Tuesday, June 17, 2008

ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍

ആമുഖം

ക്രൂഡ് ഓയിലിന്റെ വില ബാരലിന് 140 ഡോളര്‍ എത്തിയെന്നതും എണ്ണയുല്പാദനമേഖലയിലൊക്കെ കുഴപ്പങ്ങളാണെന്നതും ഓര്‍ത്തു വിഷമിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം... റഷ്യയിലെ പൊതുമേഖലാ കുത്തകയായ Gazpromന്റെ ചെയര്‍മാന്‍ അലക്സി മില്ലര്‍ ഈയടുത്തയിടെ പറഞ്ഞത് ക്രൂഡ് ഓയിലിന്റെ വില അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ ബാരലിന് 250 ഡോളര്‍ ആകുമെന്നാണ്...

മില്ലര്‍ നടത്തിയ ഈ പ്രവചനം, ഭാഗികമായെങ്കിലും, സ‌മൃദ്ധമായ എണ്ണ നിക്ഷേപമുള്ള കാസ്പിയന്‍ ബേസിനും മിഡില്‍ ഈസ്റ്റും ബലപ്രയോഗത്തിലൂടെ “സുരക്ഷിതമാക്കാനുള്ള” ബുഷ് ഭരണകൂടത്തിന്റെ പരാജയപ്പെട്ട രണ്ട് യുദ്ധങ്ങളുടെ(അധിനിവേശങ്ങളുടേയും) പരിണിതഫലമാണോ എന്ന് ഒരു നിമിഷം നമുക്ക് ചിന്തിക്കാം. ഇറാനെതിരെയുള്ള വ്യോമാക്രമണത്തിനായി വാദിക്കുന്ന ബുഷ് ഭരണകൂടത്തിലെ(ഇസ്രായേലിലേയും) ശക്തികള്‍ക്ക് അനുദിനം കരുത്തു വര്‍ദ്ധിക്കുകയാണെന്ന Jim Lobe എന്ന പത്രപ്രവര്‍ത്തകന്റെ (ഊഹാപോഹങ്ങളില്‍ നിന്നും സെന്‍സേഷണലായ നിഷ്‌ക്കര്‍ഷങ്ങളിലേക്ക് എടുത്ത് ചാടുന്ന ആളല്ല ജിം എന്നതാണല്ലോ നമ്മുടെ അനുഭവം)നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, മില്ലര്‍ പറഞ്ഞ സിനാറിയോ ഒന്നു മനസ്സില്‍ കണ്ടു നോക്കുക. ആണവ പരിപാടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം ഒഴിവാക്കാനാവാത്തതായിരിക്കുമെന്ന ഇസ്രായേലി ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ പ്രസ്താവന - “ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പരിപാടിയുമായി ഇറാന്‍ മുന്നോട്ട് പോവുകയാണെങ്കില്‍, ഞങ്ങള്‍ അവരെ ആക്രമിക്കും. ഉപരോധങ്ങളൊന്നും തന്നെ ഫലപ്രദമല്ല”- എണ്ണവില കുതിച്ചുയരാനിടയാക്കിയെങ്കില്‍ ഒരു യഥാര്‍ത്ഥ ആക്രമണത്തിന്റെ പ്രത്യാഘാതം എന്തായിരിക്കും എന്നു സങ്കല്‍പ്പിക്കുക.

ഒരു പഴയ തമാശ നിങ്ങള്‍ക്കറിയാമായിരിക്കും. സൈനിക നീതിയും നീതിയും തമ്മില്‍ സൈനിക സംഗീതവും സംഗീതവും തമ്മിലുള്ള ബന്ധമേയുള്ളൂ. ഒരു പക്ഷെ, അത്ര വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ, ഇതിനേക്കള്‍ നിര്‍ദ്ദയവും ക്രൂരവുമായ ഒരു ഫലിതം, സൈനിക നടപടികളിലൂടെ എണ്ണയുടെ വിതരണം സുരക്ഷിതമാക്കാനുള്ള വാഷിങ്ങ്ടണിന്റെ ശ്രമങ്ങളെക്കുറിച്ചും കേള്‍ക്കുവാനായേക്കും. അതിരിക്കട്ടെ, Rising Powers, Shrinking Planet: The New Geopolitics of Energy എന്ന ഗ്രന്ഥത്തില്‍ Michael Klare എണ്ണവിതരണം സൈനികവല്‍ക്കരിച്ച വാഷിങ്ങ്ടണിന്റെ നടപടികളിലെ ബുദ്ധിഭ്രമത്തെക്കുറിച്ചും അതുമൂലമുണ്ടായ വിനാശകരങ്ങളായ ‘എണ്ണക്കുവേണ്ടിയുള്ള യുദ്ധങ്ങളെ‘ക്കുറിച്ചും വിവരിക്കുന്നുണ്ട്. ( ശ്രീ മൈക്കല്‍ ക്ലാര്‍ക്കിന്റെ മറ്റൊരു വിഖ്യാത രചനായായ Blood and Oil നെ ആധാരമാകി ഒരു ഡോക്യുമെന്ററി എടുത്തു കഴിഞ്ഞു.)

ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍

അമേരിക്കയിലേക്കുള്ള എണ്ണയുടെ പ്രവാഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയോ, സൈനിക നടപടി തന്നെ ഉപയോഗിച്ചോ ആവണമെന്നാണ് അമേരിക്കന്‍ നയരൂപീകരണ വിദഗ്ദര്‍ പണ്ടു മുതല്‍ക്കു തന്നെ കരുതിപ്പോരുന്നത്. ഇന്നിത് അമേരിക്കന്‍ വിദേശനയത്തിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞു.

ഈ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം ബുഷ് ഭരണകൂടം 1990-91 കാലയളവില്‍ ഇറാഖിനെതിരെ യുദ്ധം നടത്തിയത്. രണ്ടാം ബുഷ് ഭരണകൂടമാകട്ടെ, 2003ല്‍ ഇറാഖില്‍ അധിനിവേശം തന്നെ നടത്തി. ആഗോള എണ്ണ വില കുതിച്ചുയരുകയും എണ്ണയുടെ നിക്ഷേപങ്ങള്‍ വര്‍ഷം കഴിയുംതോരും കുറഞ്ഞു കുറഞ്ഞു വരുകയും ചെയ്യുമ്പോള്‍ 2009 ജനുവരിയില്‍ അമേരിക്കയില്‍ അധികാരത്തില്‍ വരുന്നവര്‍ ആരായാലും, സൈനിക ശക്തി എന്നത് എണ്ണ സ‌മൃദ്ധ പ്രദേശങ്ങളിലെ അമേരിന്‍ താല്പര്യം ഉറപ്പുവരുത്തുവാനുള്ള ഏറ്റവും ആത്യന്തികമായ ഉപാധിയായി കരുതപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, സൈനികവല്‍ക്കരിക്കപ്പെട്ട ഇന്ധനത്തിന്റെ വില - രക്തത്തിലും ഡോളറിലും - വര്‍ദ്ധിക്കുന്ന സാ‍ഹചര്യത്തില്‍ ഇത്തരം “വിവേക”ത്തിനെതിരെ വാദിച്ചു തുടങ്ങുവാനുള്ള സമയമായില്ലേ? അമേരിക്കന്‍ പട്ടാളത്തിന് അമേരിക്കയുടെ ഊര്‍ജ സുരക്ഷയുടെ കാര്യത്തില്‍ സംഗതമായ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നും ഊര്‍ജ്ജ നയത്തിന്റെ കാര്യത്തില്‍ സൈന്യത്തെ ആശ്രയിക്കുന്നത് എത്രമാത്രം പ്രായോഗികവും, താങ്ങാവുന്നതും, നീതിപൂര്‍വവുമായിരിക്കും എന്നും ചോദിക്കേണ്ട സമയമായില്ലേ?

