Sunday, June 22, 2008

മുതലാളിത്തത്തിന്റെ ആസന്നമായ പ്രതിസന്ധി

അമേരിക്കന്‍ സമ്പദ്ഘടന, അതിലൂടെ ലോക മുതലാളിത്ത സമ്പദ്ഘടനയും, മാന്ദ്യത്തിന്റേതായ കാലഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെ എല്ലാപേരും അംഗീകരിക്കുകയാണ്. ഈ മാന്ദ്യം എത്രമാത്രം കഠിനമായിരിക്കുമെന്നും അത് എത്രകാലം നീണ്ടു നില്‍ക്കും എന്നുമുള്ളതാണ് യഥാര്‍ത്ഥ ചോദ്യം.

അമേരിക്കയില്‍ ഭവനനിര്‍മ്മാണരംഗത്തെ അഭിവൃദ്ധിയില്‍ തകര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തുടക്കംകുറിച്ച ഈ മാന്ദ്യത്തിന് ആധാരമായിട്ടുള്ളത് ലോക മുതലാളിത്തത്തിലെ സുപ്രധാനമായ ചില ഘടനാപരമായ മാറ്റങ്ങളാണെന്ന വസ്തുതയെ മിക്കവാറും എല്ലാ ബൂര്‍ഷ്വാ വ്യാഖ്യാതാക്കളും വിസ്മരിക്കുകയാണ്. ഇതുകാരണം ലോക മുതലാളിത്തം ഒരു കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്; അതില്‍നിന്ന് പുറത്തുകടക്കുന്നത് സ്വാഭാവികമോ അനായാസമോ അല്ല. ഈകുരുക്കില്‍നിന്നും മുതലാളിത്തം സ്വാഭാവികമായും നിസ്സാരമായും പുറത്തുകടക്കുമെന്ന ബൂര്‍ഷ്വാ വ്യാഖ്യാതാക്കള്‍ക്കിടയിലെ വിശ്വാസം, മുതലാളിത്തം ഒരിക്കലും ഈ കുരുക്കില്‍നിന്നു പുറത്തുകടക്കില്ല എന്നഎതിര്‍വാദത്തെ പോലെ തന്നെ അസംബന്ധമാണ്. ലെനിന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, "മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം തികച്ചും അസാദ്ധ്യവും ആശയ്ക്ക് വകയില്ലാത്തതുമായ ഒന്നും തന്നെയില്ല. ഏതു പ്രതിസന്ധിയും തീവ്രമായ പോരാട്ടത്തിന്റേതായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു; അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല, അതൊരു പ്രായോഗിക പ്രശ്നമാണ്. അതിനും പുറമെ, ഈ പോരാട്ടം യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ അത്യുത്തമാവസ്ഥയ്ക്ക് ഇടവരുത്തുന്നില്ലെങ്കില്‍പോലും, ഒരു പ്രത്യേക പ്രതിസന്ധിയെ അതിജീവിച്ചുവന്ന മുതലാളിത്തം, ആ പ്രതിസന്ധി രൂപം പ്രാപിക്കുന്നതിനു മുമ്പുണ്ടായിരുന്ന അതേ തരത്തിലാകാത്തവിധം കുറേ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.സമകാലിക മുതലാളിത്തത്തിലെ പ്രതിസന്ധിയുടെ തുടക്കം, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നിണ്ണായകമായ മറ്റൊരു പുതിയ പ്രതിസന്ധിക്ക് വഴിതുറക്കലായിരിക്കും; അതെങ്ങനെ വികസിച്ചുവരുമെന്നത് ഉത്തരം കാണേണ്ട ഒരു പ്രശ്നം തന്നെയാണ്. അതിന് ഉത്തരം നിര്‍ണ്ണയിക്കുന്നതാകട്ടെ, മറ്റു പലതിന്റെയും കൂട്ടത്തില്‍ വിപ്ലവശക്തികളുടെ പ്രായോഗിക പ്രവര്‍ത്തനവുമാണ്.

ലോകമുതലാളിത്തത്തിലെ ഘടനാപരമായ രണ്ടു പ്രമുഖ മാറ്റങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന് പണത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയാണ് ; മറ്റൊന്ന് വികസിതരാജ്യങ്ങളില്‍നിന്നു തുടങ്ങി മൂന്നാംലോക സമ്പദ്ഘടനകളെ വരെ ബാധിക്കുന്ന ഒരു കൂട്ടം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വ്യാപന പ്രക്രിയയാണ്; ഈ മൂന്നാംലോക സമ്പദ്ഘടനകളിലാകട്ടെ തൊഴിലാളികളുടെ വമ്പന്‍ കരുതല്‍ സേനയുണ്ട്. ഉദാഹരണത്തിന്, ചൈനയിലെ ഉല്‍പാദനമേഖലയിലെ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയിലെ സേവനമേഖലാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍. ഈ മാറ്റങ്ങള്‍ നേരത്തെ സൂചിപ്പിച്ച കുരുക്കിന് ജന്മം നല്‍കുന്നു. മുതലാളിത്തം രണ്ടുപതിറ്റാണ്ടുനീണ്ട യുദ്ധാനന്തര അഭിവൃദ്ധി - മിക്കവാറും അതിനെ "മുതലാളിത്തത്തിന്റെ സുവര്‍ണ്ണയുഗം'' എന്നാണ് വിളിക്കുന്നത് - ക്കെതിരായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. മാത്രമല്ല അത് ആപേക്ഷികമായ മാന്ദ്യം നിലനിന്നിരുന്ന ഒടുവിലത്തെ മൂന്നു പതിറ്റാണ്ടു കൂടിയാണ്, ഇക്കാര്യം തന്നെ മറ്റൊരുവിധത്തില്‍ അവതരിപ്പിച്ചാല്‍, 1951-73 കാലഘട്ടംഅഭിവൃദ്ധിയുടെയും ശ്രദ്ധേയമായവിധം ഉയര്‍ന്ന തൊഴില്‍ അവസരങ്ങളുടെയും കാലഘട്ടം കൂടിയാണ്. 1973 - .2008 കാലഘട്ടം ദീര്‍ഘകാല വളര്‍ച്ച കുറവായിരുന്ന കാലഘട്ടമായിരുന്നു; താരതമ്യേന ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കുമായിരുന്നു ആ ഘട്ടത്തില്‍ ; ആ സ്ഥിതിക്ക് ആസന്നമായ കാലഘട്ടം കടുത്ത മാന്ദ്യത്തിന്റെയും തകര്‍ച്ചയുടേതുമായിരിക്കുമെന്ന ഭീഷണി ഉയരുന്നു; സ്വാഭാവികമായും ഈ ഘട്ടത്തില്‍ തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കും. ഘടനാപരമായ ഈ രണ്ടു മാറ്റങ്ങളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് ക്രമാനുഗതമായി പരിശോധിക്കാം.

1

പുനര്‍നിര്‍മ്മാണ ചെലവുകളെ തുടര്‍ന്ന് ആരംഭിച്ച യുദ്ധാനന്തര അഭിവൃദ്ധിയെ കെയ്നീഷ്യന്‍ ചോദന നിര്‍വഹണ നയങ്ങളാണ് ബലപ്പെടുത്തിയത്. മുതലാളിത്ത സമ്പദ്ഘടനകളില്‍ വലിയ തോതിലുള്ള സര്‍ക്കാര്‍ ചെലവഴിക്കല്‍ നയത്തിന് റൂസ്‌വെല്‍റ്റിന്റെ “ന്യൂ ഡീല്‍” അതിനകം തന്നെ അടിത്തറ പാകിക്കഴിഞ്ഞിരുന്നു. ചോദനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ് അത് നടപ്പാക്കിയത്. അതിന്റെ ഫലമായി സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും അത് പ്രോല്‍സാഹിപ്പിച്ചു.എന്നാല്‍ “ന്യൂ ഡീല്‍” പദ്ധതി നടപ്പാക്കിയിട്ടും, അമേരിക്കയില്‍ ഉപഭോഗ സാധനങ്ങളുടെ മേഖലയില്‍ മഹാമാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കാനായെങ്കിലും മൂലധനചരക്കുകളുടെ കാര്യത്തില്‍ (മാര്‍ക്സിന്റെ ഒന്നാം വകുപ്പ്) യുദ്ധത്തിനായുള്ള തയ്യാറെടുപ്പ് തുടങ്ങുന്നതുവരെ ഒരു നേട്ടവുമുണ്ടാക്കിയില്ല. അമേരിക്കയില്‍ യുദ്ധാനന്തരകാലത്തെ ചോദന നിര്‍വഹണത്തില്‍ ഭരണകൂട ഇടപെടല്‍ വലിയ തോതിലുള്ള സൈനിക ചെലവുകളുടെ രൂപത്തിലായിരുന്നു. (ഒന്നാം വകുപ്പിലെ ഉല്‍പന്നങ്ങളും സൈനിക ഉല്‍പന്നങ്ങളും ഒന്നിനുമേല്‍ ഒന്നായി വലിയ തോതില്‍ വന്നുകൊണ്ടിരുന്നു). ചോദന നിര്‍വഹണത്തില്‍ ഭരണകൂട ഇടപെടലുണ്ടായത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ വലിയൊരളവുവരെ തൊഴിലവസരങ്ങളും വളര്‍ച്ചയും പ്രദാനം ചെയ്തു. യൂറോപ്പില്‍ യുദ്ധാനന്തരം അധികാരത്തിലെത്തിയ വിവിധ സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാരുകള്‍ തൊഴിലാളിവര്‍ഗ്ഗ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, തൊഴിലില്ലായ്മാ വേതനം ഉള്‍പ്പടെയുള്ള സാമൂഹിക സുരക്ഷാ ചെലവുകള്‍ തുടങ്ങിയ ഒട്ടേറെ ക്ഷേമനടപടികള്‍ കൈക്കൊണ്ടു. ഇതും വലിയ തോതില്‍ ചോദന വര്‍ദ്ധനവിന് ഇടവരുത്തുകയും വളര്‍ച്ചയെയും തൊഴില്‍ അവസരനിരക്കിനെയും ത്വരിതപ്പടുത്തുകയും ചെയ്തു. വളര്‍ച്ചാനിരക്ക് ഉയര്‍ന്നതോടു കൂടി മുതലാളിമാര്‍ അതിവേഗം സാങ്കേതിക പുരോഗതികള്‍ നടപ്പിലാക്കി; ഇത് തൊഴിലാളികളുടെ ഉല്‍പാദനക്ഷമത ദ്രുതഗതിയില്‍ വര്‍ദ്ധിക്കുന്നതിനിടയാക്കി; ഇതിന്റെ നേട്ടം തൊഴിലാളികള്‍ക്കുമുണ്ടായി; കാരണം തൊഴിലില്ലായ്മാനിരക്ക് വളരെ കുറവായതിനാല്‍ ട്രേഡ് യൂണിയനുകളുടെ വിലപേശല്‍ക്കഴിവ് വലിയ തോതില്‍ വര്‍ദ്ധിച്ചു. അമേരിക്കന്‍ സൈനിക ചെലവുകളാണ് ഈ അഭിവൃദ്ധി നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചതെങ്കിലും, വികസിത രാജ്യങ്ങളിലെ തൊഴിലാളിവഗ്ഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ ഗണ്യമായി അഭിവൃദ്ധിപ്പെടുത്താന്‍ ഇത് ഇടവരുത്തി. (സൈനികചെലവിനുപകരം വിവിധ തരത്തിലുള്ള "സാമൂഹികവേതന''ത്തിനായി ഇതേ തുക ഉപയോഗിച്ചിരുന്നെങ്കില്‍ സ്ഥിതി ഇതിനെക്കാള്‍ മെച്ചമാകുമായിരുന്നു എന്നത് നിസ്സംശയമാണ്).

