ഈ ശിശിരത്തില്‍ എന്റെ കൊച്ചു കൃഷിഭൂമിയില്‍ ബെറി വള്ളികളെ പരിപാലിക്കെ ഊതിപ്പെരുപ്പിച്ച നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ കുത്തനെയുള്ള പതനം ഞാന്‍ നിരീക്ഷിക്കയായിരുന്നു. വികാസത്തിന്റേയും സങ്കോചത്തിന്റേയും ആയ ഒരു ചാക്രികത പ്രകൃതിക്കും സഹജമാണല്ലോ. ഇപ്പോള്‍ സങ്കോചിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ “എപ്പോഴും വളര്‍ന്നു കൊണ്ടേയിരിക്കും“ എന്ന കെട്ടുകഥയുടെ അടിസ്ഥാനത്തിലാണല്ലോ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ഉത്തര കാലിഫോര്‍ണിയയിലെ കോകോപെല്ലി ജൈവഫാമിലാണ് കഴിഞ്ഞ പതിഞ്ചുവര്‍ഷമായി എന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം. ആപ്പിള്‍ ചെടികളേയും ബെറി വള്ളികളേയും വളര്‍ത്തു കോഴികളേയും പരിപാലിക്കുന്നതിനിടയില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ അസ്തമയം നോക്കിയിരിക്കെ, ഒരു യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥക്കായി പ്രകൃതി ഒരുക്കിയ മാര്‍ഗങ്ങളും അമേരിക്കയുടെ കൃത്രിമമായ സമ്പദ്‌വ്യവസ്ഥയുടെ മാര്‍ഗങ്ങളും തമ്മിലുള്ള കടുത്ത വ്യത്യാസം എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ അവലംബിക്കുന്ന കൃഷി രീതി പെര്‍മാകള്‍ച്ചര്‍ ആയതുകൊണ്ട് പ്രകൃതിയാണ് എന്റെ കൃഷിക്ക് വഴികാട്ടുന്നത്.
ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ സമ്പദ്‌വ്യവസ്ഥ പ്രകൃതിയുടെ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല കെട്ടിപ്പടുത്തിരിക്കുന്നത്. പ്രകൃതിയുടെ താളവുമായി തികച്ചും സംഘര്‍ഷത്തിലാണത്. അതിനുള്ള വില നാമിപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുകയുമാണ് . കോഴികള്‍ കൂടണയാന്‍ തിരിച്ചുവരികയാണ്; “വളര്‍ച്ച മാത്രം- വിശ്രമമില്ല” എന്ന സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന അതൃപ്തിയുമായി.
2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീക്ക് തത്വജ്ഞാനിയായ ഹെരാക്ലിറ്റസ് പറഞ്ഞു “കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു”. അവ മുകളിലേക്ക് പോകുന്നു... താഴേക്ക് വരുന്നു. അമേരിക്കക്ക് അതിന്റെതായ ഉയര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്; ഇപ്പോള്‍ അത് താഴേക്കുള്ള പതനത്തിലാണ്. വലിയ കോര്‍പ്പറേഷനുകളും അവരുടെ മാധ്യമങ്ങളും സര്‍ക്കാരും എല്ലാരും ചേര്‍ന്ന് അതിനെ ഊതി ഊതി വീണ്ടും മുകളിലേക്ക് ഉയര്‍ത്തുവാന്‍ ശ്രമിക്കുകയാണ്. അത് നടക്കുമെന്ന് തോന്നുന്നില്ല. കിണര്‍ വറ്റി വരളുകയാണ്.
മറ്റെല്ലാ രാജ്യങ്ങളുടേയും സൈനിക ബജറ്റ് ചേര്‍ന്നാലുള്ളതിനേക്കാള്‍ വലിയ സൈനിക ബജറ്റുണ്ടായിട്ടുപോലും നമുക്ക് നമ്മുടെ കോട്ടയെ സംരക്ഷിക്കാനാകുന്നില്ല. നമ്മള്‍ ഉപരോധിക്കപ്പെട്ടിരിക്കുന്നു, ഭീകരന്മാരാലോ മറ്റു ബാഹ്യശക്തികളാലോ അല്ല, മറിച്ച് നമ്മുടെത്തന്നെ ഭീഷണമായ നടപടികളാല്‍.
