Monday, May 12, 2008

ബാലവേലയുടെ രാഷ്ട്രീയം

ഫെഡറിക് എംഗല്‍സിന്റെ 'കണ്ടീഷന്‍സ് ഓഫ് വര്‍ക്കിംഗ് ക്ളാസ് ഇന്‍ ഇംഗ്ളണ്ടില്‍' വ്യവസായവിപ്ളവത്തിന്റെ ഘട്ടം മുതല്‍ കുട്ടികളെകൊണ്ട് പണിയെടുപ്പിക്കുന്ന മുതലാളിത്ത വ്യവസ്ഥയേക്കുറിച്ച് വിശദികരിച്ചിട്ടുണ്ട്. അധ്വാനം വിലകൊടുത്തുവാങ്ങുന്ന ഉല്‍പ്പന്നമായപ്പോള്‍ വില കുറഞ്ഞ, അടിമകള്‍ക്ക് സമാനമായ വേലക്കാരായാണ് കുട്ടികളെ വ്യവസായ പ്രഭുക്കള്‍ ഉപയോഗിച്ചത്.

പുതിയ മുതലാളിത്തം, തൊഴിലാളിവര്‍ഗ്ഗത്തെ മുഴുവനായും 'കൂലിവേല'ക്കാരായി തിരിച്ചു കൊണ്ടു വരുന്ന ദൌത്യമാണ് ഏറ്റെടുത്തിട്ടുള്ളത്. കരാര്‍വല്‍ക്കരണവും, വികേന്ദ്രീകൃത ഉല്‍പ്പാദന രീതികളും ആഗോളവല്‍ക്കരണകാലത്തെ സവിശേഷ ഉല്‍പ്പാദന രീതിയാണ്. ഉല്‍പ്പാദന പ്രക്രിയ മുഴുവനായി സെസ്സുകളിലും, കയറ്റുമതി മേഖലകളിലുമായി വിന്യസിക്കുന്ന പ്രക്രിയയില്‍ ഉള്‍ചേര്‍ന്നിട്ടുള്ള ദര്‍ശനം, കൂലിപ്പണിക്കാരും അടിമവേലക്കാരുമായി തൊഴിലാളി വര്‍ഗ്ഗത്തെ പുനഃസൃഷ്ടിക്കുകയെന്നതാണ്. ഈ സാഹചര്യത്തില്‍ ലോകത്താകെ കൂടുതല്‍ കുട്ടികള്‍ തൊഴിലാളികളായി തീരുന്നതില്‍ അത്ഭുതമില്ല.

24.6 കോടി ബാലികാബാലന്‍മാര്‍ ലോകത്താകെ തൊഴിലെടുക്കുന്നതായാണ് ILO റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 1.8 കോടിയും അപകടകരവും നിയമവിരുദ്ധവുമായ മേഖലകളിലാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ തൊഴിലെടുക്കുന്ന രാജ്യം ഇന്ത്യയാണെന്നും ILO റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. കരിമരുന്നു വ്യവസായം, തീപ്പെട്ടി, കാര്‍പ്പറ്റ്, ഗ്ലാസ്സ്, രത്നം, കരിങ്കല്‍ ക്വാറികള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ ജീവന്‍ പണയപ്പെടുത്തിയാണ് കുട്ടികള്‍ അധ്വാനിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടിമവേലയ്ക്ക് സമാനമായ ഈ ജോലികളില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുവാനുള്ള 'നിയമ'ങ്ങളെല്ലാം വെറും നോക്കുകുത്തിയാവുകയാണ്. ലാഭം കൊയ്യുവാന്‍ സഹായകമായ ഏര്‍പ്പാടാണ് ബാലവേലയെന്നതിനാല്‍ കയറ്റുമതി വ്യവസായങ്ങളിലും ഇന്ന് ധാരാളമായി കുട്ടികളെ ജോലിക്കു വയ്ക്കുന്നുണ്ട്.

