Sunday, January 6, 2008

മലയാള സിനിമ 2007 - രക്ഷക്കും ഉപേക്ഷക്കുമിടയില്‍

സ്വയം നവീകരിക്കാനുള്ള ശ്രമങ്ങളൊന്നും മലയാള സിനിമാപ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ചു കാലമായി നടത്താറില്ല. ഇതിന്റെ ഫലമായി തുടര്‍ച്ചയായ പ്രതിസന്ധികളുടെ ഘട്ടങ്ങളെയാണ് മലയാള സിനിമ നേരിട്ടു പോരുന്നത്. ഓരോ കാലത്തും ഓരോ കാരണങ്ങളാണ് ഇതിനായി നാം കണ്ടെത്തി പ്രഖ്യാപിക്കാറുള്ളത്. 2006 വര്‍ഷം അവസാനിച്ചപ്പോഴും 2007 ആരംഭിച്ചപ്പോഴും നമ്മുടെ പ്രധാന ശത്രു വ്യാജ സിഡി ആയിരുന്നു. പത്രങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും സര്‍വോപരി സിനിമാതാരങ്ങളുടെയും മറ്റു സാങ്കേതിക പ്രവര്‍ത്തകരുടെയും മുഴുവന്‍ പിന്തുണയോടെ ഋഷിരാജ് സിംഗ് സിനിമാസ്റൈലില്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തില്‍ കേരള സംസ്ഥാനം തന്നെ നടുങ്ങി. സംസ്ഥാനം വ്യാജ സിഡി വിമുക്തമാക്കി പ്രഖ്യാപിച്ചു. ലോകത്തിലാദ്യത്തെ വ്യാജ സിഡി വിമുക്ത സംസ്ഥാനം. ഒറിജിനലേത്, വ്യാജനേത് എന്ന തര്‍ക്കത്തിന് സ്ഥാനം കൊടുക്കാതെ എല്ലാ സിഡിയും വ്യാജനാണെന്ന തീര്‍പ്പു കല്‍പിച്ച് സിഡിക്കടകള്‍ വ്യാപകമായി റെയിഡ് ചെയ്ത് മലയാള സിനിമയെ രക്ഷിച്ച രക്ഷകാവതാരം ഋഷിരാജ് സിംഗിനാണ് ഈ അവലോകനം സമര്‍പ്പിക്കുന്നത്.

തിയറ്ററുകളില്‍ കളക്ഷന്‍ കൂടി, മലയാള സിനിമയില്‍ ഇനി വിജയകാലങ്ങള്‍ മാത്രം എന്ന വമ്പന്‍ തലക്കെട്ടുകള്‍ അടിച്ചുവിട്ട മാധ്യമങ്ങളെവിടെപ്പോയൊളിച്ചു? ഇപ്പോഴും മലയാള സിനിമയില്‍ പ്രതിസന്ധി തുടരുകയാണ്.

എന്താണ് കാരണം?

അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റ് പറയുന്നത് തെലുങ്കു സിനിമ മൊഴി മാറ്റി അത് കേരളത്തിലെ കൊട്ടകകളില്‍ നിറക്കുന്നതുകൊണ്ടാണ് മലയാള സിനിമ തകരുന്നത് എന്നാണ്. ഒരു പ്രതിവിധി നിര്‍ദ്ദേശിച്ചോട്ടെ! മലയാള സിനിമാപ്രവര്‍ത്തകരെല്ലാവരും കൂടി തെലുങ്കിലേക്ക് കുടിയേറി അവിടെ സിനിമയെടുത്ത് അതിനെ മലയാളമാക്കി മാറ്റിയാല്‍ പോരേ? എല്ലാ പ്രതിസന്ധിയും പെട്ടെന്ന് തീരും. യഥാര്‍ത്ഥത്തില്‍ മലയാളിയായ നയന്‍താര തെലുങ്കില്‍ ഗ്ലാമറസായി അഭിനയിച്ചുതുടങ്ങിയതോടെയാണ് തെലുങ്കു ഡബിംഗ് സിനിമകള്‍ക്ക് കേരളത്തില്‍ മാര്‍ക്കറ്റ് കൂടിയത് എന്നതാണ് വാസ്തവം.

ഭാവുകത്വത്തിലും ദൃശ്യവിന്യാസത്തിലും ഇതിവൃത്ത പരിചരണത്തിലും നവീകരണങ്ങള്‍ക്ക് തയ്യാറല്ലാത്ത ഒരു ബലതന്ത്രമാണ് മലയാളസിനിമയിലുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള പുതിയ മലയാളി അഭിമുഖീകരിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ ഏതെങ്കിലും രീതിയില്‍ സമീപിക്കാന്‍ മലയാള സിനിമക്കു സാധിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നം.

2007ല്‍ പുറത്തിറങ്ങിയ എഴുപതിലധികം മലയാള ചിത്രങ്ങളില്‍ അഞ്ചോ ആറോ സിനിമകള്‍ മാത്രമാണ് വാണിജ്യവിജയം നേടിയതെന്നാണ് വ്യവസായത്തിനകത്തുള്ളവര്‍ പറയുന്നത്. മായാവി, ഛോട്ടാ മുംബൈ, വിനോദയാത്ര, അറബിക്കഥ, നസ്രാണി, ചോക്കളേറ്റ്, എന്നീ സിനിമകള്‍ മാത്രമാണ് ബോക്സാഫീസില്‍ ലാഭം നേടിയത്.

ആക്ഷന്‍ നായകന്മാര്‍ക്ക് പകരക്കാരനായി വരാനുള്ള കലാഭവന്‍ മണിയുടെ ശ്രമങ്ങള്‍ക്ക് അല്‍പം മുന്നേറ്റം ഈ വര്‍ഷം ഉണ്ടായി. അടിയും അടിപൊളി നൃത്തവുമായി ഇറങ്ങിയ മണിച്ചിത്രങ്ങള്‍ക്ക് ബി സി ക്ലാസ് സെന്ററുകളില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. കുറഞ്ഞ ബഡ്ജറ്റില്‍ കടുത്ത അച്ചടക്കത്തോടെ പൂര്‍ത്തിയാക്കിയ ഈ സിനിമകള്‍ നിര്‍മാതാവിന് വലിയ നഷ്ടവും ഉണ്ടാക്കിയില്ല. പഴയ തമിഴ് സിനിമകളില്‍ നിന്നും മോഹന്‍ലാല്‍ പടങ്ങളില്‍ നിന്നും കഥയും സീനുകളും കൂട്ടിക്കെട്ടിയുണ്ടാക്കിയ പായുംപുലിയില്‍ പുതുതായി ഒന്നുമില്ല. മോഹന്‍ കുപ്ലേരിയാണ് സംവിധാനം. നായികയായി രംഭയും ഐറ്റം ഡാന്‍സറായി ബാബിലോണയും ചേര്‍ന്നുള്ള ഗ്ലാമറും മണിയുടെ തീ പാറുന്ന സംഘട്ടനങ്ങളും ചേര്‍ന്ന് നേരംപോക്കിനായി തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ സംതൃപ്തപ്പെടുത്തുന്നു. ശരത് ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത നന്മയില്‍ മുത്തു ചെട്ട്യാര്‍ എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിക്കുന്നതിലൂടെ മണി തന്റെ അഭിനയ പാടവം തെളിയിക്കുന്നുണ്ട്. അനാഥശവങ്ങള്‍ കൊണ്ടുപോയി ചുടലയില്‍ സംസ്ക്കരിക്കുന്ന ജോലിയാണ് മുത്തു ചെട്ട്യാരുടേത്. പോലീസിന് വലിയ സഹായമാണ് ഇതെങ്കിലും സമൂഹത്തിനു മുന്നില്‍ അയാളൊരു ബഹിഷ്കൃതനാണ്.