നമ്മുടെ നേതാക്കള്‍ കുറച്ച് കാലത്തേക്ക് കാര്യങ്ങളെ ഒരല്പം ഊര്‍ജ്ജസ്വലമാക്കിയേക്കും. പണം വാരിയെറിഞ്ഞാല്‍ താല്‍കാലികമായ ഫലം ഉണ്ടാകുമായിരിക്കും . എങ്കിലും അതിന് താഴേക്ക് വന്നേ പറ്റൂ, ഗുരുത്വാകര്‍ഷണം ഊര്‍ജ്ജതന്ത്രത്തിലെ ഒരു അടിസ്ഥാന നിയമമാണ്. വസ്തുക്കള്‍ മുകളിലേക്ക് പോകും, അതിനുശേഷം താഴേക്ക് വരും, ഉടനെ അല്ലെങ്കില്‍ ആത്യന്തികമായി. താഴോട്ടുള്ള പതനം അനിവാര്യമാണെന്ന് തിരിച്ചറിയാത്തവര്‍ക്ക് ഇതിനെ ഒരു അപകടമായോ തകര്‍ച്ചയായോ മാത്രമേ കാണാനാവൂ. എല്ലാം തകര്‍ന്ന് ചിന്നിച്ചിതറുകയാണെങ്കില്‍ , ഒരു പക്ഷെ കൂടുതല്‍ പരിഷ്കൃതമായ രൂപത്തില്‍ എല്ലാം വീണ്ടും കൂട്ടിയോജിപ്പിക്കാനാകും.
എല്ലാ കാര്യത്തിനും ഒരു മറുവശമുണ്ട്. ഹെരാക്ലിറ്റസ് പഠിപ്പിച്ചു. മരണം ജീവിതത്തില്‍ അന്തര്‍ലീനമാണ്. മാറ്റങ്ങളും സ്ഥിരതയില്ലായ്‌മയും മോശം കാര്യങ്ങളല്ല. ജനനം / വളര്‍ച്ച / സങ്കോചം / മരണം ഇതൊക്കെ പ്രകൃതിയുടെ രീതികളാണ്. എല്ലാ ജീവജാലങ്ങളും ഈ സ്വാഭാവികമായ ചക്രം പിന്‍തുടരുന്നു. ജീവിക്കുന്നവയെല്ലാം നശിക്കുന്നു.
വളര്‍ച്ചയില്‍ അധിഷ്ഠിതമായ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സങ്കോചിക്കുകയാണ്. മാധ്യമ സാമ്പത്തിക വിദഗ്ദര്‍ അസ്വസ്ഥരാണ്; പരിഭ്രാന്തര്‍ പോലുമാണവര്‍. അവര്‍ ഇതിനെ സാമ്പത്തിക തകര്‍ച്ച എന്നു വിളിക്കുകയും ആധിയാല്‍ കൈകള്‍ കൂട്ടിത്തിരുമ്മുകയും ചെയ്യുന്നു. അവര്‍ ഈ തകര്‍ച്ച മുന്‍കൂട്ടിക്കാണണമായിരുന്നു. നമുക്കിത് അംഗീകരിച്ചേ മതിയാവൂ. എന്ത് സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ഈ ലോകത്തിന് ഗുണകരമായേക്കും? മലിനീകരണവും ആഗോള കാലാവസ്ഥക്കും പരിസ്ഥിതിക്കും നേരെയുണ്ടാകുന്ന മറ്റു ഭീഷണികളും ഒരു പക്ഷെ കുറഞ്ഞേക്കും?
എന്ത് സംഭവിക്കും എന്നോ എപ്പോള്‍ സംഭവിക്കും എന്നോ കൃത്യമായി പ്രവചിക്കാനാവാത്തവിധം ധാരാളം അസ്ഥിരഘടകങ്ങള്‍ ഇവിടെയുണ്ട്. പക്ഷെ ഞാന്‍ തികച്ചും വ്യത്യസ്തമായ ഒരു ഭാവിക്കുവേണ്ടിയാണ് തയ്യാറെടുക്കുന്നത്. റിച്ചാര്‍ഡ് ഹീന്‍ബെര്‍ഗ് തന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ടില്‍ ചേര്‍ത്ത ഒരു വാക്ക് ഉപയോഗിക്കുകയാണെങ്കില്‍ “വിളക്കുകള്‍ അണക്കുവാനുള്ള” (powerdown) നേരമായിരിക്കുന്നു. നാം ചില കുഴപ്പങ്ങള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പരാജയപ്പെടുകയാണ്.
