Friday, June 20, 2008

യൂറിയുടെ സ്വപ്നം

ഇക്കഴിഞ്ഞയാഴ്ച്ച കനഡയുടെ പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ വളരെ നാടകീയമായ ഒരു പ്രസ്താവന നടത്തി. കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന കനേഡിയന്‍ സര്‍ക്കാരുകള്‍ തലമുറകളായി ചെയ്ത അനീതിക്ക് തന്റെ രാജ്യത്തിലെ ആദിമ നിവാസികളോട് അദ്ദേഹം ക്ഷമായാചനം നടത്തി.

ഈ രീതിയില്‍, കനഡയിലെ വെളുത്ത വര്‍ഗക്കാര്‍, തങ്ങളുടെ പൂര്‍വികര്‍ കീഴടക്കിയ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ, വര്‍ഷങ്ങളോളം തങ്ങളുടെ പൂര്‍വികര്‍ തുടച്ചുമാറ്റുവാന്‍ ശ്രമിച്ച സംസ്കാരത്തിന്റെ ഉടമകളായ ആദിവാസികളുമായി രഞ്ജിപ്പിലെത്താന്‍ ശ്രമിക്കുകയാണ്.

പൂര്‍വകാലപിഴകള്‍ക്ക് മാപ്പു ചോദിക്കുന്നത് ഇന്ന് ആധുനിക രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് .

പ്രാവര്‍ത്തികമാക്കുവാന്‍ അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. ദോഷൈകദൃക്കുകള്‍ പറഞ്ഞേക്കും: "ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. വെറും വാക്കുകള്‍ മാത്രമല്ലേ ‍, അതിന് വലിയ വിലയൊന്നും ഇല്ലല്ലോ." എന്നാല്‍, സത്യത്തില്‍ ഇത്തരം നടപടികള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു മനുഷ്യനെ - അതിനേക്കാള്‍ ഉപരിയായി ഒരു രാഷ്ട്രത്തെ- സംബന്ധിച്ചിടത്തോളം തങ്ങള്‍ കാട്ടിയിട്ടുള്ള ക്രൂരതകളും, പലരോടും അനുവര്‍ത്തിച്ച വിവേചനവും ഒക്കെ തുറന്ന് സമ്മതിക്കുക എന്നത് അത്യന്തം ബുദ്ധിമുട്ടുള്ള കാര്യമാണ്. രാഷ്ട്രത്തിന്റെ ഐക്യത്തിനും ഒത്തൊരുമയ്ക്കും ആധാരമായ ചരിത്രകഥനങ്ങളെ തിരുത്തിയെഴുതലാവും അത്. ദേശീയമായ കാഴ്ചപ്പാടിലും, അതു പോലെ തന്നെ സ്കൂള്‍ പാഠപുസ്തകങ്ങളിലും മറ്റും സമൂലമായ ഒരു മാറ്റം അതാവശ്യപ്പെടും. സാധാരണഗതിയില്‍, സര്‍ക്കാരുകള്‍ ഇതിനു വിമുഖരാണ്. ഇന്ന് ഒട്ടെല്ലാ രാജ്യങ്ങളിലും വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന സങ്കുചിതദേശീയതാവാദികളായ ധാരാളം ക്ഷുദ്ര രാഷ്ട്രീയ നേതാക്കള്‍ ഉണ്ട് എന്നത് തന്നെയാണതിന്റെ കാരണം.

