Tuesday, January 22, 2008

വളരെക്കുറച്ചു മാത്രം, അതും ഏറെ താമസിച്ചും

ഓരോ ആളിനെക്കുറിച്ചും അവരുടെ ചുവടുവയ്പില്‍നിന്നു തന്നെ നമുക്ക് അറിയാന്‍ കഴിയും. അതുകൊണ്ടുതന്നെ, ഇന്ത്യയിലേക്കുള്ള വന്‍മൂലധന പ്രവാഹം ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെയും വിലനിലവാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വളരെയേറെ വൈകിയാണ് ധനമന്ത്രി ചിദംബരത്തിന് ബോധ്യമായതെന്ന കാര്യത്തില്‍ അത്ഭുതപ്പെടേണ്ടതില്ല. വിദേശ മൂലധന നിക്ഷേപം അഭൂതപൂര്‍വമായി ഇന്ത്യയിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിടുന്നു; ഒടുവില്‍ ഇപ്പോഴാണ്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച അര്‍ധ വാര്‍ഷിക അവലോകനം പാര്‍ലമെന്റിന് സമര്‍പ്പിച്ചുകൊണ്ട്, ഇത് ഗൌരവപൂര്‍വം പരിഗണിക്കേണ്ട വിഷയമായി അദ്ദേഹം അവതരിപ്പിച്ചത്.

വിദേശ മൂലധനത്തിന്റെ ഇന്ത്യയിലേക്കുള്ള കുത്തൊഴുക്ക് നല്ല കാര്യമാണെന്നു മാത്രമല്ല, ചോദ്യം ചെയ്യാനാവാത്ത വിധം ഉപയോഗപ്രദവുമാണെന്നായിരുന്നു ധനമന്ത്രിക്ക് മുമ്പുണ്ടായിരുന്ന ധാരണ. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പഴയ ധാരണയില്‍ നിന്നുള്ള വ്യക്തമായ മാറ്റമാണ് കാണിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇതേവരെ ഉറച്ചുനിന്നിരുന്നതും വിദേശമൂലധനത്തെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ രാജ്യത്തിന്റെ ബജറ്റിന് അദ്ദേഹം രൂപം കൊടുത്തതും. "ഓഹരി നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി ഒഴിവാക്കാന്‍'' 2004-ല്‍ അദ്ദേഹം കൈക്കൊണ്ട തീരുമാനം അത്തരം നിലപാടിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. ഈ നടപടിയിലൂടെ അദ്ദേഹം ഓഹരി കമ്പോളത്തിലെ നിക്ഷേപങ്ങള്‍ക്ക് ബാധകമായ നികുതി വ്യവസ്ഥയെ മറ്റു വികസ്വര രാജ്യങ്ങളില്‍ ഉള്ളതില്‍ നിന്നു മാത്രമല്ല, വികസിത രാജ്യങ്ങളിലുള്ളതിനേക്കാള്‍ പോലും മൂലധന നിക്ഷേപകര്‍ക്ക് അനുകൂലമാകുകയുണ്ടായത്. തല്‍ഫലമായി, മൂലധന കമ്പോളത്തിലേക്ക് വിദേശ സ്ഥാപന മൂലധന (Foreign Institutional Investment) ത്തിന്റെ അഭൂതപൂര്‍വമായ കുത്തൊഴുക്കുണ്ടായപ്പോള്‍, മൌലികമായ ധാരണകളുടെ അടിസ്ഥാനത്തില്‍ പല നിരീക്ഷകരും അതിന്റെ അപകടത്തിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു.