ഊര്‍ജ്ജ നയം സൈനികവല്‍ക്കരിക്കപ്പെട്ടതെങ്ങിനെ

“ഊര്‍ജ്ജ സുരക്ഷയും“ (അങ്ങിനെയാണതിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്) “രാജ്യസുരക്ഷയും” തമ്മിലുള്ള ഈ നാഭീനാളബന്ധം സ്ഥാപിക്കപ്പെട്ടിട്ട് കാലം കുറെ ആയി. സൌദിയിലെ എണ്ണപ്പാടങ്ങള്‍ക്കുമേല്‍ അമേരിക്കക്ക് ചില പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചതിന് പ്രത്യുപകാരമായി സൌദി അറേബ്യന്‍ രാജകുടുംബത്തെ സംരക്ഷിക്കുമെന്ന് 1945ല്‍ പ്രസിഡന്റ് ഫ്രാന്‍‌ക്ലിന്‍ റൂസ്‌വെല്‍റ്റ് ഉറപ്പ് കൊടുത്തപ്പോള്‍ ആരംഭിച്ചതാണിത് . പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എണ്ണയുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പ് വരുത്തുക എന്നത് “മര്‍മ്മപ്രധാനമായ താല്‍പ്പര്യം” ("vital interest") ആണെന്നും അത് തടയുവാനുള്ള ശത്രുരാജ്യങ്ങളുടെ ഏത് ശ്രമവും “സൈനിക ശക്തി ഉള്‍പ്പെടെ, അവശ്യമായ ഏത് മാര്‍ഗം ഉപയോഗിച്ചും" (“by any means necessary, including military force.") പ്രതിരോധിക്കും എന്നും 1980ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ കോണ്‍ഗ്രസ്സിനെ ധരിപ്പിച്ചപ്പോള്‍, മേല്‍പ്പറഞ്ഞ ബന്ധത്തിനു ഒരു ഔദ്യോഗിക മാനം കൈവരികയാണുണ്ടായത്.

ഈയൊരു സിദ്ധാന്തം നടപ്പില്‍ വരുത്തുന്നതിനായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സൈനിക നടപടികള്‍ക്കുമാത്രമായി Rapid Deployment Joint Task Force എന്നൊരു വിഭാഗം രൂപീകരിക്കുവാന്‍ കാര്‍ട്ടര്‍ ആജ്ഞ നല്‍കി. പിന്നീട് പ്രസിഡന്‍റ്റ് റീഗന്‍ ഇതിനെ യു.എസ്. സെന്‍‌ട്രല്‍ കമാണ്ട് അഥവാ CENTCOM എന്ന ഒരു മുഴുവന്‍ സമയ സൈനിക സംഘടനയാക്കി. റീഗനുശേഷം വന്ന ഓരോ പ്രസിഡന്റുമാരും, കൂടുതല്‍ കൂടുതല്‍ താവളങ്ങളും, കപ്പല്‍പ്പടയും വിമാനവ്യൂഹങ്ങളും ഒക്കെ നല്‍കി, CENTCOMന്റെ ചുമതലകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. സമീപ കാലത്തായി ആഫ്രിക്കയിലേയും കാസ്പിയന്‍ കടല്‍ത്തീരത്തേയും എണ്ണയിലുള്ള ആശ്രിതത്വം വര്‍ദ്ധിച്ചതിനാല്‍, ആ മേഖലയിലെയും സൈനിക സന്നാഹങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇതിന്റെ ഫലമായി, അമേരിക്കന്‍ സൈന്യം എന്നത് മിഡില്‍ ഈസ്റ്റിലേയും മറ്റു പ്രദേശങ്ങളിലേയും എണ്ണക്കുഴലുകളും, ശുദ്ധീകരണശാലകളും, എണ്ണ നിറയ്ക്കുന്ന കേന്ദ്രങ്ങളും സംരക്ഷിക്കുന്ന ഒരു ആഗോള എണ്ണ സംരക്ഷണ സേന ആയിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് കൌണ്‍സില്‍ ഫൌണ്ടേഷന്റെ(NCDF ) ഒരു കണക്കനുസരിച്ച്, പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ “സംരക്ഷണത്തിനു” മാത്രമായി അമേരിക്കന്‍ ട്രഷറിക്ക് വര്‍ഷം തോറും 138 ബില്യണ്‍ ഡോളറിന്റെ ചിലവു വരുന്നുണ്ട്. ഇറാഖ് അധിനിവേശത്തിനു തൊട്ട് മുന്‍പ് ഇത് 49 ബില്യണ്‍ ഡോളറായിരുന്നു.

