Monday, June 30, 2008

ലാഭത്തിനു വളമിട്ട്, ദുരിതം കൊയ്ത്

പോലീസ് സ്റ്റേഷനില്‍ നിന്നാണ് വളം വിതരണം നടക്കുന്നത് എന്ന വാര്‍ത്ത കേട്ടാല്‍‍, നമുക്ക് മനസ്സിലാവുക അവിടെ എന്തോ ചില പ്രശ്നങ്ങളുണ്ട് എന്നാണ് . മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ കഴിഞ്ഞ ആഴ്ച അതാണ് നടന്നത്. ഇപ്പോഴും പോലീസ് അവിടെ ഉണ്ട്, വളംവിതരണ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള വമ്പിച്ച ക്യൂ നിയന്ത്രിച്ചും മറ്റും. ഹിംഗോളിയിലും മറ്റു സ്ഥലങ്ങളിലും പോലീസിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ മാത്രമാണ് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ സന്നദ്ധരാവുന്നത്. അതിനാല്‍ മാത്രമാണ് കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും വളം ലഭിക്കുന്നതും. പി.ഡി.എസ് എന്ന ചുരുക്കെഴുത്തിനു തികച്ചും പുതിയൊരു അര്‍ത്ഥം ലഭിക്കുകയാണ് , പോലീസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം.

നാന്ദെഡില്‍ മഴയ്ക്കു മുന്‍പേ വളംവിതരണം നടത്തണം എന്ന ആവശ്യമുന്നയിച്ച രോഷാകുലരായ കര്‍ഷകരെ പോലീസ് ലാത്തി ഉപയോഗിച്ച് നേരിടുകയായിരുന്നു. അകോലയിലും ഇതേ കാരണത്താല്‍ കനത്ത സുരക്ഷാ മുന്‍കരുതലുകളാണെടുത്തിട്ടുള്ളത്. ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഒന്നിലേറെ കൃഷി ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ജോലിസ്ഥലത്തു നിന്നും ഓടിപ്പോകേണ്ടതായും വന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ലാത്തൂരിലും കര്‍ഷകരുടെ രോഷപ്രകടനമുണ്ടായി. അയല്‍ സംസ്ഥാനമായ കര്‍ണാടകമാകട്ടെ ഒരു കര്‍ഷകന്‍ വെടിയേറ്റു മരിച്ച കാരണത്താല്‍ ദേശീയശ്രദ്ധ നേടിയിരിക്കുകയുമാണ്. ആന്ധ്രയില്‍ മേദക്കിലും രംഗറെഡ്ഡിയിലും കര്‍ഷകര്‍ ജില്ലാ പരിഷത്ത് യോഗങ്ങളിലേക്ക് മാര്‍ച്ച് നടത്തുകയും, മറ്റു ജില്ലകളില്‍ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.

വിദര്‍ഭയിലെ പരുത്തി കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍, ജൈവ സാങ്കേതികവിദ്യയുടെ വിജയത്തെക്കുറിച്ചുള്ള ആഘോഷങ്ങള്‍ക്കിടയിലും, കര്‍ഷകര്‍ കൂട്ടം കൂട്ടമായി സോയാബീനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പരുത്തിയേക്കാള്‍ കൃഷിച്ചിലവു കുറച്ച് മതി സോയാബീനിന് എന്നതാണിതിനു കാരണം. ഇപ്പോഴത്തെ അവസ്ഥയിലെങ്കിലും, സോയാബീനിന് പരുത്തിയേക്കാള്‍ കുറച്ച് വളം മതി. എന്നിരുന്നാല്‍പ്പോലും മഴയ്‌ക്കു തൊട്ട് മുന്‍പ് , വിത്ത് വിതയ്ക്കു‌‌‌ന്ന സമയത്ത് വളം കൂടിയേ തീരൂ. മദ്ധ്യപ്രദേശിലെ ''സോയാക്കോപ്പ''യില്‍ ദൌര്‍ലഭ്യം കടുത്തതാണ്. എന്നുമാത്രമല്ല, അന്യ സംസ്ഥാനങ്ങളിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ സോയാബീനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക സീസണിന്റെ പ്രശ്നങ്ങള്‍ നേരിടുവാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തിരുന്നില്ല എന്നു മാത്രമേ, ഏറ്റവും മിതമായ ഭാഷയില്‍ പറയാനാവൂ. ദൌര്‍ലഭ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വളരെ മുന്‍പെ തന്നെ നല്‍കിയിരുന്നതാണ്. വളത്തിന്റെ കാര്യത്തില്‍ മാത്രമല്ല വിത്തുകളുടെ കാര്യത്തിലും. മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിക്കുന്നത് ഗുജ്ജാര്‍ കലാപം മൂലം ചരക്ക് ഗതാഗതം തടസ്സപ്പെട്ടുവെന്നും അതാണ് ദൌര്‍ലഭ്യത്തിനു കാരണം എന്നുമാണ്. ഇതൊരു യഥാര്‍ത്ഥ കാരണമായിരിക്കാം എങ്കിലും വിതരണത്തില്‍ വന്ന 60% കുറവിനത് ന്യായീകരണമാകുന്നില്ല.