എന്നാല്‍ ചോദനനിര്‍വഹണത്തില്‍ ഇടപെട്ട ഭരണകൂടം ഒരു ദേശീയ ഭരണകൂടം ആയിരുന്നു; എന്നു മാത്രമല്ല വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഉള്‍പ്പടുന്നവയായിരുന്നു ആ ദേശീയ ഭരണകൂടങ്ങള്‍. ഇത്തരത്തില്‍ ഒരു ദേശീയ ഭരണകൂടത്തിന് ഇടപെടാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണമെങ്കില്‍ രാഷ്ട്രാതിര്‍ത്തി കടന്നുള്ള ഊഹാധിഷ്ഠിത ധനമൂലധന പ്രവാഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. ധനമൂലധന താല്‍പര്യങ്ങള്‍ അതിന്റെതു മാത്രമായ സങ്കുചിത താല്‍പര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നവ ഒഴികെ, ഒരു ഭരണകൂട ഇടപെടലിനും അനുകൂലവുമായിരിക്കില്ല. വിശേഷിച്ചും ഭരണകൂടം ഉല്‍പാദകന്‍ എന്ന നിലയിലും, നിക്ഷേപകന്‍ എന്നനിലയിലും ചെലവഴിക്കന്നവന്‍ (പ്രത്യേകിച്ചും ക്ഷേമനടപടികള്‍ക്ക്) എന്ന നിലയിലും മുഖ്യപങ്കു വഹിക്കുന്നതിന് ഈ ധനമൂലധനം എതിരായിരിക്കും. ഭരണകൂടം ചോദന നിര്‍വഹണം നടത്തുക എന്ന ആശയത്തിന് രൂപം നല്‍കിയ കെയ്ന്‍സിന് ഈ വസ്തുതയെക്കുറിച്ച് ധാരണയുണ്ടായിരുന്നു; അതുകൊണ്ടാണ് അദ്ദേഹം "വാടക പിരിച്ചു ജീവിക്കുന്നവനെ ദയാവധം'' നടത്താന്‍ പറഞ്ഞത് . അതായത്, സോഷ്യലിസ്റ്റ് വെല്ലുവിളിയെ അതിജീവിക്കാന്‍ മുതലാളിത്തത്തെ പ്രാപ്തമാക്കുന്നതിനുവേണ്ടി ധനമൂലധന താല്‍പര്യങ്ങളെ ദയാവധംനടത്തുക. യുദ്ധാനന്തര പ്രതിസന്ധി ഘട്ടത്തില്‍ സോഷ്യലിസ്റ്റു വെല്ലുവിളി കരുത്തുറ്റതും വികസിതരാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗ്ഗം ശക്തവുമായിരുന്നപ്പോള്‍, മുതലാളിത്ത രാജ്യങ്ങളിലെ ചോദന നിര്‍വഹണത്തില്‍ ഭരണകൂടം ഇടപെടുന്നതിനോടുള്ള ആഭ്യന്തര ധനമൂലധനത്തിന്റെ എതിര്‍പ്പിനെ അതിജീവിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

എന്നാല്‍ ധനം തന്നെ ആഗോളവല്‍ക്കരിക്കപ്പെട്ടതോടുകൂടി ധനമൂലധനത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് എതിരായി ചോദനനിര്‍വഹണത്തില്‍ ഇടപെടാന്‍ ദേശീയ ഭരണകൂടങ്ങള്‍ക്ക് കഴിയാതായി; ധനമൂലധനത്തിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി ഭരണകൂട ഇടപെടലുണ്ടായാല്‍ അത് (ധനമൂലധനം) ആ രാജ്യത്തുനിന്ന് കൂട്ടത്തോടെ പുറത്തുകടക്കും; അപ്പോള്‍ അതൊരു പ്രതിസന്ധിക്കിടയാക്കും. ഇതിനെക്കുറിച്ചും കെയ്ന്‍സിന് ധാരണയുണ്ടായിരുന്നു; അതുകൊണ്ടാണ് രാജ്യാതിര്‍ത്തികടന്നുള്ള പണത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നതിനെ അദ്ദേഹത്തിന്റെ സഹായത്താല്‍ രൂപംകൊടുത്ത ബ്രെട്ടണ്‍ വുഡ്സ് സംവിധാനത്തിനുകീഴില്‍ സ്ഥാപനവല്‍ക്കരിക്കാന്‍ അദ്ദേഹം നിര്‍ബന്ധം പിടിച്ചത്. അദ്ദേഹംപറഞ്ഞു : "പണം ദേശീയമായിരിക്കണം''.

പക്ഷെ മുതലാളിത്തം സ്വന്തമായ ചില സഹജവാസനകളുള്ള വ്യവസ്ഥിതിയാണ്; അതില്‍ ഉള്‍പ്പടുന്നതാണ് മൂലധന കേന്ദ്രീകരണത്തിനുള്ള പ്രവണതയും. ഈ മൂലധനകേന്ദ്രീകരണ പ്രക്രിയ ധനത്തിന്റെ മണ്ഡലത്തില്‍ ഇടപെടാനുള്ള "ആഗോളവല്‍കൃത ധനം'' എന്ന പ്രതിഭാസം ഉദയം ചെയ്യുന്നതിന് ഇടയാക്കുന്നു. ഇത് കെയ്നീഷ്യന്‍ ചോദന നിര്‍വഹണത്തിനുള്ള സാധ്യതയെ തകര്‍ക്കുന്നു; നീണ്ടുനില്‍ക്കുന്ന അഭിവൃദ്ധിയുടെ അടിത്തറ തന്നെ അത് ഇല്ലാതാക്കുന്നു. അങ്ങനെ, വൈരുദ്ധ്യാത്മകമായ വിധത്തില്‍, മുതലാളിത്തത്തിന്റെ ആന്തരിക പ്രവണതകളുടെ പ്രവര്‍ത്തനം തന്നെ മുതലാളിത്തത്തിന്റെ അഭൂതപൂര്‍വമായി നീണ്ടു നിന്നഅഭിവൃദ്ധിയെ തകര്‍ത്തു. "മുതലാളിത്ത ഉല്‍പാദനത്തിന്റെ യഥാര്‍ത്ഥ പ്രതിബന്ധം മൂലധനം തന്നെയാണ്'' എന്ന മാര്‍ക്സിന്റെ പരാമര്‍ശം ഇത് ശരിവെയ്ക്കുന്നു.

ദേശീയ ഭരണകൂടത്തില്‍, വര്‍ഗ്ഗശക്തികളുടെ നിശ്ചിത പരസ്പരബന്ധത്തിനുള്ളില്‍, ചോദന നിര്‍വഹണത്തിലെ ഭരണകൂട ഇടപെടലിനോടുള്ള "ദേശീയ'' ധനമൂലധനത്തിന്റെ എതിര്‍പ്പിനെ അതിജീവിക്കാന്‍ കഴിഞ്ഞതുപോലെ, ആഗോള ഭരണകൂടമോ ലോകഭരണകൂടമോ ഉണ്ടായിരുന്നെങ്കില്‍, ഒരുപക്ഷെ, അതിന് ചോദന നിര്‍വഹണത്തിലെ ഭരണകൂട ഇടപെടലിനോടുള്ള ആഗോള ധനമൂലധനത്തിന്റെ എതിര്‍പ്പിനെ അതിജീവിക്കാനാകുമായിരുന്നു; അങ്ങനെ ലോക ചോദന നിലവാരം തകരാതെ നോക്കാനുമാകുമായിരുന്നു. പക്ഷെ, സമകാലിക മുതലാളിത്തത്തിന്റെ സുപ്രധാനമായ ഒരുസവിശേഷത മൂലധനം ആഗോളവല്‍കൃതമായിരിക്കുകയും അതേസമയം ഭരണകൂടങ്ങള്‍ ഇപ്പാഴും ദേശീയ ഭരണകൂടങ്ങളായി തുടരുകയുമാണെന്നതാണ്.

മുതലാളിത്ത രാജ്യങ്ങളുടെ നായകസ്ഥാനത്തുള്ള അമേരിക്കന്‍ ഭരണകൂടം ചില കാര്യങ്ങളില്‍ ലോക ഭരണകൂടത്തിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്നുണ്ട് ; ഉദാഹരണത്തിന്, പ്രതിവിപ്ലവത്തിന്റെ നടത്തിപ്പുകാരനായും ആഗോളവ്യാപകമായി (മൂലധനത്തിന്റെ) "സ്വാതന്ത്ര്യ''ത്തിന്റെ സംരക്ഷകനായുമുള്ള അതിന്റെ നിലപാട്. ലോകസമ്പദ്ഘടനയില്‍ ചോദന നിര്‍വഹണത്തില്‍ ഇടപെടാനുള്ള പകരം ലോക ഭരണകൂടമായി പ്രവര്‍ത്തിക്കാന്‍ അതിനു കഴിയും. മുതലാളിത്ത ലോകത്തിലെ സ്വത്തു സമ്പാദനത്തിന്റെ മുഖ്യമാധ്യമം അതിന്റെ നാണയമായിരിക്കുന്നതിനാല്‍, ഡോളറില്‍നിന്നുള്ള മാറ്റം ധനക്കുഴപ്പത്തിനിട വരുത്താന്‍ സാധ്യതയുള്ളതുകൊണ്ട് ഡോളറിനെ താങ്ങി നിര്‍ത്താന്‍ മുതലാളിത്ത ലോകം ഒന്നടങ്കം ഒത്തുകൂടും. ചുരുക്കത്തില്‍, മറ്റു മുതലാളിത്ത രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി അമേരിക്കയ്ക്ക് ധനകമ്മിയും കറന്റ് അക്കൌണ്ട് കമ്മിയും(അടവുശിഷ്ടത്തില്‍) ശിക്ഷാഭയമില്ലാതെ നിലനിര്‍ത്താനാകും; അങ്ങനെ ലോകസമ്പദ്ഘടനയില്‍ അപ്പാടെ ചോദനത്തെ ഉത്തേജിപ്പിക്കാന്‍ അവര്‍ക്കു കഴിയും. നിശ്ചയമായും അതാണവര്‍ കുറേയേറെ കാലമായി നടപ്പാക്കിവരുന്നത് . ആവേശമുയര്‍ത്തുന്ന അതിന്റെ ആഭ്യന്തരചെലവ് ലോകസമ്പദ് വ്യവസ്ഥയില്‍ എല്ലായിടത്തുനിന്നുമുള്ള സാധനങ്ങളെ സ്വീകരിക്കുന്നു. അങ്ങനെയാണ് അവര്‍ ലോകചോദന നിര്‍വഹണത്തെ സഹായിക്കുന്നത്. നിശ്ചയമായും ഇക്കാരണത്താലാണ് യുദ്ധാനന്തര ദീര്‍ഘകാല അഭിവൃദ്ധിക്കുശേഷം ലോകമുതലാളിത്ത സമ്പദ് വ്യവസ്ഥ ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തില്‍പ്പടാതെ വളര്‍ച്ചയിലുള്ള മന്ദഗതിക്കുമാത്രം സാക്ഷ്യം വഹിക്കുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് അമേരിക്ക ഇന്ന് ലോകത്തെ ഏറ്റവും വലിയ കടബാധിത സമ്പദ് വ്യവവസ്ഥയായിരിക്കുന്നതും.

