ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ (രാഷ്ട്രീയ)അഭയാര്‍ത്ഥിയായി കഴിയുന്ന ദലായ് ലാമയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചുകൊണ്ട് യു എസ് എ ഹൌസ് (പാര്‍ലമെന്റ്) സ്പീക്കര്‍ നാന്‍സി പെലോസി ചൈനീസ് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ അപലപിക്കുകയുണ്ടായി. തിബത്തില്‍ അടുത്ത കാലത്ത് നടന്ന സംഘര്‍ഷത്തെ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം അവര്‍ ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളും തകര്‍ന്നതോടെ ശീതസമര സാഹചര്യവും അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങളും അവസാനിച്ചു എന്നാണ് കേരളലടക്കമുള്ള ചിലരുടെ വാദം. അമേരിക്കയില്‍ നിന്ന് ഉന്നത പദവിയുള്ള ഒരു നേതാവ് തന്നെ ചൈനയെ ദുര്‍ബലപ്പെടുത്താന്‍ തുറന്ന ശ്രമങ്ങളോടെ ഇന്ത്യയിലെത്തി എന്നതും അതിനവര്‍ക്ക് നിര്‍ബാധം സാധിച്ചു എന്നതും ഇവിടെ ഒരു ചര്‍ച്ചയായതേ ഇല്ല. നാന്‍സി പെലോസി ഇസ്രായേലിനെയും ഫലസ്തീനെതിരായ അധിനിവേശത്തെയും ആവേശഭരിതയായി പിന്തുണക്കുന്ന ഒരു നേതാവ് കൂടിയാണ്. തിബത്തിനു വേണ്ടി നാം അണിചേര്‍ന്നില്ലെങ്കില്‍ നമ്മുടെ ധാര്‍മികാധികാരികത'(moral authority) നഷ്ടപ്പെട്ടുപോകും എന്നാണവര്‍ വ്യാഖ്യാനിച്ചത്. കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും ഇടതു പക്ഷ സര്‍ക്കാരുകള്‍ നവഉദാരവല്‍ക്കരണ നയങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് അവരെ അമേരിക്ക എതിര്‍ക്കില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്ന ഇടതു തീവ്രവാദ വ്യാഖ്യാതാക്കള്‍ ചൈനയില്‍ നടന്നു വരുന്ന സാമ്പത്തിക-വ്യാവസായിക പരിഷ്ക്കാരങ്ങളെ നവ ഉദാരവല്‍ക്കരണത്തിനും കമ്പോള വല്‍ക്കരണത്തിനുമുള്ള തുറന്ന സ്വാഗതമായാണ് വിശദീകരിക്കുന്നത്. എങ്കില്‍ പിന്നെ എന്തിനാണ് ചൈനയെ ബീജിങ് ഒളിമ്പിക്സിന് തൊട്ടുമുമ്പായി അപകീര്‍ത്തിപ്പെടുത്താനും കഴിയുമെങ്കില്‍ അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങള്‍ തിബത്തിന്റെ പേരില്‍ ആരംഭിച്ചപ്പോള്‍ അമേരിക്ക പിന്തുണയുമായെത്തിയത്?
തിബത്തിലെയും ഫലസ്തീനിലെയും സാഹചര്യങ്ങള്‍ എപ്രകാരം വ്യത്യസ്തമായിരിക്കുന്നുവെന്ന് നോം ചോസ്കി വിശദീകരിക്കുന്നുണ്ട്. തിബത്ത് ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയും യു എസ് എ സര്‍ക്കാരും അടക്കമുള്ള അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചു കഴിഞ്ഞതാണ്. എന്നാല്‍ ഫലസ്തീന്‍ ഇസ്രായേലിന് പുറത്താണന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകൃത ധാരണ. അധിനിവേശ ഭൂപ്രദേശം (ഒക്യൂപൈഡ് ടെറിറ്ററി) ഇസ്രായേലിന്റെ ഭാഗമാണെന്ന് ആരും പറയുന്നില്ല. ജനീവ കണ്‍വന്‍ഷന്‍ തീരുമാനമനുസരിച്ച് ഇപ്പോഴുള്ള സ്ഥിതിയെ തകര്‍ക്കുന്ന കുടിയേറ്റങ്ങള്‍ അനുവദിക്കാന്‍ പാടുള്ളതല്ല. ചോംസ്കി ചോദിക്കുന്നു. “ഇപ്പോള്‍ തിബത്തില്‍ നടന്ന അക്രമാസക്തമായ കലാപത്തിനു സമാനമായി കിഴക്കന്‍ ജെറുസലേമില്‍ അനധികൃതമായി താമസിക്കുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ ബാങ്ക് കത്തിക്കുകയും ജൂതന്മാരുടെ കടകള്‍ കൊള്ളയടിക്കുകയും ജൂതവംശജരെ ആക്രമിക്കുകയും ചെയ്തു എന്നു കരുതുക. ഇസ്രായേലും സഖ്യശക്തിയായ അമേരിക്കയും എന്തുമാത്രം ഭീകരമായ യുദ്ധമായിരിക്കും കെട്ടഴിച്ചു വിടുക! ”(ലിങ്ക്).
അതായത്, കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യ ഇടതുപക്ഷ/കമ്യൂണിസ്റ്റ് പാര്‍ടിയായ സി പി ഐ(എം) റിവിഷണിസം ബാധിച്ച് തീര്‍ത്തും ഒരു വലതുപക്ഷ/മുതലാളിത്താനുകൂല പാര്‍ടിയായി പരിണമിച്ചിരിക്കുന്നുവെന്നും അതുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ആ പാര്‍ടിയോട് പഴയതുപോലെ വിരോധം ഉണ്ടായിരിക്കേണ്ട കാര്യമില്ലെന്നുമുള്ള ഇടതു തീവ്രവാദ യുക്തി അസ്ഥാനത്താണൊണ് തിബത്ത് സമരാനുകൂല നാട്യത്തോടെ നാന്‍സി പെലോസി അവതരിച്ചിരിക്കുന്നതില്‍ നിന്ന് ബോധ്യപ്പെടുന്നത്. വര്‍ത്തമാനകാല കേരളത്തില്‍ അമേരിക്ക ഇടപെടുതിനെ സംബന്ധിച്ചുള്ള മറ്റനവധി വസ്തുനിഷ്ഠമായ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്.
കമ്യൂണിസ്റ്റ് വിരുദ്ധരുടെ കേവല സമവാക്യങ്ങള്‍
1. സി പി ഐ (എം) ഒരു ഫാസിസ്റ്റ് പാര്‍ടിയാണ്. 2. ബുദ്ധദേവ് ഭട്ടാചാര്യ നരേന്ദ്രമോഡിക്കു സമാനനാണ് എന്നീ കേവല സമവാക്യങ്ങള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തില്‍പെട്ടവര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഈ സമവാക്യത്തെ അപനിര്‍മിച്ചുകൊണ്ടുള്ള പഠനം അതുകൊണ്ടു തന്നെ അനിവാര്യമായിരിക്കുന്നു.
സിപിഐ(എം)നും ബംഗാള്‍ സര്‍ക്കാരിനും മുഖ്യമന്ത്രി എന്ന നിലക്ക് തനിക്കും ചില ഗുരുതരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ബുദ്ധദേവ് തുറന്നു സമ്മതിച്ചു. പ്രകാശ് കാരാട്ട്, ജ്യോതിബാസു എന്നിവരും പല തവണ ഇതാവര്‍ത്തിച്ചു. എന്നാല്‍ നരേന്ദ്ര മോഡി ഒരിക്കലും തെറ്റു സമ്മതിച്ചിട്ടില്ല. ചില ഗുണ്ടായിസങ്ങള്‍ സിപിഐ(എം)ന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് തര്‍ക്കത്തിനു വേണ്ടി സമ്മതിച്ചാലും അത് രാഷ്ട്രീയ സംഘട്ടനം എന്ന നിലക്കേ കണക്കിലാക്കാനാവൂ. അതിനെ ഫാസിസം എന്നും മറ്റും വിളിക്കുന്നത് അത്യന്തം ചരിത്രവിരുദ്ധവും അസത്യാത്മകവും യാഥാര്‍ത്ഥ്യവിരുദ്ധവുമാണ്. മാത്രമല്ല, മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഫാസിസ്റ്റ് എന്നാക്ഷേപിക്കുന്നതിലൂടെ പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന താല്‍ക്കാലിക ലാഭമായിരിക്കും വിരുദ്ധര്‍ പ്രതീക്ഷിക്കുന്നുണ്ടാവുക. എന്നാല്‍ സംഭവിക്കുന്നത്, ഫാസിസം എന്നതെന്താണെന്ന് സൂക്ഷ്മമായി ബോധ്യപ്പെടാനുള്ള സാമാന്യജനതയുടെ അഭിമുഖീകരണങ്ങള്‍ വികലമാക്കപ്പെടുക എന്ന കാര്യമാണ്. ഇത് ഫലത്തില്‍, യഥാര്‍ത്ഥ ഫാസിസ്റ്റ് ഭീഷണിയെ നേരിടാന്‍ ഒരു ജനതയെ അപ്രാപ്തരാക്കിത്തീര്‍ക്കുകയും ചെയ്യും.
ഇതിന്റെ തുടര്‍ച്ചയെന്നോണം, കേരളത്തില്‍ സിപിഐ(എം)നെയോ വര്‍ഗ ബഹുജനസംഘടനകളിലൊന്നിനെയോ ഏതെങ്കിലും തരത്തില്‍ അംഗീകരിക്കുന്നവരെയും പാര്‍ടിയെയും ഫാസിസ്റ്റ് എന്നു വിളിക്കുന്നത് തുടര്‍ച്ചയായ പതിവായിരിക്കുകയാണ്.
സ്വതന്ത്ര-ജനാധിപത്യ-മതേതര-അരാജക കൂട്ടായ്‌മകള്‍ എന്നു കരുതപ്പെടുന്ന ഇ മെയില്‍ ചര്‍ച്ചാവേദികളില്‍- ഫോര്‍ത്ത് എസ്റേറ്റ്, ഗ്രീന്‍ യൂത്ത്, ഗ്രേ യൂത്ത് എന്നിവയില്‍ - ഈയടുത്ത ദിവസങ്ങളില്‍ നടന്ന ചര്‍ച്ചാ പ്രവാഹങ്ങളുടെ ദിശ ഇതേ മാര്‍ഗത്തിലാണ് സഞ്ചരിക്കുന്നത്. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ഡോക്കുമെന്ററിയെടുത്ത ശുഭ്രദീപ് ചക്രവര്‍ത്തി മധ്യപ്രദേശിലും രാജസ്ഥാനിലും ആക്രമിക്കപ്പെട്ടതിലും ഫലസ്തീന്‍ അനുകൂലിയും ഇസ്രായേല്‍ പൌരനുമായ മുഹമ്മദ് ബക്രി (നടനും സംവിധായകനുമായ ബക്രിയുടെ ജെനിന്‍ ജെനിന്‍ എന്ന ഡോക്കുമെന്ററി(2002) ഏറെ പ്രശസ്തമാണ്) ഇസ്രായേലില്‍ ആക്രമിക്കപ്പെട്ടതിലും പ്രതിഷേധിച്ചുകൊണ്ടുള്ള ചില മെയിലുകള്‍ ഞാന്‍ (മറ്റു ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ചത് ) ഈ ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്തിരുന്നു. ഉടനെ തന്നെ ചെങ്ങറാനുകൂല രാത്രി സമരനായകനായ ദിലീപ് രാജ് എനിക്കെതിരെ കടുത്ത പരിഹാസവുമായി രംഗത്തുവന്നു. സന്ദേശം എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ സഖാവ് കഥാപാത്രത്തെ സഹോദരനായ ജയറാമിന്റെ കോണ്‍ഗ്രസ് കഥാപാത്രം പരിഹസിക്കുന്ന അതേ തരത്തിലും രീതിയിലുമാണ് ഈ തത്വജ്ഞാനിയുടെ പ്രകടനങ്ങള്‍. ചെങ്ങറയെക്കുറിച്ചും രാത്രി സമരത്തെക്കുറിച്ചും അഭിപ്രായം പറയാതെ ഗുജറാത്തിനെക്കുറിച്ചും ഇസ്രായേലിനെക്കുറിച്ചും അഭിപ്രായം പറയുന്ന വിഡ്ഢി എന്ന നിലക്കാണ് അവഹേളനം തുടര്‍ന്നത്. എന്റെ മെയില്‍ ബോക്സ് തെറി കൊണ്ടു നിറക്കുമെന്നും ആവേശഭരിതനായ മറ്റൊരു തത്വജ്ഞാനി ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ -മിക്കവാറും പേര്‍ ഗവേഷകരും മാധ്യമപ്രവര്‍ത്തകരും അധ്യാപകരുമാണ് - സിപിഐ(എം)നെതിരെ രംഗത്തുവരികയും നിരന്തരം ഫാസിസ്റ്റ് എന്നധിക്ഷേപിക്കുകയും ചെയ്യുന്നു.
