Thursday, June 26, 2008

രഘുരാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ ബാങ്കിങ്ങ്‌ മേഖലയ്‌ക്കു ദോഷം

ഇ ന്ത്യന്‍ ബാങ്കിങ്ങ്‌ മേഖലയുടെ അഴിച്ചുപണിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയുക്തമായ നരസിംഹം കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ 1991-ല്‍ പുറത്തുവന്നപ്പോള്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം അത്‌ ലോകബാങ്ക്‌ രേഖയുടെ വെറും പകര്‍ത്തെഴുത്താണ്‌ എന്നായിരുന്നു. അതില്‍ മനംനൊന്ത്‌ നരസിംഹം നടത്തിയ പ്രാസമധുരമായ ഒരു പ്രസ്‌താവനയുണ്ട്‌. തന്റെ കമ്മിറ്റിയംഗങ്ങളുടെ സത്യസന്ധതയ്‌ക്കും ബുദ്ധിശക്തിക്കും നേരെയുള്ള അധിക്ഷേപമാണ്‌ അതെന്ന്‌.

എന്നാല്‍, പിന്നീട്‌ പുരുഷോത്തംദാസ്‌ ഠാക്കൂര്‍ദാസ്‌ സ്‌മാരക പ്രഭാഷണം നടത്തിക്കൊണ്ട്‌ അദ്ദേഹം ഒരു കുറ്റസമ്മതം തന്നെ നടത്തുകയുണ്ടായി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിങ്ങ്‌ സംവിധാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച തന്റെ കൈകൊണ്ടുതന്നെ അതിന്റെ ഉദകക്രിയകൂടി നടത്തേണ്ടി വരുന്നുവല്ലോ എന്ന വേദന തന്നെ ഇടയ്‌ക്കൊക്കെ അലട്ടാറുണ്ടെന്നും ഒരു സ്വയംപ്രത്യയനം വഴിയാണ്‌ താന്‍ അതിനെ മറികടക്കുക എന്നും. കെട്ടിടം പണിയുമ്പോള്‍ അതിനു ചുറ്റും കെട്ടിപ്പൊക്കുന്ന തട്ടുകള്‍ പണികഴിഞ്ഞാല്‍ പൊളിച്ചുകളയുന്നതുപോലുള്ള ഒരു തകര്‍ക്കല്‍ മാത്രമാണ്‌ താന്‍ നിര്‍ദേശിച്ചതെന്ന്‌ ! ഇന്ത്യന്‍ ബാങ്കിങ്ങിന്റെ വിസ്‌മയകരമായ വളര്‍ച്ചയെയും വ്യാപനത്തെയും കുറിച്ച്‌ ലോകബാങ്ക്‌ രേഖ പ്രശംസാവചനങ്ങളുതിര്‍ക്കുന്നുണ്ട്‌. സ്വാഭാവികമായും നരസിംഹം കമ്മിറ്റിയും റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ അതെടുത്തു പറഞ്ഞിരുന്നു.

എന്നാല്‍, ധനമേഖലയ്‌ക്കാകെ ബാധകമായ പുതുതലമുറ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനായി പ്ലാനിങ്ങ്‌ കമ്മീഷന്‍ നിയോഗിച്ച രഘുരാം രാജന്‍ കമ്മിറ്റിയുടെ തലവന്‌ നരസിംഹത്തെപ്പോലെ കുറ്റബോധമില്ലെന്നു മാത്രമല്ല, ഇന്ത്യന്‍ ബാങ്കിങ്ങ്‌ മേഖലയുടെ പിടിപ്പുകേടിലാണ്‌ അദ്ദേഹം ഊന്നുന്നത്‌. ഇന്ത്യയിലെ ഭൂരിപക്ഷം മനുഷ്യരുടെ ബാങ്കിങ്ങ്‌ ആവശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു; അവര്‍ ഇപ്പോഴും ഹുണ്ടികക്കാരുടെ പിടിയിലാണ്‌-അതേസമയം കോര്‍പ്പറേറ്റ്‌ മേഖലയുടെ നൂതനാവശ്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന കാര്യത്തിലും അത്‌ പരാജയപ്പെട്ടിരിക്കുന്നു എന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ റിപ്പോര്‍ട്ട്‌ തുടങ്ങുന്നതുതന്നെ.

