ലാത്ത ജ്യോതിഷികളും തന്ത്രിമാരും പരിവാരങ്ങളും ഭഗവാന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു തൊഴാന്‍ വരുന്നതില്‍ തികഞ്ഞ അതൃപ്തിയാണുള്ളതെന്ന് കണിശതയോടെ പറയുന്നതിലെ വൈരുദ്ധ്യം അവഗണിക്കാന്‍ വയ്യ “.

ഇക്കഴിഞ്ഞ ദേവപ്രശ്നത്തില്‍ ഗുരുവായൂരപ്പന്റെ തിരുവാഭരണത്തെക്കുറിച്ച് തെളിഞ്ഞത് “നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളും വെള്ളി ഉരുളിയും തിരിച്ചുലഭിക്കുവാന്‍ ലക്ഷണം കാണുന്നില്ല“ എന്നാണത്രേ. ‘പോയത് പോട്ടെ’ എന്ന ഗുരുവായൂരപ്പനും ചിന്തിച്ചു തുടങ്ങിയോ? എന്തായാലും ഇപ്പോള്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഒരു തിടമ്പ് നഷ്ട്രപ്പെടുവാന്‍ സാധ്യതയുള്ളതായി ദേവപ്രശ്നത്തില്‍ ‘തെളിഞ്ഞിട്ടുണ്ട്’. മറ്റു രണ്ടെണ്ണം ശ്രീകോവിലിനകത്തായതുകൊണ്ട് കുഴപ്പമില്ലെന്നു തോന്നുന്നു. അതിനെക്കുറിച്ചൊന്നും പറയുന്നില്ല.

ഏത് കൃഷ്ണനാണ് ഗുരുവായൂരിലുള്ളത് എന്ന ചോദ്യത്തിന് സ്വാമി ശക്തിബോധി തന്നെ ചില ഉത്തരങ്ങള്‍ പങ്കു വെക്കുന്നുണ്ട്.

ഭഗവാന്‍ കൃഷ്ണനെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്ക് കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഭഗവാന് അതൃപ്തിയുണ്ടെന്ന ജ്യോതിഷികളുടെ കണ്ടെത്തല്‍ അങ്ങേയറ്റത്തെ ഭഗവത് നിന്ദയാണെന്നു പറയാതിരിക്കാനാകില്ല. കാരണം, ഗുരുവായൂരില്‍ ആരാധിക്കപ്പെടുന്നത് ഗീതാഗുരുകൂടിയായ വ്യാസകൃഷ്ണനാണെങ്കില്‍ അദ്ദേഹത്തിനു കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നതില്‍ താല്‍പ്പര്യമുണ്ടാകാതിരിക്കാനല്ല മറിച്ച് താല്‍പ്പര്യമുണ്ടാകാനാണ് സാധ്യത. 'ഗുരുഹത്യ അരുത്' എന്ന കീഴ്വഴക്കത്തെ ലംഘിക്കാന്‍ അര്‍ജുനനെ ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്ന കൃഷ്ണന്‍, ഇന്ദ്രയജ്ഞം എന്ന കീഴ്വഴക്കത്തിനുപകരം ഗോവര്‍ധനത്തെ പൂജിക്കാന്‍ ഗോപന്മാരെ ഉപദേശിക്കുന്ന കൃഷ്ണന്‍, കീഴ്വഴക്കത്തെ അപ്പാടെ നിലനിര്‍ത്തുന്നതിലല്ല മറിച്ച് കാലോചിതമായി മാറ്റുന്നതിലാണ് താല്‍പ്പര്യം കണ്ടെത്തുക എന്ന് തീര്‍ത്തും പറയാം. ഇങ്ങനെയുള്ള വ്യാസകൃഷ്ണനാണ് ഗുരുവായൂരിലെയും ആരാധ്യദേവനെങ്കില്‍ കീഴ്വഴക്കങ്ങള്‍ക്ക് മാറ്റംവരുമ്പോള്‍ ആഹ്ളാദിക്കാനേ ഇടയുള്ളൂ. മാത്രമല്ല, ഭക്തമഹിളകള്‍ക്ക് പ്രിയപ്പെട്ട ഒരു വസ്ത്രവിശേഷത്തെ അപ്രിയമായി കരുതാവുന്നവിധം ഭക്തവാത്സല്യരാഹിത്യം ഭക്തപ്രിയനും ഗോപികാവല്ലഭനുമായ ഭഗവാനുണ്ടാകുമെന്നു പറയുന്നതും ഭഗവത്ദോഷമാണ്. മറ്റൊരു രീതിയില്‍ നോക്കിയാലും ചുരിദാര്‍ വിരോധം ഭഗവാനുണ്ടാകാന്‍ പ്രയാസമാണ്. പാളത്താറുടുത്ത് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതില്‍ അപ്രിയമില്ലാത്ത ഭഗവാന് പാളത്താറിന്റെ കൂട്ടിത്തുന്നിയ രൂപം മാത്രമായ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ വരുന്നതില്‍ രോഷംതോന്നുമെന്നു പറയുന്നത് അന്യായമാണ്.“

ഗുരുവായൂരിലുള്ളത് സാമൂതിരി രാജാവിന്റെ കുടുംബദേവത മാത്രമായ കൃഷ്ണനാണെങ്കില്‍ ജാതി-മത-സങ്കുചിതാചാര കാര്‍ക്കശ്യങ്ങള്‍, പഴഞ്ചന്‍ രാജാക്കന്മാര്‍ക്കെന്നപോലെ ആ ദേവതയ്ക്കും ഉണ്ടായിരിക്കും. മറിച്ച് ഗുരുവായൂരിലുള്ളത് ഭഗവദ്ഗീതയിലും 'നാരായണീയ'ത്തിലും ഒക്കെ പറയുന്ന വിധത്തിലുള്ള സര്‍വാന്തര്‍യാമിയായ ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷ പുരുഷാകാരമാണെങ്കില്‍ അവിടുത്തേക്ക് ഒന്നും അഹിതമായിരിക്കാനിടയില്ല.“

എത് കൃഷ്ണന്‍ എന്ന ചോദ്യം ദേവപ്രശ്നത്തിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അതില്‍ നിന്നൊരുത്തരം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.

ക്ഷേത്ര നടത്തിപ്പ്, പൂജാക്രമങ്ങള്‍, നിവേദ്യാതി ഉത്സവാഘോഷങ്ങള്‍ എന്നിവക്കൊക്കെ വിധി തന്ത്രസമുച്ചയം പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളാണെന്നും അവയിലൊന്നും തന്നെ ഭക്തരുടെ വേഷത്തെക്കുറിച്ച് പറയുന്നില്ലെന്നും ദേവന്റെ ഹിതാഹിതങ്ങളെപ്പറ്റി അന്വേഷിക്കുന്ന ദേവപ്രശ്നാനുഷ്ഠാനഗ്രന്ഥങ്ങളിലൊന്നും വസ്ത്രത്തെക്കുറിച്ചൊന്നും പറയുന്നില്ലെന്നും നവംബര്‍ 11ലെ മാതൃഭൂമിയിലെ വായനക്കാരുടെ കത്തുകളില്‍ മോഹന്‍ കെ. വേദകുമാര്‍ എന്ന വായനക്കാരന്‍ എഴുതുന്നു. പൂര്‍വാചാരങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണെങ്കില്‍ ശങ്കരാചാര്യരുടെ കാലത്തുള്ള വസ്ത്രം ധരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്തായാലും “വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ബഹുജനങ്ങള്‍ക്കൊപ്പംനിന്നുകൊണ്ട് കാലോചിതമാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ജനങ്ങളെ കിട്ടാത്തതുകൊണ്ട് 'ദേവപ്രശ്നം'പോലുള്ള മാമൂല്‍രീതികളെ അവലംബിച്ച് മുന്നോട്ടുവരുന്നത് തികച്ചും ദുരുപദിഷ്ടവും നികൃഷ്ടവുമാണ്“ എന്ന സ്വാമിയുടെ വിലയിരുത്തല്‍ തികച്ചും പ്രസക്തമാണെന്നു തന്നെ പറയാം.

കൂട്ടത്തില്‍ വായിച്ചത്

“പ്രശ്നം നടക്കുന്ന ദിവസങ്ങളില്‍ത്തന്നെ മരണംപോലുള്ള ദുര്‍നിമിത്തങ്ങള്‍ ക്ഷേത്രസന്നിധിയില്‍ ഉണ്ടാകാമെന്ന് ജ്യോതിഷികള്‍ സൂചിപ്പിച്ച് മൂന്നു മണിക്കൂര്‍ പിന്നിട്ടില്ല, മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഒരു യുവതിയെ വിഷം കഴിച്ച് അവശയായനിലയില്‍ കണ്ടെത്തി. ഇത് ഭക്തരെ അമ്പരപ്പിച്ചു.“

( മാതൃഭൂമി നവംബര്‍ 1)

തിടപ്പള്ളിയില്‍ ഭഗവാന്‍ എത്തുന്നുണ്ടെന്നും അവിടെ വിളക്കുവെക്കണമെന്നും ദേവപ്രശ്നത്തില്‍ കണ്ടതിനെത്തുടര്‍ന്ന് വിളക്ക് വെച്ച് തുടങ്ങി.

(മാതൃഭൂമി നവംബര്‍ 5)

(അവലംബം: മാതൃഭൂമി, ദേശാഭിമാനി,മംഗളം, മാധ്യമം ദിനപ്പത്രങ്ങളിലെ വാര്‍ത്തകള്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ "വ്യാസകൃഷ്ണനോ സാമൂതിരിയുടെ കൃഷ്ണനോ?" എന്ന ലേഖനം. ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി, ഹിന്ദു, പുഴ.കോം)

Friday, November 9, 2007

ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു...

ഇങ്ങനെയൊരാള്‍ രക്തമാംസങ്ങളോടുകൂടെ ഈ ഭൂമുഖത്ത് ജീവിച്ചു എന്ന് വരും തലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.”

ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഈ വാക്കുകളിലൂടെ ഗാന്ധിജിയുടെ അനിതരസാധാണമായ വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനും നെല്‍സണ്‍ മണ്ടേലയ്ക്കും ഊര്‍ജം പകര്‍ന്ന മഹാപ്രതിഭാസം; സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഗാന്ധിജിക്ക് നല്‍കാതിരുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ഗാന്ധിജിയുടെ മരണശേഷം നോബല്‍ സമ്മാന സമിതി വിലയിരുത്തി.ഡോ. അശോക് ബാഗ്‌ചി തയ്യാറാക്കി ഹിന്ദുജാ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച, നോബല്‍ സമ്മാന ജേതാക്കളെക്കുറിച്ചുള്ള എന്‍സൈക്ളോപീഡിയ(Hinduja Foundation encyclopaedia of Nobel laureates- Asoke K. Bagchi ) സമര്‍പ്പിച്ചിട്ടുള്ളത് ഗാന്ധിജിക്കാണ്. പുസ്തകത്തിന്റെ പ്രവേശന കവാടത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

Dedicated to Mohandas Karamchand Gandhi, ‘The Mahatma’ the most deserving, but denied

ഏതൊരു മഹാന്റെ വാക്കുകള്‍ക്കായി കേരളം കാത്തിരുന്നുവോ, ഏതൊരാള്‍ ഓരോ ദിവസവും കേരളം എന്തു ചിന്തിക്കണം, എന്തു ചര്‍ച്ച ചെയ്യണം എന്നു തീരുമാനിച്ചിരുന്നുവോ, ഏതു കുഴപ്പങ്ങളില്‍ നിന്നും കര കയറി താന്‍ വിചാരിക്കുന്നിടത്തേക്ക് ചര്‍ച്ചകളെ എത്തിക്കാനുള്ള അസാമാന്യ പ്രതിഭ ആര്‍ജിച്ചിരുന്നുവോ അങ്ങനെയെല്ലാമുള്ള ഇതിഹാസ തുല്യനായ മലയാളി ഇ എം എസ് എന്ന ത്രയാക്ഷരി ഗാന്ധിജിയെ ഇങ്ങനെ അനുസ്മരിക്കുന്നു.

ഞാന്‍ എന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് ഗാന്ധി ശിഷ്യനായിട്ടാണെങ്കിലും ഒരു പതിറ്റാണ്ടിനുശേഷം ഞാനൊരു ഗാന്ധി വിമര്‍ശകനായി മാറി. പക്ഷെ, അദ്ദേഹം നിര്‍ദേശിച്ച രാഷ്ട്രീയ നയപരിപാടികളെ ശക്തമായി എതിര്‍ക്കുമ്പോള്‍ത്തന്നെ, ദരിദ്രനാരായണ സേവയെന്ന അദേഹത്തിന്റെ ധാര്‍മിക ബോധം ഉയര്‍ത്തിപിടിക്കുകയും തൊഴിലാളി വര്‍ഗ വീക്ഷണത്തോടെ അത് നടപ്പില്‍ വരുത്തുകയുമാണ് ഞാന്‍ ചെയ്തത്.എന്നെ കമ്യൂണിസ്റ്റാക്കിയത് രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലത്ത് ഞാന്‍ സ്വായത്തമാക്കിയ ഗാന്ധിയന്‍ മൂല്യങ്ങളാണെന്ന് അഭിമാനിക്കുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ പ്രാവര്‍ത്തികമാക്കുന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയം മഹാത്മാവിന്റെ ദരിദ്രനാരായണ സേവയുടെ കൂടുതല്‍ ഉയര്‍ന്ന രൂപമാണെന്ന് ഞാന്‍ അവകാശപ്പെടുന്നു. ആ നിലയ്ക്ക് ഗാന്ധിയുടെ വ്യക്തിത്വവും ദര്‍ശനവും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ഒരു കമ്യൂണിസ്റ്റാണ് ഞാന്‍ എന്നവകാശപ്പെടുന്നു.” (ഭാഷാപോഷിണി ഒക്ടോബര്‍ 1994)

ലോകമേതറവാട്’ എന്നു തുടങ്ങുന്ന കാവ്യഖണ്ഡത്തിലൂടെ മഹാകവി വള്ളത്തോള്‍ അവതരിപ്പിക്കുന്ന മഹാഗുരുനാഥന്റെ ജീവിതത്തെ അദേഹം തന്നെ വിശേഷിപ്പിക്കുന്നത്, ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്നാണ്. ഈ പരീക്ഷണങ്ങളില്‍ പലതിനെക്കുറിച്ചും അഭിപ്രായാന്തരമുണ്ടാകാം. എങ്കിലും അവയുടെ ടോട്ടല്‍ എഫക്ട് സര്‍ഗാത്മകമാണ്. പൊതു പ്രവര്‍ത്തകരോട് ഗാന്ധിജി ഇങ്ങനെ ഉപദേശിക്കുന്നു.

ഞാന്‍ നിങ്ങള്‍ക്ക് ഒരു വിജയമന്ത്രം ഉപദേശിക്കാം. നിങ്ങള്‍ ഏതെങ്കിലുമൊരു പ്രശ്നത്തില്‍പ്പെട്ട് വിഷമിക്കുമ്പോള്‍ നിങ്ങളുടെ കൂടെയുള്ള ഏറ്റവും പാവപ്പെട്ടവനെ നിങ്ങളുടെ ഇടപെടല്‍ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കുക. അദേഹത്തിനു ഗുണകരമായ തീരുമാനത്തിലെത്തുക”.

ഗാന്ധിജിയുടെ ഈ സാധുജനോന്മുഖതയാണ് ഇ എം എസിനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കളെപ്പോലും സ്വാധീനിക്കുന്നത്.

എല്ലാവരുടെയും ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ടത് ഇവിടെയുണ്ട്. എന്നാല്‍ ഒരാളുടെയെങ്കിലും ആര്‍ത്തി തീര്‍ക്കാനുള്ള വക ഇവിടെയില്ല” (There is. enough on earth for everybody's need, but not enough for anybody's greed.) എന്ന് ഗാന്ധിജി ഓര്‍മിപ്പിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റെയും മറ്റും പേരില്‍ എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്ന മൂലധനശക്തികള്‍ തിമിര്‍ത്തു പുളയ്ക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ഖദര്‍ വസ്ത്രം ധരിച്ചതുകൊണ്ടുമാത്രം ആരും ഗാന്ധിയനാകുന്നില്ല എന്നു മാത്രമല്ല, ഒട്ടേറെ കള്ളനാണയങ്ങള്‍ തങ്ങളുടെ `കാപട്യ മറക്കല്ലറകള്‍‘ വഴി സമൂഹമധ്യത്തില്‍ പരത്തുന്ന ജീര്‍ണതയുടെ ദുര്‍ഗന്ധം കുറച്ചൊന്നുമല്ല.

ക്രിസ്തീയ സഭകള്‍ ആയിരക്കണക്കിനുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ രണ്ടുതരക്കാരേ ഉള്ളൂ എന്നു പറയാറുണ്ട്. ഒന്ന് ക്രിസ്തുവിനെ ആരാധിക്കുന്നവര്‍; രണ്ട് ക്രിസ്തുവിന്റെ മാര്‍ഗം പിന്തുടരുന്നവര്‍.

ഇവരില്‍ ആരാണ് യഥാര്‍ഥ ക്രിസ്ത്യാനി?

ആരാധന വളരെ എളുപ്പമുള്ള പണിയാണ്. ധൂപദീപനൈവേദ്യങ്ങളും സ്തുതി വചനങ്ങളും പ്രകടനപരതയും ഒക്കെ ആരാധനയുടെ ഭിന്നമുഖങ്ങളാണ്. ഏതു കൊള്ളക്കാരനും കൊലപാതകിക്കും ആരാധനയ്ക്കുവേണ്ടി കുറെ സമയം വിനിയോഗിക്കാനും ഭക്തനായി ഭാവിക്കാനും കഴിയും.

എന്നാല്‍ ക്രിസ്തുവിന്റെ മാര്‍ഗം പിന്തുടരുന്നത് മറ്റൊരു കാര്യമാണ്. അതത്ര എളുപ്പമല്ല.

ത്യാഗത്തിന്റെയും പീഡാനുഭവങ്ങളുടെയും മാര്‍ഗമാണത് ; മരക്കുരിശിന്റെയും മുള്‍മുടിയുടെയും മാര്‍ഗം.

ഗാന്ധിജിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നുണ്ട്. പുറമെ വേഷം കെട്ടാനും ഒക്ടോബര്‍ രണ്ടിനും ആഗസ്ത് 15 നുമൊക്കെ പട്ടണമധ്യത്തിലെ, കാക്കകാഷ്ടിച്ച ഗാന്ധിപ്രതിമയെ തേച്ചുകുളിപ്പിക്കാനും പൂമാലയിടാനും സ്തുതിഗീതങ്ങള്‍ (രഘുപതി രാഘവ രാജാറാം ...) പാടാനും ക്യാമറയ്ക്കു മുമ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ശ്രമിക്കുന്നവരെ കാണുമ്പോള്‍ ‘എന്റെ ആരാധകരില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തണമേ, ശത്രുക്കളില്‍ നിന്ന് ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടുകൊള്ളാം’ എന്നു പ്രാര്‍ഥിക്കുന്ന ഗാന്ധിജിയെയാണ് ഓര്‍മ്മ വരുന്നത്.