പുതിയ നൂറ്റാണ്ട് ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ 1 കോടി 32 ലക്ഷം കുട്ടികള്‍ (10നും 14നും ഇടക്ക് പ്രായമുള്ളവര്‍) തൊഴിലെടുക്കുന്നവരായുണ്ട്. ഇതില്‍ 60 ലക്ഷം പെണ്‍കുട്ടികളാണ്. 72 ലക്ഷം ആണ്‍കുട്ടികള്‍. ഈ പ്രായക്കാരായ മൊത്തം കുട്ടികളുടെ 12.5 ശതമാനമാണിത്. എന്നാല്‍ ILO എടുത്തുദ്ധരിക്കുന്ന "ഇന്ത്യയുടെ കണ്‍ട്രി റിപ്പോര്‍ട്ട്'' പ്രകാരം ബാലവേലക്കാരുടെ സംഖ്യ 25 കോടിയാണ്. ഇന്ത്യയില്‍ 1.11 കോടി കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകാത്തവരായുണ്ടത്രെ. ഇവരെല്ലാം ചെറുപ്രായത്തില്‍ തന്നെ 'ദേശീയ വരുമാനത്തിലെ തൊഴിലാളി വിഹിതം' വര്‍ദ്ധിപ്പിക്കുവാന്‍ പണിയെടുക്കുന്നവരാണെന്ന് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു! അമേരിക്കന്‍ നാഷണല്‍ ലേബര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ നിഗമനങ്ങള്‍ പ്രകാരം 5നും 14നും ഇടയില്‍ പ്രായമുള്ള 20 കോടി കുട്ടികളില്‍ 11.6 കോടി സ്കൂളില്‍ പോകുന്നവരാണ്. 1.26 കോടികുഞ്ഞുങ്ങള്‍ മുഴുവന്‍ സമയജോലിക്കാരാണ് ! 7 കോടിയുടെ കഥയെന്തന്നറിയില്ലന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഇവര്‍ വീട്ടില്‍ രക്ഷിതാക്കളോടൊപ്പം പണിയെടുക്കുന്നവരാവാം..'സ്വന്തം' കൃഷിയിടങ്ങളില്‍ വേലചെയ്യുന്നവരാവാം.. കൃഷിപ്പണിക്കുപോകുന്ന അപ്പനമ്മമാരോടൊപ്പം സഹായികളായി കൂടുന്നവരാവാം..മറ്റ് വീടുകളില്‍ വീട്ടുവേലക്കാരായി കഴിയുന്നവരാവാം.. 'അമേരിക്കന്‍ തൊഴില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ' പറയുന്നു! ഈ നിഗമത്തിനാണ് കൂടുതല്‍ സ്വീകാര്യതയെന്ന് തോന്നുന്നു.

ബാല അടിമത്വം

കുട്ടികളുടെ 'അടിമവേല'ക്ക് ഔദ്യോഗിക കണക്കുകള്‍ വിരളമാണ്. എന്നാല്‍ കാര്‍പ്പറ്റ് വ്യവസായത്തില്‍ മാത്രം 3 ലക്ഷം കുട്ടികള്‍ ചങ്ങലക്കിട്ടവരായുണ്ടെന്ന് ILO റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സില്‍ക്ക് നെയ്തു കേന്ദ്രങ്ങളിലൊന്നായ കര്‍ണാടകയിലെ 'മഗദി സില്‍ക്ക് ഫാക്ടറിയില്‍' 3000 കുട്ടികള്‍ അടിമവേല ചെയ്യന്നുവത്രേ! ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ കണക്കുപ്രകാരം 4 കോടിയോളം അടിമവേലക്കാരാണ് രണ്ടായിരാമാണ്ടില്‍ രാജ്യത്തുള്ളത്. ഇതില്‍ ഒന്നര കോടിയും കുട്ടികളാണ് !