ഭക്ഷ്യ സുരക്ഷ, ജല സ്രോതസ്സുകളുടെ സംരക്ഷണവും ലഭ്യതയും എന്നീ അടിസ്ഥാനങ്ങള്‍ക്കു വേണ്ടി നെല്‍വയലുകള്‍ നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടത് വിട്ടുവീഴ്ച കൂടാത്ത അത്യാവശ്യമാണ്. നെല്‍വയലുകളും നീര്‍ത്തടങ്ങളും കായലുകളും പുഴകളും കണ്ടല്‍ക്കാടുകളും വനങ്ങളും മലകളും കുന്നുകളും കടല്‍ത്തീരങ്ങളും പ്രാണികളും ജന്തുജാലങ്ങളും എന്നു വേണ്ട ഭൂപ്രകൃതിയുടെ ഏതു സവിശേഷതയെയും ദീര്‍ഘവീക്ഷണമില്ലാതെ ഇടിച്ചു നിരത്തുന്നതും തൂര്‍ക്കുന്നതും വാണിജ്യവല്‍ക്കരിക്കുന്നതും കൊന്നൊടുക്കുന്നതും ഭൂമിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഗുരുതരപ്രശ്നമെന്ന നിലയില്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന അഭിപ്രായത്തിലും ആ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലും മാര്‍ക്സിസ്റ്റുകാര്‍ അര്‍പ്പണബുദ്ധിയോടെ അണി ചേരേണ്ടതുമുണ്ട്. കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നെല്‍വയല്‍/ നീര്‍ത്തട സംരക്ഷണ ബില്‍ ഈ ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്. എന്തെങ്കിലും പോരായ്‌മകളുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിച്ച് ആ ബില്‍ നടപ്പിലാക്കാന്‍ പിന്തുണ നല്‍കുകയാണ് പരിസ്ഥിതി സ്നേഹികള്‍ ചെയ്യേണ്ടത്.
അടിസ്ഥാന പ്രശ്നങ്ങള്‍ ഇപ്രകാരം അങ്ങേയറ്റം പ്രസക്തമായിരിക്കെ തന്നെ ഭൂപ്രകൃതി, തദ്ദേശീയ ജനത എന്നിവയുടെ അതിജീവനത്തിനായി നടത്തുന്ന സമരങ്ങളെയും പരിശ്രമങ്ങളെയും ദുഷ്ടലാക്കോടു കൂടിയും മുന്‍കൂട്ടി തയ്യാറാക്കുന്ന ഗൂഢ തിരക്കഥകള്‍ പ്രകാരവും റാഞ്ചിക്കൊണ്ടു പോകുന്ന പ്രവണതകള്‍ കേരളത്തില്‍ വ്യാപകമായിരിക്കുകയാണ് എന്ന കാര്യം പുരോഗമനവിശ്വാസികള്‍ കാണാതിരിക്കരുത്. ഈ റാഞ്ചലുകാരുടെ മുഖ്യ ഉദ്ദേശ്യം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഒരു മഹാഖ്യാനം രൂപീകരിച്ചെടുക്കുക എന്നതാണ്. തൃശ്ശൂര്‍-എറണാകുളം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എരയാംകുടി പ്രദേശത്ത് ഇപ്പോള്‍ നടന്നു വരുന്ന സമരത്തില്‍ ഇത്തരം ഒരു ഗതിവ്യതിയാനം സംഭവിച്ചതായി ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. ഫാസിസ്റ്റുകളായ ബി ജെ പി നേതാക്കളില്‍ നിന്ന് നെല്‍വിത്ത് സ്വീകരിച്ചു കൊണ്ടാണ് എരയാംകുടിയില്‍ നെല്‍കൃഷി പുനരാരംഭിച്ചിരിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നത് മലയാളിയുടെ പ്രിയഭക്ഷണമായ അരി മാത്രമായിരിക്കില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യ രൂപീകരണത്തിലൂടെ മാധ്യമങ്ങളെ ആവേശിച്ചു കഴിഞ്ഞ സംഘപരിവാര്‍ അജണ്ടയുടെ നീട്ടിപ്പിടിച്ച ആവര്‍ത്തനം തയൊണ് ഈ കൂട്ടായ്മയും. ബ്രിട്ടീഷ് ഭരണകാലത്ത് ആര്‍ എസ് എസ് രൂപീകരിക്കപ്പെട്ടതിനു ശേഷം ഏതെങ്കിലും അവസരത്തില്‍ ജനക്ഷേമകരവും സമാധാന പ്രേരിതവും പരിസ്ഥിതി സംരക്ഷണത്തിനുതകുന്നതും മാനവികതയുടെ പുരോഗതിക്കു വേണ്ടിയുള്ളതുമായ ഏതെങ്കിലും കൂട്ടായ്മകളില്‍ അവര്‍ ഏര്‍പ്പെട്ടതായോ കൂട്ടു ചേര്‍ന്നാതായോ അനുഭവമില്ല. അത്തരം ഒരു മനുഷ്യ വിരുദ്ധ സംഘടനയെയും ആശയതീവ്രതയെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തിന്റെ പ്രിയപ്പെട്ട കവികളും കഥാകൃത്തുക്കളും സാഹിത്യകാരന്മാരും കൂട്ടു നിന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് മതേതരസംസ്ക്കാരത്തില്‍ വിശ്വസിക്കുന്നവര്‍ കേട്ടത്. ഈ ഗൂഢോദ്ദേശ്യത്തെ തുറന്നു കാട്ടിയില്ലെങ്കില്‍ എരയാംകുടിയില്‍ വിളയുന്ന നെല്ലു കുത്തി അരിയാക്കി കഞ്ഞി വെക്കുമ്പോള്‍ വയറും മനസ്സും നിറയാന്‍ പാവപ്പെട്ടവന്റെ ശരീരങ്ങള്‍ ബാക്കിയുണ്ടാവുമോ എന്നു സംശയമാണ്.
നാടുവാഴിത്തവും സവര്‍ണ- ബ്രാഹ്മണാധിപത്യവും ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് വംശഹത്യയും ഒറീസ്സയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ന്യൂന പക്ഷ വേട്ടയും തുടങ്ങിയുള്ള വിജയരഥയാത്രകള്‍ താണ്ടിയതിനു ശേഷം കേരളത്തിന്റെ പുരോഗമന-ജനാധിപത്യ-മതേതര പരിസരത്തെ മലീമസമാക്കാന്‍ സംഘപരിവാര്‍ അനേകം അജണ്ടകള്‍ തയ്യാറാക്കി പ്രയോഗിച്ചു നോക്കുന്നുണ്ടെന്നത് ഒരു രഹസ്യമല്ല. എന്നാല്‍ മാനവികതയിലും ലോകസമാധാനത്തിലും വിശ്വസിക്കുന്ന കവികളും കഥാകൃത്തുക്കളും സാംസ്കാരിക പ്രവര്‍ത്തകരും ഈ അജണ്ടക്കൊത്തു കോലം തുള്ളുന്നു എന്നത് ഏറ്റവും അപമാനകരമായ കാര്യമാണ്. ആര്‍ എസ് എസുകാര്‍ കൊന്നൊടുക്കിയ മഹാത്മാഗാന്ധിയോടും ലക്ഷക്കണക്കിന് ന്യൂനപക്ഷമതസ്ഥര്‍, ദളിതര്‍, സ്ത്രീകള്‍, കമ്യൂണിസ്റ്റുകാര്‍, കോഗ്രസുകാര്‍, സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരോടും മാര്‍ക്സിസ്റ്റു വിരുദ്ധ മഹാസഖ്യത്തിന്റെ പേരില്‍, ആര്‍ എസ് എസിന്റെ വിത്തു വിതക്കാന്‍ കൂട്ടു നിന്ന കവികള്‍ക്കും കലാകാരന്മാര്‍ക്കും വേണ്ടി ആരാണ് മാപ്പു ചോദിക്കുക?
യു എസ് സാമ്രാജ്യത്വം, ആഗോളവല്‍ക്കരണം, വര്‍ഗീയ വല്‍ക്കരണം, ഫാസിസം എന്നിവക്കെതിരെ ഉയര്‍ന്നുവരുന്ന വിശാലമായ മുന്നണിയെ തകര്‍ക്കാനുള്ള ഒരു സന്ദര്‍ഭമായിട്ടാണ് പല ശക്തികളും നന്ദിഗ്രാം, ചെങ്ങറ, എരയാംകുടി പ്രശ്നങ്ങളെ വിദഗ്ദ്ധമായി ദുരുപയോഗം ചെയ്യുന്നത് എതാണ് വാസ്തവം. ഭൂപരിഷ്ക്കരണനിയമത്തെ പുറകോട്ടടിപ്പിച്ച വലതുപക്ഷത്തിന്റെ കുത്സിതശ്രമങ്ങളാണ് കാര്‍ഷികമേഖലയിലും തോട്ടം മേഖലയിലും ദളിതരുടെയും ആദിവാസികളുടെയും ഭൂമി വിതരണവുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ പ്രശ്നങ്ങളെ രൂക്ഷമാക്കിയത് എന്ന വാസ്തവത്തെ കമ്യൂണിസ്റ്റ് വിരുദ്ധര്‍ മൂടിവെക്കുന്നു. 1959 ജൂണ്‍ അഞ്ചിന് കേരളനിയമസഭയില്‍ ഇപ്രകാരം നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. “നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വരാനിരിക്കുന്ന സമരകൂട്ടുകെട്ടിന്റെ മുന്നോടിയെന്നോണം തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കാര്‍ഷികബന്ധ ബില്ലില്‍ തോമസ് ജോണ്‍ കൊണ്ടുവന്ന ഭേദഗതിക്കു വേണ്ടി കോണ്‍ഗ്രസ്, പിഎസ്പി, ലീഗ് അംഗങ്ങളും സ്വതന്ത്രന്‍ ഉമേശ് റാവുവും ഒന്നിച്ചു.”
(വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ - ഡോ. ടി എം തോമസ് ഐസക്ക്(ചിന്ത പബ്ലിഷേഴ്സ് /2008)- പേജ് 48)
“കേരളത്തിലെ ഭൂപ്രശ്നത്തെ ഒരു ഊരാക്കുടുക്കിലാക്കിക്കൊണ്ടാണ് വിമോചനസമരം പര്യവസാനിച്ചത്. 1957ല്‍ തുടങ്ങിയ ഭൂപരിഷ്ക്കരണനടപടികള്‍ 1971 ആയപ്പോഴേക്കും പൂര്‍ത്തീകരിക്കാനായി എന്നത് ശരി തന്നെയാണ്. കേരളത്തിലെ കുടിയായ്മ ഇല്ലാതായി. 25 ലക്ഷം കുടിയാന്മാര്‍ക്ക് കൃഷിഭൂമി സ്വന്തമായി. എന്നാല്‍ കര്‍ഷകതൊഴിലാളികള്‍ക്ക് കുടികിടപ്പേ ലഭിച്ചുള്ളൂ. 1959ല്‍ ചുരുങ്ങിയത് അഞ്ച് ലക്ഷം ഏക്കര്‍ എങ്കിലും മിച്ചഭൂമി ഉണ്ടാവുമെന്നാണ് കണക്കാക്കിയത്. എന്നാല്‍ സമഗ്ര ഭൂപരിഷ്ക്കരണ നിയമം പാസാക്കുന്നതില്‍ വന്ന കാലതാമസവും നിയമത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വെള്ളം ചേര്‍ക്കലും ചേര്‍ന്നപ്പോള്‍ ഈ മിച്ച ഭൂമി ചോര്‍ന്നു പോയി. ഏറ്റെടുത്ത് ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് കേവലം 40000 ഏക്കറില്‍ താഴെയാണ്. തന്മൂലം കാര്‍ഷികമേഖലയില്‍ ഏതാണ്ട് പകുതിയോളം വരുന്നവര്‍ കിടപ്പാടം മാത്രം സ്വന്തമായുള്ള കര്‍ഷകതൊഴിലാളികളായി തുടര്‍ന്നു. അവര്‍ക്കെല്ലാം ഇനി കൃഷിഭൂമി നല്‍കുക എന്നുള്ളത് ഇന്ന് പ്രായോഗിക മുദ്രാവാക്യമല്ലാതായി മാറിയിരിക്കുന്നു.അതിനുള്ള മിച്ചഭൂമി ഇനി ബാക്കിയില്ല. അവരെ പണിക്കു നിര്‍ത്തുന്ന ഭൂവുടമകളാവട്ടെ ജന്മിമാരല്ല; ചെറുകിട ഭൂവുടമസ്ഥരാണ്. കാര്‍ഷികേതരമേഖലകളില്‍ ശമ്പളപ്പണിക്കോ സ്വയം തൊഴിലിനോ പോകുന്നതിനാല്‍ അവര്‍ കര്‍ഷകതൊഴിലാളികളെ കൂലി വേലക്കു നിര്‍ത്തി പണിയെടുപ്പിക്കുന്നു. ഈ ചെറുകിട ഭുഉടമസ്ഥന്മാരുടെ മുഖ്യ വരുമാനം കാര്‍ഷികേതര മേഖലയില്‍ നിന്നാണെതിനാല്‍ കാര്‍ഷിക ഉല്‍പാദനം പരമാവധി ആക്കുതിനുള്ള നിര്‍ബന്ധം അവരുടെ മേലില്ല. കര്‍ഷകതൊഴിലാളികള്‍ക്കു നല്‍കേണ്ടി വരുന്ന കൂലിയെക്കാള്‍ കാര്‍ഷികവരുമാനം അവരില്‍ നിന്നു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ ചെറുകിട ഭൂ ഉടമസ്ഥരുടെ ഭൂമിയില്‍ പോലും കൃഷിയിറക്കൂ. സ്വയം തൊഴിലെടുക്കുന്ന ചെറുകിട ഭൂഉടമസ്ഥരാണെങ്കില്‍ ഇതല്ല സ്ഥിതി. കൂലി പ്രശ്നമേ അല്ല. ഭൂമിയില്‍ നിന്ന് എന്തെങ്കിലും അധിക വരുമാനം കിട്ടിയാല്‍ മതി; സ്വയം തൊഴിലെടുക്കുന്ന കൃഷിക്കാരന്‍ കൃഷിപ്പണി നടത്തും. കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ കൂലി വര്‍ധനയുടെ തോതില്‍ ഉല്‍പ്പാദന ക്ഷമതയും ഉയര്‍ന്നു കൊണ്ടിരുന്നില്ലെങ്കില്‍ അത് കൃഷിപ്പണിയെ പ്രതികൂലമായി ബാധിക്കും. തൊഴില്‍ പ്രധാനമല്ലാത്ത വിളകളിലേക്ക് ചെറുകിട ഭൂ ഉടമ മാറും. അല്ലെങ്കില്‍ തൊഴില്‍ പ്രധാനമായ ഇടവിളകളും മറ്റും വേണ്ടെന്നു വെക്കും. അതുമല്ലെങ്കില്‍ പരമ്പരാഗത പ്രവൃത്തികളും വേണ്ടെന്നു വെക്കും. അങ്ങനെ കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളുടെ സങ്കീര്‍ണത ഉല്‍പ്പാദനക്ഷമതയുടെ വര്‍ധനക്ക് തടസ്സമായിത്തീര്‍ും. ആഗോളവല്‍ക്കരണകാലത്ത വിലയിടിവും കൂടെയായപ്പോള്‍ കാര്‍ഷികത്തകര്‍ച്ച പൂര്‍ണമായി.”
(അതേ പുസ്തകം - പേജ് 233)
വയനാട്ടിലെയും മറ്റും കര്‍ഷക ആത്മഹത്യ, മുത്തങ്ങ, ചെങ്ങറ, എരയാംകുടി സമരങ്ങള്‍, വേനല്‍ മഴയെതുടര്‍ന്ന് കുട്ടനാട്ടിലുണ്ടായ തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെയൊക്കെ മൂലകാരണം സത്യത്തില്‍ വിമോചന സമരത്തെ തുടര്‍ന്ന് കേരളം അഭിമുഖീകരിച്ച വമ്പിച്ച പുറകോട്ടടിയാണെന്നാണിത് വ്യക്തമാക്കുന്നത്. എന്നാലീ പ്രശ്നങ്ങളുടെയൊക്കെയും ഉത്തരവാദിത്തം ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പാര്‍ടിക്കും മേല്‍ കെട്ടിവെക്കാനാണ് കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ വക്താക്കള്‍ ശ്രമിച്ചു വരുന്നത്.
Practically the left remains the only force in India that has shown the courage and tenacity (സ്ഥിരമായി ഉറച്ചുനില്‍ക്കു) of raising issues that are of concern to the poor and the minorities and the marginalised section of society, even though it does not always have the strength or even the intention to carry the rhetoric through into direct action (Seema Musthafa). ഇടതുപക്ഷത്തിന്റെ പ്രസക്തിയും അനന്യതയും ഇപ്രകാരം സ്വതന്ത്ര നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും അംഗീകരിച്ചിട്ടുള്ളതാണ്. അപ്പോഴാണ്, കോണ്‍ഗ്രസിനും ബിജെപിക്കും തൃണമൂലിനും മാവോയിസ്റ്റുകള്‍ക്കും ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍ക്കും ഒരുമിച്ചു നില്‍ക്കാനും സിപിഐ(എം)നെ മുഖ്യശത്രുവായി ചിത്രീകരിക്കാനും അക്രമങ്ങള്‍ അഴിച്ചുവിടാനും സാധിക്കുന്ന സ്ഥിതിവിശേഷം നന്ദിഗ്രാമിലും കൊല്‍ക്കത്തയിലുമുണ്ടായത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
യുപി, ബീഹാര്‍, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ദളിത് ഗ്രാമങ്ങളൊന്നാകെ തുടച്ചുനീക്കപ്പെടുകയും നിരപരാധികളായ മുസ്ലിങ്ങളെ പൊലീസ് തന്നെ വെടിവെച്ചുകൊല്ലുകയും ചെയ്യുന്ന രീതികള്‍ നിര്‍ബാധം തുടര്‍ന്നുവരുന്നു. സര്‍ക്കാരിനും കോടതിക്കും ഒന്നും ചെയ്യാനാവുന്നില്ല, അഥവാ ഒന്നും ചെയ്യാന്‍ ആ സംവിധാനങ്ങള്‍ ശ്രമിക്കുന്നില്ല. കമ്മീഷനുകള്‍ രൂപീകരിക്കപ്പെടുകയും റിപ്പോര്‍ടുകള്‍ വരുകയും ചെയ്യുന്നുണ്ടെങ്കിലും സിപിഐ(എം)നെ എതിര്‍ക്കുന്നതില്‍ സദാസമയവും ജാഗരൂകരായിരിക്കുന്നവര്‍ ഒരു പരാതിയും ഈ കാര്യങ്ങളില്‍ ഉന്നയിച്ചുകാണുന്നില്ല. ബുദ്ധദേവിനെ മോഡിയോട് തുലനപ്പെടുത്തുന്നത് ബുദ്ധദേവിനെ അങ്ങേയറ്റം ശക്തിയോടെ ഭര്‍ത്സിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രമല്ല നിര്‍വഹിക്കപ്പെടുന്നത്. മോഡിയെ രക്ഷിച്ചെടുക്കാനുള്ള ഒരു മാര്‍ഗം കൂടിയാണത്. നന്ദിഗ്രാം സംഭവം കത്തിയെരിയുമ്പോള്‍ ആണവകരാര്‍ മാത്രമായിരുന്നില്ല വിഷയമെന്നതോര്‍ക്കുക. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായിരുന്നു. ഗുജറാത്തില്‍ ബിജെപിക്കെതിരായ വിശാല സഖ്യം രൂപപ്പെടുന്നതിനെ തടസ്സപ്പെടുത്തുതിനു കൂടി വേണ്ടിയാണ് ബുദ്ധദേവ്=നരേന്ദ്രമോഡി എന്ന സമവാക്യം രൂപപ്പെടുത്തിയെടുത്തത്. യു എസ് ഡിപ്ലോമാറ്റുകള്‍ വിവിധ പ്രതിപക്ഷഗ്രൂപ്പുകളെ നിരന്തരമായി കാണുന്നതും നന്ദിഗ്രാം പ്രശ്നവും തസ്ലിമാ നസ്രിന്‍ പ്രശ്നവും കൂട്ടിക്കുഴച്ചതും കൊല്‍ക്കത്തയില്‍ നിയന്ത്രണാതീതമായ അക്രമം അഴിച്ചുവിട്ടതും യാദൃഛികമാണെന്നു കരുതാന്‍ വയ്യ.
നന്ദിഗ്രാം=ഗുജറാത്ത് ?
വികസനതന്ത്രത്തെക്കുറിച്ചും ആളുകള്‍ അവരുടെ താമസസ്ഥലത്തു നിന്ന് ആട്ടിയോടിക്കപ്പെടുമെന്ന ഭീതിയെക്കുറിച്ചുമുള്ള ഒരു തര്‍ക്കമാണ് നന്ദിഗ്രാം സംഭവത്തിനാധാരം. അത് തികച്ചും ഒരു മതേതര പ്രശ്നമാണ്. 1969 മുതല്‍ നരഹത്യയും വംശഹത്യയും പ്രാവര്‍ത്തികമാക്കിയ ഒരു സംസ്ഥാനത്ത് നടന്ന, മുന്‍കൂട്ടി പദ്ധതി തയ്യാറാക്കപ്പെട്ട ഒരു മുസ്ലിം കൂട്ടക്കൊലയാണ് ഗുജറാത്തിലേത്.