ജൂതന്മാരെ നാസി കൊലയാളികള്‍ക്ക് വിട്ടുകൊടുത്ത വിക്കി ഭരണകൂടത്തിന്റെ തെറ്റായ നടപടികളുടെ പേരില്‍ ഫ്രഞ്ച് ജനതയ്ക്കു വേണ്ടി പേരില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റ് മാപ്പു ചോദിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്തിമ ഘട്ടത്തില്‍ ജര്‍മ്മന്‍കാരെ കൂട്ടത്തോടെ പുറത്താക്കിയതിന് ചെക്ക് ഗവര്‍മെന്റ് ജര്‍മ്മന്‍കാരോട് മാപ്പു ചോദിച്ചിരുന്നു. വംശഹത്യയുമായി(Holocaust) ബന്ധപ്പെട്ട പറഞ്ഞറിയിക്കാനാവാത്ത ക്രൂരതകളുടെ പേരില്‍ ജര്‍മ്മനി, തീര്‍ച്ചയായും, ജൂതരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഈയടുത്തകാലത്താണ് ആസ്ത്രേലിയന്‍ ഗവര്‍മെന്റ് അവിടുത്തെ ആദിമ നിവാസികളോട് ക്ഷമായാചനംചെയ്തത്. എന്തിനേറെ, വളരെ ഏറെപ്പേരെ വേദനിപ്പിച്ചിരുന്ന ഒരു ദേശീയ മുറിവുണക്കാനുള്ള ദുര്‍ബലമായ ശ്രമം ഇസ്രായേലില്‍ പോലും നടന്നിട്ടുണ്ട്. വര്‍ഷങ്ങളായി പൌരസ്ത്യ ജൂതന്മാര്‍ നേരിട്ടുകൊണ്ടിരുന്ന വിവേചനത്തിന്റെ പേരില്‍ എഹൂദ് ബാരക്ക് അവരോട് ക്ഷമ ചോദിക്കുകയായിരുന്നു‍.

എന്നാല്‍ നാമിപ്പോള്‍ അഭിമുഖീകരിക്കുന്നത് ഇതിലും വിഷമകരവും സങ്കീര്‍ണ്ണവുമായ ഒരു പ്രശ്നമാണ്. ഒരു രാഷ്ട്രം എന്ന നിലയില്‍ ഇസ്രായേല്‍ നിലനില്‍ക്കുന്നതിന്റെ വേരുകളുമായി ബന്ധപ്പെട്ട ഒന്നാണത്.

ഞാന്‍ വിശ്വസിക്കുന്നത് നമ്മളും പാലസ്തീന്‍ ജനതയും തമ്മിലുള്ള സമാധാനം - യഥാര്‍ത്ഥ അനുരഞ്ജനത്തിലൂടെയുള്ള യഥാര്‍ത്ഥ സമാധാനം - ഒരു ക്ഷമായാചനത്തില്‍ നിന്നു വേണം ആരംഭിക്കാന്‍ എന്നാണ്.

രാഷ്ട്രത്തലവനോ അല്ലെങ്കില്‍ പ്രധാനമന്ത്രിയോ Knesset ന്റെ ഒരു അസാധാരണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചരിത്രപ്രധാനമായ ഇത്തരമൊരു പ്രസംഗം നടത്തുന്നത് ഞാന്‍ എന്റെ മനക്കണ്ണില്‍ കാണുന്നു.

“ മാഡം സ്പീക്കര്‍, ആരാധ്യരായ Knesset,

ഇസ്രായേല്‍ രാജ്യത്തേയും അതിലെ മുഴുവന്‍ ജനതയേയും പ്രതിനിധാനം ചെയ്തുകൊണ്ട്, ലോകത്തിലെവിടെയുമുള്ള പാലസ്തീനിന്റെ പുത്രീപുത്രന്മാരെ ഞാന്‍ അഭിസംബോധന ചെയ്യുന്നു.

നിങ്ങളോട് ഞങ്ങള്‍ ചരിത്രപരമായ ഒരു അനീതി കാണിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ ചെയ്ത തെറ്റിന് ഞങ്ങളോട് പൊറുക്കണമെന് നിങ്ങളോട് വിനയപൂര്‍വം അപേക്ഷിക്കുന്നു.

ഞങ്ങള്‍ എറെറ്റ്സ് യിസ്രായേല്‍ എന്നും നിങ്ങള്‍ ഫിലാസ്റ്റിന്‍ എന്നും വിളിക്കുന്ന ഒരു രാഷ്ട്രീയ ഗൃഹം ഈ രാജ്യത്ത് സ്ഥാപിക്കണമെന്ന് സിയോണിസ്റ്റ് പ്രസ്ഥാനം തീരുമാനിച്ചപ്പോള്‍, മറ്റൊരു ജനതയുടെ നാശാവശിഷ്ടങ്ങളുടെ മുകളില്‍ ഞങ്ങളുടെ രാഷ്ട്രം പണിയുക എന്ന ഉദ്ദേശം അതിനില്ലായിരുന്നു. തീര്‍ച്ചയായും, 1897ല്‍ ആദ്യ സിയോണിസ്റ്റ് കോണ്‍ഗ്രസ് നടക്കുന്നതിനു മുന്‍പ് സിയോണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരാള്‍ പോലും ഈ രാജ്യത്ത് എപ്പോഴെങ്കിലും ജീവിക്കുകയോ ഇവിടുത്തെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ എന്താണെന്നതിനെക്കുറിച്ച് മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല.