ഇന്ത്യന്‍ ധനമേഖലയെ മാത്രമല്ല, സമസ്‌ത മേഖലകളെയും ഒരുപോലെ സ്‌പര്‍ശിക്കുന്ന ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടവരുത്തുന്ന നിര്‍ദേശങ്ങളടങ്ങുന്ന രഘുരാം രാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ കരട്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട്‌ ജൂണില്‍ അവസാനരൂപം നല്‍കുമെന്നാണ്‌ പ്രഖ്യാപനം. ശുപാര്‍ശകളുടെ മാരകഫലങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ജനപ്രതിനിധികള്‍ക്കോ അക്കാദമിക്‌ സമൂഹത്തിനോ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യത്തിനൊത്ത ചര്‍ച്ചകള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നിട്ടുമില്ല.

ധനകാര്യമേഖലയില്‍ നടപ്പാക്കേണ്ട പുതുതലമുറ പരിഷ്‌കാരങ്ങളെക്കുറിച്ച്‌ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായാണ്‌ കമ്മിറ്റി നിയോഗിക്കപ്പെട്ടത്‌. ചെയര്‍മാന്‍ ഐ.എം.എഫിന്റെ സാമ്പത്തിക ഉപദേഷ്‌ടാവും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ രഘുരാം രാജന്‍. ഐ.സി.ഐ.സി.ഐ. ബാങ്ക്‌ മേധാവി കെ.വി. കാമത്ത്‌, ബേസിക്‌സ്‌ ചെയര്‍മാന്‍ വിജയ്‌മഹാജന്‍ എന്നിവര്‍ക്കൊപ്പം സ്റ്റേറ്റ്‌ബാങ്ക്‌ ചെയര്‍മാന്‍ ഒ.പി. ഭട്ടും ഉള്‍പ്പെടുന്ന പന്ത്രണ്ടു പേരാണ്‌ കമ്മിറ്റിയില്‍. അവരോടാവശ്യപ്പെട്ടത്‌ വരുന്ന ദശകത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ധനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുള്ള വെല്ലുവിളികള്‍ കണ്ടെത്താനും അതിനു പര്യാപ്‌തമാക്കത്തക്കവിധം ധനേതരമേഖലകളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനുമാണ്‌.

കമ്മിറ്റിയുടെ ഘടനമാത്രം പരിശോധിച്ചാലറിയാം അതിന്റെ ഏകപക്ഷീയത. ടേംസ്‌ ഓഫ്‌ റഫറന്‍സും വളരെ വാചാലമാണ്‌. അതുകൊണ്ടുതന്നെയാണ്‌ നരസിംഹം അറച്ചറച്ചു പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട്‌ അമര്‍ത്തിപ്പറയുന്നതും ധനമേഖലയ്‌ക്കപ്പുറമുള്ള സമസ്‌തമേഖലകളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ഔദ്ധത്യപൂര്‍വം നിര്‍ദേശങ്ങള്‍ നല്‍കുന്നതും. 240-ഓളം പേജുകളില്‍ പരന്നുകിടക്കുന്ന റിപ്പോര്‍ട്ടിലാകെ നിറഞ്ഞുനില്‍ക്കുന്നത്‌ കമ്പോളമൗലികവാദമാണ്‌. ഒന്നാം അധ്യായത്തില്‍ത്തന്നെ തങ്ങളുടെ പക്ഷപാതിത്വം വളരെ പച്ചയ്‌ക്ക്‌ വെളിപ്പെടുത്തുന്നുണ്ട്‌. സ്വകാര്യമേഖലയ്‌ക്കു ന്യായമായും അവകാശപ്പെട്ട പ്രവര്‍ത്തനമേഖല കൈയടക്കുന്നത്‌ സര്‍ക്കാറിന്റെ ധര്‍മമായിക്കൂടാ എന്നും പകരംവേണ്ടത്‌ ശക്തമായ പശ്ചാത്തലസൗകര്യങ്ങള്‍ ധനമേഖലയില്‍ അവര്‍ക്ക്‌ ഒരുക്കിക്കൊടുക്കുകയാണെന്നും അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്നുണ്ട്‌.

