Monday, February 16, 2009

പള്ള പയ്‌ക്ക്ന്ന് ബോസേ....

അടുത്തയിടെ കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ മാഗസിന്‍ പ്രകാശന ചടങ്ങില്‍ സംബന്ധിക്കാന്‍ എനിക്ക് അവസരമുണ്ടായി. അതി ശ്രദ്ധേയങ്ങളായ ലേഖനങ്ങളും പഠനങ്ങളും അഭിമുഖങ്ങളും നിറഞ്ഞ അതിന്റെ കേന്ദ്ര അന്വേഷണം വിശപ്പ് ആയിരുന്നു. എഡിറ്റോറിയല്‍ ബോര്‍ഡ് മാഗസിന് നല്‍കിയ പൊതുശീര്‍ഷകമാവട്ടെ "പള്ള പയ്ക്ക്ന്ന് ബോസേ'' എന്നും. ഈയൊരു സമീപനം പലതുകൊണ്ടും വ്യത്യസ്‌തമായി തോന്നി. ഒട്ടുമിക്ക കോളേജ് മാഗസിനുകളും വളരെ ഉപരിപ്ലവങ്ങളായ കൊതിപ്പിക്കുന്ന തലക്കെട്ടാണ് നല്‍കാറുള്ളത്. വയറ്, കുംഭ എന്നിങ്ങനെയുള്ള വാക്കുകളും ഉപയോഗിക്കാമായിരുന്നല്ലോ. എന്നാല്‍ അവര്‍ എന്‍.എസ് മാധവന്റെ ' തിരുത്ത് ' എന്ന കഥയിലെ പത്രാധിപരെപ്പോലെ കൃത്യമായ വാക്കുതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു അനുഭവത്തില്‍ നിന്നാണ് ഇത് രൂപപ്പെട്ടതെന്ന് ആ പരിപാടിയിലെ പ്രസംഗത്തില്‍ നിന്ന് മനസ്സിലാക്കാനായി.

കോഴിക്കോട് ടൌണ്‍ഹാളില്‍ എടുത്താല്‍ പൊന്താത്ത ഏതോ ഒരു വിഷയം മുന്‍ നിര്‍ത്തി അക്കാദമിക് പണ്ഡിതന്റെ പ്രഭാഷണഗോഷ്‌ടി. ഉച്ച കത്തിക്കയറിയിട്ടും അത് നിന്നില്ല. വിശപ്പിനെയും വയല്‍ നികത്തലിനെയും സ്‌പര്‍ശിച്ച് അയാള്‍ നീണ്ടു. അമ്മ യാചിക്കാന്‍ പോയ കൊച്ചു നാടോടിപ്പയ്യന്‍ അതെല്ലാം കേട്ട് സമീപത്തുതന്നെയുണ്ടായിരുന്നു. വിശപ്പ് എന്നൊക്കെ പറയുന്നതു കേട്ട അവന്‍ ഏറെ തളര്‍ന്നിരുന്നു. പിന്നെ സംശയിച്ചില്ല. സ്‌റ്റേജില്‍ കയറി പ്രസംഗകന്റെ നീണ്ട ജുബ്ബ പിടിച്ചു വലിച്ച് അവന്‍ പറഞ്ഞു: "പള്ള പയ്‌ക്ക്ന്ന് ബോസേ.''

പ്രസംഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും പഠനങ്ങളുടെയും സംവാദങ്ങളുടെയും തൊലിപ്പുറമെയുള്ള ഉത്കണ്ഠകള്‍ക്കപ്പുറത്താണ് യഥാര്‍ത്ഥ ലോകം എന്നെങ്കിലും തെളിയിക്കാന്‍ പോന്നതായിരുന്നു ആ നാടോടി ബാലന്റെ താല്‍ക്കാലിക ധൈര്യം എന്നുവേണം പറയാന്‍. നമ്മുടെ കഥകളിലും കവിതകളിലും പോലും ദാരിദ്ര്യം ശകാരമേറ്റുവാങ്ങുന്ന രൂപീകരണം തന്നെയായി മാറിയിട്ടുണ്ട്. ബ്രിട്ടീഷ് യുദ്ധകാര്യ ലേഖകനും ലോക പ്രശസ്ത പത്രപ്രവര്‍ത്തകനുമായ അലന്‍ ഹാര്‍ട്ട് 2008 ഡിസംബറിലെ കോഴിക്കോട് അന്താരാഷ്‌ട്ര പുസ്‌തകോത്സവം ഉല്‍ഘാടനം ചെയ്‌ത് അടിവരയിട്ടതുപോലെ സാമ്പത്തിക ശാസ്‌ത്രജ്ഞരാണ് ഇക്കാര്യത്തില്‍ ഏറ്റവും അജ്ഞരായിട്ടുള്ളത്.