ഗാന്ധിജിയുടെ രാമരാജ്യസിദ്ധാന്തം എന്ന സാംസ്കാരിക നയത്തോടും ട്രസ്റ്റിഷിപ്പ് സിദ്ധാന്തം എന്ന സാമ്പത്തിക നയത്തോടും പലപ്പോഴും യോജിക്കാന്‍ കഴിയില്ലെങ്കിലും അദ്ദേഹം ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന സ്വാശ്രയത്വവും സ്വദേശി പ്രസ്ഥാനവും ആഗോളവല്‍ക്കരണത്തിന്റെ കമ്പോളവല്‍ക്കരണ ഭീഷണിയെ നേരിടാനുള്ള ഏറ്റം മികച്ച ഉപാധിയായി ഉപയോഗിക്കാന്‍ കഴിയേണ്ടതാണ്.

നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയ ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സാമ്രാജ്യത്വത്തിന് വീണ്ടും അടിയറവയ്ക്കാന്‍ ഭരണാധികാരകേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറിയ സാമ്രാജ്യത്വ ദല്ലാളന്മാര്‍ തീവ്രപരിശ്രമം നടത്തുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഇതിന് വലിയ പ്രസക്തിയുണ്ട്.

ഗാന്ധിജി പറഞ്ഞു.

സ്വരാജ് എന്നതുകൊണ്ട് ഞാന്‍ അര്‍ഥമാക്കുന്നത് സ്ത്രീയും പുരുഷനും നാട്ടുകാരനും കുടിയേറിപ്പാര്‍ത്തവനും ഉള്‍പ്പെടെ പണിയെടുത്തു നാടിനെ സേവിച്ചവരും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തവരുമായ പ്രായപൂര്‍ത്തിയായ ഭൂരിപക്ഷം ജനങ്ങളുടെ സമ്മതപ്രകാരമുള്ള ഇന്ത്യയുടെ ഭരണമെന്നാണ്. ഒരു ന്യൂനപക്ഷത്തിന്റെ അധികാരപ്രാപ്തികൊണ്ടു മാത്രം യഥാര്‍ഥ സ്വരാജ്യം കൈവരികയില്ല. അധികാരം ദുരുപയോഗപ്പെടുത്തുമ്പോള്‍ ചെറുത്തുനില്‍ക്കാനുള്ള ത്രാണി എല്ലാവര്‍ക്കുമുണ്ടായാലേ അത് കൈവരൂ ”.

എന്റെ ലക്ഷ്യം ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കുകയല്ല, ഒരു നവ സമൂഹരചനയാണ്, അതിനു വിഘാതം നില്‍ക്കുന്ന ഘടകങ്ങളിലൊന്നു മാത്രമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം. അതിനെ പുറത്താക്കും മുമ്പ് മറ്റു പലതിനെയും നമ്മുടെ ഉള്ളില്‍ നിന്നു തന്നെ ഉന്മൂലനം ചെയ്യേണ്ടതുണ്ട് ”.

എന്നിട്ടെന്തായി?

1947 ആഗസ്ത് പതിനാലാം തീയതി അര്‍ധരാത്രി യൂണിയന്‍ ജാക്ക് താഴുകയും ത്രിവര്‍ണ പതാക ഉയരുകയും ചെയ്തതിന്റെ ചരിത്രപ്രാധാന്യം കുറച്ചുകാണുകയല്ല, ഗാന്ധിജി പോലും അതിനെ പൂര്‍ണ സ്വാതന്ത്ര്യലബ്ധിയായി അംഗീകരിച്ചിരുന്നില്ല. എന്നു മാത്രമല്ല, ദേശീയ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി തുടരരുതെന്നും സര്‍വജനസേവാ പ്രസ്ഥാനമായി മാറണമെന്നും ഗാന്ധിജി ആഗ്രഹിക്കുകയും നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ കൈകളില്‍ വന്നുചേര്‍ന്ന അധികാരത്തിന്റെ ശര്‍ക്കരകുടത്തില്‍ കൈയിട്ടവര്‍ക്ക് ഗാന്ധിജിയുടെ വാക്കുകള്‍ അരോചകമായിത്തോന്നിയതില്‍ അത്ഭുതമില്ല. അദേഹം പിരിച്ചുവിടണമെന്നു നിര്‍ദേശിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ആത്യന്തികാര്‍ത്ഥത്തില്‍ ഛിന്നഭിന്നമാവുക തന്നെ ചെയ്തു. അവശിഷ്ട കോണ്‍ഗ്രസിനെ നാശഗര്‍ത്തത്തില്‍ നിന്നു രക്ഷിക്കാന്‍ കുടുംബാധിപത്യവും അടിയന്തിരാവസ്ഥയുടെ ഘട്ടത്തില്‍ ഏകാധിപത്യവാഴ്ചയും വരെ കാര്യങ്ങള്‍ ചെന്നെത്തി.

ഗാന്ധിയന്‍ പൈതൃകത്തിന്റെ അമൂല്യതയും ജനസ്വാധീനവും തിരിച്ചറിഞ്ഞവര്‍, തങ്ങള്‍ക്ക് മറ്റൊരു വഴി വന്നെത്തിയ ‘ഗാന്ധി’നാമം അതിസമര്‍ഥമായി ഉപയോഗിക്കുന്ന കാഴ്ചയും നാം കാണുന്നുണ്ട്. ഗംഗയുടെ പവിത്രതയെ, തങ്ങളുടെ സോപ്പില്‍ ഒരു തുള്ളി ഗംഗാജലം ചേര്‍ത്തിട്ടുണ്ട് എന്ന പരസ്യവുമായി വന്ന് ജനമനസ്സുകളിലിടം തേടി വിപണി പിടിച്ചെടുക്കുന്ന കച്ചവടതന്ത്രം ഇവിടെ കാണാം. യുവരാജകുമാരനെ തങ്ങളുടെ ടീമിന്റെ ‘ധോണി’യായി പട്ടാഭിഷേകം നടത്തി നിര്‍വൃതി കൊള്ളുന്നവര്‍ ഇന്ത്യയുടെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കാണാതെയും കാണിക്കാതെയും ജനങ്ങളുടെമേല്‍ ആധിപത്യം നേടാനുള്ള ശ്രമം തുടരുന്ന കാഴ്ച നാം തിരിച്ചറിയേണ്ടതുണ്ട്. കോഴക്കേസുകളില്‍ പ്രതികളായി കോടതിവരാന്തകളിലെ നിത്യസന്ദര്‍ശകരായി മാറിയ ഖദര്‍ധാരികള്‍ മാഹാത്മാഗാന്ധിയുടെ സ്വാശ്രയത്വത്തിന്റെ ആത്മാവിനെ കശാപ്പുചെയ്യുകയും ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ അമേരിക്കവല്‍ക്കരണത്തിന് പാതയൊരുക്കുകയും ചെയ്യുന്ന കാഴ്ചകള്‍ തിരിച്ചറിയേണ്ടതുണ്ട്.ഇവിടെയാണ് ഗാന്ധിയന്‍ പൈതൃകത്തിന്റെ അമൂല്യത അറിഞ്ഞാദരിക്കപ്പെടേണ്ടത്. ഗാന്ധിജിയുടെ ആത്മകഥയായ ‘സത്യാന്വേഷണ പരീക്ഷണങ്ങള്‍’ക്കൊപ്പം വിശ്വവിഖ്യാതനായ തന്റെ പിതാമഹനെക്കുറിച്ച് ‘അമൂല്യപൈതൃകം’ എന്ന ബൃഹദ്ഗ്രന്ഥത്തിലൂടെ സുമിത്രാഗാന്ധി കുല്‍ക്കര്‍ണി അവതരിപ്പിക്കുന്നതും നമുക്ക് പാഠമാകേണ്ടതുണ്ട്.

രാഷ്ട്രീയ സമരമാര്‍ഗങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകാമെങ്കിലും ഗാന്ധിജിയുടെ സത്യസന്ധത, ലാളിത്യം, ധീരത എന്നിവയെല്ലാം തലമുറകള്‍ക്ക് അമൂല്യ പാഠങ്ങളാണ്.

ദണ്ഡി കടപ്പുറത്ത് ഒരു പിടി ഉപ്പ് കുറുക്കിയെടുക്കുന്നതിലൂടെ കോടിക്കണക്കായ ഭാരതജനതയ്ക്ക് ഗാന്ധിജി നല്‍കിയ ആത്മാഭിമാനവും സമരവീര്യവും ഭീമസാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. തക്ലിയിലും ചര്‍ക്കയിലും നൂല്‍നൂറ്റും വിദേശവസ്ത്രം ബഹിഷ്കരിച്ചും ഖാദി പ്രചരിപ്പിച്ചും പ്രതീകാത്മകമായി അദേഹം കൊളോണിയല്‍ ചൂഷണത്തെ വെല്ലുവിളിച്ചു. ‘ഫാബ് മാളു’കളെ കൊട്ടും കുരവയുമായി വരവേല്‍ക്കുന്നവര്‍ക്കും ഒരു ജനതയെയാകെ മദ്യാസക്തിയില്‍ മയക്കുന്നവര്‍ക്കും നമ്മുടെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനിക്കാത്തവര്‍ക്കും ഗാന്ധിജിയുടെ വാക്കുകള്‍ അറുപഴഞ്ചനും അരോചകവുമായി തോന്നിയേക്കാം.
എല്ലാകാര്യത്തിലും എല്ലാ കാലത്തേക്കുമുള്ള മാതൃകയാണ് ഗാന്ധിജി എന്നൊന്നും അഭിപ്രായപ്പെടാനാകില്ല എങ്കിലും മതമൌലികവാദങ്ങള്‍ക്കെതിരായ പോരാട്ടത്തിലും സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പുകളിലും മനുഷ്യവിഭവശേഷി വിനിയോഗത്തിലും ഗാന്ധിയന്‍ പൈതൃകത്തില്‍ നിന്ന് വളരെയേറെ പഠിക്കാനുണ്ട്.

ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയോടെ ഗാന്ധിയന്‍ ചിന്തകളിലും സമരരീതികളിലും നിന്ന് വിലപ്പെട്ട പാഠങ്ങള്‍ സ്വായത്തമാക്കാനാണ് ചരിത്രം നമ്മോടാവശ്യപ്പെടുന്നത്.