പ്രഥമ നിര്‍ദേശംതന്നെ റിസര്‍വ്‌ ബാങ്കിനെ നോക്കുത്തിയാക്കി മാറ്റണമെന്നാണ്‌. സ്വന്തം നാണയവില പിടിച്ചു നിര്‍ത്താനാവാത്ത വികസ്വര രാജ്യങ്ങള്‍ക്ക്‌ എന്തിനാണ്‌ കേന്ദ്ര ബാങ്കുകള്‍ എന്ന ചോദ്യം സ്വതന്ത്രകമ്പോളവാദികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. അമേരിക്കയിലായാലും ഇംഗ്ലണ്ടിലായാലും ഫ്രാന്‍സിലായാലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയല്ലാതെ നിവൃത്തിയില്ലെന്ന്‌ അനുഭവം പഠിപ്പിക്കുമ്പോഴാണ്‌, റിസര്‍വ്‌ ബാങ്കിനെ അതിന്റെ ചുമതലകളില്‍ നിന്നെല്ലാം ഒഴിവാക്കി നാണയപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഒറ്റക്കാര്യത്തിനായി ഒതുക്കണം എന്ന്‌ പറയുന്നത്‌. ''ലോകത്ത്‌ ഇതര രാഷ്ട്രങ്ങളില്‍ വിജയകരമായി പ്രയോഗിച്ചു പോരുന്ന ധനോത്‌പന്നങ്ങള്‍പോലും ഇന്ത്യയില്‍ വിപണനാനുമതി കിട്ടാന്‍ കാലതാമസം നേരിടുന്നു'' എന്നാണ്‌ ഒരു ആക്ഷേപം. അമേരിക്കയിലും യൂറോപ്പിലാകെയും ബാങ്ക്‌ തകര്‍ച്ചകള്‍ക്ക്‌ ഇടവരുത്തിയ ഊഹക്കച്ചവടാധിഷ്‌ഠിതമായ പുതിയ ഡെറിവേറ്റീവ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യയില്‍ ഇടം കിട്ടാന്‍ വൈകുന്നതിനെക്കുറിച്ചാണ്‌ ഈ വേവലാതി! കാര്യബോധമുള്ളവരാകെ ഇത്തരം വിസ്‌ഫോടക ധനോത്‌പന്നങ്ങളെ കരുതിയിരിക്കണം എന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞതൊന്നും കണക്കിലെടുക്കുന്നില്ല.

രണ്ടാമത്തെ ശുപാര്‍ശ കോര്‍പ്പറേറ്റ്‌ ബോണ്ടുകളിലും സര്‍ക്കാര്‍ കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ വിദേശനിക്ഷേപകര്‍ക്ക്‌ അവസരം നല്‍കണമെന്നതാണ്‌. നമ്മുടെ ബോണ്ട്‌ മാര്‍ക്കറ്റിന്‌ ആഴം വളരെ കുറവാണ്‌. അനാവശ്യ നിയന്ത്രണങ്ങളാണ്‌ അതിനു കാരണം എന്ന്‌ തെളിയിക്കാന്‍ ചൂണ്ടിക്കാട്ടുന്നത്‌ സര്‍ക്കാര്‍ കടപ്പത്രത്തില്‍ വിദേശനിക്ഷേപകര്‍ക്ക്‌ പരിമിതമായേ നിക്ഷേപിക്കാനാവൂ എന്നതാണ്‌. ഈ നിയന്ത്രണങ്ങളാകെ എടുത്തു കളഞ്ഞാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങളെപ്പറ്റി കമ്മിറ്റി വാഴ്‌ത്തിപ്പാടുന്നുണ്ട്‌. വിദേശ നിക്ഷേപകര്‍ക്കായി സര്‍ക്കാര്‍ ബോണ്ടുകളുടെ വാതില്‍ മലര്‍ക്കെത്തുറന്നിട്ടാല്‍, നാട്ടിലെ ധനകാര്യസ്ഥാപനങ്ങള്‍ ഈ കടത്തിന്റെ ബാധ്യതയില്‍നിന്ന്‌ ഒഴിവാകുമത്രേ. ആ കാശ്‌ മറ്റു മാര്‍ഗങ്ങളില്‍ ഉപയോഗിക്കാമത്രേ.