എന്നാല്‍, ധനമന്ത്രി അത്തരം ആശങ്കകള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് നിരാകരിക്കുകയാണുണ്ടായത്. ഇന്ത്യയില്‍ വിലയും വരുമാനവും തമ്മിലുള്ള അനുപാതം അംഗീകൃത തലത്തിലും താഴെയാണെന്നാണ് മികച്ച കോര്‍പ്പറേറ്റ് ഇടപാടുകള്‍ സൂചിപ്പിക്കുന്നത് എന്നായിരുന്നു ചിദംബരത്തിന്റെ വാദം. തന്റെ നേതൃത്വത്തില്‍ സമ്പദ്‌ഘടന മികച്ച നിലയിലായതു കൊണ്ടാണ് വിദേശസ്ഥാപന നിക്ഷേപകര്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒടുവില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ മൂലധന പ്രവാഹത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും പാര്‍ടിസിപ്പേറ്ററി നോട്ടു പോലെയുള്ള ഊഹക്കച്ചവടത്തിന് അവസരമൊരുക്കുന്ന വഴികളിലൂടെയുള്ള മൂലധന പ്രവാഹത്തെ നിയന്ത്രിക്കാന്‍ നീക്കമുണ്ടാവുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രാലയം അതിനോട് വിയോജിച്ചു എന്നുമാത്രമല്ല, ഇത്തരം അഭിപ്രായങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന റിസര്‍വ് ബാങ്കിന്റെ വക്താവിനെ നിശബ്ദനാക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ അനുഭവം ധനമന്ത്രിയെ അതിപ്രധാനമായ ഒരു പാഠം പഠിപ്പിച്ചു; തല്‍ഫലമായാണ് വിദേശ മൂലധന പ്രവാഹത്തിന്റെ പ്രയോജനപ്രദവും മികവുറ്റതുമായ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം മാറാന്‍ ഇടവരുത്തിയത്. പക്ഷേ, ഇക്കാര്യത്തില്‍ അദ്ദേഹം പഠിച്ച പാഠം വളരെ കുറച്ചുമാത്രമാണ്; അതും വല്ലാതെ താമസിച്ചും പോയി. ഈ മൂലധന പ്രവാഹം സൃഷ്ടിച്ചതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ പ്രശ്നങ്ങളെ സംബന്ധിച്ചു അദ്ദേഹം ഇപ്പോഴും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലെന്നതിനാലാണ് വളരെ കുറിച്ചുമാത്രമേ ധനമന്ത്രി പഠിച്ചുള്ളൂ എന്നു പറഞ്ഞത്. ഈ വിദേശമൂലധന പ്രവാഹത്തിന്റെ വരവിനെ തടയാന്‍ പോയിട്ട് കുറച്ചൊന്നു നിയന്ത്രിക്കാന്‍ പോലും ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തെ നേരിടാന്‍ ധനമന്ത്രി ഇപ്പോഴും വിസമ്മതിക്കുന്നതിനാലാണ് വളരെയേറെ താമസിച്ചുപോകുന്നതായി പറഞ്ഞത്.

വിദേശ മൂലധനപ്രവാഹത്തിന്റെ സവിശേഷത അവയെക്കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടേണ്ടി വരുന്നോ അത് ആവശ്യമില്ലെന്നു പറയാന്‍ അതിലേറെ ബുദ്ധിമുട്ടാണ് എന്നതാണ് . ഇത്തരം മൂലധന പ്രവാഹം ഇനി വേണ്ട എന്നു പറയുന്നതിനര്‍ത്ഥം പുതുതായി ഒന്നും വരില്ല എന്നുമാത്രമല്ല, അങ്ങനെ പറയുന്നതിനെ തുടര്‍ന്ന് ഇതിനകം വന്നുകഴിഞ്ഞ മൂലധനവും കൂടി തിരികെ പോകുമെന്നുകൂടിയാണ് അതിനര്‍ത്ഥം . ഇതിനകം വന്നുകഴിഞ്ഞ മൂലധനം തന്നെ അത്യന്തം അപകടകരമായതിനാല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ധനമന്ത്രിയുടെ പഴയ നടപടികളും പുതിയ ഉള്‍വിളികളും ഒന്നും തന്നെ അവശ്യം വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും എന്ന് കരുതാന്‍ പറ്റുന്നതല്ല. വിദേശ നിക്ഷേപകര്‍ ഈ രാജ്യത്തെ അവഗണിച്ച് ഇവിടെനിന്ന് വിട്ടുപോകാന്‍ സ്വയം തീരുമാനിക്കുന്നതു വരെ ഇപ്പോഴത്തെ മൂലധന പ്രവാഹം തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അവര്‍ എപ്പോള്‍ അങ്ങനെ ചെയ്താലും അതുമൂലമുണ്ടാകുന്ന നാശനഷ്ടം കടുത്തതായിരിക്കും.