വിദേശത്തു നിന്നുള്ള എണ്ണയുടെ പ്രവാഹം (oil supplies) സംരക്ഷിക്കുന്നതിനായി ഇത്തരത്തില്‍ ഭീമമായ തുക ചിലവഴിക്കുന്നത് പ്രത്യേകിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലാത്ത, ഒരു അംഗീകൃത കാര്യമായിക്കഴിഞ്ഞു. ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍സിനും ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. 2006 ഒക്ടോബറില്‍ കൌണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ്(CFR ) പുറത്തിറക്കിയ "National Security Consequences of U.S. Oil Dependency" എന്ന "Independent Task Force Report" ഈയൊരു മാനസികാവസ്ഥക്ക് വ്യക്തമായ ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. മുന്‍ ഡിഫന്‍സ് സെക്രട്ടറി James R. Schlesinger, സി.ഐ.എ ഡയറക്ടര്‍ John Deutch എന്നിവര്‍ നേതൃത്വം നല്‍കിയ ഈ റിപ്പോര്‍ട്ട് പറയുന്നത് ആസന്ന ഭാവിയിലേക്കെങ്കിലും അമേരിക്കന്‍ സൈന്യം ഒരു ആഗോള എണ്ണ സംരക്ഷണ സേനയായി തുടരണം എന്നാണ്. “ പേര്‍ഷ്യന്‍ ഗള്‍ഫ് എന്നത് അടുത്ത രണ്ട് ദശകങ്ങളിലേക്കെങ്കിലും വിശ്വസിച്ചാശ്രയിക്കാവുന്ന എണ്ണയുടെ സ്രോതസ്സ് എന്ന നിലക്ക് അമേരിക്കന്‍ താല്പര്യങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.” എന്ന് ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതനുസരിച്ച് “ആ മേഖലയിലേക്ക്, ആവശ്യം വരികയാണെങ്കില്‍, എപ്പോള്‍ വേണമെങ്കിലും വിന്യസിക്കാവുന്ന തരത്തില്‍ ശക്തമായ ഒരു സൈനികവിഭാഗത്തെ ഒരുക്കി നിര്‍ത്തുവാന്‍ അമേരിക്ക തയ്യാറാകണം” എന്നും “എണ്ണ കൊണ്ടു പോകുന്ന കടല്‍പ്പാതകള്‍ക്ക് അമേരിക്കന്‍ നാവിക വിഭാഗത്തിന്റെ സംരക്ഷണവും അതീവ പ്രാധാന്യമുള്ളതാണ് ” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷിതത്വം ഇല്ലാതാക്കുന്ന പെന്റഗണ്‍ എന്ന കമ്പനി

പ്രധാന രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളെല്ലാം, അന്നും ഇന്നും, പങ്കു വെച്ച അഥവാ പങ്കു വെയ്ക്കുന്ന മേല്‍പ്പറഞ്ഞ വീക്ഷണങ്ങള്‍ അമേരിക്കയുടെ ദീര്‍ഘകാലതന്ത്രത്തെ സംബന്ധിച്ച ചിന്തകളെ (strategic thinking) അടക്കിഭരിക്കുകയാണ്, കൂടുതല്‍ കൃതമായി പറയുകയാണെങ്കില്‍ മുച്ചൂടും മൂടിയിരിക്കുകയാണ്. എന്നിരുന്നാല്‍പ്പോലും ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ അമേരിക്കന്‍ സൈനികശക്തിയുടെ യഥാര്‍ത്ഥ പ്രയോജനം എന്ത് എന്നത് വ്യക്തമാകേണ്ടിയിരിക്കുന്നു.

ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്, 1,60,000 സൈനികരെ വിന്യസിച്ചിട്ടും, ശത ബില്യണ്‍ ഡോളറുകള്‍ ചിലവഴിച്ചിട്ടും ഇറാഖ് ഇന്ന് കൂട്ടക്കുഴപ്പത്തിന്റെ രാജ്യമാണെന്നു മാത്രമല്ല പൈപ്പ് ലൈനുകളിലും ശുദ്ധീകരണശാലകളിലും ഇറാഖിലെ അമേരിക്കന്‍ വിരുദ്ധ പോരാളികള്‍ തുടര്‍ച്ചയായി നടത്തുന്ന അട്ടിമറികള്‍ തടയുന്നതിനോ, അമേരിക്കന്‍ പിന്തുണയുള്ള ഇറാഖിലെ കേന്ദ്രസര്‍ക്കാരിനോട് പ്രതിബദ്ധതയുണ്ടെന്ന് കരുതപ്പെടുന്ന ഉയര്‍ന്ന എണ്ണ ഉദ്യോഗസ്ഥര്‍ നടത്തുന്ന സര്‍ക്കാര്‍ സപ്ലൈയുടെ കരുതിക്കൂട്ടിയുള്ള കൊള്ള തടയുന്നതിനോ കഴിയാത്ത ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്റിന്റെ കെടുകാര്യസ്ഥത കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൈനികര്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ഈ സര്‍ക്കാര്‍ സപ്ലൈക്ക് കാവല്‍ നില്‍ക്കുന്നത്. അധിനിവേശം തുടങ്ങി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോള്‍ ഇറാഖില്‍ പ്രതിദിനം ഉല്പാദിപ്പിക്കുന്നത് 25 ലക്ഷം ബാരല്‍ എണ്ണയാണ്, ഇതാകട്ടെ 2001ല്‍ സദ്ദാം ഹുസൈനിന്റെ ഏറ്റവും പരിതാപകരമായ ദിനങ്ങളില്‍ ഉല്പാദിപ്പിച്ചിരുന്നതിനു ഏകദേശം തുല്യം മാത്രമാണ് താനും. കൂടാതെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതു പോലെ “അമേരിക്കന്‍ സൈനികരുടെ അഭിപ്രായമനുസരിച്ച് ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയില്‍ ഉല്പാദിപ്പിക്കുന്ന എണ്ണയുടെ മൂന്നില്‍ ഒന്നോ അതില്‍ കൂടുതലോ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്.” ഇത് അമേരിക്കന്‍ ഊര്‍ജ സുരക്ഷക്ക് അനുഗുണമാണോ?

നിരാശയുണര്‍ത്തുന്ന ഇത്തരം അനുഭവങ്ങള്‍ തന്നെയാണ് അമേരിക്കന്‍ പിന്തുണയുള്ള സൈനികരാല്‍ സംരക്ഷിക്കപ്പെടുന്ന എണ്ണ ശുദ്ധീകരണശാ‍ലകളുള്ള മറ്റു രാജ്യങ്ങളിലും കാണാനാകുന്നത്. ഉദാഹരണമായി നൈജീരിയയില്‍, എണ്ണ സമ്പന്നമായ നൈജര്‍ ഡെല്‍റ്റയില്‍ നിന്നും റെബലുകളെ തുരത്താനുള്ള അമേരിക്കന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യത്തിന്റെ ശ്രമം കലാപം ആളിക്കത്തിച്ചു എന്നു മാത്രമല്ല, ദേശീയ എണ്ണ ഉല്പാദനത്തില്‍ കുറവു വരുത്തുകയുമുണ്ടായി. അതിനിടയില്‍ നൈജീരിയന്‍ സൈന്യം, ഇറാഖ് സര്‍ക്കാരിനെയും(മിലീഷ്യയെയും) പോലെ, ബില്യണ്‍ കണക്കിനു ഡോളര്‍ വിലവരുന്ന ക്രൂഡ് ഓയില്‍ മോഷ്ടിക്കുന്നതായും കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും ആരോപണങ്ങളുയരുന്നുണ്ട്.