ജൂതവിരോധത്തിന്റെ കരിമേഘങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന യൂറോപ്പിലെ ജൂതരെ രക്ഷിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പൂര്‍വപിതാക്കളുടെ അദമ്യമായ ആഗ്രഹം. കിഴക്കന്‍ യൂറോപ്പില്‍, കൂട്ടക്കൊലകള്‍ സര്‍വസാധാരണമായിരുന്നു, മാത്രമല്ല യൂറോപ്പിലാകമാനം ഇതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇതാണ് പിന്നീട് 60 ലക്ഷം ജൂതന്മാരുടെ അന്ത്യത്തിനു സാക്ഷ്യം വഹിച്ച ഹൊളോകാസ്റ്റിലേക്ക് നയിച്ചത്.

ഈ അടിസ്ഥാന ലക്ഷ്യത്തെ, ഞങ്ങളുടെ വേദപുസ്തകമായ ബൈബിളിന്റെ രചന നടന്ന രാജ്യത്തോടും, ആയിരക്കണക്കിനു വര്‍ഷങ്ങളായി നോക്കി പ്രാര്‍ത്ഥിച്ചിരുന്ന ജറുസലേം എന്ന നഗരത്തോടും ജൂതര്‍ക്കുള്ള അഗാധമായ ആരാധനയുമായി കണ്ണിചേര്‍ക്കുകയായിരുന്നു.

ഉന്നതമായ ആശയങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ഗദര്‍ശികളായിരുന്നു ഈ രാജ്യത്തിലേക്ക് വന്ന സിയോണിസ്റ്റ് സ്ഥാപകര്‍. ദേശീയ വിമോചനം, സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവയിലൊക്കെ അവര്‍ വിശ്വസിച്ചിരുന്നു. അവരെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ചരിത്രപ്രരമായ മാനങ്ങളുള്ള ഒരു അന്യായം പ്രവര്‍ത്തിക്കണമെന്ന് അവര്‍ ചിന്തിച്ചിട്ടില്ല.

ഇതൊന്നും തന്നെ തുടര്‍ന്ന് നടന്ന സംഭവങ്ങളെ ന്യായീകരിക്കുന്നില്ല. ഈ രാജ്യത്ത് ഒരു ജൂതന്മാരുടെ രാഷ്ട്രീയ ഗൃഹം സ്ഥാപിച്ചത് തലമുറകളായി ഇവിടെ ജീവിച്ചുവന്നിരുന്ന നിങ്ങളോടുള്ള കടുത്ത അനീതി ആണ്.

സ്വാതന്ത്ര്യസമരം എന്നു ഞങ്ങളും നക്‍ബ(Naqba) എന്നു നിങ്ങളും കരുതുന്ന 1948ലെ യുദ്ധത്തില്‍ എഴുനൂറ്റി അന്‍പതോളം പാലസ്തീനികള്‍ സ്വന്തം വീടും നാടും ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായി എന്ന സത്യം അവഗഗണിക്കുവാന്‍ ഞങ്ങള്‍ക്കാവില്ല. ഈ ദുരന്തത്തിന്റെ കൃത്യമായ സാഹചര്യങ്ങളെ കുറിച്ച് പഠിക്കുവാന്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഞങ്ങളുടെ ഭാഗത്തു നിന്നുമുള്ള വിദഗ്ദര്‍ അടങ്ങിയ "കമ്മിറ്റി ഫോര്‍ ട്രൂത് ആന്‍ഡ് റികണ്‍സിലിയേഷന്‍'' നിയമിക്കണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ട് വെക്കുന്നു. ഈ കമ്മിറ്റിയുടെ നിഗമനങ്ങള്‍ അതിനു ശേഷം ഞങ്ങളുടേയും നിങ്ങളുടേയും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ചേര്‍ക്കുകയും ചെയ്യാം.