ഉത്തര്‍പ്രദേശിലെ കാര്‍പ്പറ്റ് വ്യവസായത്തിലും, ഇഷ്ടികക്കളങ്ങളിലും, ബീഡി കമ്പനികളിലും സില്‍ക്ക് നെയ്ത്തു കേന്ദ്രങ്ങളിലുമായി ഒരു ലക്ഷം കുഞ്ഞുങ്ങള്‍ പണിചെയ്യുന്നുണ്ട്. ഇതില്‍ 15 ശതമാനം അടിമപ്പണിയെടുക്കുന്നതായി US ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ രേഖ പറയുന്നു! രത്നം, ഡയമണ്ട് വ്യവസായങ്ങളില്‍ പണിക്കുനിയോഗിക്കപ്പെടുന്ന കുട്ടികളെ പണയപ്പെടുത്തി 80 ശതമാനം രക്ഷിതാക്കളും മുന്‍ക്കൂര്‍ കൂലി വാങ്ങുന്ന രീതിയുള്ളതായി റിപ്പോര്‍ട്ടിലുണ്ട്. UN ഏജന്‍സിയുടെ ഒരു പഠന റിപ്പോര്‍ട്ടനുസരിച്ച്, സില്‍ക്ക് നെയ്ത്ത്, പൂകൃഷി, വെള്ളി ആഭരണ നിര്‍മ്മാണം; ബീഡി തെറുപ്പ് എന്നീ മേഖലകളില്‍ വ്യാപകമായി കുട്ടികളെക്കൊണ്ട് അടിമവേല ചെയ്യിപ്പിക്കുന്നുണ്ട്.

ബാലവേശ്യാവൃത്തി

മുകളില്‍ പരാമര്‍ശിച്ച അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 1 ദശലക്ഷം പെണ്‍കുട്ടികള്‍ സെക്സ് വ്യവസായത്തിലേക്ക് (അവരുടെ കുട്ടിക്കാലത്ത്) വലിച്ചിഴക്കപ്പെടുന്നു. ഇന്ത്യന്‍ സെക്സ് വ്യവസായത്തിലേക്ക് 50,000 ലധികം സ്ത്രീകളും കുട്ടികളും അയല്‍നാടുകളില്‍ നിന്നുമാത്രം പ്രതിവര്‍ഷം വന്നടിയുന്നുണ്ട്. ILO യുടെ കണക്കനുസരിച്ച് രാജ്യത്ത് വേശ്യാവ്യത്തിലേര്‍പ്പെട്ടിട്ടുള്ള 23 ലക്ഷം പെണ്‍കുട്ടികളുണ്ട് !

പ്രതിവര്‍ഷം ആയിരക്കണക്കിന് ബംഗ്ലാദേശീ പെണ്‍കുട്ടികള്‍ ബാലവേശ്യകളായി ഇന്ത്യയിലേക്ക് കടത്തപ്പെടുന്നു. നേപ്പാളില്‍ നിന്നും സമാനമായ സംഖ്യ വരുന്നുണ്ട്. ഇന്ത്യയിലുള്ള രണ്ട് ലക്ഷം നേപ്പാളി വേശ്യകളില്‍ 20 ശതമാനം പെണ്‍കുഞ്ഞുങ്ങളാണത്രെ! വേശ്യാവ്യത്തിയിലേക്ക് വലിച്ചിറക്കപ്പെടുന്നവരില്‍ 90 ശതമാനവും 15 വയസ്സിനു താഴെയുളളവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വീട്ടുവേലയെടുക്കുന്ന കുട്ടികള്‍

വീട്ടുവേലയെടുക്കുന്നവരില്‍ 17ശതമാനവും 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്ന് UNICEF പഠനം പറയുന്നു. ജോലിക്കാരായ വീട്ടുടമസ്ഥരില്‍ 90 ശതമാനവും 12 - 15 വയസുള്ള കുട്ടികളെയാണ് വീട്ടുപണിക്ക് നിര്‍ത്തുന്നത്. തമിഴ്‌നാട്ടിലെ 19 നഗരങ്ങളില്‍ നടത്തിയ സര്‍വെയില്‍ സര്‍ക്കാര്‍ ജോലിക്കാരുടെ വീടുകളില്‍ മാത്രം 3000ത്തിലധികം കുട്ടികള്‍ വീട്ടുവേലക്കാരുണ്ട്. (ദിഹിന്ദു സെപ്തംബര്‍ 20, 2000) ചെന്നൈ നഗരത്തിലെ വീട്ടുവേലക്കാരെക്കുറിച്ചു നടത്തിയ പഠനം പറയുന്നത് 80 ശതമാനവും 14 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളാണെന്നാണ്. 9 വയസ്സിനും 12 വയസ്സിനും ഇടക്കുവെച്ചാണ് ഇവരലിധികവും വീട്ടുവേലക്കാരായി മാറിയത്.

