Sunday, June 15, 2008

ധനത്തെയും കമ്പോളത്തെയും കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍

ധനകാര്യ മദ്ധ്യസ്ഥര്‍ (financial intermediaries) ആയി ഉപജീവനം കഴിച്ചുപോകുന്നവര്‍ക്ക് ഇതെന്തായാലും നല്ല കാലമല്ല. അമേരിക്കയിലുള്‍പ്പെടെ പ്രമുഖ ധനകമ്പോളങ്ങളിലെല്ലാം, ഈ അടുത്തകാലത്ത്, സാധാരണയില്‍ കവിഞ്ഞ തകര്‍ച്ചയാണ് ദൃശ്യമായത്. അതിനാല്‍ തന്നെ, ധന-മാര്‍ക്കറ്റുകള്‍ ഇന്ന് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെപ്പറ്റി ഇതിനുമുമ്പൊരിക്കലും ഉണ്ടാകാത്തവിധം പഠനങ്ങളും അന്വേഷണങ്ങളും നടക്കുന്നുണ്ട്. അത്തരം ചില അന്വേഷണങ്ങളാവട്ടെ ഈ മേഖലയില്‍ നടക്കുന്ന ചില വമ്പന്‍ ക്രമക്കേടുകളെ അനാവരണം ചെയ്യുകയുമുണ്ടായി. സാമ്പത്തിക ദല്ലാള്‍മാര്‍ക്ക് ആവശ്യത്തിലേറെ സ്വാതന്ത്ര്യം നല്‍കുന്നതിനെ കാലാകാലങ്ങളായി വിമര്‍ശിച്ചുപോന്നവര്‍ മാത്രമല്ല, ഇത്തരം ധനകാര്യ മദ്ധ്യസ്ഥത നടത്തുന്നവരും ക്രമക്കേടുകള്‍ തുറന്നുകാട്ടുവാന്‍ മുമ്പോട്ട് വന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.

ധന വിപണികളുടെ, വിശേഷിച്ചും ബാങ്കിങ്ങ്, ഓഹരി വിപണി എന്നിവയുടെ ഇന്നത്തെ പ്രവര്‍ത്തനരീതികളെ തങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ഒട്ടേറെ രചനകള്‍ ഈയിടെ പുറത്തുവരികയുണ്ടായി. “കാര്യക്ഷമമായ കമ്പോള”ത്തെക്കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ദശകങ്ങള്‍ മുമ്പു തന്നെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ അക്കമിട്ടുനിരത്തിയ ദൌര്‍ബല്യങ്ങളെല്ലാം ഏറിയും കുറഞ്ഞും ഇന്നും ധനവിപണികളില്‍ കാണാനാവും. അവയില്‍ ഏറ്റവും പ്രധാനമെന്നോ അപകടകരമെന്നോ വിശേഷിപ്പിക്കാവുന്നത് അസന്തുലിതമായ (അസമമായി വിതരണം ചെയ്യപ്പെടുന്ന) വിവരത്തിന്റെതാണ് (asymmetric (or unevenly distributed) information turn out to be the most virulent). ഇത്തരം അസന്തുലിതമായ വിവരമാണ് ധന കമ്പോളങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന, തികച്ചും അസമമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുന്ന സാഹചര്യമൊരുക്കുന്നത്.

മേല്‍ വിവരിച്ച പ്രകാരം, ഈയിടെ എഴുതപ്പെട്ട രണ്ടു പുസ്തകങ്ങള്‍ ശ്രദ്ധേയമായി തോന്നുന്നു. അതിലൊന്നാണ് രണ്ട് ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനങ്ങളിലായി ഏതാണ്ട് 20 വര്‍ഷത്തോളം ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്ത ശ്രീ ഫിലിപ്പ് ആഗര്‍ എഴുതിയ The Greed Merchants: How the Investment Banks Played the Free Market Game (Penguin Books 2006) എന്ന പുസ്തകം ആണ്. വളരെ അധികം നാളുകള്‍ ഈ മേഖലയില്‍ പണിയെടുത്ത ഒരാള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന അപൂര്‍വമായ ധാരാളം വിവരങ്ങള്‍ ഈ പുസ്തകത്തില്‍ ലഭ്യമാണ്.