വാസ്തവത്തില്‍, വിദേശത്തു നിന്നുള്ള എണ്ണ സപ്ലൈ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ സേനയെ ഉപയോഗിക്കുന്നത് വഴി “സുരക്ഷ” ഉറപ്പാക്കാനാവുകയില്ല. സത്യത്തില്‍ അത് മൂലം അമേരിക്കക്കെതിരായ ആക്രമാസക്തമായ തിരിച്ചടികള്‍ (blowback-Unintended negative consequences from some action or policy) ഉണ്ടായേക്കാം. ഉദാഹരണമായി കുവൈറ്റിലെ ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോമിനുശേഷം സൌദി അറേബ്യയില്‍ സ്ഥിരവും വിപുലവുമാ‍യ ഒരു സൈനിക സാന്നിദ്ധ്യം നിലനിര്‍ത്തുവാനുള്ള പ്രസിഡന്റ് ബുഷിന്റെ തീരുമാനം, ആ രാജ്യത്ത് ശക്തമായ അമേരിക്കന്‍ വിരുദ്ധ വികാരം പടരുന്നതിനും, 9/11 ആക്രമണം നടക്കുന്നതുവരെയുള്ള കാലയളവില്‍ ധാരാളം പേരെ റിക്രൂട്ട് ചെയ്യുവാന്‍ ഒസാമ ബിന്‍ ലാദന് സഹായമാകുകന്നതിനും ഇടയാക്കി എന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. “ഏഴുവര്‍ഷത്തിലധികമായി അമേരിക്ക ഇസ്ല്ലാമിക് നാടുകളിലെ വിശുദ്ധ സ്ഥലങ്ങള്‍ കയ്യടക്കിവെക്കുകയും, ഇവിടത്തെ സമ്പത്ത് കൊള്ളയടിക്കുകയും, ഇവിടുത്തെ ഭരണാധികാരികളോട് ആജ്ഞാപിക്കുകയും, ജനങ്ങളെ അപമാനിക്കുകയും, അയല്‍ക്കാരെ ഭീതിയിലാഴ്ത്തുകയും, ഈ പ്രദേശങ്ങളിലെ തങ്ങളുടെ താവളങ്ങള്‍ സമീപവാസികളായ മുസ്ലീം ജനതയെ ആക്രമിക്കുന്നതിനുള്ള കുന്തമുനയാക്കുകയും ചെയ്യുകയാണ് ” എന്ന് ബിന്‍ ലാദന്‍ 1998ല്‍ പ്രഖ്യാപിക്കുകയുണ്ടായി. മുസ്ലീം ലോകത്തിനെതിരായ ഈ ആക്രമണങ്ങളുടെ മുനയൊടിക്കുവാനായി “അമേരിക്കക്കാരനെ കൊല്ലുക” എന്നതും “ഇസ്ലാമിന്റെ പ്രദേശങ്ങളില്‍ നിന്ന്” അമേരിക്കന്‍ സൈന്യത്തെ നിഷ്കാസനം ചെയ്യുക എന്നതും “ഓരോ മുസ്ലീമിന്റെയും വ്യക്തിപരമായ കടമയാണെന്ന്” ബിന്‍ ലാദന്‍ ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കയുടെ ഉദ്ദേശങ്ങളെക്കുറിച്ചുള്ള ബിന്‍ ലാദന്റെ വിശകലനം എത്രയോ വാസ്തമാണെന്നത് ഉറപ്പിക്കാനെന്നോണം അന്നത്തെ സെക്രട്ടറി ഓഫ് ഡിഫന്‍സ് ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് 2003 ഏപ്രില്‍ 30ന്, ഇറാഖ് അധിനിവേശം ഒരു മാസം മാത്രം പിന്നിട്ടിരിക്കെ, സൌദി അറേബ്യയിലേക്ക് പറന്നെത്തുകയും ഇറാ‍ഖ് അധിനിവേശം വിജയകരമായതിനാല്‍ ഇനി സൌദിയിലെ അമേരിക്കന്‍ താവളങ്ങളുടെ ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. “ഇറാഖിലെ അധികാരമാറ്റം മൂലം അതൊരു സുരക്ഷിതമായ മേഖലയാണ് , വിമാനങ്ങള്‍ക്കും ബന്ധപ്പെട്ട ആളുകള്‍ക്കും ഇനി സ്ഥലം വിടാവുന്നതാണ്,”എന്ന് റംസ്‌ഫെല്‍ഡ് പ്രഖ്യാപിച്ചു.

റംസ്‌ഫെള്‍ഡ് റിയാദില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെ, ഒരു സവിശേഷ രീതിയിലുള്ള, എന്നാല്‍ തികച്ചും അപായകരമായ ചില തിരിച്ചടികള്‍ ഇറാഖില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ബാഗ്ദാദിലേക്ക് പ്രവേശിച്ചയുടന്‍ അമേരിക്കന്‍ സൈന്യം എണ്ണ മന്ത്രാലയത്തിന്റെ ആസ്ഥാനം പിടിച്ചടക്കുകയും അതിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെങ്കിലും, സ്കൂളുകളും, ആശുപത്രികളും, മ്യൂസിയങ്ങളുമൊക്കെ യാതൊരു ശിക്ഷാഭീതിയുമില്ലാതെ കൊള്ളയടിക്കുവാന്‍ അനുവദിക്കുകയാണ് ചെയ്തത്. സൈന്യത്തിന്റെ ഈ നടപടി നഗരത്തിലെ മറ്റു പ്രദേശങ്ങളും കൊള്ളയടിക്കപ്പെടുമെന്ന് തീര്‍ച്ചയാക്കുന്ന ഒന്നായതിനാല്‍‍, അമേരിക്ക തങ്ങളുടെ രാജ്യത്തില്‍ അധിനിവേശം നടത്തിയതിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരുന്നുവെന്ന് വെളിവാക്കുന്ന ഒന്നായി ഈ നടപടിയെ ഒട്ടു മിക്ക ഇറാഖികളും കരുതി. മനുഷ്യാവകാശത്തോടും ജനാധിപത്യത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചുള്ള വൈറ്റ് ഹൌസിന്റെ നിരന്തരമായ അവകാശവാദങ്ങള്‍, ഇറാഖിലെ എണ്ണ സമ്പത്ത് കൊള്ളയടിക്കുന്നതിലെ ആവേശം മറച്ചുവെക്കുന്നതിനുള്ള ശ്രമം മാത്രമാണെന്ന്‌ അവര്‍ക്ക് ബോദ്ധ്യമായി. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് നടത്തിയ ശ്രമങ്ങളൊന്നും തന്നെ ഈയൊരു അഭിപ്രായരൂപീകരണത്തെ ഇല്ലായ്മ ചെയ്യുവാന്‍ പര്യാപ്തമായില്ല. അതു കൊണ്ടു തന്നെയാണ് അമേരിക്കന്‍ പിന്മാറ്റത്തിനായുള്ള ആഹ്വാനങ്ങള്‍ ഇപ്പോഴും ശക്തമായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