വിദേശനിക്ഷേപകരുടെ വന്‍തോതിലുള്ള കടന്നുവരവുപോലെതന്നെ പ്രധാനമാണത്രെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക്‌ പുറത്തേക്കുള്ള വാതില്‍ തുറന്നുകിട്ടല്‍. മൂലധനത്തിന്‌ രാജ്യസ്‌നേഹമില്ലല്ലോ. ലാഭം കൂടുതലുള്ളിടങ്ങളിലേക്ക്‌ പരന്നൊഴുകാനാകത്തക്കവിധം അതിന്‌ സര്‍വതന്ത്രസ്വതന്ത്രമായേ തീരൂ. ഈ ഒരു താത്‌പര്യത്തില്‍ ഊന്നിക്കൊണ്ടാണ്‌ മൂലധന അക്കൗണ്ടിന്റെ ഉദാരവത്‌കരണത്തെക്കുറിച്ചുള്ള ചര്‍ച്ച. ആഗോള മൂലധനനാഥന്മാരുടെ ഉല്ലാസകേന്ദ്രമായിത്തീരാനുള്ള പ്രലോഭനീയത കൈവരിക്കുന്നതിന്റെ വിശദാംശങ്ങളാണ്‌ ആ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍. ഒപ്പം രൂപയുടെ സ്വതന്ത്രവിനിമയം ഉറപ്പാക്കുന്ന കാര്യവും. അതിനെ അതേപടി അംഗീകരിച്ചു രഘുരാം രാജന്‍ കമ്മിറ്റി.
ഈയിടെയായി പ്രചാരം നേടിയ ധനപരമായ ഉള്‍ച്ചേര്‍ക്കലി (Financial inclusion) നെ കൃത്യമായും തലതിരിച്ചിടാനാണ്‌ ശ്രമം. വരുന്ന മൂന്നു വര്‍ഷത്തിനകം ഇന്ത്യയിലെ 90 ശതമാനം വീടുകളിലും ബാങ്കിങ്ങ്‌ സൗകര്യം എത്തിക്കാനുള്ള ദേശീയലക്ഷ്യം പ്രഖ്യാപിക്കുമ്പോഴും ഗ്രാമപ്രദേശങ്ങള്‍ക്കുള്ള ഊന്നല്‍ മാറണമെന്നാണ്‌ വാദം. ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ എന്നാല്‍ വായ്‌പാ ലഭ്യത മാത്രമല്ലെന്നും മറ്റു ധനസേവനങ്ങളുടെ ലഭ്യത കൂടി ആണെന്നും വാദിക്കുന്നത്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താനല്ല, അവരില്‍ നിന്നുകൂടി സമ്പാദ്യം കുത്തിച്ചോര്‍ത്തി മൂലധന മാര്‍ക്കറ്റില്‍ എത്തിക്കാനാണ്‌. അതിനുള്ള വ്യക്തമായ രൂപരേഖയും വരച്ചുചേര്‍ത്തിട്ടുണ്ട്‌.

ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ വേണ്ടും വിധം സാധിക്കാതെ പോയതിനു കാരണം ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നഗരങ്ങളില്‍ നിന്നുവരുന്ന ജീവനക്കാരാണത്രെ. ഹുണ്ടികക്കാരനെ സ്‌തുതിവചനങ്ങള്‍കൊണ്ട്‌ മൂടുന്നുണ്ട്‌ കമ്മിറ്റി. ''അയാള്‍ അയവുള്ളവനാണ്‌, പ്രമാണങ്ങള്‍ അവശ്യപ്പെടില്ല, കൃത്യത പാലിക്കും, കക്ഷികളുടെ അത്യാവശ്യകാര്യങ്ങളോട്‌ കൃത്യമായി പ്രതികരിക്കും'' ഇങ്ങനെ കൃത്യതയും ഗമ്യതയുമുള്ള ഹുണ്ടികക്കാരനെക്കൂടി ഗ്രാമീണ ബാങ്കിങ്ങിലേക്ക്‌ കണ്ണി ചേര്‍ക്കാം എന്നാണ്‌ നിര്‍ദേശം. അതു കൃത്യമായി പറഞ്ഞു വെക്കുന്നുമുണ്ട്‌. ''ഹുണ്ടികക്കാരും ബാങ്കുകളും ഒന്നിച്ച്‌ പ്രവര്‍ത്തിക്കാവുന്ന തരത്തിലുള്ള സാധ്യതകള്‍ കണ്ടെത്തുന്നത്‌ വിവേകമായിരിക്കു''മെന്ന്‌ !

വന്‍കിട പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ പകരം ചെറു ചെറു ബാങ്കുകളെ കെട്ടഴിച്ചുവിടാനാണ്‌ ശുപാര്‍ശ. ലോക്കല്‍ ഏരിയാ ബാങ്കുകള്‍ എന്ന പേരില്‍ മുമ്പ്‌ അവതരിപ്പിച്ചതും നടക്കാതെ പോയതുമായ ഒരു സംവിധാനത്തിന്റെ തിരിച്ചുവരവാണ്‌ കമ്മിറ്റി നിര്‍ദേശിക്കുന്നത്‌. ചെലവ്‌ ചുരുങ്ങിയ ഒരു ബാങ്കിങ്ങ്‌ സംവിധാനമാണത്രെ അഭികാമ്യം. ചെറു ചെറു ബാങ്കുകള്‍ ഒരുഭാഗത്ത്‌ മുളച്ചുവരുമ്പോള്‍ ബാങ്കിങ്ങ്‌ കറസ്‌പോണ്ടന്റുകള്‍ എന്ന സംവിധാനത്തെ ശക്തപ്പെടുത്താനായി വളരെ ഉദാരപൂര്‍വമായ സമീപനം കൈക്കൊള്ളണമത്രെ. ബാങ്കുകള്‍ ചെയ്യുന്ന പണി വളണ്ടറി ഏജന്‍സികളെക്കൊണ്ടും സാമുദായിക സംഘടനകളെക്കൊണ്ടുമൊക്കെ ചെയ്യിപ്പിക്കുന്ന ഒരു ഏര്‍പ്പാടാണിത്‌.

സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ വൈദ്യനാഥന്‍ കമ്മിറ്റി നടത്തിയ ശുപാര്‍ശകളോട്‌ യോജിക്കുമ്പോള്‍തന്നെ അവയുടെ ഘടനയാകെ പൊളിച്ചെഴുതണമെന്നാണ്‌ ശുപാര്‍ശ. ഇപ്പോഴത്തെ സംവിധാനത്തിന്റെ പ്രധാന കുഴപ്പമായി ചൂണ്ടിക്കാട്ടുന്നത്‌ രാഷ്‌ടീയസ്വാധീനവും അധമര്‍ണനുള്ള അമിതാധികാരവുമാണത്രേ. ലാഭകരമല്ലാത്ത സഹകരണബാങ്കുകള്‍ അടച്ചുപൂട്ടുകയും ലാഭത്തിലോടുന്നവയെ കമ്പനികളാക്കി മാറ്റുകയും വേണം. നമ്മുടെ സഹകരണസ്ഥാപനങ്ങളെയാകെ അതിന്റെ ജനാധിപത്യസ്വഭാവം കുത്തിച്ചോര്‍ത്തി ലാഭം കറക്കുന്ന കമ്പനികളാക്കി കമ്പോളത്തില്‍ മത്സരിപ്പിച്ചുകൊള്ളാനാണ്‌ നിര്‍ദേശം.