സമരത്തീച്ചൂളയില്‍ സ്ഫുടം ചെയ്തെടുത്ത, സ്വാശ്രയത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും ആള്‍രൂപമായ ആ അമൂല്യ പൈതൃകം’ അതിന്റെ യഥാര്‍ഥ ഉടമകളില്‍ നിന്നു തട്ടിയെടുക്കാന്‍ വ്യാജ വേഷങ്ങളെ അനുവദിക്കണമോയെന്ന പ്രശ്നവുമുണ്ട്. സ്വാമി വിവേകാനന്ദനേയും, രണധീരതയുടെ പര്യായമായ ഭഗത് സിങ്ങിനെയുമൊക്കെ ഹൈജാക്കു ചെയ്തവര്‍ക്ക് ഗാന്ധിജിയെയും വിട്ടുകൊടുക്കണോ എന്നാലോചിക്കണം.

(അവലംബം: യുവധാര ഒക്ടോബര്‍ 2007 ലക്കത്തില്‍ ശ്രീ. എം.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍ എഴുതിയ ലേഖനം. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ‍)

Thursday, November 8, 2007

ചെറുകിടമേഖലയും ആഗോളവല്‍ക്കരണ സുനാമിയും

ആഗോളവല്‍ക്കരണം ഒരു സുനാമിയോ?

അന്ധമായ, നമുക്ക് നിയന്ത്രിക്കാനാവാത്ത, വഴിയിലുള്ള സര്‍വ്വവിധ ചരാചരങ്ങളെയും ഒഴുക്കികളയുന്ന ഒരു പ്രകൃതിശക്തിയാണ് നമുക്ക് അടുത്ത കാലത്ത് മാത്രം പരിചിതമായ സുനാമി. ഫലത്തില്‍ നമുക്ക് നിയന്ത്രിക്കാനാവാത്ത, അതിന്റെ വഴിയിലുള്ള സര്‍വ്വവിധ സാമൂഹ്യചരാചരങ്ങളെയും ഒഴുക്കികളയുന്ന ഒരു സാമൂഹികശക്തിയായിട്ടാണ് ആഗോളവല്‍ക്കരണം നമുക്ക് അനുഭവപ്പെടുന്നത് എന്നതിനാല്‍ ആഗോളവല്‍ക്കരണവും ഒരു സുനാമി തന്നെ.

അന്ധമായ പ്രകൃതിശക്തികളെ പ്രാകൃതമനുഷ്യന്‍ ഭയപ്പെട്ടിരുന്നു. അവയുടെ ബാധയകറ്റാന്‍ അവന്‍ മന്ത്രവാദവും പ്രീണനവും എല്ലാം നടത്തിനോക്കി. എന്നിട്ടും അവ വഴങ്ങിയിട്ടില്ല. എന്നാല്‍ ആധുനിക മനുഷ്യന്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രകൃതിശക്തികളെ തോല്പിക്കാനല്ലെങ്കിലും മെരുക്കാന്‍ ശ്രമിക്കുകയാണ്. സുനാമിയുടെ കാര്യത്തില്‍ ഈ ശ്രമങ്ങള്‍ എത്രത്തോളം വിജയിച്ചുവെന്ന് നമുക്ക് കാത്തിരുന്ന് കാണാം. എന്നാലും ശ്രമിക്കേണ്ടത് ആധുനിക മനുഷ്യന്റെ കര്‍ത്തവ്യം തന്നെ . ആഗോളവല്‍ക്കരണത്തിന്റെ കാര്യത്തിലും കാര്യങ്ങള്‍ വ്യത്യസ്തല്ല. സുനാമിയില്‍നിന്ന് ഒളിച്ചോടാന്‍ കഴിയാത്തതുപോലെ ആഗോളവല്‍ക്കരണത്തെ നമുക്ക് അവഗണിക്കാനും കഴിയില്ല. പിന്നെയുള്ളത് അതിന്റെ അകത്തുനിന്നുകൊണ്ടുതന്നെ ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്കരിച്ച് അതിന്റെ രാക്ഷസീയതയെ മറികടക്കുകയെന്നതാണ്. കേരളത്തിലെ ചെറുകിട വ്യവസായങ്ങള്‍ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ നേരിടുന്ന വിവിധ വിഷയങ്ങളെ മറികടക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാനാവുക എന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ആഗോളവല്‍ക്കരണമെന്ന അന്ധമായ, ആസുരമായ സാമൂഹ്യശക്തി എങ്ങിനെ നമ്മുടെ കേരള സമൂഹത്തെ മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരള സമൂഹത്തിന്റെ എല്ലാ മേഖലകളിലും അതിവേഗം കടന്നുകയറുന്ന വിവരസാങ്കേതിക വിദ്യ . മൊബൈല്‍ ഫോണ്‍, മൊബൈല്‍ ക്യാമറ, കമ്പ്യൂട്ടര്‍, ബ്രൌസിംഗ്, ഇ.മെയില്‍, ഓര്‍ക്കൂട്ട്, യു-ട്യൂബ്, എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അത് പടരുകയാണ്. അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞപോലെ ഇതൊന്നും ഉപയോഗിക്കാത്തവര്‍ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടയില്‍ പേരിന് പോലുമില്ല എന്നതായിരിക്കുന്നു സ്ഥിതി. മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ തൊട്ട് താരതമ്യേന കടുംപിടുത്തക്കാരായി അറിയപ്പെടുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളും തൊട്ട് ജമാഅത്തെ ഇസ്ലാമിയും, ആര്‍.എസ്.എസും വരെയുള്ള സംഘടനകളുടെ സ്ഥിതിപോലും വ്യത്യസ്തമല്ല.

ഇത്രയും ചൂണ്ടികാണിച്ചതിന്റെ ഉദ്ദേശം ഐ.ടി.യുടെ വ്യാപനത്തെ എതിര്‍ക്കുക എന്നതല്ല. വൈദ്യുതിയും, മോട്ടോര്‍കാറും, ടെലഫോണും, മൊബൈലും ഉല്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളെ അപ്പാടെ ഒഴിവാക്കിയ ചില ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ അമേരിക്ക പോലുള്ളചില രാജ്യങ്ങളില്‍ പ്രത്യേക പരിരക്ഷയോടെ ജീവിക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് മുഖ്യധാരാ സമൂഹവുമായി ബന്ധമേതുമില്ല എന്നുമാത്രം.

അതുപോലെയാവാന്‍ നമുക്ക് ആവില്ലല്ലോ.

എങ്കിലും വണ്ടി വന്നു വഞ്ചി വേണ്ട എന്ന പാഠം പോലെ ഐ.ടി.വന്നു ഇനി കൃഷിയും വ്യവസായവും ഒന്നും വേണ്ട എന്ന സമൂഹത്തിന്റെ, വിശേഷിച്ച് യുവസമൂഹത്തിന്റെ മനോഭാവം അപകടകരമാണ്. ചെറുകിട വ്യവസായത്തില്‍ അനുഭവപ്പെടുന്ന സാങ്കേതിക വൈദഗ്ദ്യമുള്ള തൊഴിലാളികളുടെയും എഞ്ചിനീയര്‍മാരുടെയും കടുത്ത ദൌര്‍ലഭ്യം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കമ്പ്യൂട്ടര്‍, ഐ.ടി.വിഷയക്കാര്‍ മാത്രമല്ല സിവില്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നവര്‍ വരെ അവസാനം ഉയര്‍ന്ന ശമ്പളത്തിന്റെ പ്രലോഭനത്തില്‍ ഐ.ടി.യിലേക്ക് തിരിയുന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ വൈഷമ്യം നേരിടുന്നത് ചെറുകിട ഇടത്തരം വ്യവസായങ്ങളണ്. എന്തിന്, നല്ല ശമ്പളമുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വരെ ശമ്പളം കൂട്ടിയില്ലെങ്കില്‍ തങ്ങള്‍ ജോലി ഉപേക്ഷിച്ചുപോകും എന്ന് ഭീഷണിപ്പെടുത്തുന്നതും ഐ.ടി.യുടേയും ആഗോളവല്‍ക്കരണത്തിന്റെയും പ്രഭാവം തന്നെ.

ആഗോളവല്‍ക്കരണത്തിന്റെയും ഐ.ടി.വല്‍ക്കരണത്തിന്റെയും പ്രഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ ഇനിയുമുണ്ട്. ബാംഗ്ലൂരില്‍ നിന്നുമുള്ള പല അനുഭവകഥകളും പറയുന്നത് ഐ.ടി. വ്യാപകമായതോടെ സര്‍ക്കാര്‍ ആഫീസുകളിലെ കൈക്കൂലി നിരക്കുകള്‍ പലമടങ്ങ് കൂടിയെന്നാണ്. ഇപ്പോള്‍ തന്നെ താരതമ്യേന ഉയര്‍ന്ന കേരളത്തിലെ കൈക്കൂലി നിലവാര പട്ടിക സ്മാര്‍ട്ട് സിറ്റിയും മറ്റും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇനിയും ഉയരും. വാടക, മറ്റ് ജീവിതചിലവുകള്‍ എന്നിവയുടെ വര്‍ദ്ധന നിമിത്തം തൊഴിലാളികളുടെ കൂലിയിലും കാര്യമായ വര്‍ദ്ധന നല്‍കേണ്ടിവരുന്നതുമൂലവും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ചെറുകിടക്കാരാണ്. ഇതിനെല്ലാം പുറമെയാണ് ഐ.ടി. മുതലായ മേഖലകളില്‍ പണിയെടുക്കുന്ന എക്സിക്യുട്ടീവുകള്‍ക്ക് കാറിനും വീടിനുമായി ദശലക്ഷകണക്കിന് രൂപ താരതമ്യേന കുറഞ്ഞ പലിശയില്‍ കടം കൊടുക്കുന്ന ബാങ്കുകള്‍ ചെറുകിടക്കാരന്റെ മൂലധന ആവശ്യങ്ങളോട് സ്വീകരിക്കുന്ന ചിറ്റമ്മ നയം.