മതേതര വിപ്ലവകാരികളും തുല്യതയിലധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് സമൂഹം ലക്ഷ്യമിടുന്നവരുമാണ് സിപിഐ(എം)ലുള്ളത്. ഹിന്ദുത്വ സൈന്യത്തിലുള്ളവര്‍ക്ക് ഹിന്ദു രാഷ്ട്രമാണ് ലക്ഷ്യം. അഹിന്ദുക്കള്‍ അവിടെ തരംതാണ വിഭാഗക്കാരായിരിക്കും.
സിപിഐ(എം) നേതാവായ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് വിവാദപരമായ എസ് ഇസെഡ് അടക്കം ഉപയോഗിച്ചുകൊണ്ട് വ്യവസായവല്‍ക്കരണത്തിലൂടെ തൊഴിലില്ലായ്മ പരിഹാരവും സംസ്ഥാനത്തിന്റെ പുരോഗതിയും ലക്ഷ്യമിടുന്നു. സിംഗൂരില്‍ കഴിയുന്നത്ര നഷ്ടപരിഹാരം കൊടുത്തു. കര്‍ഷകരുടെയും ബര്‍ഗാദര്‍(പാട്ടക്കാര്‍)മാരുടെയും പ്രശ്നങ്ങളറിയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.
പുനരധിവാസത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം റെക്കോര്‍ഡാണ് ഗുജറാത്തിലെ ബി ജെ പി സര്‍ക്കാരിനും നരേന്ദ്രമോഡിക്കുമുള്ളത്. നര്‍മദാ അണക്കെട്ടുപ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെയും വര്‍ഗീയ അക്രമങ്ങളില്‍ അനാഥരായവരെയും സര്‍ക്കാര്‍ സഹായിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ കൊടുത്ത കോടികള്‍ പാഴാക്കി. ഭൂകമ്പത്തെ തുടര്‍ന്ന് ലഭിച്ച കോടികള്‍ വകമാറ്റി.
എല്ലാ സമുദായങ്ങളുടെയും ആരാധ്യനും ഇടതുപക്ഷക്കാരനും യാന്ത്രികവാദിയല്ലാത്ത ചിന്തകനും കവിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പാര്‍ടി സ്റേറ്റ് കമ്മിറ്റി, കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ, ഇടതുമുന്നണി എന്നീ ജനാധിപത്യ സംവിധാനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.ന്യൂനപക്ഷം ഭയക്കുന്ന മോഡി ഒരു ഹിന്ദു വര്‍ഗീയ നേതാവ് മാത്രമാണ്. സംസ്ഥാനത്തെ അദ്ദേഹം കൂടുതല്‍ കൂടുതല്‍ വര്‍ഗീയവല്‍ക്കരിച്ചു. ആരെയും കൂസാത്ത നേതാവായ മോഡി ബിജെപി നേതൃത്വത്തെ വരെ വിലവെക്കുന്നുണ്ടെന്ന് കരുതാനാവില്ല. കേശുഭായ് പട്ടേല്‍ മുതല്‍ ഗോര്‍ദാന്‍ സദാഫിയ വരെ അനേകം വിമതരെ മോഡി ഒതുക്കി.
ഇതൊക്കെ മാറ്റിവെച്ചുകൊണ്ട് നന്ദിഗ്രാം=ഗുജറാത്ത്, ബുദ്ധദേബ്=മോഡി, സിപിഐ(എം)=ഫാസിസ്റ്റ് എന്നീ സമവാക്യങ്ങള്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ബിയുപിസി, മാവോയിസ്റ്റുകള്‍, മുസ്ലിം മതമൌലിക വാദികള്‍, അരാജകത്വവാദികള്‍, തീവ്ര ഇടതുപക്ഷവായാടികള്‍ എന്നിവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങളുടെ ഓര്‍മ്മകള്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ല, പൊതുജനം എപ്പോഴും ചരിത്രപരതയുടെ അടിസ്ഥാനത്തിലല്ല പ്രതികരിക്കുക എന്നീ യാഥാര്‍ത്ഥ്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളും ഈ ദുഷ്പ്രചരണത്തിന് വ്യാപകമായ പിന്തുണ കൊടുത്തു. ഒറീസയിലെ പോസ്കോ പ്ലാന്റ്, കലിംഗ നഗര്‍ എസ് ഇ സെഡ് പ്രശ്നങ്ങളില്‍ മതിയായ നഷ്ടപരിഹാരം കൊടുത്തിട്ടില്ല. അവിടെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണു താനും. പക്ഷെ വാര്‍ത്തക്ക് രാജ്യത്തിനകത്തു മുഴുവന്‍ ഒരു പോലെ പ്രാധാന്യം ലഭിക്കുന്നില്ല. ഒരൊറ്റ കാരണമേ ഉള്ളൂ. സിപിഐ(എം) അല്ല ഒറീസയില്‍ അധികാരത്തിലിരിക്കുന്നത് എന്നതു തന്നെ. ഒരു രാഷ്ട്രീയ കൂട്ട അപസ്മാര ബാധ (പൊളിറ്റിക്കല്‍ ഹിസ്റ്റീരിയ) തന്നെ നന്ദിഗ്രാം പ്രശ്നത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് സ്വരൂപിക്കാനായി എന്നത് വളരെ ഗൌരവത്തോടെ കാണണം.
മതേതരത്വത്തിന്റെ മുറിവിന് ആഴം കൂട്ടുന്നതാര്?
ഉന്നതമായ ജനാധിപത്യ-മതേതര സംസ്ക്കാരം നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമായ ബംഗാളിനെ കാലുഷ്യത്തിലേക്കും ലഹളയിലേക്കും സമാധാനലംഘനത്തിലേക്കും നയിക്കാനുള്ള ഗൂഢാലോചനകള്‍ പിന്നണിയിലും മുന്നണിയിലുമായി സജീവമായിരിക്കുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ് നവംബര്‍ 21ന് കൊല്‍ക്കത്ത നഗരത്തില്‍ നടന്ന കലാപം. മുസ്ലിം വര്‍ഗീയവാദികളുടെ നേതൃത്വത്തില്‍ നടന്ന അക്രമാസക്തമായ കലാപത്തില്‍ നന്ദിഗ്രാമും തസ്ലീമ നസ്റീനും വളരെ പെട്ടെന്ന് കൂട്ടിക്കുഴക്കപ്പെടുകയും കാര്യങ്ങള്‍ ആര്‍ക്കും നിയന്ത്രിക്കാനാവാത്ത വിധത്തിലേക്ക് വളര്‍ത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രശ്നത്തില്‍ ഏറ്റവും സന്തോഷത്തോടെ ചാടി വീണത് ബി ജെ പി നേതൃത്വവും നരേന്ദ്രമോഡിയടക്കമുള്ള ഹിന്ദു ഫാസിസ്റ്റുകളുമാണ്. തസ്ലീമക്ക് ഗുജറാത്തില്‍ അഭയം നല്‍കാമെന്നാണ് മോഡി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഭാവ് നഗര്‍ ജില്ലയിലെ ബോത്താഡില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നവംബര്‍ 27ന് പ്രഖ്യാപിച്ചത്. സ്ത്രീകളുടെ സ്വരക്ഷക്കും സ്വാഭിമാനത്തിനും പേരുകേട്ട സംസ്ഥാനമാണ് ഗുജറാത്ത് എന്നും തങ്ങള്‍ എല്ലായ്പോഴും സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നിലക്കൊള്ളുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും സാഹിത്യത്തിന്റെ മേന്മയുടെയും ജനാധിപത്യത്തിന്റെയും ഒക്കെ വക്താക്കളായി സംഘപരിവാര്‍ വളരെ പെട്ടെന്ന് വേഷം സ്വയം തയ്പ്പിച്ച് അണിഞ്ഞുകഴിഞ്ഞിരിക്കുന്നു.
അവര്‍ക്കതിനുള്ള മെയ്‌വഴക്കമുണ്ട്, തൊലിക്കട്ടിയുമുണ്ട്. എന്നാല്‍, ഇത്തരം ഉന്നത സാംസ്ക്കാരിക മൂല്യങ്ങളുടെ പ്രയോക്താക്കളായി ഹിന്ദു വര്‍ഗീയ ഫാസിസ്റ്റുകള്‍ അരങ്ങു തകര്‍ക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കിയതാരൊക്കെയാണ്? അത്തരമൊരു വിരോധാഭാസ-പ്രഹസന നാടകം കണ്ടിട്ടും അതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടാതെ കമ്യൂണിസ്റ്റുകാരുടെ എതിര്‍പക്ഷത്ത് രൂപപ്പെടുന്ന മഹാസഖ്യത്തെ രഹസ്യമായും പരസ്യമായും പിന്തുണക്കുന്നതാരൊക്കെയാണ്? നന്ദിഗ്രാം, ഗുജറാത്ത് വംശഹത്യക്കു തുല്യമാണെന്നും ബുദ്ധദേവ് ഭട്ടാചാര്യ നരേന്ദ്ര മോഡിക്കു സമാനനാണെന്നുമുള്ള വാദങ്ങള്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും എസ് യു സി ഐയും അധിനിവേശക്കാരും നക്സലൈറ്റുകളും മറ്റും മറ്റും ഉയര്‍ത്തിയപ്പോള്‍ മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ അതിനെ പിന്തുണച്ചു. ഗുജറാത്തില്‍ 2002ല്‍ നടന്നത് വംശഹത്യയാണെന്നും നരേന്ദ്രമോഡി നരാധമമോഡിയാണെന്നുമുള്ള വാദങ്ങള്‍ ഇത്തരക്കാര്‍ ഇതിനു മുമ്പൊരിക്കലും ഉയര്‍ത്തിയിരുന്നില്ല. കമ്യൂണിസ്റ്റുകാരും ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങളും സ്വതന്ത്ര സാംസ്ക്കാരിക പ്രവര്‍ത്തകരും ആണ് തങ്ങള്‍ക്കാവുന്നത്ര ഉച്ചത്തില്‍ ഈ സത്യം കഴിഞ്ഞ അഞ്ചു വര്‍ഷമായി പറഞ്ഞുകൊണ്ടിരുന്നത്. അന്ന് അവരെ പരിഹസിക്കാനും കുറ്റപ്പെടുത്താനുമായിരുന്നു വലതുപക്ഷത്തിനും ഇടതു തീവ്രവാദ വേഷധാരികള്‍ക്കും തിടുക്കം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് കാര്യകാരണസഹിതം തീവ്രമായ മാനസിക വ്യഥയോടെ സംസാരിക്കുകയും എഴുതുകയും ചെയ്ത കെ ഇ എന്നിനെ അദ്ദേഹം മുസ്ലിമായി ജനിച്ച ആളാണെന്നതുകൊണ്ട്, മുസ്ലിം മൌലികവാദിയും ഭീകരനും ബിന്‍ലാദനും ആയി വിവരിച്ച 'തരികിട'തന്ത്രശാലികളെ ഇടതു സാംസ്ക്കാരിക നായകരായി കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ പുകഴ്ത്തി വലുതാക്കിയതും ഇക്കാലത്തായിരുന്നു. എന്നാലവരൊക്കെയും ഇപ്പോഴിതാ നരേന്ദ്രമോഡിക്കെതിരെ സംസാരിക്കുന്നു, ഒപ്പം ബുദ്ധദേബിനെ നരേന്ദ്രമോഡിയായി തെറ്റിദ്ധരിപ്പിക്കുവാനും ശ്രമിക്കുന്നു.