ധനകാര്യമേഖലയുടെ അകത്തളങ്ങളില്‍ കൂടുതല്‍ പ്രശസ്തനാണ് ശ്രീ ജോര്‍ജ് സോറോസ്- ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍ എന്ന നിലയിലും ലോകമാകെയുള്ള ഇന്‍‌വെസ്റ്റര്‍മാരുടെയും ഫണ്ട് മാനേജര്‍മാരുരുടേയും ഗുരു എന്ന നിലയിലും. അദ്ദേഹത്തിന്റേതായി ഏറ്റവും അവസാനം ഇറങ്ങിയ കൃതിയാണ്, The New Paradigm for Financial Markets: The Credit Crash of 2008 and What it Means (Public Affairs, New York 2008).

അന്തര്‍ലീനമായ ദൌര്‍ബല്യം

ധന വിപണികളില്‍ അന്തര്‍ലീനമായ ദൌര്‍ബല്യത്തെക്കുറിച്ചും, വ്യത്യസ്ത താല്‍പ്പര്യങ്ങളുടെ ഏറ്റുമുട്ടലുകളെക്കുറിച്ചും ധന വിപണികളെ നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും രണ്ടു ഗ്രന്ഥകര്‍ത്താക്കളും ഉയര്‍ത്തിയിരിക്കുന്നത് സമാനവീക്ഷണമാണ് എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍, അവര്‍ രണ്ടു പേരും, നാളിതു വരെ അംഗീകരിച്ചു വന്നിരുന്ന പരമ്പരാഗത അവധാരണകളെ ചോദ്യം ചെയ്യുകയാണ്.

ആഗര്‍ പറയുന്നു, “ അസമത്വം എന്നത് ആധുനിക സ്വതന്ത്രവിപണിയുടെ അടിസ്ഥാനപ്രമാണമാണ്. ” തന്റെ പുസ്തകത്തില്‍ ആഗര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വളരെക്കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഇന്‍‌വെസ്റ്റ് ബാങ്കിങ്ങ് ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ഇരുണ്ട മൂലകളിലാണ് ‍. വിരലിലെണ്ണാവുന്ന ഭീമന്‍ ബാങ്കുകള്‍ വിദഗ്ദോപദേശം എന്ന പേരില്‍ അസ്ഥിരവും പലപ്പോഴും തികച്ചും തെറ്റായതുമായ വിവരങ്ങള്‍ നല്‍കിയിട്ടുപോലും തങ്ങളുടെ ലാഭം കുന്നുകൂട്ടുന്നത് എങ്ങനെ എന്നതും ഇതില്‍ ഉള്‍പെടും. ഈ വ്യവസായത്തില്‍ നിലനില്‍ക്കുന്ന മത്സരത്തിന്റെ ഇന്നത്തെ അവസ്ഥയെ ചൂണ്ടിക്കാട്ടിയാണ് ആഗര്‍ ഇതിനെ വിശദീകരിക്കുന്നത് . അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അത്യധികം oligopolistic (an economic condition in which there are so few suppliers of a product that one supplier's actions can have a significant impact on prices and on its competitors) ആയ ഒരു അവസ്ഥയാണ് ഇന്ന് ഈ വ്യവസായത്തില്‍ നിലവിലുള്ളത് എന്നതിനാല്‍ വമ്പന്‍ ഇന്‍‌വെസ്റ്റ്മെന്റ് ബാങ്കുകള്‍ക്ക് മത്സരത്തില്‍ അനര്‍ഹമായ മുന്‍‌കൈ ലഭ്യമാവുകയാണ്. കൂടാതെ, മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള അയവേറിയ നിലപാടുകളും ഇടപാടുകാരേയും പ്രതിയോഗികളേയും നിയമങ്ങളേയും തരിമ്പും കൂസാക്കാത്ത മനോഭാവവും ഒരു പിടി ഭീമന്‍ ബാങ്കുകളെ അസാധാരണമായ ലാഭം കൊയ്യാന്‍ സഹായിക്കുന്നുണ്ട്. ഈ ലാഭത്തിലൊരു പങ്ക് സാധാരണക്കാര്‍ക്ക് ഊഹിക്കാന്‍ പോലുമാകാത്തത്ര ഉയര്‍ന്ന പ്രതിഫലമായി തൊഴിലാളികള്‍ക്ക് നല്‍കി അവര്‍ കൊയ്യുന്ന ലാഭത്തിന് പലപ്പോഴും മറയിടുകയാണ് ചെയ്യുന്നത്.

ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും ബാങ്ക് വായ്‌പകള്‍‍, ഉല്പന്നങ്ങളുടേയും കറന്‍സിയുടേയും വ്യാപാരം, ദല്ലാള്‍ സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിനും വസ്തു ഇടപാടുകള്‍ക്കും സാമ്പത്തിക ആസ്തികളുടെ വ്യാപാരത്തിനും വേണ്ട സാമ്പത്തിക സഹായങ്ങള്‍ തുടങ്ങി സാധാരണയായി അവര്‍ നല്‍കിവന്നിരുന്ന സേവനങ്ങള്‍ കൂടാതെ മറ്റു ചില കാര്യങ്ങള്‍ കൂടി ഇന്നിപ്പോള്‍ ഏറ്റെടുക്കുന്നു എന്നതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നു തോന്നുന്നു. അവര്‍ കടപ്പത്ര - ഓഹരി ഇഷ്യുകളെക്കുറിച്ചും, ലയനങ്ങളെയും ഏറ്റെടുക്കലുകളെയും(mergers and acquisitions) കുറിച്ചും ഓഹരികളെയും ഓഹരി ഡെറിവേറ്റീവുകളെയും സംബന്ധിച്ച ഗവേഷണത്തെക്കുറിച്ചും ഹെഡ്ജ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപക സ്ഥാപനങ്ങള്‍ക്കു (institutional investors) വേണ്ടി വില്‍ക്കലും വ്യാപാരവും സംബന്ധിച്ച ഉപദേശങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്. അത് പോലെ തന്നെ ബോണ്ടുകളുടേയും ബോണ്ട് ഡെറിവേറ്റീവുകളുടേയും കാര്യത്തിലും അവര്‍ ഉപദേശങ്ങള്‍ നല്‍കുകി വരുന്നു.

ഇത് ഇന്‍‌വെസ്റ്റ്മെന്റ് ബാങ്കുകള്‍ ഈയിടെ കൈകാര്യം ചെയ്യാന്‍ തുടങ്ങിയ വിവിധ കാര്യകലാപങ്ങളുടെ(functions) പിന്നിലുള്ള വിവിധ താല്പര്യങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്‍‌വെസ്റ്റ്മെന്റ് ബാങ്കുകളും അവരുടെ നിയന്ത്രാതാക്കളും (regulators) തമ്മിലും ധനകാര്യ താല്‍പ്പര്യങ്ങളും മാദ്ധ്യമങ്ങളും തമ്മിലും സംഘര്‍ഷങ്ങളുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ സാധാരണ ആരുമുണ്ടാവാറില്ല എന്നത് ഒരു അവസരമായി മുതലെടുത്തുകൊണ്ട് ചില കമ്പനികളും വ്യക്തികളും സര്‍ക്കാരിന്റേയും ബിസ്സിനസ്സ് മേഖലയുടേയും മേല്‍ അനുചിതമായ സമ്മര്‍ദ്ദം ചെലുത്തുകയും ആ പ്രക്രിയക്കിടയില്‍ അളവറ്റ ധനം ആര്‍ജിക്കുകയും ചെയ്യുന്നുണ്ട്. യഥര്‍ത്ഥത്തില്‍ ഇതിന് വില കൊടുക്കേണ്ടി വരുന്നത് മൂലധന സംരംഭകരും ചെറുകിട നിക്ഷേപകരും (capital issuers and small investors ) ആണ് . അതില്‍ പെന്‍ഷന്‍ ഫണ്ടുകളില്‍ തങ്ങളുടെ പണം നിക്ഷേപിച്ചിരിക്കുന്ന തൊഴിലാളികളും ഉള്‍പ്പെടും.

