Thursday, June 19, 2008

ഭീകരവാദത്തിനെതിരായ ഫത്വ

2008 മേയ് 31 ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിവസമായി കണക്കാക്കേണ്ടതുണ്ട്.

തീര്‍ച്ചയായും ഇത് ആധുനിക മുസ്ലീം ചരിത്രത്തിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

അന്നേ ദിവസം ഡെല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ റാം‌ലീല മൈതാനിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ച്, ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക്, പ്രധാനമായും മുസ്ലീങ്ങള്‍ക്ക്, ദാറുള്‍ ഉലൂം, ദിയോബാന്‍ദ് എന്ന മതപാഠശാല ഒരു ഫത്വ നല്‍കുകയുണ്ടായി. ഇന്ത്യയുടെ മതേതര, കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്രസമരപ്രസ്ഥാനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ള ദാറുള്‍ ഉലൂം, ദിയോബാന്‍ദ് നല്‍കിയ ഫത്വ എന്താണെന്നോ? ഭീകരവാദം എന്നത് ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു അത്.

നിരവധി പ്രകോപനങ്ങളുണ്ടായിട്ടും ഇന്ത്യയിലെ മുസ്ലീമുകള്‍ -ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യ ഉള്ള രാജ്യങ്ങളില്‍ ഇന്ത്യ യ്ക്ക് രണ്ടാം സ്ഥാനമാണുള്ളത് - ഭീകരവാദത്തിനോട് വിമുഖത പ്രകടിപ്പിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യം നിലവിലിരിക്കെ, ഇത്തരമൊരു ഫത്വ നല്‍കാന്‍ എന്തായിരിക്കാം ദാറുള്‍ ഉലൂമയെ പ്രേരിപ്പിച്ചത് ? ഈ ചോദ്യം വളരെ പ്രസക്തമാണെന്നു തോന്നുന്നു.

നിരപരാധിയായ ഒരു മനുഷ്യജീവിയെപ്പോലും, അവന്‍ ഏത് മതവിശ്വാസത്തിപ്പെട്ട ആളാണെങ്കിലും, കൊല്ലുന്നത് മനുഷ്യവംശത്തെത്തന്നെ കൊല്ലുന്നതിനു തുല്യമായിക്കരുതി ഖുറാന്‍ വിലക്കുന്നുണ്ട് എന്ന്‍ മതപാഠശാലകളുടെ അകത്തളങ്ങളില്‍ തങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ട് എന്ന് മുഴുവന്‍ രാഷ്ട്രത്തോടും വിളിച്ചു പറയുക എന്നതായിരുന്നു ആ ഫത്വക്കു പിന്നിലെ ഒരുദ്ദേശം.

“ഇസ്ലാമിക ഭീകരവാദം” എന്ന പദത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രയോഗം മുസ്ലീം സമുദായം ഒരു തരത്തിലും നിസ്സാരമാക്കി തള്ളിക്കളയുകയില്ല എന്ന സന്ദേശം ഭരണകൂടത്തിനും, അതിന്റെ ഏജന്‍സികള്‍ക്കും, മാധ്യമങ്ങള്‍ക്കും പൌരസമൂഹത്തിലെ ഒരു വിഭാഗത്തിനും നല്‍കുക എന്നതായിരുന്നു രണ്ടാമത്തെ ഉദ്ദേശം.

ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടേയൊ മിസോകളുടേയോ നാഗന്മാരുടേയോ ഭീകരവാദത്തെ ക്രിസ്ത്യന്‍ ഭീകരവാദമായോ, എല്‍.ടി.ടി.ഇയുടേയും ഉള്‍ഫയുടേയും ഭീകരവാദത്തെ ഹിന്ദു ഭീകരവാദമായോ, ഖാലിസ്ഥാനികളുടേത് സിഖ് ഭീകരവാദമായോ, ഇര്‍ഗുണ്‍, സ്റ്റീന്‍ സംഘങ്ങളുടേത് ജൂത തീവ്രവാദമായോ കരുതാത്ത അവസ്ഥയില്‍ ഇസ്ലാമിക് ഭീകരവാദം എന്ന പദം വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് പശ്ചിമേഷ്യയേയും മിഡില്‍ ഈസ്റ്റിനേയും ശിഥിലീകരിക്കുവാനും തങ്ങളുടേതായ പാവ ഭരണകൂടങ്ങളെ അവിടെ പ്രതിഷ്ഠിക്കുവാനും അതു വഴി അവിടങ്ങളിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനും എല്ലാ അടവും പയറ്റുന്ന, വൈദേശികരായ സാമ്രാജ്യത്വശക്തികളും അവരുടെ ഇന്ത്യയിലെ സഹകാരികളും ചേര്‍ന്ന് അഴിച്ചുവിട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രചരണം ആയി മാത്രമേ കരുതാനാകൂ എന്ന പോയിന്റ് ഉന്നയിക്കുകയായിരുന്നു അവര്‍.