ഗുജറാത്തില്‍ നടന്നത് ലോക ചരിത്രം തന്നെ കണ്ടതില്‍ വെച്ച് ബീഭത്സമായ കൂട്ടക്കുരുതിയായിരുന്നു. ജര്‍മനിയിലെ നാസികളുടെയും ഇറ്റലിയിലെ ഫാസിസ്റ്റുകളുടെയും വാഴ്ചയെ അനുസ്മരിപ്പിക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവും രാഷ്ട്രീയവും മതപരവും ലിംഗപരവുമായ വംശഹത്യ. അതിനെ ബംഗാള്‍ സംസ്ഥാനത്തിന്റെ ഒരു ബ്ലോക്കില്‍ നടന്ന പ്രശ്നങ്ങളോട് സമീകരിക്കുന്നത് ഗുജറാത്ത് പ്രശ്നത്തെ ലഘൂകരിക്കുന്നതിനു വേണ്ടിത്തന്നെയാണ്. നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കുന്നതിനു വേണ്ടിയാണ് അയാളെ ബുദ്ധദേബിനോട് ചേര്‍ത്തു വെക്കുന്നത്. അതുകൊണ്ടാണ്, നന്ദിഗ്രാം സന്ദര്‍ശിക്കാനെത്തിയ ഗുജറാത്തിലെ ഗാന്ധി നഗര്‍ എം പി യായ ലാല്‍കൃഷ്ണ അദ്വാനിക്ക് അരിവാളും ചുറ്റികയും അങ്കിതമായ ചുകന്ന കൊടി തീവ്രവാദിവേഷക്കാര്‍ വീശിക്കൊടുത്തത്. നുണ വിളിച്ചു പറയാന്‍ ചെങ്കൊടിയുടെ ധീര ചരിത്രത്തിന്റെ തണല്‍ അവര്‍ കൃത്രിമമായിട്ടാണെങ്കിലും നിര്‍മിച്ചുകൊടുത്തു എന്നത് കാലങ്ങള്‍ തോറും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. (അവരുടെ വഴികാട്ടികളും കേരളത്തില്‍ നിന്നു പോയവരായിരിക്കണം. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ത്ത വി ബി ചെറിയാന്‍, വിശ്വനാഥമേനോന്‍ എന്ന മുന്‍ കമ്യൂണിസ്റ്റുകളുടെ അനുയായികളും ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോനെ സ്വതന്ത്ര പത്രപ്രവര്‍ത്തകയായി എഴുന്നള്ളിക്കുന്നവരുമായ ചിലര്‍ നന്ദിഗ്രാം സന്ദര്‍ശിച്ചിരുന്നു എന്ന വാര്‍ത്ത പെട്ടെന്ന് മറക്കാനാവുമോ?)
എം എഫ് ഹുസൈന് കിട്ടാത്തതും തസ്ലീമാ നസ്രീന് ലഭിക്കുന്നതുമായ എന്തു സുരക്ഷിതത്വമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലുള്ളത് ? തസ്ലീമാ നസ്രീന്‍ പ്രകടിപ്പിച്ചിട്ടുള്ള സ്വാതന്ത്ര്യബോധത്തെയോ മത യാഥാസ്ഥിതികത്വത്തോടുള്ള പോരാട്ടവീറിനെയോ അംഗീകരിക്കുന്നതുകൊണ്ടല്ല, ഇന്ത്യയിലെ ഹിന്ദു ഫാസിസ്റ്റുകള്‍ അവരെ ആഘോഷിക്കുന്നത്. ഇസ്ലാം ഒരു യാഥാസ്ഥിതിക മതമാണെന്നും ഒട്ടും സഹിഷ്ണുത ഇല്ലാത്തവരാണെന്നും തെളിയിക്കുന്നതിനുള്ള ജീവനോടു കൂടിയ ഒരു ഉപാധി എന്ന നിലക്കാണ് ഏറെ സന്തോഷത്തോടെ തസ്ലീമയെ അവര്‍ കൊണ്ടാടുന്നത്. അതു കൊണ്ടു തന്നെയാണ്, 'വികസന'ത്തെക്കുറിച്ച് മാത്രം സംസാരിച്ച് ഗുജറാത്തില്‍ വോട്ടു തേടും എന്നു പ്രഖ്യാപിച്ചിരുന്ന നരേന്ദ്ര മോഡി വളരെ പെട്ടെന്ന് തസ്ലീമാ പ്രശ്നത്തെ മുതലെടുക്കാനുള്ള പ്രസംഗതന്ത്രങ്ങള്‍ മെനഞ്ഞെടുത്തത്.
എന്താണ് ബംഗാളിന്റെ ചരിത്രം? മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ബ്രിട്ടീഷിന്ത്യയില്‍ നിന്ന് അടര്‍ന്നുകിട്ടിയ പടിഞ്ഞാറന്‍ ഭാഗത്ത് നവഖാലിയുടെ മുറിവുകളിലൂടെ ഗാന്ധി നടന്നു പോയ സ്വാതന്ത്ര്യലബ്ധിയുടെ കാലവും കടന്ന് പുരോഗമനവിശ്വാസത്തിന്റെയും ഇടതുപക്ഷത്തോടും കമ്യൂണിസ്റ്റ് പാര്‍ടിയോടുമുള്ള അചഞ്ചലമായ കൂറിനാല്‍ പടുത്തുയര്‍ത്തപ്പെട്ട ബംഗാള്‍ എന്ന ചുകന്ന മണ്ണില്‍ അഭയം തേടാന്‍ തസ്ലീമ നസ്രീന് അവസരം ഉണ്ടായതു തന്നെ ആ മിന്നുന്ന ചരിത്രത്തിന്റെ ലക്ഷണമാണ്. കുത്ത്ബുദ്ദീന്‍ അന്‍സാരിക്കും അഭയം കൊടുത്തത് ബംഗാളാണ്. ഓര്‍മയില്ലേ കൂപ്പു കൈയുമായി എന്നെ വിട്ടേക്കൂ എന്നു കെഞ്ചി യാചിച്ച ആ ഗുജറാത്തി മുസ്ലിമായ തയ്യല്‍ക്കാരനെ. എന്‍ എസ് മാധവന്‍ അഹമ്മദാബാദ് നഗരചിഹ്നമായി കുത്ത്ബുദ്ദീന്‍ അന്‍സാരിയെ സങ്കല്‍പിച്ചുകൊണ്ടെഴുതിയ കഥ ഓര്‍ക്കുക. ഗുജറാത്തു കടന്ന് മഹാരാഷ്ട്രയിലെത്തിയ കുത്ത്ബുദ്ദീനെ അവിടെയും പിന്തുടര്‍ന്ന ഫാസിസ്റ്റുകളെ പേടിച്ച് അയാള്‍ ബംഗാളിലഭയം തേടുകയായിരുന്നു. പിന്നീട് അയാള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായതായി കഴിഞ്ഞ അഞ്ചുകൊല്ലവും കേട്ടിട്ടില്ല. ഇപ്പോള്‍ നന്ദിഗ്രാമില്‍ മുസ്ലിങ്ങളെ സി പി എം തെരഞ്ഞുപിടിച്ച് കൊല്ലുന്നു എന്നും, തസ്ലിമാ നസ്രീന് താമസിക്കാന്‍ അനുവാദം നല്‍കിയതിലൂടെ മുസ്ലിം വികാരത്തെ വ്രണപ്പെടുത്തി എന്നുമാരോപിക്കുന്ന മതമൌലികവാദികള്‍ക്ക് കുത്ത്ബുദ്ദീന്‍ അന്‍സാരിയോട് ബംഗാള്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ടിയും സ്വീകരിച്ച സമീപനത്തെക്കുറിച്ച് എന്തഭിപ്രായമാണ് പറയാനുള്ളത്? അയാള്‍ക്ക് അഭയം കൊടുത്തതിലൂടെ ഗുജറാത്തിന്റെ 'വികസന' മുഖംമൂടിയുടെ കരണക്കുറ്റിക്ക് കൊടുത്ത പ്രഹരം ഒട്ടും വിലമതിക്കാത്ത ഈ മതമൌലികവാദികള്‍ മുസ്ലിം മതസ്ഥര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത് എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. അവര്‍ സംസാരിക്കുന്നത് സംഘപരിവാറിന്റെ പ്രകോപന ഏജന്റുമാര്‍ (ഏജന്റ് പ്രൊവോക്കേറ്റേഴ്സ്) എന്ന നിലക്കാണ്. എങ്ങിനെ മുസ്ലിങ്ങള്‍ പെരുമാറിയാലാണ് അത് തങ്ങള്‍ക്ക് ഗുണകരമായിത്തീരുക എന്ന സംഘപരിവാര്‍ തിരക്കഥയനുസരിച്ച് കുഴപ്പങ്ങള്‍ വിതക്കുന്ന പാവകളായി അധ: പതിച്ച അവരെ ഓര്‍ത്ത് സമുദായം സഹതപിക്കട്ടെ!
നന്ദിഗ്രാം സംഭവത്തിനു ശേഷം ബുദ്ധദേബും നരേന്ദ്രമോഡിയും തുല്യരായി എന്നു വിധിച്ച കേരളത്തിലെ മുസ്ലീം ലീഗ്, എം എഫ് ഹുസൈന് രവിവര്‍മ പുരസ്കാരം നല്‍കിയതിനെയും എതിര്‍ത്തിരുന്നു എന്നത് ഈ അവസരത്തില്‍ ഓര്‍ത്തെടുക്കാവുന്നതാണ്. ബി ജെ പിക്ക് ആവശ്യമുള്ള തരം ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയത്തെ മൊത്തമായും ചില്ലറയായും വില്‍പന നടത്തുന്ന കരാര്‍ സംഘങ്ങളായി മുസ്ലീം ലീഗും ബംഗാളിലെ മുസ്ലിം മൌലികവാദികളും മാറിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല, മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ മതേതരത്വത്തിന്റെ സ്വതന്ത്ര അന്തരീക്ഷം തുടര്‍ന്നും നിലനിര്‍ത്തുന്നതിനു വേണ്ടി ഇടതുപക്ഷത്തോടും വിശാല മതേതര ജനാധിപത്യ സഖ്യത്തോടും ഐക്യപ്പെടുകയാണ് വേണ്ടതെന്നുമാണ് കാലം തെളിയിക്കുന്നത്.
ഏതൊരു മുസ്ലിമിനെയും, വിശേഷിച്ച് ബംഗാളികളെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത അഭയാര്‍ത്ഥികള്‍ എന്നാരോപിച്ച് വേട്ടയാടുന്ന ബി ജെ പിയും ശിവസേനയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ എത്ര പെട്ടെന്നാണ് ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ തസ്ലീമാ നസ്രീന് ഏതു വിധത്തിലുള്ള അഭയവും വാഗ്ദാനം ചെയ്യുന്നത് ! കൊല്‍ക്കത്തയിലും ബംഗാളിലെമ്പാടും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു 21നു നടന്ന അക്രമങ്ങള്‍ എന്നു വേണം വിശ്വസിക്കാന്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലതുപക്ഷ-ഇടതു തീവ്രവാദ മഹാസഖ്യത്തിന്റെ പദ്ധതി നടന്നില്ല. എന്നാലിനിയും കുഴപ്പങ്ങള്‍ അവസാനിച്ചു എന്നു കരുതി ജാഗ്രത കൈവെടിയുന്നത് ആപല്‍ക്കരമായിരിക്കും.
