Tuesday, October 7, 2008

ഭൂവുടമാ ബന്ധങ്ങളും സാമൂഹ്യപരിവര്‍ത്തനവും

നാഗരികതകളുടെ ആവിര്‍ഭാവകാലം മുതല്‍ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ആരംഭിക്കുന്നതായി കാണാം. മേച്ചില്‍പ്പുറങ്ങള്‍ക്കും കൃഷിഭൂമിക്കും ജലസ്രോതസ്സുകള്‍ക്കും വേണ്ടിയിട്ടാണ് ആ പോരാട്ടങ്ങളൊക്കെ നടന്നിട്ടുള്ളത്. ഏതൊരു രാജ്യത്തിന്റെയും ചരിത്രത്തില്‍ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ നടന്നിട്ടുള്ളതായി മനസ്സിലാക്കാന്‍ സാധിക്കും. ഭൂമിയിന്മേല്‍ വ്യക്തമായ ഉടമാബന്ധം വരുന്നതിനു മുമ്പും പിമ്പും ഇത് സംഭവിച്ചിട്ടുണ്ട്. ആക്രമിച്ചു കീഴ്പ്പെടുത്തലുകള്‍ അസാധ്യമായിത്തീര്‍ന്ന ആധുനിക കാലഘട്ടത്തില്‍ ഭൂമിയില്‍ ഉടമസ്ഥത സ്ഥാപിക്കുന്നതിന് മറ്റ് ചില മാര്‍ഗങ്ങളാണ് അവലംബിച്ചിരുന്നത്. കൈവശാവകാശം കൃഷിയുടെ ആരംഭകാലം മുതല്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂമിയിലെ ഉടമസ്ഥാവകാശവും കൈമാറ്റാവകാശവും സിദ്ധിക്കുന്നതും വളരെ കാലത്തിനുശേഷമാണ്.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലും ഭൂവുടമസ്ഥത സാമൂഹ്യഘടനയുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടുവന്നത്. ഭൂവുടമസ്ഥതയും കൃഷിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലും കേരളത്തിലും ജാതിസമ്പ്രദായം രൂപപ്പെട്ടത്. ഭൂവുടമസ്ഥതയും കൃഷിയുമെന്ന അടിത്തറയ്ക്ക് കാര്യമായ മാറ്റം വന്നുവെങ്കിലും ജാതിയെന്ന മേല്‍പ്പുര മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. അതിനാല്‍ ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റം സാമൂഹ്യപരിവര്‍ത്തനത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന പരിശോധന ആവശ്യമാണ്.

കേരളത്തില്‍ മൂന്ന് തരത്തിലുള്ള ഭൂവുടമാ ബന്ധങ്ങളാണുണ്ടായിരുന്നത്. ബ്രഹ്മസ്വം, ദേവസ്വം, പണ്ടാരവക / ചേരിക്കല്‍, എന്നിങ്ങനെയായിരുന്നു അത്. ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമിയും, ബ്രഹ്മസ്വം പൂജാരിമാരായ ബ്രാഹ്മണരുടെ സ്വത്തും പണ്ടാരവക നാടുവാഴിയുടെ വകയുമായിരുന്നു. തിരുവിതാംകൂര്‍ പ്രദേശത്ത് പണ്ടാരവകയെന്നത് മലബാര്‍ പ്രദേശത്ത് ചേരിക്കല്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതുകൂടാതെ അമ്പലവാസി ജാതികള്‍ക്ക് ക്ഷേത്രജോലികള്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നതാണ് 'വിരുത്തി' ഭൂമി. ഈ കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ദേവന്‍ മുതല്‍ അമ്പലവാസി വരെയുള്ളവര്‍ നിത്യനിദാനച്ചെലവുകള്‍ നിര്‍വഹിച്ചിരുന്നത്.