വളര്‍ച്ചയേയും സ്ഥൂല സാമ്പത്തിക കൈകാര്യകര്‍തൃത്വത്തെയും ( Macro Economic Management) വിദേശ മൂലധനപ്രവാഹം കുഴപ്പത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് ഇപ്പോള്‍ ധനമന്ത്രി കാണുന്നതെന്തു കൊണ്ടെന്ന് അദ്ദേഹം സഭയുടെ മേശപ്പുറത്തുവച്ച അര്‍ധ വാര്‍ഷിക അവലോകനം വിശദമാക്കുന്നു. രാജ്യത്തിന്റെ അടവുശിഷ്ട പ്രശ്നം( Balance of Payments) പരിഹരിക്കാന്‍ വേണ്ട ധനത്തിന് വേണ്ടിയായിരുന്നില്ല അഭൂതപൂര്‍വമായ മൂലധന പ്രവാഹം ഉണ്ടാകത്തക്കവിധം വളരെ ഉദാരമായ ധനനയത്തിന് രൂപം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതല്ല പ്രശ്നം. യഥാര്‍ത്ഥ പ്രശ്നം എന്തായിരുന്നെന്ന് അര്‍ധ വാര്‍ഷികാവലോകനത്തില്‍ ഇങ്ങനെ പറയുന്നു.

"മൂലധന പ്രവാഹത്തിന്റെ വേഗതയ്ക്കനുസരിച്ച്, ഒഴുകിയെത്തിയ വിദേശ മൂലധനത്തെയാകെ ഉള്‍ക്കൊള്ളത്തക്കവിധം സമ്പദ്ഘടനയുടെ ശേഷി വര്‍ദ്ധിച്ചിരുന്നില്ല''.

വിദേശ മൂലധനത്തിന്റെ വലിയ തോതലുള്ള കുത്തൊഴുക്കുണ്ടായപ്പോള്‍ അതിനെയാകെ "ഉള്‍ക്കൊള്ളാ'' നുള്ള പ്രാപ്തി ഇല്ലാതായത് അമിതമായ തോതില്‍ വിദേശ നാണയ വിതരണത്തിന് ഇടയാക്കി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അത് വിനിമയ മൂല്യം വര്‍ധിപ്പിക്കാനുള്ള പ്രവണതയുടെ രൂപത്തില്‍ രൂപയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഇടയാക്കി. ഇതേത്തുടര്‍ന്ന് 2007 ഒക്ടോബറില്‍ അവസാനിച്ച ഒരു വര്‍ഷത്തിനകം ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം 15.1 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം ഏപ്രില്‍ മൂന്നിനും നവംബര്‍ 20-നുമിടയ്ക്ക് 10 ശതമാനത്തോളം വിനിമയ മൂല്യവര്‍ധന ഉണ്ടായി.