ഇടതുപക്ഷത്തിന്റെ വിശേഷിച്ച് സി പി ഐ (എം)മ്മിന്റെ കാലാനുസൃതമായ രാഷ്ട്രീയ ഇടപെടലിനെ അസ്ഥിരീകരിക്കാനുള്ള ബഹുമുഖ നീക്കങ്ങളുടെ ഭാഗമായിട്ടാണ് നന്ദിഗ്രാം മുതല്‍ തസ്ലീമാ നസ്രീന്‍ പ്രശ്നം വരെ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയെടുക്കുന്നത് എന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ബോധ്യപ്പെടും. ആഗോള സാമ്രാജ്യത്വത്തിന് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു കേന്ദ്ര ഭരണകൂടത്തിനു കീഴില്‍ പരിമിതമായ അധികാരങ്ങളോടെയും സാമ്പത്തിക സൌകര്യങ്ങളോടെയും പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നയിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അല്‍പമെങ്കില്‍ അല്‍പം സഹായമെത്തിക്കുക എന്ന പ്രവൃത്തിയാണ് 1957 മുതല്‍ വിവിധ കാലങ്ങളില്‍ അധികാരത്തിലെത്തിയിട്ടുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ചെയ്തു പോരുന്നത്. വിപ്ലവ വായ്ത്താരികള്‍ മുഴക്കിക്കൊണ്ടിരിക്കുന്ന ഇടതു തീവ്രവാദി നാട്യക്കാര്‍, ഇത്തരം ശ്രമങ്ങളെ അധിനിവേശ ശക്തികള്‍ക്കു വിധേയപ്പെടുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ടിയെ നയിക്കുന്നത് എന്ന ആരോപണമുയര്‍ത്താനുള്ള ഉദാഹരണമായി വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ഇതു വഴി രണ്ടു കാര്യമാണ് ഒറ്റയടിക്ക് നടക്കുന്നത്. രാജ്യത്തെമ്പാടുമായി ഇടതുപക്ഷം അധികാരത്തിലില്ലാത്ത ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകളും ലോകബാങ്ക് /എ ഡി ബി വായ്പകളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയും അതിനു ന്യായീകരണമായി ഇടതുപക്ഷവും ഇതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നു പ്രചരിപ്പിക്കുവാനും കഴിയുന്നു. ശുദ്ധാത്മാക്കള്‍ പെട്ടെന്ന് വിശ്വസിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതോടൊപ്പം ഇടതുപക്ഷസര്‍ക്കാരുകള്‍ ഗത്യന്തരമില്ലാതെ ജനങ്ങളുടെ നിത്യജീവിതം എങ്ങിനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായി ലഭ്യമായ സൌകര്യങ്ങളുപയോഗിച്ച് ശ്രദ്ധയോടെ എന്തെങ്കിലും പദ്ധതി ഉപയോഗപ്പെടുത്തിയാല്‍ ഉടനെ ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ എന്നാരോപിച്ച് ചാടി വീഴുകയും ചെയ്യുന്നു. കഴിയാവുന്നത്ര സ്ഥലങ്ങളില്‍ ഇതിനെ തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ വികസന നടപടികള്‍ മുടക്കുവാനോ വൈകിക്കുവാനോ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഈ ബഹുമുഖ തന്ത്രത്തെ മറികടക്കാനുള്ള പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ ശ്രമങ്ങള്‍ വരും നാളുകളില്‍ ഏറ്റെടുത്തുകൊണ്ടു മാത്രമേ ഇടതുപക്ഷത്തിന് തങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ജനോപകാരപ്രദമാക്കി തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. പട്ടിണിയും ചൂഷണവും വിവേചനവും വര്‍ഗീയതയും ജാതീയതയും നടമാടുന്ന ഇന്ത്യന്‍ നഗര-ഗ്രാമങ്ങളില്‍ ജനങ്ങളുടെ വിമോചന സ്വപ്നങ്ങള്‍ക്ക് സമരരൂപം നല്‍കാന്‍ ഇടതുപക്ഷത്തിന്റെ കൊടികള്‍ ഉയര്‍ന്നു തന്നെ പറക്കണം.
നന്ദിഗ്രാം പ്രശ്നം ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്തതില്‍ തങ്ങള്‍ക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരും മുന്നണിയും പാര്‍ടിയും സമ്മതിച്ചിട്ടുള്ളതാണ്. ജനങ്ങള്‍ക്കാവശ്യമില്ലാത്ത ഒരു വ്യവസായവും നടപ്പാക്കുന്ന പ്രശ്നമില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. എന്നിട്ടും കോണ്‍ഗ്രസിനും തൃണമൂലിനും ബി ജെ പിക്കും മാവോയിസ്റ്റുകള്‍ക്കും മുസ്ലിം മതമൌലികവാദികള്‍ക്കും ഒന്നിച്ചണിനിരക്കാനും വ്യാപകമായ പിന്തുണ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നേടിയെടുക്കാനുമായി എന്ന വസ്തുത കമ്യൂണിസ്റ്റുകാരെ ഒരു പാഠം പഠിപ്പിക്കണം എന്നും അവരെ എത്രയും വേഗം അവസാനിപ്പിക്കണമെന്നുമുള്ള അബോധമായ ആഗ്രഹത്തിന്റെ പ്രതിഫലനം കൂടിയാണ്. തെറ്റു പറ്റിയത് തുറന്നു സമ്മതിക്കുകയും തിരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇടതുപക്ഷവും കൂട്ടക്കൊലകളില്‍ ഊറ്റം കൊള്ളുന്ന (തെഹല്‍ക്ക വെളിപ്പെടുത്തലുകള്‍ ശ്രദ്ധിക്കുക) സംഘപരിവാറും ഒരു പോലെയാണെന്ന് തിടുക്കത്തില്‍ വിധിയെഴുതുന്നത് ആരെ രക്ഷിക്കാനുള്ള ശ്രമമാണ് ? ഉത്തര്‍പ്രദേശിലും ബീഹാറിലും ഹരിയാനയിലും മധ്യപ്രദേശിലും ദളിതുകള്‍ താമസിക്കുന്ന ഗ്രാമങ്ങളൊന്നാകെ ചുട്ടുകരിച്ചപ്പോള്‍, ഇക്കഴിഞ്ഞ ദിവസം ആസാമില്‍ സമരജാഥയിലണി നിരന്ന ആദിവാസി യുവതിയെ പരസ്യമായി നഗ്നയാക്കി മര്‍ദിച്ചപമാനിച്ചപ്പോളോ ഉയരാത്ത രോഷം നന്ദിഗ്രാം പ്രശ്നത്തില്‍ ഉയര്‍ത്തപ്പെട്ടു എന്നത് കേവലം മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധത മാത്രമായി കണക്കിലെടുക്കാനാവില്ല.
കമ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങളും അതിനോടുള്ള പ്രതികരണങ്ങളും
കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യങ്ങള്‍ നിലവില്‍ വരുന്ന ഏതു സാഹചര്യത്തിലും - വിമോചന സമരകാലഘട്ടത്തിലെ കേരളം, നന്ദിഗ്രാം അനന്തര ബംഗാള്‍ / ഇന്ത്യ - ഈ സാഹചര്യത്തെ നേരിടാന്‍ സമചിത്തതയോടെയും പക്വതയോടെയും എന്നാല്‍ വീറോടെയുമുള്ള സമീപനം പാര്‍ടിയും പാര്‍ടി നിയന്ത്രണത്തിലുള്ള സര്‍ക്കാരും സ്വീകരിക്കേണ്ടതുണ്ട്. പാര്‍ടിക്കും സര്‍ക്കാരിനും പറ്റുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തുകള്‍ ക്ഷണിച്ചു വരുത്തിയേക്കാം. രണ്ടപകടങ്ങള്‍ ഇതുമൂലം പലപ്പോഴും സംഭവിക്കാറുണ്ട്. ഒന്ന്, പാര്‍ടിക്കും സര്‍ക്കാരിനും പറ്റുന്ന തെറ്റുകള്‍ വിരുദ്ധര്‍ക്ക് കൂടുതല്‍ ജനപിന്തുണ കിട്ടുന്നതിനും അവരുടെ നീക്കങ്ങള്‍ കൂടുതല്‍ മുന്നേറുന്നതിനും ഇടയാക്കുന്നു. രണ്ട്, പാര്‍ടിക്കും സര്‍ക്കാരിനും ജനങ്ങളുടെ ഇടയില്‍ വിശിഷ്യാ വിശാല ഇടതുപക്ഷ പരിസരത്തിനകത്തുള്ള സമ്മതിയും പിന്തുണയും ഇടിയുന്നതിന് വഴിവെക്കുന്നു. 1958ലെ കെഎസ് യു നേതൃത്വത്തിലുള്ള ഒരണ സമരത്തെ നേരിട്ടതിലെ അപാകതകള്‍ ഡോ. ടി എം തോമസ് ഐസക്ക് ഇപ്രകാരം രേഖപ്പെടുത്തുന്നു: “ ഈ സമരം കൈകാര്യം ചെയ്ത രീതി സമരം വ്യാപിപ്പിക്കുന്നതിനും വഷളാക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. പൊലീസ് ബലപ്രയോഗത്തിനോടൊപ്പം ആലപ്പുഴയടക്കം ചില കേന്ദ്രങ്ങളില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കമ്യൂണിസ്റ്റ് ഭരണകാലത്തു നടന്ന സമരങ്ങള്‍ ഒന്നും തന്നെ ആ മേഖലകളിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബഹുജന സ്വാധീനത്തില്‍ എന്തെങ്കിലും എടുത്തുപറയുന്ന ചോര്‍ച്ചയുണ്ടാക്കിയതായി തെളിവില്ല. എന്നാല്‍ ഒരണസമരം കെ എസ് യു എന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ സംസ്ഥാനവ്യാപക സംഘടനയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. ഈ സമരം കൈകാര്യം ചെയ്ത രീതി വിദ്യാര്‍ത്ഥി സമൂഹത്തില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന് തിരിച്ചടിയേല്‍പിച്ചു.”
(വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ -ചിന്ത പബ്ലിഷേഴ്സ് / 2008- പേജ് 29)
കമ്യൂണിസ്റ്റ് വിരുദ്ധരുടെ അപഹാസ്യമായ ധൈഷണിക മരണങ്ങള്‍
കമ്യൂണിസ്റ് പാര്‍ടിയെ പ്രത്യേകിച്ച് സി പി ഐ (എം) നെ അധിക്ഷേപിക്കാനും പരിഹസിക്കാനും പറ്റുമെങ്കില്‍ താല്‍ക്കാലികമായെങ്കിലും തോല്‍പിക്കാനും സാധിക്കുന്ന ഏതവസരവും വിട്ടുകളയാത്തവരാണ് ഇടതുപക്ഷ വായാടികളായ കമ്യൂണിസ്റ്റ് വിരുദ്ധര്‍. കമ്യൂണിസ്റ്റ് പാര്‍ടിയിലോ ബഹുജനസംഘടനകളിലോ പ്രവര്‍ത്തിച്ചവരും സഹയാത്രികരായിരുന്നവരും പല കാരണങ്ങളാല്‍ പിരിഞ്ഞു പോയതിനു ശേഷം നടത്തുന്ന അധിക്ഷേപങ്ങളാകട്ടെ മിക്കപ്പോഴും തങ്ങളുടെ തന്നെ മുന്‍കാല വാദങ്ങള്‍ക്ക് തീര്‍ത്തും എതിരു നില്‍ക്കുന്നതാണെന്നോ അയുക്തികമാണെന്നോ പലപ്പോഴും ആലോചിക്കാറില്ല. അന്നു ഞങ്ങള്‍ പാര്‍ടിയെ അനുകൂലിക്കുകയായിരുന്നു, അതു കൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന വാദവും നിലനില്‍ക്കാത്ത ചില സന്ദര്‍ഭങ്ങള്‍ അവരുടെ ധൈഷണിക സത്യസന്ധതക്കു നേരെ കൊഞ്ഞനം കുത്തുന്നത് സഹതാപത്തോടെ മാത്രമേ രേഖപ്പെടുത്താനാവൂ.