ഇന്ത്യന്‍ ഭരണകൂടം “ഭീകര സംഘടനകളായി” മുദ്ര കുത്തിയിട്ടുള്ള നാല്പതോളം ഗ്രൂപ്പുകളില്‍ വെറും ആറെണ്ണത്തിനു മാത്രമാണ് ഇസ്ലാമിക സംജ്ഞകള്‍ ഉള്ളത് എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

ഒരു കാര്യം വളരെ വ്യക്തമാണ്. ഇസ്ലാമിക സംജ്ഞയെക്കുറിച്ച് ( “എല്ലാ മുസ്ലീങ്ങളും ഭീകരവാ‍ദികളല്ല പക്ഷെ എല്ലാ ഭീകരവാദികളും മുസ്ലീങ്ങളാണ് ” എന്നവര്‍ പറയുമ്പോള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും കൊടും ക്രൂരമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയത് അമുസ്ലീങ്ങളാണ്, ഉദാഹരണമായി മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ വധങ്ങള്‍, എന്നത് നമുക്ക് വിട്ടുകളയാം.) വാതോരാതെ സംസാരിക്കുന്നത് ഇപ്പോഴും തുടരുന്നവര്‍ക്ക് ചില ഉദ്ദേശങ്ങളുണ്ട്. ഇന്ത്യയിലെ വര്‍ഗീയ “ദേശീയവാദത്തിന്റെയും” ആഗോളതലത്തിലെ മുസ്ലീം വിരുദ്ധ സാമ്രാജ്യത്വത്തിന്റെയും താല്പര്യങ്ങള്‍ ഒത്തു ചേരാന്‍ അരങ്ങൊരുക്കേണ്ടത് അവരുടെ ആവശ്യമാണ്. അങ്ങനെ, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും ലോകക്രമത്തിന്റെ തന്നെയും സ്വഭാവം മാറ്റിമറിക്കുന്നതിനായി വര്‍ഗീയതയും ഭീകരവാദവും ഒന്നില്‍ നിന്ന് മറ്റൊന്ന് വേര്‍പിരിക്കാനാവാത്ത രീതിയില്‍ ഒരു അധീശത്വ തന്ത്രമായി (deployed inseparably as a hegemonic strategy) വിന്യസിക്കപ്പെടുകയാണ്.

ഭൂരിപക്ഷ ഫാസിസ്റ്റുകള്‍ ദശകങ്ങളോളമായി തങ്ങളുടെ രാഷ്ട്രീയമായ നിലനില്‍പ്പിനായി സജീവമാക്കി നിലനിര്‍ത്തുന്ന- ‘ഇന്ത്യയിലെ മുസ്ലീങ്ങളുടെ പ്രാഥമികമായ കൂറ് ലോകത്തിലങ്ങോളമിങ്ങോളമുള്ള മുസ്ലീംസമൂഹത്തോടാണെന്നും, അവരത്രയൊന്നും ദേശസ്നേഹമുള്ളവരല്ലെന്നും‘ ഉള്ള - കെട്ടുകഥയുടെ പൊള്ളത്തരം തുറന്നുകാട്ടുക എന്നതായിരിക്കണം ദിയോബാന്‍ദിലെ ദാറുള്‍ ഉലൂം എടുത്ത മുന്‍‌കൈയുടെ മറ്റൊരു ലക്ഷ്യം,

ആശ്ചര്യമെന്നു പറയട്ടെ, ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഹിന്ദുക്കളുടെ ഭാവിയെക്കുറിച്ച് വിശ്വ ഹിന്ദു പരിഷത്ത് ദൈനം ദിനമെന്നോണം ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോള്‍ ഒരു ചോദ്യവും ഉയരുന്നില്ല. നേപ്പാളിലെ രാജവാഴ്ചയുടെയും ഹൈന്ദവ ഭരണത്തിന്റെയും തകര്‍ച്ച നേപ്പാളിലെ ജനതക്കുണ്ടാക്കിയതിലും വിഷമം അമേരിക്കയിലെ സാമ്രാജ്യത്വവാദികള്‍ക്കും ഇന്ത്യയിലെ വി.എച്ച്.പി / ആര്‍.എസ്.എസ് / ബി.ജെ.പി പ്രഭൃതികള്‍ക്കുണ്ടാക്കി എന്നത് ശ്രദ്ധിക്കേണ്ടതാണ് ! അതുപോലെത്തന്നെ മേല്‍പ്പറഞ്ഞ സംഘടനകള്‍ക്ക് ക്ഷേത്രട്രസ്റ്റുകളുടെ ഉദ്ധാരണത്തിനായും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നു എന്നു പറയപ്പെടുന്ന ഇന്ത്യന്‍ ഹിന്ദുക്കളുടെ രാഷ്ട്രീയഭാവി ശോഭനമാക്കുന്നതിനായും അമേരിക്കയിലേയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ദശലക്ഷക്കണക്കിനു ഡോളര്‍ ലഭിക്കുമ്പോഴും അവയില്‍ ഭൂരിഭാഗവും കണക്കില്‍ വരവുവെക്കാതിരിക്കുമ്പോഴും ഒരു ചോദ്യവും ഉയരുന്നില്ല.

അതുപോലെ തന്നെ, വിദൂരസ്ഥമായ ഇസ്രായേലിലെ സിയോണിസ്റ്റ് രാഷ്ട്രത്തിന്റെ നന്മക്കും ഭദ്രതയ്ക്കും വേണ്ടി എന്തുകൊണ്ടാണ് ലോകമാസകലമുള്ള ജൂതന്മാര്‍ തങ്ങള്‍ക്കുള്ളതെല്ലാം ത്യജിക്കേണ്ടത് എന്ന ചോദ്യവും എങ്ങുനിന്നും ഉയരുന്നില്ല.