ഇന്ത്യന്‍ കയറ്റുമതിയുടെ ഡോളര്‍മൂല്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ അത്ര വലിയ അളവില്‍ രൂപയുടെ വിനിമയമൂല്യം വര്‍ധിച്ചത്, നമ്മുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. കാരണം, കയറ്റുമതിക്കാര്‍ക്ക് അത്രത്തോളം തങ്ങളുടെ ലാഭം കുറയ്ക്കാനോ വില വര്‍ധിപ്പിക്കാനോ കഴിയില്ല. യൂറോ പോലുള്ള മറ്റു നാണയങ്ങളുമായുള്ള രൂപയുടെ വിനിമയമൂല്യം വര്‍ധിച്ചിട്ടില്ലെന്നത് അല്പവും ആശ്വാസം തരുന്നില്ല; കാരണം ഇന്ത്യയുടെ വ്യാപാരത്തിന്റെ സിംഹഭാഗവും നടക്കുന്നതിന് ഉപയോഗിക്കുന്ന നാണയം ഡോളറാണ്. കയറ്റുമതി വ്യവസായത്തില്‍ ഈ വിനിമയമൂല്യ വര്‍ധന ചെലുത്തുന്ന പ്രത്യാഘാതം അംഗീകരിക്കാന്‍ കയറ്റുമതി വ്യവസായികള്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയാണുണ്ടായത്. അതിന്റെ ഫലമായാണ് ഇത് വളര്‍ച്ചയെ "മന്ദഗതി'' യിലാക്കുമെന്നും ടെക്സ്റൈല്‍സ്, ഹാന്‍ഡിക്രാഫ്ട്സ്, തുകല്‍ തുടങ്ങിയ ഇന്ത്യയുടെ ചില പ്രധാന കയറ്റുമതി വ്യവസായങ്ങളില്‍ "താല്‍ക്കാലികമായി'' തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നും അര്‍ധ വാര്‍ഷിക റിവ്യു അംഗീകരിക്കുന്നത്.

പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് ഇടവരുത്തുന്ന നാനാമാര്‍ഗങ്ങളിലൂടെ രൂപയുടെ വിനിമയമൂല്യം വര്‍ധിക്കുന്നത് നിയന്ത്രണവിധേയമാക്കാന്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടും സ്ഥിതി ഇതാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കമ്പോളത്തില്‍ നിന്ന് വിദേശ കറന്‍സികള്‍ വാങ്ങി അമിതമായ വിദേശനാണയ വിതരണത്തിന്റെ പ്രശ്നം കൈകാര്യം ചെയ്യാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതിന്റെ ഫലമായി ഈ സംവിധാനത്തിലേക്ക് വലിയ തോതില്‍ രൂപ തള്ളിക്കയറ്റപ്പെടുന്നു. റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടതിനേക്കാള്‍ വളരെ അധികം പണത്തിന്റെ വിതരണം വര്‍ധിക്കുകയും ചെയ്യുന്നു. കമ്പോള സ്ഥിരതാപദ്ധതി ( Market Stabilisatiom Scheme) പ്രകാരം അധികമുള്ള രൂപയെ ഒപ്പിയെടുക്കാന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി പലിശ നല്‍കത്തക്ക വിധം സര്‍ക്കാര്‍ ബോണ്ടുകള്‍ വിതരണം ചെയ്യാന്‍ റിസര്‍വ് ബാങ്കിന് ധനമന്ത്രാലയം അനുവാദം നല്‍കിയിട്ടുണ്ട്. ധനമന്ത്രാലയം ഏറ്റെടുത്തിട്ടുള്ള മറ്റൊരു അധികബാധ്യതയാണിത്.

2007-08ലെ ബജറ്റ് ഈ കണക്കില്‍പ്പെടുത്തി 3700 കോടി രൂപയുടെ ധനവിനിയോഗം അനുവദിക്കുന്നുണ്ട്. എന്നാല്‍, അര്‍ധ വാര്‍ഷികാവലോകനം കണക്കാക്കുന്നത് ഈ ആവശ്യത്തിനായി പുറത്തിറക്കിയ കടപ്പത്രങ്ങള്‍ക്ക് പലിശ നല്‍കാന്‍ 8,200 കോടി രൂപ വേണ്ടിവരുമെന്നാണ്. അതായത് 4500 കോടി രൂപയുടെ കൂടി അധികച്ചെലവ് വേണ്ടിവരുമെന്നാണ്. ഈ ആവശ്യത്തിനുവേണ്ടി അടുത്ത ധനകാര്യ വര്‍ഷത്തില്‍ ഇനിയും കൂടുതല്‍ പണം വകയിരുത്തേണ്ടതുണ്ട്.