എന്നാല്‍ എല്ലാത്തിനുമുപരിയായി അമേരിക്കന്‍ ഭരണകൂടവും, അതിന് ആഗോളശക്തിയും ആഗോളശേഷിയുമെല്ലാം ഉണ്ടെങ്കിലും, ഒരു ദേശീയ ഭരണകൂടം മാത്രമാണ്. അടവുശിഷ്ടത്തില്‍ നിലനില്‍ക്കുന്നഅതിന്‍റ കറന്റ് അക്കൌന്ന് കമ്മി ലോക ചോദനത്തെ ഉത്തേജിപ്പിക്കുന്നെങ്കിലും, അത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ വലിയ കടബാധ്യതയ്ക്ക് ഇടവരുത്തുന്നു; ഒരുദേശീയ ഭരണകൂടമെന്നനിലയില്‍ ഇക്കാര്യത്തില്‍ നിസ്സംഗമായി നില്‍ക്കാന്‍ അതിനാവില്ല. ആയതിനാല്‍, മുതലാളിത്ത ലോകത്തിലെ വളര്‍ച്ചാനിരക്ക് മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള പ്രവണതയും ആഗോളവല്‍കൃത ധനമൂലധനത്തിന്റെ ഉദയത്തോടെ ഗണ്യമായ നിലയില്‍ തൊഴിലില്ലായ്മ വീണ്ടും പ്രത്യക്ഷപ്പട്ടതും അമേരിക്കന്‍ഭരണകൂടത്തിനുമാത്രമായി പൂര്‍ണ്ണമായും കൈകാര്യംചെയ്യാന്‍ കഴിയില്ല .ദേശീയ ഭരണകൂടങ്ങളുടേതായ ലോകത്ത് ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണം കാരണം മറ്റെല്ലാ കാര്യങ്ങളും സമാനമായി നില്‍ക്കുമ്പോള്‍ തന്നെ കെയ്നീഷ്യന്‍ ചോദന നിര്‍വഹണത്തെ തകര്‍ത്തു കൊണ്ട് ലോക മുതലാളിത്തത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റെതായ പ്രവണത പ്രത്യക്ഷപ്പടുന്നു.

2

രണ്ടാമത്തെ പ്രമുഖ ഘടനാപരമായ മാറ്റത്തിലേക്ക് നമുക്കിനി നോക്കാം; അതായത് വന്‍തോതില്‍ തൊഴിലാളികളുടെ കരുതല്‍ സേനയുള്ള മൂന്നാംലോക സമ്പദ്ഘടനകളിലേക്ക് വികസിത രാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളുടെ വ്യാപനം. ചരിത്രപരമായി, തൊഴിലാളികളുടെ സ്വതന്ത്രമായ സാര്‍വദേശീയ പ്രവാഹമോ മൂലധനത്തിന്റെ യഥാര്‍ത്ഥത്തിലുള്ള അന്തര്‍ദേശീയ ചലനമോ മുതലാളിത്ത ലോകത്തിന്റെ സവിശേഷതയല്ല. കൂട്ടത്തോടെയുള്ള കുടിയേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നത് ശരി തന്നെയാണ്. ഉദാഹരണത്തിന്, 19ാം നൂറ്റാണ്ടില്‍ ഇത്തരത്തില്‍ കൂട്ടത്തോടെയുള്ള രണ്ട് കുടിയേറ്റതരംഗം ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് യൂറോപ്യന്‍മാര്‍ ആസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിങ്ങനെയുള്ള മിതശീതോഷ്ണമേഖലകളിലെ വെള്ളക്കാരുടെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് നടത്തിയത്; മറ്റൊന്ന് ഉഷ്ണമേഖലാ പ്രദേശങ്ങളോ അര്‍ദ്ധ ഉഷ്ണമേഖലാപ്രദേശങ്ങളോ ആയ വെസ്റ്റിന്‍ഡീസ്, ഫിജി, പൂര്‍വാഫ്രിക്ക, മൌറീഷ്യസ് എന്നീ നാടുകളിലേക്ക് ചൈനക്കാരും ഇന്ത്യക്കാരുമായ തൊഴിലാളികള്‍ നടത്തിയ കുടിയേറ്റം. ഇതില്‍ ആദ്യത്തേത് ഉയര്‍ന്ന വേതനത്തിനായുള്ള കുടിയേറ്റമാണ് ; കാരണം കുടിയേറ്റക്കാര്‍ക്ക് ഭൂമി എളുപ്പം ലഭ്യമായിരുന്നു; തദ്ദേശീയരായ ഇന്ത്യന്‍ വംശജരെ ബലംപ്രയോഗിച്ച് ആട്ടിയോടിച്ചാണ് അവര്‍ ഭൂമി സ്വന്തമാക്കിയത്; അവര്‍ക്ക് നിരാശ്രയരായ തൊഴിലാളികളെയും ലഭ്യമായി; പുതിയ കുടിയേറ്റ പ്രദേശങ്ങളില്‍ കൂലി നിരക്ക് കുറയാതെ നിലനിര്‍ത്തി (ആട്ടിയോടിക്കപ്പട്ട അമേരിന്ത്യന്മാര്‍ കൂലിവേലക്കാരായില്ല. അവര്‍ 'റിസര്‍വേഷന്‍സ് 'എന്നപേരില്‍ അറിയപ്പട്ട അവര്‍ക്കുവേണ്ടി ഉണ്ടാക്കിയ ചേരി പ്രദേശങ്ങളില്‍ അടിഞ്ഞുകൂടി).

ഇന്ത്യക്കാരുംചൈനക്കാരുമായ തൊഴിലാളികള്‍ മറ്റു നാടുകളിലേക്ക് കുടിയേറിയത് കുറഞ്ഞ വേതന കുടിയേറ്റമായിട്ടായിരുന്നു. കൂലിവേലക്കാരായും കരാര്‍ തൊഴിലാളികളായുമാണ് അവര്‍ കുടിയേറിയത്. വികസിതമേഖലകളിലേക്ക് വിഭവങ്ങളുടെ കൂട്ട "പ്രവാഹ''മുണ്ടായ രാജ്യങ്ങളില്‍നിന്നുംപരിഷ്കൃത ഉല്‍പന്നങ്ങളുടെ പ്രവേശനത്തിന്റെ പേരില്‍" വ്യവസായവല്‍ക്കരണം ഇല്ലാതായ'' പ്രദേശങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരായിരുന്നു അവര്‍ (രണ്ടും കൊളോണിയലിസത്തിന്റെ തണലിലായിരുന്നു നടന്നത്). ആ തൊഴിലാളികള്‍ കഷ്ടിച്ച് നിത്യജീവിതം നിലനിര്‍ത്താന്‍വേണ്ടി കൂലിക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു.

ഈ രണ്ടു കുടിയേറ്റ ധാരകളെയും പൂര്‍ണ്ണമായും വെവ്വേറെ നിലനിര്‍ത്തിയിരുന്നു. ഉന്നതവേതന കുടിയേറ്റ ധാരയെയും താഴ്ന്ന വേതന കുടിയേറ്റ ധാരയെയും ഒരിക്കലും ഇടകലരാന്‍ അനുവദിച്ചിരുന്നില്ല. ഇന്ത്യക്കാരും ചൈനക്കാരുമായ തൊഴിലാളികളെ അക്കാലത്തെ വികസിത മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്ക് സ്വതന്ത്രമായി കുടിയേറാന്‍ അനുവദിച്ചിരുന്നില്ല; വികസിത മേഖലയിലെ കുടിയേറ്റക്കാര്‍ പോയിരുന്ന മിതശീതോഷ്ണമേഖലകളിലെ വെള്ളക്കാരുടെ കുടിയേറ്റ കേന്ദ്രങ്ങളിലേയ്ക്കും അവരെ കടത്തിയിരുന്നില്ല. ഇപ്പോള്‍പോലും ഇന്ത്യക്കാരായ അവിദഗ്ധ തൊഴിലാളികള്‍ക്ക് യൂറോപ്പിലേക്കോ യൂറോപ്യന്‍മാര്‍ കുടിയേറിയ പ്രദേശങ്ങളിലേക്കോ പോകാന്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്.

അങ്ങനെ ലോകമുതലാളിത്തം മൂലധനത്തിന്റെ സൌകര്യാര്‍ത്ഥം തൊഴിലാളികളെ കൂട്ടത്തോടെ അന്താരാഷ്ട്ര സ്ഥാനമാറ്റങ്ങള്‍ നടത്തുമെങ്കിലും, തൊഴിലാളികളുടെ സ്വതന്ത്രമായ ചലനം ഒരിക്കലും നിയമാനുസരണം അനുവദിച്ചിരുന്നില്ല; യഥാര്‍ത്ഥത്തില്‍ കുടിയേറ്റങ്ങള്‍ നടന്നിരുന്നു എന്നത് ശരിതന്നെയാണ്. മറ്റു വാക്കുകളില്‍പറഞ്ഞാല്‍ നിയന്ത്രിതമായ കുടിയേറ്റമായിരുന്നു നടന്നത് ; കൂട്ടത്തോടെ കുടിയേറ്റം നടന്നെങ്കിലും അതൊരിക്കലും സ്വതന്ത്രമായിരുന്നില്ല.

അതേസമയം, മൂലധനത്തിന് നിയമാനുസരണം തന്നെ എവിടേയ്ക്കും സ്വതന്ത്രമായി കുടിയേറാം; എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായി കുടിയേറിയിരുന്നില്ല. ഉദാഹരണത്തിന്, കൊളോണിയല്‍ കാലഘട്ടത്തില്‍, ബ്രിട്ടീഷ് മൂലധനം ഇന്ത്യയിലേക്കു വന്നത് തോട്ടങ്ങള്‍, ഖനികള്‍, ചണവ്യവസായം തുടങ്ങിയ ചില പ്രാഥമിക ചരക്കുകളുടെ പ്രോസസിംഗ് മേഖലകള്‍, ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ള ധനകാര്യ- മാനേജ്‌മെന്റ് മേഖലകള്‍എന്നിവയില്‍ മാത്രം നിക്ഷേപിക്കാനായിരുന്നു. മറ്റു തരത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് മൂലധനം ഇന്ത്യയിലേക്കു വന്നത് അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്റെ കൊളോണിയല്‍ മാതൃകയുടെ ഭാഗമായുള്ള മേഖലകളിലേക്കു മാത്രമായിരുന്നു. അവര്‍ എല്ലാതരം വ്യവസായങ്ങളും ആരംഭിക്കാന്‍ ഇവിടെ എത്തിയില്ല ; ബ്രിട്ടീഷ് തൊഴിലാളികളെക്കാള്‍ കുറഞ്ഞ കൂലിക്ക് ഇന്ത്യന്‍ തൊഴിലാളികളെ ലഭ്യമായിരുന്നിട്ടും ലോകകമ്പോളത്തില്‍ വില്‍പനയ്ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവിടെ പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നില്ല.