മുന്‍ഗണനാ വായ്‌പകള്‍ പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ പ്രയോറിറ്റി സെക്ടര്‍ ലെന്റിങ്ങ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നൊരാശയം മുന്നോട്ടുവെക്കുന്നുണ്ട്‌. രജിസ്റ്റര്‍ ചെയ്‌ത ഏതു വായ്‌പാ സ്ഥാപനവുമാകട്ടെ, (ഹുണ്ടികക്കാരനാകാം, സഹകരണ സ്ഥാപനമാകാം, ലഘുവായ്‌പാ സ്ഥാപനമാകാം, ബാങ്കിങ്ങ്‌ കറസ്‌പോണ്ടന്റാവാം) മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക്‌ വായ്‌പ കൊടുക്കുന്നുവെങ്കില്‍ ഒരു സര്‍ട്ടിഫിക്കറ്റിന്‌ അര്‍ഹത നേടുന്നു. മുന്‍ഗണനാവായ്‌പ തീരെ നല്‍കാത്തതോ ലക്ഷ്യത്തിലെത്താത്തതോ ആയ ഒരു ബാങ്കിന്‌ ഇങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി തങ്ങള്‍ക്ക്‌ നല്‍കിയ ടാര്‍ജറ്റ്‌ കൈവരിക്കാം. എന്നുവെച്ചാല്‍ ബാങ്കുകള്‍ മുന്‍ഗണനാവായ്‌പ നല്‍കേണ്ടതില്ല. അത്‌ ബ്ലെയ്‌ഡ്‌ കമ്പനിക്കാര്‍ ആയിക്കൊള്ളും എന്നര്‍ഥം.

മുന്‍ഗണനാ വിഭാഗങ്ങളുടെ വായ്‌പാലഭ്യതയ്‌ക്കു തടസ്സമായി നില്‍ക്കുന്നത്‌ പലിശനിയന്ത്രണമാണത്രെ. അതുകൊണ്ട്‌ പലിശനിരക്കിനെ നിയന്ത്രണവിമുക്തമാക്കി ഉദാരവത്‌കരിക്കണമെന്നാണ്‌ നിര്‍ദേശം.