ഇപ്പോഴത്തെ പ്രതിസന്ധി നാം എങ്ങിനെയെങ്കിലും മറികടന്നാല്‍പ്പോലും വളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വഷളാവാനാണു പോകുന്നത്. സങ്കീര്‍ണ്ണങ്ങളായ നിരവധി ഘടകങ്ങള്‍ ഈ രംഗത്ത് ആധിപത്യമുറപ്പിക്കുകയാണ് . ധാന്യങ്ങളുടേയും ഭക്ഷ്യ സാധനങ്ങളുടേയും വിലയുടെ കാര്യത്തില്‍ സംഭവിച്ചതൊക്കെ വളത്തിന്റെ കാര്യത്തിലും സംഭവിക്കുകയാണ്. കൃഷിയെയും കോര്‍പ്പറേറ്റുകള്‍ കീഴടക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. 2008 ഏപ്രില്‍ 30 ലെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സൂചിപ്പിക്കുന്നതു പോലെ '' ലോകമാസകലം ഭക്ഷ്യകലാപങ്ങള്‍ നടക്കുമ്പോള്‍, വന്‍‌കിട കൃഷിക്കാര്‍ തികച്ചും വ്യത്യസ്തമായ ഒരു വെല്ലുവിളി നേരിടുകയാണ് : അതിഭീമമായ ലാഭം.'' Archer-Daniels-Midland Co. എന്ന ധാന്യ സംസ്‌ക്കരണ കമ്പനിക്ക് ധനകാര്യവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഉണ്ടായ കനത്ത 40% ലാഭവര്‍ദ്ധനയെയാണ് ഇതിനുദാഹരണമായി ജേര്‍ണല്‍ ചൂണ്ടിക്കാണിക്കുന്നത് . ഈ കാലയളവില്‍ ഗോതമ്പും, ചോളവും, സോയാബീനും മറ്റു ധാന്യങ്ങളും സംഭരിക്കുകയും, വിതരണവും വില്‍പനയും നടത്തുകയും ചെയ്യുന്ന അവരുടെ യൂണിറ്റിനു വരുമാനത്തില്‍ 7 മടങ്ങ് വര്‍ദ്ധനയുണ്ടായത്രെ.