കോളനിവല്‍ക്കരണം അവസാനിച്ചതിനുശേഷവും വിദേശ മൂലധനം മറ്റു മേഖലകളിലേക്കും വന്നുതുടങ്ങിയപ്പോഴും, അതായത് അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്റെ കൊളോണിയല്‍ മാതൃകയില്‍നിന്നു വ്യത്യസ്തമായ മേഖലകളിലേക്കു വന്നുതുടങ്ങിയപ്പോഴും, മുന്‍കോളനിയായിരുന്ന പുതുതായി വ്യവസായവല്‍ക്കരണം ആരംഭിച്ച രാജ്യങ്ങളിലെ ആഭ്യന്തര കമ്പോളത്തിനുവേണ്ടി താരിഫ് കടമ്പകള്‍ മറികടന്ന് ഉല്‍പാദിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്; ലോക കമ്പാളത്തിനു വേണ്ടവ ഉല്‍പാദിപ്പിക്കാന്‍ ആതിഥേയ സമ്പദ്ഘടനയിലെ കുറഞ്ഞ വേതനത്തിന്റെ നേട്ടം സ്വായത്തമാക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യം.

ഇങ്ങനെ മൂലധനം പോലും യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായി ചലിക്കാതിരുന്നപ്പോള്‍ കുറഞ്ഞകൂലിക്ക് അതാതിടത്ത് തൊഴിലാളികളെ കിട്ടുന്നതിന്റെ സൌകര്യം പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര കമ്പോളത്തിന് ആവശ്യമായവ ഉല്‍പാദിപ്പിക്കാനുള്ള തദ്ദേശീയരായ മൂന്നാം ലോക മുതലാളിമാരുടെ കഴിവുകളെ, വികസിത സമ്പദ്ഘടനകളിലേക്കുള്ള അത്തരം ഇറക്കുമതികള്‍ക്കെതിരെ ചുങ്കങ്ങളുടെ വേലിക്കെട്ടുകള്‍കൊണ്ട് തടസ്സപ്പെടുത്തിയിരുന്നു. തല്‍ഫലമായി മൂന്നാംലോകത്തിലേക്ക് വികസിത സമ്പദ്ഘടനകളില്‍ നിന്നുള്ള വളരെ കുറച്ച് വ്യവസായങ്ങളുടെ വ്യാപനം മാത്രമേ നടന്നിരുന്നുള്ളൂ. അതുകാരണം മൂന്നാംലോക രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടാത്ത തൊഴില്‍ശക്തി അത്യധികം കുന്നുകൂടി. അതോടൊപ്പം മൂന്നാംലോക രാജ്യങ്ങളിലെ വേതനം കഷ്ടിച്ച് ജീവിതം നിലനിര്‍ത്താന്‍ വേണ്ട അത്രയുമായി ചുരുങ്ങി. വികസിതരാജ്യങ്ങളും മൂന്നാംലോക രാജ്യങ്ങളും തമ്മിലുള്ള മൂലധനത്തിന്റെയും തൊഴിലാളികളുടെയും സ്വതന്ത്രമായ ചലനത്തിന്റെ അഭാവവും മൂന്നാംലോക ഉല്‍പന്നങ്ങള്‍ക്കെതിരെ വികസിത രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സംരക്ഷണ സംവിധാനവും കാരണം വികസിത രാജ്യങ്ങളിലെ വേതനം വര്‍ദ്ധിച്ചു; മൂന്നാംലോക രാജ്യങ്ങളില്‍ തൊഴിലാളികളുടെ കരുതല്‍സേന ഉണ്ടായിരുന്നത് അവരെ ബാധിച്ചതേയില്ല.

വികസിത രാജ്യങ്ങളിലെയും മൂന്നാംലോക രാജ്യങ്ങളിലെയും വേതന നിരക്കുകള്‍ വ്യത്യസ്തമായിരിക്കുന്നു എന്നു മാത്രമല്ല, അത് ആ വ്യത്യാസം വളരെ അധികം വലുതാവുകയുമാണ് ("അസമമായ വിനിമയം'' സംബന്ധിച്ച ഒരു കൂട്ടം സിദ്ധാന്തങ്ങളുടെ ഉദയത്തിനിടയാക്കിയ വസ്തുത). മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, വികസിത സമ്പദ്ഘടനകളിലെ തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിക്കുന്നതിനനുസരിച്ച് വികസിത രാജ്യങ്ങളിലെ വേതനവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മൂന്നാംലോക രാജ്യങ്ങളില്‍ വലിയതോതില്‍ തൊഴിലാളികളുടെ കരുതല്‍സേന നിലനില്‍ക്കുന്നുണ്ടെന്നത് പരിഗണിച്ചിരുന്നതേയില്ല; കാരണം ഈ രണ്ട് തൊഴില്‍ കമ്പോളങ്ങളും ഫലപ്രദമായി വേര്‍തിരിച്ചിരിക്കുകയായിരുന്നു. ലോകസമ്പദ്ഘടനയില്‍ വികസിത രാജ്യങ്ങള്‍, അവികസിത രാജ്യങ്ങള്‍ എന്ന വേര്‍തിരിവ് ശാശ്വതമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്.

"ആഗോളവല്‍ക്കരണ''ത്തിന്റെ ഇപ്പോഴത്തെ ഘട്ടം ഇതില്‍ ഒരു മാറ്റം വരുത്തി. "പുറം കരാര്‍ കൊടുക്കല്‍'', ആഗോളചോദനം നിര്‍വഹിക്കുന്നതിന് മൂന്നാംലോക രാജ്യങ്ങളിലേക്ക് ഉല്‍പാദനസ്ഥലം മാറ്റല്‍ എന്നിവയാണ് ആഗോളവല്‍ക്കരണത്തിന്റെ ഇപ്പോഴത്തെ ഘട്ടവുമായി ബന്ധപ്പെട്ട പ്രതിഭാസം. വികസിത രാജ്യങ്ങളിലെ വേതനത്തെ മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളികളുടെ കരുതല്‍സേന ചെലുത്തുന്ന പ്രതികൂല സ്വാധീനത്തില്‍നിന്നും ഇനിയും സംരക്ഷിച്ചുനിര്‍ത്തില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം. "പുറം കരാര്‍ കൊടുക്കലി''ന്റെ തോതിനെയോ മൂന്നാംലോക സമ്പദ്ഘടനകളിലെ ലോക കമ്പാളത്തെ ആധാരമാക്കിയുള്ള ഉല്‍പാദനത്തെയോ ആശ്രയിച്ചല്ല ഈ സ്വാധീനം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലാളികളുടെ സ്വതന്ത്രമായ ചലനത്തിന് സമാനമായ പ്രത്യാഘാതമുണ്ടാക്കുന്ന അതിന്റെ വിദൂര സാധ്യതയാണ് ഈ സ്വാധീനത്തിന് അടിസ്ഥാനം. ഇത്തരം 'പുറം കരാര്‍ കൊടുക്കലോ' വികസിത രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായവ്യാപനമോ മൂന്നാംലോക
രാജ്യങ്ങളില്‍ തൊഴിലുള്ള ആളുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവിടെയുള്ള തൊഴിലാളികളുടെ കരുതല്‍സേനയില്‍ ഇതിന്റെ ഫലമായി വലിയ കുറവൊന്നും വരുത്തുന്നില്ല. (ഇന്ത്യയില്‍ ഔദ്യോഗികമായി കണക്കാക്കിയിട്ടുള്ള തൊഴിലില്ലായ്‌മാ നിരക്ക് 2004-05ല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്നനിരക്കായിരുന്നു. ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് ഉണ്ടായിട്ടും ഇതാണ് സ്ഥിതി. ഏറ്റവും ഒടുവിലത്തെ ദേശീയ സാമ്പിള്‍ സര്‍വേ സ്ഥിതിവിവരക്കണക്ക് ലഭ്യമായിട്ടുള്ളത് 2004- 05 വര്‍ഷം വരെയുള്ളതാണ്).

വികസിത മുതലാളിത്ത സമ്പദ്ഘടനകളില്‍ തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഇനി അവിടെ വേതനനിരക്ക് വര്‍ദ്ധിക്കുകയില്ലെന്നാണ് മേല്‍ പ്രസ്താവിച്ചതില്‍നിന്നും വ്യക്തമാവുന്നത്. കാരണം, അവ ഇപ്പോള്‍ മൂന്നാംലോകത്തില്‍ തൊഴിലാളികളുടെ കരുതല്‍സേന നിലനില്‍ക്കുന്നതിന്റെ പ്രതികൂല പ്രത്യാഘാതത്തിന് വിധേയമാണ്. വികസിത സമ്പദ്ഘടനകളിലെ ഉയര്‍ന്ന തൊഴിലില്ലായ്‌മാ നിരക്കും ദുര്‍ബലമായിക്കഴിഞ്ഞ ട്രേഡ് യൂണിയനുകളും ഒരേ ദിശയിലാണ് ചലിച്ചത്. എന്നാല്‍, ചുരുങ്ങിയ ചെലവിലുള്ള ഇറക്കുമതിയുടെയും 'പുറംകരാര്‍ കൊടുക്കലി'ന്റെയുംപ്രതിഭാസവും ഈ രംഗത്തെ ബാധിക്കാനിടയുണ്ട്.