സോറോസ് ഇത്തരം വാദങ്ങളെ തന്റെ “റിഫ്ലെക്സിവിറ്റി”(theory of reflexivity) സിദ്ധാന്തത്തിലൂടെ മുമ്പോട്ട് കൊണ്ടുപോകുകയാണ്. ബിസ്സിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നത് മുഴുവന്‍ വസ്തുതകളും മുന്നില്‍ വന്ന ശേഷമല്ല എന്നും ഏതു സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ തീരുമാനങ്ങള്‍ എടുക്കുന്നത് അതേ സാഹചര്യങ്ങളെപ്പോലും ഈ തീരുമാനങ്ങള്‍ സ്വാധീനിക്കും എന്ന അവധാരണയെയാണ് ഈ സിദ്ധാന്തം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.

പല പ്രമുഖ ബാങ്കുകളേയും ഇന്നത്തെ സാമ്പത്തിക കുഴപ്പങ്ങളിലേക്ക് നയിച്ച അമേരിക്കന്‍ ഗൃഹനിര്‍മ്മാണമേഖലയിലെ കുമിള (housing bubble in the US) അത്തരം ഒരു "reflexive" തീരുമാനത്തിന്റെ ഫലമായുണ്ടായതാണെന്നാണ് സോറോസിന്റെ വാദം. കാരണം മുന്‍‌ഗണനയിലില്ലാത്തവര്‍ക്ക് ( sub-prime borrowers ) വായ്പ നല്‍കുന്നതിനുള്ള സന്നദ്ധത അഥവാ പ്രോത്സാഹനം ഈടിന്റെ (ഇവിടെ വീടുകളുടെ) മൂല്യത്തെ സ്വാധീനിച്ചു. പൂര്‍ണ്ണമായും അനന്യമെന്ന് പറയനാകില്ലെങ്കിലും ഇപ്രാവശ്യത്തെ ചാക്രികതയും(cycle) പഴയതില്‍ നിന്ന് വിഭിന്നമാണ്. ഇപ്രകാരം നല്‍കപ്പെട്ട വായ്പകളാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൂപ്പര്‍ ബബിളിന്റെ (super bubble) വികാസത്തിലേക്ക് നയിച്ചത്. പരിഷ്ക്കൃതമായ വളരെ ഏറെ ധന ഉപകരണങ്ങള്‍ (sophisticated financial instruments) ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതിനും ആധാരമായത് വായ്പയുടെ സൃഷ്ടി (credit creation) തന്നെയാണ്. ഈ പ്രവണതക്ക് വേഗതകൂടുകയും, അത് അനുസ്യൂതം തുടരുകയും ചെയ്തത് കമ്പോളത്തിന് തെറ്റു പറ്റുകില്ല, പറ്റുമെങ്കില്‍ത്തന്നെ അതിനെ നിയന്ത്രിക്കാന്‍ പോകരുത് എന്ന തെറ്റിദ്ധാരണ നാം വെച്ചു പുലര്‍ത്തിയത് മൂലമാണ്. അതുകൊണ്ട് സോറസ് വാദിക്കുന്നത് 1980 ല്‍ ആരംഭിച്ച കമ്പോള മൌലിക വാദമാണ് സൂപ്പര്‍ ബബിളിനെ ജനിപ്പിച്ചത് എന്നാണ്.