വിത്തിന്റെയും ജൈവകീടനാശിനിയുടെയും രംഗത്തെ കുത്തകയായ മൊണ്‍സാന്റോയും (Monsanto) വളം നിര്‍മ്മാതാക്കളായ മൊസൈക്ക് കോ.( Mosaic Co. ) യും ഇത്തരത്തില്‍ വലിയ ലാഭം കഴിഞ്ഞ പാദത്തില്‍ നേടിയിട്ടുണ്ട്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മനസ്സില്ലാമനസ്സോടെ എഴുതുന്നത് ശ്രദ്ധിക്കുക, ''ചില നിരീക്ഷകര്‍ പറയുന്നത് ധനികരായ നിക്ഷേപകര്‍ വലിയ ലാഭം പ്രതീക്ഷിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഷിക ഉല്‍പന്ന കമ്പോളത്തില്‍ പണമൊഴുക്കിയിട്ടുള്ളതിനു അനുബന്ധമായി നടക്കുന്ന ധനപരമായ ഊഹക്കച്ചവടം വിലവര്‍ധനക്ക് കാരണമായിട്ടുണ്ട് '' എന്നാണ്. “കമ്മോഡിറ്റി ഫ്യൂച്ചര്‍ ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ കഴിഞ്ഞയാഴ്ച്ച വാഷിങ്ങ്ടണില്‍ വിലകള്‍ ഉയരുന്നതിന്റെ പിന്നില്‍ ഇന്‍ഡക്സ് ഫണ്ടുകളും മറ്റു ഊഹക്കച്ചവടക്കാരും വഹിക്കുന്ന പങ്കിനെക്കുറിച്ച് പരിശോധിക്കുവാന്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നേടത്തോളം എത്തി കാര്യങ്ങള്‍. സോയാബീന്‍, ചോളം, ഗോതമ്പ്, കന്നുകാലികള്‍, പന്നി എന്നിവയില്‍ ഇന്‍ഡക്സ് ഫണ്ടുകള്‍ നടത്തിയിട്ടുള്ള മൊത്തം നിക്ഷേപത്തില്‍ 2007 വര്‍ഷത്തില്‍ 2006നെ അപേക്ഷിച്ച് 37 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടായി എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ചില പഠനങ്ങള്‍ ആധാരമാക്കി പറയുന്നത്. 37 ബില്യണ്‍ ഡോളര്‍ എന്നത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് നല്‍കിയ കടാശ്വാസത്തിന്റെ ഇരട്ടിയിലുമധികം വരുന്ന തുകയാണ്.

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നതാകട്ടെ ''വിരലിലെണ്ണാവുന്ന ചില വമ്പന്‍ സ്വകാര്യ നിക്ഷേപകര്‍ ആഗോള ഭക്ഷ്യ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടാകും എന്ന കണക്കുകൂട്ടലോടെ, ദീര്‍ഘകാലം കഴിഞ്ഞു മാത്രമേ മുടക്കുമുതല്‍ തിരിച്ചുകിട്ടുകയുള്ളൂ എന്ന് അറിഞ്ഞിട്ടും ഭയാശങ്കകളേതുമില്ലാതെ കൃഷിഭൂമി, വളം, ഷിപ്പിങ്ങ് ഉപകരണങ്ങള്‍ എന്നിവയിലൊക്കെ ഊഹാധിഷ്ഠിത നിക്ഷേപങ്ങള്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്'' എന്നാണ്. ഒരു കമ്പനി അഞ്ച് ഡസനോളം വളം വിതരണകേന്ദ്രങ്ങളും നിരവധി ബാര്‍ജുകളും കപ്പലുകളുമടങ്ങുന്ന നാവിക വ്യൂഹവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈ രംഗത്തെ ഭീമനായ ന്യൂയോര്‍ക്കിലെ ബ്ലാക്ക് റോക്ക് (BlackRock) എന്ന ഫണ്ട് ഗ്രൂപ്പ് ആകട്ടെ സബ് സഹാറന്‍ ആഫ്രിക്ക മുതല്‍ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങള്‍ വരെയുള്ള ഇടങ്ങളില്‍ കൃഷിസ്ഥലം വാങ്ങിക്കൂട്ടി കൃഷിക്കായി ദശലക്ഷക്കണക്കിനു ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണ്.''