അപകടമേഖലകളിലെ ബാലവേല

ഇന്ത്യയില്‍ അപകട സാധ്യതകൂടുതലുള്ള വ്യവസായങ്ങളില്‍ 4,28,000 കുട്ടികള്‍ ജോലിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. തീപ്പെട്ടി - പടക്ക നിര്‍മ്മാണ വ്യവസായങ്ങളിലായി തമിഴ് നാട്ടില്‍ മാത്രം 50000 -ല്‍ അധികം കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് രണ്ടര ലക്ഷം കുട്ടികള്‍ പല സംസ്ഥാനങ്ങളിലായി ഇതേ മേഖലയില്‍ പണിയെക്കുന്നുണ്ട്. ഗ്ലാസ്, രത്ന വ്യവസായങ്ങളിലും കരിങ്കല്‍ ക്വാറികളിലുംമായി 3 ലക്ഷത്തോളം കുട്ടികള്‍ ജോലി ചെയ്യുന്നതായും ILO യുടെ സ്റ്റാറ്റിസ്‌റ്റിക്കല്‍ ബ്യൂറോ പറയുന്നു!

നിയമങ്ങള്‍ ധാരാളം - ഒന്നും നടപ്പാവുന്നില്ല

ബാലവേല നിരോധിക്കുന്നതു മുതല്‍ മാന്യമായ കൂലിയും തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതുവരെയുള്ള ഒരു ഡസനിലധികം കേന്ദ്ര നിയമങ്ങള്‍ ഇന്ത്യയിലുണ്ട്.

1. കുട്ടികളുടെ ജോലി പണയപ്പെടുത്തി രക്ഷിതാക്കള്‍ പണം വാങ്ങുന്നത് നിരോധിക്കുന്ന നിയമമാണ്, ബ്രീട്ടീഷ് ഭരണകാലത്തു കൊണ്ടുവന്ന (1933) 'ചില്‍ഡ്രന്‍' പ്ലഡ്-ജിംഗ് ഓഫ് ലേബര്‍ ആക്ട്'

2. കുട്ടികളുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ബാലവേല നിരോധിക്കുന്നതും, നിയന്ത്രിക്കുന്നതുമാണ് 'എംപ്ളോയ്മെന്റ് ഓഫ്' ചൈല്‍ഡ് ആക്ട് - 1988'

3. 'ചൈല്‍ഡ് ലേബര്‍ പ്രൊഹിബിഷന്‍ ആന്റ് റഗുലേഷന്‍ ആക്ട്' - 1986 14 വയസുവരെയുള്ള കുട്ടികളെക്കൊണ്ട്, 14 തരം ജോലികളിലും, 7 പ്രക്രിയകളിലും പണിയെടുപ്പിക്കുന്നത് നിരോധിക്കുന്നു. കുട്ടികളെ ജോലിക്ക് വെച്ചാല്‍ അനുവര്‍ത്തിക്കേണ്ട സുരക്ഷാസംവിധാനങ്ങള്‍ എന്താവണമെന്നും ഈ നിയമം നിര്‍ദ്ദേശിക്കുന്നു.

4. 1986 ലെ നിയമത്തിന്റെ പരിധിയില്‍ വരാത്ത ബാലവേലയുടെ നിയന്ത്രണവും നിരോധനവും ഉറപ്പാക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം - 1993

5. ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 67 പ്രകാരം 14 വയസുവരെയുള്ള കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

6. 1951 ലെ പ്ലാന്റേഷന്‍ ലേബര്‍ നിയമം അനുസരിച്ച് 12 വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പ്ലാന്റേഷനുകളില്‍ തൊഴില്‍ ചെയ്യിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

7. 1951 ലെ മര്‍ച്ചന്റ് ഷിപ്പിംഗ് നിയമം അനുസരിച്ച് 15 വയസിനു താഴെ പ്രായമുള്ള കുട്ടികളെ കപ്പലുകളില്‍ ജോലിക്ക് നിര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്

8. 1952 ലെ ' മൈന്‍സ് ആക്ട്' സെക്ഷന്‍ 45, ഖനികളിലോ, ഖനികളുടെ പരിസരങ്ങളിലോ ഉള്ള ഖനനജോലികളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് വിലക്കുന്നു.