അമിതമായി സൈനികവല്‍ക്കരിക്കപ്പെട്ട ഊര്‍ജ്ജ സുരക്ഷാ നയം മൂലം അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഉണ്ടായ നഷ്ടങ്ങള്‍ സൂചിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രമാണിതൊക്കെ. സൈനിക ശക്തിയെ ആശ്രയിക്കുക എന്നതാണ് എണ്ണയുടെ സുരക്ഷിതമായ ഉല്പാദനത്തിനും നീക്കത്തിനുമെതിരായ ഭീഷണികള്‍ക്കുള്ള ആത്യന്തികമായ പരിഹാരമെന്ന് അമേരിക്കന്‍ നയരൂപീകരണവിശാരദര്‍ ആവര്‍ത്തിക്കുമ്പോള്‍, ആഗോളമാനമുള്ള ഇത്തരമൊരു നയത്തിന്റെ ആധാര പരിസരങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് തുടരുകയാണ്. ഊര്‍ജ്ജസംബന്ധിയായ ഒരു തരം ക്യാച്ച് 22 സ്ഥിതിവിശേഷം. (Situation in which an action has consequences which make it impossible to pursue that action). അതായത് ഏതൊക്കെ ഭീഷണികള്‍ക്കെതിരായ നടപടിയായാണോ സൈനികവല്‍ക്കരണം നടപ്പിലാക്കിയത്, അതെ ഭീഷണികളെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ് സൈനികവല്‍ക്കരണം.

സൈനികവല്‍ക്കരിക്കപ്പെട്ട ഈ അരക്ഷിതത്വത്തിന്റെ ചുഴി കൂടുതല്‍ വിശാലമാകുകയാണ്. വരും വര്‍ഷങ്ങളില്‍ എണ്ണ ഉല്പാദനം വര്‍ദ്ധിക്കാനിടയുള്ള ലോകത്തിലെ ഏക പ്രദേശമായ ആഫ്രിക്കയിലെ വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സാന്നിദ്ധ്യം തന്നെ ഉദാഹരണം.

കാല്‍ ശതാബ്ദത്തിനു മുന്‍പ് റീഗന്‍ സൃഷ്ടിച്ച CENTCOMനുശേഷമുള്ള അമേരിക്കയുടെ പുതിയ സമുദ്രാനന്തര സൈനിക ക്യാമ്പായ യു.എസ്. ആഫ്രിക്ക കമാണ്ട് (AFRICOM ) ഈ വര്‍ഷം പെന്റഗണ്‍ പ്രവര്‍ത്തനസജ്ജമാക്കും. ആ ഭൂഖണ്ഡത്തിലെ എണ്ണയോടുള്ള അമേരിക്കന്‍ ആശ്രിതത്വവും ആഫ്രിക്കോമിന്റെ രൂപീകരണവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം പരസ്യമായി സമ്മതിക്കുവാന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിമുഖരാണെങ്കിലും, സ്വകാര്യസംഭാഷണങ്ങളില്‍ അവരതിനത്ര മടി കാണിക്കുന്നില്ല. ഉദാഹരണമായി, ഫെബ്രുവരി 19ന് നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ നടന്ന യോഗത്തില്‍ ആഫ്രിക്കോമിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ആയ വൈസ് അഡ്‌മിറല്‍ റോബര്‍ട്ട് മോള്ളര്‍ (Robert Moeller), നൈജീരിയയിലേയും പശ്ചിമ ആഫ്രിക്കയിലേയും “എണ്ണ തടസ്സങ്ങള്‍”(oil disruption) ഈ പുതിയ സംഘടന നേരിടുന്ന മുഖ്യ വെല്ലുവിളികളില്‍ ഒന്നായിരിക്കുമെന്ന് സൂചിപ്പിക്കുകയുണ്ടായി.

ആഫ്രിക്കോമും അതുപോലുള്ള വിപുലീകരണങ്ങളും ഉപയോഗിച്ച് കാര്‍ട്ടര്‍ സിദ്ധാന്തം (Carter Doctrine) എണ്ണ ഉല്പാദനമേഖകളിലേയ്ക്കും കടന്നുകയറുന്നത്, ഇപ്പോള്‍ത്തന്നെ തടിച്ചു വീര്‍ത്തിരിക്കുന്ന പെന്റഗണ്‍ ബജറ്റിലേക്ക് ബില്യണ്‍ കണക്കിനു ഡോളറുകള്‍ കൂടി കൊണ്ടു ചെന്നു തള്ളുന്നതിനു പുറമെ, കൂടുതല്‍ കൂടുതല്‍ തിരിച്ചടികള്‍ (blowbacks) ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട്. ഉടനടിയോ അല്ലെങ്കില്‍ സമീപഭാവിയിലോ അമേരിക്കന്‍ നയത്തില്‍ മാറ്റമൊന്നും വരുന്നില്ല എങ്കില്‍, മതപരവും വംശീയവും വിഭാഗീയവുമായ സംഘര്‍ഷങ്ങളാല്‍ ശിഥിലീകരിക്കപ്പെട്ട പ്രദേശങ്ങളിലെ എണ്ണക്കുഴലുകളും മറ്റും സംരക്ഷിക്കുന്നതിനിടയില്‍ കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ ശത്രുക്കളുടെ വെടിയുണ്ടകള്‍ക്കും സ്പോടനാക്രമണങ്ങള്‍ക്കും ഇരയാകും. ഇത് ഈ നയത്തിനു നാം തീര്‍ച്ചയായും കൊടുക്കേണ്ട വിലയാണ്.

എന്തിനുവേണ്ടി നാം ഇത്ര വലിയ വില നല്‍കണം? എണ്ണ വിതരണം സം‌രക്ഷിക്കുന്ന കാര്യത്തില്‍ സൈനികശക്തി എന്തുമാത്രം ഫലശൂന്യമാണ്‌ എന്നതിന് എല്ലാ തരത്തിലുമുള്ളതും, അവഗണിക്കാനാകാത്തതും ആയ തെളിവുകള്‍ ഉണ്ടെന്നിരിക്കെ, ഊര്‍ജ്ജവും ദേശീയസുരക്ഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാഷിങ്ങ്ടണിന്റെ അനുമാനങ്ങളെ ചോദ്യം ചെയ്യേണ്ട സമയമായില്ലേ? അല്ലെങ്കില്‍ തന്നെ ഇറാഖ് അധിനിവേശം തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കെ, ജോര്‍ജ്ജ് ബുഷും ഡിക്ക് ചെനിയും അല്ലാതെ മറ്റാരെങ്കിലും അവകാശപ്പെടുമോ അമേരിക്കയോ അവര്‍ക്കുള്ള എണ്ണ വിതരണമോ യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാണെന്ന്?