വിശന്നുവലയുന്ന മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല ഒരു കാര്യമാണെന്ന കുത്തകകളുടെ വാദം ന്യൂയോര്‍ക്ക് ടൈംസും വാള്‍ സ്ട്രീറ്റ് ജേര്‍ണലും തീര്‍ച്ചയായും ആവര്‍ത്തിക്കുന്നുണ്ട്. ''ലോകത്തിനു കൂടുതല്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ആവശ്യമായ ഒരു അവസരത്തില്‍ വന്‍‌കിട നിക്ഷേപകരുടെ ഇത്തരം നിക്ഷേപങ്ങള്‍ ഭക്ഷ്യ ഉല്‍പാദനത്തില്‍ കുതിപ്പുണ്ടാക്കും'' എന്ന് ന്യൂയോര്‍ക്ക് ടൈസിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നതാകട്ടെ കുത്തകകള്‍ക്ക് കിട്ടുന്ന വന്‍ ലാഭം പുത്തന്‍ സാങ്കേതിക വിദ്യകളുടെ വികസനത്തിനായി ഉപയോഗിക്കുമെന്നുള്ളതിനാല്‍ അത് ആത്യന്തികമായി കര്‍ഷകരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു സഹായകമാകും എന്നാണ്. മോണ്‍സന്റോ പറയുന്നത് കൃഷി ചെയ്യുന്ന ഓരോ ഏക്കറില്‍ നിന്നും കൂടുതല്‍ വിളവു ലഭിക്കുന്ന തരം മെച്ചപ്പെട്ട തരം ജൈവവിത്തുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് അവര്‍ എന്നാണ്. അതെ അതെ..അവരൊക്കെയാണ് നല്ല മനുഷ്യര്‍, ശരിക്കും. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ കണ്ണില്‍( 2008 ജൂണ്‍ 10) വില്ലന്മാര്‍ വേറെ എവിടെയോ ആണ്. പ്രശ്നം ഉണ്ടാകുന്നത് ''ചൈനയും ഇന്ത്യയും ഇതുവരെയില്ലാത്ത തരത്തില്‍ വെട്ടി വിഴുങ്ങുകയും അങ്ങിനെ വില ഉയരുകയും'' ചെയ്യുന്നതില്‍ നിന്നാണത്രെ.

സംഗതി അല്പം സങ്കീര്‍ണ്ണമാണെങ്കിലും, അടിസ്ഥാന നിയമങ്ങള്‍ വളരെ ലളിതമാണ്. ഇന്ത്യയില്‍ നടക്കുന്ന സംവാദങ്ങള്‍ കൃഷിയുടെ ലാഭക്ഷമതയില്ലായ്മയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ തന്നെ, വമ്പന്‍ കോര്‍പ്പറേഷനുകള്‍ നേരെ മറിച്ച് ചിന്തിച്ചാണ് തങ്ങളുടെ നിക്ഷേപങ്ങള്‍ നടത്തുന്നത്. ഈ മേഖല അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും നിലക്കാത്ത വമ്പന്‍ ലാഭം നല്‍കിയേക്കാവുന്ന സ്രോതസ്സാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട് ഇതിനെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു '' ഭക്ഷ്യവസ്തുക്കള്‍ പൊന്നിനു തുല്യം, അതിനാല്‍ കൃഷിയില്‍ ബില്യണുകളുടെ നിക്ഷേപം'' (Food is gold, so billions invested in farming). നിങ്ങള്‍ക്ക് ടെലിവിഷനോ, വിമാനമോ, ആഢംബരകാറോ അങ്ങനെ പല വസ്തുക്കളും ഇല്ലെങ്കിലും ജീവിക്കാം, പക്ഷെ വെള്ളവും ഭക്ഷണവും ഇല്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനാവുകയില്ല. രണ്ടാമത് പറഞ്ഞ ''വസ്തുവകകളില്‍'' ആണ് വമ്പന്‍ ബഹുരാഷ്ട്രകുത്തകകളുടെ ശ്രദ്ധ. ഇപ്പോള്‍ത്തന്നെ (അവര്‍ക്കുവേണ്ടി) കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുവാനുള്ള നടപടികള്‍ നാം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ നമുക്ക് ഊഹിക്കുവാന്‍ പോലുമാകാത്ത അത്ര വലിയ സംഘര്‍ഷങ്ങളും, കഷ്ടപ്പാടും, അരാജകാവസ്ഥയും ആണ് ഈ നടപടികള്‍ മൂലം ഉണ്ടാകുവാന്‍ പോകുന്നത്.