മൂലധനത്തിന്റെ ഒന്നാം സഞ്ചികയില്‍ കാള്‍ മാര്‍ക്സ്, തൊഴിലാളികളുടെ വലിയൊരു കരുതല്‍ സേന നിലനില്‍ക്കുന്ന മുതലാളിത്ത സമ്പദ്ഘടനയില്‍ യഥാര്‍ത്ഥ വേതന നിരക്ക് കഷ്ടിച്ച് ജീവിച്ചുപോകാന്‍ മാത്രമുള്ളതായും തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയിലെ വര്‍ദ്ധനവ് മിച്ച മൂല്യനിരക്കിലെ വര്‍ദ്ധനവായി മാറുന്നതിനെയും കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. വികസിത മുതലാളിത്തത്തില്‍ മുമ്പൊരു കാലത്തും ഇല്ലാതിരുന്ന വിധം ഈ ചിത്രം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്; ഇപ്പോഴത്തെ "ആഗോളവല്‍ക്കരണ''ത്തെ തുടര്‍ന്ന് വികസിത മുതലാളിത്തത്തിലെ വേതന നിരക്കില്‍ ഇപ്പോള്‍ മൂന്നാംലോകത്തിലെ തൊഴിലാളികളുടെ കരുതല്‍സേനയുടെ സ്വാധീനം കാണാം. ഉദാഹരണത്തിന് അമേരിക്കയില്‍ തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഏറെക്കാലമായി കേവലമായ യഥാര്‍ത്ഥ വേതനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. വികസിത മുതലാളിത്തത്തില്‍, നിശ്ചയമായും ലോകമുതലാളിത്തത്തിലും, മിച്ച മൂല്യത്തിന്റെ നിരക്കില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടാകുന്നതായും കാണാം. മുതലാളിമാരുടെ നിക്ഷേപച്ചെലവ്, മുതലാളിമാരുടെ ഉപഭോഗച്ചെലവ്, മിച്ചമൂല്യത്തില്‍നിന്നും മുതലാളിത്തം നിലനിര്‍ത്തുന്ന ഉപയോഗശൂന്യമായ തൊഴിലാളികളുടെ സൈന്യത്തിന്റെ ഉപഭോഗച്ചിലവ്, ഉല്‍പാദനക്ഷമമായ തൊഴിലാളികളുടെ നികുതിവരുമാനത്തില്‍ നിന്നും ധനസഹായം ചെയ്യാത്ത ഭരണകൂടത്തിന്റെ ചെലവിന്റെ ഒരു ഭാഗം എന്നിവയുടെ ആകെത്തുക മിച്ചമൂല്യം വര്‍ദ്ധിക്കുന്ന അതേ തീവ്രതയില്‍ വര്‍ദ്ധിക്കുന്നില്ല. ഇവിടെ മിച്ചമൂല്യത്തിന്റെ സാക്ഷാല്‍ക്കരണത്തിന്റെ പ്രശ്നം ഉദിക്കുന്നു; അമിതോല്‍പാദന പ്രതിസന്ധിയിലൂടെ മാത്രമേ ഇതിനെ ഊറ്റിയെടുക്കാനാവൂ. മറ്റെല്ലാം മാറ്റമില്ലാതെ തുടര്‍ന്നാല്‍, തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വലിയ തോതില്‍ കുതിച്ചുയരുമ്പോഴും വികസിതമുതലാളിത്ത രാജ്യങ്ങളിലെ യഥാര്‍ത്ഥ കൂലി സ്തംഭനാവസ്ഥയില്‍ തുടരുന്നു എന്ന വസ്തുത അധികമധികം രൂക്ഷമായ അമിതോല്‍പാദന പ്രതിസന്ധിയിലേക്കും അങ്ങനെ (അത്തരം പ്രതിസന്ധികളിലൂടെ) അത്യപൂര്‍വമായ മാന്ദ്യത്തിലേക്കും അഭൂതപൂര്‍വമായ നിലയില്‍ വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയിലേക്കുമുള്ള പ്രവണതയ്ക്ക് ഇടയാക്കുന്നു.

3

അങ്ങനെ ഇപ്പോഴത്തെ മുതലാളിത്തത്തിനുകീഴിലുള്ള രണ്ടു ശക്തമായ പ്രവണതകള്‍ ഈ വ്യവസ്ഥിതിയെ ഗുരുതരമായ പ്രതിസന്ധികളിലേയ്ക്കും (സാധാരണമായ ചാക്രിക ചലനങ്ങളില്‍നിന്നും ഇതിനെ വേറിട്ടു കാണണം) ഇത്തരം പ്രതിസന്ധികളില്‍നിന്നും സാമ്പത്തികമാന്ദ്യത്തിലേക്കും തള്ളിനീക്കുന്നു. ഇതിലൊന്ന് ഉയര്‍ന്നുവരുന്നത് മിച്ചമൂല്യത്തിന്റെ നിരക്കില്‍ വര്‍ദ്ധനവുണ്ടാകുന്നതുകൊണ്ടാണ്. അതിന്റെ ലക്ഷ്യപ്രാപ്തിയാകട്ടെ തികച്ചും ദുഷ്‌ക്കരവുമാണ്. മറ്റൊന്ന് ഉയര്‍ന്നുവരുന്നത്, യുദ്ധാനന്തര മുതലാളിത്തത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന സംവിധാനം, ഇത്തരത്തിലുള്ള ലക്ഷ്യപ്രാപ്തിയുടെ ഏതു പ്രശ്നത്തെയും തരണം ചെയ്യാന്‍ വേണ്ടിയാണ്. ഉദാഹരണത്തിന്, ചോദന നിര്‍വഹണത്തിലെ ഭരണകൂട ഇടപെടല്‍ ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണം കാരണം തകര്‍ന്നു. ഒടുവില്‍ പറഞ്ഞ ഈ പ്രതിഭാസം തന്നെ ഗുരുതരമായ അമിതോല്‍പാദന പ്രതിസന്ധിക്കും സാമ്പത്തികമാന്ദ്യത്തിനും ഇടവരുത്തുന്നു. മിച്ചമൂല്യത്തിന്‍റ നിരക്കില്‍ അത്യപൂര്‍വമായ വര്‍ദ്ധനവിന്റെ അഭാവത്തില്‍പോലും അത്തരത്തിലുള്ള ഒരു വര്‍ദ്ധനവ് പ്രശ്നത്തെ വീണ്ടും സങ്കീര്‍ണ്ണമാക്കുകയേയുള്ളൂ. ഇതിന്റെ കാരണങ്ങള്‍ മുമ്പ് വിശദീകരിച്ചതുമാണ്. ഇതുകൊണ്ടാണ് മുതലാളിത്തത്തില്‍ ആസന്നമായിരിക്കുന്നപ്രതിസന്ധിയെ ഹ്രസ്വകാലത്തേക്കുള്ള സാധാരണ സംഭവിക്കുന്ന സംഭവമായും അതു പിന്നിട്ടു കഴിയുമ്പോള്‍ എല്ലാം"പഴയതുപോലെ സാധാരണ നില'' കൈവരിക്കും എന്നും കരുതാനാവില്ല. "ആഗോളവല്‍ക്കരണ''ത്തിന്റെ കാലഘട്ടത്തിലെ ലോകമുതലാളിത്തത്തില്‍ സംഭവിക്കുന്ന അഗാധമായ ഘടനാപരമായ മാറ്റങ്ങളുടെ ഫലമാണത്.

എന്തുകൊണ്ടാണ് ഈ പ്രതിസന്ധി നേരത്തേ സംഭവിക്കാതിരുന്നത്? സമകാലിക മുതലാളിത്തത്തിലെ ഘടനാപരമായ മാറ്റങ്ങളില്‍ സഹജമായുള്ള പ്രതിസന്ധി ഇപ്പോള്‍ മാത്രം പ്രത്യക്ഷത്തില്‍ അറിയാന്‍ കഴിയുന്നത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങളാണ് ചോദിക്കേണ്ടത്. ഈ പ്രതിസന്ധിയെ ഇതേവരെ തടുത്തുനിര്‍ത്താന്‍സഹായിച്ചത് രണ്ടു ഘടകങ്ങളാണ്. രണ്ടും ഉരുത്തിരിഞ്ഞുവരുന്നത്, പ്രതീക്ഷിക്കപ്പെടുന്നതുപോലെ തന്നെ,അമേരിക്കയില്‍നിന്നാണ്. ആദ്യത്തേത് വലിയ തോതില്‍വായ്പ നല്‍കിക്കൊണ്ടുള്ള ഉപഭോഗ അഭിവൃദ്ധിയാണ്.

വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ വിഭാഗങ്ങളില്‍പെട്ട തൊഴിലാളികളുടെ ഉപഭോഗം അവര്‍ക്കു ലഭിക്കുന്ന വേതനത്തില്‍ പരിമിതപ്പെട്ടിരിക്കുന്നതായാണ് മാര്‍ക്സിസ്റ്റു രചനകളില്‍ പൊതുവെ കാണുന്നത്. ഇതേ കാരണത്താല്‍ തന്നെ മിച്ചമൂല്യ നിരക്കിലെ വര്‍ദ്ധനവ് അമിതോല്‍പാദന പ്രതിസന്ധിക്ക് വഴിതെളിക്കുന്നു. മൊത്തം സാമൂഹിക ഉല്‍പാദനത്തിന്റെ സിംഹഭാഗവും തങ്ങളുടെ വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രം ഉപഭോഗം ചെയ്യുന്ന വര്‍ഗ്ഗത്തിന്റെ കയ്യില്‍, അതായത് മുതലാളിവര്‍ഗ്ഗത്തിന്റെ കയ്യില്‍, എത്തിച്ചേരുന്നു; തങ്ങളുടെ വരുമാനത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുമാത്രം ഉപഭോഗം നടത്തുന്ന വര്‍ഗത്തിന്റെ കൈയില്‍, അതായത് തൊഴിലാളി വര്‍ഗത്തിന്റെ കയ്യില്, വളരെ ചെറിയ ഒരു ഭാഗം മാത്രംഎത്തിച്ചേരുന്നു; അങ്ങനെ സാമൂഹിക ഉല്‍പാദനത്തില്‍ ഉപഭോഗത്തിന്റെ പങ്ക് ചുരുങ്ങുന്നു. നിക്ഷേപത്തിന്റെ വലിപ്പം, മൂലധന സ്റ്റാക്കിലേക്കുള്ള ഭൌതികമായ കൂട്ടിച്ചേര്‍ക്കല്‍ എന്ന അര്‍ത്ഥത്തില്‍, നിര്‍ണ്ണയിക്കുന്നത് കമ്പോളത്തിന്റെ വളര്‍ച്ചയാണ്. അതുകൊണ്ടുതന്നെ, ഉപഭോഗത്തില്‍ ഇടിവുണ്ടാകുമ്പോള്‍ അക്കാരണത്താല്‍ മാത്രം ഗണ്യമായ വിധം ഉയരുന്നില്ല. ഉപഭോഗത്തിലുണ്ടാകുന്ന ഇത്തരമൊരു ഇടിവിന്റെ ഫലം ഉല്‍പാദനവുമായി ബന്ധപ്പെട്ട മൊത്തം ചോദനത്തിലെ ഇടിവിന് ഇടയാക്കുന്നു. അതാണ് അമിതോല്‍പാദന പ്രതിസന്ധി.

