Tuesday, June 10, 2008

വര്‍ഗീയത തഴച്ചുവളരുന്ന മണ്ണ്‌

സാമ്പത്തിക പ്രതിസന്ധിയും അനുബന്ധമായ കൂട്ട തൊഴിലില്ലായ്മയും വിഘടന രാഷ്ട്രീയത്തിന്, വിശേഷിച്ച് ഫാസിസ്റ്റ് രാഷ്ട്രീയത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണാണ്. വന്‍ തൊഴിലില്ലായ്മാ കുഴപ്പത്തിന്റെ മദ്ധ്യേയാണ് ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്നത്;ഗ്രേറ്റ് ഡിപ്രഷന്റെ കാലഘട്ടത്തിലാണ് ലോകരാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് തരംഗം വീശിയടിച്ചത്; മുതലാളിത്ത ലോകത്തില്‍ ഇന്ന് അനാവൃതമായിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങള്‍ ബെര്‍ലുസ്കോണിയെയും സര്‍ക്കോസിയെയും പോലുള്ളവരുടെ ആവിര്‍ഭാവത്തിനു കാരണമായിട്ടുണ്ട്. ഇതിലും മോശമായവര്‍ ഇവര്‍ക്കു പിന്നാലെ വരാനുമിടയുണ്ട്.

ഇപ്പോള്‍ തന്നെ പ്രാന്തവല്‍ക്കരിക്കപ്പെട്ടിട്ടുള്ള, വികസനപ്രക്രിയയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുള്ള “അന്യ” സമുദായങ്ങളുടെ മേല്‍ തൊഴിലില്ലായ്മയുടെ കാരണക്കാര്‍ അവരാണെന്ന കുറ്റം ആരോപിക്കുക വളരെ എളുപ്പമാണ്. അങ്ങനെയാകുമ്പോള്‍ “അന്യ” സമുദായങ്ങളില്‍ പെട്ടവര്‍ കൂടുതല്‍ ഒറ്റപ്പെടുകയും പ്രാന്തവല്‍ക്കരിക്കപ്പെടുകയും ചെയ്യും . ഇത്തരം സമീപനങ്ങള്‍ പ്രസ്തുത സമുദായങ്ങളിലെ യുവാക്കളുടെ എല്ലാ പ്രതീക്ഷകളും കരിഞ്ഞുപോകുന്നതിനും ക്രമേണ അവരുടെ ക്രിമിനനല്‍വല്‍ക്കരണത്തിനും ഇടയാക്കും. അപ്പോള്‍ “അന്യ” സമുദായങ്ങളില്‍ പെട്ടവരാണ് സാമൂഹികമായ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരെന്ന പ്രവചനം യാഥാര്‍ത്ഥ്യമാകും.

വളര്‍ച്ചാമുരടിപ്പും മാന്ദ്യവും (സ്റ്റാഗ്നേഷനും റിസഷനും) അനുഭവിക്കുന്ന സബ് സഹാറന്‍ ആഫ്രിക്ക പോലുള്ള സമ്പദ്‌വ്യവസ്ഥകളില്‍ മാത്രമല്ല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയും ഇന്ത്യയും പോലുള്ള സമ്പദ്‌വ്യവസ്ഥകളിലും(സാമ്പത്തിക മാന്ദ്യം വരികയാണെങ്കില്‍ തീര്‍ച്ചയായും ഇവിടെയും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും) ഉള്‍പ്പെടെ, ലോകമാസകലം, നവ ലിബറല്‍ കാലഘട്ടത്തിന്റെ പ്രത്യേകതയായി കാണാന്‍ കഴിയുന്ന ഒന്നാണ് തൊഴിലില്ലായ്മയുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ച. ഉദാഹരണത്തിന് ‍, വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ട സമീപകാല സാമ്പത്തിക വളര്‍ച്ചക്കിടയിലും, 2004- 2005ല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ “ഏറ്റവും പുതിയ ദൈനംദിന നിലവാരം”("current daily status") സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു. ഇതു തന്നെയാണ് ചൈനയുടേയും മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളുടേയും സ്ഥിതി. ഇതിന്റെ കാരണം ലളിതമാണ്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ വരുമാനത്തില്‍ ഉണ്ടായ കുത്തനെയുള്ള അസമത്വം, സമ്പന്നമായ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജീവിതശൈലിക്കനുയോജ്യമായ പലവിധ ആഡംബരവസ്തുക്കളുടെയും ഡിമാന്‍ഡ് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം വസ്തുക്കളാകട്ടെ തൊഴിശക്തി വേണ്ടാത്ത സാങ്കേതികവിദ്യയാല്‍ നിര്‍മ്മിക്കപ്പെടുന്നവയും. ഇത്തരം വ്യവസായങ്ങളുടെ തൊഴില്‍ ഉല്പാദകശേഷി നാമമാത്രമാകയാലും, മൊത്തം ഉത്പാദനത്തില്‍ അത്തരം വ്യവസായങ്ങളുടെ പങ്ക് വര്‍ദ്ധിച്ചുവരുന്നതിനാലും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുന്നതിനും തുടരുന്നതിനും ഇടവരുകയും അതുവഴി വരുമാനത്തിലെ അന്തരം കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഇത്തരത്തില്‍ തൊഴില്‍ രാഹിത്യത്തിന് (ദാരിദ്ര്യത്തിനും) ആക്കം കൂട്ടുന്ന വിഷമവൃത്തത്തിനു തുടക്കം കുറിക്കുകയും അതു വഴി ഫാസിസമുള്‍പ്പെടെയുള്ള, ഇന്ത്യന്‍ സാഹചര്യത്തില്‍ കൃത്യമായിപ്പറഞ്ഞാല്‍ വര്‍ഗീയ ഫാസിസം, ശിഥിലീകരണ രാഷ്ട്രീയത്തിനു അനുയോജ്യമായ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. സമീപ കാലത്ത് ദക്ഷിണ ആഫ്രിക്കയില്‍ മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ നടന്ന ആക്രമണ പരമ്പര ഈ കാര്യം വിശദീകരിക്കുന്നുണ്ട്.

എങ്കിലും 1930കളിലെ ഫാസിസത്തിന്റെ ആദ്യരൂപവും പിന്നീടുണ്ടായ അതിന്റെ മൂന്നാം ലോകപതിപ്പുകളും തമ്മില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസം ഉണ്ട്. ആദ്യത്തേതിനു. എത്ര തന്നെ വെറുക്കപ്പെട്ടതെങ്കിലും, അതിന്റെതായ ഒരു സാമ്പത്തിക അജണ്ട ഉണ്ടായിരുന്നു; പക്ഷെ ഫാസിസത്തിന്റെ പുതിയ രൂപങ്ങള്‍ക്ക് അത്തരമൊരു അജണ്ട ഇല്ല. സൈനികച്ചിലവ് വര്‍ദ്ധിപ്പിക്കുക എന്ന ലളിതവും അതേസമയം വെറുക്കപ്പെട്ടതുമായ നടപടികളിലൂടെ ജര്‍മ്മനിയും സൈനിക ജപ്പാനും തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കുകയും തങ്ങളുടെ രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കും എന്ന തന്റെ വാഗ്ദാനം ഹിറ്റ്ലര്‍ പാലിച്ചുവെങ്കിലും, അതിലൂടെ ജര്‍മ്മനിയേയും ലോകത്തെയും ഒരു വിനാശകരമായ യുദ്ധത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. ജപ്പാന്റെ സൈനികമേധാവികളും ഇത് തന്നെയാണ് ചെയ്തത്.