9. 1961 ലെ 'മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടി'ന്റെ 21-ാം വകുപ്പ് പ്രകാരം, കുട്ടികളെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായത്തിലോ സ്ഥാപനത്തിലോ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.

10. 1961 ലെ അപ്രന്റീസ് നിയമം 14 വയസ്സിനു താഴെയുള്ളവരെ അപ്രന്റീസായി നിയമിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

11. ബീഡി - സിഗരറ്റ് വര്‍ക്കേഴ്‌സ് നിയമപ്രകാരം (1966) അത്തരം വ്യവസായങ്ങളില്‍ കുട്ടികളെ നിയോഗിക്കാന്‍ പാടുളളതില്ല.

12. കടുത്തതും മാരകവും അപകട സാധ്യതയുള്ളതുമായ വ്യവസായങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് നല്‍കേണ്ട അടിസ്ഥാനകൂലി - സൌകര്യങ്ങള്‍ - തുടങ്ങിയവ എന്തായിരിക്കണമെന്ന് 1948ലെ മിനിമം വേജസ് നിയമം അനുശാസിക്കുന്നു.

13. കോണ്‍ട്രാക്ട് ലേബര്‍ നിയമം (1970) ചില പ്രത്യേക മേഖലകളില്‍ കുട്ടികളെക്കൊണ്ടുള്ള കരാര്‍ പണി നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

14. അടിമപ്പണി നിരോധിച്ചുകൊണ്ടുള്ള 'ബോണ്ടഡ് ലേബര്‍' സിസ്‌റ്റം അബോളിഷന്‍ ആക്ട് - 1976 - ബാലവേല നിരോധിക്കുന്നു. നിയമം ലംഘിച്ചാല്‍ പിഴയും, തടവും അനുഭവിക്കേണ്ടിവരും. അടിമപ്പണിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് ഗ്രാന്റ് നല്‍കണെമെന്ന് കേന്ദ്രഗവണ്‍മെന്റിനോട് നിയമം ആവശ്യപ്പെടുന്നു.!

കൂടാതെ, ഭരണഘടനയിലെ ആര്‍ട്ടിക്കിള് 21 23, 24, 39 ‍(e); (f); 41,45,47, 21 A അനുസരിച്ച് 14 വയസുവരെയുള്ള കുട്ടികളെ തൊഴിലെടുക്കാന്‍ പ്രേരിപ്പിക്കുന്നതും എടുപ്പിക്കുന്നതും കുറ്റകരമാണ് ! നിയമത്തിന്റെയോ, ഭരണഘടനയുടെയൊ കുറവോ, കുഴപ്പമോ അല്ല അത് നടപ്പാക്കുവാനുള്ള ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇച്ചാശക്തി ഇല്ലായ്‌മയാണ് ക്രൂരമായ ബാലവേലക്ക് സമ്പൂര്‍ണ്ണമായി ഇന്ത്യ കീഴടങ്ങുന്നതിന്റെ കാരണം. അസമത്വപൂര്‍ണ്ണമായ സാമൂഹിക വ്യവസ്ഥയില്‍, ദുര്‍ബലരും ദരിദ്രരുമായവര്‍, അവര്‍ കുഞ്ഞുങ്ങളാണെങ്കിലും ലാഭം കൊയ്യാനുള്ള ഉപകരണം മാത്രമാണ്. മുതലാളിത്തവ്യവസ്ഥയുടെ ദര്‍ശനവും ഉല്‍പ്പാദനരീതിയും മുന്‍ഗണനകളും തള്ളിക്കളയാതെയുളള ഭരണഘടനയും, നിയമങ്ങളുമെല്ലാം എന്നും വെറും കപടനാടകങ്ങളാകുന്നു!