തകരുന്ന സമ്പദ്‌വ്യവസ്ഥക്ക് ഊര്‍ജം പകരുവാനായി ഓരോ നികുതിദായകനും 800 ഡോളര്‍ വരെ ലഭിക്കുന്ന തരത്തില്‍ 145 ബില്യണ്‍ ഡോളറിന്റെ മറ്റൊരു പുതിയ വികസന പാക്കേജ് കൂടി പ്രസിഡന്റ് ബുഷ് പ്രഖ്യാപിച്ചിട്ടുണ്ട്. പണം ചിലവാക്കി ഈ ദുരവസ്ഥയില്‍ നിന്നു രക്ഷപ്പെടുക എന്നതാണ് ,കുറെ ഏറെ ഡെമോക്രാറ്റുകളുടെയും പിന്‍തുണയുള്ള, ഈ പദ്ധതിയുടെ കാതല്‍. ഷോപ്പിങ്ങ് നടത്തൂ...എന്തൊരു വിചിത്ര കല്പന! കുഴിയില്‍ നിന്നും കരകയറുന്നതിനു പകരം കൂടുതല്‍ ആഴത്തിലേക്ക് പോകുന്ന തരത്തില്‍ പ്രശ്നം വഷളാകുകയായിരിക്കും ഒരു പക്ഷെ സംഭവിക്കുക.
ഗവര്‍മെന്റ് നല്‍കുന്ന ഈ "സാമ്പത്തിക ഉത്തേജനം"(economic stimulus) കൃത്രിമമായ ഒരു സമ്പദ്‌വ്യവസ്ഥയെ വീണ്ടും താങ്ങു കൊടുത്ത് സഹായിക്കുന്ന ഒട്ടും ശരിയല്ലാത്ത പരിഹാരമാര്‍ഗമാണ്. ഇപ്പോള്‍ തന്നെ തങ്ങളുടെ വരവിനേക്കാളുമേറെ ചെലവു ചെയ്തുകൊണ്ടിരിക്കുന്ന ജനതക്ക് ചെലവഴിക്കാനായി കൂടുതല്‍ പണം നല്‍കുന്നത് ഗ്രേറ്റ് ഡിപ്രഷനു ശേഷം നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കുവാന്‍ ഒട്ടും തന്നെ ഉതകുകയില്ല.
സാമ്പത്തിക തകര്‍ച്ച ഒഴിവാക്കുവാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമമാണെന്ന് തോന്നുന്നു. തിരിച്ചടികള്‍ സമര്‍ത്ഥമായി നേരിടുകയും ‘ഇനിയില്ല’ എന്നതിനും “ഇതുവരെയും ആയില്ല” എന്നതിനും ഇടയിലുള്ള ഈ അന്തരാളഘട്ടത്തില്‍ എങ്ങനെ മുന്നോട്ട് പോകാം എന്നു കണ്ടെത്തുകയുമായിരിക്കും ഒരു പക്ഷെ കൂടുതല്‍ മെച്ചപ്പെട്ട സമീപനം . അങ്ങനെ ചെയ്യുവാന്‍ കഴിയുന്നവര്‍ക്ക് , മാറിക്കൊണ്ടിരിക്കുന്ന ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് ഇതില്‍ നിന്നും ഗുണമുണ്ടാക്കുവാന്‍ പോലും കഴിഞ്ഞേക്കും.