ഉദാരവത്കൃത മുതലാളിത്തത്തിന്റെ (liberal capitalism)സന്തതിയാണ് ഫാസിസം എങ്കിലും അതില്‍ നിന്നൊരു വിടുതല്‍ ഫാസിസം നേടുന്നുണ്ട്. ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ ജനപിന്തുണ, യുദ്ധഭീതി അനുഭവവേദ്യമാകാത്ത കുറച്ച് കാലത്തേക്കെങ്കിലും, വര്‍ദ്ധിക്കുക പോലും ചെയ്തതിന്റെ കാരണം ഇത് വിശദീകരിക്കുന്നുണ്ട്. പക്ഷെ ഇന്ത്യയിലെ വര്‍ഗീയ ഫാസിസത്തിനു സ്വതന്ത്രമായൊരു സാമ്പത്തിക അജണ്ട ഇല്ല തന്നെ. വര്‍ഗീയ ഫാസിസത്തിന്റെ പ്രചാരകരായ ഹിന്ദുത്വ രാഷ്ടീയ സഖ്യം അതിനെ എതിര്‍ക്കുന്ന ലിബറല്‍ ബൂര്‍ഷ്വാ സഖ്യത്തെപ്പോലെ ഓരോ അണുവിലും നവ ലിബറല്‍ തന്നെയാണ്. രണ്ട് സഖ്യങ്ങളുടെയും സ്വരൂപവും അവ തമ്മിലുള്ള പരസ്പര ബന്ധവും നിര്‍ണയിക്കുന്നതില്‍ ഈ വസ്തുതക്ക് നിര്‍ണ്ണായകമായ പങ്ക് ഉണ്ട്.

മുസ്ലീം എന്നത് “അന്യര്‍” ആയി കരുതുന്ന വര്‍ഗീയ ഫാസിസ്റ്റ് സഖ്യം, സാമ്രാജ്യത്വത്തിനുമുമ്പില്‍ വെറും വാലാട്ടി മാത്രമാണ്. ഇങ്ങനെ പറയുമ്പോള്‍, ലോകമുതലാളിത്തത്തിന്റെ ഇന്ന് നിലവിലുള്ള അധികാരശ്രേണിയുടെ ഘടനയുടെ സവിശേഷ സ്വഭാവമാണ് ഞാന്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്. വര്‍ഗീയ ഫാസിസത്തിന്റെ ഏക ആവശ്യം ഈ ഘടനയില്‍ തങ്ങളുടെതായ ഇടം നേടുക എന്നത് മാത്രമാണ്, അതിനായി നേതൃത്വത്തിലിരിക്കുന്ന സാമ്രാജ്യത്വശക്തിയെ ഏതളവുവരെയും പ്രീണിപ്പിക്കുവാന്‍ അവര്‍ ഒരുക്കവുമാണ്. സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കുവാനുള്ള ഒന്നാം തരമൊരു അവസരമായാണ് വര്‍ത്തമാനകാല സംഭവവികാസങ്ങളെ അവര്‍ കാണുന്നത്. സമകാലിക സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ് പല കാരണങ്ങള്‍ കൊണ്ടും ഇസ്ലാമിക തീവ്രവാദികളില്‍ നിന്നാണ് ഉയരുന്നത് എന്നത് കൊണ്ട് വര്‍ഗീയ ഫാസിസം തങ്ങളുടെ മുസ്ലീം വിരുദ്ധ അജണ്ടയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇസ്ലാം വിരുദ്ധതയുമായി കൂട്ടിയോജിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യയിലെ വര്‍ഗീയ ഫാസിസം ഒരിക്കലും, സ്വാതന്ത്ര്യസമരത്തിന്റെ പ്രതാപകാലത്ത് പോലും, സാമ്രാജ്യത്വ വിരുദ്ധം ആയിരുന്നിട്ടില്ല. ഇന്നത് പരസ്യമായും, അഭിമാനത്തോടെയും, ആക്രമണോത്സുകമായും സാമ്രാജ്യത്വവുമായി സഹകരിക്കുകയാണ്. വല്ലപ്പോഴുമെങ്കിലും അത് പുറപ്പെടുവിക്കുന്ന സാമ്രാജ്യത്വവിരുദ്ധ വായ്ത്താരികളാകട്ടെ, ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ സ്പര്‍ശിക്കുന്നതോ, അടിസ്ഥാന സാമ്പത്തികനയങ്ങളെ സംബന്ധിക്കുന്നതോ അല്ല എന്നു മാത്രമല്ല കപടവുമാണ്. ആണവ കരാറിനെ തങ്ങളുടേതായ കാരണങ്ങളാല്‍ എതിര്‍ക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി, അധികാരത്തിലിരുന്നപ്പോള്‍ ഇതിലും മോശമായ ഒരു കരാര്‍ ഒപ്പിടുവാന്‍ സര്‍വ്വാത്മനാ തയ്യാറായിരുന്നു എന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ വക്താവിന്റെ വെളിപ്പെടുത്തലില്‍ നിന്നും ഇക്കാര്യം വ്യക്തമാകും.

മറുവശത്ത്, അടിസ്ഥാനപരമായി ന ലിബറല്‍ നയങ്ങളുടെ വക്താക്കളും, വര്‍ഗീയ ഫാസിസ്റ്റ് സഖ്യത്തെപ്പോലെത്തന്നെ സാമ്രാജ്യത്വവുമായി ഒത്തുചേര്‍ന്നു പോകാന്‍ ആഗ്രഹിക്കുന്നവരുമായതു കൊണ്ട് തന്നെ ബൂര്‍ഷ്വാ മതേതര സഖ്യത്തിന്റെ മതേതരത്വവും (സാമ്രാജ്യത്വ) സഹവര്‍ത്തിത്വത്തിന്റെ കറപുരണ്ടതാണ്. കുറച്ചെങ്കിലും ഇസ്ലാം വിരുദ്ധ മനോഭാവമില്ല എങ്കില്‍ സാമ്രാജ്യത്വവുമായി എന്ത് വിലകൊടുത്തും സഹകരിക്കുക എന്നത് സാദ്ധ്യമാകുകയില്ല. ഇന്‍ഡോ‌‌-അമേരിക്കന്‍ ആണവ കരാര്‍ അത്തരമൊരു തീവ്രമായ അഭിലാഷത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍( പണപ്പെരുപ്പം ഉദാഹരണം) നിങ്ങള്‍ തെറ്റായ നിലപാടെടുക്കുന്നവരാണെങ്കില്‍, അത് നിങ്ങളുടെ ജനങ്ങളെ അണിനിരത്താന്‍ ഉള്ള കഴിനെ ചോര്‍ത്തിക്കളയും. പ്രസ്തുത കഴിവില്ലായ്മ ഹിന്ദുത്വ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താനുള്ള നിങ്ങളുടെ കഴിവിനെയും വല്ലാതെ പരിമിതപ്പെടുത്തും എന്നത് അംഗീകരിച്ചേ മതിയാവൂ. നവ ലിബറല്‍ അജണ്ടയോടുള്ള പ്രതിബദ്ധത പൊതുവിതരണ സമ്പ്രദായം പോലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളെടുക്കുന്നതില്‍ നിന്നും നിങ്ങളെ തടയും.