ഇത്തരത്തിലുള്ള ബഹിഷ്കൃത കഥാപാത്രങ്ങളെ മുഖ്യധാരാ സിനിമയില്‍ നായകവേഷങ്ങളിലേക്ക് കൊണ്ടുവന്നത് ശ്ലാഘനീയമായ കാര്യമാണെന്ന് എടുത്തുപറഞ്ഞേ മതിയാവൂ. സമൂഹം അയാളോട് കാണിക്കുന്ന വഞ്ചനാപരമായ സമീപനം തന്നെയാണ് സിനിമയിലെ പ്രധാന ചര്‍ച്ചാവിഷയം. മുത്തുചെട്ട്യാരുടെ മകന്‍ നകുലന്‍ (റഹ്മാന്‍) വിദ്യാഭ്യാസമുള്ളവനാണെങ്കിലും അഛന്റെ ജോലിയുടെ ഭാരം പുറകിലുള്ളതുകൊണ്ട് മാന്യമായ ജോലികളില്‍ നിന്ന് പുറത്താക്കപ്പെടുകയും അങ്ങിനെ ബ്ലേഡ് കമ്പനിക്കാരന്റെ പണം പിരിവ് ഗുണ്ടയായി തീരാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ചെട്ട്യാരുടെ പഴയകാല ശത്രുവിന്റെ ഗുണ്ടയാണ് നകുലന്‍ എന്ന രീതിയിലുള്ള സ്ഥിരം സിനിമാക്കഥ തന്നെയാണ് പിന്നീട് നമ്മെ കാത്തിരിക്കുന്നത്. കലാഭവന്‍ മണിയുടെ വൈവിധ്യമുള്ള അഭിനയത്തിന് സാധ്യത തുറന്നിട്ടു എന്നതും സമൂഹത്തില്‍ നിരാകരിക്കപ്പെടുന്ന കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഫോര്‍ട്ട് കൊച്ചിയിലെ ജീവിതം ചിത്രീകരിക്കുന്നു എന്ന ധാരണ ജനിപ്പിക്കുന്ന ഛോട്ടാ മുംബൈ, ഹിന്ദി തമിഴ് ബ്ലോക്ക്ബസ്ററുകള്‍ ചവച്ചു തുപ്പിയ കഥയും സീനുകളും തുന്നിക്കെട്ടിയുണ്ടാക്കിയ ഒരു സാധാരണ സിനിമ മാത്രമാണ്. വാസ്കോ എന്നും തല എന്നും പേരുള്ള മോഹന്‍ലാല്‍ ഗുസ്തിക്കാരനായിരുന്ന മൈക്കിള്‍ ആശാന്റെ(സായികുമാര്‍) മകനാണ്. ജഗതി, സിദ്ദീഖ്, ഇന്ദ്രജിത്, മണിക്കുട്ടന്‍ എന്നിവരാണ് നായകന്റെ സ്ഥിരം അനുയായികള്‍. കലാഭവന്‍ മണി അവതരിപ്പിക്കുന്ന സി ഐ നടേശന്‍ ആണ് പ്രതിനായകന്‍. രാജമാണിക്യത്തിന്റെ അസാമാന്യ വിജയത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാമുംബൈ കോമഡിയും അടിപിടിയും മോഹന്‍ലാലിന്റെ താരപ്രാഭവവും ചേര്‍ത്ത് സാമാന്യ വിജയം നേടിയ ചിത്രമാണ്.

വ്യക്തമായ കഥയൊന്നും പറയാനില്ലാതിരിക്കുകയും മോഹന്‍ലാലിന്റെ ജനപ്രിയതയില്‍ കാശു വാരാം എന്നു കരുതുകയും ചെയ്തതിന്റെ തിക്തഫലങ്ങളാണ് അലിഭായ്, റോക്ക് എന്‍ റോള്‍ എന്നീ സിനിമകള്‍. മീശ പിരിച്ചും 'ബേജാറാക്കാതെ കോയാ' എന്ന് കോഴിക്കോടന്‍ സ്ലാങില്‍ പറയാന്‍ ശ്രമിച്ചും എതിരാളികളെ തല്ലിയൊതുക്കിയും മുന്നേറിയ ഗുണ്ടയും രക്ഷകനുമായ അലിഭായിയെ മോഹന്‍ലാല്‍ രസികര്‍ പോലും കയ്യൊഴിഞ്ഞു. പലപ്പോഴും മോഹന്‍ലാല്‍ ക്യാമറയില്‍ നോക്കിയാണ് സംസാരിക്കുന്നത്. ക്ലോസപ്പുകളുടെ അമിതമായ തള്ളിച്ചയും നായകത്വത്തെക്കുറിച്ച് കച്ചവട സിനിമ എക്കാലത്തും വിഭാവനം ചെയ്യുന്ന ഘടകങ്ങളും ചേര്‍ന്ന് അലിഭായിയെ അസഹനീയമായ ഒരു സിനിമയാക്കി തീര്‍ത്തു. അടിപിടി സിനിമകളും ഇടക്കിടെ ഹിന്ദുത്വത്തെ മുഖമറയണിയിക്കുന്ന ആര്‍ട് സിനിമകളും മാറിമാറി സംവിധാനം ചെയ്യുന്ന രഞ്ജിത്തിന്റെ മോഹന്‍ലാല്‍ പരീക്ഷണമാണ് റോക്ക് എന്‍ റോള്‍. അറുപതുകളിലെ അമേരിക്കയില്‍ ജനപ്രിയമായിത്തീര്‍ന്ന ഡാന്‍സ് രൂപവുമായി റോക്ക് എന്‍ റോളിന് ഒരു ബന്ധവുമില്ല. ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം, എന്നീ മുന്‍ രഞ്ജിത് ചിത്രങ്ങളിലെ മോഹന്‍ലാലിനെ കോപ്പിയടിക്കുക മാത്രമാണ് ഈ ചിത്രത്തിലും ചെയ്യുന്നത്. വ്യക്തമായ ഉദ്ദേശ്യമോ തിരക്കഥയോ ഇല്ലാതെ സൂപ്പര്‍സ്റാര്‍ എന്ന പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നുന്ന ഇത്തരം വികലാവതരണങ്ങളെ തുടക്കത്തിലെ നിരാകരിക്കാനായില്ലെങ്കില്‍ മോഹന്‍ലാലിന്റെ കഥ പരിതാപകരം തന്നെയാവും.

വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ പാളിപ്പോയ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് വൈകൃതങ്ങളിലൂടെ അസഹനീയമായിത്തീര്‍ന്ന ഒരു സിനിമയാണ്. അന്വേഷണാത്മക പത്ര പ്രവര്‍ത്തനം നടത്തുന്ന മായ(കാവ്യാ മാധവന്‍)യെ വില്ലന്മാര്‍ തട്ടിക്കൊണ്ടുപോകുന്നതും അഴിമതിക്കാരായ മന്ത്രിമാരുടെ ഗൂഢപ്രവൃത്തികളെ ജില്ലാകലക്ടറായ അനിത വില്ല്യംസിന്റെ(കാര്‍ത്തിക) സഹായത്തോടെ ഒളിക്യാമറയില്‍ പകര്‍ത്തുന്നതു പോലുള്ള അതിശയിപ്പിക്കുന്ന കഥയാണുള്ളത്. അദൃശ്യനാവുകയും പിന്നീട് അസാമാന്യവലുപ്പത്തിലേക്ക് വളരുകയും ചെയ്യുന്ന അനാഥബാലനാണ് ഇവരെ പിന്നീട് രക്ഷിക്കുന്നത്.

ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ എന്ന ചിത്രത്തില്‍ പാര്‍ടിക്കുവേണ്ടി ഐ ടി മേഖലയിലെ ഉന്നതജോലി വലിച്ചെറിയുന്ന അലെക്സ് (മണിക്കുട്ടന്‍) എന്ന കഥാപാത്രം അറബിക്കഥയിലുദ്ദേശിച്ചതുപോലത്തെ പഴഞ്ചനായ ഒരു കമ്യൂണിസ്റ് പാര്‍ടിയാണ് കേരളത്തില്‍ നല്ലത് എന്ന വലതുപക്ഷത്തിന്റെ ആഗ്രഹം നിവര്‍ത്തിച്ചുകൊടുക്കുന്നു. സോഫ്റ്റ് വെയര്‍ ബിസിനസുകാരനായ ഹരീന്ദ്രന്‍ (ഇന്ദ്രജിത്) ചെയ്യാത്ത തെറ്റുകളുടെ പേരില്‍ അയാള്‍ മാധ്യമങ്ങളാല്‍ വേട്ടയാടപ്പെടുന്നതും അയാളുടെ വ്യക്തിത്വം നിരന്തരമായി അപഹസിക്കപ്പെടുന്നതും കേരളത്തില്‍ പതിവായ ചില മാധ്യമതന്ത്രങ്ങളെ അടിസ്ഥാനമാക്കി വിവരിക്കപ്പെടുന്ന കാര്യമാണെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തതിനാല്‍ പാളിപ്പോയി.

ആരെയും നോവിപ്പിക്കാത്ത വിധം ഗതാനുഗതമായ കഥയും ആവിഷ്ക്കരണവും എക്കാലവും വിജയഫോര്‍മുലയായി കൊണ്ടുനടക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ഈ വര്‍ഷത്തെ ഹിറ്റാണ് വിനോദയാത്ര. സ്വന്തമായി ജീവിതലക്ഷ്യങ്ങളൊന്നുമില്ലാത്ത എംസിഎ ക്കാരനായ വിനോദ് എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിലവതരിപ്പിക്കുന്നത്. മര്യാദയും ജീവിതവീക്ഷണവും പഠിപ്പിക്കാനായി അളിയനും സര്‍ക്കാര്‍ എഞ്ചിനീയറുമായ മുകേഷിന്റെ ഷാജി രാഘവന്റെ ക്വാര്‍ട്ടേഴ്സില്‍ വിനോദിനെ കൊണ്ടിടുകയാണ് കഥ. വര്‍ഗീയകലാപത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഗതിയില്ലാതാവുന്ന പോലീസ് കോണ്‍സ്റബിളായ മുരളിയുടെ കഥാപാത്രത്തിന്റെ മകളായ അനുപമയെ മീരാജാസ്മിന്‍ അവതരിപ്പിക്കുന്നു. മലപ്പുറത്താണ് വര്‍ഗീയ കലാപം നടന്നത് എന്നും പോലീസിനെ കുത്തിയത് തുര്‍ക്കിത്തൊപ്പി ധരിച്ച മുസ്ലീങ്ങളായിരുന്നുവെന്നുമുള്ള വിശദാംശങ്ങള്‍ സൂക്ഷ്മമായി ചേര്‍ത്തിട്ടുണ്ട്. മുഖ്യധാരാ സിനിമയുടെ വര്‍ഗീയ പക്ഷപാതിത്വങ്ങള്‍ വെളിവാക്കപ്പെടുന്ന കൃത്യമായ സന്ദര്‍ഭമാണിത്.

ക്യൂബയിലെയും ഇറാക്കിലെയും വെനിസ്വേലയിലെയും കാര്യങ്ങളറിയുന്നവര്‍ക്ക് അരിയുടെയും ഉള്ളിയുടെയും വിലയറിയില്ലെന്ന അനുപമയുടെ കമന്റ് ചിത്രമിറങ്ങിയ കാലത്ത് പരസ്യമായും ടെലിവിഷന്‍ കോമഡിയായും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. അരാഷ്ട്രീയവല്‍ക്കരണത്തിനുള്ള ഒരു തുറന്ന ആഹ്വാനമായിരുന്നു ഇത് എന്നത് പരാമര്‍ശിക്കപ്പെടാതെ പോകുകയും ചെയ്തു. കുടുംബകഥയാണെന്ന ലേബലില്‍ മൃദുഹിന്ദുത്വ-വലതുപക്ഷ ആശയങ്ങള്‍ ചലച്ചിത്രവത്ക്കരിക്കുമ്പോള്‍ അവ വന്‍ വിജയമാവുന്നുവെന്നത് കേരള സമൂഹത്തിന്റെ പൊതുബോധ നിര്‍ണയപഠനത്തിന് വിധേയമാക്കേണ്ടതാണ്.