വിപണനത്തിന്റെയും ഗുണമേന്മയുടേയും കാര്യത്തിലും ഐ.ടി.യും, ആഗോളവല്‍ക്കരണവും ചെറുകിടക്കാര്‍ക്ക് പല പുതിയ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇന്റര്‍നെറ്റും, വിദേശബന്ധങ്ങളും വ്യാപകമായതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. വില ഏറ്റവും കുറവ്, ഗുണം ഏറ്റവും മെച്ചം, നല്ല ഭംഗിയുള്ള നിറങ്ങള്‍ വേണം, പക്ഷേ നിറങ്ങളില്‍ ഉപയോഗിക്കുന്ന പെയിന്റും മറ്റും ഒരുവിധത്തിലും ആരോഗ്യത്തിന് ഹാനികരമാവരുത്, ഭാരം ഏറ്റവും കുറവാകണം, എന്നാല്‍ ബലം ഏറ്റവും കൂടുതല്‍ വേണം, രുചി ഏറ്റവും നന്നായിരിക്കണം, പക്ഷേ ആരോഗ്യത്തെ ബാധിക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ അംഗീകൃതമായി മാറിയിരിക്കുന്നു. ഇവയൊന്നും ഒഴിവാക്കാനാവില്ല.. വിലകുറയ്ക്കണം, സാങ്കേതിക മികവുണ്ടാവണം, ഗുണം മെച്ചമായിരിക്കണം, പരിസ്ഥിതി പ്രശ്നങ്ങള്‍ പാടില്ല, കാണാന്‍ ചന്തമുണ്ടാവണം- ഇതിന്റെയെല്ലാം ആത്യന്തികമായ അര്‍ത്ഥം ചെറുകിട വ്യവസായങ്ങളില്‍ വന്‍തോതിലുള്ള ആധുനികവല്‍ക്കരണം അനിവാര്യമാണ് എന്നാണ്. ഇതിന് അനുബന്ധമായി പൊതുസമൂഹത്തിലും മാറ്റങ്ങള്‍ ഉണ്ടാവണം. പക്ഷേ ഈ മാറ്റം സ്വാഭാവികമായി ഉണ്ടാവില്ല. അതിന് സംഘടിത യത്നം ആവശ്യമാണ്. ഈ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ചെറുകിട വ്യവസായികള്‍ മാത്രമല്ല, ഐ.ടി.യോടൊപ്പം കൃഷിയും വ്യവസായവും മറ്റ് മേഖലകളും ഈ നാട്ടില്‍ നിലനില്‍ക്കണം, വളരണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഉണ്ടാകണം. അപ്രകാരം ഈ ആവശ്യങ്ങള്‍ പൊതുജന പിന്തുണ നേടിയാല്‍മാത്രമേ ഇത് അവഗണിക്കാന്‍ ആവില്ല എന്ന് അധികാരികള്‍ക്ക് ബോധ്യമാവുകയുള്ളു.

ചെറുകിടക്കാരെ തകത്തുകൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണത്തെയും അതിന്റെ ഭൌതികരൂപമായ കുത്തകകളെയും വീറോടെ ചെറുക്കുന്നതിനൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഫലപ്രദമായ ബദലുകള്‍ കണ്ടെത്തേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റൊരു ബദലില്ലാ വാദം ( There is no alternative) വീണ്ടും പിടി മുറുക്കും. അതു കൊണ്ട് അത്തരം ബദലുകളെ ശക്തിപ്പെടുത്താനുള്ള ഏതാനും ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ പൊതു ചര്‍ച്ചക്കായി സമര്‍പ്പിക്കുന്നത്.

1) പരിസരദൂഷണം ഇന്നൊരു വലിയ സാമൂഹ്യപ്രശ്നമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ കര്‍ക്കശമായ നിയമങ്ങളുണ്ടാക്കിയിട്ട് മറ്റെല്ലാം കമ്പോളശക്തികള്‍ക്ക് വിടുന്ന പതിവ് സമീപനം ചെറുകിടക്കാരെ ഇല്ലാതാക്കാനും വന്‍കിടക്കാരെ വളര്‍ത്താനും മാത്രമേ സഹായിക്കൂ. പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ആഗോളമാര്‍ക്കറ്റില്‍ ഇന്നു ലഭ്യമായ സാങ്കേതികവിദ്യകളും, ഇനി വരാന്‍ പോകുന്ന സാങ്കേതികവിദ്യകളും പൊതുവില്‍ കുത്തക ഉല്പന്നങ്ങളാണ്. വളരെയേറെ ചിലവേറിയതായതുകൊണ്ട് ഇന്നാട്ടിലെ വന്‍കിടക്കാര്‍ പോലും ബുദ്ധിമുട്ടായി കാണുന്ന ഇത്തരം പരിഹാരങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പ്പിച്ചാല്‍ ചെറുകിടക്കാര്‍ പലരും അടച്ചുപൂട്ടി പോവും. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും കമ്പോളശക്തികള്‍ക്ക് വിടാതെ സാമൂഹ്യ മുന്‍കൈയോടെയുള്ള പരിഹാരമാണ് വേണ്ടത് . മൂന്ന് ഘടകങ്ങള്‍ ഈ മുന്‍കൈയിലുണ്ടാവണം.

എ) പൊതുജന ബോധവല്‍ക്കരണത്തിനായി ഒരു ബൃഹത്പദ്ധതി

ചെറുകിടക്കാരുടെയും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും, വിദ്യാഭ്യാസ്ഥാപനങ്ങളുടെയും, വിവിധ പരിസ്ഥിതി-സാമൂഹ്യസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെയും സഹായത്തോടെ നടപ്പിലാക്കണം.

ബി) പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കുറഞ്ഞ ചെലവിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ഒരു ബൃഹത്പദ്ധതി

നമ്മുടെ വന്‍ ഗവേഷണശാലകള്‍ മാത്രല്ല, സ്കൂള്‍, കോളേജ് ലാബുകളും വിദ്യാര്‍ത്ഥി, യുവ ശാസ്ത്രജ്ഞന്മാരും, പരിസ്ഥിതി പ്രവര്‍ത്തകരും വരെ പങ്കെടുക്കുന്ന പൊതുഫണ്ടോടെയുള്ള ഒരു ബൃഹത് പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. വിശദാംശങ്ങള്‍ ആലോചിക്കണം. ഓരോ പ്രദേശത്തെയും എല്ലാവ്യവസായസ്ഥാപനങ്ങള്‍ക്കുമായുള്ള കേന്ദ്രീകൃത പരിസ്ഥിതി ശുചീകരണ സംവിധാനങ്ങള്‍ നിലവില്‍വരണം.

2) പരിസരദൂഷണവും അതിന്റെ സാങ്കേതികപരിഹാര സാധ്യതകളും സ്കൂള്‍, കോളേജ് പാഠ്യ പദ്ധതികളുടെ ഭാഗമാവണം. ഇതിന്റെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

3) ഇന്ന് ഐ.ടി. പ്രൈമറി സ്കൂള്‍ സിലബസില്‍പോലും സ്ഥാനം പിടിച്ചപോലെ, ആധുനിക നിത്യജീവിതത്തില്‍ ആവശ്യമായ ഫര്‍ണീച്ചര്‍ പണി, മെയ്‌സന്‍ വര്‍ക്ക്, ഇലക്ട്രിക്കല്‍ ഉപകരണ റിപ്പയറിംഗ്, ഇലക്ട്രോണിക് റിപ്പയറിംഗ്, പ്ലംബിങ്ങ്, ഇലക്ട്രിക്കല്‍ വയറിംഗ്, മോട്ടോര്‍ മെക്കാനിസം, ലഘുയന്ത്രങ്ങളുടെ സര്‍വീസിംഗ്, ലഘു കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങി എല്ലാം സിലബസില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കണം.

4) തൊഴിലില്ലാത്ത യുവാക്കള്‍ക്ക് വിദഗ്ദപരിശീലനം നല്‍കാനുള്ള പുതിയ ദേശീയ പരിപാടിയെ (നാഷണള്‍ സ്കില്‍ഡ് ഡെവലപ് മെന്റ് മിഷന്‍) ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ യുവജനങ്ങളുടെ കര്‍മ്മശേഷിയെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ആരംഭിക്കണം.

5) ചെറുകിടക്കാര്‍ക്ക് ലളിതമായ ബാങ്ക് വായ്പകള്‍ ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. തീര്‍ച്ചയായും പല മേഖലകളിലും വന്‍ മാറ്റങ്ങള്‍ ഇതിന് ആവശ്യമാണ്. ഇത് ചര്‍ച്ച ചെയ്യണം.

6) സര്‍ക്കാര്‍ സംവിധാനത്തിലെ ചുവപ്പുനാട കുരുക്കുകള്‍ മാറ്റി കാര്യക്ഷമത കൂട്ടാന്‍ ഇ.ഗവേണന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കണം.

7) ഗവേഷണസ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികളിലെ ഗവേഷണ വിഭാഗങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കണം.

8) വന്‍കിട പൊതുമേഖലാ, സ്വകാര്യമേഖല സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ ചെറുകിട വ്യവസായി സംഘടനാ പ്രതിനിധികള്‍ക്കും പ്രാതിനിധ്യം നല്‍കണം.

9) ബ്രാന്‍ഡിംഗ് സാദ്ധ്യതകള്‍ വിപുലമായി അന്വേഷിക്കണം.

10) ചെറുകിട വ്യവസായ ക്ലസ്റ്ററുകള്‍ വ്യാപകമാക്കണം.