അസന്തുലിതമായ ഘടന (ASYMMETRIC STRUCTURE)

സര്‍ക്കാര്‍ നയങ്ങളുടെ ഉല്‍പ്പന്നമായ അനവധാനത പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. ബാങ്കിങ്ങ് വ്യവസ്ഥക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാകുമ്പോഴും ധനമേഖലയിലെ ഉത്തരവാദിത്വമുള്ള അധികാരികള്‍ (financial authorities) ഇടപെടുകയും കുഴപ്പത്തില്‍പ്പെട്ട ധനകാര്യ സ്ഥാപനത്തെ ജാമ്യത്തിലെടുക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിന്നൊരു പതിവ് കാഴ്ച മാത്രമാണ്. ധന വിപണിയുടെ ആഗോളവല്‍ക്കരണത്തിലൂടെ, ധനകാര്യ നിയന്ത്രണം (financial regulations) കൂടുതല്‍ കൂടുതല്‍ അയവേറിയതാവുകയും കൂടുതല്‍ പരിഷ്‌കൃതമായ ഫിനാന്‍സിയല്‍ പ്രോഡക്‍ട്‌സ് രംഗപ്രവേശം ചെയ്യുകയും ചെയ്തതോടു കൂടി സ്ഥിതി കൂടുതല്‍ വഷളാവുകയാണുണ്ടായത്.

സോറോസിന്റെ അഭിപ്രായത്തില്‍ ആഗോളവല്‍ക്കരണത്തിന് എന്തെങ്കിലും പ്രസക്തിയുള്ളത് അതിന് അസന്തുലിതമായ ഘടനയുള്ളതുകൊണ്ടാണ്. “ആഗോളവല്‍ക്കരണം ധന വ്യവസ്ഥയുടെ കേന്ദ്ര സ്ഥാനത്തുള്ള യു എസി നോടും മറ്റും വികസിത നാടുകളോടും അത്യുദാരപൂര്‍വം വര്‍ത്തിക്കുകയും ധന വ്യവസ്ഥയുടെ കേന്ദ്രത്തില്‍ നിന്നും അകലെ വൃത്തത്തിനുവെളിയില്‍ കിടക്കുന്ന അവികസിത രാജ്യങ്ങളെ(less-developed economies at the periphery) ശിക്ഷിക്കുകയുമാണ്.” വൃത്തത്തിന്റെ കേന്ദ്രത്തിലും വെളിയിലും കിടക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള അസന്തുലിതമായ ഈ ബന്ധം അവികസിത രാജ്യങ്ങളില്‍ നിന്ന് വികസിത നാടുകളിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്കിനെ അനുവദിക്കുകയാണ്. വാസ്തവത്തില്‍ ഇത് കേന്ദ്രരാജ്യങ്ങളിലെ വായ്‌പാ സമര്‍ഥിതമായ നിക്ഷേപങ്ങള്‍ക്കും ഉപഭോഗ വളര്‍ച്ചക്കും (credit financed investment and consumption boom ) സഹായകമാവുകയും, സൂപ്പര്‍ ബബിളിന്റെ വികാസത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. “അധികാരികള്‍ കമ്പോളത്തെ സൂഷ്മമായി നിരീക്ഷിക്കുകയും അത്യാവശ്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ഒരു വ്യവസ്ഥ അത്യന്താപേക്ഷിതമാണ്,” സോറോസ് വാദിക്കുന്നു.