സമീപകാല ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറയുന്നത് ധനാഢ്യരുടെ വിഹ്വലതകള്‍ മാത്രമാണ്. 2009 ജനുവരി അഞ്ചിന് ജര്‍മന്‍ ശതകോടീശ്വരനായ അഡോള്‍ഫ് മെര്‍ക്കിള്‍ തീവണ്ടിക്ക് തലവെച്ച് ജീവിതം അവസാനിപ്പിച്ചത് അതിലൊന്നായിരുന്നു. 4000 കോടി ആസ്‌തിയുള്ള അയാള്‍ 2008 ല്‍ 100 കോടി നഷ്‌ടം വന്നത് അഭിമുഖീകരിക്കാനാവാതെയാണത്രെ ആത്മഹത്യയില്‍ അഭയം തേടിയത്. സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിലെ കുംഭകോണ വാര്‍ത്തകളിലും നാം കണ്ടത് കള്ളപ്പണക്കാരുടെ ലാഭത്തിലെ ഇടിവുകളെക്കുറിച്ചുള്ള ഞെട്ടലുകളാണ്. എന്നാല്‍ അതിലെ 53000 ജീവനക്കാരുടെ ദുര്‍ഗതി തീര്‍ത്തും അവഗണിക്കപ്പെട്ടു. അവരുടെ പലരുടെയും ക്രെഡിറ്റ് കാര്‍ഡിന്റെ വിലപോലും കുത്തനെ ഇടിഞ്ഞു. സ്വന്തം ഓഫീസിലും പുറത്തും ഏറ്റവും ക്രൂരമായ സാമ്പത്തികാപമാനമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ തുച്‌ഛമായ നിലവാരത്തിലേക്ക് ഇടിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കും എച്ച്.ഡി.എഫ് സി യുമായിരുന്നു കൂടുതല്‍ ക്രൂരത കാട്ടിയത്. തുടര്‍ന്ന് എച്ച്.എസ്. ബി.സി യും സിറ്റി ബാങ്കും ഇതേ വഴി പിന്തുടര്‍ന്നു. സ്ഥാപനമേല്‍പ്പിച്ച മാനസിക പരിക്കിനേക്കാള്‍ ആഴമുള്ളതായിരുന്നു ഈ അവഹേളനമെന്നായിരുന്നു ഒരു ജീവനക്കാരന്‍ പത്രപ്രവര്‍ത്തകനായ ശ്രീനാഗ ശ്രീധറിനോട് പ്രതികരിച്ചത്. രണ്ട് ലക്ഷം രൂപ വിലമതിച്ച ക്രെഡിറ്റ് കാര്‍ഡിന് നാല്‍പതിനായിരം രൂപയുടെ സ്വാതന്ത്ര്യം മാത്രമാണ് അനുവദിച്ചത്.