എന്നാല്‍ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, പെറ്റീബൂര്‍ഷ്വാസി എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ ഉപഭോഗം അവരുടെ വരുമാനത്തില്‍ പരിമിതപ്പെടാതിരിക്കുകയുംവായ്പാ ധനസഹായം ലഭ്യമാക്കിക്കൊണ്ടും "ഉപഭോഗ താല്‍പര്യ''ത്തിന്റെ സാമൂഹ്യസമ്മര്‍ദ്ദം കൊണ്ടും ഇത്തരം വരുമാനം തന്നെ വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ അമിതോല്‍പാദന പ്രവണതയെ തടയാന്‍ കഴിയും. നിശ്ചയമായും അത്തരത്തിലുള്ള തടയല്‍ ശാശ്വതമായിരിക്കില്ല. ബാങ്കുകള്‍ കടഭാരത്താല്‍ മുങ്ങുന്ന വ്യക്തികള്‍ക്ക് തന്നെ വീണ്ടും വീണ്ടും കൂടുതല്‍ വായ്പ നല്‍കുന്നതില്‍ മുഴുകുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിലെത്തുമ്പാള്‍ ഇതാകെ നിശ്ചലമാകുന്നു. കടബാധ്യതയില്‍ അകപ്പെട്ട വ്യക്തികള്‍ തന്നെ ഏതെങ്കിലും ഒരുഘട്ടമെത്തുമ്പോള്‍ തനിക്കിനിയും വായ്പ ആവശ്യമില്ലെന്നു പറഞ്ഞ് പിന്തിരിയാനും ഇടയുണ്ട്. ഓരോ വ്യക്തിയും ഇത്തരമൊരു പരിധിയില്‍ എത്തിയാല്‍ മിച്ചമൂല്യത്തിന്റെ നിരക്കും വര്‍ദ്ധിച്ചുവന്നാല്‍ അധികം കഴിയുന്നതിനുമുമ്പുതന്നെ പ്രതിസന്ധി ഉയര്‍ന്നുവരും. എന്നാല്‍ വായ്പാ സഹായത്തോടെയുള്ള ഉപഭോഗത്തിന് (അമേരിക്കയുടെ സമ്പാദ്യനിരക്ക് ഫലത്തില്‍ പൂജ്യമാണ്) പ്രതിസന്ധി നീട്ടിവയ്ക്കുന്നതിന് ഒരു പങ്കുവഹിക്കാന്‍ കഴിയും; അത് അത്തരമൊരു പങ്ക് വഹിച്ചിട്ടുമുണ്ട്.

അമേരിക്കന്‍ ധനകമ്മിയാണ് മറ്റാരു ഘടകം. ശരിയാണ്, അമേരിക്കന്‍ ധനകമ്മി എപ്പോഴും അത്ര വലിപ്പമുള്ളതല്ല; വിരോധാഭാസമെന്നു പറയട്ടെ, അത് ഭീമമായ വലിപ്പത്തിലെത്തിയത് സൈനിക ചെലവ് വര്‍ദ്ധിപ്പിക്കുകയും നികുതി ഇളവുകള്‍ നല്‍കുകയും ചെയ്ത റീഗന്‍ ഭരണകാലത്താണ്. റീഗന്‍ നികുതി ഇളവുകള്‍ പ്രാബല്യത്തിലാക്കിയത് ഇത്തരം ഇളവുകള്‍ നല്‍കുന്നതുമൂലം നികുതിവരുമാനം വര്‍ദ്ധിക്കുമെന്ന അസംബന്ധവാദം ഉയര്‍ത്തിയാണ്. അത്തരത്തില്‍ നികുതിവരുമാന വര്‍ദ്ധനവൊന്നും ഉണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; നേരെ മറിച്ച് റീഗന്‍ സൈനികച്ചെലവ് കുത്തനെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നികുതിവരുമാനം ഗണ്യമായി കുറയുകയുമായിരുന്നു. ഇത് വലിയ തോതിലുള്ള ധനകമ്മിക്ക് ഇടയാക്കി. തുടര്‍ന്ന് ഈ കമ്മി കുറച്ചുകൊണ്ടുവന്നു. എന്നാല്‍, രണ്ടാം ഇറാഖ് യുദ്ധത്തിനുവേണ്ട പണം കണ്ടെത്താന്‍ കമ്മി വീണ്ടും കൂട്ടി. അമേരിക്കന്‍ ധനകമ്മിയെ സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട കണക്കുകളെല്ലാം യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുന്നതാണ്.

ഇറാഖ് യുദ്ധത്തിന്റെ ചെലവ് മൂന്ന് ലക്ഷം കോടി ഡോളറാണെന്നാണ് ജോസഫ് സ്റ്റിഗ്ലിറ്റ്സ് കണക്കാക്കിയിരിക്കുന്നത്. ഇത് ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെയധികമാണ്. ഈ കണക്കു ശരിയാണെങ്കില്‍, ധനകമ്മിയും ഔദ്യോഗിക അവകാശവാദത്തെക്കാള്‍ വളരെയേറെ ഉയര്‍ന്നതായിരിക്കും. പല ഇനം ചെലവുകളും കണക്കില്‍ കാണിക്കാതെയാണ് കമ്മി കുറച്ചു കാണിച്ചിരിക്കുന്നത്.ഏതു തരത്തിലായാലും, അത്യുല്‍പാദന പ്രതിസന്ധി നീട്ടിക്കൊണ്ടുപോയതില്‍ ഒരു ഘടകം അമേരിക്കന്‍ ധനകമ്മി തന്നെയാണ്. ഇല്ലായിരുന്നെങ്കില്‍ ലോകസമ്പദ്ഘടനയെ നേരത്തെതന്നെ പ്രതികൂലമായി ബാധിക്കുമായിരുന്നു. എന്നാല്‍ ഈ ഘടകം പോലും, നേരത്തെ സൂചിപ്പിച്ച ഉപഭോഗത്തിലെ അഭിവൃദ്ധിയെപ്പോലെ തന്നെ, ലോകത്തിലെ ഇതര രാജ്യങ്ങളോടുള്ള അമേരിക്കയുടെ കടബാധ്യത വര്‍ദ്ധിക്കുന്നതിന് ഇടവരുത്തുന്നു. കാരണം, ഇത് അമേരിക്കയുടെ അടവ് ശിഷ്ടത്തിലെ കറന്റ് അക്കൌണ്ട് കമ്മി വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം വര്‍ദ്ധിച്ചുവരുന്ന മിച്ചമൂല്യനിരക്കിന്റെ പ്രത്യാഘാതത്തെ നിയന്ത്രിച്ചു നിര്‍ത്താനാകാതെ വരുന്നു. അധികം താമസിയാതെ തന്നെ പ്രതിസന്ധി പൊട്ടിപ്പുറപ്പെടും. ഇപ്പോള്‍ അതിനു തുടക്കമായിരിക്കുകയാണ്.

നേരത്തെ വ്യക്തമാക്കിയതുപോലെ, ഈ പ്രതിസന്ധി എങ്ങനെ വികസിക്കുമെന്നത് ഒരു പ്രായോഗിക പ്രശ്നമാണ്; അത് പ്രവചനാതീതമാണ്. 1930കളിലെ പ്രതിസന്ധി ഫാസിസത്തിന് ജന്മം നല്‍കിയ കാര്യം നാം ഓര്‍ക്കേണ്ടതാണ്. തൊഴിലില്ലായ്‌മയുടെ പശ്ചാത്തലത്തിലാണ് അന്ന് ഫാസിസം അധികാരത്തിലേറിയത്. അതേസമയം ജര്‍മ്മനിയിലും ജപ്പാനിലും വലിയതോതില്‍ സൈനികോപകരണ വികസനത്തിന് ഫാസിസം കാരണമായി. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിന് സഹായകമായെങ്കിലും രണ്ടാം ലോകയുദ്ധത്തിന് വഴിയൊരുക്കിയത് അതാണ്. ഫാസിസത്തിന്റെ പരാജയത്തില്‍ കലാശിച്ച യുദ്ധം സോഷ്യലിസ്റ്റു ചേരിയുടെ ശ്രദ്ധേയമായ വികസനത്തിനും ഇടവരുത്തി. കാരണം ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് സോഷ്യലിസ്റ്റ് ചേരിയായിരുന്നു. സാമ്രാജ്യത്വത്തെ ദുര്‍ബലമാക്കുന്നതിനും പഴയ തരത്തിലുള്ള കോളനിവാഴ്ചയുടെ അന്ത്യത്തിനും ഇത് ഇടയാക്കി.(വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും ജോണ്‍ ഫോസ്റ്റര്‍ ഡള്ളസിനെയുംപോലുള്ള മുരത്ത സാമ്രാജ്യവാദികള്‍ ഇതൊഴിവാക്കാന്‍ പരമാവധി പരിശ്രമിച്ചിരുന്നു) ചുരുക്കത്തില്‍, ആ പ്രതിസന്ധി ചരിത്രപ്രധാനമായ ഒട്ടേറെ സംഭവപരമ്പരകള്‍ക്ക് വഴിയൊരുക്കി. ഇതൊന്നും പ്രതിസന്ധിയുടെ ഘട്ടത്തില്‍ അതുകൊണ്ടുമാത്രം "പ്രവചിക്കാന്‍'' കഴിയുന്നതായിരുന്നില്ല. നിശ്ചയമായും ഈ സംഭവവികാസങ്ങളെല്ലാം കേവലം പ്രതിസന്ധിയുടെ ഉല്‍പന്നങ്ങളാണെന്നു കരുതുന്നതും ശരിയല്ല; മറിച്ച് സമൂര്‍ത്തമായ ഒരു വഴിത്തിരിവില്‍നിന്നും അവ ഉരുത്തിരിഞ്ഞുവരികയാണുണ്ടായത്; അത്തരം ഒരവസരത്തിന്റെ സൃഷ്ടിക്ക് ആ പ്രതിസന്ധിയും കാരണമായിരുന്നു. അതുകൊണ്ട് തന്നെ, ആസന്നമായ പ്രതിസന്ധി ചെന്നെത്തുന്ന വഴിത്തിരിവ് എങ്ങനെ വികസിച്ചുവരും എന്നകാര്യം"പ്രവചിക്കാന്‍'' ആവില്ല. അതിനായി നാം സമയം മെനക്കെടുത്തേണ്ടതുമില്ല. എന്നാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അതിന്റെ ചില പ്രത്യാഘാതങ്ങളെക്കുറിച്ച് ഇവിടെ ചുരുക്കമായി പരാമര്‍ശിക്കേണ്ടതുണ്ട്.

4

മുതലാളിത്ത പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ചെലുത്താവുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഇന്ത്യയില്‍ നടക്കുന്ന സംവാദങ്ങള്‍ നമ്മുടെ ഉല്‍പന്നങ്ങളോടും സേവനങ്ങളോടുമുള്ള ലോകചോദനത്തെ അതെങ്ങനെ ബാധിക്കും എന്ന കാര്യത്തിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പൊതുവില്‍ ലോക ചോദനത്തില്‍ ഉണ്ടാകുന്ന ഏതൊരു കുറവും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ലോകചോദനത്തിലും കുറവു വരുത്തുമ്പോള്‍ തന്നെ, വികസിത രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങളെക്കാള്‍ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വില കുറവുള്ളതിനാല്‍ (ഇതിനുകാരണം ഇവിടത്തെ കൂലികുറവാണ്) ചോദനക്കുറവിന്‍റ പ്രത്യാഘാതം ഇന്ത്യന്‍ ഉല്‍പന്നങ്ങളെക്കാള്‍ വികസിത രാജ്യങ്ങളിലെ ഉല്‍പന്നങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് ചിലര്‍ വാദിക്കുന്നത്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ വികസിതരാജ്യങ്ങളിലെ ഉല്‍പന്നങ്ങളുടെ സ്ഥാനത്ത് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പകരംവരുന്ന പ്രവണത മുമ്പെന്നത്തെക്കാള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നതായാണ് കാണുന്നത്. ഇതുകൊണ്ടാണ് ലോക മുതലാളിത്ത പ്രതിസന്ധി ഇന്ത്യയെ വലുതായൊന്നും ബാധിക്കാതിരിക്കുന്നത്. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പോലുള്ള സര്‍ക്കാര്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ആധാരമായിരിക്കുന്നതും ഈ വാദഗതിയാണ്. ഇന്ത്യന്‍ സമ്പദ്ഘടനയിലെ "നിക്ഷേപകരുടെ ആത്മവിശ്വാസം'' നിലനിര്‍ത്തുന്നതിനുവേണ്ടിയായിരിക്കാം അവരുടെ പ്രതികരണങ്ങള്‍.