ഈ ഭൂവുടമാബന്ധങ്ങളില്‍ ഒരു മാറ്റമുണ്ടാകുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ്. തിരുവിതാംകൂര്‍ പ്രദേശത്ത് മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്തുണ്ടായ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. രാജാധികാരത്തെ ചോദ്യം ചെയ്തവരില്‍ പ്രമുഖര്‍ നായര്‍ പ്രമാണിമാരായതിനാല്‍ അവര്‍ക്ക് ബദലായി ഇതര മതസ്ഥരെ വളര്‍ത്താനാണ് മാര്‍ത്താണ്ഡവര്‍മ്മ ശ്രമിച്ചത്. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഭൂമി പതിച്ചുകിട്ടുന്നത്. രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പണ്ടാരവക ഭൂമിയാണ് ഇങ്ങനെ പതിച്ചു നല്‍കിയത്. ബദല്‍ ശക്തിയെ വളര്‍ത്തുന്നതിനു പുറമെ കാര്‍ഷിക വികസനത്തിലൂടെ നികുതി പിരിച്ച് ഖജനാവ് നിറയ്ക്കുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു. ഇവര്‍ക്ക് കൈവശാവകാശം മാത്രമാണ് ഇങ്ങനെ നല്‍കിയത്. ഉടമസ്ഥാവകാശത്തിനു വേണ്ടി അടുത്ത നൂറ്റാണ്ടില്‍ സമരം ചെയ്യേണ്ടതായി വന്നു.

മലബാറിലാകട്ടെ ടിപ്പുവിന്റെ ആക്രമണവും അല്‍പ്പകാലത്തെ ഭരണവുമാണ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ടിപ്പുവിന്റെ ആക്രമണത്തെത്തുടര്‍ന്ന് നാടു വിട്ടോടിയ ബ്രാഹ്മണര്‍, നാടുവാഴികള്‍ എന്നിവരുടെ ഭൂമി കൃഷിക്കാര്‍ക്ക് പതിച്ചുനല്‍കി അവരില്‍നിന്നും നേരിട്ട് നികുതി പിരിക്കുകയാണ് ടിപ്പു ചെയ്തത്. അങ്ങനെ മുസ്ലീങ്ങള്‍, തിയ്യര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഭൂവുടമസ്ഥരും കൃഷിക്കാരുമായിത്തീര്‍ന്നു. ടിപ്പുവിനെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാര്‍ അധികാരം സ്ഥാപിച്ചപ്പോള്‍ നാടു വിട്ടോടിയവര്‍ തിരിച്ചുവരികയും അവരെ ഭൂവുടമകളായി ബ്രിട്ടീഷുകാര്‍ അംഗീകരിക്കുകയും ചെയ്തു. സ്വാഭാവികമായും അല്‍പ്പകാലത്തേക്കാണെങ്കിലും ഭൂമിയില്‍ ഉടമസ്ഥാവകാശം കിട്ടിയ മുസ്ലീങ്ങള്‍ (മാപ്പിളമാര്‍) ഇതിനെതിരെ കലാപം ചെയ്തു. ഇതാണ് മലബാറിലെ മാപ്പിള കലാപങ്ങള്‍ക്കു ഹേതുവായതും 1921-ലെ മലബാര്‍ കലാപത്തിലെത്തുകയും ചെയ്തത്.
മലബാര്‍ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടുവരെ ഈ ഭൂവുടമാബന്ധം മാറ്റമില്ലാതെ തുടര്‍ന്നു. കൊച്ചിയിലാകട്ടെ തിരുവിതാംകൂര്‍ മാതൃകയില്‍ ഭൂവുടമാബന്ധം സ്ഥാപിക്കുകയാണ് ഉണ്ടായത്.

തിരുവിതാംകൂറില്‍ സാമൂഹ്യപരിവര്‍ത്തനത്തിന് നിദാനമായ തരത്തില്‍ ഭൂവുടമാ ബന്ധങ്ങളില്‍ മാറ്റം വരുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ക്ക് കൃഷിക്കായി പണ്ടാരവക ഭൂമി നല്‍കാന്‍ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ഈഴവരാദി പിന്നോക്കക്കാര്‍ക്കും ഭൂമി നല്‍കാന്‍ തുടങ്ങി. കൃഷി വികസിപ്പിക്കുകയും അതുവഴി നികുതിയിനത്തില്‍ പിരിവ് നടത്തി ഖജനാവ് നിറയ്ക്കുകയുമായിരുന്നു ഉദ്ദേശം. കൃഷിയിലൂടെയും കുരുമുളക് , മരം എന്നിവകളുടെ കച്ചവടത്തിലൂടെയും തിരുവിതാംകൂര്‍ സമ്പന്നമായതുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ രാജഭരണത്തിന് കഴിഞ്ഞത്.