കഴിഞ്ഞ 7 വര്‍ഷമായി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വികസിക്കുകയായിരുന്നു. ഇതിപ്പോള്‍ സങ്കോചിക്കുവാനുള്ള സമയമാണ്, സാമ്പത്തിക വിദഗ്ദര്‍ വിലപിക്കുന്നുണ്ടെങ്കിലും. 2007ലെ അവസാനത്തെ മൂന്നു മാസത്തില്‍ സാമ്പത്തിക വളര്‍ച്ച ഒരു ശതമാനത്തിനടുത്തേക്ക് താണിരുന്നു. അതിനു മുന്‍പുള്ള മൂന്നുമാസത്തെ 4.9% വളര്‍ച്ചയില്‍ നിന്നുമുള്ള ഒരു വലിയ പതനം. ജനുവരി 17 ലെ അസോസിയേറ്റഡ് പ്രസ്സിലെ ലേഖനമനുസരിച്ച് വളര്‍ച്ച ഒരു പക്ഷെ ഇപ്പോള്‍ നെഗറ്റീവ് ആയിട്ടുണ്ടാവും.
മുഖ്യധാരാ സാമ്പത്തിക വിദഗ്ദര്‍ സാമ്പത്തിക മാന്ദ്യം(depression ), തകര്‍ച്ച (collapse) - ഈ സങ്കോചം ഇങ്ങനെ തുടരുകയാണെങ്കില്‍ അത് സംഭവിച്ചേക്കും- എന്നീ വാക്കുകള്‍ പരസ്യമായി ഉച്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ധാരാളം പേര്‍ക്ക് അസൌകര്യങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിച്ചേക്കാവുന്ന വലിയ മാറ്റങ്ങള്‍ക്കിടയാക്കും. എങ്കിലും അത് മോശം എന്നതിനേക്കാളുപരി അനിവാര്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്ക താഴോട്ട് പോകുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇത് മുന്നേറാനുള്ള അവസരമാണ്. മാന്യമായ ഒരു വീഴ്ച കയ്പ്പേറിയതും ശരവേഗത്തിലുള്ളതും പ്രതികൂലവുമായ ഒന്നിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ്. മുളംകമ്പിന്റെ മെയ്‌വഴക്കമായിരിക്കും പൊട്ടാനും ചിതറാനുമിടയുള്ള എല്ലിനേക്കാള്‍ ഈ വീഴ്ചയില്‍ നമുക്ക് മാതൃക. അങ്ങനെയാണെങ്കില്‍ നമുക്ക് ഒരു പക്ഷെ തിരിച്ചുയരുവാന്‍ കഴിഞ്ഞേക്കും, വ്യത്യസ്തവും കൂടുതല്‍ പക്വവുമായ ഒരു രീതിയില്‍.
ഹിലൊയിലെ ഹവായ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മനു മെയര്‍ അമേരിക്കയെ വിശേഷിപ്പിക്കുന്നത് കൌമാരപ്രായക്കാരന്‍ (adolescent)എന്നാണ്. തിരിച്ചടികള്‍ മിക്കപ്പോഴും ഒരു വ്യക്തിയെ പക്വതയാര്‍ജ്ജിക്കുവാന്‍ സഹായിക്കുന്നതുപോലെ സാമ്പത്തികമായ ഈ പതനവും ഒരു പക്ഷെ അമേരിക്കയുടെ വളര്‍ച്ചയെ സഹായിച്ചേക്കും.
"Reinventing Collapse" എന്നത് ന്യൂസൊസൈറ്റി പബ്ലീഷേര്‍സ് ഏപ്രിലില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന, അമേരിക്കയില്‍ താമസിക്കുന്ന റഷ്യക്കാരനായ ദിമിത്രി ഓര്‍ലോവ് രചിച്ച പുസ്തകത്തിന്റെ പ്രകോപനപരമായ തലക്കെട്ടാണ്. ഇപ്പോള്‍ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ തകര്‍ച്ചയെ അദ്ദേഹം സോവിയറ്റ് യൂണിയന്റേതുമായി താരതമ്യം ചെയ്യുന്നു. ഈ പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ www.energybulletin.net എന്ന സൈറ്റിലും മറ്റു ചിലയിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അവസാനത്തെ മൂന്ന് അദ്ധ്യായങ്ങള്‍ "Collapse Mitigation," Adaptation, "Career Opportunities" എന്നിവയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കണ്ട തന്റെ അനുഭവജ്ഞാനത്തിലൂടെ, ഒരേയൊരു വന്‍ശക്തിയായ അമേരിക്കയില്‍ സംഭവിച്ചേക്കാവുന്ന തകര്‍ച്ചയെ നേരിടുവാന്‍ ജനങ്ങളെ സഹായിക്കുവാന്‍ ശ്രമിക്കുകയാണ് ഓര്‍ലോവ്.