1947 നവംബര്‍ 29ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ ( ഈ പ്രമേയമാണല്ലോ ഇസ്രയേല്‍ എന്ന രാഷ്ട്രവും സ്ഥാപിക്കപ്പെടാനുള്ള നിയമപരമായ ആധാരം) പ്രതിപാദിക്കുന്ന തരത്തില്‍, നിങ്ങളുടേതായ സ്വതന്ത്ര രാഷ്ട്രത്തില്‍ സ്വതന്ത്രമായി ജീവിക്കുവാനുള്ള നിങ്ങളുടെ സ്വാഭാവികമായ അവകാശം അറുപതു കൊല്ലത്തെ യുദ്ധവും സംഘര്‍ഷവും മൂലം നിഷേധിക്കപ്പെട്ടു എന്ന വസ്തുത അവഗണിക്കുവാന്‍ ഇനിയും ഞങ്ങള്‍ക്കാവില്ല.

ഇതിനൊക്കെ നിങ്ങളോട് ക്ഷമ ചോദിക്കുവാന്‍ ഞങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്, അത് ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഇതിനാല്‍ പ്രകടിപ്പിക്കുന്നു.

ബൈബിള്‍ ഇങ്ങനെ പറയുന്നു : "പാപങ്ങള്‍ ഏറ്റുപറയുന്നവനും, അവയെ ഉപേക്ഷിക്കുന്നവനും ആരോ, അവനു കരുണ ലഭിക്കും''(സദൃശ്യവാക്യങ്ങള്‍ 28:13). തീര്‍ച്ചയായും കുറ്റസമ്മതം മതിയാവുകയില്ല. ഭൂതകാലത്ത് ചെയ്ത തെറ്റുകളും
പരിത്യജിക്കേണ്ടതുണ്ട്.

ചരിത്രത്തിന്റെ ചക്രം പിറകിലോട്ട് തിരിക്കുകയും 1947ല്‍ നിലവിലിരുന്ന സ്ഥിതി പുനസ്ഥാപിക്കുകയും ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്, കാനഡക്കോ അമേരിക്കക്കോ 200 വര്‍ഷം പിറകിലേക്ക് പോകുവാന്‍ സാധിക്കാത്തതുപോലെ. പുതിയ മുറിവുകള്‍ ഉണ്ടാക്കാതെയും, പുതിയ അനീതികള്‍ ചെയ്യാതെയും, കൂടുതല്‍ മാനുഷിക ദുരന്തങ്ങള്‍ക്ക് ഇടം നല്‍കാതെയും, ഉണക്കാവുന്ന മുറിവുകള്‍ ഉണക്കിയും, പരിഹരിക്കാവുന്നവ പരിഹരിക്കാനുള്ള യോജിച്ച ആഗ്രഹത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് നമ്മുടെ പൊതുഭാവി നിര്‍മ്മിക്കേണ്ടതുണ്ട്.

ഇതിന്റെ പിന്നിലെ ആത്മാര്‍ത്ഥത ഉള്‍ക്കൊണ്ടു കൊണ്ട് ഈ ക്ഷമായാചനം നിങ്ങള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. നൂറ്റാണ്ടുകളായി തുടരുന്ന നമ്മള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് നീതിപൂര്‍വവും,പ്രായോഗികവും, നടപ്പിലാക്കാവുന്നതുമായ ഒരു പരിഹാരം കണ്ടെത്തുവാന്‍ നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാം. ചെയ്ത തെറ്റുകളെല്ലാം തിരുത്തുന്നതോ, ന്യായസംഗതമായ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതോ ആയിരിക്കണം എന്നില്ല ഈ പരിഹാര നിര്‍ദേശം. എങ്കിലും രണ്ടു ജനതക്കും സ്വതന്ത്രമായും സമാധാനത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കുവാന്‍ അനുവദിക്കുന്ന ഒരു പരിഹാരം ആയിരിക്കുമത്.