യഥാര്‍ത്ഥ ഊര്‍ജ്ജസുരക്ഷ എങ്ങനെ സൃഷ്ടിക്കാം?

സൈനികമായ ബലപ്രയോഗവും ഊര്‍ജ്ജ സുരക്ഷയും വേര്‍പിരിയാനാകാത്ത ഇരട്ടകളാണെന്ന വാഷിങ്ങ്ടണിന്റെ ദൃഢവിശ്വാസത്തെ ബലപ്പെടുത്തുന്നതാണ് വിദേശ എണ്ണയോടുള്ള വര്‍ദ്ധിതമായ അമേരിക്കന്‍ ആശ്രയത്വം. ദൈനംദിന ആവശ്യത്തിനുള്ള എണ്ണയുടെ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യപ്പെടുന്നതായിരിക്കെ - അത് വര്‍ദ്ധിക്കുകയുമാണ് - അമേരിക്കക്ക് ആവശ്യമുള്ള എണ്ണയുടെ വലിയൊരു ഭാഗം വരുന്നത് സംഘര്‍ഷ ബാധിതമായ മിഡില്‍ ഈസ്റ്റ്, മദ്ധ്യഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണെന്ന് തിരിച്ചറിയാതിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരമൊരു അവസ്ഥയില്‍, അമേരിക്കന്‍ നയരൂപീകരണകര്‍ത്താക്കള്‍ എണ്ണയുടെ സുരക്ഷിതമായ ഡെലിവറിക്ക് സ്വാഭാവികമായും ഉറ്റുനോക്കുക സൈന്യത്തെയാവും . ഇത്തരത്തില്‍ സൈനികശക്തി ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍, അമേരിക്കന്‍ വിരുദ്ധതക്ക് ഇന്ധനമാകുന്നതിനു പുറമെ, ഊര്‍ജ്ജലഭ്യതയുടെ അവസ്ഥയെ അത്ര ഉറപ്പില്ലാത്തതും, ആശ്രയിക്കാനാവാത്തതും ആക്കുന്നു എന്നത് ആരും പരിഗണിക്കുന്നതേ ഇല്ല.

തീര്‍ച്ചയായും ഇത് “ഊര്‍ജ്ജ സുരക്ഷ”യുടെ നിര്‍വചനം അല്ല; അതിന്റെ വിപരീതം ആണ്. യഥാര്‍ത്ഥത്തില്‍, ഊര്‍ജ്ജസുരക്ഷക്കായുള്ള പ്രായോഗികമായ ദീര്‍ഘകാല സമീപനം എന്നത് മറ്റെല്ലാം സ്രോതസുകളേക്കാളും ഒരു പ്രത്യേക ഊര്‍ജ്ജ സ്രോതസ്സിനെ - ഇവിടെ എണ്ണ- മാത്രമായി ആശ്രയിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതോ, അമേരിക്കന്‍ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ, അമേരിക്കന്‍ നികുതിദായകരെ പാപ്പരാക്കുന്നതോ ആയിരിക്കുകയില്ല. മറിച്ച്, യുക്തിസഹമായ ഒരു അമേരിക്കന്‍ ഊര്‍ജ്ജ നയം എന്നത് എല്ലാ ഊര്‍ജജ സ്രോതസ്സുകളുടേയും ഗുണദോഷങ്ങള്‍ കണക്കിലെടുക്കുന്ന, ഒരു ഹോളിസ്റ്റിക് സമീപനം ആയിരിക്കണം.

സ്വാഭാവികമായും ഇത് ദേശീയവും, പുനരുപയോഗിക്കാവുന്നതും, പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതും, മറ്റു രാജ്യങ്ങളുടെ താല്പര്യങ്ങളെ അപകടത്തിലാക്കാത്തതുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തില്‍ ഊന്നിയുള്ളതായിരിക്കണം. ഒപ്പം തന്നെ അത് ഊര്‍ജ്ജ സംരക്ഷണ പരിപാടികളെ സര്‍വ്വരീതിയിലും പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കണം. വൈദേശികമായ ഊര്‍ജ്ജ സ്രോതസ്സുകളോടുള്ള ആശ്രിതത്വം സമീപ ഭാവിയില്‍ത്തന്നെ കുറയ്ക്കുന്നതും, കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷവ്യാപനം കുറച്ചുകൊണ്ടു വരുന്നതിനുള്ള, കഴിഞ്ഞ രണ്ട് ദശാബ്ദമായി നടപ്പിലാക്കാത്ത, ഊര്‍ജ്ജസംരക്ഷണ പരിപാടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുന്നതുമായിരിക്കണം.

ഇത്തരത്തിലുള്ള ഏത് സമീപനത്തിലും പെട്രോളിയം തന്നെ ആയിരിക്കും ഒരു പ്രധാന പങ്ക് തുടര്‍ന്നും വഹിക്കുക. വാഹനങ്ങള്‍ക്കായുള്ള ഊര്‍ജ്ജം എന്ന നിലക്കും(പ്രത്യേകിച്ച് വ്യോമവാഹനങ്ങള്‍ക്ക്), നിരവധി രാസവസ്തുക്കളുടെ ഉല്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തു എന്ന് നിലക്കും അതിനു പ്രത്യേകമായൊരു ആകര്‍ഷണീയത ഉണ്ട്. എങ്കിലും, നിക്ഷേപവും ഗവേഷണവും സംബന്ധിച്ച ശരിയായ രീതിയിലുള്ള നയങ്ങള്‍ രൂപീകരിക്കാമെങ്കില്‍ - ഊര്‍ജ്ജ സപ്ലൈയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൈനികശക്തിയെ ആശ്രയിക്കാതെ മറ്റു ചില സമീപനങ്ങള്‍ സ്വീകരിക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രദര്‍ശിപ്പിക്കാമെങ്കില്‍ - ലോകത്തിലെ പരമപ്രധാനമായ ഇന്ധനം എന്ന നിലക്കുള്ള എണ്ണയുടെ ചരിത്രപരമായ പങ്ക് സാമാന്യം വേഗത്തില്‍ തന്നെ ഇല്ലാതാകും. പ്രമുഖ എണ്ണക്കമ്പനികള്‍ക്ക് വന്‍‌തുകകള്‍ സബ്‌സിഡിയായി നല്‍കുകയും, വിദേശത്ത് നിന്നുള്ള എണ്ണ സപ്ലൈയുടെ സുരക്ഷക്കായി മാത്രം 138 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം ചിലവഴിക്കുകയും ചെയ്ത് പെട്രോളിയത്തിന്റെ പങ്ക് കൃത്രിമമായി നിലനിര്‍ത്തുവാന്‍ അമേരിക്കന്‍ നയരൂപീകരണ വിദഗ്ദര്‍ ശ്രമിക്കാതിരിക്കണം എന്നതും വളരെ പ്രാധാന്യമുള്ള സംഗതിയാണ്. ഈ ഫണ്ടുകള്‍ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്കായും, പ്രത്യേകിച്ച് ദേശീയമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തിനായും ഉപയോഗിക്കുവാന്‍ കഴിയും.