ഇനി ഞാന്‍ എന്റെ വിശകലനത്തിന് തികച്ചും വ്യത്യസ്തമായ രണ്ട് സോഴ്‌സുകളെ ആധാരമാക്കട്ടെ. കൃഷിയെ സംബന്ധിച്ച രചനകള്‍ നടത്തുന്ന വെന്‍ഡല്‍ ബെറിയേയും (Wendell Berry) 1979ലെ "Being There." എന്ന സിനിമയില്‍ പീറ്റര്‍ സെല്ലേഴ്സ് അവതരിപ്പിച്ച തമാശക്കാരനായ തോട്ടക്കാരന്‍ ചാന്‍സി(Chance)നേയും.
ബെറി കഴിഞ്ഞ 50 വര്‍ഷത്തിലേറെക്കാലമായി കൃഷി സംബന്ധിയായ ഉപന്യാസങ്ങളും, കവിതകളും നോവലുകളും പ്രസിദ്ധീകരിക്കുന്നു. 1977ല്‍ സിയറ ക്ലബ് പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ "The Unsettling of America," എന്ന പുസ്തകത്തിനു ശേഷം അദ്ദേഹം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. കൃഷിഭൂമിയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങളെല്ലാം തന്നെ പുസ്തക വായനക്കും സംഖ്യകള്‍ കൊണ്ടുള്ള കളികള്‍ക്കും നല്‍കാന്‍ കഴിയുന്നതിനപ്പുറമുള്ള കാര്‍ഷിക വിജ്ഞാനത്തില്‍ അധിഷ്ഠിതമാണ്.
“മനുഷ്യന്റെ ആവാസവ്യവസ്ഥ അല്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥ പ്രകൃതി ഒരുക്കിയിരിക്കുന്ന ആവാസവ്യവസ്ഥയുമായി നിരന്തരം സംഘര്‍ഷത്തിലാണ്, ബെറി തന്റെ "The Total Economy." എന്ന ഉപന്യാസത്തില്‍ എഴുതുന്നു. “മനുഷ്യന്‍ പ്രകൃതിയെ അസംസ്കൃതവസ്തുക്കളുടെ വെറുമൊരു ദാതാവായാണ് കരുതുന്നത്. അതിന്റെ ഫലം അദ്ദേഹം വിശദീകരിക്കുന്നതുപോലെ “സാമ്പത്തികമായ അതിലളിതവല്‍ക്കരണവും” (economic oversimplification) “മണ്ടന്‍ സമ്പദ്‌വ്യവസ്ഥ”സൃഷ്ടിക്കുന്ന “വിഡ്ഢിത്തങ്ങളും” ആണ്. പാടത്ത് പണിയെടുക്കുന്ന ഏറ്റൊരാള്‍ക്കും തന്റെ കണ്ണുകള്‍ ഉയര്‍ത്തി മുകളിലേക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ കാണാന്‍ കഴിയുന്ന ആകാശത്തിന്റെയും മേഘങ്ങളുടേയും അതുപോലെ ഭൂമിക്കും സുന്ദരനീലാകാശത്തിനുമിടക്കുള്ള വിസ്തൃതിയുടെയും ആ വലിയ ചിത്രം കാണുന്നതില്‍ നാം പലപ്പോഴും പരാജയപ്പെടുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്നത് ചിലവു കുറഞ്ഞ ദീര്‍ഘദൂര ഗതാഗത സൌകര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ബെറി തറപ്പിച്ചു പറയുന്നു. അത്തരമൊരു സംവിധാനത്തിന്റെ അഭാവത്തില്‍ ചരക്കുകളെ ഏറ്റവും വില കുറഞ്ഞയിടങ്ങളില്‍ നിന്നും ഏറ്റവും കച്ചവടമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുക എന്നത് സാധ്യമല്ല. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളര്‍ എന്ന പരിധി കടന്നതോടുകൂടി, വില കുറഞ്ഞ എണ്ണ എന്നത് ഇല്ലാതാകുന്നു എന്ന വസ്തുതയെക്കുറിച്ചും വ്യാവസായികതയുടെ(industrialism) ഭക്ഷണത്തിനും, പ്ലാസ്റ്റിക്കിനും, ഗതാഗതത്തിനും, യുദ്ധ സന്നാഹങ്ങള്‍ക്കും ആധുനിക ജീവിതത്തിന്റെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉത്തേജനം നല്‍കുന്ന ഈ “കറുത്ത സ്വര്‍ണ്ണ”ത്തിന്റെ വര്‍ദ്ധിക്കുന്ന വിലയെക്കുറിച്ചും നാം കൂടുതല്‍ കൂടുതല്‍ ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണ്.