ഈ പരിഹാര നിര്‍ദേശം വളരെ ലളിതമാണ്. ഇതെന്താണെന്ന് നമുക്കെല്ലാമറിയാം. നമ്മുടെ വേദനിപ്പിക്കുന്ന അനുഭവങ്ങളില്‍ നിന്നുമാണ് , രണ്ടു കൂട്ടരും അനുഭവിച്ച കഷ്ടപ്പാടിന്റെ പാഠങ്ങളില്‍ നിന്നുമാണ് ഇത് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് . രണ്ടു കൂട്ടരുടേയും (ഞങ്ങളുടേയും നിങ്ങളുടെയും) ആത്മാര്‍ത്ഥമായ സമര്‍പ്പണത്തില്‍ നിന്നുമാണ് ഇതിനൊരു നിയതരൂപം കൈ വന്നിരിക്കുന്നത് .

പരിഹാരത്തിന്റെ അര്‍ത്ഥം ഏറ്റവും ലളിതമായി പറയുകയാണെങ്കില്‍ ഇങ്ങനെയാണ് : ഞങ്ങള്‍ക്കുള്ളതിനു സമമായ അവകാശങ്ങള്‍ നിങ്ങള്‍ക്കുമുണ്ട്. നിങ്ങള്‍ക്കുള്ളതിനു സമമായ അവകാശം ഞങ്ങള്‍ക്കും : എന്തവകാശം? തങ്ങളുടെ സ്വന്തം രാഷ്ട്രത്തില്‍, തങ്ങളുടെ സ്വന്തം പതാകക്കു താഴെ, തങ്ങളാല്‍ സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെടുന്ന ഗവര്‍മെന്റിന്റെ കീഴില്‍ (അതൊരു നല്ല സര്‍ക്കാര്‍ ആയിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു), ജീവിക്കുവാന്‍ ഉള്ള അവകാശം.

നിങ്ങളുടെ മതത്തിനും മറ്റേതു മതങ്ങള്‍ക്കും ഉള്ളത് പോലെ, ഞങ്ങളുടെ മതത്തിന്റെ അടിസ്ഥാന കല്പനകളിലൊന്ന് പുറപ്പെടുവിച്ചത് ഹില്ലേല്‍ എന്ന റാബി ആയിരുന്നു : “മറ്റുള്ളവര്‍ നിങ്ങളോടു ചെയ്യരുത് എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നവ, നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യാതിരിക്കുക.”

ഇതിന്റെ പ്രായോഗികമായ അര്‍ത്ഥം ഇതാണ് : 1967ല്‍ ഇസ്രായേല്‍ കയ്യടക്കിയ എല്ലാ പ്രദേശങ്ങളും ചേര്‍ത്ത്, ഐക്യരാഷ്ട്രസഭയില്‍ സമ്പൂര്‍ണ്ണ അംഗത്വ പദവിയുള്ള ഒരു സ്വതന്ത്ര പരമധികാര പാലസ്തീന്‍ രാഷ്ട്രം ഉടനടി സ്ഥാപിക്കുവാനുള്ള നിങ്ങളുടെ അവകാശം.

1967 ജൂണ്‍ 4നു നിലവിലിരുന്ന രീതിയില്‍ അതിര്‍ത്തികള്‍ പുനസ്ഥാപിക്കപ്പെടും. രണ്ടു പേര്‍ക്കും ഗുണകരമായ രീതിയില്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം പ്രദേശങ്ങള്‍ അന്യോന്യം കൈമാറ്റം ചെയ്താല്‍ മതി എന്നത് തുറന്ന ചര്‍ച്ചയില്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു.

നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട ജറുസലേം രണ്ടു സ്റ്റേറ്റുകളുടേയും തലസ്ഥാനമായിരിക്കും. പശ്ചിമ മതില്‍ ഉള്‍പ്പെടെയുള്ള പശ്ചിമ ജറുസലേം ഇസ്രായേലിന്റേയും, ടെമ്പിള്‍ മൌണ്ട് എന്നു ഞങ്ങള്‍ വിളിക്കുന്ന അല്‍- ഹരം അല്‍ ഷറീഫ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ ജറുസലേം പലസ്തീനിന്റെയും. അറബ് എന്നു കരുതപ്പെടുന്നവെല്ലാം നിങ്ങളുടേതും ജൂതം എന്നു വിളിക്കപ്പെടുന്നവയെല്ലം ഞങ്ങളുടേതും. തുറന്നതും, ഐക്യരൂപമുള്ളതുമായ ഒരു യാഥാര്‍ത്ഥ്യം എന്ന നിലക്ക് ആ നഗരത്തെ നിലനിര്‍ത്തുവാന്‍ നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാം.