എങ്കിലും, ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഉപദേശിക്കപ്പെടുകയാണ്, മുസ്ലീം ഭൂരിപക്ഷ ഇറാഖിനെക്കുറിച്ചോ, ഇറാനെക്കുറിച്ചോ, അതുപോലെയുള്ള മറ്റെന്തിനെയെങ്കിലും കുറിച്ചോ തങ്ങള്‍ക്കുള്ള അഭിപ്രായങ്ങളെല്ലാം സ്വന്തം നന്മയെക്കരുതി മൂടിവെക്കണമെന്ന്. (Harish Khare, Indian Muslims and their Linkages, The Hindu, June 6, '08) എഴുത്തുകാരന്‍ ഒരു പക്ഷെ ഉദ്ദേശിക്കാത്ത, എന്നാല്‍ തീര്‍ത്തും വര്‍ഗീയമായ വാദഗതി ആണിത്. ഇന്ത്യയിലെ അമുസ്ലീങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല, പക്ഷെ മുസ്ലീങ്ങളുടെ കാര്യം അങ്ങിനെയല്ല, കാരണം ഉടന്‍ തന്നെ അവര്‍ ഭീകരവാദത്തോട് ആഭിമുഖ്യമുള്ളവരായി മുദ്രകുത്തപ്പെടും. ആ വിഷയത്തെക്കുറിച്ചുള്ള മദ്ധ്യവര്‍ഗ, മദ്ധ്യവര്‍ത്തി കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് ഖാരെ - തന്റെ സൂക്ഷ്മദൃഷ്ടികൊണ്ടും സെന്‍സിറ്റിവിറ്റി കൊണ്ടും പലപ്പോഴും വേറിട്ടു നില്‍ക്കുന്ന രാഷ്ട്രീയ നിരീക്ഷകനാണദ്ദേഹം - ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെയും രാഷ്ട്രീയ സംവിധാനത്തിലെയും “പുരോഗമനവാദികളായ” ഘടകങ്ങളെ കരുതിയിരുക്കുവാന്‍ മുസ്ലീങ്ങളെ ഉപദേശിക്കുക കൂടി ചെയ്യുന്നുണ്ട്. കാരണം ഇന്ത്യന്‍ മുസ്ലീങ്ങളെ അവരുടെ “ചേരിവല്‍ക്കരിക്കപ്പെട്ട ജീവിതത്തില്‍” നിന്നും രക്ഷിക്കാനുള്ള മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ “കഴിനെക്കുറിച്ചും, ഉദ്ദേശശുദ്ധിയെക്കുറിച്ചും“ അദ്ദേഹത്തിനു സംശയമുണ്ടത്രെ.

മുകളില്‍ പറഞ്ഞ വാദത്തിനു ചെറിയൊരു തിരുത്ത് : വെറുപ്പ് നിറയുന്ന പ്രചരണത്തിലൂടെയും, ക്രൂരമായ കൊലപാതകങ്ങളിലൂടെയും പലരീതിയിലും വെളിവാക്കപ്പെടുന്ന ഭൂരിപക്ഷവര്‍ഗീയതയും, പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരാജയവുമാണ് മുസ്ലീങ്ങളെ “ചേരിവല്‍ക്കരിക്കപ്പെട്ടവരായി” നിലനിര്‍ത്തുന്നത്, അല്ലാതെ ഇന്ത്യന്‍ മതേതരവാദികള്‍ക്കിടയിലെ “പുരോഗമനാശയക്കാര്‍” അല്ല. ആ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തെറ്റായ വിധിയെഴുത്ത്, ഒരു നല്ല ഉദ്ദേശം വെച്ചുകൊണ്ടാണെങ്കില്‍പോലും, നിരവധി തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കും.

II

ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വേദനയ്ക്കും അന്ത:ക്ഷോഭത്തിനും ഒന്നിലധികം കാരണങ്ങളുണ്ട് എന്നത് വസ്തുതയാണ്.

മുസ്ലീം മതാധിഷ്ഠിത ഭരണകൂടങ്ങള്‍ ലോകമാസകലം സ്ഥാപിക്കണം എന്നാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അവര്‍ക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ അത്തരക്കാരുടെ “സാമ്രാജ്യത്വ വിരുദ്ധത” എന്നതിന്റെ അടിത്തറ വ്യാജമാണ്, നിഷ്ഠൂരമായ ഒരു ഭരണക്രമത്തെ മറ്റൊന്നു കൊണ്ട് പകരം വെക്കുക എന്നതാണവരുടെ ഉള്ളിലിരുപ്പ്. അങ്ങിനെ വരുമ്പോള്‍, ആധുനികതയുടേയും ലിബറലിസത്തിന്റെയും (മതേതരത്വം ഇവയുടെ ആശയപരമായ അവിഭക്ത ഘടകമാണ്) സല്‍ഫലങ്ങളോട് ഐക്യപ്പെടുവാന്‍ വിമുഖത പ്രകടിപ്പിക്കുന്ന ഒരു തരം വീക്ഷണമാണിതെന്ന് ബോദ്ധ്യമാകും.