ലോകത്തെവിടെയും വിഭവങ്ങളും, അസംസ്കൃതവസ്തുക്കളുമെല്ലം കോര്‍പ്പറേഷനുകള്‍ തങ്ങളുടേതാക്കുന്ന കാഴ്ചയാണ്‌ കാണുവാന്‍ കഴിയുന്നത്. കൃഷിഭൂമി, വെള്ളം, വളം,വിത്ത്‌, കീടനാശിനി അങ്ങിനെ പലതും. ഇതു മൊത്തം കൈക്കലാക്കുന്നതിലൂടെ നിങ്ങള്‍ ലോകതിന്റെ കുത്തിനു പിടിക്കുകയാണ് . ലോകത്തിലെ ഭക്ഷ്യപ്രശ്നം തങ്ങള്‍ എങ്ങിനെയാണ്‌ പരിഹരിക്കാന്‍ പോകുന്നത്‌ എന്നതിനെക്കുറിച്ചുള്ള പേപ്പറുകള്‍ കുത്തകകമ്പനികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌. അതേ, അവര്‍ അതില്‍ മുഴുകിയിരിക്കുകയാണ്‌.

ഇന്നിപ്പോള്‍ രാസവളങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉയരുന്ന എണ്ണ വില വളത്തിന്റെ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുന്നു. വിലവര്‍ദ്ധനവ് മൂലം വന്‍കിട എണ്ണ കുത്തകകള്‍ കൊയ്യുന്ന ലാഭം അത്രമാത്രം ഭീമമായതിനാല്‍, ഒരു വിന്‍ഡ് ഫാള്‍ പ്രോഫിറ്റ് ടാക്സ് (windfall profits tax) ചുമത്തുവാന്‍ അമേരിക്കന്‍ സെനറ്റില്‍ പോലും ഒരു നീക്കം നടത്തിയിരുന്നു. (ഇന്ത്യയില്‍ ആകട്ടെ അത്തരം ആവശ്യങ്ങള്‍ക്ക് മറുപടിയായി ഭാരം മുഴുവന്‍ ജനങ്ങളുടെ ചുമലിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ''വിലക്കയറ്റം എന്ന പ്രതിഭാസം മനസ്സിലാക്കി ക്ഷമയോടെ ഇരിക്കാനുള്ള ഉപദേശവും ലഭിച്ചിരുന്നു.) എന്തായാലും ആ നീക്കം സെനറ്റില്‍ തടയപ്പെട്ടു.