എല്ലാ‍യിടത്തും ദൃശ്യമാകുന്ന വിഭിന്ന താല്‍പ്പര്യങ്ങളുടെ സംഘര്‍ഷത്തെക്കുറിച്ചുള്ള ആഗറിന്റെ വാദങ്ങള്‍ വിശ്വസിക്കാമെങ്കില്‍ മനസ്സിലാകുന്നത് മേല്‍പ്പറഞ്ഞ ഒരു നടപടി കൊണ്ടു മാത്രം ഒന്നുമാകില്ല എന്നാണ്. ധന വ്യവസ്ഥയാകെ ഈ സംഘര്‍ഷം പടര്‍ന്നു കഴിഞ്ഞു. ധാര്‍മ്മികതയുടെ ഇരുണ്ട മേഖലകള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു ഇവിടെ മാദ്ധ്യമങ്ങളും കുറ്റവിമുക്തരാവുന്നില്ല, വിശേഷിച്ചും വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവ ഊഹാധിഷ്ഠിത കുമിളയുടെ സൃഷ്ടിക്ക് വഴിയൊരുക്കിയതിനാല്‍. ഒട്ടെല്ലാ മുതിര്‍ന്ന റെഗുലേറ്റര്‍മാരും സീനിയര്‍ ബാങ്കര്‍മാരുടെ സമൂഹത്തില്‍ നിന്നും നിയമിക്കപ്പെടുന്നതിനാലും ബാങ്കുകള്‍ മുന്‍ റെഗുലേറ്റര്‍മാരെ തങ്ങളുടെ ബാങ്കുകളില്‍ വീണ്ടും നിയമിക്കുന്നതിനാലും റെഗുലേറ്റര്‍മാരുടെ റോളും പ്രശ്‌നങ്ങളില്‍ നിന്നും വിമുക്തമല്ല.

ചുരുക്കത്തില്‍ സാമ്പത്തിക വ്യവസ്ഥയില്‍ ഇന്നുണ്ടായിരിക്കുന്ന ആഘാതം ചെറുകിട നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അതികഠിനമായ ആഘാതമേല്‍പ്പിക്കുമെങ്കിലും വമ്പന്‍ സ്രാവുകളുടെ ലാഭത്തില്‍ വലിയ കുറവൊന്നുമുണ്ടായിട്ടില്ല എന്നു കാണാം.

ആഗര്‍ തന്റെ ആമുഖത്തില്‍ പറയുന്നതു പോലെ, “സൂക്ഷിച്ചു നോക്കുകയാണെങ്കില്‍ അമേരിക്കന്‍ മൂലധന വിപണിയില്‍ അരങ്ങേറുന്ന കളികള്‍ നിങ്ങള്‍ ജീവിക്കുന്ന എവിടെയും നിങ്ങള്‍ക്ക് കാണാനാവും. കുറച്ചുകൂടെ സൂക്ഷിച്ചു നോക്കുകയാണെങ്കില്‍ അതിന്റെ വില നിങ്ങളും കൊടുക്കുന്നുണ്ട് എന്നത് കാണാനാവും.”

*
ജയതി ഘോഷ് എഴുതിയ The Truth About Finance And Markets എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈയിടെ എഴുതപ്പെട്ട രണ്ടു പുസ്തകങ്ങള്‍ ശ്രദ്ധേയമായി തോന്നുന്നു. അതിലൊന്നാണ് രണ്ട് ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനങ്ങളിലായി ഏതാണ്ട് 20 വര്‍ഷത്തോളം ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്ത ശ്രീ ഫിലിപ്പ് ആഗര്‍ എഴുതിയ The Greed Merchants: How the Investment Banks Played the Free Market Game (Penguin Books 2006) എന്ന പുസ്തകം ആണ്. വളരെ അധികം നാളുകള്‍ ഈ മേഖലയില്‍ പണിയെടുത്ത ഒരാള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന അപൂര്‍വമായ ധാരാളം വിവരങ്ങള്‍ ഈ പുസ്തകത്തില്‍ ലഭ്യമാണ്.

ധനകാര്യമേഖലയുടെ അകത്തളങ്ങളില്‍ കൂടുതല്‍ പ്രശസ്തനാണ് ശ്രീ ജോര്‍ജ് സോറോസ്- ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍ എന്ന നിലയിലും ലോകമാകെയുള്ള ഇന്‍‌വെസ്റ്റര്‍മാരുടെയും ഫണ്ട് മാനേജര്‍മാരുരുടേയും ഗുരു എന്ന നിലയിലും. അദ്ദേഹത്തിന്റേതായി ഏറ്റവും അവസാനം ഇറങ്ങിയ കൃതിയാണ്, The New Paradigm for Financial Markets: The Credit Crash of 2008 and What it Means (Public Affairs, New York 2008).

ജയതി ഘോഷ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