എന്നാല്‍, അടിസ്ഥാനപരമായി രാഷ്ട്രങ്ങളുടെ പരമാധികാരം തന്നെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന ആഗോളവല്‍ക്കരണ ശക്തികള്‍ക്കെതിരെ “ദേശീയത” ഉയര്‍ത്തിപ്പിടിക്കുന്ന പോരാട്ടങ്ങള്‍ നടത്തുന്നവരും ഉണ്ട്. ആഫ്രിക്കയിലേയും, മിഡില്‍ ഈസ്റ്റിലേയും, തെക്കുകിഴക്കന്‍ ഏഷ്യയിലേയും വിശാലമായ ഭൂപ്രദേശങ്ങളില്‍ പാശ്ചാത്യശക്തികള്‍ നടത്തിയ വഞ്ചനകളിലും കൊള്ളകളിലും ഇതിനുള്ള ന്യായീകരണം എത്രവേണമെങ്കിലും കാണാം. സാമ്രാജ്യത്വത്തിന്റെ അധീശത്വത്തെ മിക്കവാറും രാജ്യങ്ങള്‍ തള്ളിപ്പറഞ്ഞ ലാറ്റിന്‍ അമേരിക്കയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, അര്‍ഹമായ അവകാശങ്ങളില്‍ നിന്നും തുല്യനീതിയുള്ള പൌരത്വത്തില്‍ നിന്നും അത് പ്രദാനം ചെയ്യുന്ന അവസരസമത്വത്തില്‍ നിന്നും മുസ്ലീം ജനതയെ ഒഴിച്ചു നിര്‍ത്തുന്ന അവസ്ഥ എന്ന മൂന്നാമത്തെ കാരണമാണ് കേന്ദ്രസ്ഥാനത്തുള്ളത്.

ഇന്ത്യയില്‍ ഇത്തരമൊരു ഒഴിവാക്കല്‍ പകല്‍ പോലെ ഒരു യാഥാര്‍ത്ഥ്യമാണ് എന്നത് ഗോപാല്‍ സിങ്ങ്, സച്ചാര്‍ എന്നീ രണ്ട് ഉന്നതാധികാര കമ്മീഷനുകളെങ്കിലും വിശദമായ തെളിവെടുപ്പ് നടത്തുകയും തിട്ടപ്പെടുത്തുകയും ചെയ്ത ശേഷം തങ്ങളുടെ റിപ്പോര്‍ട്ടുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത്തരമൊരു ഒഴിവാക്കല്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെ കളിയാക്കുകയും റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നത് “പ്രീണനം” ആണെന്നു പ്രചരിപ്പിക്കുകയുമാണ് വലത് ഹിന്ദുത്വവാദികള്‍ പുറത്തെടുത്ത നികൃഷ്ട തന്ത്രം. അതിലേറ്റവും കുടിലമായത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ മുകളില്‍പ്പറഞ്ഞ ആദ്യവിഭാഗത്തിലാണ് പെടുന്നതെന്നും, ഇന്ത്യയെ ഒരു ഇസ്ലാമിക മതരാഷ്ട്രമായി മാറ്റുക എന്നതാണവരുടെ ഉദ്ദേശം എന്നുമുള്ള യാതൊരു തെളിവുമില്ലാത്ത വിവാദങ്ങളിലേക്ക് കാര്യങ്ങളെ വഴി തിരിച്ചു വിടുക എന്നതായിരുന്നു.

മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം അനുവദിക്കപ്പെടുന്നുണ്ടെന്നും, അത് അനുവദിക്കുന്നത് തുടരുകയാണെങ്കില്‍ രാഷ്ട്രത്തിന്റെ ജനസംഖ്യാപരമായ പ്രൊഫൈല്‍ മാറുന്ന ദിനം അത്ര വിദൂരമല്ലെന്നും, ഇപ്പോഴുള്ള 14 ശതമാനത്തില്‍ നിന്നും അവര്‍ അമുസ്ലീങ്ങളുടെ അനുപാതമായ 80 ശതമാനത്തിലേക്ക് വളരുമെന്നും ഓരോ ദിവസവും ഇവിടുത്തെ ഹിന്ദുക്കളെ ഓര്‍മ്മപ്പെടുത്തുകയാണ്.

ഇത് കേട്ട് ചിരിക്കുന്നതിനു മുന്‍പ് ഒരു നിമിഷം ആലോചിക്കുകയും, ഇന്ത്യയിലെ മദ്ധ്യവര്‍ഗ ഹിന്ദുക്കള്‍ക്കിടയിലെ ഒരു വലിയ വിഭാഗം, പ്രത്യേകിച്ച് വിദ്യാസമ്പന്നരും ധനികരുമായ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലെ ഒരു വിഭാഗം, ഈ ഭീതി ശരിയാണെന്ന് വിശ്വസിക്കുവാന്‍ മടിയില്ലാത്തവരാണെന്നത് മനസ്സിലാക്കുകയും ചെയ്യുക ! ജനസംഘത്തിന്റെ രൂപീകരണകാലം മുതല്‍ തന്നെ സംഘപരിവാര്‍ തങ്ങളുടെ മുസ്ലീം വിരുദ്ധ പാഷാണരാഷ്ട്രീയത്തിന്റെ അടിത്തറയാക്കിയിരുന്നത് ഈ വിഭാഗത്തെയാണ്.

