Friday, November 9, 2007

ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു...

ഇങ്ങനെയൊരാള്‍ രക്തമാംസങ്ങളോടുകൂടെ ഈ ഭൂമുഖത്ത് ജീവിച്ചു എന്ന് വരും തലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.”

ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഈ വാക്കുകളിലൂടെ ഗാന്ധിജിയുടെ അനിതരസാധാണമായ വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനും നെല്‍സണ്‍ മണ്ടേലയ്ക്കും ഊര്‍ജം പകര്‍ന്ന മഹാപ്രതിഭാസം; സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഗാന്ധിജിക്ക് നല്‍കാതിരുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ഗാന്ധിജിയുടെ മരണശേഷം നോബല്‍ സമ്മാന സമിതി വിലയിരുത്തി.ഡോ. അശോക് ബാഗ്‌ചി തയ്യാറാക്കി ഹിന്ദുജാ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച, നോബല്‍ സമ്മാന ജേതാക്കളെക്കുറിച്ചുള്ള എന്‍സൈക്ളോപീഡിയ(Hinduja Foundation encyclopaedia of Nobel laureates- Asoke K. Bagchi ) സമര്‍പ്പിച്ചിട്ടുള്ളത് ഗാന്ധിജിക്കാണ്. പുസ്തകത്തിന്റെ പ്രവേശന കവാടത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

Dedicated to Mohandas Karamchand Gandhi, ‘The Mahatma’ the most deserving, but denied

ഏതൊരു മഹാന്റെ വാക്കുകള്‍ക്കായി കേരളം കാത്തിരുന്നുവോ, ഏതൊരാള്‍ ഓരോ ദിവസവും കേരളം എന്തു ചിന്തിക്കണം, എന്തു ചര്‍ച്ച ചെയ്യണം എന്നു തീരുമാനിച്ചിരുന്നുവോ, ഏതു കുഴപ്പങ്ങളില്‍ നിന്നും കര കയറി താന്‍ വിചാരിക്കുന്നിടത്തേക്ക് ചര്‍ച്ചകളെ എത്തിക്കാനുള്ള അസാമാന്യ പ്രതിഭ ആര്‍ജിച്ചിരുന്നുവോ അങ്ങനെയെല്ലാമുള്ള ഇതിഹാസ തുല്യനായ മലയാളി ഇ എം എസ് എന്ന ത്രയാക്ഷരി ഗാന്ധിജിയെ ഇങ്ങനെ അനുസ്മരിക്കുന്നു.

ഞാന്‍ എന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് ഗാന്ധി ശിഷ്യനായിട്ടാണെങ്കിലും ഒരു പതിറ്റാണ്ടിനുശേഷം ഞാനൊരു ഗാന്ധി വിമര്‍ശകനായി മാറി. പക്ഷെ, അദ്ദേഹം നിര്‍ദേശിച്ച രാഷ്ട്രീയ നയപരിപാടികളെ ശക്തമായി എതിര്‍ക്കുമ്പോള്‍ത്തന്നെ, ദരിദ്രനാരായണ സേവയെന്ന അദേഹത്തിന്റെ ധാര്‍മിക ബോധം ഉയര്‍ത്തിപിടിക്കുകയും തൊഴിലാളി വര്‍ഗ വീക്ഷണത്തോടെ അത് നടപ്പില്‍ വരുത്തുകയുമാണ് ഞാന്‍ ചെയ്തത്.എന്നെ കമ്യൂണിസ്റ്റാക്കിയത് രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലത്ത് ഞാന്‍ സ്വായത്തമാക്കിയ ഗാന്ധിയന്‍ മൂല്യങ്ങളാണെന്ന് അഭിമാനിക്കുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ പ്രാവര്‍ത്തികമാക്കുന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയം മഹാത്മാവിന്റെ ദരിദ്രനാരായണ സേവയുടെ കൂടുതല്‍ ഉയര്‍ന്ന രൂപമാണെന്ന് ഞാന്‍ അവകാശപ്പെടുന്നു. ആ നിലയ്ക്ക് ഗാന്ധിയുടെ വ്യക്തിത്വവും ദര്‍ശനവും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ഒരു കമ്യൂണിസ്റ്റാണ് ഞാന്‍ എന്നവകാശപ്പെടുന്നു.” (ഭാഷാപോഷിണി ഒക്ടോബര്‍ 1994)

ലോകമേതറവാട്’ എന്നു തുടങ്ങുന്ന കാവ്യഖണ്ഡത്തിലൂടെ മഹാകവി വള്ളത്തോള്‍ അവതരിപ്പിക്കുന്ന മഹാഗുരുനാഥന്റെ ജീവിതത്തെ അദേഹം തന്നെ വിശേഷിപ്പിക്കുന്നത്, ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്നാണ്. ഈ പരീക്ഷണങ്ങളില്‍ പലതിനെക്കുറിച്ചും അഭിപ്രായാന്തരമുണ്ടാകാം. എങ്കിലും അവയുടെ ടോട്ടല്‍ എഫക്ട് സര്‍ഗാത്മകമാണ്. പൊതു പ്രവര്‍ത്തകരോട് ഗാന്ധിജി ഇങ്ങനെ ഉപദേശിക്കുന്നു.