ചുരുക്കത്തില്‍, (നവലിബറല്‍ അജണ്ടയുള്ള) നിങ്ങള്‍ക്ക് നരേന്ദ്രമോഡിയുടെ സാമ്പത്തിക നയങ്ങളെ എതിര്‍ക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യത്തിന്, മിക്കവാറും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കൊക്കെത്തന്ന “വികസനം” എന്ന് അവര്‍ കരുതുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയതിനു മോഡിയോട് അസൂയ ഉണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന്, അവരൊക്കെ ഇക്കാര്യത്തില്‍ മോഡിയെ അനുകരിക്കുവാന്‍ ശ്രമിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന്, അവര്‍ മോഡിയെ എതിര്‍ക്കുവാന്‍ വഘേലയെ ഉപയോഗിക്കുന്നു, ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് എതിര്‍ക്കുന്നു എന്നീ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ല എന്ന് പറയാനുകുമോ? വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും മതേതരത്വശക്തികളും തമ്മില്‍ നവ ലിബറല്‍ അജണ്ടയുടെ കാര്യത്തിലുള്ള അഭിപ്രായ‌ ഐക്യം സൂചിപ്പിക്കുന്നത് വര്‍ഗീയതയുടേയും മതേതരത്വത്തിന്റേയും പ്രശ്നത്തിലും അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്നു എന്നാണ്.

മതേതര സഖ്യവും വര്‍ഗീയ സഖ്യവും തമ്മില്‍ യാതൊരു വ്യത്യാ‍സവുമില്ലെന്നോ അവര്‍ എല്ലാ രീതിയിലും ഒരുപോലെയാണെന്നോ, അവരിലൊരാളെ തിരഞ്ഞെടുക്കേണ്ടതില്ലെന്നോ ഉള്ള അപക്വമായ അഭിപ്രായപ്രകടനമല്ല ഇത്. നവ ലിബറല്‍ അജണ്ടയുമായി വര്‍ഗീയ ശക്തികള്‍ എങ്ങനെയാണോ സന്ധിചെയ്തിട്ടുള്ളത്, അതു പോലെ തന്നെ സന്ധിചെയ്തിട്ടുള്ള ഒരു ബൂര്‍ഷ്വാ സഖ്യത്തോടൊപ്പം നിന്ന് വര്‍ഗീയതയെ എതിര്‍ക്കുക എന്നത് എത്രമാത്രം വൈഷമ്യമുള്ളതാണെന്ന വസ്തുതക്ക് അടിവരയിടുവാനാണിത് പറയുന്നത്; ആര്‍ക്കും അവരെ ഒഴിവാക്കാനുമാവില്ല, എന്നാല്‍ അവരുടെ പരിമിതികളെ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. ഈ രണ്ട് സഖ്യത്തിനും ഒരേ തരത്തിലുള്ള നവ ലിബറല്‍ അജണ്ടയാണ് ഉള്ളത് എന്നത് കൊണ്ടും, സാമ്രാജ്യത്വവുമായി സന്ധിചെയ്യുവാന്‍ ഒരേപോലെ ആഗ്രഹിക്കുന്നവരാണ് രണ്ടു പേരും എന്നതുകൊണ്ടും, ഈ രണ്ടു അജണ്ടയും അംഗീകരിക്കുന്ന, രണ്ടു സഖ്യങ്ങളോടും ഇടപഴകുവാന്‍ ബുദ്ധിമുട്ടൊന്നും അനുഭവിക്കാത്ത കുത്തക ബൂര്‍ഷ്വാസിയെ സംബന്ധിച്ചിടത്തോളം ഒന്നില്‍ നിന്നു മറ്റൊന്നിലെക്ക് ചാഞ്ചാടുക എന്നത് എളുപ്പമുള്ള കാര്യമാണ് എന്നതില്‍ ആശ്ചര്യത്തിനവകാശമില്ല.(ഒരു പക്ഷെ ബി.ജെ.പിയായിരിക്കും കുത്തകകളുടെ വീക്ഷണത്തില്‍ അല്പമാത്രയെങ്കിലും പ്രിയതരം, കാരണം ബി.ജെ.പി ഇതുവരെ ഇടതുപക്ഷ പിന്തുണയോടെ അധികാരത്തില്‍ വന്നിട്ടില്ലല്ലോ.)

സാമാന്യ ജനങ്ങളുടെ കാര്യമെടുത്താല്‍, സാമ്പത്തിക അജണ്ടയിലെ ഈ വ്യത്യാസമില്ലായ്മ, ഒരു വലിയ വിഭാഗത്തിന് ഒരു സഖ്യത്തില്‍ല്‍ നിന്നും മറ്റൊന്നിലേക്ക് യാതൊരു പ്രയാസവും കൂടാതെ ചാഞ്ചാടുന്നത് സുഖകരമാക്കുന്നു. സാമ്പത്തിക അജണ്ടയില്‍ വ്യത്യാ‍സമുണ്ടായിരുന്നുവെങ്കില്‍ ഈ ചാട്ടം അത്ര എളുപ്പമല്ലാതാകുമായിരുന്നു.

അതേ അവസരത്തില്‍ , വര്‍ഗീയ അജണ്ടയുമായി മുന്നോട്ട് പോകുക എന്നതിനര്‍ത്ഥം വര്‍ഗീയതയെക്കുറിച്ചുള്ള സംവാദം പ്രധാനവേദി കയ്യടക്കുകയും ബദല്‍ സാമ്പത്തികപാതകളെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും പിന്നോട്ടടിക്കപ്പെടുകയും ചെയ്യുക എന്നതാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ജനങ്ങളുടെ ഭൌതിക സാഹചര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തിരശ്ശീലക്ക് പിന്നിലേക്ക് തള്ളപ്പെടുകയും, മതേതരത്വത്തെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയില്‍ മാത്രമായി രാഷ്ട്രീയം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഗതികേടിലേക്ക് സംവാദങ്ങള്‍ നയിക്കപ്പെടുന്നു.