III

ഇപ്പോള്‍ ഇതിനോടനുബന്ധിച്ച രണ്ട് വസ്തുതകള്‍ - മുസ്ലീങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നുള്ളതും, ഏറ്റവും സ്വാധീനശക്തിയുള്ള മുസ്ലീം പുരോഹിതരും മതപാഠശാലകളും ഭീകരവാദത്തെ ഉച്ചത്തിലും പരസ്യമായും തള്ളിപ്പറയുന്നതും - പൊതുജനശ്രദ്ധയില്‍ വന്നു എന്നത് കൊണ്ട് , വലതുപക്ഷ ഹിന്ദു വര്‍ഗീയ രാഷ്ട്രീയത്തിന് തങ്ങളുടെ പാതയില്‍ ചില തടസ്സങ്ങളൊക്കെ നേരിടേണ്ടി വരുമെന്ന് നമുക്ക് കരുതാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, വളരെ ലളിതവും എന്നാല്‍ ആത്യന്തികമായി പരമപ്രധാനവുമായ ഒരു കാരണത്താല്‍ ഇതൊക്കെത്തന്നെ ഫലശൂന്യമായേക്കാം. മുകളില്‍ പറഞ്ഞിട്ടുള്ള വസ്തുതകളെയും സംഭവവികാസങ്ങളേയും കണക്കിലെടുക്കാനുള്ള ഭരണകൂടത്തിന്റെയും അതിന്റെ വിവിധ ഏജന്‍സികളുടേയും - പ്രത്യേകിച്ച് നിയമപാലനത്തിന്റെ ചുമതലയുള്ളവരുടെ - ഇച്ഛാശക്തിയാണ് ഏറ്റവും പ്രധാനപ്പെട്ട ആ കാര്യം.

വരേണ്യവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്ക് അനുഗുണമാകുന്ന തരത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഭരണതലത്തില്‍ യോജിച്ചുപ്രവര്‍ത്തിക്കണമെന്നും ഏതു കക്ഷി ഭരണത്തില്‍ വന്നാലും തങ്ങളുടെ വര്‍ഗതാല്പര്യം സംരക്ഷിക്കപ്പെടുമെന്നുറപ്പുള്ള ഒരു ദ്വികക്ഷി സമ്പ്രദായം നടപ്പിലാക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്നും ഉള്ള വിവിധ രാഷ്ട്രീയ വിഭാഗങ്ങളുടെ ആഹ്വാനത്തില്‍ മനം മടുത്തിട്ടായിരിക്കണം സംസ്കാരസമ്പന്നനും വാക്കുകള്‍ കൃത്യമായി ഉപയോഗിക്കുന്ന ആളുമായ കോണ്‍ഗ്രസ് വക്താവ് അഭിഷേഖ് സിംഗ്‌വി ചോദിച്ചത്, ഹെഡ്‌ഗേവാറും ഗോള്‍വാക്കറും ആര്‍.എസ്.എസ് / ബി.ജെ.പി എന്നിവയുടെ വശത്തും ഗാന്ധിയും നെഹ്രുവും കോണ്‍ഗ്രസ്സിന്റെ വശത്തും നില്‍ക്കുമ്പോള്‍ അവരുടെ വീക്ഷണങ്ങള്‍ക്ക് എന്നെങ്കിലും യോജിപ്പിലെത്തുവാന്‍ കഴിയുമോ എന്ന്. ( Never the Twain Shall Meet, Hindustan Times, june 4, '08)

അത് തീര്‍ച്ചയായും ഉത്തരം ലഭിക്കേണ്ട ഒരു പ്രധാന ചോദ്യം തന്നെയാണ്. എന്നിരുന്നാലും ഒരു കാര്യം നിരാശയുണര്‍ത്തുന്ന വസ്തുതയായി തുടരുകയാണ്. എല്ലാവരേയും സാമൂഹികമായി ഉള്‍ക്കൊള്ളുന്ന, മതേതരമായ ഒരു വീക്ഷണമുള്ളവരാണ് തങ്ങളെന്ന പ്രതിച്ഛായ സൃഷിക്കുന്നത് കോണ്‍ഗ്രസ്സ് തുടരുന്നുവെങ്കിലും, മുസ്ലീം ജനതയോടു ചെയ്തിട്ടുള്ള അനീതിയുടെ കാര്യത്തില്‍ ഈ വീക്ഷണമൊന്നും കാണാനാകുന്നില്ല എന്നതാണ് ആ വസ്തുത.

ഒരു വലിയ കഥയാണിത്, എങ്കിലും അടുത്തയിടെ നടന്ന മൂന്നു സംഭവങ്ങള്‍ മതിയാകും ഈ വസ്തുതക്ക് അടിവരയിടുവാന്‍.

ഒന്ന്, 1992ല്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട ഫാസിസ്റ്റ് സംഘം ബാബ്‌റി മസ്‌ജിദ് തകര്‍ത്തപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി, നെറികെട്ട ആക്രമണം നടന്ന ആ ദിവസത്തിലുടനീളം, സ്വപ്നാടനത്തിലായിരുന്നു. തീര്‍ച്ചയായും അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത് ഇന്ത്യയിലെ ആദ്യ ബി.ജെ.പി പ്രധാനമന്ത്രിയായിട്ടായിരുന്നു എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്: അന്നത്തെ ബഹളത്തിലെ മുഖ്യപ്രതിയായ ലാല്‍ കൃഷ്ണ അദ്വാനിയാകട്ടെ ഗര്‍വ്വോടെ അരങ്ങുകളില്‍ പ്രത്യക്ഷപ്പെടുകയും അടുത്ത പ്രധാനമന്ത്രിയാകുവാനുള്ള മോഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു.