എന്നാല്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരുവശം പരാമര്‍ശിക്കപ്പെടുന്നുപോലുമില്ല; ഇത് കര്‍ഷകരെ സംബന്ധിച്ച കാര്യമാണ്. മുതലാളിത്ത പ്രതിസന്ധിഎപ്പോഴും പ്രാഥമികോല്‍പന്നങ്ങളുടെ വ്യാപാരത്തെ അനിവാര്യമായും പ്രതികൂലമായി ബാധിക്കും. അത് നിര്‍മ്മിതോല്‍പന്നങ്ങള്‍ക്കും ആധുനിക സേവന മേഖലാചരക്കുകള്‍ക്കും അനുകൂലമായിരിക്കും. വ്യാപാരവ്യവസ്ഥകള്‍ ഇതിനകം തന്നെ പ്രാഥമിക ഉല്‍പന്നങ്ങള്‍ക്ക് എതിരായി അഭൂതപൂര്‍വമായ വിധം നീങ്ങിക്കഴിഞ്ഞു; അതായത് യുദ്ധാനന്തര അഭിവൃദ്ധിയുടെ അന്ത്യം മുതല്‍ വില വ്യതിയാനങ്ങള്‍ക്ക് അവ വിധേയമാണ്. എന്നാല്‍ ഗുരുതരമായ ഒരു പ്രതിസന്ധിയുടെ ആഗമനം സംഗതി കൂടുതല്‍ വഷളാക്കും. ഇപ്പോള്‍, യാദൃശ്ചികമായിട്ടാണെങ്കിലും, പ്രാഥമികോല്‍പന്നങ്ങളുടെ വ്യാപാര വ്യവസ്ഥകളില്‍ ചാക്രികമായ അഭിവൃദ്ധിക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. അതാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലും ദ്രുതഗതിയില്‍ വളര്‍ച്ച ഉണ്ടാകാനുള്ള ഒരു കാരണം. ഈ അഭിവൃദ്ധിയുണ്ടായിട്ടും മിക്കവാറും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷകരുടെ ആത്മഹത്യ തുടരുന്നു

(കേരളം ഇതില്‍ ഉള്‍പ്പെടുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടെ കര്‍ഷക ആത്മഹത്യ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്) എന്നവസ്തുത ചൂണ്ടിക്കാണിക്കുന്നത് വ്യാപാരമാന്ദ്യമുണ്ടായപ്പോള്‍ കര്‍ഷകരുടെ ദുരിതം ഏറ്റവും അധികമായിരുന്നു എന്നാണ്. രൂപയുമായുള്ള വിനിമയത്തില്‍ ഡോളറിന്റെ വില ഇനിയും ഇടിഞ്ഞാല്‍ ഈ ദുരിതം വീണ്ടും വര്‍ദ്ധിക്കാനാണ് സാധ്യത; കാരണം ലോകകമ്പോളത്തില്‍ മിക്കവാറും എല്ലാ കാര്‍ഷികോല്‍പന്നങ്ങളുടെയും വിലകള്‍ ഡോളറിലാണ് നിശ്ചയിക്കുന്നത്.

കര്‍ഷകരുടെ ബുദ്ധിമുട്ട് കര്‍ഷകത്തൊഴിലാളികളെയും ദോഷകരമായി ബാധിക്കും. അതിനുംപുറമെ, കര്‍ഷകരുടെ ദുരിതം ശക്തിപ്പെടുന്നതിന് ഇടയാക്കിയ ഘടകങ്ങള്‍ കാര്‍ഷികേതര ചെറുകിട ഉല്‍പാദകരെയും ബാധിക്കും. "ആഗോളവല്‍ക്കരണ''ത്തിന്റെ ദുരനുഭവങ്ങള്‍ക്ക് വിധേയരാകുന്ന കര്‍ഷകര്‍ (വ്യാപാരബന്ധത്തിലെ വ്യവസ്ഥകള്‍ കാരണം), കര്‍ഷകത്തൊഴിലാളികള്‍ (കര്‍ഷകരുടെ പ്രതിസന്ധി കാരണം വേലയും കൂലിയും കുറയുന്നതിലൂടെ) കാര്‍ഷികേതര മേഖലയിലെ തൊഴിലാളികള്‍ (വികസിതരാജ്യങ്ങളിലെ മാന്ദ്യത്തിന്റെ വ്യാപനം), ചെറുകിട ഉല്‍പാദകരും ചെറുകിട മുതലാളിമാരും (കമ്പോളം നഷ്ടപ്പെടുന്നതുമൂലം) എന്നീ വിഭാഗങ്ങളുടെയെല്ലാം ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയാണ്. സര്‍ക്കാര്‍ വക്താക്കള്‍ക്ക് വളര്‍ച്ചാനിരക്കിന് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചു മാതമേ ഉല്‍ക്കണ്ഠയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം വിവിധ സാമൂഹ്യവര്‍ഗ്ഗങ്ങള്‍ക്ക് ഇതുമൂലം എന്തു സംഭവിക്കും എന്നതാണ്. മര്‍ദ്ദിത വര്‍ഗ്ഗങ്ങളുടെ ദുരിതം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.

എന്നാല്‍ പ്രാഥമിക ഉല്‍പന്നങ്ങളില്‍ എല്ലാ ചരക്കുകള്‍ക്കും അവയുടെ വ്യാപാര ഇടപാടില്‍ തുല്യനിലയിലുള്ള ഇടിവ് ഉണ്ടായിട്ടില്ല. ഉദാഹരണത്തിന്, എണ്ണയുടെ വിലയില്‍ ഒരു കുറവും ഉണ്ടാകുന്നില്ല; എന്നു മാത്രമല്ല അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. പക്ഷെ, എണ്ണ ഇതര ചരക്കുകളുടെ കൂട്ടത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കാണ് മറ്റു ചരക്കുകളെ അപേക്ഷിച്ച് വിലക്കുറവ് വലുതായി ബാധിക്കാത്തത്. കാരണം, എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് വികസിത രാജ്യങ്ങള്‍ ജൈവ ഇന്ധനങ്ങളിലേക്ക് തിരിഞ്ഞു. അവയിലൊന്നായ മെത്തനോള്‍ നിര്‍മ്മിക്കുന്നത് ചോളം തുടങ്ങിയ ധാന്യങ്ങളില്‍നിന്നാണ്. ഇത് വളരെ ലാഭകരമാണെന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍വെയ്സ് അടുത്തകാലത്ത് ജെറ്റ് വിമാനങ്ങള്‍ പറപ്പിക്കാന്‍ ജൈവ ഇന്ധനം വിജയകരമായി പ്രയോഗിച്ചു. ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ വലിയൊരു ഭാഗം ഇങ്ങനെ ജൈവ ഇന്ധനങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും മാറ്റി ഉപയോഗിക്കുകയാണ്, ഇനിയും ഈ മാറ്റം തുടരുകയും ചെയ്യും. ഇതേ ആവശ്യത്തിനുവേണ്ടി മറ്റു ചില സസ്യങ്ങള്‍ വളര്‍ത്തുന്നതിന് ഭക്ഷ്യധാന്യകൃഷി നടത്തുന്ന ഭൂമി ഉപയോഗിക്കുന്നുമുണ്ട്. ഇത് കാണിക്കുന്നത് ഭക്ഷ്യധാന്യവ്യാപാരത്തില്‍ വലിയ വില ഇടിവ് ഉണ്ടാകില്ലെന്നാണ്.

ഇത് കാണിക്കുന്നത് ഭക്ഷ്യധാന്യങ്ങളല്ലാത്ത മറ്റു പ്രാഥമിക ഉല്‍പന്നങ്ങള്‍ക്ക് അവയുടെ വ്യാപാര ഇടപാടില്‍ വിലയിടിവ് ഉണ്ടാകുമെന്നാണ്; നിര്‍മ്മിതവസ്തുക്കളെക്കാളും ആധുനിക സേവനങ്ങളെക്കാളും മാത്രമല്ല ഭക്ഷ്യധാന്യങ്ങളെക്കാളും ഇവയ്ക്ക് വിലയിടിവ് ഉണ്ടാകുന്നു. ഭക്ഷ്യധാന്യ ഉല്‍പാദകരുടെ അവസ്ഥയും ഈ വ്യാപാരമാറ്റത്തെത്തുടര്‍ന്ന് വഷളായി വരികയാണ്. എന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ അല്ലാത്ത കാര്‍ഷികോല്‍പന്നങ്ങള്‍ കൃഷിചെയ്യുന്ന കര്‍ഷകരും, നിശ്ചയമായും ഭക്ഷ്യധാന്യകര്‍ഷകര്‍ ഒഴികെ മേല്‍സൂചിപ്പിച്ച എല്ലാവര്‍ഗങ്ങളും, രണ്ടു സ്രോതസ്സുകളില്‍ നിന്നുള്ള കടുത്ത ദുരിതം അനുഭവിക്കുകയാണ്.അവരുടെ ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ നിര്‍മ്മിത വസ്തുക്കളില്‍നിന്നും ആധുനിക സേവനങ്ങളില്‍നിന്നും നേര്‍ക്കുനേര്‍ വരുന്നപ്രതികൂല ചലനങ്ങളും അവരുടെ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ ഭക്ഷ്യധാന്യങ്ങളില്‍നിന്നും ഉണ്ടാകുന്നഎതിര്‍ചലനങ്ങളും.

ഈ പ്രതിഭാസം ലോകത്തെങ്ങും കാണാവുന്നതാണ്. നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ഭക്ഷ്യകമ്മി (ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫിലിപ്പെന്‍സിലേത്), എല്ലായിടവും വ്യാപകമായിരിക്കുന്ന ഗണനീയമായ തോതിലുള്ള നാണയപ്പെരുപ്പം, ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക്, പ്രത്യേകിച്ചും ഭക്ഷ്യധാന്യങ്ങള്‍ക്ക്, ഉണ്ടായ കുത്തനെയുള്ള വിലക്കയറ്റം എന്നിവയെല്ലാം ഈ സംഭവവികാസത്തിന്റെ ലക്ഷണങ്ങളാണ്. ഈ നാണയപ്പെരുപ്പത്തിന്റെ പുറത്ത് അമിത ഉല്‍പാദന പ്രതിസന്ധി കൂടി ഉണ്ടായാല്‍ ലോകത്തിലെ (ഇന്ത്യയിലെയും) വലിയ വിഭാഗം ജനങ്ങളുടെയും ജീവിതം കടുത്ത ദുരിതത്തില്‍ അകപ്പെടും.