അമേരിക്കന്‍ പ്രതിസന്ധിയെക്കുറിച്ച് ക്രിസ്റണ്‍ മൿനമാര (Investor confidence down with financial advisers) പഠിച്ചപ്പോഴും സമാനമായ ചില കാര്യങ്ങള്‍ എടുത്തിട്ടുണ്ട്. യു.എസ് കോടീശ്വരന്മാര്‍ പണവും വിശ്വാസവും നഷ്‌ടപ്പെട്ട അവസ്ഥയിലാണെന്നാണ് മൿനമാര എഴുതിയത്. സാമ്പത്തിക സ്ഥാപനങ്ങളും അവയുടെ ഉപദേശകരും ഏത് തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നിക്ഷേപകര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ 20 ശതമാനവും കടുത്ത നിരാശയിലാണത്രെ. വലിയ തലവാചകമുള്ള സ്ഥാപനങ്ങളില്‍ ചെറിയ സുരക്ഷിത ബോധം അനുഭവപ്പെടുന്നതായും ചില നിക്ഷേപകര്‍ കാണുന്നു. ഇവക്ക് ഗവണ്‍മെന്റിന്റെ കൈത്താങ്ങുള്ളതാണ് ഇതിന് കാരണം. വലിയ ധനാഢ്യരെ തുണക്കുന്ന അമേരിക്കന്‍ നയം 'സമ്പന്നരുടെ സോഷ്യലിസം' എന്ന പ്രയോഗം തന്നെ കൊണ്ടുവന്നിട്ടുണ്ട്. അതിസമ്പന്നര്‍ 20 മുതല്‍ 40 ശതമാനം വരെ ലാഭ ഇടിവ് അനുഭവിച്ചു കൊണ്ടിരിക്കുയാണെന്നും അമേരിക്കന്‍ സ്ഥിതിഗതികള്‍ കാണിക്കുന്നു. ജോലിയില്‍ നിന്ന് ഉടന്‍ വിടുതല്‍ ആഗ്രഹിച്ച മിക്കവരും വിരമിക്കല്‍ നീട്ടിവെച്ചതായും അറിയിക്കുന്നുണ്ട്.

പതിനാറു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. 2008 ഡിസംബറില്‍ മാത്രം 524000 തൊഴിലുകള്‍ നഷ്‌ടമായി. ഒരു കോടി പതിനൊന്ന് ലക്ഷമാണ് ഇപ്പോഴത്തെ തൊഴിലില്ലാത്തവരുടെ എണ്ണം. സാമ്പത്തിക മാന്ദ്യം തുടങ്ങുമ്പോഴുണ്ടായതിന്റെ ഇരട്ടിയാണത്. 1980 നു ശേഷം മൂന്നു മാസത്തിനുള്ളില്‍ ഇത്രയും പ്രഹരമുണ്ടായതും ആദ്യമാണ്. നിക്ഷേപകരെ ചൂഷണം ചെയ്യലും ജീവനക്കാരെ ഒഴിവാക്കലുമാണ് ഈ പ്രതിസന്ധിക്കുള്ള ഏറ്റവും ലളിതമായ പരിഹാരമെന്നാണ് കുത്തകകള്‍ ചിന്തിക്കുന്നത്. സ്ഥിരം തൊഴിലാളികളെ പാര്‍ട്ട് ടൈമുകാരാക്കുന്ന വിദ്യയും ചിലേടത്ത് പയറ്റുന്നുണ്ട്. ഇതുകൂടിയാകുമ്പോള്‍ തൊഴിലില്ലായ്‌മാ നിരക്ക് 13.5 ശതമാനമാകും. തൊഴില്‍ദായകരില്‍ പലരും ജീവനക്കാരുടെ ശമ്പളപ്പട്ടികപോലും പൂഴ്ത്തിവെക്കുകയാണ്. ആരോഗ്യ- വിദ്യാഭ്യാസ സൌകര്യങ്ങള്‍ പോലും എടുത്തു കളയുന്നു.

സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിലെ അരലക്ഷത്തിലധികം ജീവനക്കാര്‍ സ്വന്തം ധര്‍മ്മസങ്കടങ്ങളേക്കാള്‍ ശ്രദ്ധിക്കുന്നത് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നല്‍കിയ പാഠങ്ങളാണ്. കള്ളക്കണക്കിന്റെയും ഊതിവീര്‍പ്പിച്ച മുന്നേറ്റത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പൊക്കിയ കമ്പനി തകരുമ്പോള്‍ ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാവുക എന്നതാണ് അതിലൊന്ന്. നിക്ഷേപകര്‍ക്ക് ബാക്കിയാവുന്ന പണത്തിലെങ്കിലും അവകാശമുണ്ടാകും. എന്നാല്‍ ജീവനക്കാരുടെ ഗതിയെന്താവും? കിട്ടാനുള്ള ശമ്പളത്തിന് എന്തെങ്കിലും ഉറപ്പുണ്ടാകുമോ? ഉറപ്പു നല്‍കിയ ബോണസും പ്രചോദന വിഹിതവും ഇനിയൊരിക്കലും നല്‍കാനിടയുണ്ടോ? നഷ്‌ടപരിഹാരം എന്ന സങ്കല്‍പം പോലും അകലെയല്ലേ. എന്‍റോണ്‍ കമ്പനിയുടെ ഉദാഹരണം അവര്‍ക്കുമുന്നിലുണ്ട്. 2001 ലെ വന്‍ വീഴ്‌ച പതിനായിരക്കണക്കിന് ജീവനക്കാരെയാണ് തെരുവിലിറക്കിയത്. തൊഴില്‍ നഷ്‌ടത്തോടൊപ്പം പലരുടെയും സമ്പാദ്യവും വെള്ളത്തിലൊഴുകിപ്പോയി. വിരമിച്ചവരുടെ 62 ശതമാനം തുകയും എന്‍റോണ്‍ കമ്പോളത്തിലിറക്കിയിരുന്നല്ലോ. കമ്പനിയുടെ നല്ല ആരോഗ്യ ത്തെക്കുറിച്ച് പ്രബോധനം നടത്തിയ ഡയറൿടര്‍മാര്‍ എന്നാല്‍ സ്വന്തം പണം നല്ല സമയത്ത് വിറ്റു കാശാക്കി. ഒടുവില്‍ ജീവനക്കാര്‍ അതിന് മനസ്സുറച്ചപ്പോള്‍ അവരുടെ തുകക്ക് ഒരു വിലയുമില്ലാതായി.

പുതിയ ഏറ്റെടുക്കല്‍ ശ്രമം ഉണ്ടായാല്‍ തന്നെ ഭീമമായ ലേ ഓഫ് ഭീഷണി പതിയിരിക്കും. തൊഴില്‍ ലഭിക്കുന്നവര്‍ക്കാകട്ടെ പഴയ കരാറും സുരക്ഷിതത്വം പോലും ബാധകവുമാവില്ല. ഐ.ടി കമ്പനിയാകുമ്പോള്‍ സ്ഥാവര സ്വത്തുക്കള്‍ ബാലന്‍സ് ഷീറ്റില്‍പ്പെടാത്തതിനാല്‍ പ്രശ്‌നം പിന്നെയും സങ്കീര്‍ണ്ണമാകും.

ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഭക്ഷ്യപ്രശ്‌നത്തിലും സമാനമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കലവറകള്‍ നിറഞ്ഞു കവിയുമ്പോഴും ലോകത്ത് 100 കോടി ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണമില്ലെന്നതാണ് യാഥാര്‍ഥ്യം. കോര്‍പ്പറേറ്റ് ഭീമന്മാരുടെ ലാഭചോര്‍ച്ചയെ പ്രധാന വാര്‍ത്തയാക്കുന്ന പത്രങ്ങള്‍ പട്ടിണിമരണങ്ങളെ അകംപുറങ്ങളിലൊതുക്കുകയാണ്. ഈ നിശ്ശബ്‌ദനടപടി നിരുത്തരവാദപരമായ സാമ്പത്തിക സമീപനത്തിന്റെകൂടി ഫലമാണെന്ന് പറയേണ്ടതുണ്ട്. കാര്‍ഷിക ചെലവ് ഏറിയിട്ടും ഉല്‍പാദനവില കുറഞ്ഞു വരികയാണ്. എന്നാല്‍ ഭക്ഷ്യവില മാനം മുട്ടുന്നു. ഊഹക്കച്ചവടത്തിന്റെ പ്രധാന കേളീരംഗമായി ഈ മേഖല മാറിയതിന്റെ ഫലമാണിത്. പല വികസ്വര രാജ്യങ്ങളിലെയും ജനങ്ങളുടെ വാങ്ങല്‍ശേഷി ഇടിഞ്ഞതും കാണാതിരുന്നുകൂട.