രണ്ട്, പള്ളി പൊളിച്ചതിനുശേഷം അന്നത്തെ ബോംബെയില്‍ നടന്ന കലാപത്തില്‍ എഴുനൂറോളം മുസ്ലീമുകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ബാല്‍ താക്കറെയെപ്പോലെ ഉന്നതങ്ങളിലിരിക്കുന്നവരുടെ മേല്‍ പോലും കുറ്റം ചുമത്തുവാന്‍ ധൈര്യം കാണിച്ച ശ്രീകൃഷ്ണ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും, കുറ്റവാളികളെ ശിക്ഷിക്കുമെന്ന കോണ്‍ഗ്രസ്സിന്റെ വാഗ്ദാനങ്ങളുണ്ടായിരിക്കെത്തന്നെ, അവഗണിക്കപ്പെട്ടു കിടക്കുകയാണ്. വിചാരണ നടന്ന ചെറുകിട കുറ്റവാളികളുടെ കാര്യത്തിലാകട്ടെ, കുറ്റം ചുമത്തപ്പെട്ടവരെല്ലാം തന്നെ കുറ്റവിമുക്തരാക്കപ്പെടുകയാണ്. ഒറ്റനോട്ടത്തില്‍ തെളിവില്ലാത്തതിനാല്‍ എന്നു തോന്നുമെങ്കിലും തെളിവു കണ്ടെത്തുവാനും വിശ്വസനീയമായ തരത്തില്‍ വിചാരണ നടത്തുവാനും ഉള്ള ഇച്ഛാശക്തിയില്ലായ്മയാണ് യഥാര്‍ത്ഥ കാരണം.

മൂന്ന്, 2002ല്‍ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന ഗുജറാത്ത് കൂട്ടക്കൊല പോലെ മറ്റൊന്നും തന്നെ കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യതയെയും മതേതരത്വത്തെക്കുറിച്ചുള്ള അവകാശവാദങ്ങളേയും ഒരു സംശയത്തിനും ഇടനല്‍കാത്ത വിധം ഛിന്നഭിന്നമാക്കിയിട്ടില്ല.

കോണ്‍ഗ്രസ്സിന്റെ തന്നെ എം.പിയായ എഹ്സാന്‍ ജാഫ്രിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയ കലാപം മൂന്നു ദിവസം തുടര്‍ന്നപ്പോഴും സംസ്ഥാനത്തെയും ദേശീയതലത്തിലെയും കോണ്‍ഗ്രസ് പാര്‍ട്ടി, ഒന്നും ചെയ്യാനാവാതെ പൂര്‍ണ്ണമായും കീഴടങ്ങുകയായിരുന്നു.

അതുകൊണ്ട് കോണ്‍ഗ്രസ്സും ബി.ജെ.പിയും, അടിസ്ഥാനപരമായി ചക്കിയും ചങ്കരനും ആണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്തരുത്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്തിലെ നിയമപാലനത്തിന്റെ ചുമതലയുള്ളവര്‍ വര്‍ഗീയതയെന്ന രോഗാണുവിന്റെ കടുത്തപിടിയിലായിരിക്കുന്നത് എന്നതിനും, ഒന്നിനു പിറകെ മറ്റൊന്നായി വന്ന കോണ്‍ഗ്രസ്സ് ഭരണങ്ങള്‍ക്കൊന്നും നിലവിലുള്ള ആ സാമൂഹിക യാഥാര്‍ത്ഥ്യത്തെ ശരിയാക്കുന്നതിനോ വിശ്വസനീയവും, വിവേചനരഹിതവുമായ പോലീസിങ്ങ് ഉറപ്പുവരുത്തുന്നതിനായി പോലീസിന്റെ പരിഷ്കരണം നടപ്പിലാക്കുന്നതിനോ ഒന്നു ചെയ്യാനായില്ല എന്നതിനും എന്തെങ്കിലും കാരണമുണ്ടാകേണ്ടതുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതുപോലെ, അത്തരം നിയമപാലന ഏജന്‍സികളിലെ മുസ്ലീം പ്രാതിനിധ്യം തികച്ചും ശോചനീയമായി തുടരുകയാണ്. ഈ ശോച്യാവസ്ഥക്ക് പ്രാധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഏതെങ്കിലുമൊരു നിയമപാലന ഏജന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ മാത്രം വിശ്വസ്തരല്ല അവര്‍ എന്നത്രെ !
കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും, മതേതരത്വം അവകാശപ്പെടുന്ന യു.പി.എയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഭരണകൂടം, തങ്ങളുടെ നയപ്രഖ്യാപനങ്ങളെ നടപ്പിലാക്കപ്പെട്ട പരിപാടികളായി പരിവര്‍ത്തനം ചെയ്യുവാനുള്ള ഇച്ഛാശക്തിയും ദൃഢവിശ്വാസവും ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ല എങ്കില്‍, ഇന്ത്യയിലെ മുസ്ലീമുകളുടെ വേദനയൂറുന്ന ആത്മപരിശോധന കൊണ്ടോ, പകല്‍ വെളിച്ചത്തില്‍, വലിയൊരു പൊതുസമ്മേളനത്തില്‍ ഉലൂം തുടങ്ങിവെച്ച നടപടികൊണ്ടോ വലിയ പ്രയോജനമൊന്നും ഉണ്ടാകുവാന്‍ പോകുന്നില്ല എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.