ഇത് പറയുന്നത് മതേതരത്വത്തെ സംരക്ഷിക്കുക എന്നതിനു കുറഞ്ഞ പ്രാധാന്യമേ ഉള്ളൂ എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് വര്‍ഗീയത ഒരു ദുഃസ്വപ്നം പോലെ നമ്മെ പിന്തുടരുന്നു എന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനു മാത്രമാണ്. സംവാദങ്ങളിലെ കേന്ദ്രവിഷയവുമായി ബന്ധപ്പെട്ട സമകാലിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്, അവ ഇല്ലാതാകുന്നില്ല എന്നു മാത്രമല്ല, മതേതരത്വത്തെ സംരക്ഷിക്കുക എന്ന ആവശ്യം നിരന്തരം ആവര്‍ത്തിക്കുന്ന സ്വപ്നം പോലെ നമ്മെ പിന്തുടരുകയാണ്. ചിലപ്പോള്‍ ഈ പ്രതിരോധം ഫലവത്താകുന്നു; ചിലപ്പോള്‍ അത് പരാജയപ്പെടുന്നു. എങ്കിലും ഈ പ്രത്യേക ആവശ്യം ഉയര്‍ത്താതിരിക്കാന്‍ സഹായകമാകുന്ന തരത്തില്‍ സാഹചര്യം മാറുന്നില്ല. അങ്ങിനെ ഒരു മാറ്റം ഉണ്ടാകണമെങ്കില്‍ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുവാനാകണം. എന്നാല്‍ മതേതരത്വത്തെ സംരക്ഷിക്കുക എന്നതില്‍ മാത്രം ഊന്നേണ്ടിവരുന്ന, ഒരുപക്ഷെ ഒരു ദീര്‍ഘകാലയളവ് നീണ്ടു നിന്നേക്കാവുന്ന, കൃത്യാന്തരത്വം(preoccupation) മറ്റു വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നമ്മെ അനുവദിക്കുന്നില്ല. നവ ലിബറല്‍ സാമൂഹ്യക്രമത്തില്‍ ശക്തിപ്രാപിക്കുന്ന വര്‍ഗീയ ഫാസിസം, ആ ഭരണക്രമത്തിന്റെ ദുഷ്‌ഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ ഇപ്രകാരം ഒഴിവാക്കുക വഴി, ആ സാമൂഹ്യക്രമത്തിന്റെ ഉദ്ദേശപ്രാപ്തിക്ക് അനുഗുണമാവുകയാണ് ചെയ്യുന്നത്.

മൈക്കേല്‍ കാലെക്കി(Michael Kalecki) എന്ന പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞന്‍ 1960കളില്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ “നമ്മുടെ കാലഘട്ടത്തിലെ ഫാസിസത്തെ” വിശേഷിപ്പിക്കുന്നത് “തുടലിലിട്ട നായ” എന്നാണ്. അതിന്റെ ക്രൌര്യത്തെക്കുറിച്ച് മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുവാനായി അതിനെ ചിലപ്പോള്‍ കെട്ടഴിച്ച് വിടുന്നു. കെട്ടിയിട്ടിരിക്കുകയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും കെട്ടഴിച്ചുവിടപ്പെട്ടേക്കാം എന്ന സാദ്ധ്യത പോലും “നല്ല പെരുമാറ്റം” ഉറപ്പിക്കുവാന്‍ പര്യാപ്തമാണത്രെ. സമകാലീന നവ ലിബറലിസത്തിന്റെ ഈ കാലഘട്ടത്തില്‍ കാലെക്കിയുടെ വിവരണം ഇന്ത്യയിലെ വര്‍ഗീയ ഫാസിസത്തിന് തികച്ചും യോജിച്ചതാണ്. ഈ നായ നവ ലിബറലിസത്തിന്റെ ഉല്പന്നവും സന്തതസഹചാരിയുമാണ്. നവലിബറലിസം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും സുരക്ഷിതത്വമില്ലായ്മയുമാണ് ഇതിന്റെ (വര്‍ഗീയ ഫാസിസത്തിന്റെ) വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. നവ ലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കാതെ അത് ഈ പ്രതിസന്ധികള്‍ മാറ്റമില്ലാതെ തുടരാന്‍ ബോധപൂര്‍വം അവസരം ഒരുക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ വര്‍ഗീയ ഫാസിസം എന്നത് കൃത്യമായ ഉദ്ദേശത്തോടെയും ബോധപൂര്‍വമായും സൃഷ്ടിക്കപ്പെട്ട നവ ലിബറലിസത്തിന്റെ സ്വന്തം രക്ഷകനാണ്. നവ ലിബറലിസത്തെ ഇതു പോലെ നിലനിറുത്തിക്കൊണ്ട് തന്നെ ഒരു ദിവസം ഈ നായയെ ഒഴിവാക്കാം എന്ന് സങ്കല്‍പ്പിക്കുന്നത് തികച്ചും മൌഢ്യമായിരിക്കും. നവ ലിബറലിസം തന്നെ ഈ നായയെ ഒഴിവാക്കുവാന്‍ നമ്മെ ഒരു ദിവസം സഹായിക്കും (ഹിന്ദുത്വ ശക്തികളെ വളര്‍ത്തുന്ന “പിന്നാക്കാവസ്ഥ”യുടെ സ്ഥാനത്ത് “ആധുനികത”യെ പ്രതിഷ്ഠിച്ചുകൊണ്ട്) എന്ന് സങ്കല്‍പ്പിക്കുന്നതും അത്രത്തോളം തന്നെ മൌഢ്യം നിറഞ്ഞതാണ്. നവ ലിബറലിസത്തെ അതിജീവിക്കുന്നതിലൂടെ മാത്രമെ ഈ നായയെ ഒഴിവാക്കാനാകൂ.

നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ സന്തതസഹചാരി വര്‍ഗീയഫാസിസം മാത്രമല്ല. ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളില്‍ വിവിധ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലാത്തതുകൊണ്ടും, അവരെല്ലാം തന്നെ എന്തൊക്കെയാണെങ്കിലും നവ ലിബറല്‍ ആശയങ്ങളെ പിന്തുണക്കുന്നവരാകുന്നതു കൊണ്ടും അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം മറ്റു കാര്യങ്ങളെ സംബന്ധിച്ചാണ്. അവര്‍ക്കോരോരുത്തര്‍ക്കും, തങ്ങളെത്തന്നെ ഉയര്‍ത്തിക്കാട്ടുന്നതിനായി, “മാര്‍ക്കറ്റ് ചെയ്യുന്നതിനായി” ചില പുതിയ “ഉല്പന്നങ്ങള്‍” കണ്ടെത്തേണ്ടിയിരിക്കുന്നു, വോട്ടര്‍മാരെ പ്രീണിപ്പിക്കാനുതകുന്ന ചില വിചിത്രമായ ഡിമന്‍ഡുകള്‍ ഉയര്‍ത്തേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും ഉയത്താന്‍ കഴിവില്ലാത്ത, എന്നാല്‍ താന്‍ കൂടുതല്‍ കൂടുതല്‍ അപ്രസക്തനാകുന്നു എന്നു ബോദ്ധ്യപ്പെട്ട ഒരു രാജ് താക്കറെ മുംബൈയിലേക്ക് കുടിയേറിയ പാവപ്പെട്ട ബീഹാറുകാരനും ഉത്തര്‍പ്രദേശുകാരനുമെതിരെ പ്രാദേശികരോഷം ആളിക്കത്തിക്കുവാന്‍ തീരുമാനിക്കുന്നു. മരുമകന്റെ തരികിടകള്‍ തന്റെ മകന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാകും എന്ന് തോന്നിയ ഒരു ബാല്‍ താക്കറെ കുടിയേറ്റ-ദ്രോഹത്തിന്റെ കാര്യത്തില്‍ മരുമകനെ കടത്തി വെട്ടാന്‍ തീരുമാനിക്കുന്നു. ഹിന്ദുത്വ പ്രതിച്ഛായ മാത്രം ഉപയോഗിച്ച് എത്രമാത്രം മുന്നോട്ട് പോകാനാകും എന്ന് ഉറപ്പില്ലാത്ത ഒരു വസുന്ധര രാജെ, നടപ്പിലാക്കാന്‍ ഒരു ഉദ്ദേശവും ഇല്ലാതിരുന്നിട്ടും ഗുജ്ജാറുകള്‍ക്ക് പട്ടികവര്‍ഗ പദവി വാഗ്ദാനം ചെയ്ത് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു.