കാര്‍ഷിക മേഖല കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തീര്‍ത്തും അവഗണിക്കപ്പെട്ട സ്ഥിതിയാണ്. കാര്‍ഷിക ഗവേഷണത്തിന്റെ അവസ്ഥയും ഇതുതന്നെ. ആവശ്യമായ പൊതു നിക്ഷേപത്തിന്റെ അഭാവം തന്നെ പ്രധാനം. ഉദാരവല്‍ക്കരണത്തെത്തുടര്‍ന്ന് ഭക്ഷ്യമേഖലയിലേക്ക് വന്‍കിട അഗ്രിബിസിനസ് കുത്തകകളുടെ ഉല്‍പന്നങ്ങള്‍ വന്‍ സബ്‌സിഡിയോടെ ഒഴുകിയെത്തുകയാണ്. ഇതാകട്ടെ ദരിദ്രരാജ്യങ്ങളില്‍ സബ്‌സിഡി പാടില്ലെന്ന് ശഠിച്ചുകൊണ്ടാണെന്നത് വേറൊരു കാര്യം. വികസ്വര രാജ്യങ്ങളിലെ ശമ്പള മരവിപ്പുകള്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി കുറക്കുകയുമാണ്. അവിടങ്ങളിലെ സമ്പദ്‌വ്യവസ്ഥകള്‍ മുന്നേറ്റം സൂചിപ്പിക്കുകയാണെന്ന അവകാശവാദങ്ങള്‍ക്കിടയിലാണിതെന്ന് ഓര്‍ക്കേണ്ടതുമുണ്ട്.

ആഗോള അഗ്രിബിസിനസ്സ് സ്ഥാപനങ്ങളുടെ കേന്ദ്രീകരണം സൃഷ്‌ടിക്കുന്ന വിനയാണ് മറ്റൊന്ന്. ഇവക്കാണ് തദ്ദേശീയ ഗവണ്‍മെന്റുകളുടെ കൂടി പിന്തുണയും സഹായവും. ജൈവഇന്ധനങ്ങള്‍ക്കായുള്ള കാര്‍ഷിക പദ്ധതിയുടെ അപകടം ഫിദല്‍ കാസ്‌ട്രോ അടുത്തിടെ ഒരു ലേഖനത്തില്‍ എടുത്തിട്ടത് ശ്രദ്ധേയമായിരുന്നു. പുതിയ ആഗോള സാമ്പത്തിക പ്രതിസന്ധി വികസ്വര രാജ്യങ്ങളിലെ കാര്‍ഷിക നിക്ഷേപത്തിന് വീണ്ടും വിലങ്ങുതടിയാവുകയാണ്. തൊഴിലാളിയുടെ കൂലിയും ഉപഭോക്താവിന്റെ വാങ്ങല്‍ കഴിവും ചുരുക്കുന്നതിലേക്കാവും ഇത് നീങ്ങുക. കൃഷി ലാഭകരമല്ലെന്ന് ശകാരിച്ച് അഗ്രിബിസിനസിന്റെ വ്യാമോഹങ്ങള്‍ നിറക്കുന്നതിലേക്കാവും ഈ പ്രവണത എത്തുക. ജയതിഘോഷ് ഉല്‍കണ്ഠപ്പെട്ടതുപോലെ (Where's the bailout for the hungry) വളരെ മോശപ്പെട്ട ഈ സ്ഥിതി വിശേഷം ചര്‍ച്ച ചെയ്യുന്നതിനുപകരം ബഹുരാഷ്‌ട്ര ബാങ്കിങ്ങ് ഭീമന്മാര്‍ നേരിടുന്ന പ്രതിസന്ധിയിലാണ് ഇപ്പോള്‍ എല്ലാവരും കൂടുകെട്ടിയിരിക്കുന്നത്. നിരുത്തരവാദപരമായ ധനകാര്യ സമീപനംകൊണ്ട് തകര്‍ന്ന കുത്തകകളെ ജാമ്യത്തിലെടുക്കാനാണ് വിശന്നുവലയുന്നവന് ഭക്ഷണമെത്തിക്കാനുള്ള പണം ഉപയോഗപ്പെടുക എന്നതും ജയതി കൂട്ടിച്ചേര്‍ത്തു.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോക ജനസംഖ്യയില്‍ പകുതിയിലധികം കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലാകുമെന്നാണ് ഏറ്റവും പുതിയ ചില പഠനങ്ങള്‍ വിരല്‍ ചൂണ്ടിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നെല്ലുല്‍പാദനം ഈ കാലയളവില്‍ 20 മുതല്‍ 40 ശതമാനം വരെ ഇടിയുമത്രേ! അന്തരീക്ഷ താപവര്‍ധനയാണ് വിനയാവുക. ഈ പ്രതിസന്ധിയും ദരിദ്രരുടെ കഞ്ഞിപ്പാത്രത്തിലാണ് കൈയിട്ടു വാരുക. ശീതകാലാവസ്ഥയുള്ള പല പ്രദേശങ്ങളും 1990 ലും 2006 ലുമുണ്ടായ ചൂടിന് സമാനമായ നിലയിലേക്ക് നീങ്ങുമത്രെ. ഇത് ജല ലഭ്യതയെയും ഊറ്റിക്കളയുമെന്നാണ് അമേരിക്കന്‍ പ്രസിദ്ധീകരണമായ 'സയന്‍സ്' കണ്ടെത്തിയിട്ടുള്ളത്. അപഗ്രഥനങ്ങളുടെ തളര്‍വാതം (അനാലിസിസ് റ്റു പരാലിസിസ്) എന്ന് ഡോ.എം.എസ്.സ്വാമിനാഥന്‍ കളിയാക്കിയ അവസ്ഥയിലാണ് ദാരിദ്ര്യത്തെയും ഭക്ഷ്യക്ഷാമത്തെയും വിശപ്പിനെയും മുഖ്യാധാരാ പണ്ഡിതര്‍ കാണുന്നത്. അതിനാല്‍ പള്ള പയ്‌ക്ക്ന്ന് ബോസേ എന്നെങ്കിലും നമുക്ക് വിളിച്ചു പറയേണ്ടതുണ്ട്.