നൂതനമായ ശൈലി ഉപയോഗിക്കുന്നുവെന്നും സാങ്കേതിക മികവ് പുലര്‍ത്തുന്നുവെന്നും തോന്നിപ്പിക്കുന്ന അമല്‍ നീരദിന്റെ ബിഗ് ബി പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന പ്രയോഗം സാര്‍ത്ഥകമാക്കുന്ന ഒരു സിനിമയാണ്. രാംഗോപാല്‍ വര്‍മയെ വികലമായി അനുകരിക്കുന്ന ഈ സിനിമയും കൊച്ചിയിലെ അധോലോകത്തിന്റ കഥ പറയാന്‍ ശ്രമിക്കുന്നു. ജോണ്‍ സിങ്കിള്‍ടണിന്റെ ഫോര്‍ ബ്രദേഴ്സ് എന്ന ഹോളിവുഡ് ബ്ളോക്ക് ബ്ലസ്ററിനെയാണ് ബിഗ് ബി കോപ്പിയടിക്കുന്നത്. ഇത്തരത്തിലുള്ള സിനിമകള്‍ ആവശ്യമുള്ള തമിഴ്-തെലുങ്ക്-ഹിന്ദി വ്യവസായങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ഒരു റെസ്യൂം ആണ് അമല്‍ നീരദിന് ബിഗ് ബി എന്നു തോന്നുന്നു.

കോമഡിയും അടിപിടിയും ചേര്‍ത്ത് തട്ടിക്കൂട്ടിയ ഷാഫിയുടെ മായാവി അസാധാരണമായ വാണിജ്യവിജയമാണ് നേടിയത്. മമ്മൂട്ടിയുടെ അയഥാര്‍ത്ഥമായ താരപ്പൊലിമ ഉപയോഗപ്പെടുത്തിക്കൊണ്ട് രഞ്ജിത്ത്-ജോഷി ടീം തട്ടിക്കൂട്ടിയ നസ്രാണി വിചാരിച്ചതുപോലെ വന്‍വിജയം നേടിയില്ലെങ്കിലും ശരാശരി വിജയം നേടിയെടുത്തു. ഡേവിഡ്‌ജോണ്‍ കൊട്ടാരത്തില്‍ എന്ന കോട്ടയം അച്ചായനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഛായ തോന്നിപ്പിക്കുന്ന കുറെ സംഭവങ്ങളും പിന്നെ സാധാരണ സിനിമാക്കഥയും കുട്ടിക്കുഴക്കുന്ന നസ്രാണി ഒരു പുതുമയും അവശേഷിപ്പിക്കാതെ മറവിയിലേക്ക് വളരെ വേഗം യാത്രയാകും.

ക്ലാസ്‌മേറ്റ്സിനു ശേഷം പുതിയ തലമുറയെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ചോക്കളേറ്റ് 2007ലെ വന്‍ വിജയങ്ങളിലൊന്നാണ്. കോമഡി ചിത്രങ്ങള്‍ മുമ്പുമെടുത്ത് വിജയിപ്പിച്ചിട്ടുള്ള ഷാഫിയാണ് സംവിധായകന്‍. മലയാള സിനിമയിലെ ഉദിച്ചുയരുന്ന പുതുതാരമായ പൃഥ്വിരാജിന് അനുരൂപമായ വിധത്തില്‍ തയ്പിച്ചുകൊടുത്ത വേഷമാണ് ശ്യാമിന്റേത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ നിയമത്തിന്റെ പഴുതിലൂടെ കയറിപ്പറ്റിയ ശ്യാം തുടക്കത്തിലേ നായികയും വില്ലാളി വീരയുമായ റോമയുടെ ആന്‍ മാത്യുവിനോട് പറയുന്ന ഒരു വാചകമിതാണ്. ഞാന്‍ ഒന്നറിഞ്ഞ് പെരുമാറിയാല്‍ പിന്നെ നിനക്ക് പത്തു മാസം പണിയാവും. സ്ത്രീയെ ബലാത്സംഗത്തിലൂടെ തോല്‍പിക്കാമെന്ന പുരുഷാധിപത്യത്തിന്റെ ആഗ്രഹചിന്ത പതിറ്റാണ്ടുകളായി നമ്മുടെ സിനിമയുടെയും ആപ്തവാക്യമാണ്. മീശമാധവനിലും ഇതേ വാചകം ഉണ്ടായിരുന്നു. പൃഥ്വിരാജിനെ പെറ്റിക്കോട്ടണിയിക്കുന്ന രംഗം ആഭാസകരമാണെന്നു തോന്നുമ്പോള്‍, സ്ത്രീകള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായാല്‍ ഇപ്രകാരമായിരിക്കുമെന്ന യുക്തിയാണ് പ്രയോഗിക്കുന്നത്. ഇതിവൃത്തം മുഴുവനായും ഉപയോഗിക്കുന്നത് പുരുഷത്വത്തിന്റെ മേല്‍ക്കോയ്മയെ അംഗീകരിപ്പിച്ചെടുക്കാനാണ്.

സുരേഷ് ഗോപി പതിവുപോലെ ഇമേജിന്റെ തടവില്‍ തന്നെ. അപ്പന്‍ മേനോന്‍ ഐ പി എസ് എന്ന കഥാപാത്രമായി സുരേഷ് ഗോപി വരുന്ന ടൈം ഷാജി കൈലാസിന്റെ രോഷം മുഴുവനായി കോരിയൊഴിച്ച സിനിമയാണ്. ഉദ്യമം എന്ന വാരികയില്‍ മലയാള സിനിമയിലെ ഹിന്ദുത്വാധിനിവേശത്തെക്കുറിച്ച് ലേഖനം വന്നത് ആ വാരികയുടെ മുസ്ലിം തീവ്രവാദ ബന്ധത്തിന്റെ തെളിവാണെന്നാണ് സുരേഷ് ഗോപിയുടെ വായയിലേക്ക് തിരക്കഥാകൃത്തും സംവിധായകനും കയറ്റിവെക്കുന്ന ആരോപണം. യഥാര്‍ത്ഥത്തില്‍ ഈ വിമര്‍ശനം ദേശാഭിമാനി, ഭാഷാപോഷിണി അടക്കമുള്ള പ്രസിദ്ധീകരണങ്ങളിലാണ് ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. മാധ്യമത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറെക്കാലത്തെ ഇടവേളക്കു ശേഷം എം എ വേണുവിന് സംവിധാനം ചെയ്യാനായ പന്തയക്കോഴിയില്‍ ഒരു പുതുമയുമില്ല. നരേന്‍ എന്ന നടനെ ആക്ഷന്‍ ഹീറോയായി അവതരിപ്പിക്കാനുള്ള ശ്രമമാണീ ചിത്രമെന്നും പറയാം. പുതുമുഖങ്ങളെ മുഖ്യ വേഷങ്ങളിലവതരിപ്പിക്കുന്ന സിനിമകളെ മാധ്യമങ്ങളും മറ്റും കണ്ടില്ലെന്നു നടിക്കുകയാണെന്ന കമലിന്റെ ആരോപണത്തിന് നിദാനമായത് അദ്ദേഹത്തിന്റെ ഗോള്‍ എന്ന സിനിമയുടെ പരാജയമാണ്. ബോളിവുഡിനെ അനുകരിച്ചുകൊണ്ട് മികച്ച സാങ്കേതികമേന്മയോടെ അവതരിപ്പിച്ചിട്ടുള്ള ഗോള്‍ പക്ഷെ യുക്തമായ കഥയില്ലാത്തതുകൊണ്ട് അരോചകമായിത്തീര്‍ന്നു.