ഫിസ്കല്‍ റസ്പോണ്‍സിബിലിറ്റി ബജറ്റ് മാനേജ്‌മെന്റ് ആക്ട് (FRBM Act) മുന്നോട്ടുവച്ചിട്ടുള്ള യുക്തിക്ക് നിരക്കാത്ത ലക്ഷ്യം സാധിക്കുന്നതിന് ഇപ്പോള്‍ തന്നെ താങ്ങാനാവാത്ത ഭാരമാണ് പൊതു കടബാധ്യത, കനത്ത പലിശ ബാധ്യത എന്നീ ഇനങ്ങളിലുള്ളത്; ഈ അധികബാധ്യത കൂടി ഏറ്റെടുത്താല്‍ സര്‍ക്കാരിന്റെ ധനപരമായ ദൈനംദിന ഇടപാടുകള്‍ വീണ്ടും ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടതായി വരും. ഈ ധനവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (മുന്‍ ധനവര്‍ഷത്തിന്റെ സമാനപാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍) പ്രത്യക്ഷ നികുതി 40 ശതമാനവും പരോക്ഷ നികുതി 20 ശതമാനവും വര്‍ധിച്ചതിലൂടെ ഉണ്ടായ ധനവരുമാനവും ഉയര്‍ന്ന വളര്‍ച്ചാനിരക്കും സര്‍ക്കാരിനെ ഗണ്യമായി സഹായിച്ചിട്ടുണ്ടെന്നത് സംശയാതീതമാണ്. പക്ഷേ, അതേ തോതില്‍തന്നെ ക്രമാനുഗതമായി ചെലവുകളും വര്‍ധിച്ചിട്ടുണ്ട്; അതിന്റെ ഫലമായി ധനവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ റവന്യൂകമ്മി ആ മൊത്തം ധനവര്‍ഷത്തേക്ക് കണക്കാക്കിയിരുന്ന ലക്ഷ്യവും കവിഞ്ഞു.

വര്‍ധിച്ചുവരുന്ന പെട്രോളിയം, രാസവള, ഭക്ഷ്യ സബ്‌സിഡികള്‍ നിറവേറ്റാനുള്ള സര്‍ക്കാരിന്റെ പ്രാപ്തി ഇല്ലാതാക്കുകയായിരിക്കും ഈ പ്രവണതകളുടെ ഒരു പ്രത്യാഘാതം. ലോക കമ്പോളത്തില്‍ പെട്രോളിയത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില കുത്തനെ കയറുന്നതുകൊണ്ടും ഇന്ത്യ പരമ്പാരഗതമായി പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നതിനു പുറമെ ഈ അടുത്തയിടെയായി ഭക്ഷ്യസാധനങ്ങള്‍, പ്രത്യേകിച്ചും ഗോതമ്പ്, ഇറക്കുമതിയെക്കൂടി ആശ്രയിക്കേണ്ടതായി വന്നതുകൊണ്ടും ഈ ഇനങ്ങളില്‍ നല്‍കേണ്ട സബ്‌സിഡി ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്. ഈ സാധനങ്ങളുടെ വിലകള്‍ വര്‍ധിപ്പിക്കുന്നതിനെ സര്‍ക്കാരിനെ രാഷ്ട്രീയമായി ന്യായീകരിക്കാന്‍ കഴിയാത്തതു കൊണ്ടും സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കു തന്നെയും നിര്‍ണായകമായ തെരഞ്ഞെടുപ്പുകള്‍ ആസന്നമായ വേളയില്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടാത്തതു കൊണ്ടുമാണ് സബ്‌സിഡികള്‍ വര്‍ധിക്കുന്നത്. നേരെമറിച്ച്, വര്‍ധിച്ചുവരുന്ന സബ്‌സിഡികള്‍ ന്യായമായ നിരക്കില്‍ ചെലവുകള്‍ നിയന്ത്രിച്ചുനിര്‍ത്തി സര്‍ക്കാരിന്റെ എഫ്ആര്‍ബിഎം ബാധ്യതകള്‍ നിര്‍വഹിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു.

ധനപരമായ ഒരു സൂത്രവിദ്യയിലൂടെയാണ് ഇതുമൂലമുണ്ടാകുന്ന പ്രശ്നത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പെട്രോളിയം രാസവസ്തു കമ്പനികളില്‍ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുള്ള ബോണ്ടുകള്‍ പുറത്തുകൊടുക്കലാണ് ആ സൂത്രവിദ്യ. ഇതാകട്ടെ ഉയര്‍ന്ന വില നിര്‍വഹിക്കാന്‍ പറ്റിയ വിധം വില വര്‍ധിപ്പിക്കാവുന്നതുമല്ല. ഈ ബോണ്ടുകളുടെ മൂല്യം അവയുടെ നഷ്ടം നികത്തുന്നു. അവര്‍ക്ക് പണം ആവശ്യമുണ്ടെങ്കില്‍ ഈ ബോണ്ടുകളെ ദ്വിതീയ കമ്പോളത്തില്‍ വില്‍ക്കുകയും ചെയ്യാം. സര്‍ക്കാരിന്റെ ചെലവുകള്‍ നിര്‍വഹിക്കാന്‍ ഈ ബോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ ബോണ്ടുകള്‍ക്കു പകരം പണം ലഭിക്കുന്നില്ല, അതുകൊണ്ടുള്ള ധനാഗമ മാര്‍ഗവുമാകുന്നില്ല. അതുകൊണ്ട്, മൊത്തത്തില്‍ റവന്യൂ കമ്മിയും ധനക്കമ്മിയും പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത വിധം ഉയരുകയും ചെയ്യും. ഈ ബോണ്ടുകള്‍ സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിക്കാനും ഇടവരുത്തും. അതോടൊപ്പം ഈ ബോണ്ടുകളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാരിന്റെ മൂലധന ചെലവ് വര്‍ധിക്കുകയും ചെയ്യും. സര്‍ക്കാര്‍ അതിന് പലിശ നല്‍കേണ്ടതായും വരും. ഇത് പലിശ ഇനത്തിലുള്ള സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഇതിന് ഒട്ടേറെ പ്രത്യാഘാതങ്ങളുണ്ട്. സര്‍ക്കാര്‍ ചെലവുകളുടെ നിയന്ത്രണം മൊത്തം വരവിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ വളരെ ഏറെയാണ്. ഇതാണ് ആദ്യത്തെ കാര്യം. ഇത് മൂലധന ചെലവിനെയും സാമൂഹികച്ചെലുകളെയും പ്രതികൂലമായി ബാധിക്കുന്നു. രണ്ടാമത്തെ കാര്യം. പണത്തിന് ഞെരുക്കമുള്ളതുകൊണ്ട് രൂപയുടെ വിനിമയമൂല്യം വര്‍ധിച്ചതിന് സബ്‌സിഡിയില്‍ ഉള്‍പ്പെടുത്തിയോ അല്ലാതെയോ, കയറ്റുമതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. ഇത്തരം നടപടികള്‍ തല്‍ക്കാലത്തേക്കുള്ള മുട്ടുശാന്തി മാത്രമാണെന്നാണ് ഇടക്കാല റവ്യു വിലയിരുത്തുന്നത്; ഉല്പാദന ക്ഷമത വര്‍ധിപ്പിച്ചുകൊണ്ടു മാത്രമേ ഇതിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയൂ എന്നും റവ്യൂ ചൂണ്ടിക്കാണിക്കുന്നു. അവസാനമായി "കമ്മിരഹിതാവസ്ഥ'' എന്ന് വിളിക്കപ്പെടുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ വര്‍ധിച്ചുവരുന്ന സബ്സിഡികള്‍ ഏറ്റെടുക്കാനും നിര്‍ബന്ധിതമാകുന്ന സര്‍ക്കാര്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സബ്‌സിഡി കുറയ്ക്കാന്‍ വേണ്ടി വില വര്‍ധിപ്പിക്കും. സര്‍ക്കാര്‍ നയങ്ങള്‍ ന്യായീകരിക്കാന്‍ നോക്കുന്ന പണപ്പെരുപ്പ നിരക്കിനെയും അവര്‍ ഉണ്ടാക്കുന്ന വളര്‍ച്ചയുടെ ഗതിയേയും സ്വഭാവത്തേയും വെളിപ്പെടുത്തുന്നതാണിത്.

മൂലധനം സ്വരൂപിക്കാന്‍ പറ്റാത്തതും അതേസമയം പലിശ കൊടുക്കേണ്ടതായി വരുന്നതും അങ്ങനെ സര്‍ക്കാരിന് ബാധ്യതയായ മാറുന്നതുമായ വിധത്തില്‍ ബോണ്ടുകള്‍ ഉപയോഗിക്കുന്ന ശൈലി സര്‍ക്കാര്‍ അംഗീകരിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യാന്‍ തയ്യാറാകാത്ത പ്രശ്നങ്ങള്‍ക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ്. മൂലധന പ്രവാഹം മൂലം സൃഷ്ടിക്കപ്പെട്ട പ്രശ്നങ്ങളെ, അനാവശ്യമായ മൂലധനം ആവശ്യത്തിലധികം വരുന്നതുകൊണ്ടുള്ള കുഴപ്പമെന്നുതിലുപരി ഒഴുകിയെത്തുന്ന മൂലധനത്തെയാകെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തിന് കഴിയാത്തതു കൊണ്ടുള്ള പ്രശ്നങ്ങളായി കാണുന്ന പ്രവണതയും ഇതേ പോലെ തന്നെയാണ്. ആ ധാരണയുടെ ഫലമായാണ് ലക്കും ലഗാനുമില്ലാതെ വിദേശ നാണയ വിനിയോഗത്തിലൂടെ "ഉള്‍ക്കൊള്ളല്‍'' പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്നത്. ഏതു ഇന്ത്യാക്കാരനെയും പ്രതിവര്‍ഷം രണ്ടുലക്ഷം ഡോളറിനു തുല്യമായ വിദേശനാണയം വാങ്ങാനും നിയമവിധേയമായ ഏതാവശ്യത്തിനും വിദേശത്ത് ഉപയോഗിക്കാനും അനുവദിക്കുന്ന തീരുമാനം വിദേശ മൂലധന പ്രവാഹത്തെ ഉള്‍ക്കൊള്ളുന്നത് വര്‍ധിപ്പിക്കാന്‍ ധൂര്‍ത്തും ധാരാളിത്തവും പ്രോത്സാഹിപ്പിക്കുന്ന പ്രവണതയുടെ പ്രത്യക്ഷ ഉദാഹരണമാണ്.

ഇത്തരത്തിലുള്ള നടപടികള്‍ വിജയിച്ചാല്‍ കമ്പോളത്തിലുള്ള വിദേശ നാണയത്തിന്റെ ആധിക്യം കുറച്ചേക്കും. എന്നാല്‍ വിദേശ മൂലധനത്തിന്റെ കുത്തൊഴുക്കു കൊണ്ടുണ്ടായ പ്രശ്നങ്ങളൊന്നും ഇതുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല. അത്തരത്തില്‍ എത്തുന്ന മൂലധനം തിരിച്ചുനല്‍കുന്നത് വിദേശ നാണയത്തില്‍ തന്നെയായിരിക്കണം. അതും നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വിദേശനാണയ ബാധ്യതയായി മാറും. വിദേശനാണയ മിച്ചം "സമ്പാദിക്കുന്ന'' ചൈനയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത് പ്രശ്നമല്ല. ആ രാജ്യത്തിന് ഇപ്പോള്‍ പ്രതിവര്‍ഷം ഏകദേശം 25,000 കോടി ഡോളറിന്റെ വ്യാപാരമിച്ചവും കറന്റ് അക്കൌണ്ട് മിച്ചവുമുണ്ട്. അതേസമയം, ഇന്ത്യക്കാണെങ്കില്‍ ഏകദേശം 6500 കോടി ഡോളറിന്റെ വ്യാപാര കമ്മിയും 1000 കോടി ഡോളറിന്റെ കറന്റ് അക്കൌണ്ട് കമ്മിയുമാണുള്ളത്. നമ്മുടെ മിച്ച വിദേശനാണയം ഒരു സമ്പാദ്യമല്ല മറിച്ച് ഒരു ബാധ്യതയുടെ പ്രതിഫലനമാണ്. അത്തരം ഒരു സാഹചര്യത്തില്‍ വിദേശനാണയം ധൂര്‍ത്തടിക്കുന്നത്, വിദേശികള്‍ തങ്ങളുടെ നിക്ഷേപം എപ്പോഴെങ്കിലും പണമാക്കി മറ്റെവിടേക്കെങ്കിലും പോകാന്‍ തുനിഞ്ഞാല്‍, ആ സമയത്ത് രാജ്യത്തിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ വേണ്ട വിദേശനാണയം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും. അത് നമുക്ക് ആവശ്യമുള്ള വിദേശനാണയം നാം ആകര്‍ഷിക്കാത്തതു കൊണ്ടു ഉണ്ടാകുന്ന പ്രതിസന്ധിയല്ല, നേരെമറിച്ച് നമുക്ക് ആവശ്യമില്ലാത്തത് നാം നിരാകരിക്കാത്തതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ്. വളരെ മെല്ലെയും വളരെക്കുറച്ചും മാത്രം കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ധനമന്ത്രി ഉണ്ടായതുകൊണ്ട് നാം കൊടുക്കേണ്ടി വരുന്ന കനത്ത വിലയാണത്.

-ശ്രീ.സി.പി.ചന്ദ്രശേഖര്‍‍

(ചിത്രത്തിനും കാര്‍ട്ടൂണിനും കടപ്പാട്: ഫ്രണ്ട്‌ലയിന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"തന്റെ നേതൃത്വത്തില്‍ സമ്പദ്‌ഘടന മികച്ച നിലയിലായതു കൊണ്ടാണ് വിദേശസ്ഥാപന നിക്ഷേപകര്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒടുവില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ മൂലധന പ്രവാഹത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും പാര്‍ടിസിപ്പേറ്ററി നോട്ടു പോലെയുള്ള ഊഹക്കച്ചവടത്തിന് അവസരമൊരുക്കുന്ന വഴികളിലൂടെയുള്ള മൂലധന പ്രവാഹത്തെ നിയന്ത്രിക്കാന്‍ നീക്കമുണ്ടാവുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രാലയം അതിനോട് വിയോജിച്ചു എന്നുമാത്രമല്ല, ഇത്തരം അഭിപ്രായങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന റിസര്‍വ് ബാങ്കിന്റെ വക്താവിനെ നിശബ്ദനാക്കുകയും ചെയ്തു."

ധനമന്ത്രി ശ്രീ പി ചിദംബരം തുടര്‍ന്നുവരുന്ന നയങ്ങളെ അപഗ്രഥിച്ചുകൊണ്ട് ശ്രീ സി പി ചന്ദ്രശേഖര്‍ എഴുതിയ ലേഖനം- സെന്‍സെക്സ് മൂക്കുകുത്തി വീഴുന്ന ദിനങ്ങളില്‍ തികച്ചും പ്രസക്തമായ വിലയിരുത്തല്‍.