നാലാമധ്യായത്തിന്റെ തലക്കെട്ടുതന്നെ കളിസ്ഥലം നിരപ്പാക്കല്‍ എന്നാണ്‌. ബാങ്കിങ്ങ്‌ മേഖലയില്‍ ഇപ്പോള്‍ പലതരം ടീമുകളുണ്ടെങ്കിലും നിരപ്പല്ലത്രെ കളിസ്ഥലം. പൊതുമേഖലാബാങ്കുകള്‍ക്ക്‌ പ്രത്യേക പരിഗണനയും പരിലാളനവും കിട്ടുന്നുണ്ട്‌. ഇതു മത്സരശേഷി കുറയ്‌ക്കും. അതു പരിഹരിക്കാനുള്ള ആലോചനകള്‍ കമ്മിറ്റിയെ കൊണ്ടുചെന്നെത്തിക്കുന്നത്‌, ''സര്‍ക്കാര്‍ ഉടമസ്ഥത തുടരുന്നതിനു നിര്‍ബന്ധിതമാക്കുന്ന യാതൊരു കാരണവും കമ്മിറ്റിയില്‍ ഭൂരിപക്ഷവും കാണുന്നില്ല'' എന്ന നിഗമനത്തിലാണ്‌. സ്വകാര്യവത്‌കരണത്തെക്കുറിച്ച്‌ രാജ്യത്തെ പൊതുജനാഭിപ്രായം വ്യത്യസ്‌തമാണെന്നു കമ്മിറ്റി തിരിച്ചറിയുന്നു. നരസിംഹം കമ്മിറ്റി നേരത്തേ നിര്‍ദേശിച്ചപോലെ സര്‍ക്കാര്‍ ഉടമസ്ഥത 50 ശതമാനത്തില്‍ താഴെയാക്കിക്കൊണ്ട്‌ അതിന്റെ നിയന്ത്രണം ഉറപ്പുവരുത്താനേ തത്‌കാലം കഴിയൂ. ഇപ്പോള്‍ പ്രായോഗികസമീപനം കാര്യക്ഷമമല്ലാത്ത കുറച്ചു പൊതുമേഖലാസ്ഥാപനങ്ങളെ തൂക്കിവില്‍ക്കുകയാണത്രെ. വില്‌പനപ്രക്രിയയില്‍ അനുഭവമാര്‍ജിച്ചശേഷം അതു വ്യാപകമാക്കാം എന്നാണ്‌ നിര്‍ദേശം. സ്വകാര്യവത്‌കരണം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ നിലവിലുള്ള വലിയ പൊതുമേഖലാബാങ്കുകളുടെ ഭരണസമിതി 'ശക്തിപ്പെടുത്താ'നാണ്‌ ശുപാര്‍ശ.

കൂടുതല്‍ അധികാരങ്ങളും ശക്തിയുമുള്ള ഡയറക്ടര്‍ ബോര്‍ഡുകള്‍ എന്നതിനര്‍ഥം സ്വകാര്യ ഷെയര്‍ ഉടമകള്‍ക്കു പ്രാതിനിധ്യമുള്ള ഭരണസമിതി എന്നതുതന്നെ. ഇങ്ങനെ ബോര്‍ഡുകള്‍ 'ശക്തിപ്പെടുത്തിയ'ശേഷം സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്റെയും പാര്‍ലമെന്റിന്റെയും ഇടപെടലുകളില്‍നിന്ന്‌ വിമുക്തമാക്കണം. സര്‍ക്കാര്‍ നിയന്ത്രണമുള്ള ബോര്‍ഡാണെന്നിരിക്കെ പിന്നെന്തിനു രണ്ടാമതൊരു സര്‍ക്കാര്‍ മേല്‍നോട്ടം എന്നാണ്‌ യുക്തി. കോടതികളുടെ ഇടപെടല്‍കൂടി ഒഴിവാക്കണമെന്ന്‌ പറയാഞ്ഞത്‌ ഭാഗ്യം!

ബാങ്കിങ്ങ്‌ മേഖലയിലാകെ സംയോജനത്തിനും ലയനത്തിനും അവസരമൊരുക്കിയാല്‍ മത്സരക്ഷമത വര്‍ധിക്കുമത്രെ. അങ്ങനെ എല്ലാ കടമ്പകളും തട്ടിമാറ്റിയാല്‍ പിന്നെ അവശേഷിക്കുന്നത്‌ ശാഖാലൈസന്‍സിങ്ങാണ്‌. അതും വേണ്ടെന്നുവെക്കണം. ഗ്രാമപ്രദേശങ്ങളില്‍ ശാഖ തുറക്കാന്‍ വിസമ്മതിക്കുന്ന കുലീന ബാങ്കുകളെ രക്ഷിക്കാനായി ഒരു പുതിയ നിര്‍ദേശം മുന്നോട്ടുവെക്കുന്നുണ്ട്‌.

സ്വകാര്യവത്‌കരണം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനായി ഒരു പുതിയ നിര്‍ദേശംകൂടി-വിവിധ ധനസേവനങ്ങള്‍ നല്‌കുന്ന നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക്‌ ഒരു ഹോള്‍ഡിങ്ങ്‌ കമ്പനി. അവയുടെ മേല്‍നോട്ടത്തിനായി ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഓവര്‍സൈറ്റ്‌ ഏജന്‍സി!