വര്‍ഷങ്ങളായി, ഭാരതത്തില്‍ വളം സബ്സിഡികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്കാണ്, കര്‍ഷകര്‍ക്കല്ല. (കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുകയായിരുന്നുവെങ്കില്‍ ഏത് വളം തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടാവുമായിരുന്നു.) ഊഹാധിഷ്ഠിത മൂലധനം, ഇതിനിടെ, ലോകമാസകലം കാര്‍ഷിക ചരക്കുകളുടെയും വളത്തിന്റെയും രംഗത്തേക്ക് തങ്ങളുടെ പ്രവര്‍ത്തനരംഗം മാറ്റിയിരിക്കുകയാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലെ മറ്റു മേഖലകളില്‍ വിലയിടിവോ അത്ര മെച്ചമല്ലാത്ത അവസ്ഥയോ ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ കാര്‍ഷിക ചരക്കുകളുടെ അവധി വ്യാപാരം നിരോധിക്കണമെന്ന മുറവിളി ഉയര്‍ന്നത്. ഗോതമ്പ് കുറെക്കാലം പൂഴ്ത്തിവെക്കപ്പെട്ടിരിക്കുകയായിരുന്നു. സ്വാഭാവികമായും വില ഉയര്‍ന്നു(ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നു). ഇനി വളത്തിന്റെ ഊഴമാണ്. ഒരു ചാക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ (Di Ammonium Phosphate) ഔദ്യോഗിക വില 490 രൂപയാണ്. കരിഞ്ചന്തയില്‍ അത് വില്‍ക്കുന്നത് 600 രൂപയ്ക്കാണ്. ( ഈ വളത്തിന്റെ ആഗോള വിപണി കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായതിനാല്‍ ആഗോള വില ഏതാണ്ട് നാല് ഇരട്ടി വരും. അതുകൊണ്ട് തന്നെ ഇറക്കുമതി ലാഭകരമല്ല ) . നമ്മുടെ നാട്ടിലെ വളരെ കുറഞ്ഞ ഈ വില പോലും 15 കൊല്ലം മുന്‍പ് ഇവിടുണ്ടായിരുന്നതിന്റെ 3 ഇരട്ടിയാണ് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരു ദശകത്തിലുമേറെയായി കാര്‍ഷിക മേഖലയില്‍ നടത്തുന്ന പൊതു നിക്ഷേപം (public investment in agriculture) കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ലോകബാങ്കിന്റേയും ഐ.എം.എഫിന്റേയും കുറിപ്പടി അനുസരിച്ച് നാം ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളിലേക്ക് മാറുകയും കയറ്റുമതിയില്‍ ഊന്നിയുള്ള വളര്‍ച്ചയുടെ സ്തുതിഗീതങ്ങള്‍ പാടിനടക്കുകയും ആയിരുന്നു. ബുദ്ധിശൂന്യമായ രീതിയില്‍ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി ഒഴിവാക്കിയത് (ഡീറെഗുലേഷന്‍) കൃഷിയുടെ വിവിധ മേഖലകളില്‍, വിത്ത്, വളം -ബാക്കി നിങ്ങള്‍ തന്നെ ഊഹിക്കുക- കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കുന്നതിനാണ് ഇടയാക്കിയത്. നാം നമ്മുടെ യൂണിവേഴ്സിറ്റികളെ സ്വകാര്യ കോര്‍പ്പറേഷനുകളുടെ പരീക്ഷണശാലകളാക്കി മാറ്റി. കൂടുതല്‍ കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിനെ നാം പ്രോത്സാഹിപ്പിച്ചു. ദശലക്ഷക്കണക്കിനു കര്‍ഷകരുടെ നടുവൊടിക്കുന്ന തരത്തിലുള്ള കൃഷി രീതികളിലേക്ക് അവര്‍ പറിച്ചുനടപ്പെട്ടു. 1991ല്‍ വിദര്‍ഭയിലെ ജൈവേതര കൃഷി നടത്തുന്ന ഒരു കര്‍ഷകന് 2500 രൂപയ്ക്ക് ഒരേക്കറില്‍ കൃഷി ഇറക്കാമായിരുന്നു. രാസവസ്തുക്കളും, കീടനാശിനികളും ജൈവസാങ്കേതികവിദ്യയും എല്ലാം സമ്മേളിക്കുന്ന 'അത്ഭുത' കൃഷി രീതിയില്‍ ഇന്ന് അത് 13000 രൂപയോ അതിനു മുകളിലോ ആകുന്നു.

ഇങ്ങിനെ ഒരു വശത്ത് ചിലവുകള്‍ പടിപടിയായി വര്‍ദ്ധിക്കുമ്പോഴാണ് ഈ മേഖലയിലെ പൊതു നിക്ഷേപം കുറയ്ക്കുക വഴി കൃഷിക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള രാഷ്ട്രത്തിന്റെ കഴിവ് നാം സ്വയം ഇല്ലാതാക്കിയത്. ഇതിനെ തുടര്‍ന്ന് നാം വായ്പാ സൌകര്യങ്ങള്‍ (ക്രെഡിറ്റ് ) പിന്‍‌വലിക്കുകയാണ്. ഒരു പക്ഷെ ഈ സീസണില്‍ വളം ലഭ്യമായേക്കും. എന്നാല്‍പ്പോലും, കടാശ്വാസാനന്തര കാലഘട്ടത്തില്‍ ഒട്ടേറെ കര്‍ഷകര്‍ പുതിയ ലോണുകള്‍ ലഭിക്കാത്ത അവസ്ഥയിലാണ്. ''ഞങ്ങള്‍ക്ക് ഭ്രാന്തൊന്നുമില്ല'' പ്രതിസന്ധി ബാധിച്ച മേഖലകളിലെ ബാങ്ക് മാനേജര്‍മാര്‍ പറയുന്നു. '' കര്‍ഷകനു പുതിയ വരുമാനമില്ല. ഉല്‍പന്നങ്ങള്‍ക്ക് നല്ല വിലയും ഇല്ല. പതിനായിരം രൂപ തിരിച്ചടക്കാന്‍ പറ്റാത്ത ഒരാള്‍ എങ്ങിനെയാണ് അതിന്റെ മൂന്നിരട്ടി വരുന്ന തുക തിരിച്ചടക്കാന്‍ പോകുന്നത്?'' അപ്പോള്‍പിന്നെ കടത്തിനായി കര്‍ഷകര്‍ ആരെയാവും ആശ്രയിക്കുക? കൃഷിക്കാവശ്യമായ വിത്തും വളവുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരനെ തന്നെ. അവരാണിപ്പോള്‍ ഗ്രാമീണ മേഖലകളിലെ അനൌപചാരിക വായ്പയുടെ പ്രധാന സ്രോതസ്സുകളായി മാറിക്കൊണ്ടിരിക്കുന്നത്. അതേ..ഓരോ പ്രതിസന്ധി ഘട്ടത്തിലും, അവശ്യ വസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ് ലാഭം കുമിച്ചു കൂട്ടിയവര്‍ എന്ന ആരോപണം നേരിടുന്ന അവര്‍ തന്നെ !