മദനോത്സവം മുതല്‍ അനിയത്തിപ്രാവ് വരെയുള്ള പഴയ മലയാള സിനിമാപ്രണയകഥകള്‍ കണ്ട് തല്ലിക്കൂട്ടിയ ഉദയ് അനന്തന്റെ പ്രണയകാലം പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും പുതുമയൊന്നും സ്വീകരിക്കുന്നില്ല. ജോര്‍ജ് കിത്തു സംവിധാനം ചെയ്ത സൂര്യകിരീടം ദുരൂഹമായ പഴയ ബംഗ്ളാവിന്റെ പശ്ചാത്തലത്തില്‍ ഹൊറര്‍ സിനിമയെടുക്കാനുള്ള ശ്രമമാണ്. പേടിക്കണമെന്ന് ദൃഢനിശ്ചയം ചെയ്യുന്ന പ്രേക്ഷകന്‍ പോലും ചിരിക്കുന്ന അവസ്ഥയിലാണെത്തിപ്പെടുന്നതെന്നു മാത്രം.

പതിറ്റാണ്ടുകള്‍ പുറകിലേക്കു നടക്കാന്‍ ടൈം മെഷീനുകളൊന്നും ആവശ്യമില്ല, ഇത്തരം മലയാള സിനിമകളുള്ളിടത്തോളം കാലം.

ടി എ റസാക്കും സുന്ദര്‍ദാസും ചേര്‍ന്ന് അവതരിപ്പിച്ച ആകാശം ഹരിശ്രീ അശോകന്റെ മികച്ച അഭിനയത്തിന് സാധ്യതയൊരുക്കിയെന്ന പ്രത്യേകതയൊഴിച്ചാല്‍ അനവധാനതയോടെ ഒരു പ്രമേയത്തെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നതിന്റെ തെളിവാണ്. എയിഡ്സും സിമ്രാനും എല്ലാം കൂടി കൂട്ടിക്കുഴച്ച ഹാര്‍ട് ബീറ്റ്സ് അസഹനീയമായ ഒരു സിനിമയായിത്തീര്‍ന്നു.

വര്‍ഗം, സത്യം എന്നീ സിനിമകള്‍ക്കു ശേഷം പൃഥ്വിരാജിനെ പോലീസാക്കാനുള്ള ശ്രമമാണ് ബിപിന്‍ പ്രഭാകറിന്റെ കാക്കിയിലുള്ളത്. പറഞ്ഞുപഴകിയ കഥയും സന്ദര്‍ഭങ്ങളും എല്ലാം കൂടി ശരാശരിയിലും താഴെ നില്‍ക്കുന്ന ഒന്നാക്കി അതിനെ മാറ്റുകയും ചെയ്തു. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത വീരാളിപ്പട്ട് പൃഥ്വിരാജ്, പത്മപ്രിയ, ജഗതി, മുരളി എന്നിവരുടെ മികച്ച അഭിനയം കൊണ്ടും ആത്മാര്‍ത്ഥമായ സംവിധാനശ്രമം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്. എഴുപതുകള്‍ക്ക് പാകമായ കഥയായതുകൊണ്ടു പക്ഷെ പുതിയ പ്രേക്ഷകര്‍ അതിനെ തഴയുകയും ചെയ്തു.

സിബി ഉദയകൃഷ്ണന്‍ ടീമിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ജൂലൈ നാല് അടിപിടിയും സസ്പെന്‍സും ചേരുവയായുള്ള സ്ഥിരം ഫോര്‍മുല മാത്രമാണ്. തിരക്കഥാകൃത്തുക്കള്‍ എഴുപതുകളിലെയും എണ്‍പതുകളിലെയും ഹിന്ദി-തമിഴ് സിനിമകള്‍ ധാരാളം കണ്ടിട്ടുണ്ടെന്നതിന്റെ ബാക്കിപത്രമാണ് ജൂലൈ നാല്.

2006ല്‍ കീര്‍ത്തിചക്ര എന്ന ചിത്രത്തിന്റെ വിജയത്തോടെ ബ്രാഹ്മണാധിപത്യപരമായ ദേശീയ സങ്കുചിതത്വവും സൈനികോത്സുകതയും കേരളത്തിലും പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് തെളിഞ്ഞു. അതിന്റെ തുടര്‍ച്ചയായി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡെയ്സ് രാജീവ് ഗാന്ധി വധത്തിലെ പ്രതികളെ ജീവനോടെ പിടിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളെന്തുകൊണ്ട് പരാജയപ്പെട്ടു എന്നു വിശദീകരിക്കാനുള്ള ശ്രമമാണ്. നേരത്തെ പറഞ്ഞ അനുകൂല ഘടകം കേരളത്തില്‍ പ്രബലമായിട്ടും ഈ ചിത്രം പരാജയപ്പെട്ടതിനു പിന്നിലെ കാരണമെന്തായിരിക്കണം? മമ്മൂട്ടി എന്ന മുസ്ലിമിനെ ഈ വേഷത്തിലഭിനയിപ്പിച്ചത് മൃദുഹിന്ദുത്വ വാദികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടുണ്ടാവില്ല എന്നതായിരിക്കുമോ? വിശ്വസനീയമായ ഇതിവൃത്തം യുക്തമായ തിരക്കഥയോടെ ചിത്രീകരിക്കാന്‍ സംവിധായകനായിട്ടില്ല എന്നതാണ് വാസ്തവം. അപകടകരമായ അജണ്ടയാണ് പരാജയപ്പെട്ടത് എന്നതുകൊണ്ട് അതൊരു വിജയമായും എണ്ണാം.

ജയറാമിന് തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രമെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നതിന്റെ മറ്റൊരു തെളിവാണ് വി എം വിനു സംവിധാനം ചെയ്ത സൂര്യന്‍. വിനുവിന്റെ തന്നെ സിനിമകളായ ബാലേട്ടനും വേഷവും കോപ്പിയടിച്ച സൂര്യന്‍ പുതിയ ഒരനുഭവവും പ്രദാനം ചെയ്യുന്നില്ല.