ഇത്തരമൊരവസ്ഥയില്‍ അതിനു കണക്കായി മാര്‍ക്കറ്റ്‌ വൈവിധ്യവും വൈപുല്യവും ഉറപ്പുവരുത്തണം. പലിശയെയും വിദേശനാണ്യത്തെയും ആസ്‌പദമാക്കിയുള്ള ഡെറിവേറ്റീവുകളുടെ മാര്‍ക്കറ്റ്‌ ഒരുക്കണം. ഒരുതരത്തിലുള്ള ധനോത്‌പന്നത്തിനും മാര്‍ക്കറ്റ്‌ നിഷേധിച്ചുകൂടാ. അവിടെയൊക്കെ വിദേശനിക്ഷേപകര്‍ക്കു നിര്‍ബാധം കടന്നുവരാനാവണം. പേഴ്‌സി മേസ്‌ത്രി കമ്മിറ്റി മുംബൈയെ അന്താരാഷ്ട്ര ധനകേന്ദ്രമാക്കാനായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ രഘുരാം രാജനും ആവര്‍ത്തിക്കുന്നു-ധനമേഖലാനിയന്ത്രണങ്ങളെക്കുറിച്ചുള്ള എല്ലാ നിയമങ്ങളും അടിസ്ഥാനപരമായി മാറ്റിയെഴുതണം.

അത്തരം ഒരഴിച്ചുപണിയാണ്‌, പൊളിച്ചെഴുത്താണ്‌ രഘുരാം രാജന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ബാങ്കിങ്ങ്‌ സംവിധാനത്തെ, ധനമേഖലയെ, നിയമവ്യവസ്ഥയെ, വിദ്യാഭ്യാസ സമ്പ്രദായത്തെ ആകെത്തന്നെ മാറ്റിമറിക്കാന്‍ ആവശ്യപ്പെടുന്ന അത്യന്തം അപകടകരങ്ങളായ നിര്‍ദേശങ്ങളാണ്‌ ഈ റിപ്പോര്‍ട്ടില്‍. ഇവിടെ പൊളിച്ചെറിയുന്നത്‌ കെട്ടിടം പണിക്കുള്ള തട്ടുകളല്ല, ഇന്ത്യന്‍ ധനമേഖലയുടെ മൂലക്കല്ലുകളാണ്‌. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്‌.

എ.കെ. രമേശ്‌ , കടപ്പാട്: മാതൃഭൂമി

(ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറിയാണ്‌ ലേഖകന്‍)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ബാങ്കിങ്ങ്‌ സംവിധാനത്തെ, ധനമേഖലയെ, നിയമവ്യവസ്ഥയെ, വിദ്യാഭ്യാസ സമ്പ്രദായത്തെ ആകെത്തന്നെ മാറ്റിമറിക്കാന്‍ ആവശ്യപ്പെടുന്ന അത്യന്തം അപകടകരങ്ങളായ നിര്‍ദേശങ്ങളാണ്‌ രഘുരാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍.

ശ്രീ ഏ കെ രമേശ് എഴുതിയ ലേഖനം

Anonymous said...

I think this Raghram rajan is a brilliant and daring chap, you are worried because you dont know how to cope up with the changing situations. You still are learning how to handle mouse, which you should have learnt in 1988, which you didnt and like ostritch hiding its head , you guys agitaated against new technologies and now you find all of you obsolete.

As interest rates are coming down in US and allies the investment is coming to Asian countries, you dont want any of that to come. You want same old customers like a few FD depositors. a few pensioners and some loan takers and you can sit idle .

But your union leaders will sign all these agreements unknown to you and they will cheat you like done earlier. Those leaders will be Judas you should watch for. You frustrate this UPA govt and tie its hands and never allow to perform at the last year.

Now BJP will come to power and you will be wiped out from kerala may be Bengal u may get a few seats and the BJP govt will implement all these recommendations

Fools Die.