വളത്തിന്റെ ദൌര്‍ലഭ്യം ഒരു പക്ഷെ ഉടനെ തീര്‍ന്നേക്കാം. എങ്കിലും പ്രതിസന്ധി അവസാനിക്കുകയില്ല. അതും ഇനി വരാന്‍ പോകുന്ന നിരവധി പ്രതിസന്ധികളും ലോകമുതലാളിത്തവും, ഇന്ത്യയില്‍ നമ്മളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളോട് ഉള്‍ച്ചേര്‍ന്നിരിക്കുന്നവയാണ്. നമ്മുടെ കാര്‍ഷികമേഖലയുടെ ജീവല്‍പ്രധാന ഘടകങ്ങളെ തകര്‍ത്തതുവഴി നാം ലക്ഷക്കണക്കിനു പേരുടെ ജീവിതോപാധിയേയാണ് ഇല്ലാതാക്കിയത്. ലോകമാസകലം കാര്‍ഷിക മേഖലകളില്‍ സംഭവിച്ച ദുരന്തത്തിന്റെ വഴിത്താരകളില്‍ തങ്ങളുടെ കാലടിപ്പാടുകള്‍പതിഞ്ഞിട്ടില്ലെന്നു സ്ഥാപിയ്ക്കുവാന്‍ ലോകബാങ്കും ഐ.എം.എഫും ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് നാമിത് ചെയ്യുന്നത്. ലോകബാങ്കിലെ സാമ്പത്തിക വിദഗ്ദരുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു '' കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ മറ്റേതു മേഖലയിലേതിനേക്കാളും ഏറ്റവും കുറഞ്ഞത് രണ്ടുമടങ്ങെങ്കിലും അധികം പ്രയോജനം ചെയ്യും.(economic growth of the agriculture sector is at least twice as effective at reducing poverty as any other sector)''(വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, 2008 ജൂണ്‍ 10). ഭക്ഷ്യസാധനങ്ങളുടെ വില എന്തു കൊണ്ട് ഇനിയും മോശമാകും എന്ന് നാം ചിന്തിക്കുന്നേ ഇല്ല. പക്ഷെ കോര്‍പ്പറേഷനുകള്‍ക്ക് ആ ചിന്തയുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട് പറഞ്ഞതു പോലെ '' '' ഭക്ഷ്യവസ്തുക്കള്‍ പൊന്നിനു തുല്യം, അതിനാല്‍ കൃഷിയില്‍ ബില്യണുകളുടെ നിക്ഷേപം.'' ഒരു പക്ഷെ കൂടുതല്‍ കൃത്യമായത് “കൃഷി പിടിച്ചെടുക്കുന്നതില്‍” എന്ന പ്രയോഗമായിരിക്കും.