ബാലവേല ചില സംസ്ഥാനങ്ങളിലൂടെ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ തൊഴിലെടുക്കുന്ന സംസ്ഥാനമാണ് യു.പി. 5 - 14 പ്രായക്കാരായ 19 ലക്ഷം കുട്ടികള്‍ സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പണിയെടുക്കുന്നുണ്ട്. മിര്‍സാപ്പൂര്‍ - വാരണാസി മേഖലകളില്‍ കാര്‍പ്പെറ്റ് - സില്‍ക്ക് വ്യവസ്യായങ്ങളില്‍ ലക്ഷക്കണക്കിന് ബാലവേലക്കാരുണ്ട്. മൊറാദാബാദ് അലിഗാര്‍ മേഖലകളില്‍ ഓട് പാത്രവ്യവസായത്തിലും പൂട്ട് - താക്കോല്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലും കുട്ടികള്‍ വളരെ വ്യാപകമായി പണിയെടുക്കുന്നു. മീററ്റിലും ജാന്‍സിയിലും കരിമരുന്നു വ്യവസായശാലകളിലും ഇഷ്ടിക കളങ്ങളിലും കുട്ടികളാണ് പ്രധാന പങ്കാളികള്‍. അനൌദ്യോഗിക കണക്കനുസരിച്ച് 30ലക്ഷത്തിലേറെ കുട്ടികള്‍ ഇവിടെയെല്ലാമായി ജോലി ചെയ്യുന്നുവത്രെ! യുപി യിലെ ബാലവേലക്കാരില്‍ ഭൂരിപക്ഷവും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ദരിദ്രജന വിഭാഗങ്ങളില്‍ നിന്നാണ് വരുന്നത്. ദളിത്, മുസ്ലീം സമുദായക്കാരാണ് കൂടുതല്‍. പിന്നോക്ക - ദളിത് രാഷ്ട്രീയം ഉയര്‍ത്തെഴുന്നേറ്റുവെന്ന് മേനി പറയുന്ന യുപിയില്‍ പക്ഷേ ഈ രാഷട്രീയ നേതൃത്വം പിന്നോക്ക - ദളിത് വികാരം അധികാരലബ്ധിക്കുള്ള ആയുധമെന്നതിനുപരി അവരുടെ സാമൂഹിക സാമ്പത്തിക ഉയര്‍ച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്നില്ല. സാമൂഹിക - സാമ്പത്തിക ഉയര്‍ച്ചക്കുവേണ്ടി വന്‍കിട വ്യവസായങങ്ങള്‍ പലതും കുടില്‍ വ്യവസായങ്ങളായി മാറിയതും, കരാര്‍ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം വികേന്ദ്രീകരിച്ചതും ബാലവേലയ്ക്ക് കൂടുതല്‍ പ്രോല്‍സാഹനമായിട്ടുണ്ട്.

ആന്ധ്രാപ്രദേശ്

കുര്‍നൂലിലെയും മെഹബൂബ് നഗര്‍ ജില്ലയിലെയും അത്യുല്‍പ്പാദന ശേഷിയുള്ള കോട്ടണ്‍ വിത്തുല്‍പ്പാദന ഫാമുകളില്‍ കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ വളരെകുറഞ്ഞ കൂലിക്ക് വ്യാപകമായി ജോലിയെടുക്കുന്നുണ്ട്. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ തന്നെ കോട്ടണ്‍ ഫാമില്‍ ജോലി ചെയ്യണമെന്നുള്ള ഒരു 'വിശ്വാസവും' ഇതിന് കൂട്ടായുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് ദീര്‍ഘനേരം പണിചെയ്യിപ്പിക്കാനും, കൂലി ചെലവ് നേര്‍പകുതിയായി വെട്ടിക്കുറക്കാനുമാണ് ഫാം ഉടമകള്‍ കുട്ടികളെ പണിക്കു നിയോഗിക്കുന്നത്. ഏക്കര്‍ ഒന്നിന്ന് 80,000 രൂപ വരെ കോട്ടണ്‍ വിത്തുല്‍പ്പാദനത്തിന് ചിലവാകുമെന്നാണ് കണക്ക്. ഇതില്‍ പകുതിയും കൂലിചെലവാണത്രെ! കൂലിച്ചെലവ് കുറയും തോറും ഫാം ഉടമയ്ക്ക് ലാഭവിഹിതം കൂടം. ഇക്കാരണത്താല്‍ കോട്ടണ്‍ ഫാമുകള്‍ ബാലവേലയുടെ 'ഫാക്ടറി'കളായിട്ട് മാറുന്നു! 25000 ല്‍ പ്പരം കുട്ടികള്‍ ഈ ഫാമുകളില്‍ വേലയെടുക്കുന്നു വെന്നാണ് സര്‍ക്കാരിന്റെ കക്കക്ക്. 2001ലെ സെന്‍സസ് പ്രകാരം ആന്ധ്രയിലെ 26 ശതമാനം കുട്ടികള്‍ (5 - 14 ) സ്കൂളിലെത്തുന്നില്ല. ഇവരിലധികവും ഈ സംസ്ഥാനത്തെ, കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവരാണെന്ന് പറയാം.