ഇറക്കുമതി ചെയ്യുന്ന ഊര്‍ജ്ജത്തോടുള്ള ആശ്രിതത്വം കുറക്കുന്നതിനായി ബദലുകള്‍ വികസിപ്പിക്കേണ്ടതുണ്ട് എന്നത് അംഗീകരിക്കുന്ന ചില നയ നിര്‍മ്മാതാക്കള്‍ ശഠിക്കുന്നത് അത്തരമൊരു സമീപനം തുടങ്ങേണ്ടത് Arctic National Wildlife Refuge (ANWR)ലും മറ്റു സംരക്ഷിത വനമേഖലയിലും എണ്ണ പര്യവേക്ഷണം നടത്തിക്കൊണ്ടായിരിക്കണം എന്നാണ്. അങ്ങിനെ ചെയ്യുന്നത് അമേരിക്കയുടെ പരാശ്രിതത്വത്തില്‍ വലിയ കുറവൊന്നും വരുത്തുകയില്ല എന്ന് സമ്മതിച്ചുകൊണ്ടു തന്നെ അവര്‍ നിര്‍ബന്ധം പിടിക്കുന്നത് രാജ്യത്തിന്റെ മൊത്ത ഊര്‍ജ്ജ സപ്ലൈയില്‍ വിദേശ എണ്ണക്കുള്ള പങ്ക് ആഭ്യന്തിര ഊര്‍ജ്ജം വഴി കുറക്കുന്നതിന് ലഭ്യമായ എല്ലാ നടപടികളും എടുക്കണം എന്നാണ്. എങ്കിലും ഈ വാദഗതികള്‍ കണക്കിലെടുക്കാത്ത ഒരു കാര്യം എണ്ണയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നതും, കൃത്രിമമായി അതിന്റെ കാലാവധി നീട്ടുന്നതിനുള്ള ഏത് ശ്രമവും പെട്രോളിയാനന്തര സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്നതുമാണ്.

തികച്ചും മത്സരാധിഷ്ഠിതമായ ഇരുപത്തി ഒന്നാംനൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത്, അമേരിക്കയുടെ സ്വയം പര്യാപ്തതക്കും സാങ്കേതികവിദ്യയുടെ ഊര്‍ജ്ജസ്വലതക്കും അനുഗുണമായ മെച്ചപ്പെട്ട സംവിധാനം എന്നത് സൌരോര്‍ജ്ജവും, കാറ്റും, താപവും, തിരമാലകളും പോലെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന, ആഭ്യന്തര നൈപുണ്യത്തിനും വ്യാവസായിക വൈഭവത്തിനും പ്രാധാന്യം നല്‍കുന്ന ഒരു സമീപനമായിരിക്കും. ഇതേ കഴിവുകള്‍ തന്നെ ഭക്ഷണേതര സസ്യവസ്തുക്കളില്‍ നിന്നും(non-food plant matter) എത്തനോള്‍ ("cellulosic ethanol") ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യകളും, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍‌ഡയോക്സ് വിക്ഷേപിക്കാത്ത തരത്തില്‍ കല്‍ക്കരി ഉപയോഗിക്കുന്ന വിദ്യകളും, ഹൈഡ്രജന്‍ ഊര്‍ജ്ജ സെല്ലുകളുടെ മിനിയെച്ചറൈസേഷനും, ഊര്‍ജ്ജ ക്ഷമത കൂടിയ വാഹങ്ങളും, കെട്ടിടങ്ങളും, വ്യാ‍വസായിക പ്രക്രിയയും മറ്റും വികസിപ്പിക്കുന്നതിനായും ഉപയോഗിക്കണം.

മേല്‍പ്പറഞ്ഞ എല്ലാ ഊര്‍ജ്ജ വ്യവസ്ഥകളും കൂടുതല്‍ വികസിപ്പിച്ചെടുക്കുവാന്‍ അപാര സാദ്ധ്യതകള്‍ ഉള്ളവയാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ ഊര്‍ജ്ജ ഉല്പാദനത്തില്‍ ഇന്നവയ്ക്കുള്ള കുറഞ്ഞ പങ്കില്‍ നിന്നും പ്രധാന പങ്കിലേക്ക് മാറുന്ന തരത്തില്‍ വര്‍ദ്ധിച്ച രീതിയിലുള്ള പിന്തുണയും നിക്ഷേപവും നല്‍കേണ്ടതുണ്ട്. ഈയവസരത്തില്‍ ഇവയിലേതായിരിക്കും, അല്ലെങ്കില്‍ ഇവയില്‍ ഏതിന്റെയൊക്കെ സമ്മിശ്രണം (combination) ആയിരിക്കും വാണിജ്യപരമായി വികസിപ്പിക്കാനാവുക എന്നത് ഇപ്പോള്‍ പറയുക സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ തുടക്കത്തില്‍ എല്ലാ ഊര്‍ജ്ജ സ്രോതസ്സുകളുടേയും ക്ഷമത പരീക്ഷിക്കുവാന്‍ വേണ്ട എല്ലാ സഹായങ്ങളും നല്‍കേണ്ടതുണ്ട്.

ഈ സാമാന്യ നിയമം പാലിക്കുമ്പോള്‍ തന്നെ പുതിയ തരത്തിലുള്ള ‘ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്ധനങ്ങള്‍ക്ക്‘ തീ‍ര്‍ച്ചയായും മുന്‍‌ഗണന നല്‍കണം. ഈ മേഖലയിലാണ് എണ്ണക്ക് രാജപദവി ഉള്ളത്. എണ്ണയുടെ ലഭ്യതയില്‍ വരുന്ന ഏത് കുറവും ഈ മേഖലയെ കഠിനമായി ബാധിക്കും. അത് ക്രൂഡ് ഓയിലിന്റെ അധിക സപ്ലൈക്കായി സൈനിക ഇടപെടല്‍ വേണം എന്ന മുറവിളി കൂടുതലായി ഉയരുവാന്‍ ഇടയാക്കിയേക്കും. അതുകൊണ്ട് തന്നെ ജൈവ ഇന്ധനവും, കല്‍ക്കരിയില്‍ നിന്നുണ്ടാക്കുന്ന ദ്രാവക ഇന്ധനവും( with the carbon extracted via CCS), ഹൈഡ്രജനും ബാറ്ററി ഊര്‍ജ്ജവുമൊക്കെ വാഹന ഇന്ധനമായി ഉപയോഗിക്കുന്നതിനു പ്രാധാന്യം നല്‍കണം. അതു പോലെ തന്നെ സൈനിക ഫണ്ടിന്റെ ഒരു ഭാഗമെങ്കിലും പൊതു ഗതാഗതസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി വഴി തിരിച്ചുവിടുകയും വേണം.