ഒരുദാഹരണം നോക്കുക. ബഷീര്‍ സാഹിത്യത്തെ ഫ്രോയിഡ്, വൈലോപ്പിള്ളി, കേസരി എന്നിവരോടൊപ്പം എക്കാലവും ഏറ്റിനടന്നിരുന്ന ഒരു സാംസ്കാരിക വ്യക്തിത്വമായിരുന്നു എം എന്‍ വിജയന്റേത്. ബഷീര്‍ സമ്പൂര്‍ണകൃതികളുടെ മുഖലേഖനമായ ബഷീര്‍ എന്ന ഒറ്റമരത്തില്‍ മാഷ് ഇപ്രകാരം നീരീക്ഷിക്കുന്നു. “എങ്കിലും നാളത്തെ ലോകം ശബ്ദങ്ങളുടെ സ്രഷ്ടാവ് എന്ന നിലയില്‍ ബഷീറിനെ ഓര്‍ക്കാതിരിക്കില്ല. ബാല്യകാലസഖിയുടെയോ പാത്തുമ്മയുടെ ആടിന്റെയോ ലോകങ്ങളിലേക്ക് മറ്റെഴുത്തുകാര്‍ക്ക് എത്തിനോക്കാന്‍ കഴിഞ്ഞു എന്നു വരാം. ജീവിതവ്യവസ്ഥയുടെ സകല മാനങ്ങളെയും ചോദ്യം ചെയ്യുന്ന ശബ്ദങ്ങളുടെ മിതത്വവും ശക്തിയും ആവര്‍ത്തിക്കാന്‍ കഴിയുന്നതല്ല. ആണ്‍ വേശ്യയുടെ അടക്കം ദൈന്യതയെ സഹതാപത്തോടെയും സമഭാവനയോടെയും നോക്കിക്കാണുന്ന ശബ്ദങ്ങള്‍ എഴുതപ്പെട്ട കാലത്ത് (1940കള്‍) നിരോധിക്കപ്പെടുകയും യാഥാസ്ഥിതിക ഭാവുകത്വത്തിനാല്‍ ആക്രമിക്കപ്പെടുകയുമുണ്ടായി.” പതിറ്റാണ്ടുകള്‍ക്കു ശേഷം വിജയന്‍ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിനോടും ദേശാഭിമാനിയോടും വിടപറഞ്ഞതിനു ശേഷം പ്രഫ. എസ് സുധീഷിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിന്‍ കീഴിലായിക്കഴിഞ്ഞ കാലം. ആസ്ത്രേലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണഘടനയില്‍ സ്വവര്‍ഗാനുരാഗികളടക്കമുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പച്ചക്കുതിരയിലെ ഒരു അഭിമുഖ സംഭാഷണത്തിനിടെ പറഞ്ഞ എം എ ബേബി ലൈംഗികാരാജകത്വം ഇറക്കുമതി ചെയ്യുന്ന ചാരനാണെന്ന് ആക്ഷേപിച്ച സങ്കുചിതാഭിപ്രായക്കാരനായ സുധീഷിനെ സമ്പൂര്‍ണമായി എടുത്തുയര്‍ത്തിയ വിജയന്‍ മാഷുടെ ധൈഷണിക മരണം അതോടെ സംഭവിച്ചു. പ്രസ് ക്ലബിലെ മരണം കേവലം ശാരീരികം മാത്രം. വിമോചനസമരകാലത്തെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ധിഷണാശാലിയായിരുന്ന സി ജെ തോമസിന്റെ വിഷവൃക്ഷത്തില്‍ ഒരു കഥാപാത്രം പറയുന്നത് സിജെയുടെ കാര്യത്തിലെന്നതു പോലെ വിജയന്‍ മാഷുടെ കാര്യത്തിലും യാഥാര്‍ത്ഥ്യമായി വന്നു: വ്യക്തമായ ഒരു ഉത്കൃഷ്ട ലക്ഷ്യമില്ലെങ്കില്‍ പാര്‍ടി വിട്ടതു കൊണ്ട് യാതൊരു പ്രയോജനവുമില്ല!
രണ്ടാമതൊരിടപെടല്‍ ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ഒരു വിഭാഗത്തെ കയ്യിലെടുക്കുക എന്നതാണ്. സ്വാഭാവികമായും മൂന്നാം ലോക രാജ്യങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ പലപ്പോഴും ഇടതുപക്ഷാഭിമുഖ്യമാണുണ്ടാവുക. ഇവരില്‍ ഭിന്നിപ്പുണ്ടാക്കുകയും സംഘടിതമായ കമ്യൂണിസ്റ്റ് വിരുദ്ധ വിഭാഗത്തിന് രൂപം നല്‍കുകയുമാണ് പരിപാടി. ജനാധിപത്യ ധ്വംസനത്തിന്റെ പേരിലാണ് ഇത്തരമൊരു വിഭാഗം നല്ല പങ്ക് പ്രദേശത്തും രൂപം കൊള്ളുന്നത്. പ്രത്യക്ഷത്തിലുള്ള ഇടപെടലിനേക്കാള്‍ അണിയറയില്‍ നിന്നുള്ള കരുനീക്കങ്ങളാണ് ഈ രംഗത്ത് പലപ്പോഴുംനടക്കുന്നത്. ഇങ്ങനെ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവിവിഭാഗത്തെ രൂപപ്പെടുത്തിയെടുത്താല്‍ മാത്രമേ ഫലപ്രദമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം സാധ്യമാകൂ. .... സാധാരണഗതിയില്‍ പ്രക്ഷോഭം ഇടതുപക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍ ജനകീയ പ്രക്ഷോഭത്തെ അട്ടിമറി തന്ത്രത്തിന്റെ അഭേദ്യഭാഗമായി സി ഐ എ രൂപാന്തരപ്പെടുത്തിയെടുത്തു. ബ്രിട്ടീഷ് ഗയാനയിലെ അട്ടിമറി ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
(വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ -ചിന്ത പബ്ലിഷേഴ്സ് / 2008-ഡോ. ടി എം തോമസ് ഐസക്ക്- പേജ് 159)
ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യവും വ്യവസായവല്‍ക്കരണവും
ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ദേശരാഷ്ട്രങ്ങളുടെ അധികാരവും ഫെഡറലിസത്തെ പുറകില്‍ നിന്ന് കുത്തുന്നതുകൊണ്ട് സംസ്ഥാനങ്ങളുടെ അധികാരവും നിരന്തരമായി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രത്യയശാസ്ത്ര ധാരണ കൃത്യവും ദൃഢീകരിക്കപ്പെട്ടതുമായിരിക്കണം എന്നു കൂടിയാണ് വ്യവസായ വല്‍ക്കരണവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഗുരുതരമായ പ്രശ്നങ്ങള്‍ തെളിയിക്കുന്നത്. സ്വന്തം നാട്ടില്‍ അധ്വാനിക്കാതിരിക്കുകയും വിശ്വസ്തത കാട്ടാതിരിക്കുകയും അനാവശ്യമായി സമരം ചെയ്യുകയും ചെയ്യുന്നവരാണ് മലയാളികള്‍ എന്ന വലതുപക്ഷ പ്രചാരണത്തെയാണ് മറ്റു നിരവധി സിനിമകളിലുമെന്നതുപോലെ ശ്രീനിവാസന്‍ കഥയും തിരക്കഥയുമെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരവേല്‍പ്പും(1989) പിന്തുടരുന്നത്. ഈ സിനിമയുടെ അഭൂതപൂര്‍വമായ വിജയം ഈ ആശയത്തെ നല്ലൊരു പങ്ക് ജനങ്ങളും അംഗീകരിക്കുന്നു എന്നതിന്റെ നിദര്‍ശനമായിട്ടുമെടുക്കാം. ഇതേ ആശയഗതി പിന്തുടരുന്ന നിരവധി സിനിമകള്‍ അതിനു മുമ്പും പിമ്പുമായി മലയാളത്തിലിറങ്ങുകയും വിജയം വരിക്കുകയും ചെയ്തിട്ടുമുണ്ട്. പില്‍ക്കാലത്ത്, കേരള സമൂഹത്തിന്റെ വികസനമുരടിപ്പിന്റെ കാരണം വരവേല്‍പ്പില്‍ ചിത്രീകരിച്ചതുപോലെ തന്നെയാണെന്ന് ചിത്രത്തിന്റെ പേരെടുത്തു പറഞ്ഞുകൊണ്ട് ഉന്നത ഭരണാധികാരികളടക്കമുള്ളവര്‍ പല തവണ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനു മേല്‍ പ്രതീതി യാഥാര്‍ത്ഥ്യം നേടുന്ന വിജയങ്ങള്‍ക്ക് മികച്ച ഉദാഹരണമായി വരവേല്‍പ്പും ചിത്രമിറങ്ങിയതിനു ശേഷമുള്ള ഇരുപതു വര്‍ഷത്തെ ചരിത്രവും പരിണമിച്ചിരിക്കുന്നു. ശ്രീനിവാസന്റെ തന്നെ തിരക്കഥയില്‍ പുറത്തു വന്ന മിഥുനം എന്ന സിനിമയില്‍ ചെറുകിട വ്യവസായം ആരംഭിക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ വൈദ്യുതി ആപ്പീസില്‍ നിന്ന് പഞ്ചായത്താപ്പീസിലേക്ക് അവിടെ നിന്ന് വ്യവസായ ആപ്പീസിലേക്ക് അവിടെ നിന്ന് വില്‍പന നികുതി ആപ്പീസിലേക്ക് അവിടെ നിന്ന് ബാങ്കിലേക്ക് എന്നിങ്ങനെ നൂറ്റെട്ട് ആപ്പീസിലൂടെ ചുറ്റിച്ച് വലക്കുന്നത് കാണാം. കേരളത്തിന്റെ വികസനമുരടിപ്പിന് കാരണം ചുകപ്പന്മാരുടെ കൊടിപിടുത്തവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ചുകപ്പു നാടകളുമാണെന്ന പ്രചാരണമാണ് വരവേല്‍പ്പ്, മിഥുനം അടക്കമുള്ള നിരവധി സിനിമകളുടെയും അക്കാലത്തെ വലതുപക്ഷ രാഷ്ട്രീയ/മാധ്യമ പ്രചാരണത്തിന്റെയും അന്തസ്സത്ത എന്ന് ഓടിച്ചുള്ള ഒരു അന്വേഷണത്തില്‍ നിന്നു പോലും ബോധ്യപ്പെടും. എന്നാലിന്നെന്താണ് സ്ഥിതി? ഇടതുപക്ഷം ഇതാ വേഗത്തില്‍ വികസനം കൊണ്ടുവരുന്നേ എന്നു നിലവിളിക്കുകയാണ് വലതുപക്ഷവും അവരുടെ താളത്തിനൊത്തു തുള്ളുന്ന ഇടതുപക്ഷ മായാവികളും. എച്ച് എം ടി / സൈബര്‍ സിറ്റി വിവാദത്തിന്റെയും മറ്റും അടിസ്ഥാനം മറ്റൊന്നല്ല.
ഓരോ ഫ്രെയിമിലും ഒരു ഹിന്ദുത്വ സിനിമ എന്ന വിശേഷണത്തിനര്‍ഹമായ ജയരാജിന്റെ സിനിമകളില്‍ ഏറ്റവുമവസാനത്തെ പടപ്പായ ഓഫ് ദ പീപ്പിള്‍ ഇത്തരമൊരു ഇടതുപക്ഷ മായാവിത്ത(വായാടിത്ത)ത്തിന്റെ ലക്ഷണമാണ്. ചെഗുവേരയുടെ അനുയായികള്‍ എന്ന നിലക്ക് പ്രവര്‍ത്തിക്കുന്ന ഒരു ക്രിമിനല്‍ സംഘത്തെ ഉദാത്തീകരിക്കുന്ന ഇതിവൃത്തവും ആഖ്യാനവുമാണ് സിനിമയിലുള്ളത്. മൂന്നാര്‍, പതിബെല്‍, ദേവസ്വം മന്ത്രി, ഫാരീസ് അബൂബക്കര്‍, റിയല്‍ എസ്‌റ്റേറ്റ് മാഫിയ, ഭൂ ബാങ്കുകള്‍, ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ജനാനുകൂലപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ദുഷിച്ച പാര്‍ടി, എന്നിങ്ങനെ വലതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കുത്തിനിറച്ചിരിക്കുന്ന ഘടകങ്ങളൊക്കെയും വര്‍ത്തമാനകാലത്തെ ആരോഗ്യകരമായി വിമര്‍ശിക്കുന്നതിനുള്ള നിലപാടുകളെ തകിടം മറിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നു.
വലതുപക്ഷത്തോട് തിരിച്ചു ചോദിക്കാനുള്ളത് ഒരു കാര്യം മാത്രമാണ്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തിരുന്ന ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും ഇപ്പോള്‍ കമ്പ്യൂട്ടറിനെ കെട്ടിപ്പിടിക്കുന്നു എന്നു കളിയാക്കുന്നവരാണ്, ഒരു കാലത്ത് വികസനത്തെ തടസ്സപ്പെടുത്തിയിരുന്ന ചുകന്ന കൊടി പിടുത്തക്കാരും ചുകപ്പു നാടക്കാരും ഇപ്പോള്‍ അതിവേഗത്തില്‍ വികസനം കൊണ്ടു വരുന്നു എന്നും ആക്ഷേപിക്കുന്നത്. അപ്പോള്‍, അന്ന് കമ്പ്യൂട്ടര്‍, യന്ത്രവല്‍ക്കരണം, വ്യവസായം, വികസനം എന്നീ കാര്യങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ എടുത്തിരുന്നതായി വലതുപക്ഷം ആക്ഷേപിക്കുന്ന നിലപാടുകള്‍ (ആ ആക്ഷേപം യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാണോ എന്നതും പ്രസക്തമായ ഒരു പ്രശ്നമാണ്, പക്ഷെ അതിവിടെ പരിശോധിക്കുന്നില്ല, തര്‍ക്കത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കുന്നു) ശരിയായിരുന്നു എന്ന് ആദ്യമായി അവര്‍ സമ്മതിക്കേണ്ടി വരും. കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തിയത് കമ്യൂണിസ്റ്റുകാരാണെങ്കില്‍ അത് ചരിത്ര പരമായി ശരിയായിരുന്നുവെന്ന് വലതു പക്ഷം ഒരു സാമൂഹിക ക്ഷമാപണത്തോടെ പ്രഖ്യാപിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നൂറ്റേഴ് അനുമതിയും ലഭിച്ചു കഴിഞ്ഞ സൈബര്‍ സിറ്റി പോലുള്ള പദ്ധതികള്‍ നൂറ്റെട്ടാമത്തെ അനുമതി ലഭിച്ചില്ലല്ലോ എന്ന് ഓര്‍മപ്പെടുത്തുന്നതായി നടിച്ചുകൊണ്ട് തടസ്സപ്പെടുത്തുന്ന, ഇടതുപക്ഷഭരണത്തെ രണ്ടു ഭാഗത്തു നിന്നും വരിഞ്ഞുമുറുക്കി നശിപ്പിക്കുന്ന, വെടക്കാക്കി തനിക്കാക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം.
വ്യവസായ അന്തരീക്ഷത്തിനു തിരിച്ചടി ഉണ്ടാകുന്നത് വിമോചനസമരത്തിന്റെയും തത്തുല്യമായ മഹാസഖ്യ ആശയപ്രചാരണത്തിന്റെയും പരിണതഫലമാണെന്നു വ്യക്തം. 1959ല്‍ നടന്ന വിമോചനസമരത്തിന്റെ ഏറ്റവും വലിയ ഒരു സവിശേഷത പ്രബലരായ വിവിധ വര്‍ഗീയ സാമുദായിക സംഘടനകളും നേതാക്കളും നേതൃത്വം കൊടുത്തു എന്നതും അവരുടെ വിശാലമായ കൂട്ടായ്മ സ്ഥാപിതമായി എന്നതുമാണ്. ഇന്ന് അത്തരത്തിലുള്ള ഒരു പ്രബലതയും വൈപുല്യവും ഒരു പക്ഷെ വര്‍ഗീയ-സാമുദായിക ശക്തികള്‍ക്ക് കൈവരിക്കാനായി എന്നു വരില്ല. കേരള സമൂഹത്തില്‍ യാഥാസ്ഥിതികത്വത്തിനും മതസാമുദായികതക്കുമെതിരായ വികാരവും ശക്തമാണെന്നതാണ് ഒരു കാരണം. എന്നാല്‍ ഈ കുറവ് നികത്തിക്കൊടുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതു തീവ്രവാദ വായാടികളുടെ മുഖംമൂടി ധരിച്ച നീക്കങ്ങള്‍ കുറെ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നതുറപ്പാണ്. മതമൌലികവാദികളും ഇടതുവായാടികളും തമ്മിലുള്ള ഒരു ബാന്ധവവും പരസ്യമായി നടപ്പിലായിട്ടുണ്ട്.
കമ്യൂണിസ്റ്റ് വിരുദ്ധത/വിരുദ്ധര്‍ സൃഷ്ടിക്കപ്പെടുന്നതെന്തുകൊണ്ട്?
കമ്യൂണിസ്റ്റ് വിരുദ്ധത/വിരുദ്ധര്‍ സൃഷ്ടിക്കപ്പെടുന്നത്, നരേന്ദ്രമോഡി ആഘോഷിച്ച ന്യൂട്ടണ്‍ സമവാക്യം കൊണ്ടല്ലെന്നു തീര്‍ച്ച. ഇതിനു മാത്രം വിരുദ്ധത സൃഷ്ടിക്കപ്പെടാന്‍ മാത്രം എന്തു പാതകമാണ് അഥവാ മുജ്ജന്മപാപങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടിയും കമ്യൂണിസ്റുകാരും ചെയ്തത്, ചെയ്യുന്നത് എന്നത് കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, കമ്യൂണിസ്റ്റ് വിരുദ്ധരും മറുപടി പറയേണ്ട ചോദ്യമാണ്. സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയ ഫാസിസ്റ്റുകളുടെയും വലതുപക്ഷ പിന്തിരിപ്പന്മാരുടെയും നിരന്തരമായ പ്രചാരണപ്രവര്‍ത്തനങ്ങളും പണവിതരണങ്ങളുമാണ് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഒരു സ്രോതസ്സ്. ഇടതു തീവ്രവാദികളും നാട്യക്കാരും അരാജകവാദികളുമടക്കമുള്ള ഒരു വിഭാഗം സമൂഹത്തിന്റെ ഇടതുപക്ഷാഭിമുഖ്യത്തെ വഴി തെറ്റിക്കാനായി സജീവമായി രംഗത്തുണ്ടെന്നതാണ് 1957-1959 കാലഘട്ടത്തില്‍ നിന്നു വ്യത്യസ്തമായി ഇന്നു കാണുന്ന സവിശേഷത. സ്വന്തം വീഴ്ചകള്‍, തിരിച്ചടികള്‍, മാനസിക സംഘര്‍ഷങ്ങള്‍, അപകര്‍ഷതാബോധങ്ങള്‍, മൃദു ഹിന്ദുത്വമടക്കമുള്ള ഒളിപ്പിച്ചു വെച്ച വര്‍ഗീയ ധാരണകള്‍, വ്യക്തി വിദ്വേഷങ്ങള്‍, യാഥാസ്ഥിതികബോധം, ഭാവുകത്വ പരിണാമത്തില്‍ വന്ന ഇടര്‍ച്ച അഥവാ പിന്നോട്ടടി എന്നിങ്ങനെ വിചിത്രമായ ചില കാരണങ്ങളും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ രൂപവത്ക്കരിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട് എന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാവും. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രയോഗരീതികളെയും ആന്തരിക സന്ദിഗ്ദ്ധതകളെയും തുറന്നു കാട്ടുന്ന ഒരു സാമൂഹ്യ ആഭിചാര ക്രിയ തന്നെ കേരളത്തില്‍ അനിവാര്യമായിരിക്കുന്നു. ജനാധിപത്യബോധത്തോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും പ്രതികരിക്കുന്ന ആരോഗ്യമുള്ള കമ്യൂണിസ്റ്റേതര രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള പരിസരവും അതോടെ നിലവില്‍ വരും. അത്തരമൊരവസ്ഥ കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രവര്‍ത്തനത്തിനും വിഘാതമായിരിക്കില്ല.
-ശ്രീ. ജി പി രാമചന്ദ്രന്‍
2 comments:
ഇത് വര്‍ക്കേഴ്സ് ഫോറത്തിന്റെ ഇരുനൂറ്റി ഒന്നാമത് പോസ്റ്റാണ്. ഇക്കഴിഞ്ഞ നാളുകളില്‍ പ്രശ്നാധിഷ്ഠിത ബ്ലോഗിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബോധപൂര്‍വം ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.
സംഭവ ബഹുലമായിരുന്ന കഴിഞ്ഞ കുറെ നാളുകളില്‍ ഇടതുപക്ഷ സഹയാത്രികരെ ആശങ്കാകുലരാക്കിയ സംഭവങ്ങളാണ് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നന്ദിഗ്രാമും തിബറ്റും മുത്തങ്ങ, ചെങ്ങറ, എരയാംകുടി സമരങ്ങളും എന്തിനേറെ വേനല്‍ മഴയെതുടര്‍ന്ന് കുട്ടനാട്ടിലുണ്ടായ തര്‍ക്കങ്ങള്‍ വരെ ഇന്ത്യയിലെ ഒരു പ്രധാന ഇടതുപക്ഷ കക്ഷിയായ സി പി ഐ എമ്മിന് പിന്തിരിപ്പന്‍, ഫാസിസ്റ്റ്, സ്റ്റാലിനിസ്റ്റ് എന്നൊക്കെ എത്ര ബഹുമതികളണ് തീവ്ര ഇടതുപക്ഷം മുതല്‍ തീവ്രവലതു പക്ഷം വരെയുള്ളവരില്‍ നിന്നും നേടിക്കൊടുത്തത്.
ഈ വിഷയങ്ങളില്‍ വേറിട്ടൊരു വായന ഒരുക്കുകയാണ് ശ്രീ ജി പി രാമചന്ദ്രന്‍. ചിന്ത വാരികയില്‍ വന്ന കുറിപ്പുകളുടെ പൂര്‍ണരൂപം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു
ഇത്രയും വലിയ പോസ്റ്റ് ഇട്ടിട്ടും ഒടക്കാന്‍ ആരും വന്നില്ലേ? കഷ്ടമായിപ്പോയി ഫോറം ചേട്ടാ...:(
201ന്റെ ആശംസകള്‍...
(അനോണിയെന്താ രണ്ടാംകുടിയിലെ ആണോ?)
Post a Comment