ഞാന്‍ നിങ്ങള്‍ക്ക് ഒരു വിജയമന്ത്രം ഉപദേശിക്കാം. നിങ്ങള്‍ ഏതെങ്കിലുമൊരു പ്രശ്നത്തില്‍പ്പെട്ട് വിഷമിക്കുമ്പോള്‍ നിങ്ങളുടെ കൂടെയുള്ള ഏറ്റവും പാവപ്പെട്ടവനെ നിങ്ങളുടെ ഇടപെടല്‍ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കുക. അദേഹത്തിനു ഗുണകരമായ തീരുമാനത്തിലെത്തുക”.

ഗാന്ധിജിയുടെ ഈ സാധുജനോന്മുഖതയാണ് ഇ എം എസിനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കളെപ്പോലും സ്വാധീനിക്കുന്നത്.

എല്ലാവരുടെയും ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ടത് ഇവിടെയുണ്ട്. എന്നാല്‍ ഒരാളുടെയെങ്കിലും ആര്‍ത്തി തീര്‍ക്കാനുള്ള വക ഇവിടെയില്ല” (There is. enough on earth for everybody's need, but not enough for anybody's greed.) എന്ന് ഗാന്ധിജി ഓര്‍മിപ്പിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റെയും മറ്റും പേരില്‍ എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്ന മൂലധനശക്തികള്‍ തിമിര്‍ത്തു പുളയ്ക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ഖദര്‍ വസ്ത്രം ധരിച്ചതുകൊണ്ടുമാത്രം ആരും ഗാന്ധിയനാകുന്നില്ല എന്നു മാത്രമല്ല, ഒട്ടേറെ കള്ളനാണയങ്ങള്‍ തങ്ങളുടെ `കാപട്യ മറക്കല്ലറകള്‍‘ വഴി സമൂഹമധ്യത്തില്‍ പരത്തുന്ന ജീര്‍ണതയുടെ ദുര്‍ഗന്ധം കുറച്ചൊന്നുമല്ല.

ക്രിസ്തീയ സഭകള്‍ ആയിരക്കണക്കിനുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ രണ്ടുതരക്കാരേ ഉള്ളൂ എന്നു പറയാറുണ്ട്. ഒന്ന് ക്രിസ്തുവിനെ ആരാധിക്കുന്നവര്‍; രണ്ട് ക്രിസ്തുവിന്റെ മാര്‍ഗം പിന്തുടരുന്നവര്‍.

ഇവരില്‍ ആരാണ് യഥാര്‍ഥ ക്രിസ്ത്യാനി?

ആരാധന വളരെ എളുപ്പമുള്ള പണിയാണ്. ധൂപദീപനൈവേദ്യങ്ങളും സ്തുതി വചനങ്ങളും പ്രകടനപരതയും ഒക്കെ ആരാധനയുടെ ഭിന്നമുഖങ്ങളാണ്. ഏതു കൊള്ളക്കാരനും കൊലപാതകിക്കും ആരാധനയ്ക്കുവേണ്ടി കുറെ സമയം വിനിയോഗിക്കാനും ഭക്തനായി ഭാവിക്കാനും കഴിയും.

എന്നാല്‍ ക്രിസ്തുവിന്റെ മാര്‍ഗം പിന്തുടരുന്നത് മറ്റൊരു കാര്യമാണ്. അതത്ര എളുപ്പമല്ല.

ത്യാഗത്തിന്റെയും പീഡാനുഭവങ്ങളുടെയും മാര്‍ഗമാണത് ; മരക്കുരിശിന്റെയും മുള്‍മുടിയുടെയും മാര്‍ഗം.

ഗാന്ധിജിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നുണ്ട്. പുറമെ വേഷം കെട്ടാനും ഒക്ടോബര്‍ രണ്ടിനും ആഗസ്ത് 15 നുമൊക്കെ പട്ടണമധ്യത്തിലെ, കാക്കകാഷ്ടിച്ച ഗാന്ധിപ്രതിമയെ തേച്ചുകുളിപ്പിക്കാനും പൂമാലയിടാനും സ്തുതിഗീതങ്ങള്‍ (രഘുപതി രാഘവ രാജാറാം ...) പാടാനും ക്യാമറയ്ക്കു മുമ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ശ്രമിക്കുന്നവരെ കാണുമ്പോള്‍ ‘എന്റെ ആരാധകരില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തണമേ, ശത്രുക്കളില്‍ നിന്ന് ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടുകൊള്ളാം’ എന്നു പ്രാര്‍ഥിക്കുന്ന ഗാന്ധിജിയെയാണ് ഓര്‍മ്മ വരുന്നത്.

ഗാന്ധിജിയുടെ രാമരാജ്യസിദ്ധാന്തം എന്ന സാംസ്കാരിക നയത്തോടും ട്രസ്റ്റിഷിപ്പ് സിദ്ധാന്തം എന്ന സാമ്പത്തിക നയത്തോടും പലപ്പോഴും യോജിക്കാന്‍ കഴിയില്ലെങ്കിലും അദ്ദേഹം ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന സ്വാശ്രയത്വവും സ്വദേശി പ്രസ്ഥാനവും ആഗോളവല്‍ക്കരണത്തിന്റെ കമ്പോളവല്‍ക്കരണ ഭീഷണിയെ നേരിടാനുള്ള ഏറ്റം മികച്ച ഉപാധിയായി ഉപയോഗിക്കാന്‍ കഴിയേണ്ടതാണ്.

നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയ ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സാമ്രാജ്യത്വത്തിന് വീണ്ടും അടിയറവയ്ക്കാന്‍ ഭരണാധികാരകേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറിയ സാമ്രാജ്യത്വ ദല്ലാളന്മാര്‍ തീവ്രപരിശ്രമം നടത്തുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഇതിന് വലിയ പ്രസക്തിയുണ്ട്.

ഗാന്ധിജി പറഞ്ഞു.

സ്വരാജ് എന്നതുകൊണ്ട് ഞാന്‍ അര്‍ഥമാക്കുന്നത് സ്ത്രീയും പുരുഷനും നാട്ടുകാരനും കുടിയേറിപ്പാര്‍ത്തവനും ഉള്‍പ്പെടെ പണിയെടുത്തു നാടിനെ സേവിച്ചവരും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തവരുമായ പ്രായപൂര്‍ത്തിയായ ഭൂരിപക്ഷം ജനങ്ങളുടെ സമ്മതപ്രകാരമുള്ള ഇന്ത്യയുടെ ഭരണമെന്നാണ്. ഒരു ന്യൂനപക്ഷത്തിന്റെ അധികാരപ്രാപ്തികൊണ്ടു മാത്രം യഥാര്‍ഥ സ്വരാജ്യം കൈവരികയില്ല. അധികാരം ദുരുപയോഗപ്പെടുത്തുമ്പോള്‍ ചെറുത്തുനില്‍ക്കാനുള്ള ത്രാണി എല്ലാവര്‍ക്കുമുണ്ടായാലേ അത് കൈവരൂ ”.

എന്റെ ലക്ഷ്യം ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കുകയല്ല, ഒരു നവ സമൂഹരചനയാണ്, അതിനു വിഘാതം നില്‍ക്കുന്ന ഘടകങ്ങളിലൊന്നു മാത്രമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം. അതിനെ പുറത്താക്കും മുമ്പ് മറ്റു പലതിനെയും നമ്മുടെ ഉള്ളില്‍ നിന്നു തന്നെ ഉന്മൂലനം ചെയ്യേണ്ടതുണ്ട് ”.

എന്നിട്ടെന്തായി?

1947 ആഗസ്ത് പതിനാലാം തീയതി അര്‍ധരാത്രി യൂണിയന്‍ ജാക്ക് താഴുകയും ത്രിവര്‍ണ പതാക ഉയരുകയും ചെയ്തതിന്റെ ചരിത്രപ്രാധാന്യം കുറച്ചുകാണുകയല്ല, ഗാന്ധിജി പോലും അതിനെ പൂര്‍ണ സ്വാതന്ത്ര്യലബ്ധിയായി അംഗീകരിച്ചിരുന്നില്ല. എന്നു മാത്രമല്ല, ദേശീയ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി തുടരരുതെന്നും സര്‍വജനസേവാ പ്രസ്ഥാനമായി മാറണമെന്നും ഗാന്ധിജി ആഗ്രഹിക്കുകയും നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ കൈകളില്‍ വന്നുചേര്‍ന്ന അധികാരത്തിന്റെ ശര്‍ക്കരകുടത്തില്‍ കൈയിട്ടവര്‍ക്ക് ഗാന്ധിജിയുടെ വാക്കുകള്‍ അരോചകമായിത്തോന്നിയതില്‍ അത്ഭുതമില്ല. അദേഹം പിരിച്ചുവിടണമെന്നു നിര്‍ദേശിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ആത്യന്തികാര്‍ത്ഥത്തില്‍ ഛിന്നഭിന്നമാവുക തന്നെ ചെയ്തു. അവശിഷ്ട കോണ്‍ഗ്രസിനെ നാശഗര്‍ത്തത്തില്‍ നിന്നു രക്ഷിക്കാന്‍ കുടുംബാധിപത്യവും അടിയന്തിരാവസ്ഥയുടെ ഘട്ടത്തില്‍ ഏകാധിപത്യവാഴ്ചയും വരെ കാര്യങ്ങള്‍ ചെന്നെത്തി.

ഗാന്ധിയന്‍ പൈതൃകത്തിന്റെ അമൂല്യതയും ജനസ്വാധീനവും തിരിച്ചറിഞ്ഞവര്‍, തങ്ങള്‍ക്ക് മറ്റൊരു വഴി വന്നെത്തിയ ‘ഗാന്ധി’നാമം അതിസമര്‍ഥമായി ഉപയോഗിക്കുന്ന കാഴ്ചയും നാം കാണുന്നുണ്ട്. ഗംഗയുടെ പവിത്രതയെ, തങ്ങളുടെ സോപ്പില്‍ ഒരു തുള്ളി ഗംഗാജലം ചേര്‍ത്തിട്ടുണ്ട് എന്ന പരസ്യവുമായി വന്ന് ജനമനസ്സുകളിലിടം തേടി വിപണി പിടിച്ചെടുക്കുന്ന കച്ചവടതന്ത്രം ഇവിടെ കാണാം. യുവരാജകുമാരനെ തങ്ങളുടെ ടീമിന്റെ ‘ധോണി’യായി പട്ടാഭിഷേകം നടത്തി നിര്‍വൃതി കൊള്ളുന്നവര്‍ ഇന്ത്യയുടെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കാണാതെയും കാണിക്കാതെയും ജനങ്ങളുടെമേല്‍ ആധിപത്യം നേടാനുള്ള ശ്രമം തുടരുന്ന കാഴ്ച നാം തിരിച്ചറിയേണ്ടതുണ്ട്. കോഴക്കേസുകളില്‍ പ്രതികളായി കോടതിവരാന്തകളിലെ നിത്യസന്ദര്‍ശകരായി മാറിയ ഖദര്‍ധാരികള്‍ മാഹാത്മാഗാന്ധിയുടെ സ്വാശ്രയത്വത്തിന്റെ ആത്മാവിനെ കശാപ്പുചെയ്യുകയും ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ അമേരിക്കവല്‍ക്കരണത്തിന് പാതയൊരുക്കുകയും ചെയ്യുന്ന കാഴ്ചകള്‍ തിരിച്ചറിയേണ്ടതുണ്ട്.ഇവിടെയാണ് ഗാന്ധിയന്‍ പൈതൃകത്തിന്റെ അമൂല്യത അറിഞ്ഞാദരിക്കപ്പെടേണ്ടത്. ഗാന്ധിജിയുടെ ആത്മകഥയായ ‘സത്യാന്വേഷണ പരീക്ഷണങ്ങള്‍’ക്കൊപ്പം വിശ്വവിഖ്യാതനായ തന്റെ പിതാമഹനെക്കുറിച്ച് ‘അമൂല്യപൈതൃകം’ എന്ന ബൃഹദ്ഗ്രന്ഥത്തിലൂടെ സുമിത്രാഗാന്ധി കുല്‍ക്കര്‍ണി അവതരിപ്പിക്കുന്നതും നമുക്ക് പാഠമാകേണ്ടതുണ്ട്.

രാഷ്ട്രീയ സമരമാര്‍ഗങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകാമെങ്കിലും ഗാന്ധിജിയുടെ സത്യസന്ധത, ലാളിത്യം, ധീരത എന്നിവയെല്ലാം തലമുറകള്‍ക്ക് അമൂല്യ പാഠങ്ങളാണ്.