ഇത്തരത്തിലുള്ള ഒരു സമീപനം അമേരിക്കയുടെ ദേശീയ സുരക്ഷയെ പതിന്മടങ്ങ് മെച്ചപ്പെടുത്തും. അത് ഇന്ധനത്തിന്റെ ആശ്രയിക്കാവുന്ന സപ്ലൈ വര്‍ദ്ധിപ്പിക്കും. ഇത്തരം ഒരു നടപടി, (സന്നിഗ്ദാവസരങ്ങളില്‍) ആശ്രയിക്കാനാവാത്ത വിദേശ പെട്രോ-രാഷ്ട്രങ്ങളുടെ ഖജനാവിലേക്ക് കുന്നുകണക്കിനു ഡോളര്‍ അയക്കുന്നതിനു പകരം ആഭ്യന്തരമായ സാമ്പത്തികവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. വൈദേശികമായ എണ്ണയുദ്ധങ്ങളിലുള്ള അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള പങ്ക് ഇല്ലാതാക്കും. മറ്റൊരു സമീപനത്തിനും, പ്രത്യേകിച്ച് ഇപ്പോള്‍ നാം അംഗീകരിച്ചിട്ടുള്ള തികച്ചും യാഥാസ്ഥിതികമായ, വെല്ലുവിളിക്കപ്പെടാത്ത, ആരാലും ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ സൈന്യത്തെ ആശ്രയിക്കുന്ന സമീപനത്തിന്, ഇത്തരമൊരു അവകാശവാദം ഉന്നയിക്കുവാന്‍ കഴിയുകയില്ല. ആഗോള ഗ്യാസ് സ്റ്റേഷനെ സൈന്യത്തെ കാവല്‍ നിര്‍ത്തി സംരക്ഷിക്കുന്നത് നിര്‍ത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

*

(ടോം ഡിസ്പാച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)

Michael T. Klare is a professor of peace and world security studies at Hampshire College and the author of several books on energy politics, including Resource Wars (2001), Blood and Oil (2004), and, most recently, Rising Powers, Shrinking Planet: The New Geopolitics of Energy.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയിലേക്കുള്ള എണ്ണയുടെ പ്രവാഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയോ, സൈനിക നടപടി തന്നെ ഉപയോഗിച്ചോ ആവണമെന്നാണ് അമേരിക്കന്‍ നയരൂപീകരണ വിദഗ്ദര്‍ പണ്ടു മുതല്‍ക്കു തന്നെ കരുതിപ്പോരുന്നത്. ഇന്നിത് അമേരിക്കന്‍ വിദേശനയത്തിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞു.

ഈ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം ബുഷ് ഭരണകൂടം 1990-91 കാലയളവില്‍ ഇറാഖിനെതിരെ യുദ്ധം നടത്തിയത്. രണ്ടാം ബുഷ് ഭരണകൂടമാകട്ടെ, 2003ല്‍ ഇറാഖില്‍ അധിനിവേശം തന്നെ നടത്തി. ആഗോള എണ്ണ വില കുതിച്ചുയരുകയും എണ്ണയുടെ നിക്ഷേപങ്ങള്‍ വര്‍ഷം കഴിയുംതോരും കുറഞ്ഞു കുറഞ്ഞു വരുകയും ചെയ്യുമ്പോള്‍ 2009 ജനുവരിയില്‍ അമേരിക്കയില്‍ അധികാരത്തില്‍ വരുന്നവര്‍ ആരായാലും, സൈനിക ശക്തി എന്നത് എണ്ണ സ‌മൃദ്ധ പ്രദേശങ്ങളിലെ അമേരിന്‍ താല്പര്യം ഉറപ്പുവരുത്തുവാനുള്ള ഏറ്റവും ആത്യന്തികമായ ഉപാധിയായി കരുതപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, സൈനികവല്‍ക്കരിക്കപ്പെട്ട ഇന്ധനത്തിന്റെ വില - രക്തത്തിലും ഡോളറിലും - വര്‍ദ്ധിക്കുന്ന സാ‍ഹചര്യത്തില്‍ ഇത്തരം “വിവേക”ത്തിനെതിരെ വാദിച്ചു തുടങ്ങുവാനുള്ള സമയമായില്ലേ?

ടോം ഡിസ്പാച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Anonymous said...

അടുത്ത അമേരിക്കന്‍ പ്റസിഡണ്റ്റ്‌ ആരായിരിക്കും എന്നതു ഇതിനെല്ലാം നിറ്‍ണ്ണായകമാണു ഒബാമ പ്റസിഡണ്റ്റായാല്‍ ചിലപ്പോള്‍ ഇറാക്കില്‍ നിന്നും അമേരിക്കന്‍ സേന പിന്‍ വലിക്കാനും ഇറാന്‍ പൈപ്പു ലൈന്‍ ഇടാനുള്ള അമേരിക്കന്‍ തടസ്സം നീക്കപ്പെടാനും (ഇന്ത്യ കോണ്ടലിസാ റൈസിനെ പേടിച്ചു ഗ്യാസ്‌ പൈപ്‌ ലൈന്‍ ഫ്റീസറില്‍ വച്ചിരിക്കുകയാണല്ലോ) ഒബാമ മാത്റമല്ല പാകിസ്ഥാനില്‍ മുഷ്റഫിണ്റ്റെ ഭാവിയും ഇന്ത്യക്കു വളരെ പ്റധാനം ആണു മുഷറഫിനെ വധിച്ചാല്‍ അല്ലെങ്കില്‍ നീക്കിയാല്‍ താലിബാനിസം ശക്തിപ്പെടാന്‍ ആണു സാധ്യത അതുപോലെ തന്നെ നേപ്പാളിലെ ഭരണമാറ്റവും ഇന്ത്യക്കു പ്റതികൂലമാണൂ മൊത്തത്തില്‍ നമ്മുടെ സാമ്പത്തിക പുരോഗതിയെ ബഹുദൂരം തകറ്‍ ക്കുന്നതാണു എണ്ണവില വറ്‍ധന

Anonymous said...

വികസിത രാജ്യങ്ങളിടെ സാമ്പത്തിക ശ്രോതസ് വികസ്വര രാജ്യങ്ങളാണ്. അതുകൊണ്ട് വിദേശരാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്നതോ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അവരുടെ കമ്പനികള്‍ ഉത്പാദിപ്പിക്കുന്നതോ ആയ ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഹിന്ദുസ്ഥാന്‍ ലിവെര്‍ എന്നത് ഇന്ഡ്യന്‍ കമ്പനിയല്ല.
വിദേശകമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക.