Tuesday, September 8, 2009

കോണ്‍ഗ്രസിന്റെ മാപ്പുസാക്ഷി

നാലുല്‍പ്പന്നങ്ങളുടെ കാര്യംപറഞ്ഞ് കേരളമാകെ ഇടതുപക്ഷം 'വിവാദം' സൃഷ്ടിക്കുകയാണെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപം. കെ എം മാണിയും ഇക്കൂട്ടത്തില്‍പ്പെടുമോ എന്ന മറുചോദ്യം ഉടനുണ്ടായി. കാരണം ലോക വ്യാപാരകരാറിനെക്കുറിച്ചും ആസിയന്‍ കരാറിനെക്കുറിച്ചും വളരെയേറെ സംഭ്രമജനകമായ പ്രസ്താവനകളുടെ ഉടമയാണ് അദ്ദേഹം. എന്നാല്‍, കെ എം മാണിയുടെ കോട്ടയം ആസിയന്‍ കരാര്‍ സമ്മേളനപ്രഖ്യാപനം വന്നതോടെ ഒരു കാര്യം വ്യക്തമായി. കോണ്‍ഗ്രസിന്റെ മാപ്പുസാക്ഷിയായി അദ്ദേഹം മാറിക്കഴിഞ്ഞു. ആസിയന്‍ കരാര്‍ കേരളത്തിനെ ദോഷമായി ബാധിക്കാം. പക്ഷേ, കരാറിലെ കരുതല്‍നടപടികളോ അഥവാ സേഫ്‌ഗാര്‍ഡ് നടപടികളോ ആന്റി ഡംപിങ് നടപടികളോ ഫലപ്രദമായി സ്വീകരിച്ചാല്‍ പിന്നെ പ്രശ്നമില്ല. പ്രശ്നം കേരള സര്‍ക്കാരാണ്. ആസിയന്‍ കരാര്‍ മുന്‍കണ്ടുകൊണ്ട് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കേന്ദ്രം അനുവദിക്കുന്ന പണംപോലും ചെലവാക്കുന്നില്ല. അതുകൊണ്ട് ആസിയന്‍വിരുദ്ധ സമരം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്താനാണ് കെ എം മാണിയുടെ പുറപ്പാട്.

റബര്‍ ഉല്‍പ്പന്നങ്ങളും കൃത്രിമ റബറും ഇറക്കുമതിചെയ്താല്‍ റബര്‍കൃഷിക്കാരെ പ്രതികൂലമായി ബാധിക്കും. റബര്‍ഷീറ്റ് നെഗറ്റീവ് ലിസ്റ്റിലാണെങ്കിലും 20 ശതമാനം ചുങ്കമേയുള്ളൂ. വെളിച്ചെണ്ണയെ നെഗറ്റീവ് ലിസ്റ്റിലിട്ടാലും പാമോയില്‍ ഇറക്കുമതി തുടര്‍ന്നാല്‍ കേരകൃഷി തകരും. എന്ത് ലിസ്റ്റിലാണെങ്കിലും കാപ്പിയുടെയും തേയിലയുടെയും കുരുമുളകിന്റെയും തീരുവ കുറച്ചാല്‍ അത് നമുക്ക് ദോഷമാകും. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും കെ എം മാണിക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ആ വക കാര്യങ്ങള്‍ വിടുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്തത സംരക്ഷണ കരുതല്‍നടപടികളെക്കുറിച്ചാണ്. മുകളില്‍ പറഞ്ഞ അപകടങ്ങള്‍ എന്തെങ്കിലും വന്നുഭവിച്ചാല്‍ ഉടനെ സംരക്ഷണ കരുതല്‍നടപടികള്‍ സ്വീകരിച്ച് പ്രതിവിധി ഉണ്ടാക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

ഉദാഹരണത്തിന് കുരുമുളക് ഇറക്കുമതിചെയ്യണമെങ്കില്‍ ഇപ്പോള്‍ 70 ശതമാനം നികുതി നല്‍കണം. അത് പടിപടിയായി 50 ശതമാനമായി കുറച്ചെന്നിരിക്കട്ടെ, ഇങ്ങനെ ഇന്ത്യ നികുതിനിരക്ക് കുറച്ചപ്പോള്‍ ഇറക്കുമതി പെട്ടെന്ന് കുത്തനെ ഉയര്‍ന്നു. നാട്ടിലെ കുരുമുളകുവില തകര്‍ന്നെന്നിരിക്കട്ടെ, കരാറിലെ സംരക്ഷണ കരുതല്‍നടപടിവകുപ്പ് ഉപയോഗപ്പെടുത്തി നികുതിയില്‍ വരുത്തിയ കുറവ് തല്‍ക്കാലത്തേക്ക് തിരുത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടാകും. വേണ്ടിവന്നാല്‍ നാലുവര്‍ഷംവരെ ഈനില തുടരാം. പിന്നെ എന്തിന് പേടിക്കണം? കെ എം മാണിയും അതിനുമുമ്പ് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും മറച്ചുവച്ച ഒരു സുപ്രധാന നിബന്ധനയുണ്ട്. അതുസംബന്ധിച്ചാണ് ഞങ്ങളുടെ പേടി. ആസിയന്‍ കരാര്‍ ചര്‍ച്ച നീണ്ടുപോയതിന് ഒരു കാരണം സേഫ്‌ഗാര്‍ഡ് നടപടി സംബന്ധിച്ച ഒരു നിബന്ധനയാണ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി എത്രശതമാനം പെട്ടെന്ന് ഉയര്‍ന്നാലാണ് ഈ വകുപ്പുപ്രകാരം നടപടി സ്വീകരിക്കാന്‍ ഇന്ത്യക്ക് അവകാശം ഉണ്ടായിരിക്കുക? ഇന്ത്യാ സര്‍ക്കാരിന്റെ നിര്‍ദേശം ഇതായിരുന്നു: മുന്‍ മൂന്നുവര്‍ഷത്തെ ശരാശരിയേക്കാള്‍ ഒരു ഉല്‍പ്പന്നത്തിന്റെ ഇറക്കുമതി പെട്ടെന്ന് ഈവര്‍ഷം 15 ശതമാനത്തിനുമേല്‍ ഉയര്‍ന്നാല്‍ സേഫ്‌ഗാര്‍ഡ് നടപടിവകുപ്പ് പ്രാബല്യത്തില്‍ വരുത്താം. ആസിയന്‍ രാജ്യങ്ങള്‍ ഇതിനോട് യോജിച്ചില്ല. അവരുടെ ബദല്‍നിര്‍ദേശം മുന്‍ മൂന്നുവര്‍ഷത്തെ ശരാശരിയേക്കാള്‍ 40 ശതമാനത്തിലേറെ ഉയര്‍ന്നാല്‍മാത്രമേ നടപടി സ്വീകരിക്കാന്‍ അവകാശമുണ്ടാവുകയുള്ളൂ എന്നാണ്. ഇക്കാര്യത്തില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.

ഒന്ന് ആലോചിച്ചുനോക്കുക.

മുന്‍വര്‍ഷത്തെ ശരാശരിയേക്കാള്‍ കുരുമുളകിന്റെ ഇറക്കുമതി 40 ശതമാനം വേണ്ട 20-25 ശതമാനം പെടുന്നനെ ഉയര്‍ന്നാല്‍ കേരളത്തിലെ കുരുമുളകിന്റെ വില എന്തായിരിക്കും? വിലത്തകര്‍ച്ച ഉണ്ടായതിനുശേഷം സംരക്ഷണ കരുതല്‍നടപടി സ്വീകരിച്ചിട്ട് എന്തുകാര്യം? ചുങ്കനിരക്കില്‍ ചെറിയൊരു വര്‍ധന വരുത്തിയാല്‍ വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാകുമോ? ലോക വ്യാപാരകരാറിലും ഇത്തരം വകുപ്പുകളുണ്ട്. ഇന്നേവരെ ഏതെങ്കിലും ഒരുപ്രാവശ്യം ഇത് ഉപയോഗപ്പെടുത്തിയ സന്ദര്‍ഭം കെ എം മാണിക്ക് ചൂണ്ടിക്കാണിച്ചുതരാനാകുമോ?

യാഥാര്‍ഥ്യം ഇതാണ്:

കുത്തകകളുടെ നിയന്ത്രണത്തിലുള്ള വ്യവസായ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ പ്രായോഗികമാണ്. കാരണം അവര്‍ക്ക് അധികൃതരെ പെട്ടെന്ന് സ്വാധീനിക്കാനും നടപടി സ്വീകരിപ്പിക്കാനും കഴിയും. അസംഘടിതരായ കൃഷിക്കാരുടെ നില അങ്ങനെയല്ല. പിന്നെ പ്രണബ് മുഖര്‍ജി പറഞ്ഞ മറ്റൊരു പോംവഴി ആന്റി ഡംപിങ് നടപടികള്‍ സ്വീകരിച്ച് കേരളത്തിലെ വിളകളെ സംരക്ഷിക്കാമെന്നാണ്. ഒരു രാജ്യം ഉല്‍പ്പാദനച്ചെലവിനേക്കാള്‍ വിലകുറച്ച് മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നതിനെയാണ് ഡംപിങ് എന്നു പറയുന്നത്. കേരളത്തിലെ പ്രധാന നാണ്യവിളകളുടെ ഉല്‍പ്പാദനച്ചെലവ് ആസിയന്‍ രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണെന്നതാണ് നാം നേരിടുന്ന ഒരു ദുര്യോഗം. ഇപ്പോള്‍ നിലവിലുള്ള ഉയര്‍ന്ന തീരുവയുടെ അടിസ്ഥാനത്തില്‍പ്പോലും ഇന്ത്യയിലേക്ക് ഏലവും കുരുമുളകും തേയിലയുമെല്ലാം ഇറക്കുമതിചെയ്യപ്പെടുന്നതിനു കാരണം ഇതാണ്. അപ്പോള്‍പ്പിന്നെ തീരുവകൂടി കുറച്ചാലുള്ള സ്ഥിതി എന്തായിരിക്കും? അപ്പോഴുണ്ടാകുന്ന ഇറക്കുമതിവര്‍ധനയെ നേരിടാന്‍ ആന്റി ഡംപിങ് നടപടി സ്വീകരിക്കാനാകില്ല. കാരണം ഉല്‍പ്പാദനച്ചെലവിനേക്കാള്‍ ആസിയന്‍ രാജ്യങ്ങള്‍ വില കുറച്ചതുകൊണ്ടല്ല ഇറക്കുമതി കൂടിയത്.

തീര്‍ന്നിട്ടില്ല......

ഇന്ത്യ ഇത്തരം സംരക്ഷണനടപടികള്‍ സ്വീകരിക്കുമ്പോള്‍ തര്‍ക്കമുണ്ടായാല്‍ ഒരു ജോയിന്റ് കമ്മിറ്റിയുടെ മുമ്പാകെ നടപടി ന്യായീകരിക്കാനാകണം. 90 ദിവസത്തിനകം കമ്മിറ്റി തീര്‍പ്പുണ്ടായില്ലെങ്കില്‍ ആക്ഷേപമുള്ള രാജ്യങ്ങള്‍ക്ക് പ്രതിവിധികള്‍ തേടാവുന്നതാണ്. അവരുടെ രാജ്യത്തേക്ക് ഇറക്കുമതിചെയ്യുന്ന ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളുടെ തീരുവ ഉയര്‍ത്താം. തന്മൂലം സാധാരണഗതിയില്‍ ഇത്തരം സംരക്ഷണനടപടികള്‍ക്കൊന്നിനും ആരും മുതിരുകയില്ല. ആസിയന്‍ കരാറിന്റെ അടിസ്ഥാന സാമ്പത്തികസ്വഭാവത്തെ കെ എം മാണി വിസ്മരിക്കുകയാണ്. ഈ കരാര്‍ ഇന്ത്യയുടെമേലോ ആസിയന്‍ രാജ്യങ്ങളുടെമേലോ ആരും അടിച്ചേല്‍പ്പിക്കുന്നതല്ല. ഇരുവരും സ്വമേധയാ ഏര്‍പ്പെടുന്നതാണ്. ഇരുവര്‍ക്കും ഇതുകൊണ്ട് നേട്ടമുണ്ട്. ഇന്ത്യക്ക് നേട്ടമുണ്ടാകാന്‍ പോകുന്നത് സേവനമേഖലയിലും നിക്ഷേപത്തുറകളിലും ചില വ്യവസായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലുമാണ്. ആസിയന്‍ രാജ്യങ്ങളുടെ നേട്ടമാകട്ടെ, അവരുടെ നാണ്യവിളകളുടെ മേഖലയിലാണ്. ഇന്ത്യയിലേക്ക് കൂടുതല്‍ നാണ്യവിളകള്‍ കയറ്റുമതിചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഈ കരാറില്‍ അവര്‍ ഏര്‍പ്പെടില്ല. ആര് എന്തൊക്കെ സംരക്ഷണ ഉപാധികളെക്കുറിച്ച് വാചകമടിച്ചാലും ഈ അടിസ്ഥാന സാമ്പത്തിക യാഥാര്‍ഥ്യം മാറാന്‍ പോകുന്നില്ല.

ഇപ്പോള്‍ ചരക്കുകളുടെ വ്യാപാരകരാറേ ആയിട്ടുള്ളൂ. സേവന- നിക്ഷേപ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇവയാണല്ലോ ഇന്ത്യ ഉന്നംവയ്ക്കുന്ന മേഖല. ഇവിടെ കൂടുതല്‍ നേട്ടങ്ങള്‍ക്കുവേണ്ടി ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യ ഇനിയും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ചരക്കുകളുടെ കരാര്‍ കഴിഞ്ഞല്ലോ. ഇനി എന്ത് വിട്ടുവീഴ്ച എന്ന ചോദ്യം പ്രസക്തമാണ്. കരാറില്‍ നിജപ്പെടുത്തുന്നത് ബൌണ്ട് റേറ്റാണ്. അഥവാ പരമാവധി ചുമത്താവുന്ന ചുങ്കനിരക്കാണ്. യഥാര്‍ഥത്തില്‍ ചുമത്തുന്ന ചുങ്കനിരക്ക് അഥവാ അപ്ളൈഡ് റേറ്റ് ഇതിനേക്കാള്‍ താഴ്ന്നതായിരിക്കും. ഉദാഹരണത്തിന് പാമോയിലിന്റെമേല്‍ ഇപ്പോള്‍ 300 ശതമാനംവരെ നികുതി ചുമത്താനാണ് ലോക വ്യാപാരകരാര്‍ അനുവാദം നല്‍കുന്നത്. പക്ഷേ, നമ്മള്‍ ഇപ്പോള്‍ ചുങ്കമേ ചുമത്തുന്നില്ല. ഇതുപോലെ നാളെ ആസിയന്‍ കരാര്‍പ്രകാരം പരമാവധി ചുങ്കം എത്ര ചുമത്തുന്നതിനും അധികാരമുണ്ടെങ്കിലും സ്വമേധയാ ഇന്ത്യയുടെ ചുങ്കനിരക്ക് കുറയ്ക്കുന്നതിന് പ്രതിബന്ധമൊന്നുമില്ല. സേവന-നിക്ഷേപ മേഖലകളിലെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ഇനിയും ബലിയാടാകാന്‍ പോകുന്നത് കേരളത്തിന്റെ നാണ്യവിളകളാണ്.

അതുകൊണ്ട് എന്തുവേണം?

നമ്മുടെ വിളകള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കിക്കൊണ്ട് ആസിയന്‍ കരാര്‍ തിരുത്തണമെന്നതാണ് ഞങ്ങളുടെ നിലപാട്. അതിന് ഇനി കഴിയില്ലെന്നാണ് കെ എം മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാട്. വാദത്തിനുവേണ്ടി സമ്മതിച്ചുതരാം. പക്ഷേ, കേരളത്തിലെ കൃഷിക്കാരുടെ കണ്ണില്‍ പൊടിയിടുന്നതിനായി 'സേഫ്‌ഗാര്‍ഡ് നടപടികളെ'ക്കുറിച്ചും 'ആന്റി ഡംപിങ്' നടപടികളെക്കുറിച്ചും വാചകമടിച്ച് സമയം കളയരുത്. അവയൊന്നും കേരളത്തിന്റെ കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ പോകുന്നില്ല.

ഒരു പോംവഴിയാണുള്ളത്.

ഒരു നിഷ്പക്ഷ ഏജന്‍സിയെക്കൊണ്ട് കേരളത്തിലെ നാണ്യവിളകളുടെ ഉല്‍പ്പാദനച്ചെലവിന്റെ കണക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കട്ടെ. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വിളയുടെയും ആദായവില പ്രഖ്യാപിക്കുക. ഇറക്കുമതിയുടെ ഫലമായി ആദായവിലയേക്കാള്‍ കമ്പോളവില താഴുകയാണെങ്കില്‍ അതിന്റെ നഷ്ടം പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ നികത്തിത്തരണം. കരാറിന്റെ നേട്ടം കോര്‍പറേറ്റ് കുത്തകകള്‍ക്കാണല്ലോ. അവരില്‍നിന്ന് നികുതിപിരിച്ച് കൃഷിക്കാരന്റെ നഷ്ടം നികത്തുക. നാണ്യവിളകള്‍ക്ക് മിനിമം ആദായവില ഉറപ്പുവരുത്തുക. മേല്‍പ്പറഞ്ഞത് ഒരു ഒത്തുതീര്‍പ്പാണ്. പക്ഷേ, അതിലേക്കെങ്കിലും എത്തണമെങ്കില്‍ ആസിയന്‍ കരാറിനെതിരായി കേരളമാകെ ഉണരണം. പ്രക്ഷോഭം കൂട്ടണം. അതിനുപകരം സേഫ്‌ഗാര്‍ഡ് നടപടികളുടെയും ആന്റി ഡംപിങ് നടപടികളുടെയും സാധ്യതകളെക്കുറിച്ച് വ്യാഖ്യാനിച്ച് കെ എം മാണി കേന്ദ്രസര്‍ക്കാരിന് മാപ്പുസാക്ഷിയാവുകയാണ്. ദോഹവട്ടം ലോക വ്യാപാരകരാര്‍ ചര്‍ച്ചകളുടെ കാര്യത്തിലും അദ്ദേഹം പുലര്‍ത്തുന്ന കുറ്റകരമായ മൌനവും കൂട്ടിവായിക്കുമ്പോള്‍ സംശയം ഉറയ്ക്കുന്നു.

*
ഡോ. തോമസ് ഐസക് ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

നാലുല്‍പ്പന്നങ്ങളുടെ കാര്യംപറഞ്ഞ് കേരളമാകെ ഇടതുപക്ഷം 'വിവാദം' സൃഷ്ടിക്കുകയാണെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപം. കെ എം മാണിയും ഇക്കൂട്ടത്തില്‍പ്പെടുമോ എന്ന മറുചോദ്യം ഉടനുണ്ടായി. കാരണം ലോക വ്യാപാരകരാറിനെക്കുറിച്ചും ആസിയന്‍ കരാറിനെക്കുറിച്ചും വളരെയേറെ സംഭ്രമജനകമായ പ്രസ്താവനകളുടെ ഉടമയാണ് അദ്ദേഹം. എന്നാല്‍, കെ എം മാണിയുടെ കോട്ടയം ആസിയന്‍ കരാര്‍ സമ്മേളനപ്രഖ്യാപനം വന്നതോടെ ഒരു കാര്യം വ്യക്തമായി. കോണ്‍ഗ്രസിന്റെ മാപ്പുസാക്ഷിയായി അദ്ദേഹം മാറിക്കഴിഞ്ഞു. ആസിയന്‍ കരാര്‍ കേരളത്തിനെ ദോഷമായി ബാധിക്കാം. പക്ഷേ, കരാറിലെ കരുതല്‍നടപടികളോ അഥവാ സേഫ്‌ഗാര്‍ഡ് നടപടികളോ ആന്റി ഡംപിങ് നടപടികളോ ഫലപ്രദമായി സ്വീകരിച്ചാല്‍ പിന്നെ പ്രശ്നമില്ല. പ്രശ്നം കേരള സര്‍ക്കാരാണ്. ആസിയന്‍ കരാര്‍ മുന്‍കണ്ടുകൊണ്ട് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കേന്ദ്രം അനുവദിക്കുന്ന പണംപോലും ചെലവാക്കുന്നില്ല. അതുകൊണ്ട് ആസിയന്‍വിരുദ്ധ സമരം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്താനാണ് കെ എം മാണിയുടെ പുറപ്പാട്.

*free* views said...

Politicians can stoop low, playing politics with future of people. Congress should lose votes on just this issue, at least for the turn coat behaviour of Congress Kerala leaders(?).

If it was Andhra or Tamil Nadu, questions would have already raised about federal government model.

I think Congress and Globalization supporters are rooting for more human export from Kerala, Global trafficking of people. Even after Gulf crisis and return of people, we do not learn a lesson and think of sustainability of our dear land.

Anonymous said...

കേരളത്തില്‍ നിന്നും നമുക്ക്‌ ഇഷ്ടം പോലെ ഒന്നാംതരം ഗുണ്ടകളെ കയറ്റി അയയ്ക്കാം അവറ്‍ നല്ല വിദേശ നാണ്യം നേടിത്തരും, ഗുണ്ടാ സംരക്ഷണ പാറ്‍ട്ടി (മാറ്‍ക്സിസ്റ്റ്‌ ) സിന്ദാബാദ്‌