കോണ്‍ഗ്രസ്സ് വിയോജിക്കും, എങ്കിലും വസ്തുത ഇതാണ്. ബി.ജെ.പിയെപ്പോലെ തന്നെ കോണ്‍ഗ്രസ്സും ഇന്ത്യയിലെ ഹിന്ദുക്കളെ ഒരു വോട്ട് ബാങ്ക് മാത്രമായി കരുതുകയാണ്.

വിവേചനരഹിതമായ പൌരത്വം എന്നതില്‍ ഊന്നി നിന്നുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിലും, ആ ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുകളെ നേരിടുന്നതിലും കോണ്‍ഗ്രസ്സിനു പറ്റുന്ന അടിസ്ഥാനപരമായ പരാജയം വലതു ഹിന്ദുത്വവാദികള്‍ക്ക് ഗുണകരമായി തുടരുകയാണ്.

രാം‌ലീല മൈതാനിയില്‍ നടന്ന ചരിത്രപ്രാധാന്യമുള്ള ഈ സംഭവം, വിവിധ സമൂഹങ്ങളില്‍പ്പെടുന്ന മതേതരവാദികളായ പൌരന്മാര്‍ക്ക് പുതിയൊരു മാനവികതയുടെയും തുല്യനീതിയുടെയും ആധാരശിലയായി മാറുവാനുള്ള ഇച്ഛാശക്തി തങ്ങളില്‍ത്തന്നെ ഉണ്ടെന്നു കണ്ടെത്തുവാന്‍ സഹായകമാകുമെന്നു കരുതാവുന്നതുപോലെ, ഇന്ത്യയിലെ മതേതരപാര്‍ട്ടികള്‍ക്ക് വലതുപക്ഷ ഹിന്ദു വര്‍ഗീയതയെ നേര്‍ക്കുനേര്‍ നിന്നെതിര്‍ക്കാനുള്ള പ്രചോദനമാകുമെന്നും പ്രത്യാശിക്കാം.

ഭീകരവാദത്തെ അപലപിക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങളുടെ ബ്രഹൃത്തായ ഈ മുന്‍‌കൈയെടുക്കലിനോടൊത്തുയരുവാന്‍ ഭരണകൂടത്തിനു സാധിക്കാതെ വരികയാണെങ്കില്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ അതീവ വിനാശകരമായിരിക്കും.

നേരെമറിച്ച്, ന്യൂനപക്ഷ അവഹേളനവും, വെറുപ്പിന്റെ അജണ്ടകളും, ശിശു മന്ദിരങ്ങളിലും ഏകല്‍ വിദ്യാലയങ്ങളിലും കൊച്ചുകുട്ടികളില്‍പ്പോലും വര്‍ഗീയവിഷം കുത്തിവെക്കുന്നതും‍, “ഇസ്ല്ലാം ഭീകരവാദം” എന്ന സംജ്ഞ ഉപയോഗിക്കുന്നതും അതിനെതിരെ കാടന്‍ നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതും ഒക്കെ ഉപേക്ഷിക്കുമെന്നും യുദ്ധഭ്രാന്തു നിറഞ്ഞ സാമ്രാജ്യത്വത്തിനെതിരെ ദേശീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുമെന്നും പരസ്യമായി, ഒരു പൊതുവേദിയില്‍ വെച്ച് ഒരു പുതിയ ഉടമ്പടി പ്രഖ്യാപിച്ചുകൊണ്ട് ദിയോബാന്‍ദിലെ ആഹ്വാനത്തിന് അതേമട്ടിലൊരു മറുപടി നല്‍കുവാന്‍ അദ്വാനി നേതൃത്വം നല്‍കുന്ന ബി.ജെ.പി തയ്യാറാകുമെന്ന് പ്രതീക്ഷിക്കാമോ?

പുലി അതിന്റെ പുള്ളികള്‍ മായ്ക്കുമോ? കാലത്തിനും, ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് മതേതരശക്തികള്‍ ശക്തിപ്പെടുമോ ഇല്ലയോ എന്നതിനും, ഭരണകൂടത്തിന്റെ നടപടികള്‍ ന്യായാധിഷ്ഠിതമായിരിക്കുമോ എന്നതിനും മാത്രമേ ഇതിനൊരുത്തരം നല്‍കുവാന്‍ കഴിയൂ.

എങ്കിലും ഇത്തരം ആത്മപരിശോധനകള്‍ സാധ്യമാക്കുന്ന പുതിയ വഴികാണിക്കുന്ന തരത്തിലുള്ള മുന്‍‌കൈയെടുക്കലിന് അഭിനന്ദനങ്ങള്‍.

*

Dr. ബദ്രി റെയ്‌ന എഴുതിയ Fatwa Against Terrorism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: ZNet

We express our sincere gratitude to Dr.Badri Raina for giving permission to post this article here.

അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസം badri ഡോട്ട് raina അറ്റ് gmailഡോട്ട് com

6 comments:

വര്‍ക്കേഴ്സ് ഫോറം said...