സ്വതന്ത്രമായി അംഗീകരിക്കപ്പെടുന്ന ഭൂമി കൈമാറ്റത്തിന്റെ രൂപരേഖ അനുസരിച്ച് ഇസ്രായേലിനോട് ചേര്‍ക്കപ്പെടുന്നതായ ചെറിയ ചില പ്രദേശങ്ങളില്‍ നിന്നൊഴികെ, നിങ്ങള്‍ക്ക് വളരെയധികം കഷ്ടപ്പാടുകള്‍ക്കും വിവേചനത്തിനും കാരണമായ ഇസ്രായേലി സെറ്റില്‍മെന്റുകള്‍ ഞങ്ങള്‍ ഒഴിപ്പിക്കുകയും അവിടെയുള്ള കുടിയേറ്റക്കാരെ വീടുകളിലേക്ക് തിരികെ കൊണ്ടു വരികയും ചെയ്യും. അധിനിവേശത്തിന്റെ എല്ലാ അവശിഷ്ടങ്ങളും, ഭൌതികവും സ്ഥാപനപരവും, ഞങ്ങള്‍ പൊളിച്ചു മാറ്റും.

അഭയാര്‍ത്ഥികളും അവരുടെ പിന്‍മുറക്കാരും നേരിട്ട അസഹനീയമായ ദുരന്തങ്ങള്‍ക്ക് നൈതികവും പ്രായോഗികവുമായ ഒരു പരിഹാരം കാണുന്നതിനുള്ള ശ്രമത്തെ തുറന്ന ഹൃദയത്തോടെയും, കരുണയോടെയും സാമാന്യബുദ്ധിയോടെയും സമീപിക്കേണ്ടതുണ്ട്. വിവിധ പരിഹാരമാര്‍ഗങ്ങളില്‍ നിന്നും തങ്ങള്‍ക്കനുയോജ്യമായത് തെരഞ്ഞെടുക്കുവാനുള്ള അവകാശം ഓരോ അഭയാര്‍ത്ഥി കുടുംബത്തിനും നല്‍കേണ്ടതുണ്ട്: സര്‍വ വിധ സഹായങ്ങളോടെയും പാലസ്തീന്‍ സ്റ്റേറ്റിലേക്കുള്ള തിരിച്ചു വരവും, പുനരധിവാസവും, അതല്ല ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് തുടരണമെങ്കില്‍ അതും, തങ്ങള്‍ക്കിഷ്ടമുള്ള രാജ്യത്തിലേക്കുള്ള കുടിയേറ്റവും - അതും ഉദാരമായ സഹയങ്ങളോടെത്തന്നെ - , ഇസ്രായേല്‍ പ്രദേശത്തേക്ക് നമ്മള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അംഗീകരിക്കുന്ന എണ്ണത്തിനനുസരിച്ചുള്ള തിരിച്ചുവരവ് തുടങ്ങിയ നമ്മുടെ എല്ലാ ശ്രമങ്ങളിലും അഭയാര്‍ത്ഥികളും പൂര്‍ണമായ അര്‍ത്ഥത്തില്‍ പങ്കാളികളാകേണ്ടതുണ്ട്.

ചെറുതെങ്കിലും പ്രിയങ്കരമായ ഈ രാജ്യത്തില്‍ തൊട്ടുതൊട്ടായി നിലവില്‍ വരുന്ന, ഇസ്രായേല്‍ പാലസ്തീന്‍ എന്നീ രണ്ട് സംസ്ഥാനങ്ങള്‍, മാനുഷികവും,സാമൂഹികവും,സാമ്പത്തികവും, സാങ്കേതികവും,സാംസ്കാരികവുമായ തലങ്ങളില്‍ വളരെ പെട്ടെന്നു യോജിപ്പിലെത്തുമെന്നും, അങ്ങിനെയുള്ള ബന്ധം നമ്മുടെ സുരക്ഷ മാത്രമല്ല, എല്ലാവരുടേയും ത്വരിതഗതിയിലുള്ള പുരോഗതിയും ക്ഷേമവും ഉറപ്പുവരുത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഈ ഭൂവിഭാഗത്തിലെ എല്ലാ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍, ഈ മേഖലയുടെ സമാധാനത്തിനും ക്ഷേമത്തിനുമായി നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാം.