സുനില്‍ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി എന്ന ബംഗാളി നോവലിനെ മറ്റൊരു സ്ഥലകാലത്തിലേക്ക് മാറ്റാനുള്ള ശ്യാമപ്രസാദിന്റെ ഒരേ കടലിലൂടെയുള്ള പരിശ്രമം മുഴുവനായി വിജയിച്ചു എന്നു കരുതാന്‍ വയ്യ. അതുകൊണ്ട് നോവലിനെ മറക്കുക. വിവാഹേതര ലൈംഗിക ബന്ധം എന്ന മലയാളി തൊടാനറക്കുന്ന പ്രമേയത്തെ പരിചരിച്ചു എന്ന ഒറ്റക്കാരണത്താല്‍ പക്ഷെ ചിത്രം ഏറെ പ്രസക്തമാണു താനും. മീരാ ജാസ്മിന്റെ മികച്ച അഭിനയം ചിത്രത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. സാമ്പത്തികശാസ്ത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്, വികാരങ്ങളല്ല എന്നു പ്രഖ്യാപിക്കുന്ന നാഥന്‍ എന്ന ബുദ്ധിജീവിയുടെ വേഷം മമ്മൂട്ടി കുറ്റമറ്റതാക്കി എന്നു വിലയിരുത്താനും സാധ്യമല്ല. ഏതായാലും യാഥാസ്ഥിതികത്വത്തെ കെട്ടിപ്പിടിച്ചുകഴിയുന്ന മലയാളി മനസ്സിന് ഈ ചിത്രം ഒരു ഷോക്ക് ട്രീറ്റ് മെന്റ് നല്‍കി എന്നത് പറയാതിരിക്കാനാവില്ല.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച്, വിശിഷ്യാ കമ്യൂണിസ്റ് പാര്‍ടിയെക്കുറിച്ച് മുഖ്യധാരാ അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ സങ്കല്‍പിക്കപ്പെടുന്നതും അതു വഴി പൊതുബോധത്തില്‍ കുറെക്കാലത്തേക്ക് വ്യവസ്ഥാപനം ചെയ്യപ്പെടുന്നതുമായ ധാരണകളും കല്‍പനകളും അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ന്നുണ്ടാക്കിയ വിഭ്രാമകമായ ഒരു ആത്മവിശ്വാസമാണ് അറബിക്കഥ എന്ന തിരക്കഥ കെട്ടിയുണ്ടാക്കുന്നതിന്റെ പിന്നിലെ പ്രേരണ. ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുത്തുന്ന പാര്‍ടി പ്രവര്‍ത്തകരിലും നേതാക്കളിലും രണ്ട് തരക്കാരാണുള്ളത്. ഒന്ന്, മന്ദബുദ്ധികളും മടിയന്മാരും വിവരദോഷികളുമായവര്‍. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ക്യൂബമുകുന്ദന്‍ തന്നെയാണ് ആ പക്ഷത്തെ പ്രധാനി. മറുഭാഗത്താകട്ടെ, അതി വിരുതന്മാരും കള്ളന്മാരും വര്‍ഗവഞ്ചകരുമായവര്‍. കരുണന്‍ (ശിവജി ഗുരുവായൂര്‍) ആണ് അവരുടെ നേതാവ്. വിവരദോഷിയായ ക്യൂബമുകുന്ദന് മലയാളമല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല, കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനോ അതില്‍ ഡാറ്റ ഫീഡ് ചെയ്യാനോ അറിയില്ല, മേലനങ്ങി ഏതെങ്കിലും ജോലി ചെയ്യാന്‍ മടിയുമാണ്.

തൊഴിലാളി, തൊഴില്‍, അധ്വാനം, അവകാശം, കൂലി, തൊഴില്‍ സുരക്ഷിതത്വം, സംഘടന, സമരം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ മലയാളികള്‍ അവര്‍ കടന്നു പോന്ന ചരിത്ര കാലഘട്ടത്തിന്റെ പാഠങ്ങളുള്‍ക്കൊണ്ടുകൊണ്ട് നടത്തുന്ന പ്രതികരണങ്ങളെ ക്രൂരമായി പരിഹസിക്കുന്ന ആഖ്യാനമാണ് അറബിക്കഥയെ ഏതര്‍ത്ഥത്തിലും ഒരു വലതുപക്ഷ ആശയപ്രചാരണമാണെന്ന് സമര്‍ത്ഥിക്കാന്‍ നമ്മെ സഹായിക്കുന്നത്. പൌരത്വം, പാര്‍ടി അംഗത്വം, കുടുംബം, ഭാഷ, സമൂഹം, സ്നേഹിതര്‍ എന്നിവയില്‍ നിന്നെല്ലാം ആട്ടിയകറ്റപ്പെട്ട അനാഥനായ ക്യൂബമുകന്ദനാണ് അറേബ്യന്‍ മരുഭൂമിയിലകലെയെവിടെയോ ഉള്ള ഒരു കൃഷിക്കളത്തില്‍ അത്യധ്വാനം നടത്തി ജീവിതത്തിന്റെ മഹത്വം തിരിച്ചറിയുന്നത്! അതായത്, കേരള ജനത ചരിത്രബോധത്തിലൂടെ ആര്‍ജ്ജിച്ചിട്ടുള്ള രാഷ്ട്രീയ ബോധവും സ്വാതന്ത്ര്യവാഞ്ഛയും ഉപേക്ഷിച്ച് ലോകപര്യടനം നടത്തി പുതിയ കേരളം സൃഷ്ടിക്കാന്‍ തിരിച്ചുവരണമെന്നാണ് അറബിക്കഥ ആഹ്വാനം ചെയ്യുന്നത്.

അതിര്‍ത്തികളും അഭയാര്‍ത്ഥിത്വങ്ങളും പൌരത്വ കല്‍പനകളും ചേര്‍ന്ന് അസാധ്യവും സങ്കീര്‍ണവും ദുരിതമാത്രവും ആക്കി തീര്‍ത്ത കുറെ മനുഷ്യ ജീവിതങ്ങളുടെ തീരാത്ത വേദനകളാണ് പരദേശി എന്ന സിനിമയുടെ പ്രമേയം. സാമൂഹികവും രാഷ്ട്രീയവുമായി വലിയ മാനങ്ങള്‍ ഉള്ളതും, 'പൊള്ളുന്ന'തായതു കൊണ്ട് പലരും തൊടാന്‍ മടിക്കുന്നതുമായ ഒരു പ്രശ്നത്തെ തികച്ചും വൈകാരികമായ സത്യസന്ധതയോടെയാണ് ഈ സിനിമ സമീപിക്കുന്നത്. പരദേശിയിലുന്നയിക്കപ്പെടുന്ന ചരിത്ര-രാഷ്ട്രീയ-ദേശീയ സംഘര്‍ഷങ്ങള്‍ ഒരു പക്ഷെ പി ടി കുഞ്ഞിമുഹമ്മദിനെപ്പോലെ ഒരു ചലച്ചിത്രകാരന്റെ പ്രതികരണ ഉന്മുഖത്വമില്ലായിരുന്നുവെങ്കില്‍ ഇത്ര കൃത്യമായും നിഷ്ക്കര്‍ഷയോടെയും വെളിപ്പെടാന്‍ സാധ്യത ഇല്ലെന്നു തന്നെ പറയാം.