ചുരുക്കത്തില്‍, അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ ഭിന്നതയില്ല എന്നത് “രാഷ്ട്രീയത്തിന്റെ വിനാശത്തിനു” കാരണമാകുന്നു, ജീവല്‍ പ്രധാനമായ പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കുള്ള ചോയ്‌സ് ഇല്ലാതാക്കുന്നു, ഒരു രാഷ്ട്രീയമായ ഗ്രേഷാംസ് നിയമം*** നടപ്പിലാക്കുക വഴി ശിഥിലീകരണ സ്വഭാവമുള്ള പ്രശ്നങ്ങള്‍ മുന്‍ നിരയിലേക്ക് വരുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രധാന മന്ത്രി മുതല്‍ താഴോട്ടുള്ള രാഷ്ട്ര നേതാക്കളാകട്ടെ, “‘വികസനത്തെ’ രാഷ്ട്രീയത്തിനു മുകളില്‍ പ്രതിഷ്ഠിക്കൂ ‍” എന്ന് ആഹ്വാനം ചെയ്യുക വഴി ഈ ഗ്രേഷാംസ് നിയമത്തെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. നവ ലിബറല്‍ നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവരുടെ അതിരു കവിഞ്ഞ ആവേശം അവരെ ഇത്തരം ശിഥിലീകരണ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തില്‍ പങ്കുള്ളവരാക്കുകയും ചെയ്യുന്നു. വര്‍ഗീയ ഫാസിസമെന്നത് ശിഥിലീകരണ രാഷ്ട്രീയമെന്ന വലിയ പറ്റത്തെ നയിക്കുന്ന ഒരു പ്രധാന ജീവി മാത്രമാകുന്നു.

മുകളില്‍ സൂചിപ്പിച്ച പോലെ അനന്തമായി സ്വയം തുടരാനുള്ള ഒരു സഹജ വാസന (self-perpetuating nature) ഉള്ളപ്പോള്‍ എങ്ങിനെ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയും? നവ ലിബറല്‍ വ്യവസ്ഥയുടെ തകര്‍ച്ച, മുകളില്‍ പറഞ്ഞിരിക്കുന്ന സഹജവാസന ഉണ്ടെങ്കില്‍ക്കൂടി, അതില്‍ അന്തര്‍ലീനമായിരിക്കുന്ന സാമ്പത്തിക പ്രവണതകള്‍ (economic tendencies) കൊണ്ടു തന്നെയായിരിക്കും. അത്തരമൊരു പ്രതിസന്ധിയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. പ്രതിസന്ധി എന്നു പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ജനങ്ങളുടെ പ്രതിസന്ധി മാത്രമല്ല, കാരണം ജനങ്ങള്‍ വളരെക്കാലമായി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ നവ ലിബറല്‍ ഘടന ആരുടെ താല്പര്യങ്ങളാണോ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് അവരും പ്രതിസന്ധിയെ അഭിംഖീകരിക്കുകയാണ് . പണമിടപാടുകാര്‍, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍, കോര്‍പ്പറേറ്റ് ധനികവര്‍ഗം തുടങ്ങിയവരും സാമ്പത്തികമാന്ദ്യം നേരിടുകയാണ്. ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത അഭൂതപൂര്‍വമായ ഇന്‍‌ഫ്ലേഷന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കും രാഷ്ട്രീയ സ്ഥിരതയ്ക്കുപോലും ഭീഷണി ഉയര്‍ത്തുകയാണ്. ആഗോളതലത്തില്‍ ഈ പ്രതിസന്ധി ഉണ്ട്, അത് അനിവാര്യമായും ഇന്ത്യയെയും ബാധിക്കും.

ഈ പ്രതിസന്ധി വര്‍ഗീയ ഫാസിസത്തെ ഇല്ലാതാക്കുകയില്ല . വാസ്തവത്തില്‍ അല്പകാലത്തേക്കെങ്കിലും വര്‍ഗീയ ഫാസിസത്തെ ശക്തിപ്പെടുത്തുകയാണിത് ചെയ്യുക. എങ്കിലും അത് രാഷ്ട്രീയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുകയാണ്, ബദല്‍ സാമ്പത്തിക അജണ്ടയെ സംബന്ധിച്ച സംവാദങ്ങള്‍ക്കായി വാതിലുകള്‍ തുറക്കപ്പെടുകയാണ്, സമ്പദ്‌വ്യവസ്ഥയുടെ മേല്‍ സാമൂഹികമായ നിയന്ത്രണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കൂടുതല്‍ ശക്തമായി മുന്‍പിലേക്ക് കൊണ്ടു വരുകയാണ്; എന്നുമാത്രമല്ല അത് നവ ലിബറലിസം കെട്ടഴിച്ച് വിട്ടിട്ടുള്ള " രാഷ്ട്രീയത്തിന്റെ വിനാശത്തെ" അതിജീവിക്കുവാനുതകുന്ന സാഹചര്യങ്ങള്‍ ഒരിക്കല്‍ക്കൂടി സംജാതമാക്കുകയാണ്. കുറഞ്ഞ കാലയളവിലേക്ക് ഹിന്ദുത്വം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടിയേക്കാം. എങ്കിലും അത് തഴച്ചുവളരുന്ന സമകാലീന സാഹചര്യം മാറുവാന്‍ തുടങ്ങുകയാണ്.

*
പ്രൊഫസര്‍ പ്രഭാത് പട്നായ്‌ക് ഫ്രണ്ട് ലൈനില്‍ എഴുതിയ Breeding ground for communalism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ആംഗലേയ രൂപം ഇവിടെ ലഭ്യമാണ്.

***Gresham's Law: The theory that bad money drives good money out of circulation because a currency of lower intrinsic value will be used while one of higher intrinsic value will be hoarded.

9 comments:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക പ്രതിസന്ധിയും അനുബന്ധമായ കൂട്ട തൊഴിലില്ലായ്മയും വിഘടന രാഷ്ട്രീയത്തിന്, വിശേഷിച്ച് ഫാസിസ്റ്റ് രാഷ്ട്രീയത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണാണ്. വന്‍ തൊഴിലില്ലായ്മാ കുഴപ്പത്തിന്റെ മദ്ധ്യേയാണ് ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്നത്;ഗ്രേറ്റ് ഡിപ്രഷന്റെ കാലഘട്ടത്തിലാണ് ലോകരാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് തരംഗം വീശിയടിച്ചത്; മുതലാളിത്ത ലോകത്തില്‍ ഇന്ന് അനാവൃതമായിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങള്‍ ബെര്‍ലുസ്കോണിയെയും സര്‍ക്കോസിയെയും പോലുള്ളവരുടെ ആവിര്‍ഭാവത്തിനു കാരണമായിട്ടുണ്ട്. ഇതിലും മോശമായവര്‍ ഇവര്‍ക്കു പിന്നാലെ വരാനുമിടയുണ്ട്.

പ്രൊഫസര്‍ പ്രഭാത് പട്നായ്‌ക് ഫ്രണ്ട് ലൈനില്‍ എഴുതിയ Breeding ground for communalism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Anonymous said...