ലോകമുതലാളിത്ത പ്രതിസന്ധിയില്‍ നിന്ന് ഉടലെടുക്കുന്ന കര്‍ഷകരുടെ രൂക്ഷമായ ജീവിതദുരിതം മുപ്പതുകളില്‍ മഹാമാന്ദ്യത്തിന്റെ സന്ദര്‍ഭത്തില്‍ സംഭവിച്ച കാര്യങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. ഇന്ത്യന്‍ കര്‍ഷക സമൂഹം കടത്തിലും ദാരിദ്ര്യത്തിലും മുങ്ങിത്താണു. കാര്‍ഷിക സമ്പദ് വ്യവസ്ഥ അപ്പാടെ തകര്‍ന്നു. "ബ്രിട്ടീഷ് ഇന്ത്യ''യിലെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗം സ്വാതന്ത്ര്യത്തിന്റെ ഘട്ടത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിന്റെ നാലില്‍ ഒന്നായി.

ഗ്രാമപ്രദേശങ്ങളിലെ ഈ കൊടിയ ദുരിതത്തെക്കുറിച്ച് വിവിധ ഭാഷകളിലെ സാഹിത്യസൃഷ്ടികളില്‍ വസ്തുനിഷ്ഠമായും ഹൃദയാവര്‍ജകമായും വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മണിക് ബന്ദോപാദ്ധ്യായയുടെ ബംഗാളി ചെറുകഥകള്‍. ഈ ദുരിതങ്ങള്‍ കര്‍ഷകസമൂഹത്തെയാകെ ഇളക്കിമറിച്ചു; അവര്‍ വലിയതോതില്‍ സ്വാതന്ത്ര്യസമരത്തില്‍ അണിനിരന്നു. ഇത് സ്വാതന്ത്ര്യസമരത്തെ തന്നെ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ ആവേശകരമാക്കി; കോളനി വാഴ്ചയ്ക്കെതിരായ പോരാട്ടത്തില്‍ പുരോഗമനശക്തികളെ ഇത് കരുത്തുറ്റതാക്കി. തെലങ്കാന, തേഭാഗ, പുന്നപ്രവയലാര്‍ എന്നീ ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് അത് അരങ്ങൊരുക്കി.

"ആഗോളവല്‍ക്കരണ''ത്തിന്റെ പ്രത്യാഘാതം കൊണ്ടു തന്നെ ബുദ്ധിമുട്ടില്‍ കഴിയുന്ന കര്‍ഷകര്‍ മുപ്പതുകളെ ഓര്‍മിപ്പിക്കുന്ന പ്രതിസന്ധിയില്‍കൂടി അകപ്പെട്ടാല്‍, ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി സമൂലപരിവര്‍ത്തനത്തിനുള്ള സാധ്യത തെളിയുകയും സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ അത് ശക്തിപ്പെടുത്തുകയുംചെയ്യും. ഈ സാധ്യത ഏത് പരിധി വരെ ഉപയോഗിക്കപ്പെടുന്നു എന്നുള്ളത് നിശ്ചയമായും പുരോഗമന ശക്തികളുടെ തയ്യാറെടുപ്പിനെയാണ് ആശ്രയിച്ചിരിക്കന്നത്. ചിരിത്രപ്രധാനമായ സംഭവവികാസങ്ങളും സാധ്യതകളുമാണ് നമുക്ക് മുന്നിലുള്ളത് എന്നകാര്യം സംശയാതീതമാണ്.

കൃത്യമായും ഇതേ കാരണത്താല്‍ തന്നെയാണ്, ഈസംഭവവികാസങ്ങള്‍ സാമ്രാജ്യത്വ ആഗോളവല്‍ക്കരണ പ്രക്രിയയ്ക്ക് ഭീഷണി ഉയര്‍ത്തില്ലെന്നും ആഗോള സാമ്രാജ്യവ്യവസ്ഥയ്ക്കെതിരെ ജനാധിപത്യ സംവിധാനം ഉറപ്പിക്കുന്നതിനായി ജനങ്ങള്‍ മുന്നേറില്ലെന്നും ഉറപ്പുവരുത്താന്‍ സാമ്രാജ്യത്വം ഒട്ടേറെ അടവുകള്‍ പ്രയോഗിക്കും. മൂന്നാം ലോകത്തിലെ ബൌദ്ധിക സംവാദങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നതു മുതല്‍ ഇന്ത്യയെപ്പോലുള്ള പ്രധാന രാജ്യങ്ങളിലെ ഭരണവര്‍ഗവുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുന്നതു വരെയുള്ള (ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ അതില്‍ ഉള്‍പ്പെടുന്നതാണ്) നിരവധി അടവുകള്‍ ഇതില്‍പെടുന്നു. മൂന്നാംലോകരാജ്യങ്ങളിലെ ഭരണവര്‍ഗവുമായി ഉണ്ടാക്കുന്ന തന്ത്രപരമായ സഖ്യം ഉപയോഗിച്ച് സാമ്രാജ്യത്വം ഈ രാജ്യങ്ങളിലെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും യോജിച്ച പോരാട്ടങ്ങള്‍ അസാധ്യമാക്കുംവിധം ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കാനും അവരുടെ നിയന്ത്രണത്തില്‍ ചില മേഖലകളില്‍ അസ്വസ്ഥതകളും ബഹളങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കാനും അങ്ങനെ താല്‍ക്കാലികമായെങ്കിലും സമൂഹത്തില്‍ രാഷ്ട്രീയമരവിപ്പ് സൃഷ്ടിക്കാനും ശ്രമിക്കും. അതുകൊണ്ട് ഈ പുതിയ പ്രതിസന്ധി ഘട്ടം ജനങ്ങളുടെ ജനാധിപത്യഘടനകളെയും ജനാധിപത്യ ഈടുവയ്പുകളെയും പ്രതിരോധിക്കുന്നതിന് മുന്‍പെന്നത്തെക്കാള്‍ ദൃഢതയോടെ പുരോഗമനശക്തികള്‍ നിലയുറപ്പിക്കേണ്ടതുണ്ട്. അരാഷ്ട്രീയവല്‍ക്കരണത്തിനുള്ള എല്ലാ നീക്കങ്ങളെയും അവര്‍ വിട്ടുവീഴ്ച കൂടാതെ ചെറുത്തുതോല്‍പിക്കണം; വര്‍ഗീയവും വംശീയവുമായ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെയും പരാജയപ്പെടുത്തണം.

-പ്രഭാത് പട്‌നായിക്, കടപ്പാട് :ചിന്ത മെയ്‌ദിന പതിപ്പ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ സമ്പദ്ഘടന, അതിലൂടെ ലോക മുതലാളിത്ത സമ്പദ്ഘടനയും, മാന്ദ്യത്തിന്റേതായ കാലഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെ എല്ലാപേരും അംഗീകരിക്കുകയാണ്. ഈ മാന്ദ്യം എത്രമാത്രം കഠിനമായിരിക്കുമെന്നും അത് എത്രകാലം നീണ്ടു നില്‍ക്കും എന്നുമുള്ളതാണ് യഥാര്‍ത്ഥ ചോദ്യം.

പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ ലേഖനം.

Anonymous said...

സന്ദേശം എന്ന സിനിമയില്‍ തത്വികാചാര്യനായി വേഷം കെട്ടുന്ന ശങ്കരാടിയോടു ഉത്തമന്‍ എന്ന ഒരു പാര്‍ടി സഖാവ്‌ ചോദിക്കുന്ന ഒരു ചോദ്യം പ്രസക്തമാണൂ 'സഖാവെ എന്താ നമ്മള്‍ ഇലക്ഷനില്‍ തോറ്റതെന്നു മലയാളത്തില്‍ അങ്ങു പറ" അതാണു ഈ ലേഖനത്തെപറ്റിയും പറയാനുള്ളതു ഇതിനെ ജിസ്റ്റ്‌ എതാണെന്നുവച്ചാല്‍ ഒരു ടിപ്പണി ആയി പറയുക ചിന്തയും ദേശാഭിമാനിയും മാത്രം വയിക്കുന്നവരെല്ലം വരട്ടു തത്വവാദികള്‍ ആകുന്നത്‌ എങ്ങിനെ എന്നു മനസ്സിലാക്കാന്‍ മാത്രം ഈ പോസ്റ്റു ഉപകരിച്ചു

അമേരിക്കന്‍ മുതലാളിത്തം നശിക്കുമെന്നാണോ പറയാനുള്ളതു? മലര്‍പ്പൊടിക്കരണ്റ്റെ മനോരാജ്യം ഗ്രേട്‌ റിസഷന്‍ വായിച്ചുനോക്കുക അതു തരണം ചെയ്തതാണു അമേരിക്കന്‍ മുതലാളിത്തം ഇപ്പോള്‍ ആ പ്രതിസന്ധി ഇല്ല

കാര്‍ഗില്‍ വാറിനു അയ്യയിരം കോടി ചെലവായി എയര്‍ ഫൊര്‍സിനെ സമയത്തു ഉപയോഗിക്കാതെ ഇരുന്ന വിഡ്ഡിത്തം കാരണം ഒരാശ്ച നമ്മുടെ മണ്ണില്‍ വച്ചു നമ്മൌടെ ബങ്കര്‍ കയ്യേറിയവരെ പുറത്താക്കന്‍ അത്ര ചെലവു വന്നു.

സ്വന്തം രാജ്യത്തിണ്റ്റെ അഭിമാനമായ രണ്ടു ടവറുകള്‍ സ്വന്തം വിമാനം തട്ടിയെടുത്തു അഞ്ചാറു മനുഷ്യ ജീവന്‍ മാത്രം ചെലവാക്കി നശിപ്പിച്ചവരോട്‌ അമേരിക്ക അവര്‍ വിചാരിക്കുന്ന രീതിയില്‍ പോരാടുന്നു അതു തെറ്റാണോ?

Anonymous said...

Whether or not there is a 'recession' in 2008 will depend both on actual economic activity and on the subjective judgments of the National Bureau of Economic Research USA.

Some experts believe that a credit shortage will tip the economy into negative growth. The credit crunch has indeed caused havoc in the financial and real estate sectors, and the Federal Reserve reacted last week by lowering interest rates by a quarter of a percentage point. Columbia Business School economist Charles Calomiris, a visiting scholar at the American Enterprise Institute, believes that the Fed’s actions thus far have been appropriate, but that further loosening of the money supply may not be necessary. Calomiris sees the housing finance shock as small relative to the total economy

“We clearly have had a major house price and credit market bubble between 2000 and 2006 that is now in the process of deflating at a time that oil prices are at $90 a barrel,” Lachman explains. “House prices have already started to decline and could very well decline by 5-10 percent a year over the next few years, which will erode the underlying collateral of bank mortgage lending.”

economic remedies, such as tax relief, are available to stimulate the economy and prevent a recession. Lawmakers could make the Bush tax cuts permanent, or they could even pass new tax cuts, as several Republican presidential candidates have proposed. The prospect of higher taxes after 2010, when the Bush tax cuts expire, has had a dampening effect on current investment.

On balance, it is not likely that the United States will experience a recession in 2008. Most economic forecasters expect growth to continue in the 2.5 percent range. Employment and personal income have remained strong through October and November of 2007, so consumption spending should continue, buoying the economy. The weak U.S. dollar makes American exports more competitive, thereby fueling economic growth and employment. Even if the economy dips in 2008, its slowdown may not last the requisite “several months” to be designated a recession by the NBER.

In other words, whether or not there is a “recession” in 2008 will depend both on actual economic activity and on the subjective judgments