തമിഴ്‌നാട്

ചെന്നൈയിലെ മറീനാ ബീച്ചില്‍ വിവിധതരം ചെറുകച്ചവടക്കാരുടെ കീഴില്‍ അടിമപ്പണിചെയ്യുന്ന 461 കുട്ടികളുണ്ടെന്നാണ് ഒരു സര്‍വ്വെ കണ്ടെത്തിയത്. 5000 രൂപയ്ക്ക് വരെ രക്ഷിതാക്കളാല്‍ പണയപ്പെട്ടവരാണിവര്‍. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നും വന്നവരാണ് ഇവരില്‍ ഏറെയും. വെറും ഭക്ഷണം മുതല്‍ ദിനംപ്രതി 20 രൂപവരെ ലഭിക്കുന്ന കൂലിയടിമകളായ ഈ കുട്ടികള്‍ നഗരത്തിന്റെ പളപളപ്പില്‍ 'ആരുമാറിയാതെ' അടിമപ്പണിയെടുക്കുന്നുവെന്ന സത്യം പക്ഷേ ഭരണാധികാരികള്‍ക്ക് പ്രശ്നമല്ല! അപകടസാദ്ധ്യത കൂടുതലുള്ള തീപ്പെട്ടി നിര്‍മ്മാണത്തിലും കരിമരുന്നു വ്യവസായത്തിലും ധാരാളം കുട്ടികള്‍ തുച്ചമായ കൂലിക്ക് പണിയെടുക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അടിമപ്പണിതന്നെയാണ് ഇവിടങ്ങളിലെല്ലാമെന്ന് മിക്കപഠനകേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു.

ബാലവേലയെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്കുകളിലൂടെ

സെന്‍സസ് കണക്കെടുപ്പ് പ്രകാരം രാജ്യത്ത് 'സാമ്പത്തിക പ്രവര്‍ത്തനം' നടത്തുന്ന കുട്ടികളുടെ എണ്ണം 1981 1.30 കോടി 1991 1.13 കോടി 2001 1.26 കോടി


കടപ്പാട്: പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

24.6 കോടി ബാലികാബാലന്‍മാര്‍ ലോകത്താകെ തൊഴിലെടുക്കുന്നതായാണ് ILO റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 1.8 കോടിയും അപകടകരവും നിയമവിരുദ്ധവുമായ മേഖലകളിലാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ തൊഴിലെടുക്കുന്ന രാജ്യം ഇന്ത്യയാണെന്നും ILO റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. കരിമരുന്നു വ്യവസായം, തീപ്പെട്ടി, കാര്‍പ്പറ്റ്, ഗ്ലാസ്സ്, രത്നം, കരിങ്കല്‍ ക്വാറികള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ ജീവന്‍ പണയപ്പെടുത്തിയാണ് കുട്ടികള്‍ അധ്വാനിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടിമവേലയ്ക്ക് സമാനമായ ഈ ജോലികളില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുവാനുള്ള 'നിയമ'ങ്ങളെല്ലാം വെറും നോക്കുകുത്തിയാവുകയാണ്.