വളരെ അത്യന്താധുനികം ആയിപ്പോയി താഴെനിന്നും മേലേക്കും മുകളില്‍ നിന്നും താഴേക്കും വായിച്ചിട്ടും എന്താണു പ്റശ്നം എന്നു മനസ്സിലായില്ല തൊഴിലില്ലായ്മയെ പറ്റി ആണോ, നരേന്ദ്ര മോഡിയെപറ്റി ആണോ നവലിബറലിസത്തെ പറ്റി ആണോ, ഞമ്മക്കു ഒരു പുടീം കിട്ടീല്ലപ്പാ അയ്നാലു ബേറെ കമണ്റ്റു ഒന്നും പറയാനില്ല അരവിന്ദന്‍ മരിച്ചതിനു ശേഷം കാഞ്ചനസീതപോലെ ഇനി ഒരു സിനിമ ഇറങ്ങില്ല എന്നു കരുതി, ഈ പട്നായിക്കു വിചാരിച്ചാല്‍ ബല്യ കാഞ്ചന സീത ഉണ്ടാക്കാന്‍ പറ്റും, ഇങ്ങളു ബല്യ പുലി തന്നപ്പാ , പച്ചെങ്കിലു ഞമ്മക്കു പുടി കിട്ടണ ബാഷയില്‍ എയ്തിക്കൂടെ

ബാബുരാജ് ഭഗവതി said...

അറിയപ്പെടാത്ത സുഹൃത്തിന്
അത്ര ബുദ്ധിമുട്ടോ..
അതോ...
വായിച്ചല്‍ മനസ്സിലാകില്ലെന്ന് പറയുന്ന അത്യാധുനിക രീതിയോ?

ബാബുരാജ് ഭഗവതി said...

..."എങ്കിലും 1930കളിലെ ഫാസിസത്തിന്റെ ആദ്യരൂപവും പിന്നീടുണ്ടായ അതിന്റെ മൂന്നാം ലോകപതിപ്പുകളും തമ്മില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസം ഉണ്ട്. ആദ്യത്തേതിനു. എത്ര തന്നെ വെറുക്കപ്പെട്ടതെങ്കിലും, അതിന്റെതായ ഒരു സാമ്പത്തിക അജണ്ട ഉണ്ടായിരുന്നു; പക്ഷെ ഫാസിസത്തിന്റെ പുതിയ രൂപങ്ങള്‍ക്ക് അത്തരമൊരു അജണ്ട ഇല്ല"....
സുഹൃത്തേ ഈ അഭിപ്രായത്തോട് യോജിക്കുന്നു. പണ്ട് ബി.ജെ.പി.യെ എതിര്‍ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ പിന്‍തുണച്ചിരുന്ന സമയത്ത് നിരവധി വാദഗതികള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്നു.അതിലൊന്ന് ബി.ജെ.പി.യെ ഫാസിസ്റ്റ് എന്ന് ഒരു യൂറോപ്യന്‍ അര്‍ത്ഥത്തില്‍ വിളിക്കാന്‍ പാടില്ലെന്നതായിരുന്നു അത്.
എന്തായാലും ഈ വിശകലനത്തിന്റെ നിലപാടില്‍ നിന്നു കൊണ്ട് ബി.ജെ.പി.യെ ഭരണത്തില്‍ നിന്ന് മാറ്റിനിറുത്താന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നതിനെ കുറിച്ച് താങ്കള്‍ എന്തുകരുതുന്നു?
സ്നേഹപൂര്‍വ്വം
ബാബുരാജ്.

Anonymous said...

Looks like you loonies read only Desabhimani and its sister publications. That’s the reason you are not aware that the communist parties were the biggest fascist parties in the world.

Unknown said...

ബാബുരാജ്‌,

കമന്റിനേപ്പറ്റി ഒരു സംശയം. “പണ്ട് ബി.ജെ.പി.യെ എതിര്‍ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്ന സമയത്ത്“ എന്നെഴുതിയതു വ്യക്തമായില്ല. ഇപ്പോളല്ലേ അതു ചെയ്യുന്നത്‌? മുമ്പ്‌ നേരേ മറിച്ചല്ലായിരുന്നോ - കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിന്റെ പേരില്‍ ബി.ജെ.പി.യുമായല്ലേ സഖ്യമുണ്ടാക്കിയിരുന്നത്‌? പാര്‍ലമെന്റില്‍ത്തന്നെ?

എന്താണുദ്ദേശിച്ചതെന്ന്‌ വ്യക്തമാക്കാനപേക്ഷ.

അതിനു മുമ്പത്തെ ചരിത്രമെടുത്താലും ശരി - ബി.ജെ.പി.യുടെ ആദിമരൂപമായിരുന്ന ജനസംഘം അവരുടെ ചരിത്രത്തില്‍ ആദ്യമായി മുന്നണിസംവിധാനത്തില്‍ ഏര്‍പ്പെടുന്നത്‌ കമ്മ്യൂണിസ്റ്റുകള്‍ അവരുമായി സഹകരിച്ചപ്പോളാണെന്നാണ് എന്റെ (വായനയില്‍നിന്നുള്ള) ഓര്‍മ്മ. ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സിലിലോ മറ്റോ - കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണഫലിക്കാതെ വന്നപ്പോള്‍ മുഖ്യപ്രതിപക്ഷമായിരുന്ന ജനസംഘത്തെ പിന്തുണച്ചു ഭരണമേല്‍പ്പിച്ചുകൊണ്ട്‌ കമ്മ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസിനു തിരിച്ചടി നല്‍കി. അങ്ങനെയെന്തോ ആണു സംഭവം. വിശദാംശങ്ങളും വര്‍ഷവും തീരെ ഓര്‍മ്മയില്ല. പിളര്‍പ്പിനു മുമ്പ്‌ - അവിഭക്തകമ്മ്യൂണിസ്റ്റുപ്രസ്ഥാനം ആയിരുന്നുവെന്നും തോന്നുന്നു.

പിന്നെ, പ്രൊഫസര്‍ പട്നായിക്കിന്റെ പല നിരീക്ഷണങ്ങളോടും വിയോജിപ്പുണ്ട്‌. എഴുതാന്‍ സമയം കിട്ടുമെന്നു തോന്നുന്നില്ല. ശ്രമിക്കാം.

ഒരേയൊരു കാര്യം മാത്രം പറഞ്ഞുവയ്ക്കാം.

ഒരുതരം “അന്യവല്‍ക്കരണം” സ്വയം അടിച്ചേല്‍പ്പിച്ചു മാറിനില്‍ക്കരുതെന്ന്‌ ആരെങ്കിലും അഭ്യര്‍ത്ഥിച്ചാല്‍ ഉടന്‍ തന്നെ അത്‌ ഫാസിസമാകുന്നു. “എല്ലാവരെയും ഹിന്ദുക്കളാക്കാനുള്ള ശ്രമ(!)“മാകുന്നു! “ഉന്‍‌മൂലന“ശ്രമമാകുന്നു! കാഴ്ചപ്പാടുകളില്‍ അതിഭീമമായ വൈരുദ്ധ്യമുണ്ടിവിടെ. സംഘപ്രസ്ഥാനങ്ങളുടെ രാഷ്ട്രസങ്കല്പത്തേക്കുറിച്ച്‌ മറ്റുപലര്‍ക്കും വികലമായ ധാരണകളാണുള്ളതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്‌‌. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമുള്‍പ്പെട്ട ഒരു കോണ്‍ഫെഡറഷനുവേണ്ടി ആരംഭകാലം മുതല്‍ക്കേ ശബ്ദിക്കുന്ന അദ്വാനിയേയും മറ്റും അതിനുപ്രേരിപ്പിക്കുന്ന ഘടകമെന്താവുമെന്ന്‌ ഇടതുപക്ഷചിന്തകര്‍ക്ക് ഒരിക്കലും മനസ്സിലാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പറയാന്‍ ഒരുപാടുള്ള വിഷയമാണ്. പിന്നീടു നോക്കാം.