സമാധാനസ്ഥാപനത്തിനും നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പു വരുത്തുമെന്നും പ്രതിജ്ഞ എടുത്തുകൊണ്ട്, വളരെയധികം നീണ്ടുപോയ നമ്മുടെ സംഘര്‍ഷത്തിന്റെ ഇരകളായ ജൂതരും അറബ് വംശജരും ഇസ്രായേലികളൂം പാലസ്തീനികളും അടങ്ങുന്ന അനേകരുടെ ഓര്‍മ്മക്കുമുന്‍പില്‍ തലകള്‍ താഴ്ത്തി ഒരു നിമിഷം നമുക്ക് എഴുന്നേറ്റു നില്‍ക്കാം. ”

ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിക്കുന്നതിന് ഇത്തരമൊരു പ്രസംഗം അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു.

ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ട പാലസ്തീന്‍കാരുമായി ദശകങ്ങളായുള്ള എന്റെ പരിചയത്തില്‍ നിന്നും ഞാന്‍ എത്തിയിരിക്കുന്ന നിഗമനം, ഈ സംഘര്‍ഷത്തിന്റെ വൈകാരികമായ അംശം രാഷ്ട്രീയമായ അംശത്തോളമോ അതിനേക്കാളുമേറെയോ പ്രധാനമാണെന്നാണ്. തങ്ങള്‍ അനുഭവിച്ച അനീതിയെക്കുറിച്ചുള്ള ഉള്‍ക്കടമായ ഒരു വൈകാരികത ഓരോ പാലസ്തീനിയുടേയും മനസ്സിലും അവരുടെ പ്രവര്‍ത്തികളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.അബോധപൂര്‍വമോ അര്‍ധബോധത്തോടെയുള്ളതോ ആയ ഒരു കുറ്റബോധം ഓരോ ഇസ്രായേലിയുടേയും മനസ്സിനെ മഥിക്കുന്നുണ്ട്. അത് , അറബികള്‍ ഒരിക്കലും തങ്ങളുമായി സമാധാനം സ്ഥാപിക്കുകയില്ല എന്ന ഒരു അവബോധം അവരുടെ മനസ്സില്‍ ഓരോ നിമിഷവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഇത്തരമൊരു പ്രസംഗം എന്നു സാധ്യമാകും എന്നെനിക്കറിയില്ല. മുന്‍കൂട്ടി കാണാനാകാത്ത ഘടകങ്ങള്‍ക്ക് അതില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയും. എന്നാല്‍ എനിക്കിപ്പോള്‍ അറിയാം, അത്തരമൊരു ക്ഷമായാചനതിന്റെ അഭാവത്തില്‍, നയതന്ത്രജ്ഞര്‍ തമ്മില്‍ എത്തുന്ന ഉടമ്പടികള്‍ ഒരിക്കലും മതിയാവുകയില്ല. ഓസ്ലോ ഉടമ്പടികള്‍ വ്യക്തമാക്കുന്നതുപോലെ, വികാരങ്ങള്‍ കൊടുമ്പിരികൊള്ളുന്ന ഒരു സമുദ്രത്തില്‍ ഒരു കൃത്രിമ ദ്വീപ് പണിയുന്നത് കൊണ്ടുമാത്രം ഒന്നുമാവില്ല.

കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരസ്യക്ഷമായാചനം മാത്രമല്ല വടക്കെ അമേരിക്കയില്‍ നിന്നും നമുക്ക് പഠിക്കാനാവുക.

43 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തങ്ങളുടെ രാജ്യത്തിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഭൂരിപക്ഷവും ഫ്രഞ്ച് സംസാരിക്കുന്ന ന്യൂനപക്ഷവും തമ്മില്‍ സമാധാനം ഉണ്ടാക്കുന്നതിനയി കനേഡിയന്‍ സര്‍ക്കാര്‍ അസാധാരണമായ നടപടി എടുക്കുകയുണ്ടായി. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാര്‍ ഫ്രഞ്ച് കാനഡ കീഴടക്കിയ സമയം മുതല്‍ ഇവര്‍തമ്മിലുള്ള ബന്ധം ഒരു ഉണങ്ങാത്ത മുറിവായി കിടക്കുകയായിരുന്നു. ബ്രിട്ടീഷ് യൂണിയന്‍ ജാക്കിന്റെ മാതൃകയിലുള്ള കനേഡിയന്‍ ദേശീയ പതാകക്ക് പകരമായി, മാപ്പിള്‍ ഇല ചിത്രീകരിച്ച പുതിയൊരു പതാകയെ അംഗീകരിക്കുവാന്‍ നടപടികളെടുക്കുകയുണ്ടായി