*

ശ്രീ പി. സായ്‌നാഥ് എഴുതിയ Fertilising profit, sowing misery എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: ഹിന്ദു

അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസം psainath@vsnl.com.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പോലീസ് സ്റ്റേഷനില്‍ നിന്നാണ് വളം വിതരണം നടക്കുന്നത് എന്ന വാര്‍ത്ത കേട്ടാല്‍‍, നമുക്ക് മനസ്സിലാവുക അവിടെ എന്തോ ചില പ്രശ്നങ്ങളുണ്ട് എന്നാണ് . മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ കഴിഞ്ഞ ആഴ്ച അതാണ് നടന്നത്. ഇപ്പോഴും പോലീസ് അവിടെ ഉണ്ട്, വളംവിതരണ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള വമ്പിച്ച ക്യൂ നിയന്ത്രിച്ചും മറ്റും. ഹിംഗോളിയിലും മറ്റു സ്ഥലങ്ങളിലും പോലീസിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ മാത്രമാണ് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ സന്നദ്ധരാവുന്നത്. അതിനാല്‍ മാത്രമാണ് കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും വളം ലഭിക്കുന്നതും. പി.ഡി.എസ് എന്ന ചുരുക്കെഴുത്തിനു തികച്ചും പുതിയൊരു അര്‍ത്ഥം ലഭിക്കുകയാണ് , പോലീസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം.

ശ്രീ പി.സായ്‌നാഥ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

പ്രിയ said...

"ഇങ്ങിനെ ഒരു വശത്ത് ചിലവുകള്‍ പടിപടിയായി വര്‍ദ്ധിക്കുമ്പോഴാണ് ഈ മേഖലയിലെ പൊതു നിക്ഷേപം കുറയ്ക്കുക വഴി കൃഷിക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള രാഷ്ട്രത്തിന്റെ കഴിവ് നാം സ്വയം ഇല്ലാതാക്കിയത്. ഇതിനെ തുടര്‍ന്ന് നാം വായ്പാ സൌകര്യങ്ങള്‍ (ക്രെഡിറ്റ് ) പിന്‍‌വലിക്കുകയാണ്. ഒരു പക്ഷെ ഈ സീസണില്‍ വളം ലഭ്യമായേക്കും. എന്നാല്‍പ്പോലും, കടാശ്വാസാനന്തര കാലഘട്ടത്തില്‍ ഒട്ടേറെ കര്‍ഷകര്‍ പുതിയ ലോണുകള്‍ ലഭിക്കാത്ത അവസ്ഥയിലാണ്. ''ഞങ്ങള്‍ക്ക് ഭ്രാന്തൊന്നുമില്ല'' പ്രതിസന്ധി ബാധിച്ച മേഖലകളിലെ ബാങ്ക് മാനേജര്‍മാര്‍ പറയുന്നു. '' കര്‍ഷകനു പുതിയ വരുമാനമില്ല. ഉല്‍പന്നങ്ങള്‍ക്ക് നല്ല വിലയും ഇല്ല. പതിനായിരം രൂപ തിരിച്ചടക്കാന്‍ പറ്റാത്ത ഒരാള്‍ എങ്ങിനെയാണ് അതിന്റെ മൂന്നിരട്ടി വരുന്ന തുക തിരിച്ചടക്കാന്‍ പോകുന്നത്?'' അപ്പോള്‍പിന്നെ കടത്തിനായി കര്‍ഷകര്‍ ആരെയാവും ആശ്രയിക്കുക? കൃഷിക്കാവശ്യമായ വിത്തും വളവുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരനെ തന്നെ. അവരാണിപ്പോള്‍ ഗ്രാമീണ മേഖലകളിലെ അനൌപചാരിക വായ്പയുടെ പ്രധാന സ്രോതസ്സുകളായി മാറിക്കൊണ്ടിരിക്കുന്നത്. അതേ..ഓരോ പ്രതിസന്ധി ഘട്ടത്തിലും, അവശ്യ വസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ് ലാഭം കുമിച്ചു കൂട്ടിയവര്‍ എന്ന ആരോപണം നേരിടുന്ന അവര്‍ തന്നെ !"