വര്‍ക്കേഴ്സ് ഫോറം said...

എല്ലാവര്‍ക്കും വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

ഇതൊരു പരിഭാഷയാണ് . രണ്ടു മൂന്നു ദിവസം മുമ്പ് ഫ്രണ്ട്‌ലൈന്‍ വാരികയില്‍ വന്ന പ്രൊഫസര്‍ പ്രഭാത് പട്‌നായിക്കിന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ മാത്രമാണിത്. ഈ പരിഭാഷയില്‍ എന്തെങ്കിലും പിശകുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍, വായിച്ചിട്ടു മനസ്സിലാകുന്നില്ല എങ്കില്‍ മൊഴിമാറ്റം നടത്തിയ ഞങ്ങള്‍ മാത്രമാണ് അതിനുത്തരവാദികള്‍ എന്നു ആദ്യമേ പറഞ്ഞു കൊള്ളട്ടെ ‍.

പ്രിയ അനോണിമസ്,

മനസ്സിലായില്ല എന്ന അനോണിയുടെ വിമര്‍ശനം അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുന്നു. ആവശ്യമായ ശ്രദ്ധ ചെലുത്തി തന്നെയാണ് പരിഭാഷ നിര്‍വഹിച്ചതെങ്കിലും പിശകുകളും വ്യക്തമാകായ്‌കയും കണ്ടേക്കാം. ഇതിന്റെ ആംഗലേയ രൂപത്തിന്റെ ലിങ്കും കൊടുത്തിരുന്നു. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ ശ്രമിക്കാം. മനസ്സിലാകുന്നു എന്ന ബാബുരാജിന്റെ കമന്റും ശ്രദ്ധിക്കുമല്ലോ.

ഞങ്ങള്‍ ഈ ലേഖനത്തില്‍ നിന്നും മനസ്സിലാക്കിയത് ഇവയൊക്കെയാണ്.

1. സാമ്പത്തിക പ്രതിസന്ധിയും അനുബന്ധമായ കൂട്ട തൊഴിലില്ലായ്മയും വിഘടന രാഷ്ട്രീയത്തിന്, വിശേഷിച്ച് ഫാസിസ്റ്റ് രാഷ്ട്രീയത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണാണ്.
2.സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ശക്തിപ്പെട്ടാല്‍, ഒരു വിഭാഗത്തെ ഈ കുഴപ്പങ്ങളുടെ കാരണക്കാരായി ചിത്രീകരിച്ച് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശക്തിപ്പെടാന്‍ ശ്രമിക്കും.
3. 1930കളിലെ ഫാസിസത്തിന്റെ ആദ്യരൂപവും ഇപ്പോഴത്തെ അതിന്റെ മൂന്നാം ലോകപതിപ്പുകളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഫാസിസത്തിന്റെ പുതിയ രൂപങ്ങള്‍ക്ക് സ്വന്തമായ സാമ്പത്തിക അജണ്ട ഇല്ല എന്നതാണ്.
4. ഇന്ത്യയിലെ വര്‍ഗീയ ഫാസിസം ഒരിക്കലും സാമ്രാജ്യത്വ വിരുദ്ധം ആയിരുന്നിട്ടില്ല, സ്വാതന്ത്ര്യസമരം കത്തിനിന്നിരുന്ന കാലത്ത് പോലും. ഇന്നത് പരസ്യമായും, അഭിമാനത്തോടു കൂടിയും ആവേശപൂര്‍വവും സാമ്രാജ്യത്വവുമായി സഹകരിക്കുകയാണ്.
5.ഇന്ത്യയില്‍ വര്‍ഗീയ ഫാസിസ്റ്റ് സഖ്യവും ബൂര്‍ഷ്വാ മതേതര സഖ്യവും, രണ്ടും, നവലിബറല്‍ നയങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും വിനീത വിധേയരാണ്. രണ്ടുകൂട്ടരും ഒരേ സാമ്പത്തിക നയങ്ങള്‍ അംഗീകരിക്കുമ്പോള്‍, ജനങ്ങളുടെ ഭൌതിക സാഹചര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തിരശ്ശീലക്ക് പിന്നിലേക്ക് തള്ളപ്പെടുകയും സംവാദം വര്‍ഗീയ സഖ്യം വേണമോ മതേതരത്വം സംരക്ഷിക്കപ്പെടണമോ എന്നതു മാത്രമായി ചുരുങ്ങുവാന്‍ ഇട വരുകയും ചെയ്യുന്നു.
6. നവലിബറലിസം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും സുരക്ഷിതത്വബോധമില്ലായ്മയുമാണ് വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. അതിനാല്‍ തന്നെ വര്‍ഗീയ ഫാസിസം നവ ലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കുന്നില്ലയെന്നുമാത്രമല്ല അത് ഇത്തരം പ്രതിസന്ധികള്‍ മാറ്റമില്ലാതെ തുടരാന്‍ ബോധപൂര്‍വം പരിശ്രമിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, വര്‍ഗീയ ഫാസിസം എന്നത് കൃത്യമായ ഉദ്ദേശത്തോടെയും ബോധപൂര്‍വമായും സൃഷ്ടിക്കപ്പെട്ട നവ ലിബറലിസത്തിന്റെ സ്വന്തം രക്ഷകനാണ്.
7.അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ രണ്ടു സഖ്യങ്ങള്‍ക്കും ഭിന്നതയില്ല എന്നത് “രാഷ്ട്രീയത്തിന്റെ വിനാശത്തിനു” കാരണമാകുന്നു, ജീവല്‍ പ്രധാനമായ പ്രശ്നങ്ങളില്‍ മറ്റൊരു പാത തെരെഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് ചോയ്‌സ് ഇല്ലാതാകുന്നു.
8. ഇന്ന് ആഗോള തലത്തില്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി വ്യത്യസ്തമാണ്. ഇതിപ്പോള്‍ സാധാരണ ജനങ്ങളുടെ മാത്രം പ്രതിസന്ധി അല്ല, അവര്‍ വളരെക്കാലമായി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണല്ലോ? ഈ നവ ലിബറല്‍ ഘടന ആരുടെ താല്പര്യങ്ങളെയാണോ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് അവരും പ്രതിസന്ധിയെ അഭിംഖീകരിക്കുകയാണ് . പണമിടപാടുകാര്‍, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍, കോര്‍പ്പറേറ്റ് ധനികവര്‍ഗം തുടങ്ങിയവരും സാമ്പത്തികമാന്ദ്യം നേരിടുകയാണ്. ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത അഭൂതപൂര്‍വമായ ഇന്‍‌ഫ്ലേഷന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കും രാഷ്ട്രീയ സ്ഥിരതയ്ക്കുപോലും ഭീഷണി ഉയര്‍ത്തുകയാണ്. ആഗോളതലത്തില്‍ ഈ പ്രതിസന്ധി ഉണ്ട്, അത് അനിവാര്യമായും ഇന്ത്യയെയും ബാധിക്കും.
9.ഈ പ്രതിസന്ധി അല്പകാലത്തേക്കെങ്കിലും വര്‍ഗീയ ഫാസിസത്തെ ശക്തിപ്പെടുത്തിയേക്കാം. എങ്കിലും അത് രാഷ്ട്രീയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുകയാണ്, ബദല്‍ സാമ്പത്തിക അജണ്ടയെ സംബന്ധിച്ച സംവാദങ്ങള്‍ക്കായി വാതിലുകള്‍ തുറക്കപ്പെടുകയാണ്,