ദണ്ഡി കടപ്പുറത്ത് ഒരു പിടി ഉപ്പ് കുറുക്കിയെടുക്കുന്നതിലൂടെ കോടിക്കണക്കായ ഭാരതജനതയ്ക്ക് ഗാന്ധിജി നല്‍കിയ ആത്മാഭിമാനവും സമരവീര്യവും ഭീമസാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. തക്ലിയിലും ചര്‍ക്കയിലും നൂല്‍നൂറ്റും വിദേശവസ്ത്രം ബഹിഷ്കരിച്ചും ഖാദി പ്രചരിപ്പിച്ചും പ്രതീകാത്മകമായി അദേഹം കൊളോണിയല്‍ ചൂഷണത്തെ വെല്ലുവിളിച്ചു. ‘ഫാബ് മാളു’കളെ കൊട്ടും കുരവയുമായി വരവേല്‍ക്കുന്നവര്‍ക്കും ഒരു ജനതയെയാകെ മദ്യാസക്തിയില്‍ മയക്കുന്നവര്‍ക്കും നമ്മുടെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനിക്കാത്തവര്‍ക്കും ഗാന്ധിജിയുടെ വാക്കുകള്‍ അറുപഴഞ്ചനും അരോചകവുമായി തോന്നിയേക്കാം.
എല്ലാകാര്യത്തിലും എല്ലാ കാലത്തേക്കുമുള്ള മാതൃകയാണ് ഗാന്ധിജി എന്നൊന്നും അഭിപ്രായപ്പെടാനാകില്ല എങ്കിലും മതമൌലികവാദങ്ങള്‍ക്കെതിരായ പോരാട്ടത്തിലും സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പുകളിലും മനുഷ്യവിഭവശേഷി വിനിയോഗത്തിലും ഗാന്ധിയന്‍ പൈതൃകത്തില്‍ നിന്ന് വളരെയേറെ പഠിക്കാനുണ്ട്.

ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയോടെ ഗാന്ധിയന്‍ ചിന്തകളിലും സമരരീതികളിലും നിന്ന് വിലപ്പെട്ട പാഠങ്ങള്‍ സ്വായത്തമാക്കാനാണ് ചരിത്രം നമ്മോടാവശ്യപ്പെടുന്നത്.

സമരത്തീച്ചൂളയില്‍ സ്ഫുടം ചെയ്തെടുത്ത, സ്വാശ്രയത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും ആള്‍രൂപമായ ആ അമൂല്യ പൈതൃകം’ അതിന്റെ യഥാര്‍ഥ ഉടമകളില്‍ നിന്നു തട്ടിയെടുക്കാന്‍ വ്യാജ വേഷങ്ങളെ അനുവദിക്കണമോയെന്ന പ്രശ്നവുമുണ്ട്. സ്വാമി വിവേകാനന്ദനേയും, രണധീരതയുടെ പര്യായമായ ഭഗത് സിങ്ങിനെയുമൊക്കെ ഹൈജാക്കു ചെയ്തവര്‍ക്ക് ഗാന്ധിജിയെയും വിട്ടുകൊടുക്കണോ എന്നാലോചിക്കണം.

(അവലംബം: യുവധാര ഒക്ടോബര്‍ 2007 ലക്കത്തില്‍ ശ്രീ. എം.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍ എഴുതിയ ലേഖനം. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ‍)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പൊതു പ്രവര്‍ത്തകരോട് ഗാന്ധിജി ഇങ്ങനെ പറഞ്ഞു;
“ഞാന്‍ നിങ്ങള്‍ക്ക് ഒരു വിജയമന്ത്രം ഉപദേശിക്കാം. നിങ്ങള്‍ ഏതെങ്കിലുമൊരു പ്രശ്നത്തില്‍പ്പെട്ട് വിഷമിക്കുമ്പോള്‍ നിങ്ങളുടെ കൂടെയുള്ള ഏറ്റവും പാവപ്പെട്ടവനെ നിങ്ങളുടെ ഇടപെടല്‍ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കുക. അദ്ദേഹത്തിനു ഗുണകരമായ തീരുമാനത്തിലെത്തുക”.

ആഗോളവല്‍ക്കരണത്തിന്റെയും മറ്റും പേരില്‍ എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്ന മൂലധനശക്തികള്‍ തിമിര്‍ത്തു പുളയ്ക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി വളരെയേറെ വര്‍ധിച്ചിരിക്കുന്നു.

K.P.Sukumaran said...

ഓ അതെയോ ! ഗാന്ധി എന്താക്കി .. ഇന്ത്യ മാന്തി പുണ്ണാക്കി .. ഇത് പഴയ മുദ്രാവാക്യം !

Anonymous said...

ഓ അതെയോ ! ഗാന്ധി എന്താക്കി .. ഇന്ത്യ മാന്തി പുണ്ണാക്കി .. ഇത് പഴയ മുദ്രാവാക്യം !

ഗാന്ധി ഘാതകരുടെ തായ്‌വഴിയില്‍ ഒരാളെ കാണാനാകുന്നു.