എഴുപതുകളില്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ട മലയാള സിനിമയിലെ പരിവര്‍ത്തിത ഭാവുകത്വത്തിന്റെ സൌന്ദര്യാത്മക രക്ഷാകര്‍തൃത്വത്തെ ബഹിഷ്ക്കരിക്കാനുള്ള സാഹസികത കൂടി പി ടി കുഞ്ഞിമുഹമ്മദ് പ്രകടിപ്പിക്കുന്നുണ്ട്. ഫിലിം സ്കൂളില്‍ നിന്ന് പുറത്തു വന്നതും ഫിലിം സൊസൈറ്റികളിലും ചലച്ചിത്രമേളകളിലും പ്രശംസിക്കപ്പെട്ടതുമായ കലാത്മകതാനാട്യത്തിന്റെ കേവലമായ ജനപ്രിയതാവിരുദ്ധതയെ അദ്ദേഹം സധൈര്യം ഉപേക്ഷിക്കുന്നു. താരങ്ങള്‍, പാട്ടുകള്‍, പുതിയ സാങ്കേതിക പ്രയോഗങ്ങള്‍, കൂടുതല്‍ റിലീസ് കേന്ദ്രങ്ങള്‍, പരസ്യങ്ങള്‍, എന്നിങ്ങനെ നിര്‍ബന്ധമായും ത്യജിക്കേണ്ടതെന്ന് നവസിനിമ നമ്മെ പഠിപ്പിച്ച പാഠങ്ങളിലദ്ദേഹം കുടുങ്ങുന്നില്ല. പ്രവാസം, അഭയാര്‍ത്ഥിത്വം, പൌരത്വം, മത-ജാതി സ്വത്വങ്ങള്‍, ദാരിദ്യ്രം, ഭരണകൂടത്തെ നിര്‍ണയിക്കുന്നതും നയിക്കുന്നതുമായ ഘടകങ്ങള്‍, പഴയതും പുതിയതുമായ സാമ്രാജ്യത്വങ്ങള്‍ അവശേഷിപ്പിച്ചതും തുടരുന്നതുമായ വിദ്യാഭ്യാസ-കലാ-ജ്ഞാനാധികാര സമ്പ്രദായങ്ങള്‍, എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കുന്ന ഒരു രാഷ്ട്രീയജീവി എന്ന നിലയിലാണ് നവസിനിമയുടെ ഭൂതങ്ങളെ ഉച്ചാടനം ചെയ്യാനുള്ള ധൈര്യം അദ്ദേഹം സംഭരിക്കുന്നത്.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ട തകഴിയുടെ ചെറുകഥകളെ ആസ്പദമാക്കിക്കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ദൃശ്യവത്ക്കരിക്കുന്ന ഭൂതകാലം വ്യക്തവും കൃത്യവുമായ വിധം വര്‍ത്തമാനകാലത്തെയാണ് വിശദീകരിക്കുന്നത് എന്നതാണ് നാലു പെണ്ണുങ്ങള്‍ എന്ന സിനിമയുടെ വിസ്മയകരമായ വാസ്തവം. നാടുവാഴിത്തത്തിന്റെ രക്ഷാകര്‍തൃത്വത്തിന്‍ കീഴില്‍ രൂപപ്പെട്ട ലൈംഗികസദാചാരം എന്ന സ്ഥാപനം പെണ്ണിനെയും പെണ്ണത്തത്തെയും എപ്രകാരമാണ് നിര്‍ണയിച്ചത് അഥവാ തടവിലിട്ടത് എന്നതു തന്നെയാണ് സിനിമയിലെ ആഖ്യാനം(ങ്ങള്‍) അന്വേഷിക്കുന്നത്. പരിമിതമായ സഞ്ചാരസ്വാതന്ത്ര്യവും ചലന നിയമങ്ങളും മാത്രമുണ്ടായിരുന്ന ആയിരത്തി തൊളളായിരത്തി നാല്പതുകളിലെയും അമ്പതുകളിലെയും സദാചാരഭീതികളും സ്ത്രീ ശരീരത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധാബോധങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും പശ്ചാത്തലമായി പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവാണ് നാലു പെണ്ണുങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ജാതി സമുദായത്തെയും മതപ്രോക്തമായ സംഘാടനത്തെയും പൌരോഹിത്യത്തെയും വര്‍ഗ-സാമ്പത്തിക വ്യവസ്ഥയെയും പുരുഷാധിപത്യത്തെയും ഉറപ്പിച്ചെടുക്കുന്നതിന് സ്ത്രീയെയും സ്ത്രൈണ ലൈംഗികതയെയും വരിഞ്ഞുകെട്ടുന്ന വിധത്തില്‍ വരുതിയിലാക്കുക എന്ന പ്രവൃത്തിയെയാണ് നാം ഭാവശുദ്ധി എന്നും കുടുംബം എന്നും വിളിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്, എന്നാല്‍ അതിലും കൂടുതല്‍ കാര്യങ്ങള്‍ മാറാതെ തുടരുന്നുമുണ്ട് എന്ന വസ്തുതയാണ് അടൂര്‍ പുറന്തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഓര്‍മ്മിപ്പിക്കുന്നത്. പുതിയ കാലവും പഴയ നിയമങ്ങളും തമ്മിലുള്ള ഒരു അഭിമുഖീകരണമായി നാലു പെണ്ണുങ്ങള്‍ പ്രസക്തമാകുന്നതും അങ്ങിനെയാണ്.

ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം, കെ പി കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്നീ ചിത്രങ്ങള്‍ കൂടി 2007ല്‍ സെന്‍സര്‍ ചെയ്യാന്‍ പദ്ധതിയുണ്ടെങ്കിലും റിലീസ് അടുത്ത വര്‍ഷത്തിലേ ഉണ്ടാകൂ.

പിരമിഡ് സൈമിറ, റിലയന്‍സ് പോലുള്ള പല കുത്തകകളും മലയാള സിനിമാവ്യവസായത്തിലേക്ക് പണമിറക്കാന്‍ തുടങ്ങിക്കഴിഞ്ഞു. സിനിമാശാലകള്‍ പാട്ടത്തിനും വാടകക്കും മറ്റും വാങ്ങിക്കൂട്ടിയും ചിത്രങ്ങള്‍ വിതരണത്തിനെടുത്തും നിര്‍മിച്ചും ഇക്കൂട്ടര്‍ മലയാള സിനിമയുടെ ഭാവുകത്വത്തെ തങ്ങളുടെ കോര്‍പ്പറേറ്റ് കൈപ്പിടിയിലൊതുക്കുന്നത് എപ്രകാരമായിരിക്കുമെന്ന് കാണലും വിസ്തരിക്കലുമായിരിക്കും ഒരു പക്ഷെ 2008ലെ പ്രധാന ജോലി.