ബെറി പറയുന്നതു പോലെ നമുക്കാവശ്യം ഒരു യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയാണ് , അല്ലാതെ നാം ജീവിക്കുന്നതു പോലുള്ള ചീട്ടുകൊട്ടാരങ്ങളല്ല. “പണത്തിനപ്പുറത്തുള്ള കാര്യങ്ങളും സംരക്ഷിക്കുക” എന്നാണ് ബെറി നിര്‍ദ്ദേശിക്കുന്നത്. അതുപോലെത്തന്നെ “അയല്‍ക്കൂട്ടങ്ങളും ഉപജീവനവും” എന്ന ആശയം ആധാരമാക്കിയ പ്രാദേശിക സമ്പദ്‌വ്യവസ്ഥയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
കളകള്‍ നശിപ്പിക്കുവാനും സൂഷ്മജീവികളുടെ മണ്ണിലെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ട്, ബെറി ചെടികളുടെ ചുവട്ടില്‍ കമ്പിളി ചുറ്റുന്നതിനിടയില്‍ ഒരു സഹായി എന്നോട് ചോദിച്ചു "പീറ്റര്‍ സെല്ലേഴ്സിന്റെ ആ പഴയ ചിത്രം “Being There” കണ്ടിട്ടുണ്ടോ?” പാടത്ത് സഹായികളുമൊത്ത് ജോലി ചെയ്യുന്നതിനിടക്ക് ഞാനും ജെഫ് സ്‌നൂക്കും ബാങ്കുകളുടെ സാമ്പത്തികപ്രശ്നങ്ങള്‍, ഹൌസിങ്ങ്, ഡോളര്‍, തൊഴിലില്ലായ്മ, ചെറുകിടവ്യാപാരം, ഉപഭോക്‍തൃ വിശ്വാസം എന്നിവയെപ്പറ്റിയൊക്കെ സംസാരിക്കാറുണ്ട്.
കൃഷിക്കാര്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി തോട്ടത്തില്‍ വച്ചും പുറത്തുവച്ചുമൊക്കെ സംസാരിക്കാറുണ്ട്. 1950ന്റെ ആദ്യപാദങ്ങളില്‍, അമേരിക്കയുടെ മദ്ധ്യ പടിഞ്ഞാറന്‍ ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതി എത്തുന്നതിനും മറ്റും മുന്‍പെ, ലോവയില്‍ കൃഷിസ്ഥലത്തിനുടമയായിരുന്ന എന്റെ അമ്മാവന്‍ ഡെയ്‌ല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു. വൈദ്യുതിയും ഗ്യാസും ഒന്നും ഇല്ലാതെ ജീവിച്ചു പരിചയമുള്ളതിനാല്‍ ഇനിയും അങ്ങിനെ ജീവിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കുവാന്‍ എനിക്ക് കഴിയും. ടി.വിക്കു പകരമായി രാത്രിയില്‍ കഥ പറച്ചിലും, പകല്‍ സമയത്തെ വിനോദത്തിന് കൃഷിസ്ഥലത്തിലെ മൃഗങ്ങളുമായിരുന്നു ഞങ്ങള്‍ക്കന്നു കൂട്ടുണ്ടായിരുന്നത്. ആധുനികമായ പല സൌകര്യങ്ങളും ഇല്ലായിരുന്നെങ്കിലും അതൊരു നല്ല ജീവിതമായിരുന്നു. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗത്തിന്റെ ശൈലിയിലേക്ക് മാറുവാനും, “വിളക്കുകള്‍ അണക്കുവാനും” നാം നിര്‍ബന്ധിതരായേക്കാം എന്നതു കൊണ്ട് ആധുനിക സൌകര്യങ്ങളില്‍ ചിലതൊക്കെ നമുക്ക് അനതിവിദൂര ഭാവിയില്‍ ഉപേക്ഷിക്കേണ്ടി വന്നേക്കാം.