പ്രിയ ബാബുരാജ്

ലേഖനത്തില്‍ വ്യക്തമായ പരാമര്‍ശമൊന്നുമില്ലെങ്കിലും അടിയന്തിരാവസ്ഥയുടെ അമിതാധികാരപ്രയോഗത്തിന്റെ നാളുകളില്‍ ജനസംഘമുള്‍പ്പെടെ മുഴുവന്‍ പ്രതിപക്ഷവും ഒരുമിച്ച് നിന്നുവെന്നത് ചരിത്രമാണ്. വീടിന് തീ പിടിക്കുമ്പോള്‍ അണയ്ക്കാന്‍ ഓടിക്കൂടുന്നവര്‍ ഹിന്ദുവാണോ മുസ്ലീമാണോ വര്‍ഗീയവാദിയാണോ മതേതരവാദിയാണോ എന്നാരെങ്കിലും നോക്കാറുണ്ടോ?

പക്ഷെ ഇന്നിപ്പോള്‍ വീടിനു തീ പിടിപ്പിക്കുന്നവര്‍ ആരെന്ന് പലപ്പോഴായി മുന്നില്‍ കാണുമ്പോള്‍ എന്താണ് നാം ചെയ്യേണ്ടത്? 1998 മുതല്‍ 2004 വരെയുള്ള എന്‍.ഡി.എ ഭരണകാലവും അന്ന് നടന്ന ഗുജറാത്ത് പോഗ്രോം പോലുള്ള സംഭവവികാസങ്ങളും ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ. എന്നാല്‍ ലേഖനത്തില്‍ സൂചിപ്പിക്കുന്നതുപോലെ വര്‍ഗീയഫാസിസത്തെ എതിര്‍ക്കുക, മതേതരത്വം ശക്തിപ്പെടുത്തുക എന്ന നിലപാടെടുത്തതിന്റെ ഫലമായി ജനപക്ഷ നയങ്ങള്‍ക്കായി ശബ്‌ദമുയര്‍ത്തുന്നതില്‍ വീഴ്ച വന്നു എന്നു കാണാം. യു.പി.എ സര്‍ക്കാരിനെ ഇടതുപക്ഷം പുറത്ത് നിന്നു പിന്തുണക്കുമ്പോഴും ജനങ്ങള്‍ക്ക് കുറഞ്ഞ രീതിയിലുള്ള ആശ്വാസമെങ്കിലും ഉണ്ടാകണം എന്ന ഉദ്ദേശത്തോടെ യു പി എ യും ഇടതുപക്ഷവും ചേര്‍ന്ന് തയ്യാറാക്കിയ കോമണ്‍ മിനിമം പ്രോഗ്രാം നടപ്പിലാക്കുന്നതില്‍ യുപി‌എ പലപ്പോഴും താല്‍പ്പര്യം കാണിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ നവലിബറല്‍ നയങ്ങളും ജനകീയ താല്‍പ്പര്യങ്ങള്‍ സം‌രക്ഷിക്കപ്പെടലും ഒരുമിച്ച് നടപ്പാക്കുക ബുദ്ധിമുട്ടാണ് എന്ന് കാണാം.

പ്രിയ അനോണി
സംവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വസ്തുതകളും വാദമുഖങ്ങളും ഒന്നുംനിരത്താതെ യാതൊരു ലോജിക്കുമില്ലാത്ത ആത്മനിഷ്ഠമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുവര്‍ loonies അല്ല എന്നുണ്ടോ?

പ്രിയ നകുലന്‍
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ സാമ്പത്തിക അജന്‍ഡ എന്ത് എന്നൊന്ന് വ്യക്തമാക്കാമോ? അതാണ് എന്‍ ഡി എ സര്‍ക്കാരും നടപ്പിലാക്കിയതെന്ന് അവകാശപ്പെടാമോ? സ്വദേശി ജാ‍ഗരണ്‍ മഞ്ച് ഒരു വശത്തൂടെ ചില കാര്യങ്ങള്‍ പറയുകയും സാമാന്യജനങ്ങള്‍ക്ക് തികച്ചും ഹിതകരമല്ലാത്ത രീതിയില്‍ ബഹുരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ടുള്ള സാമ്പത്തിക നയങ്ങള്‍ മറുവശത്ത് നടപ്പാക്കപെടുകയുമായിരുന്നില്ലേ?

Anonymous said...

ഒരു വന്‍ കിട വ്യവസായിക്കുവേണ്ടി ഫലഭൂയിഷ്ടമായ ഭൂമി കര്‍ഷകരുടെ സമ്മതമില്ലാതെ പിടിച്ചു വാങ്ങി നാമമാത്ര വിലക്കു കൈമാറാന്‍ ഭരണകൂടം തന്നെ ശ്രമിക്കുകയും വര്‍ഷങ്ങളായി തങ്ങള്‍ ക്ര്‍ഷിചെയ്തു താമസിച്ചു വന്ന ഭൂമി കയ്മാറാന്‍ വിസമ്മതിക്കുന്ന കര്‍ഷകരെ പാര്‍ട്ടി ഗുണ്ടകളെ വിട്ടു തല്ലി ചതക്കുകയും അവരുടെ പെണ്ണുങ്ങളെ പാര്‍ടിക്കാര്‍ തന്നെ ബലാല്‍ സംഗം ചെയ്യുകയും ശവങ്ങള്‍ സുന്ദര്‍ ബനത്തിലേക്കു ഒഴുക്കിവിടൂകയും ചെയ്യുന്നത്‌ ഏതു ടൈപ്പു ഫാസിസം ആണൂ , നവലിബറല്‍ ഫാസിസം ആണോ? ബംഗാള്‍ മോഡല്‍ ഫാസിസം ആണോ എന്നുകൂടി പടനായക്കു വിശദമക്കിയാല്‍ കൊള്ളാം

ബാബുരാജ് ഭഗവതി said...

അടിയന്തിരാവസ്ഥയുടെ കാര്യത്തില്‍ എനിക്കു സംശയമൊന്ന്ലമില്ല...
ഞാനും യോജിക്കുന്നു...
യഥാര്‍ത്ഥ്യത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന് യു.പി.എ. സര്‍ക്കാരിനെ വിലയിരുത്തിയാല്‍ ഇതുതന്നെയല്ലേ?
സ്നേഹപൂര്‍വ്വം
ബാബുരാജ്