(ലേഖകന്‍: ശ്രീ.ജി. പി. രാമചന്ദന്‍. കടപ്പാട്: ദേശാഭിമാനി)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വയം നവീകരിക്കാനുള്ള ശ്രമങ്ങളൊന്നും മലയാള സിനിമാപ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ചു കാലമായി നടത്താറില്ല. ഇതിന്റെ ഫലമായി തുടര്‍ച്ചയായ പ്രതിസന്ധികളുടെ ഘട്ടങ്ങളെയാണ് മലയാള സിനിമ നേരിട്ടു പോരുന്നത്. ഓരോ കാലത്തും ഓരോ കാരണങ്ങളാണ് ഇതിനായി നാം കണ്ടെത്തി പ്രഖ്യാപിക്കാറുള്ളത്. 2006 വര്‍ഷം അവസാനിച്ചപ്പോഴും 2007 ആരംഭിച്ചപ്പോഴും നമ്മുടെ പ്രധാന ശത്രു വ്യാജ സിഡി ആയിരുന്നു. പത്രങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും സര്‍വോപരി സിനിമാതാരങ്ങളുടെയും മറ്റു സാങ്കേതിക പ്രവര്‍ത്തകരുടെയും മുഴുവന്‍ പിന്തുണയോടെ ഋഷിരാജ് സിംഗ് സിനിമാസ്റൈലില്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തില്‍ കേരള സംസ്ഥാനം തന്നെ നടുങ്ങി. സംസ്ഥാനം വ്യാജ സിഡി വിമുക്തമാക്കി പ്രഖ്യാപിച്ചു. ലോകത്തിലാദ്യത്തെ വ്യാജ സിഡി വിമുക്ത സംസ്ഥാനം. ഒറിജിനലേത്, വ്യാജനേത് എന്ന തര്‍ക്കത്തിന് സ്ഥാനം കൊടുക്കാതെ എല്ലാ സിഡിയും വ്യാജനാണെന്ന തീര്‍പ്പു കല്‍പിച്ച് സിഡിക്കടകള്‍ വ്യാപകമായി റെയിഡ് ചെയ്ത് മലയാള സിനിമയെ രക്ഷിച്ച രക്ഷകാവതാരം ഋഷിരാജ് സിംഗിനാണ് ഈ അവലോകനം സമര്‍പ്പിക്കുന്നത്.

2007ലെ മലയാള സിനിമയെക്കുറിച്ച് ശ്രീ.ജി.പി.രാമചന്ദ്രന്‍ തയ്യാറാക്കിയ അവലോകനം...

Roby said...

അരാഷ്ട്രീയത തന്നെയായിരുന്നു സത്യന്‍ അന്തിക്കാട് സിനിമകളുടെ എക്കാലത്തെയും പ്രത്യേകത. ഇപ്പോള്‍ വര്‍ഗീയതയും...നല്ല കോമ്പിനേഷന്‍.

സിനിമക്കാരുടെ കാശു വാങ്ങി എഴുതപ്പെട്ടവയാണ് ഇക്കാലത്തെ മലയാളസിനിമാനിരൂപണങ്ങള്‍ പലതും.അറബിക്കഥയും നോട്ട്ബുക്കും പോലുള്ള ചിത്രങ്ങള്‍ ഇറങ്ങിയപ്പോള്‍ മാധ്യമത്തില്‍ വന്ന ലേഖനങ്ങള്‍ വായിച്ചിരുന്നു. ഇത് തികച്ചും വേറിട്ടു നില്‍ക്കുന്ന സത്യസന്ധതയുള്ള ഒരെഴുത്തു തന്നെ.

തകരച്ചെണ്ട, എ.കെ.ജി എന്ന ചിത്രങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതായിരുന്നു എന്നു തോന്നി.

ഓഫ്: ഇത്രയും സിനിമ കണ്ട ജി.പിയെ സമ്മതിക്കണം..ഞാനിതിലൊന്നു പോലും കണ്ടീട്ടില്ല.

Roby said...

താര രാജാക്കന്മാരാണ് സിനിമാലോകം ഭരിക്കുന്നതെന്നാണല്ലോ പിന്നാമ്പുറ കഥകള്‍ പറയുന്നത്. വമ്പന്‍ നിര്‍മാണ കമ്പനികള്‍ കളിക്കാനിറങ്ങുമ്പോള്‍ ഇവരെന്തു ചെയ്യുമെന്നു കാത്തിരുന്നു കാണാം...

കളി കാണാന്‍ ഞാനുമുണ്ട്...

nalan::നളന്‍ said...

ഇവിടെ പറാഞ്ഞത്തില്‍ ചിലതൊക്കെ കാണാന്‍ പറ്റിയിട്ടുണ്ട്. പൊതുവില്‍ യോജിക്കുന്നു.

അറബിക്കഥയെപ്പറ്റി പറഞ്ഞത് വളരെ ശരിയാണു. 2007 ഏറ്റവും പ്രതിലോമ സിനിമകളിലൊന്നുതന്നെയാണത്. ശ്രീനിവാസനെക്കോണ്ടുതന്നെ അഭിനിയിപ്പിച്ചതാണെന്നു തോന്നുന്നു അതിനെ കൂടുതല്‍ പ്രതിലോമകരമാക്കുന്നത്. എന്ത് അസംബന്ധവും നായകനെക്കോണ്ടു പറയിച്ചാല്‍ ചെലവാകുമെന്നുതന്നെയാണു മനസ്സിലാക്കിത്തരുന്നത്.

മറ്റൊന്ന്.
സൂപ്പര്‍സ്റ്റാറുകളെ മറികടക്കാതെ മൂന്നോട്ടുപോ‍കാനാകില്ലെന്നുള്ളതാണു്.
ശ്വാസം പിടിച്ചും, ചില പോസുകളിലും മാത്രം അഭിനയിക്കേണ്ടി വരുന്ന സൂപ്പര്‍സ്റ്റാറുകള്‍ക്കുവേണ്ടി എഴുതപ്പെടുന്ന തിരക്കഥകള്‍ തന്നെയാണു പ്രശ്നം.
സത്യത്തില്‍ മൊഹന്‍ലാലോ സുരേഷ്ഗോപിയോ അഭിനയിക്കുമ്പോള്‍ വീര്‍പ്പുമുട്ടനുഭവിക്കുന്നത് പ്രേക്ഷകനാണു
പലപ്പോഴും ആലോചിക്കാറുള്ള കാര്യമാണു എന്തിനാണിത്ര ടെന്‍ഷനടിച്ചു സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ കാണുന്നതെന്ന്