ഈയിടെ ഞാനും ജെഫും തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കെ സങ്കോചത്തിന്റെതായ പല ശകുനങ്ങളും ദൃശ്യമായിരുന്നു - ഓക്കുമരങ്ങളില്‍ നിന്നും നിലം പതിക്കുന്ന ഇലകള്‍, ചുരുങ്ങുന്ന ബോയന്‍സ്‌ബെറി വള്ളികള്‍, മുട്ടയിടലിന് വാര്‍ഷിക അവധി പ്രഖ്യാപിച്ച സുന്ദരി കോഴികള്‍.... ഇവയൊക്കെ മുന്‍കൂട്ടി കാണാവുന്നതും എല്ലാ വര്‍ഷവും സംഭവിക്കുന്നതുമാണ്. ബുദ്ധിയുള്ള പക്ഷികളും അണ്ണാറക്കണ്ണന്മാരും ചെയ്യുന്നതു പോലെ, ഞാനും ഇതനുസരിച്ചാണ് എന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്.
“Being There എന്ന സിനിമയിലെ ചാന്‍സ് എന്ന കഥാപാത്രം പ്രകൃതിയുടെ കാലചക്രങ്ങളെ നിരീക്ഷിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലളിതമനസ്കനായ ഒരു തോട്ടക്കാരനാണ്.“ ജെഫ് സൂചിപ്പിച്ചു. “ വസന്തത്തില്‍ ചെടികള്‍ നടണമെന്നും, അവ അതിനുശേഷം വളരുകയും മരിക്കുകയും ചെയ്യും എന്ന പ്രകൃതിയുടെ അടിസ്ഥാന താളം അയാള്‍ക്കറിയാമായിരുന്നു.”
ആ ചിത്രത്തില്‍ ഒരു സാങ്കല്പിക അമേരിക്കന്‍ പ്രസിഡന്റ് സാമ്പത്തിക ഉപദേഷ്ടാവിനെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോള്‍ ചാന്‍സിന്റെ കണ്ടുമുട്ടുന്നുണ്ട്. പ്രസിഡന്റ് സാമ്പത്തിക വളര്‍ച്ചക്കായി ഒരു താല്‍കാലിക പദ്ധതി മുന്നോട്ട് വയ്‌ക്കുന്നു.”വേരുകള്‍ മുറിയാത്തിടത്തോളം കാലം തോട്ടത്തില്‍ എല്ലാം നന്നായിരിക്കും” ചാന്‍സ് മറുപടിയായി പറയുന്നു. ” ചിലതൊക്കെ കൊഴിഞ്ഞുപോകേണ്ടതുണ്ട്” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. ബുദ്ധിമാനായ പ്രസിഡന്റ് ചാന്‍സിന്റെ ലളിതമായ ഉപദേശം സ്വീകരിക്കുന്നു, നമ്മുടെ ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രസിഡന്റ് ഇത്തരമൊരു കാര്യം ചെയ്യുവാന്‍ യാതൊരു സാദ്ധ്യതയും ഞാന്‍ കാണുന്നില്ല. ബാന്‍ഡ് എയ്‌ഡ് അല്ല മറിച്ച് ഒരു ദീര്‍ഘകാല പ്രശ്നപരിഹാരമാണ് ആവശ്യമെന്ന് മനസ്സിലാക്കിക്കൊണ്ട് സിനിമയിലെ പ്രസിഡന്റ്, ചാന്‍സിന്റെ കാലികവും പ്രകൃത്യാനുസാരിയുമായ ഉപദേശം അംഗീകരിക്കുന്നു.
ശരിക്കു പറഞ്ഞാല്‍, നമ്മുടെ സമ്പദ്‌വ്യവസ്ഥ അതിന്റെ വേരുകളില്‍ നിന്ന്; ഭൂമിയില്‍ നിന്നു തന്നെ, വേര്‍പെടുത്തപ്പെട്ടിരിക്കുന്നു. നികുതിയിളവിലൂടെ ബുഷ് മുന്നോട്ട് വെക്കുന്ന “സാമ്പത്തിക വളര്‍ച്ചാ ഉത്തേജക” പഞ്ചസാരഗുളികയല്ല നമുക്കാവശ്യം മറിച്ച് പ്രായോഗികവും ലളിതവുമായ ഒരു സാമ്പത്തിക സമീപനമാണ്.