അങ്ങനെ, കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വളര്‍ന്ന ഒരു നവജാത സമ്പന്ന വിഭാഗം തിരുവിതാംകൂറില്‍ പ്രത്യക്ഷപ്പെട്ടു. ഭൂമിയിലെ കൈവശാവകാശം ഉടമസ്ഥാവകാശമായും കൈമാറ്റാവകാശമായും മാറ്റിയെടുക്കുകയെന്നുള്ളത് ഇക്കൂട്ടരുടെ ആവശ്യമായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളില്‍ ഭൂമി വില്‍പ്പനച്ചരക്കായി തീര്‍ന്നത് ഈ ഘട്ടത്തിലായിരുന്നു. ഭൂമിയേയും മറ്റു ചരക്കുകള്‍ പോലെ വില്‍ക്കാനും വാങ്ങാനും കഴിയുമെന്നത് സാമ്പത്തികരംഗത്തും സാമൂഹ്യരംഗത്തും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.

കൈവശാവകാശം ഉടമസ്ഥാവകാശമാക്കി മാറ്റുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ കര്‍ഷകര്‍ തിരുവിതാംകൂറിന്റെ പല ഭാഗത്തും നടത്തി. വളരെക്കാലത്തിനു ശേഷമാണെങ്കിലും അവര്‍ തങ്ങളുടെ ആവശ്യം നേടിയെടുത്തു. അതാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പണ്ടാരപ്പാട്ട വിളംബരം. പണ്ടാരവക ഭൂമി കൈവശം വച്ച് അനുഭവിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശവും പിന്തുടര്‍ച്ചാവകാശവും കൈമാറ്റാവകാശവും നല്‍കുന്നതാണ് ഈ വിളംബരം. തുടര്‍ന്ന് ജന്മി-കുടിയാന്‍ വിളംബരത്തിലൂടെ ബ്രഹ്മസ്വം ഭൂമിയിലെ കര്‍ഷകനും ഈ അവകാശം ലഭിച്ചു. അങ്ങനെ ഭൂവുടമാബന്ധങ്ങളില്‍ സമഗ്രമായ മാറ്റം വരുന്നതിന് തിരുവിതാംകൂര്‍ സാക്ഷിയായി. ഇതേ കാലഘട്ടത്തില്‍ത്തന്നെയാണ് - 1869-ല്‍ - മൂന്നാറില്‍ മൂവായിരം ഏക്കര്‍ വനഭൂമി വിലയ്ക്കുവാങ്ങി ഒരു ബ്രിട്ടീഷ് മുതലാളി തേയിലക്കൃഷി ആരംഭിച്ചത്. ഇന്ന് കണ്ണന്‍ദേവന്‍ എന്ന പ്രസിദ്ധമായ തേയിലത്തോട്ടത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.

കൃഷിയായിരുന്നു മുഖ്യ തൊഴിലെന്നതിനാല്‍ കേരളത്തിലെ ജാതിവ്യവസ്ഥ രൂപപ്പെട്ടത് അതിന്റെ അടിസ്ഥാനത്തിലായിരുന്നു. കൃഷിയും കൈവേലകളും കൈത്തൊഴിലുകളും ജാതിയടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടു. ദേവാലയങ്ങളുടെ നടത്തിപ്പും ഭരണവുമായി ബന്ധപ്പെട്ട് ഈ വ്യവസ്ഥ സുശക്തവും ശ്രേണീബദ്ധവുമായ സാമൂഹ്യക്രമമായി തീരുകയായിരുന്നു. എന്നാല്‍ അന്നേവരെ കേരളത്തിന് പരിചിതമല്ലാതിരുന്ന ഒരു കൃഷി ഇവിടേക്ക് കടന്നുവന്നപ്പോള്‍ അത് ജാതിക്ക് അതീതമായ ഒരു തൊഴില്‍ എന്ന സ്ഥിതി സംജാതമാക്കി. കാര്‍ഷികോല്‍പ്പന്നം തന്നെ പ്രതിഫലമായി നല്‍കിയിരുന്ന പഴയ കൃഷിരീതിയില്‍ നിന്ന് വ്യത്യസ്തമായി പണം പ്രതിഫലമായി (കൂലി) നല്‍കുന്ന വ്യവസ്ഥ നിലവില്‍ വന്നു. കൈവശ ഭൂമിക്ക് ഉടമസ്ഥാവകാശവും കൈമാറ്റാവകാശവും അനുവദിക്കുന്ന ഒരു പരിഷ്കാരം നടപ്പാക്കിയതിന്റെ ഫലമായിരുന്നു അത്. പിന്തുടര്‍ച്ചാവകാശവും കൂടി ലഭ്യമായപ്പോള്‍ അനന്തര തലമുറകള്‍ക്കും ഈ അവകാശം വിനിമയം ചെയ്തു കിട്ടി.