2008 മേയ് 31 ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിവസമായി കണക്കാക്കേണ്ടതുണ്ട്.

തീര്‍ച്ചയായും ഇത് ആധുനിക മുസ്ലീം ചരിത്രത്തിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

അന്നേ ദിവസം ഡെല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ റാം‌ലീല മൈതാനിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ച്, ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക്, പ്രധാനമായും മുസ്ലീങ്ങള്‍ക്ക്, ദാറുള്‍ ഉലൂം, ദിയോബാന്‍ദ് എന്ന മതപാഠശാല ഒരു ഫത്വ നല്‍കുകയുണ്ടായി. ഇന്ത്യയുടെ മതേതര, കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്രസമരപ്രസ്ഥാനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ള ദാറുള്‍ ഉലൂം, ദിയോബാന്‍ദ് നല്‍കിയ ഫത്വ എന്താണെന്നോ? ഭീകരവാദം എന്നത് ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു അത്.

Dr.ബദ്രി റെയ്ന എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

പാമരന്‍ said...

good one!

പ്രിയ said...

എങ്കിലും ഇന്ത്യയിലും കേരളത്തിലും എല്ലാം ചില മുസ്ലിം സംഘടനകള്‍ തീവ്രവാദപരമായ പ്രവര്ത്തനങ്ങള് നടത്തുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. ലോകത്തിലെ നിലവിലുള്ള സ്ഥിതിവിശേഷം വച്ചു സാധാരണക്കാരായ ജനങ്ങള്ക്ക് അതില്‍ ഭീതിയുണ്ടാകുന്നതും സ്വാഭാവികം ആണ്.
(ഹിന്ദു തീവ്രവാദം ഉള്ളതിനാല്‍‍, അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പകരം, എതിര്‍ തീവ്രവാദം ഉണ്ടെന്നുള്ളത് കണ്ടില്ലെന്നു നടിക്കണോ. VHP ഇന്ത്യക്ക് വിനയാണ്‌. അതിനൊപ്പം തന്നെയാണ് അതുപോലുള്ള മറ്റെന്തും)

Anonymous said...

Not only 2008 may 31 have to be considered. We have to consider the date when EM Sankaran namboothiripd given Malappuram District under religious consideration. (the First district in India with such Consideration).
Also we have to consider the dates when CPM decided to allocate candidature according to Muslim votes.
Then we can talk about BJP and congress and all

regard
sajith
365greetings.com

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട പ്രിയ

പ്രിയ പറഞ്ഞു, “ഹിന്ദു തീവ്രവാദം ഉള്ളതിനാല്‍‍, അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പകരം, എതിര്‍ തീവ്രവാദം ഉണ്ടെന്നുള്ളത് കണ്ടില്ലെന്നു നടിക്കണോ. VHP ഇന്ത്യക്ക് വിനയാണ്‌. അതിനൊപ്പം തന്നെയാണ് അതുപോലുള്ള മറ്റെന്തും.”

“മുസ്ലീം മതാധിഷ്ഠിത ഭരണകൂടങ്ങള്‍ ലോകമാസകലം സ്ഥാപിക്കണം എന്നാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അവര്‍ക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ അത്തരക്കാരുടെ “സാമ്രാജ്യത്വ വിരുദ്ധത” എന്നതിന്റെ അടിത്തറ വ്യാജമാണ്, നിഷ്ഠൂരമായ ഒരു ഭരണക്രമത്തെ മറ്റൊന്നു കൊണ്ട് പകരം വെക്കുക എന്നതാണവരുടെ ഉള്ളിലിരുപ്പ്. അങ്ങിനെ വരുമ്പോള്‍, ആധുനികതയുടേയും ലിബറലിസത്തിന്റെയും (മതേതരത്വം ഇവയുടെ ആശയപരമായ അവിഭക്ത ഘടകമാണ്) സല്‍ഫലങ്ങളോട് ഐക്യപ്പെടുവാന്‍ വിമുഖത പ്രകടിപ്പിക്കുന്ന ഒരു തരം വീക്ഷണമാണിതെന്ന് ബോദ്ധ്യമാകും.” എന്നു ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചില്ലേ? പ്രിയ പറഞ്ഞ അതേ ആശയം തന്നെയാണ് ലേഖനത്തിലും എന്നു തോന്നുന്നു.

പ്രിയപ്പെട്ട പാമരന്‍, സജിത്

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ഒരു പരിഭാഷ ആണെന്നതിന്റെ പരിമിതി മനസ്സിലാക്കുമല്ലോ.

Rajeeve Chelanat said...

ഡോ.ബദ്രിയുടെ ഈ ലേഖനം പ്രശ്നത്തിന്റെ ഉള്ളറകളിലേക്ക് കടക്കുന്നുണ്ട്. ഇസ്ലാമിനെതിരെയുള്ള ഒളിയുദ്ധത്തില്‍, മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്ന മറ്റൊരു സങ്കല്‍പ്പമാണ് ദേശീയത. സാമ്രാജ്യത്വവിരുദ്ധമെന്ന വ്യാജേന ഇസ്ലാമിസ്റ്റുകളും ഇതേ സങ്കല്‍പ്പത്തിനെത്തന്നെ ഉപയോഗിക്കുന്നുവെന്നും കാണേണ്ടതുണ്ട്.

അഭിവാദ്യങ്ങളോടെ