ആ അവസരത്തില്‍, സെനറ്റിന്റെ സ്പീക്കര്‍ ഇങ്ങനെ പറഞ്ഞു "പതാക എന്നത് രാഷ്ട്രത്തിനെ ഐക്യത്തിന്റെ സൂചകമാണ്, കാരണം അത് വംശ, ഭാഷാ, വിശ്വാസ, അഭിപ്രായ വ്യത്യാസമില്ലാതെ എല്ലാ കനേഡിയന്‍ പൌരന്മാരേയും പ്രതിനിധാനം ചെയ്യുന്നു.''

അതില്‍ നിന്നുകൂടി നാം ചിലതൊക്കെ പഠിക്കേണ്ടിയിരിക്കുന്നു...

*

യൂറി അവ്നേറി കൌണ്ടര്‍ പഞ്ചില്‍ എഴുതിയ The First Step Towards Lasting Peace? An Apology എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Uri Avnery is an Israeli writer and peace activist with Gush Shalom.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇക്കഴിഞ്ഞയാഴ്ച്ച കനഡയുടെ പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ വളരെ നാടകീയമായ ഒരു പ്രസ്താവന നടത്തി. കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന കനേഡിയന്‍ സര്‍ക്കാരുകള്‍ തലമുറകളായി ചെയ്ത അനീതിക്ക് തന്റെ രാജ്യത്തിലെ ആദിമ നിവാസികളോട് അദ്ദേഹം ക്ഷമായാചനം നടത്തി.

ഈ രീതിയില്‍, കനഡയിലെ വെളുത്ത വര്‍ഗക്കാര്‍, തങ്ങളുടെ പൂര്‍വികര്‍ കീഴടക്കിയ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ, വര്‍ഷങ്ങളോളം തങ്ങളുടെ പൂര്‍വികര്‍ തുടച്ചുമാറ്റുവാന്‍ ശ്രമിച്ച സംസ്കാരത്തിന്റെ ഉടമകളായ ആദിവാസികളുമായി രഞ്ജിപ്പിലെത്താന്‍ ശ്രമിക്കുകയാണ്.

പൂര്‍വകാലപിഴകള്‍ക്ക് മാപ്പു ചോദിക്കുന്നത് ഇന്ന് ആധുനിക രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് .

യൂറി അവ്നേറി കൌണ്ടര്‍ പഞ്ചില്‍ എഴുതിയ The First Step Towards Lasting Peace? An Apology എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Rajeeve Chelanat said...

പ്രസക്തമായ ലേഖനം. കൌണ്ടര്‍ പഞ്ചില്‍ വായിച്ചിരുന്നു.

എങ്കിലും, പുതിയ അടവുകളില്‍നിന്നും അധിനിവേശത്തിന്റെ ചതിക്കുഴികളില്‍നിന്നും ശ്രദ്ധ തിരിക്കുക എന്ന് ഒരു പുതിയ ദൌത്യവും ഇത്തരം മാപ്പപേക്ഷകള്‍ക്കു പിന്നിലുണ്ടെന്ന് കരുതിയിരിക്കാതെ വയ്യ.

പുതിയ കം‌ഫര്‍ട്ട് വുമണുകളെയും, മോഷ്ടിക്കപ്പെടേണ്ടുന്ന പുതിയ അബ്‌ഒറിജിന്‍ തലമുറയെയും തേടിയിറങ്ങുകയാണ് മാപ്പ് എന്ന വാക്ക്.

പെസ്സിമിസമായിരിക്കാം. മാപ്പ്.

അഭിവാദ്യങ്ങളോടെ

കോരുണ്ണി മാഷ് said...

ലേഖനം കൊള്ളാം.

ഈ കമെന്റു് ഉബുണ്ഠു ലിനക്സ്ല്‍ സ്വനലേഖ ഉപയോഗിച്ച് എഴുതിയതു്