*

അനിൽകുമാർ എ വി, കടപ്പാട്: ബാങ്ക് വർക്കേഴ്‌സ് ഫോറം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കോഴിക്കോട് ടൌണ്‍ഹാളില്‍ എടുത്താല്‍ പൊന്താത്ത ഏതോ ഒരു വിഷയം മുന്‍ നിര്‍ത്തി അക്കാദമിക് പണ്ഡിതന്റെ പ്രഭാഷണഗോഷ്‌ടി. ഉച്ച കത്തിക്കയറിയിട്ടും അത് നിന്നില്ല. വിശപ്പിനെയും വയല്‍ നികത്തലിനെയും സ്‌പര്‍ശിച്ച് അയാള്‍ നീണ്ടു. അമ്മ യാചിക്കാന്‍ പോയ കൊച്ചു നാടോടിപ്പയ്യന്‍ അതെല്ലാം കേട്ട് സമീപത്തുതന്നെയുണ്ടായിരുന്നു. വിശപ്പ് എന്നൊക്കെ പറയുന്നതു കേട്ട അവന്‍ ഏറെ തളര്‍ന്നിരുന്നു. പിന്നെ സംശയിച്ചില്ല. സ്‌റ്റേജില്‍ കയറി പ്രസംഗകന്റെ നീണ്ട ജുബ്ബ പിടിച്ചു വലിച്ച് അവന്‍ പറഞ്ഞു: "പള്ള പയ്‌ക്ക്ന്ന് ബോസേ.''

പ്രസംഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും പഠനങ്ങളുടെയും സംവാദങ്ങളുടെയും തൊലിപ്പുറമെയുള്ള ഉത്കണ്ഠകള്‍ക്കപ്പുറത്താണ് യഥാര്‍ത്ഥ ലോകം എന്നെങ്കിലും തെളിയിക്കാന്‍ പോന്നതായിരുന്നു ആ നാടോടി ബാലന്റെ താല്‍ക്കാലിക ധൈര്യം എന്നുവേണം പറയാന്‍.


അനിൽകുമാർ എ വി എഴുതുന്നു...

Baiju Elikkattoor said...

ഗൌരവ പൂര്‍വ്വം ചിന്തിക്കേണ്ട വിഷയം. നല്ല ലേഖനം.