എന്നാല്‍ ഈ വിളംബരപ്രകാരം യഥാര്‍ത്ഥ കൃഷിക്കാരനല്ല ഉടമസ്ഥാവകാശം കിട്ടിയത്. പണ്ടാരവക ഭൂമിയോ ദേവസ്വം - ബ്രഹ്മസ്വം - വിരുത്തി ഭൂമിയോ കൈവശം വച്ചിരുന്നവര്‍ക്ക് മാത്രമാണ് ഈ അവകാശം ലഭിച്ചത്. യഥാര്‍ഥ കര്‍ഷകര്‍ വേറെയായിരുന്നു. അവരെ ഒഴിപ്പിക്കാനും, കൂടുതല്‍ പാട്ടം കൊടുക്കുന്നവന് മേല്‍ച്ചാര്‍ത്ത് കൊടുക്കാനും ജന്മിമാര്‍ തയ്യാറായി. അതാണ് ഇരുപതാം നൂറ്റാണ്ടിലെ പാട്ടക്കുടിയാന്മാരുടെ പ്രക്ഷോഭങ്ങള്‍ക്കടിസ്ഥാനം. മലബാര്‍ പ്രദേശത്തെ 'കാണക്കാരും' തിരു-കൊച്ചി പ്രദേശത്തെ ജന്മിമാരും അവരെ സഹായിക്കാന്‍ അതാതിടത്തെ ഭരണകൂടവും എന്നതായിരുന്നു അവസ്ഥ. ഈ പാട്ടക്കുടിയാന്മാരുടെ പ്രശ്നങ്ങളാണ് സ്വാതന്ത്ര്യ സമരകാലത്തും, സ്വാതന്ത്ര്യ ലബ്‌ധിയുടെ ആദ്യവര്‍ഷങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എറ്റെടുക്കുന്നത്. അതിന്റെ ഫലമായാണ് 1957-ലെ ഇ.എം.എസ്. സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവന്നതും യഥാര്‍ഥ കൃഷിക്കാരന് ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമാക്കുന്ന ഭൂനിയമത്തിലേക്ക് വഴിവെച്ചതും. പ്രസ്തുത നിയമം വഴി ഭൂവുടമകളായിത്തീര്‍ന്നവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ കര്‍ഷകരും ഭൂവുടമകളും.

ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് മറ്റൊരു പ്രശ്നത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. പാട്ടക്കുടിയാന് ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമായെങ്കിലും പാടത്ത് പണിയെടുത്തിരുന്ന കര്‍ഷകത്തൊഴിലാളിക്ക് ഒരു സുരക്ഷിതത്വവും ഇല്ലായിരുന്നു. ഇവര്‍ക്കു വേണ്ടിയാണ് കുടികിടപ്പവകാശ നിയമം പില്‍ക്കാലത്ത് പാസാക്കിയതും അതിലേക്ക് വേണ്ടി എ.കെ.ജി.യുടെ നേതൃത്വത്തില്‍ മിച്ചഭൂമി സമരം നടത്തിയതും. ഇന്ന് കേരളത്തില്‍ പലേടങ്ങളിലും നടക്കുന്ന ഭൂസമരങ്ങളെ ഇതുമായി താരതമ്യം ചെയ്യുന്നത് പ്രശ്നത്തെ കൂടുതല്‍ മനസിലാക്കുന്നതിന് സഹായിക്കും.

1957-ലെ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമത്തിലൂടെ ഭൂവുടമകളായിത്തീര്‍ന്നവരുടെ പിന്‍ഗാമികളില്‍ ഭൂരിപക്ഷവും കൃഷിക്കാരായി തുടരുകയല്ല ചെയ്തത്. അന്നത്തെ ഭൂവുടമകള്‍ മക്കളെ വിദ്യാഭ്യാസത്തിന് അയക്കുകയും അങ്ങനെ വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷം പേരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉദ്യോഗസ്ഥരാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ ഇത്തരം ഉദ്യോഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന മൂലം വിദ്യാഭ്യാസം നേടിയവര്‍ക്ക് മാസാമാസം ശമ്പളം കിട്ടുന്ന തൊഴില്‍ ലഭിച്ചു. അവര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ സമയമില്ലാതായി; താല്‍പ്പര്യവുമില്ലാതായി. അതോടൊപ്പം തന്നെ നെല്‍കൃഷിപോലുള്ളവ ലാഭകരമായി നടത്താന്‍ കഴിയാത്ത പൊതുസ്ഥിതിയും വന്നു. കൃഷിച്ചെലവ് കൂടിയത്, ഉല്‍പ്പന്നത്തിന്റെ വിലയിടിവ്, വിദഗ്ധ തൊഴിലാളിയെ ലഭിക്കാതായത്, കേരളത്തിലെ നെല്‍വയലുകളുടെ സ്ഥിതിയനുസരിച്ച് യന്ത്രവല്‍ക്കരണം നടപ്പാക്കാന്‍ കഴിയാത്തത് തുടങ്ങി പല കാരണങ്ങള്‍ കൃഷിയോടുള്ള ആഭിമുഖ്യം പുതിയ തലമുറക്കില്ലാതാക്കാന്‍ സാഹചര്യമുണ്ടാക്കി. ഉദ്യോഗസ്ഥര്‍ നഗരങ്ങളിലേക്ക് താമസം മാറ്റി. കൃഷിഭൂമി വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഉദ്യോഗസ്ഥരായവരും അല്ലാത്തവരും സ്വന്തമായി വീടുണ്ടാക്കാന്‍ തുടങ്ങിയതും അതിലേക്കായി കൃഷിഭൂമി ഉപയോഗിക്കേണ്ടിവന്നതും കൃഷിഭൂമിയുടെ അളവില്‍ കുറവ് വരുത്തി.

ഭൂവുടമസ്ഥതയില്‍ മാറ്റം വരുത്തിയത് സ്വാഭാവികമായും കൂട്ടുകുടുംബ വ്യവസ്ഥയെ തകര്‍ത്തു. തല്‍സ്ഥാനത്ത് അണുകുടുംബങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കൂട്ടുകുടുംബ വ്യവസ്ഥ ജന്മിത്തത്തിന്റെ സാമൂഹ്യക്രമമാണെങ്കില്‍ അണുകുടുംബ വ്യവസ്ഥ മുതലാളിത്തത്തിന്റെ സാമൂഹ്യക്രമമാണ്. ഭൂവുടമസ്ഥതയിലും കാര്‍ഷികരംഗത്തും വന്ന മാറ്റങ്ങള്‍ ജാതിവ്യവസ്ഥയിലും മാറ്റം വരുത്തി. തേയില, റബ്ബര്‍, കാപ്പി, എണ്ണപ്പന തുടങ്ങിയ കൃഷികള്‍ ജാതിവ്യവസ്ഥയ്ക്ക് വിധേയമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. മൂലധന നിക്ഷേപത്തിലൂടെയും യന്ത്രവല്‍ക്കരണത്തിലൂടെയും നിലവില്‍ വന്ന വ്യവസായങ്ങളും ജാതി ചട്ടങ്ങള്‍ക്കതീതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനം, ഗതാഗതം, പത്രസ്ഥാപനങ്ങള്‍, വാര്‍ത്താ ചാനലുകള്‍ എന്നിവകളൊന്നും ജാതിവ്യവസ്ഥയ്ക്ക് അനുസൃതമായിട്ടല്ല നിലനിന്നുപോരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ സംവരണാനുകൂല്യത്തിന് മാത്രമേ ജാതി ഇന്ന് ഉപകരിക്കുന്നുള്ളു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ നിലവില്‍ വന്ന ഭൂവുടമസ്ഥതയിലെ മാറ്റങ്ങളാണ് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനിടയാക്കിയ പല കാരണങ്ങളില്‍ പ്രമുഖമായിട്ടുള്ളത്. നൂറ്റാണ്ടുകളായി ആചരിച്ചുപോന്ന വ്യവസ്ഥകളും ജാതിശ്രേണിയിലെ കൃത്യമായ അകലങ്ങളും, സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം നിഷിദ്ധമാണെന്ന നിയമവും എതിര്‍പ്പില്ലാതെ അനുസരിക്കപ്പെട്ടു പോരികയായിരുന്നു. എന്തുകൊണ്ടാണ് അവയൊക്കെ എതിര്‍ക്കപ്പെടേണ്ടവയാണെന്നുള്ള ബോധം പൊടുന്നനെയുണ്ടായത്. ഭൂവുടമാബന്ധങ്ങളില്‍ വരുത്തിയ മാറ്റവും മൂലധനത്തിന്റെ രംഗപ്രവേശവുമാണ് അത്തരമൊരു ചിന്തയ്ക്ക് വഴിവച്ചത്. ചട്ടമ്പിസ്വാമികളും ശ്രീനാരായണനും മാറ്റത്തിന്റെ അബോധപൂര്‍വമായ ഉപകരണങ്ങളായിത്തീരുകയായിരുന്നു.

ഇന്നിപ്പോള്‍ നടന്നുവരുന്നത് ഭൂമി കൈമാറ്റം മാത്രമാണ്. കാര്‍ഷികേതരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ഭൂമി കൈമാറ്റം നടന്നുവരുന്നത്. പണ്ട് ചെയ്തിരുന്നതുപോലെ കാര്‍ഷിക മേഖലയുടെ മൂലധനവല്‍ക്കരണത്തിന് വേണ്ടിയല്ല ഇന്ന് ഭൂമികൈമാറ്റം നടക്കുന്നത്. മൂലധന നിക്ഷേപമാണ് നടക്കുന്നതെങ്കിലും അത് കാര്‍ഷികേതരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്.

ജാതീയമായ വേലിക്കെട്ടുകള്‍ പൊളിച്ച് 'കുല'ത്തൊഴില്‍ ചെയ്തുകൊണ്ടിരുന്ന ജാതിയടിമയെ മോചിപ്പിച്ച് 'സ്വതന്ത്ര'തൊഴിലാളിയാക്കേണ്ടത് മൂലധന ശക്തികള്‍ക്ക് ആവശ്യമായിരുന്നു. തോട്ടം മേഖലയിലും വ്യവസായ ശാലകളിലും സ്വതന്ത്ര തൊഴിലാളിയെയാണാവശ്യം. അധ്വാനശക്തികളെ കെട്ടഴിച്ചു വിടുകയെന്ന സല്‍ക്കര്‍മ്മമാണവര്‍ അനുഷ്ഠിച്ചത്. അതിനാല്‍ ജാതിക്കും മതത്തിനും അതീതമായ നവോത്ഥാന സംരംഭങ്ങള്‍ ആവശ്യമായിരുന്നു. ഓരോ ജാതിയ്ക്കും അതിനകത്തെ അനാചാരങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ത്തന്നെ ജാതിക്കതീതമായി സാമൂഹികാവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഇതാവശ്യമായിരുന്നു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന സൂത്രവാക്യത്തിന്റെ പൊരുളതാണ്.

അങ്ങനെ സ്വതന്ത്രനായ തൊഴിലാളി സംഘടിക്കുകയും സമരം ചെയ്യുകയും ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. തൊഴിലാളിക്ക് ഓരോ പ്രാവശ്യം ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും മുതലാളിയുടെ ലാഭവിഹിതത്തില്‍ കുറവ് വരികയാണ് ചെയ്യുന്നത്. അതിനിടയാക്കിയത് സംഘടനാശേഷിയും സമരമുറകളും ഉപയോഗിച്ചായിരുന്നു. മുതലാളിയുടെ താല്‍പ്പര്യസംരക്ഷണത്തിന് തൊഴിലാളിയുടെ സംഘടിതശേഷി തകര്‍ക്കുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതിലേക്കായി ഉപയോഗിക്കുന്നതും ജാതി-മത നേതാക്കളെ തന്നെയാണ്. നവോത്ഥാന കാലഘട്ടത്തിന്റെ പ്രാരംഭകരെന്നപോലെ തന്നെ ഇന്നത്തെ ജാതി-മത-സാമുദായിക നേതാക്കന്മാരും മാറ്റത്തിന്റെ അബോധപൂര്‍വമായ ഉപകരണങ്ങളായിത്തീരുകയാണ്. പണ്ട് സംഘടിച്ചിരുന്നത് പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനാണെങ്കില്‍ ഇന്നത്തേത് പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി സംഘടിക്കാതിരിക്കുന്നതിനും അതാതു ജാതികളിലേക്ക് ചുരുങ്ങുന്നതിനും വേണ്ടിയാണ്. ആദ്യത്തേതിന്റെ നേരെ വിപരീതഫലമാണ് ഇന്നുണ്ടാക്കുന്നത്.

ജന്മി-കുടിയാന്‍ ഉല്‍പ്പാദനബന്ധത്തില്‍ നിന്നുണ്ടായതാണ് സംഘടിത മതങ്ങളും അവയുടെ ആചാരാനുഷ്ഠാനങ്ങളും ഭീമാകാരമായ ദേവാലയങ്ങളുമെല്ലാം. അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അതേപോലെ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണിന്ന് ഉണ്ടായിരിക്കുന്നത്. കീഴ്‌ജാതിക്കാരുടെയും സ്ത്രീകളുടെയും ക്ഷേത്രപ്രവേശനം, ജാതി വ്യവസ്ഥക്കതീതമായ പൂജാരി നിയമനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നത് ഈ സാഹചര്യത്തിലാണ്. ജന്മി-കുടിയാന്‍ ബന്ധത്തില്‍ നിന്നും മുതലാളിത്തത്തിലേക്കും സാമ്രാജ്യത്വത്തിലേക്കും ഉല്‍പ്പാദനരീതി മാറിയപ്പോള്‍ സംഘടിത മതങ്ങളുടെ നടത്തിപ്പിലും മാറ്റങ്ങള്‍ അനിവാര്യമായി. ഈശ്വരവിശ്വാസത്തിനപ്പുറം നിലനില്‍പ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും വ്യവസായങ്ങളും തുടങ്ങി വിശ്വാസികളെ സാമ്പത്തികമായി തങ്ങളുടെ തന്നെ സ്ഥാപനങ്ങളില്‍ത്തന്നെ തളച്ചിടാനുള്ള ശ്രമമാണിന്ന് നടക്കുന്നത്.

സാമ്പത്തിക ശക്തിയായി വളരുമ്പോഴുണ്ടാകുന്ന പുതിയ മൂല്യസങ്കല്‍പ്പങ്ങളാണ് തന്ത്രിമാരും പുരോഹിതന്മാരും മതേതരമായ കാര്യങ്ങളില്‍ മുഴുകുന്നതും മതവിശ്വാസികള്‍ സദാചാരവിരുദ്ധമെന്ന് കരുതുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും. അതിന്റെ പേരില്‍ മാര്‍പ്പാപ്പ കുമ്പസാരിക്കുകയും സന്യാസിമാരും സന്യാസിനിമാരും പീഡനത്തില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി തിരുവസ്ത്രം ഉപേക്ഷിക്കുന്നതുമായ സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. വ്യവസായത്തൊഴിലാളിയായാലും സര്‍ക്കാരുദ്യോഗസ്ഥനായാലും ഗൃഹാന്തരീക്ഷവും കുടുംബ ബന്ധങ്ങളും ജാതി മതാദി മൂല്യസങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചാണ് നിലനിന്നുപോരുന്നത്. ജനനം, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ ആചരിക്കുന്നത് ജാതി-മതാചാരങ്ങള്‍ക്ക് വിധേയമായിട്ടാണ്.

എന്നിട്ടും ആധുനിക സാമ്പത്തികക്രമം സംഭാവന ചെയ്യുന്ന മാനസിക സംഘര്‍ഷം പരിഹരിക്കാന്‍ കഴിയാതെ മനുഷ്യന്‍ നെട്ടോട്ടമോടുന്നു. ഉപഭോക്തൃ സമൂഹത്തിന്റെ ഉല്‍പ്പന്നമായ ആത്മസംഘര്‍ഷങ്ങളും ലഭിക്കുന്ന വരുമാനം മുഴുവന്‍ ലോണ്‍ തരുന്ന ബാങ്കുകളും ബാങ്കുകളില്‍ നിന്നും വ്യവസായങ്ങളും ചോര്‍ത്തിക്കൊണ്ടു പോകുന്ന കൂട്ടുകെട്ടിന്റെ ഇരയായിത്തീരുന്ന തൊഴിലാളിയുടെ മാനസിക പിരിമുറുക്കം പരിഹരിക്കാന്‍ കൂറ്റന്‍ ദേവാലയത്തിനുള്ളിലെ നിശബ്‌ദദേവന് സാധിക്കുന്നില്ല. പരിഹാരത്തിനായി ഒരുകൂട്ടര്‍ മന്ത്രവാദത്തിലേക്കും ആഭിചാരക്രിയകളിലേക്കും ചേക്കേറുന്നു. 'യന്ത്ര'ങ്ങള്‍ ജപിച്ചുകെട്ടുന്നു. മറ്റൊരു കൂട്ടര്‍ ആള്‍ദൈവങ്ങളിലേക്ക് ഒഴുകുന്നു. "മനശ്ശാന്തിയില്ല, അല്ലേ?'' എന്ന ഒറ്റചോദ്യത്തിന് മുമ്പില്‍ തന്റെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കിയ സിദ്ധനാണിയാള്‍ എന്ന തോന്നല്‍ ഉണ്ടാക്കുന്നു. അതയാളെ മാനസികാടിമയാക്കുന്നു.

താല്‍ക്കാലിക മനശ്ശാന്തി യെന്നതിനപ്പുറം പ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമല്ല ഇതെന്ന് പെട്ടെന്ന് തിരിച്ചറിയുന്നില്ല. തല്‍ക്കാലം വേദന മാറ്റുന്നു; ആശ കൈവരുത്തുന്നു. രോഗിക്ക് വേദനസംഹാരി നല്‍കുന്നത് രോഗനിവാരണത്തിന് ഉപകരിക്കില്ലായെന്ന് പെട്ടെന്ന് തിരിച്ചറിയാത്തതുപോലെ. ഇത്തരം സങ്കീര്‍ണമായ സാമൂഹ്യാന്തരീക്ഷത്തിലാണ് തൊഴിലാളി സംഘടനകളും രാഷ്ട്രീയകക്ഷികളും പ്രവര്‍ത്തിക്കേണ്ടതായി വരുന്നത്. മാനസിക പിരിമുറുക്കം ലഘൂകരിക്കാനും പ്രതിസന്ധികളെ മനസാന്നിധ്യത്തോടെ നേരിടാനും അംഗങ്ങളെ സജ്ജമാക്കേണ്ടതായി വരും. സാമൂഹ്യവും സദാചാരപരവുമായ മൂല്യസങ്കല്‍പ്പങ്ങളില്‍ മാറ്റം വരുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നതിന്റെ പ്രതിസന്ധി പരിഹരിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു.

*****

വി കാര്‍ത്തികേയന്‍ നായര്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലും ഭൂവുടമസ്ഥത സാമൂഹ്യഘടനയുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടുവന്നത്. ഭൂവുടമസ്ഥതയും കൃഷിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലും കേരളത്തിലും ജാതിസമ്പ്രദായം രൂപപ്പെട്ടത്. ഭൂവുടമസ്ഥതയും കൃഷിയുമെന്ന അടിത്തറയ്ക്ക് കാര്യമായ മാറ്റം വന്നുവെങ്കിലും ജാതിയെന്ന മേല്‍പ്പുര മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. അതിനാല്‍ ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റം സാമൂഹ്യപരിവര്‍ത്തനത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന പരിശോധന ആവശ്യമാണ്.

കേരളത്തില്‍ മൂന്ന് തരത്തിലുള്ള ഭൂവുടമാ ബന്ധങ്ങളാണുണ്ടായിരുന്നത്. ബ്രഹ്മസ്വം, ദേവസ്വം, പണ്ടാരവക / ചേരിക്കല്‍, എന്നിങ്ങനെയായിരുന്നു അത്. ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമിയും, ബ്രഹ്മസ്വം പൂജാരിമാരായ ബ്രാഹ്മണരുടെ സ്വത്തും പണ്ടാരവക നാടുവാഴിയുടെ വകയുമായിരുന്നു. തിരുവിതാംകൂര്‍ പ്രദേശത്ത് പണ്ടാരവകയെന്നത് മലബാര്‍ പ്രദേശത്ത് ചേരിക്കല്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതുകൂടാതെ അമ്പലവാസി ജാതികള്‍ക്ക് ക്ഷേത്രജോലികള്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നതാണ് 'വിരുത്തി' ഭൂമി. ഈ കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ദേവന്‍ മുതല്‍ അമ്പലവാസി വരെയുള്ളവര്‍ നിത്യനിദാനച്ചെലവുകള്‍ നിര്‍വഹിച്ചിരുന്നത്.

The one who has loved and lost said...

ഈ പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിച്ചതിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപെടുത്തട്ടെ..
ഐ ടി ലോകത്ത് കറങ്ങി (കിറുങ്ങി) നടക്കുന്ന എന്നെ പോലുള്ള കണ്‍സ്യൂമര്‍ അടിമകള്‍ക്ക് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വളരെ വിജ്ഞാനപ്രദമാണ് ...

കൂടുതല്‍ എഴുതാന്‍ അപേക്ഷ..
ദീപക്