നമുക്ക് അടിസ്ഥാന തത്വങ്ങളിലേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു, അമേരിക്കയില്‍. എപ്പോഴും ഒന്നാമതായിരിക്കണമെന്നും, എല്ലാം നമ്മുടെ നിയന്ത്രണത്തിലാകണമെന്നും, എന്നന്നേക്കും ആധിപത്യമുള്ള ഭരണകര്‍ത്താക്കള്‍ ആയിരിക്കണമെന്നും, അതിനെല്ലാം ഉപരിയായി ഏക വന്‍ശക്തി ആകണമെന്നുമുള്ള നമ്മുടെ മോഹങ്ങളെല്ലാം അതിരു കടന്നതായിരുന്നു. പരാജയപ്പെടുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയെ കൃത്രിമമായി താങ്ങി നിറുത്താന്‍ നമുക്ക് എന്തൊക്കെ അഭ്യാസങ്ങള്‍, എത്രയൊക്കെ യുദ്ധങ്ങള്‍ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഈ യുദ്ധങ്ങളൊക്കെ പരിസ്ഥിതിയേയും മറ്റു മനുഷ്യരേയും പക്ഷിമൃഗാദികളേയും സസ്യജാലങ്ങളേയും എന്നു വേണ്ട ജീവന്‍ നിലനില്‍ക്കാന്‍ അത്യന്താപേക്ഷിത ഘടകങ്ങളായ ശുദ്ധ ജലത്തെയും വായുവിനെയും പോലും നശിപ്പിക്കാതെ നമുക്ക് ജയിക്കാനാവുമോ? ഏതൊരു വളര്‍ച്ചക്കും ഒരതിരുണ്ട് എന്നത് നാം അംഗീകരിച്ചേ മതിയാവൂ..
കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ പൌരന്മാരുടെ എണ്ണം ജനസംഖ്യയുടെ 2 ശതമാനത്തിലധികം വരില്ല. നമുക്ക് നിലനില്‍ക്കണമെങ്കില്‍ ഈ സംഖ്യ വര്‍ദ്ധിച്ചേ മതിയാവൂ. കൃഷി എന്നത് രസകരവും നമ്മെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കുന്നതും, നമ്മുടെ തീന്‍ മേശകളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതും ഒപ്പം സമുദായങ്ങളെ സൃഷ്ടിക്കുന്നതുമാണ് എന്ന് നാം തിരിച്ചറിയണം. കൃഷി എന്നത് ഏതു സംസ്ക്കാരത്തിന്റെയും ആധാരശിലയാണ് (Agri-culture, after all, is a basis of culture). നമ്മുടെ കൃഷിയും സംസ്ക്കാരവും നാള്‍ തോറും അഭിവൃദ്ധിപ്പെടട്ടെ...പക്ഷെ അത് ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന, തെറ്റായ, വിഡ്ഢികളുടെ മരമണ്ടന്‍ സമ്പദ് വ്യവസ്ഥയെ ആധാരമാക്കിയാവരുത് എന്ന് മാത്രം.
മരിച്ചുകൊണ്ടിരിക്കുന്ന ഈ സാമ്പത്തികക്രമത്തിന് ഞാന്‍ നിത്യശാന്തി നേരുന്നു.
നമുക്ക് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പ്രകൃതിയുടെ സാമ്പത്തികക്രമവുമായി , അതിന്റെ താളവുമായി പുനര്‍സംയോജിപ്പിക്കേണ്ടിയിരിക്കുന്നു.
(Dr. Shepherd Bliss കൌണ്ടര്‍ പഞ്ചില്‍ എഴുതിയ Nature's Way - The False U.S. Economy എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)
Dr. Shepherd Bliss teaches part-time at Sonoma State University, runs Kokopelli Farm, and has contributed to over 20 books, most recently to " Sustainability". He can be reached: sbliss അറ്റ് hawaii ഡോട്ട് edu