11) ആപേക്ഷികമായി കുറവ് തൊഴില്‍ സാദ്ധ്യതകള്‍ മാത്രമുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ തടസ്സങ്ങള്‍ ഇല്ലാതെ വൈദ്യുതി നല്‍കുന്ന വൈദ്യുതി ബോര്‍ഡ് കൂടുതല്‍ സാദ്ധ്യതകള്‍ സൃഷ്ടിക്കുന്ന ചെറുകിട സ്ഥാപനങ്ങളോട് ചിറ്റമ്മ നയമാണ് ഇന്ന് അനുവര്‍ത്തിക്കുന്നത്. നിരന്തരം തടസ്സങ്ങളുള്ള, വോള്‍ട്ടേജ് കുറഞ്ഞ വൈദ്യുതിക്ക് പോലും വളരെ ഉയര്‍ന്ന കോമേര്‍സിയല്‍ റേറ്റ് നല്‍കേണ്ടി വരുന്ന ചെറുകിടക്കാര്‍ക്ക് ആശ്വാസമെത്തിക്കേണ്ടതുണ്ട്. ഇതിനു തക്കവണ്ണം വൈദ്യുതി ബോര്‍ഡ് ചെറുകിടക്കാരോടുള്ള നയം തിരുത്തണം.

അവസാനമായി ചൂണ്ടിക്കാണിക്കാനുള്ളത് ഇതിനെല്ലാം ഉപയുക്തമായ സംഘടനാ സംവിധാനങ്ങള്‍ എന്തെന്നുള്ള കാര്യങ്ങളും ആലോചിക്കണമെന്നാണ്. ഉല്‍പ്പന്നാധിഷ്ഠിത അടിസ്ഥാനത്തില്‍ ചെറുകിട വ്യവസായങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി സഘടിക്കുന്ന താഴെ നിന്നുള്ള കോര്‍പ്പറേറ്റൈസേഷന്‍ പോലുള്ള സംവിധാനങ്ങളും പരിഗണിക്കണം.

മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പൊതു ചര്‍ച്ചയിലൂടെ ഉരുത്തിരിയും എന്നു പ്രതീക്ഷിക്കുന്നു.

(ലേഖകന്‍: ശ്രീ. അശോകന്‍ ഞാറക്കല്‍)

കൊച്ചിന്‍ സെന്റര്‍ ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ചെറുകിട വ്യവസായങ്ങളുടെ ഭാവി എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം

Wednesday, November 7, 2007

ഒക്ടോബര്‍ വിപ്ലവം ഓര്‍മ്മിപ്പിക്കുന്നത്

2007 നവംബര്‍ ഏഴ് ഒക്ടോബര്‍ വിപ്ളവത്തിന്റെ 90-ാം വാര്‍ഷികദിനമാണ്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ചരിത്രപ്രസിദ്ധവും ലോകത്ത് വമ്പിച്ച സ്വാധീനംചെലുത്തിയതുമായ ഒരു സംഭവത്തെ അനുസ്മരിക്കാനുള്ള അവസരമാണിത്. റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവം ലോകചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. മുതലാളിത്തത്തിന് ബദലായി സോഷ്യലിസം ഉയര്‍ന്നുവന്നത് ഒക്ടോബര്‍ വിപ്ലവത്തിലൂടെയാണ്.

74 വര്‍ഷങ്ങള്‍ക്കുശേഷം 1991ല്‍ സോവിയറ്റ് യൂണിയന്‍ എന്ന സംവിധാനം ഇല്ലാതായി. അതിനുശേഷം ഒക്ടോബര്‍ വിപ്ലവത്തിന്റെ വിപ്ലവ ഉള്ളടക്കം ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 90-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ അസ്തമിക്കാത്ത പ്രസക്തി ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്.

1917ലെ റഷ്യന്‍ വിപ്ലവം അട്ടിമറിയോ അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയോ ആയിരുന്നില്ല. സാര്‍ സാമ്രാജ്യത്തിന്റെ ക്രൂരതകള്‍ ഇല്ലാതാക്കി പുതിയ സമൂഹസൃഷ്ടിക്കായി വിപ്ലവപ്രസ്ഥാനം നടത്തിയ മുന്നേറ്റത്തില്‍ സാമാന്യജനങ്ങളും പങ്കുചേര്‍ന്ന് നടത്തിയ സ്വാഭാവികമായ വിപ്ലവമായിരുന്നു അത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഈ ചരിത്രസത്യം കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടന്നത്. റഷ്യന്‍ വിപ്ലവം ചരിത്രത്തിന് സംഭവിച്ച മാര്‍ഗഭ്രംശമാണെന്ന് ചിത്രീകരിക്കപ്പെട്ടു. ഈ പറയുന്നത് ശരിയാണെങ്കില്‍ സാമ്രാജ്യത്വത്തിനെതിരെ ഇരുപതാം നൂറ്റാണ്ടില്‍ വമ്പിച്ച പോരാട്ടം നടക്കുമായിരുന്നില്ല, കൊളോണിയലിസം ഇല്ലാതാവുകയും അടിച്ചമര്‍ത്തപ്പെട്ട കര്‍ഷക ജനവിഭാഗമടക്കം കോളനിരാജ്യങ്ങളിലെ ജനത വിമോചനവും നേടുമായിരുന്നില്ല.

ഒക്ടോബര്‍ വിപ്ലവത്തിന്റെ സ്വാധീനം

ഒക്ടോബര്‍ വിപ്ലവത്തിനു മുമ്പുള്ള ലോകം ഇന്നത്തേതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം സാമ്രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യമുള്ളതായിരുന്നു. സാമ്രാജ്യത്വവും അതിന്റെ ശക്തിയില്‍ത്തന്നെയായിരുന്നു. ബ്രിട്ടീഷ്, ജര്‍മന്‍, ആസ്ട്രോ-ഹംഗേറിയന്‍, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ശക്തമായ സാമ്രാജ്യങ്ങള്‍ ലോകത്തെ പകുത്തെടുത്തിരുന്നു. ഇറ്റാലിയന്‍, പോര്‍ട്ടുഗീസ് സാമ്രാജ്യങ്ങള്‍ താരതമ്യേന ദുര്‍ബലമായിരുന്നു. ലോകജനസംഖ്യയുടെ വലിയൊരു ഭാഗം ഈ സാമ്രാജ്യങ്ങളുടെ കോളനികളില്‍ അവരുടെ പ്രജകളായി ജീവിക്കുകയായിരുന്നു. പഴയ രീതിയിലുള്ള കോളനിവാഴ്ച അവസാനിക്കാന്‍ പോകുന്നുവെന്ന വിളംബരം നടത്തിയത് ഒക്ടോബര്‍വിപ്ലവമാണ്. ഒക്ടോബര്‍വിപ്ലവത്തിനുമുമ്പ് ആരംഭിച്ച ഒന്നാംലോക മഹായുദ്ധത്തോടെ സാമ്രാജ്യത്വത്തിന്റെ പ്രാണവേദന ആരംഭിച്ചിരുന്നു. റഷ്യയില്‍ സാര്‍ സാമ്രാജ്യത്തിന്റെ അന്ത്യംകുറിച്ച് അമ്പത് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ലോകത്ത് മറ്റൊരു സാമ്രാജ്യവും അവശേഷിച്ചിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ മറ്റൊരു ശക്തിപ്രവാഹം ജനാധിപത്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് ആഗോള ജനാധിപത്യത്തിന്റെ അപ്പോസ്തല സ്ഥാനം ബൂര്‍ഷ്വാസി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. എകാധിപത്യശക്തികളും ജനാധിപത്യ ശക്തികളും തമ്മിലുള്ള പോരാട്ടത്തോടൊപ്പം മൂലധനവിരുദ്ധ ശക്തികള്‍ക്കെതിരായ പോരാട്ടംകൂടി ഉള്‍പ്പെടുത്തിയ 'പാക്കേജ്' ആയിരുന്നു ബൂര്‍ഷ്വാസിയുടെ ജനാധിപത്യത്തിനുവേണ്ടിയുള്ള 'സമരം'. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെതന്നെ ചില പിഴവുകള്‍മൂലം ഈ 'സമര'ത്തില്‍ ബൂര്‍ഷ്വാസി ചിലയിടങ്ങളില്‍ വിജയിച്ചു.

എന്നാല്‍, ലോകമാകെയെടുത്താല്‍ ജനാധിപത്യവിരുദ്ധ ശക്തികള്‍ക്കും ഫാസിസത്തിനുമെതിരെ ഏറ്റവും ഉജ്വലമായ പോരാട്ടം നടത്തിയത് സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ശക്തികളുമാണ്. ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവും സംയുക്തമായി നടത്തിയ പോരാട്ടം കൊണ്ടാണ് ഫാസിസത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍, ഈ പോരാട്ടത്തിന്റെ ഗതി നിര്‍ണയിച്ചത് സോവിയറ്റ് യൂണിയന്റെ അടിയുറച്ചതും കര്‍ക്കശവുമായ പോരാട്ടവും യൂഗോസ്ലാവിയ, ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ ഫാസിസ്റ്റ്വിരുദ്ധശക്തികളായ കമ്യൂണിസ്റ്റുകാരുടെ ധീരതയുമായിരുന്നു എന്നത് സംശയരഹിതമായ വസ്തുതയാണ്. കിഴക്ക് ജാപ്പനീസ് ഫാസിസത്തെ ചൈനയിലെ കമ്യൂണിസ്റ്റ് ഗറില്ലകള്‍ നേരിട്ടു. പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങള്‍ സുരക്ഷിതമായിരിക്കാനും ശക്തിപ്പെടാനുംകൂടി കമ്യൂണിസ്റ്റ് ശക്തികളുടെ പോരാട്ടം ഇടയാക്കിയെന്നതാണ് ഇതിലെ വിരോധാഭാസം. സാമ്പത്തിക ഏകാധിപത്യ ശക്തികളുടെ താല്‍പ്പര്യങ്ങള്‍മാത്രം സംരക്ഷിച്ചു ശീലിച്ച പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാമാന്യജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തലകുനിക്കേണ്ടി വന്നു. ജനാധിപത്യമെന്നാല്‍ സാമൂഹ്യ, സാമ്പത്തികരംഗങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തുല്യ അവകാശമാണെന്ന മഹത്തായ സോഷ്യലിസ്റ്റ് മാതൃകയും സോഷ്യലിസ്റ്റ് ശക്തികള്‍ ലോകരാഷ്ട്രീയത്തില്‍ ചെലുത്തിയ സമ്മര്‍ദവുംകൊണ്ടാണ് പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങള്‍ ജനങ്ങളിലേക്കിറങ്ങുവെന്ന് ബോധ്യപ്പെടുത്താനെങ്കിലും നിര്‍ബന്ധിതമായത്. കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കു പിന്നാലെ ബ്രിട്ടന്‍, ഫ്രാന്‍സ്, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നിവ തൊഴിലില്ലായ്മാവേതനം, ആരോഗ്യസുരക്ഷ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവയടങ്ങുന്ന ക്ഷേമപദ്ധതി ആരംഭിച്ചു. എണ്‍പതുകളില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ദൌര്‍ബല്യത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ വന്‍തോതില്‍ ഇത്തരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുവെന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ശക്തികൊണ്ടാണ് മുമ്പ് ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ രാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമായതെന്ന് തെളിയിക്കുന്നു. തൊണ്ണൂറുകളില്‍ യൂറോപ്പിലാകെ തൊഴിലില്ലായ്മ വര്‍ധിച്ചതും ശ്രദ്ധേയമാണ്.

കോളനിരാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ട ജനകോടികള്‍ക്ക് ശക്തമായ ഉള്‍പ്രേരണയാണ് ഒക്ടോബര്‍ വിപ്ലവം നല്‍കിയത്. സാമൂഹ്യ അസമത്വം കുറയ്ക്കുകയാണ് ജനാധിപത്യത്തിന്റെ അര്‍ഥമെന്ന് മനസ്സിലാക്കാത്ത പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളുടെ മനസ്സിലും ഒക്ടോബര്‍ വിപ്ലവത്തിന്റെ പ്രചോദനം പ്രതിധ്വനിച്ചു. ഒക്ടോബര്‍ വിപ്ലവത്തിനുശേഷം പടിഞ്ഞാറന്‍ യൂറോപ്പിലെ വിപുലമായ തൊഴിലാളിവര്‍ഗപ്രസ്ഥാനമാണ് പോരാട്ടം നടത്തി സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചത്. റഷ്യന്‍ വിപ്ലവം നല്‍കിയ സന്ദേശംമൂലമാണ് സ്ത്രീകളുടെ വിമോചനാശയങ്ങള്‍ക്കും ശക്തമായ പ്രചോദനം ലഭിച്ചത്. സ്ത്രീകളുടെ വോട്ടവകാശം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ ലേബര്‍ പാര്‍ടി വോട്ടുചെയ്തത് 1914ല്‍ ഖനിത്തൊഴിലാളി യൂണിയന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ്. ഒരു ദശാബ്ദത്തിനുശേഷം 1928ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന തുല്യ വോട്ടവകാശനിയമം ബ്രിട്ടനില്‍ പാസാക്കി.

സാമ്രാജ്യത്വത്തിന്റെ പ്രത്യാക്രമണം

സോഷ്യലിസ്റ്റ് സംവിധാനത്തില്‍നിന്നേറ്റ താല്‍ക്കാലിക തിരിച്ചടികളില്‍നിന്ന് സാമ്രാജ്യത്വം കൂടുതല്‍ പ്രത്യാക്രമണത്തിനൊരുങ്ങി. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ, കവര്‍ച്ചാസ്വഭാവമുള്ള പുതിയ രൂപവും കിരാതമായ നവ ലിബറല്‍ മുതലാളിത്തവും ലോകമെങ്ങും നടപ്പാക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണോത്സുക സാമ്രാജ്യത്വം ലോകത്തെ പുനര്‍ കോളനിവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. സാമ്രാജ്യത്വ ആധിപത്യം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധം, യൂഗോസ്ലാവിയ, അഫ്‌ഗാനിസ്ഥാന്‍, 2003ലെ ഇറാഖ് പിടിച്ചടക്കല്‍ യുദ്ധം തുടങ്ങിയ ആക്രമണ പരമ്പരകള്‍. സാമ്രാജ്യത്വത്തിന്റെ തീട്ടൂരങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാഷ്ട്രങ്ങള്‍, അത് ക്യൂബയാകട്ടെ, വെനിസ്വേല, ഉത്തരകൊറിയ, ഇറാന്‍, സിറിയ എന്നീ രാഷ്ട്രങ്ങളാകട്ടെ, അമേരിക്കയുടെ തുടര്‍ച്ചയായി ഭീഷണിയെ നേരിടുകയാണ്.

ലോകവ്യാപകമായ പ്രതിരോധം

സാമ്രാജ്യത്വ ആക്രമണങ്ങളുടെ ചിത്രമാണ് ഒരു വശത്തെങ്കില്‍, അതിനെതിരായി വളര്‍ന്നുവരുന്ന ശക്തമായ പ്രതിരോധം മറുവശത്ത് കാണാം. ഇതിന്റെ കേന്ദ്രസ്ഥാനം ഇറാഖ് പിടിച്ചടക്കി അവിടത്തെ ഭരണവ്യവസ്ഥ ഇല്ലാതാക്കുകയും വംശീയവിദ്വേഷം വളര്‍ത്തുകയുംചെയ്ത അമേരിക്കയ്ക്കെതിരെ ഇറാഖ് ജനത നടത്തുന്ന ധീരോദാത്തമായ പോരാട്ടമാണ്. ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും അമേരിക്കന്‍ സൈനിക ആക്രമണങ്ങളുടെ ക്രൂരത തുറന്നുകാട്ടപ്പെട്ടു. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ മറ്റൊരു കേന്ദ്രം പലസ്തീനാണ്. സ്വന്തം രാഷ്ട്രം നേടാനായി ഇസ്രയേലി-അമേരിക്കന്‍ അച്ചുതണ്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് അഞ്ച് ദശാബ്ദത്തിലധികമായി പലസ്തീന്‍ ജനത നടത്തുന്നത്. ലെബനനെതിരായ ഇസ്രയേലിന്റെ ആക്രമണവും ഹിസ്‌ബുള്ള ശക്തികളില്‍നിന്ന് കടുത്ത പ്രത്യാക്രമണം ക്ഷണിച്ചുവരുത്തി. 1973നുശേഷം ഇസ്രയേലിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. ഏറ്റവും പ്രധാനമായ കാര്യം, സാമ്രാജ്യത്വത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരായ ഏറ്റവും ഉശിരുള്ള പോരാട്ടങ്ങളുടെ വേദിയായി ലാറ്റിനമേരിക്ക മാറിയെന്നതാണ്. ബ്രസീല്‍, വെനിസ്വേല, ബൊളീവിയ, ഉറുഗ്വേ, ഇക്വഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളില്‍ ഉദയംകൊണ്ട ഇടതുപക്ഷ, ജനകീയ ഗവണ്‍മെന്റുകളുടെ പ്രചോദനമാണ് ഈ പോരാട്ടങ്ങളുടെ ശക്തിസ്രോതസ്സ്. ഹ്യൂഗോ ഷാവേസ് ഭരണത്തെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് വെനിസ്വേല വിപ്ലവത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നത് ലാറ്റിനമേരിക്കയ്ക്ക് മാത്രമല്ല, ലോകത്തിനാകെ പ്രചോദനമേകുന്നു. ക്യൂബയും വെനിസ്വേലയും തമ്മിലുള്ള വിപ്ലവ കൂട്ടുകെട്ട് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ലാറ്റിനമേരിക്കയില്‍ കൂടുതല്‍ പ്രസക്തിയും പ്രചാരവും നല്‍കുന്നു.

തൊഴില്‍, സാമൂഹ്യസുരക്ഷ, ജീവിതമാര്‍ഗം എന്നിവക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് തൊഴിലാളിവര്‍ഗം മുതലാളിത്തരാഷ്ട്രങ്ങളിലടക്കം നടത്തുന്നത്. സാമ്രാജ്യത്വത്താല്‍ നയിക്കപ്പെടുന്ന ആഗോളവല്‍ക്കരണത്തിനെതിരായ സമരത്തിന്റെ ഹൃദയമാണിത്. ജനകീയസമരങ്ങളുടെ ശക്തമായ സമ്മര്‍ദംമൂലം വികസ്വരരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍പോലും ലോക വാണിജ്യസംഘടന പോലുള്ള സംഘടനകളുടെ ദ്രോഹകരമായ വ്യവസ്ഥകള്‍ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ശബ്ദമുയര്‍ത്തുന്നു.

ഈ പശ്ചാത്തലത്തില്‍ നിന്നുവേണം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പങ്കിനെ കാണേണ്ടത്. ഇതില്‍ പ്രധാന രാഷ്ട്രമായ ചൈന ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ചയോടെ കഴിഞ്ഞ രണ്ട് ദശാബ്ദമായി വന്‍ ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ തങ്ങളുടെ ആധിപത്യത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായി ചൈന മാറുമെന്നാണ് അമേരിക്കതന്നെ വിലയിരുത്തുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തന്ത്രപരമായ സിദ്ധാന്തം അമേരിക്ക ആവിഷ്കരിച്ചിരിക്കുന്നു.

സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയില്‍ പോരാട്ടം നടത്തേണ്ടത് ഇടത്, ജനാധിപത്യ ശക്തികളുടെ സുപ്രധാന കടമയാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിനും അമേരിക്കയുടെ ആഗോളതന്ത്രത്തിനായുള്ള നയങ്ങള്‍ക്ക് സഹായകമാകുന്ന വിധത്തിലുമാണ് ഇന്ത്യന്‍ ഭരണവര്‍ഗം പ്രവര്‍ത്തിക്കുന്നത്. ഇത് നമ്മുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും അപകടമാണെന്ന് തിരിച്ചറിഞ്ഞ്, സാമ്രാജ്യത്വത്തോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഖ്യത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തേണ്ടത് ഇന്നത്തെ സുപ്രധാന കടമയാണ്.

സോവിയറ്റ് അനുഭവത്തിന്റെ പാഠങ്ങള്‍

അര്‍ധ ഫ്യൂഡല്‍ ബന്ധങ്ങള്‍ നിലനിന്നിരുന്ന അവികസിത മുതലാളിത്ത രാഷ്ട്രത്തിലാണ് ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ളവം ഉണ്ടായത്. ജര്‍മന്‍വിപ്ലവത്തിനും ലോകവിപ്ലവത്തിനുമുള്ള നാന്ദിയായാണ് റഷ്യന്‍വിപ്ലവത്തെ ലെനിന്‍ കണ്ടത്. 1918-19ലെ ജര്‍മന്‍, ഹംഗേറിയന്‍ വിപ്ലവങ്ങളും മറ്റ് വിപ്ലവ മുന്നേറ്റങ്ങളും ബൂര്‍ഷ്വാസി നേരിട്ട് തകര്‍ത്തു. 'ഒറ്റ രാഷ്ട്രത്തിലെ സോഷ്യലിസം' എന്നത് നിശ്ചയിക്കപ്പെട്ട സംവിധാനമല്ല, അനിവാര്യതയായിരുന്നു.

സാമ്രാജ്യത്വത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന യാതനാപൂര്‍ണമായ ഉത്തരവാദിത്തം നിര്‍വഹിക്കല്‍, മുതലാളിത്തപൂര്‍വ പിന്നോക്കാവസ്ഥ ഇല്ലാതാക്കി പാശ്ചാത്യ മുതലാളിത്ത സംവിധാനത്തിനൊപ്പം ഉല്‍പ്പാദനസംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവ ചരിത്രം സൃഷ്ടിച്ച യത്നങ്ങളായിരുന്നു. ഉല്‍പ്പാദനശക്തികളെ കെട്ടഴിച്ചുവിടുന്നതിലും ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമാനുകൂല്യങ്ങള്‍ എത്തിക്കുന്നതിലും ഫാസിസത്തെ ചെറുത്ത് പരാജയപ്പെടുത്തുന്നതില്‍ കാട്ടിയ വിസ്മയകരമായ ധീരതയിലും സോഷ്യലിസത്തിന്റെ അപാരമായ സാധ്യതകളാണ് ലോകം കണ്ടത്.

മേല്‍പ്പറഞ്ഞ പശ്ചാത്തലത്തിലും പാഠങ്ങളിലും നിന്നുവേണം സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ സംഭവിച്ച വളച്ചൊടിക്കലുകളും പിഴവുകളും മനസ്സിലാക്കേണ്ടത്. വര്‍ധിച്ചുവന്ന ഉദ്യോഗസ്ഥമേധാവിത്വം, സോഷ്യലിസ്റ്റ് ജനാധിപത്യത്തിലുണ്ടായ കാലവിളംബം, ആധുനിക സമ്പദ്‌വ്യവസ്ഥയ്ക്ക് അനിവാര്യമായ സാമ്പത്തികസംവിധാനങ്ങള്‍ ആവിഷ്കരിക്കുന്നതിലുണ്ടായ പരാജയം, സോഷ്യലിസ്റ്റ് അവബോധം കുറയ്ക്കാനിടയാക്കിയ ആശയപരമായ ദൌര്‍ബല്യങ്ങള്‍-ഇവയെല്ലാം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണങ്ങളായി.

21-ാം നൂറ്റാണ്ടിലെ സോഷ്യലിസം

റഷ്യന്‍ വിപ്ലവത്തിന്റെ 90-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒക്ടോബര്‍വിപ്ലവത്തിന്റെ ചരിത്രപരമായ പ്രധാന്യവും ശാശ്വതമായ പ്രസക്തിയും മനസ്സിലാക്കുന്നതോടൊപ്പം വര്‍ത്തമാനകാലത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ട സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തെക്കുറിച്ചും വ്യക്തമായ വകതിരിവ് ഉണ്ടാവേണ്ടതുണ്ട്. നിശ്ചിത ചരിത്ര സാഹചര്യങ്ങളിലാണ് സോവിയറ്റ് പരീക്ഷണം നടത്തിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അന്നത്തെ സാഹചര്യങ്ങളൊന്നും നിലവിലില്ല എന്ന് ഓര്‍ക്കണം. ചലനാത്മകമായിരുന്ന ലോക മുതലാളിത്തത്തിനും മാറ്റം സംഭവിച്ചു. ഭാവിയില്‍ ശരിയായ സമീപനം സ്വീകരിക്കുന്നതിനായി സോവിയറ്റ് അനുഭവങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും പാഠങ്ങള്‍ പഠിക്കുകയും വേണം. സോഷ്യലിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച നമ്മുടെ അറിവുകളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടേണ്ട ചില കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1. സോഷ്യലിസ്റ്റ് ജനാധിപത്യം: ജനാധിപത്യവേദികളെ സ്ഥാപനവല്‍ക്കരിക്കുകയും രാഷ്ട്രീയപ്രക്രിയയിലും സാമ്പത്തിക മാനേജ്‌മെന്റിലും ജനങ്ങളെ പങ്കാളികളാക്കുകയും ചെയ്യുക.

2. സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഭരണകൂടവും തൊഴിലാളിവര്‍ഗ പാര്‍ടിയും തമ്മിലുള്ള ശരിയായ ബന്ധത്തിന്റെ ആവശ്യം.

3. സാമ്പത്തിക മാനേജ്‌മെന്റില്‍ വഴക്കം(ഫ്ളെക്സിബിലിറ്റി), വിവിധ തലങ്ങളിലെ സ്വത്തുടമാവകാശത്തിന് കൂടുതല്‍ രൂപങ്ങള്‍.

മുതലാളിത്തം ഗണ്യമായ ശക്തി തിരിച്ചു നേടിക്കഴിഞ്ഞ ഒരു ലോകത്ത് സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് കൂടുതല്‍ ആശയവ്യക്തത നേടേണ്ടതുണ്ട്. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനവും സോഷ്യലിസം കെട്ടിപ്പടുക്കലും സംബന്ധിച്ച വ്യക്തമായ സിദ്ധാന്തങ്ങള്‍ മനസ്സിലാക്കണം. കുറച്ചു മാത്രം വികസിതമായ മുതലാളിത്തരാജ്യങ്ങളില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നത് ഒക്ടോബര്‍വിപ്ലവത്തിനുശേഷമുള്ള തൊട്ടടുത്ത കാലത്തേക്കാള്‍ ഏറെ സുദീര്‍ഘവും സങ്കീര്‍ണവുമായ പ്രക്രിയയാണ്. ഒക്ടോബര്‍വിപ്ലവവും തുടര്‍ന്ന് സോഷ്യലിസം കെട്ടിപ്പടുത്തതും അക്കാര്യത്തില്‍ ഒരു മുന്‍ മാതൃകകളും ഇല്ലാതെയായിരുന്നു. സോവിയറ്റ് യൂണിയന്‍ കൈവരിച്ച നിര്‍ണായകവും ചരിത്രംകുറിച്ചതുമായ നേട്ടങ്ങളെ ഈ പശ്ചാത്തലത്തില്‍ കണ്ടുവേണം അതുസംബന്ധിച്ച സിദ്ധാന്തങ്ങള്‍ ഗ്രഹിക്കാന്‍. വിപ്ലവപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ആശയമെന്ന നിലയിലുള്ള മാര്‍ക്സിസത്തിന്റെ പ്രസക്തിയെ ചോദ്യംചെയ്യുന്ന സൈദ്ധാന്തിക ആക്രമണങ്ങളെ നമ്മള്‍ ശക്തമായി പ്രതിരോധിക്കണം.

വര്‍ഗരാഷ്ട്രീയത്തില്‍ അടിയുറച്ചതും ലിംഗപരവും വര്‍ണം, വംശം എന്നിവയില്‍ അധിഷ്ഠിതവുമായ സ്വത്വങ്ങളുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്നതും പരിസ്ഥിതിയുടെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ നവീകരിച്ച സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളണം. പരിസ്ഥിതിയെയും ഭൂമിയിലെ ജീവനെത്തന്നെയും ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയുംചെയ്യുന്ന മുതലാളിത്ത സംവിധാനത്തിന് ബദലാകാന്‍ സോഷ്യലിസത്തിനുമാത്രമേ കഴിയുകയുള്ളൂ.

അമേരിക്കന്‍ സാമ്രാജ്യത്വ ആധിപത്യത്തിനും പുനര്‍കോളനീകരണത്തിനും ലോകത്തിന്റെ വിഭവങ്ങളാകെ കൊള്ളയടിക്കാനും അതിനായി സൈനികാക്രമണം നടത്താനും നടത്തുന്ന ശ്രമങ്ങള്‍ക്കുമെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പുകളായിരിക്കും ഇനിയുള്ള നാളുകളില്‍ ഉണ്ടാവുക. 90 വര്‍ഷംമുമ്പ് 1917ല്‍ ഒക്ടോബറില്‍ നടന്ന ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം നല്‍കുന്ന ദിശാബോധം ഇതിന് പ്രചോദനമാകും. ഒക്ടോബര്‍ വിപ്ലവത്തിന്റെ സന്ദേശം അനശ്വരമാണ്. സാമൂഹ്യ വിമോചനത്തിനുള്ള പോരാട്ടത്തില്‍ അത് തലമുറകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും.

(ഒക്ടോബര്‍ വിപ്ലവത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ശ്രീ. പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനം)